12 Saturday
October 2024
2024 October 12
1446 Rabie Al-Âkher 8

ഫലസ്തീനും മലയാളികളും


ഫലസ്തീന്‍ പ്രശ്‌നത്തില്‍ ചരിത്രവും സിയോണിസ്റ്റ് രാഷ്ട്രീയവും മറന്നു കൊണ്ടുള്ള ഏതൊരു നിലപാടും സാമ്രാജ്യത്വ വിധേയത്വമാണ് വെളിവാക്കുന്നത്. ഫലസ്തീന് നിരുപാധികം പിന്തുണ പ്രഖ്യാപിച്ചിരുന്ന ഇന്ത്യയുടെ വിദേശ നയത്തില്‍ വലതുപക്ഷ രാഷ്ട്രീയ കക്ഷികള്‍ വരുത്തിവെച്ച അപചയം ഇന്ന് പൊതുചര്‍ച്ചകളിലേക്ക് കൂടി വന്നിരിക്കുകയാണ്. ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളിലെ പല നേതാക്കളും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. ഹമാസ് ഭീകരവാദ ആക്രമണമാണ് നടത്തുന്നത് എന്നും ഇസ്രായേല്‍ ഇരയാക്കപ്പെടുന്നു എന്നുമുള്ള ഒരു ആഖ്യാനം ഇപ്പോള്‍ രൂപപ്പെട്ടു വരുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള ഏത് ആക്രമണവും ഭീകരവാദമാണ് എന്നാണ് ഹമാസിനെ ഭീകരവാദികള്‍ ആക്കുന്നവര്‍ക്കുള്ള രാഷ്ട്രീയ ന്യായം. എന്നാല്‍ ഏതാണ് അതിര്‍ത്തി എന്നും, ആരാണ് ഇങ്ങനെ അതിര്‍ത്തി നിശ്ചയിച്ചതെന്നുമുള്ള ചരിത്രപരമായ ചോദ്യത്തെ അഭിമുഖീകരിക്കേണ്ടത് അനിവാര്യമാണ്.
ഇസ്രായേലിലെ സയണിസ്റ്റ് ഭീകരതയും ജൂതമതവും രണ്ടായി തന്നെ കാണണം. ഇസ്രായേല്‍ ഒരു ഭീകര രാഷ്ട്രമാണ് എന്ന് പറയുന്നതിന്റെ അര്‍ഥം അവിടുത്തെ മതമോ മതവിശ്വാസികളോ ഭീകരവാദത്തിന് കാരണമാകുന്നു എന്നതല്ല. മറിച്ച്, സിയോണിസ്റ്റ് പ്രത്യയശാസ്ത്രം എന്നത് വംശീയതയില്‍ ഊന്നിയ ദര്‍ശനവും ഭീകരതയെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തന രൂപവുമാണ് മുന്നോട്ടുവെക്കുന്നത്. ലോകമഹായുദ്ധാനന്തരം രൂപപ്പെട്ടുവന്ന ലോക രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്തി ദുര്‍ബലരായ ഒരു ജനവിഭാഗത്തിനെ അവരുടെ ജന്മഭൂമിയില്‍ നിന്നും ആട്ടിപ്പായിച്ചു കൊണ്ടാണ് ഇസ്രായേല്‍ എന്ന രാഷ്ട്രം രൂപീകൃതമാകുന്നത്. പിന്നീട് ലോകരാജ്യങ്ങള്‍ ഇടപെട്ടുകൊണ്ട് ഉണ്ടാക്കിയെടുത്ത മിക്ക കരാറുകളും; ഒരു രാഷ്ട്രത്തിനുള്ളില്‍ അതിന്റെ ഉണ്മയെ തന്നെ ഇല്ലാതാക്കി സ്ഥാപിച്ച അധിനിവേശത്തെക്കുറിച്ച് നിശബ്ദത പാലിക്കുകയാണ് ചെയ്തത്. അഥവാ ഒരു പ്രശ്‌നം രൂപപ്പെട്ടു വന്നതിന്റെ അടിസ്ഥാന കാരണത്തെ വിസ്മരിച്ചുകൊണ്ട് ആ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നു എന്ന വ്യാജേനെ നടക്കുന്ന നിശ്ശബ്ദ അധിനിവേശങ്ങളാണ് പിന്നീടുണ്ടായത്. അതുകൊണ്ടാണ് ഹമാസിന്റെ തിരിച്ചടി ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല എന്നും അരനൂറ്റാണ്ടിലേറെ കാലമായി ഫലസ്തീനികള്‍ അനുഭവിക്കുന്ന ഉപരോധവും ക്രൂരതയും പട്ടിണിയും ജീവഹാനിയും ഈ തിരിച്ചടിക്ക് കാരണമായിട്ടുണ്ട് എന്ന വസ്തുത നാം മനസ്സിലാക്കണമെന്നും യു എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറര്‍സ് വ്യക്തമാക്കിയത്.
ഹമാസാണ് ഫലസ്തീനികളുടെ ഏറ്റവും വലിയ ശത്രു എന്നും ഹമാസ് ‘ഭീകരാക്രമണം’ നടത്തുന്നത് കൊണ്ടാണ് ഇസ്രായേല്‍ ആക്രമിക്കുന്നതെന്നും ഹമാസിനെ നിരായുധീകരിച്ചാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും ഉപദേശ രൂപേണ സമര്‍ഥിക്കുന്ന നിരവധി വാദങ്ങള്‍ മലയാളി പരിസരത്ത് കാണാനാവും. എന്നാല്‍, മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഭാഗമായ ഹമാസ് രൂപപ്പെടുന്നത് ഒന്നാം ഇന്‍തിഫാദയുടെ കാലത്താണ്. 1987 ന് മുമ്പും ഇസ്രായേല്‍ അധിനിവേശമുണ്ട്. ഫലസ്തീന്‍ സിവിലിയന്മാര്‍ക്ക് നേരെയുള്ള ആക്രമണമുണ്ട്. ഫലസ്തീനിന്റെ അതിര്‍ത്തി വരിഞ്ഞുമുറുക്കുന്ന തന്ത്രപരമായ നീക്കങ്ങളുണ്ട്. ഹമാസ് ഉണ്ടായത് കൊണ്ടല്ല, ഇസ്രായേല്‍ അധിനിവേശം നടത്തുന്നത് എന്ന് തിരിച്ചറിയാന്‍ സാമാന്യമായ ചരിത്രബോധം ഉണ്ടായാല്‍ മതി. ഹമാസ് ഒരു പിഴവും പറ്റാത്ത സംഘമാണ് എന്നല്ല പറയുന്നത്. ഏതൊരു സമരപോരാളികള്‍ക്കും സംഭവിക്കാവുന്ന വീഴ്ചകള്‍ ഹമാസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടാകാം. പക്ഷെ, അതിന്റെ പേരില്‍ ഹമാസ് ഭീകരവാദികളാണെന്നും അവരുടെ പിറന്ന മണ്ണിനായുള്ള പോരാട്ടം ഭീകരാക്രമണമാണെന്നും വാദിക്കുന്നത് വിവരക്കേടാണ്.
ഹമാസ് ഉള്‍പ്പെടുന്ന ഫലസ്തീനികള്‍ക്ക് നിരുപാധിക പിന്തുണ നല്‍കുന്ന വിഷയത്തില്‍ കേരളത്തിന്റെ പ്രതികരണം വ്യത്യസ്ത രൂപത്തിലാണ് വന്നുകൊണ്ടിരിക്കുന്നത്. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളെല്ലാം വിഭിന്നമായ പ്രതികരണങ്ങളാണ് നടത്തുന്നത്. ഹമാസിനെ എതിര്‍ക്കാനുള്ള വ്യഗ്രതയില്‍ ഇസ്രായേല്‍ പക്ഷപാതികളും സാമ്രാജ്യത്വവാദികളുമായി ചിലര്‍ മാറിപ്പോകുന്നുവെന്നതാണ് ഖേദകരം. ബ്രദര്‍ഹുഡിനോടുള്ള ആശയപരമായ വിയോജിപ്പ് നിലനില്‍ക്കുമ്പോള്‍ തന്നെ ഫലസ്തീനികള്‍ക്ക് വേണ്ടിയാണ് ഹമാസ് പോരാടുന്നതെന്നും ആ പോരാട്ടത്തിന് നിരുപാധികം പിന്തുണ നല്‍കണമെന്നും നാം മനസ്സിലാക്കണം. ജൂതമതമല്ല, സയണിസ്റ്റ് വംശീയതയാണ് ഇസ്രായേല്‍ എന്ന ഭീകര രാഷ്ട്രത്തിന്റെ പ്രചോദന കേന്ദ്രമെന്നും നാം തിരിച്ചറിയണം. പതിറ്റാണ്ടുകളായി വിവിധ കരാറുകളിലൂടെയും പ്രഖ്യാപനങ്ങളിലൂടെയും നിരവധി തവണ വഞ്ചിക്കപ്പെട്ട ജനതയാണ് ഫലസ്തീന്‍. കേരളത്തിലെ കക്ഷി രാഷ്ട്രീയത്തിന്റെ പേരിലോ ഗ്രൂപ്പ് തര്‍ക്കങ്ങളുടെ പേരിലോ ഫലസ്തീന്‍ പ്രശ്‌നത്തെ വിലയിരുത്തുന്നത് ബാലിശമാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x