20 Saturday
April 2024
2024 April 20
1445 Chawwâl 11

പാകമാവാത്ത പെരുന്നാൾക്കോടി

റൂബി നിലമ്പൂര്‍


ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്. ഒരു ചാറ്റല്‍ മഴയിലേക്കാണ് അന്ന് പെരുന്നാള്‍ പിറ കണ്‍തുറന്നത്. പള്ളിമിനാരങ്ങളില്‍ തക്ബീര്‍ ധ്വനികള്‍ മഴയ്ക്ക് മീതെ ഉയര്‍ന്നു പെയ്തു. തട്ടിന്‍പുറത്ത് കൂടൊരുക്കിയ അരിപ്രാവുകള്‍ കുറുകല്‍ നിര്‍ത്തി തക്ബീറിന്റെ മുഴക്കങ്ങളിലേക്ക് ചെവിചേര്‍ത്തു.
തണുത്ത മഴചില്ലകളില്‍ അമ്മച്ചിറകിനു കീഴെ പക്ഷിക്കുഞ്ഞുങ്ങള്‍ ആദ്യ പെരുന്നാളിന്റെ വരവറിഞ്ഞു. പാടത്തെ മീന്‍കുഞ്ഞുങ്ങളും വരമ്പത്തെ പോക്കാച്ചി തവളകളും പെരുന്നാള്‍ രാവറിഞ്ഞു നിശബ്ദരായി ആ തക്ബീറിന്റെ ആഴങ്ങളിലേക്ക് മിഴിതുറന്നു. മരങ്ങളില്‍ മഴക്കൊപ്പം തക്ബീര്‍ ധ്വനികള്‍ പെയ്തിറങ്ങി.
പെരുന്നാള്‍ പുലരി പതിവിലും നേരത്തെ ഉണര്‍ന്ന പോലെ. വെളിച്ചം വീണു തുടങ്ങിയിരുന്നു അപ്പോള്‍. വീടിന്റെ മുന്‍വശത്ത് റോഡിലേക്ക് തുറക്കുന്ന ജനാലകള്‍ക്കപ്പുറം തിണ്ണയില്‍ നിന്ന് ഒരു കുഞ്ഞിന്റെ കരച്ചില്‍ തക്ബീര്‍ നാദത്തെ മുറിച്ചുകൊണ്ട് എന്റെ ചെവിയിലേക്ക് പിടഞ്ഞെത്തി. ഓടിച്ചെന്നു ജനല്‍ തുറന്നത് വല്ലാത്തൊരു കാഴ്ചയിലേക്കാണ്. ആ കാഴ്ച കണ്ട് തലച്ചോറിലൂടെ ഒരു നിമിഷം ഇരുട്ട് പാഞ്ഞു. ആത്മാവിന്റെ ആഴങ്ങളില്‍ ഒരു കിളി ചിറകടിച്ചു…
കീറത്തുണികളുടെ കൂമ്പാരക്കെട്ടിനിടയില്‍ രണ്ടു മനുഷ്യ ജന്മങ്ങള്‍. സിമെന്റില്‍ തീര്‍ത്ത ചവിട്ടുപടിയില്‍ ഒരു ചോരക്കുഞ്ഞ് വെറും നിലത്തു കിടക്കുന്നു. ഉറുമ്പുകള്‍ പൊതിഞ്ഞു. ചെവിയിലൂടെ ചോരയൊലിപ്പിച്ചുകൊണ്ട്!
തൊട്ടടുത്തു ഭ്രാന്തിയായ ഒരു സ്ത്രീ പാതിയഴിഞ്ഞ മേല്‍വസ്ത്രത്തിനുള്ളില്‍ നിന്നു മാറിടം പുറത്തേക്ക് വലിച്ചെടുത്തു സ്വന്തം മുലപ്പാല്‍ ആര്‍ത്തിയോടെ വലിച്ചു കുടിക്കുന്നു. എന്റെ കൈകാലുകള്‍ തളര്‍ന്നു. കണ്ണുകളില്‍ ഇരുട്ടുപോലെ….
അകത്തെ മുറിയിലെ തൊട്ടിലില്‍ കിടന്നു എന്റെ കുഞ്ഞുവാവ ഉറക്കെ കരഞ്ഞു.
സമൃദ്ധിയിലേക്ക് പിറന്ന പെരുന്നാള്‍ പുലരിയില്‍ കാലത്തിന്റെ നിയോഗമായി… സമൂഹത്തോടുള്ള ചോദ്യചിഹ്നമായി ആ കാഴ്ച എന്റെ തലച്ചോറില്‍ വിറങ്ങലിച്ചു.
അപ്പോഴേക്ക് ആ പൈതലിന്റെ കരച്ചില്‍ കേട്ട് ഉമ്മയും പാഞ്ഞെത്തി. ഏറെ പണിപ്പെട്ട് ആ ഉദ്യമത്തില്‍ നിന്നു ഉമ്മ അവരെ വിലക്കി. ആ പാല്‍ കുഞ്ഞിനുള്ളതാണ്, അത് കുഞ്ഞിന് വേണ്ടി ദൈവം തന്നിട്ടുള്ളതാണ് എന്നൊക്കെ ഉമ്മ അവരോട് പറഞ്ഞുകൊണ്ടിരുന്നു.

ചിരട്ട പാറയില്‍ ഉരച്ചാലെന്നപോലെ ഒരുശബ്ദം അവരില്‍ നിന്നു പുറത്തേക്ക് ചാടി! ‘നിക്ക് ബെസന്നിട്ടാണ്’! അതുകേട്ട് ഉമ്മാന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സിമന്റ് തറയില്‍ കിടന്ന കുഞ്ഞിനെയെടുത്തു ഉറുമ്പുകളെ തട്ടിമാറ്റി ഒരു തുണിയില്‍ കുഞ്ഞിനെ പൊതിഞ്ഞെടുത്തു ഉമ്മ അവരെയും കൊണ്ട് അടുക്കള ഭാഗത്തേക്ക് നടന്നു. സോപ്പും എണ്ണയും കൊടുത്തു അവരോട് തൊട്ടപ്പുറത്തെ തോട്ടില്‍ പോയി കുളിച്ചുവരാന്‍ ആവശ്യപ്പെട്ടു. ഏറെ നേരം നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ വഴങ്ങി. ഒരു പണിക്കാരിയെയും കൂട്ടിനുവിട്ടു. അതിനിടക്ക് കുഞ്ഞിനെ കുളിപ്പിച്ച് പാലുകൊടുത്തിരുന്നു. എന്റെ കുഞ്ഞുവാവയുടെ പാകമാവാത്ത ഒരു കുട്ടിക്കുപ്പായത്തിനുള്ളില്‍ അവന്റെ കുഞ്ഞു ദേഹവും അന്ന് പെരുന്നാള്‍ കോടി അണിഞ്ഞു.
കുളികഴിഞ്ഞു ഞങ്ങളില്‍ ആരുടെയോ പഴയ വസ്ത്രങ്ങളിലൊന്ന് പെരുന്നാള്‍ കോടിയായി അണിഞ്ഞു. അടുക്കള കോലായില്‍ അവളൊരു പ്രതിമ കണക്കെ നിശബ്ദയായി ഇരുന്നു. കണ്ണുകളില്‍ ശൂന്യത നിറച്ചു! ഉമ്മ പെരുന്നാള്‍ സദ്യ നിറകണ്ണുകളോടെ അവള്‍ക്കു മുന്നില്‍ വിളമ്പി.
പെരുന്നാള്‍ സദ്യയിലേക്ക് വിരുന്നുകാര്‍ ഒരുപാട് പിന്നെയും വന്നും പോയുമിരുന്നു.
ഞാനവളുടെ കൈവെള്ളയില്‍ അരച്ച് വെച്ച ഇത്തിരി മൈലാഞ്ചി അണിയിച്ചു. എന്റെ കണ്ണുകളിലേക്ക് നോക്കി. ആദ്യമായി അവള്‍ അരുമയായൊന്നു ചിരിച്ചു. ആ ചിരിയില്‍ ഞാന്‍ ആയിരം പെരുന്നാള്‍ പിറ കണ്ടു. ഈരേഴു ലോകത്ത് വെളിച്ചമായ് നിറയുന്ന ദൈവസാന്നിധ്യം കണ്ടു. സ്വര്‍ഗ്ഗത്തിലെ മാലാഖമാരെ കണ്ടു!

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x