29 Friday
March 2024
2024 March 29
1445 Ramadân 19

ഉസ്മാനിയാ ഖിലാഫത്ത് ഫലസ്തീനില്‍

എം എസ് ഷൈജു


ഫാതിമി ഖിലാഫത്ത് ഈജിപ്ത് ഭരിച്ചിരുന്ന കാലഘട്ടത്തില്‍ അവരുടെ സൈന്യത്തില്‍ അടിമപ്പട്ടാളക്കാര്‍ വരാനുണ്ടായ പശ്ചാത്തലം നേരത്തെ സൂചിപ്പിച്ചിരുന്നു. ഇസ്ലാമിനുള്ളില്‍ സംഭവിച്ച സുന്നീ-ശീഅ അവാന്തര സംഘര്‍ഷങ്ങളുടെ അനന്തര ഫലമായിരുന്നു അത്. പരസ്പരം കൊന്നും കലഹിച്ചും കഴിഞ്ഞുപോയ ഒരു കറുത്ത ഭൂതകാലം സുന്നീ-ശീഅ സംഘര്‍ഷങ്ങള്‍ക്കുണ്ടായിരുന്നു. ശീഅകളായ ഫാതിമി ഭരണകൂടത്തിന് സുന്നികളായ സാമാന്യ ജനത്തിന്റെ കൂറില്‍ വിശ്വാസമില്ലാതെ പോയത് കൊണ്ടാണ് പുറംരാജ്യങ്ങളില്‍ നിന്ന് കായികബലമുള്ള അടിമകളെ കൊണ്ടുവന്ന് പരിശീലിപ്പിച്ച് പട്ടാളക്കാരാക്കിയത്. അസാമാന്യമായ ബുദ്ധി വൈഭവവും സേനാ വൈദഗ്ധ്യവും പ്രകടിപ്പിച്ച ഇവരില്‍ പലരും പിന്നീട് സൈന്യത്തിലെ ഉന്നതന്മാരായി മാറി.
അടിമപ്പട്ടാളം എന്നര്‍ഥം വരുന്ന മംലൂക്കുകള്‍ എന്നാണ് ഈ പട്ടാള വിഭാഗം അറിയപ്പെട്ടത്. അനേകം നൂറ്റാണ്ടുകള്‍ മംലൂക്കുകള്‍ സേനാവിഭാഗമായി തുടര്‍ന്നു. സംഘര്‍ഷഭരിതമായ ഒരു ചരിത്ര സന്ധിയില്‍ മംലൂക്കുകള്‍ രാജ്യത്തിന്റെ അധികാരത്തിലെത്തി. എ ഡി 1300-ലെത്തുമ്പോഴേക്കും കിഴക്കന്‍ ആഫ്രിക്കയുടെയും, മിക്കവാറും എല്ലാ അറബ് നാടുകളുടെയും അധികാരം കയ്യാളുന്ന നിലയില്‍ മംലൂക്കുകള്‍ ഒരു വന്‍ ശക്തിയും സാമ്രാജ്യവുമായിക്കഴിഞ്ഞിരുന്നു.
എന്നാല്‍ മധ്യേഷ്യക്ക് പടിഞ്ഞാറ് ഭാഗങ്ങള്‍ അപ്പോഴും തുര്‍ക്കികളായ സല്‍ജൂഖീകളുടെ അധീനതയില്‍ തന്നെയായിരുന്നു. പ്രധാനമായും ഈ രണ്ട് ഭരണകൂടങ്ങളും അവരുടെ സാമന്തന്മാരുമായിരുന്നു അക്കാലത്തെ ഇസ്ലാമിക ലോകത്തെ ഭരിച്ചിരുന്നത്. ഫലസ്തീന്‍ മേഖല മംലൂക്കുകളുടെ അധീനതയിലായിരുന്നു. മസ്ജിദുല്‍ അഖ്സയില്‍ അനേകം കൂട്ടിച്ചേര്‍ക്കലുകളും അലങ്കാരങ്ങളും അവര്‍ വരുത്തി. ഖുദ്‌സ് അഥവാ ജറൂസലം പട്ടണത്തിലും അക്കാലത്ത് വലിയ മാറ്റങ്ങള്‍ സംഭവിച്ചു. പൊതുവെ ഫലസ്തീന്‍ മേഖല സമാധാനപരമായിത്തന്നെ തുടര്‍ന്നു.
തുര്‍ക്കിയായിരുന്നു സല്‍ജൂഖീകളുടെ ആസ്ഥാനം. തുര്‍ക്കിയിലിരുന്ന് സല്‍ജൂഖി ഖലീഫ മധ്യേഷ്യ വരെ നീളുന്ന അവരുടെ സാമ്രാജ്യം ഭരിച്ചു. സല്‍ജൂഖീകളും മംലൂക്കുകളും തമ്മില്‍ കാര്യമായ സംഘര്‍ഷങ്ങളൊന്നുമില്ലാതെ താന്താങ്ങളുടെ അധീനതകളിലുള്ള സ്ഥലങ്ങളില്‍ അവരവരുടെ ഭരണം നടത്തിപ്പോരുകയായിരുന്നു. ഈ കാലത്താണ് തുര്‍ക്കിയില്‍ മറ്റൊരു ചെറു ഭരണകൂടം കരുത്താര്‍ജിച്ച് വരുന്നത്. ഇതാണ് പിന്നീട് ഇസ്‌ലാമിക ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യമായി മാറിയ ഉസ്മാനിയാ ഖിലാഫത്തതായി പരിവര്‍ത്തിച്ചത്. ഉസ്മാന്‍ ഖാന്‍ എന്ന സല്‍ജൂഖി പടനായകന്റെ പേരാണ് ഈ സാമ്രാജ്യത്തിന് ലഭിച്ചത്. പലരും കരുതുന്ന പോലെ മുഹമ്മദ് നബിയുടെ അനുചരനും ജാമാതാവുമായ ഉസ്മാനുമായി ഈ സാമ്രാജ്യത്വത്തിന് യാതൊരു ബന്ധവുമില്ല.
മംഗോളിയക്കാരെ പരാജയപ്പെടുത്തുന്നതില്‍ മുഖ്യ കാര്‍മികത്വം വഹിച്ച ഉസ്മാന്‍ ഖാന്റെ പിതാവിന് അന്നത്തെ ഖലീഫയായിരുന്ന അലാവുദ്ദീന്‍ സല്‍ജൂഖി ജാഗിര്‍ എന്ന ഒരു ചെറു പ്രദേശം വിട്ട് കൊടുത്തു. അതാണ് ഉസ്മാനിയാ സാമ്രാജ്യത്തിന്റെ തുടക്കം. താന്‍ വിട്ട് കൊടുക്കുന്നത് ഇസ്ലാമിക ലോകത്തിന്റെ പിന്നീടുള്ള ദിശ നിര്‍ണയിക്കാന്‍ നിയോഗമുണ്ടായ ഒരു സാമ്രാജ്യത്തിന്റെ അടിക്കല്ല് പാകാനുള്ള സ്ഥലമാണ് എന്ന് ഖലീഫ ഒരിക്കലും ആലോചിട്ടുണ്ടാകില്ല. ഇസ്ലാമിക ലോകത്തിന്റെ ചരിത്രത്തെ തന്നെ രണ്ടായി ഭാഗിക്കാവുന്ന ചരിത്ര ഘട്ടമായി പരിഗണിക്കുന്ന നിര്‍ണായകവും ഗാംഭീര്യമാര്‍ന്നതുമായ ഒരു ഖിലാഫത്തിന്റെ ആരംഭം ഇത്രത്തോളം ആകസ്മികവും ലളിതവുമായിരുന്നുവെന്നത് രസകരമാണ്.
മുസ്ലിംകള്‍ മുസ്ലിംകളെത്തന്നെ ആക്രമിച്ചും കൊന്നും കീഴ്‌പ്പെടുത്തിയുമാണ് മധ്യ കാലഘട്ടത്തിലെ ഓരോ സാമ്രാജ്യങ്ങളും രൂപപ്പെട്ടത്. പക്ഷെ ചരിത്രം എപ്പോഴും വിജയിച്ചവരുടെ പക്ഷത്തായിരിക്കും. പരാജയപ്പെട്ടവരെ അതുപേക്ഷിക്കുകയും ചെയ്യും. വിജയിച്ചവരുടെ ശരികളെ ജനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ നമ്മുടെ സാമ്പ്രദായികമായ ചരിത്ര രചനകളൊന്നും പൂര്‍ണമല്ല. കാരണം വിജയിച്ചവരുടെ കാഴ്ചപ്പാടുകളായിരിക്കും പൊതുവെ ചരിത്രത്തിന്റെ ഭാഷ്യമായി മാറുന്നത്.
ഉസ്മാന്‍ ഖാന്‍ തന്റെ ഭരണ പ്രദേശത്തിന്റെ വിസ്തൃതി മെല്ലെ വര്‍ധിപ്പിച്ചു കൊണ്ടിരുന്നു. റോമാക്കാരുടെ അധീനതയിലുള്ള പല സ്ഥലങ്ങളും ഉസ്മാന്‍ ഖാന്‍ കൈവശപ്പെടുത്തി രാജ്യ വിസ്തൃതി കൂട്ടി. ഖലീഫക്ക് അതിനോട് വലിയ വിയോജിപ്പുകള്‍ തോന്നിയുമില്ല. ഒടുവില്‍ ഉസ്മാന്‍ സല്‍ജൂഖി ഖിലാഫത്തിനെതിരില്‍ തിരിഞ്ഞു. സല്‍ജൂഖി ഖിലാഫത്ത് ഏറ്റവും ദുര്‍ബലമായ ഒരു കാലമായിരുന്നു അത്.
അതിശക്തമായ സൈനിക അടിത്തറയും പോരാട്ട ശേഷിയും പ്രകടിപ്പിച്ച ഉസ്മാനിയ സാമ്രാജ്യത്തിന്റെ കരുത്തിന് മുന്നില്‍ തുര്‍ക്കി പൂര്‍ണമായും വിധേയപ്പെട്ടു. എ ഡി 1454 ല്‍ ഉസ്മാനികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കി. സല്‍ജൂഖീകള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തുടക്കം കുറിച്ചെങ്കിലും യൂറോപ്പിലേക്കുള്ള മുസ്ലിം സാമ്രാജ്യത്തിന്റെ വളര്‍ച്ച ഉസ്മാനികളിലൂടെയാണ് സാധ്യമായത്. ഗ്രീസ്, ബള്‍ഗേറിയ, ബോസ്‌നിയ തുടങ്ങി രാജ്യങ്ങള്‍ കീഴടിക്കിയ ഉസ്മാനികള്‍ ഡാന്യൂബ് നദിയുടെ തീരം വരെ കടന്ന് ചെന്നു.
അറേബ്യന്‍ ഉപദ്വീപിലും ഉസ്മാനികള്‍ അവരുടെ കരുത്ത് കാട്ടി. നാമമാത്രമായ അബ്ബാസി ഖിലാഫത്തിനും മംലൂക്കുകള്‍ക്കുമായിരുന്നു അറേബ്യന്‍ ഉപദ്വീപിന്റെ ഭരണം. ഉസ്മാനികളില്‍ നിന്ന് ആക്രമണം പ്രതീക്ഷിച്ച മംലൂക്ക് സുല്‍ത്താന്‍ പ്രതിരോധത്തിന്റെ വഴികള്‍ അന്വേഷിച്ചു. രണ്ട് മുസ്ലിം സാമ്രാജ്യങ്ങള്‍ പരസ്പരം യുദ്ധം ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ അനേകം മധ്യസ്ഥ ശ്രമങ്ങളും ചര്‍ച്ചകളും നടന്നു. സുല്‍ത്താന്‍ ബായസീദ് ആയിരുന്നു അക്കാലത്തെ ഉസ്മാനിയാ സാമ്രാജ്യ തലവന്‍. മംലൂക്ക് സാമ്രാജ്യത്തിന്റെ അധിപന്‍ സുല്‍ത്താന്‍ ഖായത്തൂബായിയും.
സന്ധി സംഭാഷണങ്ങള്‍ ഒരുപകാരവുമുണ്ടാക്കിയില്ല. പരസ്പരമുള്ള വൈരം രണ്ട് കക്ഷികളും തുടര്‍ന്നു. എ ഡി 1516ല്‍ നടന്ന യുദ്ധത്തില്‍ മംലൂക്കുകളെ ഉസ്മാനികള്‍ പരാജയപ്പെടുത്തി. ഫലസ്തീനും തുടര്‍ന്ന് സിറിയന്‍ പ്രദേശങ്ങളും അവരുടെ കൈയ്യിലെത്തി. മംലൂക്കുകള്‍ ഈജിപ്തില്‍ മാത്രമായി ചുരുങ്ങി. എ ഡി 1517ല്‍ ഈജിപ്ത് ആക്രമിച്ച ഉസ്മാനികള്‍ മംലൂക്ക് ആധിപത്യം പൂര്‍ണമായും തുടച്ച് നീക്കി. മക്ക, മദീന തുടങ്ങിയ പുണ്യഭൂമികള്‍ ഉള്‍പ്പെടെയുള്ള അറേബ്യന്‍ ഉപദ്വീപിന്റെ ഏതാണ്ട് എല്ലാ ഭാഗവും ഉസ്മാനികളുടെ അധീനതയിലായി. തുടര്‍ന്ന് അവര്‍ ഖിലാഫത്ത് പ്രഖ്യാപിച്ചു. മുറാദ് ഒന്നാമനായിരുന്നു ഉസ്മാനി സാമ്രാജ്യത്തിലെ ആദ്യ ഖലീഫ. അക്കാലത്തെ ലോകത്തിലെ തന്നെ ഏറ്റവും വിസ്തൃതമായ ഭരണകൂടമായി ഉസ്മാനിയാ ഖിലാഫത്ത് മാറി. ഭൂമിയിലെ 55 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശത്തിന്റെ അധിപന്മാരായിരുന്നു ഉസ്മാനിയാ ഖിലാഫത്ത്.
യൂറോപ്പ് അപ്പോള്‍ വലിയ സാമൂഹിക മാറ്റങ്ങള്‍ക്ക് പാകപ്പെട്ട് കൊണ്ടിരിക്കുകയായിരുന്നു. ഫ്രാന്‍സിലും ഇംഗ്ലണ്ടിലുമുള്ള ജൂതന്മാര്‍ കഠിനമായ മത പീഡനങ്ങളെ തുടര്‍ന്ന് വീണ്ടും പലയിടങ്ങളിലേക്കും പലായനം ചെയ്തു. 1306 ല്‍ അന്നത്തെ ഫ്രഞ്ച് ചക്രവര്‍ത്തി ഫിലിപ്പ് ഫ്രാന്‍സില്‍ നിന്ന് ജൂത മതത്തെ നിഷ്‌കാസനം ചെയ്യാന്‍ തീരുമാനമെടുത്തിരുന്നു.
ഒന്നുകില്‍ ക്രിസ്ത്യാനികളാകുക, അല്ലെങ്കില്‍ ഫ്രാന്‍സില്‍ നിന്ന് പുറത്ത് പോകുക. ഈ രണ്ട് തീരുമാനങ്ങളില്‍ ഒന്ന് കൈക്കൊള്ളാന്‍ ചക്രവര്‍ത്തി ജൂതന്മാര്‍ക്ക് അന്ത്യശാസനം നല്‍കി. മതം വെടിയാന്‍ തയാറാകാത്ത അനേകമാളുകള്‍ ഫ്രാന്‍സ് വിട്ട് മറ്റ് പല സ്ഥലങ്ങളിലേക്കും ഓടിപ്പോയി. അതില്‍ ചിലര്‍ തങ്ങളുടെ പൂര്‍വികരുടെ ഭൂപ്രദേശമായ ഫലസ്തീന്റെ പ്രാന്ത പ്രദേശങ്ങളില്‍ കുടിയേറി. ‘സീനായ്, ഫലസ്തീന്‍ എന്നീ പ്രദേശങ്ങള്‍ ഒഴിച്ച് മറ്റെവിടെ വേണമെങ്കിലും കുടിയേറിപ്പാര്‍ക്കാന്‍ ഉസ്മാനിയാ ഖലീഫ അവര്‍ക്ക് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ഭൂരിപക്ഷം ജൂതന്മാരും മറ്റൊരു പദ്ധതിയാണ് സ്വീകരിച്ചത്.
തങ്ങളുടെ വിശ്വാസവും സംസ്‌കാരവും നിലനിര്‍ത്തിക്കൊണ്ട് തന്നെ ക്രിസ്തുമതം ബാഹ്യമായി സ്വീകരിച്ച് കൊണ്ട് അവിടെത്തന്നെ തുടരാനാണ് പുരോഹിതര്‍ രഹസ്യമായി ആഹ്വാനം ചെയ്തത്. ഇങ്ങനെ ക്രിസ്തീയവല്‍ക്കരിക്കപ്പെട്ട ജൂതന്മാര്‍ ക്രിസ്ത്യന്‍ സമൂഹത്തില്‍ വളരാന്‍ തുടങ്ങി. ഈ ധാരക്ക് പരിണാമം സംഭവിച്ചതാണ് പിന്നീട് യൂറോപ്പില്‍ രൂപപ്പെട്ട പ്രൊട്ടസ്റ്റന്റ് ധാരയെന്നാണ് പല ചരിത്രകാരന്മാരും നിരീക്ഷിക്കുന്നത്. യൂറോപ്പില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത പ്രൊട്ടസ്റ്റന്റുകള്‍ നിര്‍മിച്ചെടുത്ത ആധുനിക അമേരിക്ക ജൂതരോട് പുലര്‍ത്തുന്ന സൗഹൃദത്തിന്റെ കാരണങ്ങളിലൊന്നായി ഈ അന്തര്‍ധാരയെ കാണാവുന്നതാണ്. ഈ അന്തര്‍ധാരയാണ് ഫലസ്തീന്‍ പ്രശ്‌നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരമുണ്ടാക്കുന്നതില്‍ ഇന്നും ഒരു കീറാമുട്ടിയായി നിലനില്‍ക്കുന്നത്.
യൂറോപ്പിന്റെ ഗതി മാറ്റിയെഴുതിയ ഏറ്റവും സുപ്രധാനമായ ഒരു സംഗതിയായിരുന്നു ഫ്രഞ്ച് വിപ്ലവം. ഫ്രഞ്ച് വിപ്ലവത്തില്‍ അലയടിച്ച മാനവിക മുദ്രാവാക്യങ്ങള്‍ ഒരു ജനതയുടെ ബോധത്തെത്തന്നെ പുതുക്കിപ്പണിഞ്ഞു. ചരിത്രപരമായി ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയില്‍ നിലനിന്ന വൈരത്തിനും ജൂതരുടെ പീഡിത ജീവിതത്തിനും അന്ത്യം കുറിക്കാന്‍ ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്നുണ്ടായ സാമൂഹിക വളര്‍ച്ച വളരെയേറെ സഹായിച്ചു. യൂറോപ്യന്‍ സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയില്‍ ജൂതര്‍ക്ക് ഇടം കിട്ടുന്നത് വിപ്ലവത്തിന് ശേഷം രൂപപ്പെട്ട പുരോഗമന ചിന്തകളില്‍ നിന്നാണ്. 1791 ല്‍ ജൂതന്മാര്‍ക്ക് തുല്യവകാശം ഉറപ്പ് വരുത്തുന്ന ഒരു നിയമം ഫ്രഞ്ച് ഭരണകൂടം കൊണ്ടുവന്നു. 1798ല്‍ നെപ്പോളിയന്‍ ഫ്രാന്‍സിന്റെ അധികാരത്തിലെത്തി. ഉസ്മാനി സാമ്രാജ്യത്തോട് നേരിട്ട് ഏറ്റുമുട്ടിയ നെപ്പോളിയന്‍ ഈജിപ്ത് അധീനപ്പെടുത്തി. തുടര്‍ന്ന് നെപ്പോളിയന്റെ സേന ഫലസ്തീനിലേക്ക് പ്രവേശിച്ചു. (തുടരും)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x