28 Thursday
March 2024
2024 March 28
1445 Ramadân 18

ഓണ്‍ലൈന്‍ ഉപയോഗം കുട്ടികളെ വഴി തെറ്റിക്കരുത്

അബ്ദുല്‍ ഹലീം


കോവിഡ് മഹാമാരി അനിശ്ചിതമായി നീളുകയാണ്. ഈ അനിശ്ചിതത്വം മനുഷ്യ ജീവിതം ഏറെ ദുസ്സഹമാക്കി കൊണ്ടിരിക്കുന്നു. രണ്ടു വര്‍ഷക്കാലമായി വീട്ടില്‍ ഇരിക്കുന്ന കുട്ടികളുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങളെ കുറിച്ച് പലവിധം ആശങ്കകള്‍ ഉയരുന്നുണ്ട്. പഠനം ഓണ്‍ലൈന്‍ ആയതോടെ, കുട്ടികള്‍ ഏതാണ്ട് ഡിജിറ്റല്‍ ഉപകരണങ്ങളുടെ പിടിയില്‍ അമര്‍ന്നു എന്നത് ഒരു വാസ്തവമാണ്. ഇത് അവരെ ധാര്‍മികവും സാംസ്‌കാരികവുമായി അപചയത്തിലേക്ക് വഴി നയിക്കുമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കുട്ടികള്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഒക്കെ ഉത്തരവാദിത്ത പൂര്‍ണമായാണോ ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടത് ഓരോ മാതാപിതാക്കളുടെയും കടമയാണ്. വീഡിയോ, ഓണ്‍ലൈന്‍ ഗെയിമുകള്‍ എപ്രകാരമാണ് മരണക്കളികളാകുന്നത് എന്നും അവയ്ക്കുള്ള പരിഹാര മാര്‍ഗങ്ങളെന്തെന്നും സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.
അഡിക്ഷന്‍
എങ്ങനെ തിരിച്ചറിയാം?

കളികളുടെ മേലുള്ള യുക്തിപരവും മാനസികവുമായ നിയന്ത്രണം നഷ്ടപ്പെടുക, ദിനചര്യകളെയും മറ്റു ജോലികളെയും അപേക്ഷിച്ച് ഗെയിമുകള്‍ക്ക് മുന്‍ഗണന നല്‍കുക, ഗെയിമുകളുടെ ഫലമായി അസ്വസ്ഥതയോ പിരിമുറുക്കമോ ഉണ്ടായാല്‍ പോലും തുടര്‍ന്നും അതില്‍ ഏര്‍പ്പെടുകയോ പഴയതിനെക്കാള്‍ കൂടുതല്‍ സമയം കളിക്കുകയോ ചെയ്യുക തുടങ്ങിയവയെല്ലാം ഗെയിമിംഗ് അഡിക്ഷന്റെ ലക്ഷണങ്ങളാണ്.
ഇത്തരം കളികളില്‍ ഏര്‍പ്പെടുന്നവര്‍ അവരുടെ കുടുംബം, സുഹൃത്തുക്കള്‍, പഠനം, സമൂഹവുമായുള്ള ഇടപഴകല്‍, ദൈനംദിന ജിവിതത്തിലെ മറ്റു പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ഒരു വര്‍ഷത്തിലധികം അസാധാരണമായ അകലം പാലിക്കുകയോ ഉള്‍വലിയുകയോ ചെയ്താല്‍ അവ ഗെയിമിംഗ് അഡിക്ഷന്റെ വ്യക്തമായ ലക്ഷണങ്ങളാണ്.
ഒരാള്‍ എപ്പോഴും ഇത്തരം കളികളെയും അതിലെ പ്രതിപാദ്യ വിഷയങ്ങളെപ്പറ്റിയും മാത്രം സംസാരിക്കുക, ഇടവേളകളില്ലാതെ ദീര്‍ഘനേരം ഇത്തരം കളികളില്‍ ഏര്‍പ്പെടുക, അവയില്‍ നിന്ന് ആരെങ്കിലും അയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അവരോട് ദേഷ്യത്തോടും അക്രമാസക്തമായും പെരുമാറുക, ഭക്ഷണവും വിശ്രമവും വരെ ഒഴിവാക്കി ഇത്തരം കളികളില്‍ ഏര്‍പ്പെടുക തുടങ്ങിയവ എല്ലാം ഗെയിമിംഗ് അഡിക്ഷന്റെ ഏറ്റവും മോശമായ അവസ്ഥകളെയാണ് സൂചിപ്പിക്കുന്നത്.
സമൂഹത്തില്‍ നിന്നുള്ള ഉള്‍വലിയല്‍, അമിത ആകുലത, വിഷാദരോഗം, മനസിക പിരിമുറുക്കം, ഉഗ്രകോപം, ആക്രമണ ത്വര തുടങ്ങിയ മാനസിക ആരോഗ്യ പ്രശ്‌നങ്ങളായിരിക്കും ഇത്തരം അഡിക്ഷനുകളുടെ പരിണത ഫലം. ഉറക്കമില്ലായ്മ, ക്ഷീണം, തലവേദന, കണ്ണ് വേദന, കഴുത്തുവേദന തുടങ്ങിയ ഒട്ടനവധി ശാരീരിക പ്രശ്‌നങ്ങളും വീഡിയോ, ഓണ്‍ലൈന്‍ ഗെയിമുകളുടെ അഡിക്ഷന്റെ ഫലമായി ഉണ്ടാകുന്നവയാണ്.
ഗെയിമിംഗ് ഡിസോര്‍ഡര്‍
ഓണ്‍ലൈന്‍ മാര്‍ഗം കുട്ടികളെ വഴിതെറ്റിക്കുന്ന പ്രധാന വില്ലന്‍ ഗെയിമുകളാണ്. എല്ലാ ഗെയിമുകളും അപകടകാരികള്‍ അല്ലെങ്കിലും ഗെയിമുകളുടെ അനിയന്ത്രിത ഉപയോഗം കുട്ടികളെ വഴിതെറ്റിക്കാം. കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും പല മാനസിക അസ്വസ്ഥതകളിലേക്കും വൈകല്യങ്ങളിലേക്കും ആത്മഹത്യയിലേക്കു പോലും നയിക്കുന്നു എന്നാണ് സമകാലിക സംഭവങ്ങളും പഠനങ്ങളും തെളിയിക്കുന്നത്. വീഡിയോ, ഓണ്‍ലൈന്‍ ഗെയിമുകളോടുള്ള അമിത ആസക്തിയെയും അതിന്റെ ഫലമായുണ്ടാകുന്ന വൈകല്യങ്ങളെയും ഗെയിമിംഗ് ഡിസോര്‍ഡര്‍ ആയാണ് ആരോഗ്യ വിദഗ്ധര്‍ കണക്കാക്കുന്നത്. രോഗങ്ങളെ തരം തിരിച്ചിട്ടുള്ള അന്തര്‍ദേശീയ പട്ടികയില്‍ (International Classification of Diseases ICD) വീഡിയോ, ഓണ്‍ലൈന്‍ ഗെയിമുകളുടെ അമിത ഉപയോഗത്തെയും അവയോടുള്ള അമിത ആസക്തിയെയും ഒരു രോഗമായി തന്നെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ബ്രിട്ടണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദ റിക്കവറി വില്ലേജ് എന്ന ഏജന്‍സി 2021 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച കണക്കുകളനുസരിച്ച് ലോകത്താകമാനം 100 കോടി ആളുകള്‍ വീഡിയോ, ഓണ്‍ലൈന്‍ ഗെയിമുകളില്‍ ഏര്‍പ്പെടുന്നുണ്ട്. അതില്‍ ഏകദേശം 10 ശതമാനം അഥവാ 10 കോടി ആളുകള്‍ക്ക് ഗെയിമിംഗ് ഡിസോര്‍ഡര്‍ ഉണ്ടാകുന്നുണ്ട് എന്നും ഈ പഠനം അടിവരയിടുന്നു. ഇത്തരം കളികളില്‍ ഏര്‍പ്പെടുന്നവരുടെ ശരാശരി പ്രായം 37 ആണെങ്കില്‍, ഗെയിമിംഗ് ഡിസോര്‍ഡറിന് അടിമപ്പെടാന്‍ സാധ്യത കൂടുതലുള്ളവര്‍ 18-24 വയസിനിടയ്ക്കുള്ള ആണ്‍കുട്ടികള്‍ ആണെന്നാണ് വിദഗ്ധ അഭിപ്രായം.
ഡിജിറ്റല്‍ പഥ്യം
വീഡിയോ-ഓണ്‍ലൈന്‍ ഗെയിമുകളോടുള്ള അമിത ആസക്തി മുളയെടുക്കുന്ന ആദ്യഘട്ടത്തില്‍ തന്നെ പ്രായോഗികമാക്കാന്‍ സാധിക്കുന്ന ഒരു പ്രതിവിധിയാണ് ഡിജിറ്റല്‍ ഡീറ്റോക്‌സ്. ആയുര്‍വേദ ചികിത്സാരീതിയിലെ പഥ്യത്തിനു സമാനമായ ഈ പ്രതിവിധിയെ ഡിജിറ്റല്‍ പഥ്യം എന്നു വിളിക്കാം. ഒരു നിശ്ചിത കാലത്തേക്ക് സ്മാര്‍ട്‌ഫോണും കംപ്യൂട്ടറും അടക്കമുള്ളവയില്‍ നിന്നും ഗെയിമുകളില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കുന്ന ഒരു മാര്‍ഗമാണിത്.
പ്രഫഷണല്‍ സഹായം
ഗെയിമുകള്‍ക്ക് അടിമയായ ഒരു വ്യക്തിയെ നിര്‍ബന്ധം കൊണ്ടോ ശിക്ഷ കൊണ്ടോ അതില്‍ നിന്നു മോചിപ്പിക്കാന്‍ സാധിക്കുകയില്ല. മറ്റ് ഏതൊരു രോഗിയോടും എന്നപോലെ സഹതാപത്തോടും അനുകമ്പയോടും കൂടി മാത്രമെ അത്തരം വ്യക്തികളോട് പെരുമാറാന്‍ പാടുള്ളൂ. പ്രഫഷണല്‍ കൗണ്‍സിലിംഗിനോ വേണ്ടി വന്നാല്‍ ചികിത്സയ്‌ക്കോ ഉള്ള അവസരങ്ങളാണ് അത്തരം ആളുകള്‍ക്ക് നാം ഒരുക്കിക്കൊടുക്കേണ്ടത്. പകരം ഏതെങ്കിലും തരത്തിലുള്ള കര്‍ക്കശ നടപടികളാണ് പ്രയോഗിക്കുന്നതെങ്കില്‍ അത് അവരെ മറ്റു മാനസിക പ്രശ്‌നങ്ങളിലേക്കും ചിലപ്പോള്‍ ആത്മഹത്യയിലേക്കു പോലും നയിച്ചേക്കും.
വീഡിയോ, ഓണ്‍ലൈന്‍ ഗെയിമുകള്‍ അല്‍പ്പം ഉല്ലാസവേളകള്‍ പ്രദാനം ചെയ്യുന്നുണ്ടെങ്കിലും പൊതുവെ അവ നമ്മുടെ കുട്ടികളെ അഡിക്ഷനിലേക്കു നയിക്കുന്നതായാണ് കണ്ടുവരുന്നത്. അത്തരത്തില്‍ അവയുടെ ദൂഷ്യവശങ്ങളെപ്പറ്റി നമ്മുടെ കുട്ടികളെ ബോധവാന്മാരാക്കുന്നതോടൊപ്പം നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള സാഹചര്യവും ഒരുക്കിക്കൊടുക്കണം. സാന്മാര്‍ഗികമായ വായനക്കും ചിട്ടകള്‍ക്കും വീട്ടില്‍ പ്രത്യേകം അവസരം ഒരുക്കണം.
മാതാപിതാക്കളുടെ ഇടപെടല്‍
കുട്ടികള്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അവരോടൊപ്പം കളികളില്‍ പങ്കുചേരുക, നന്നായി ഉല്ലസിക്കാന്‍ പഠിപ്പിക്കുന്നതോടൊപ്പം, കളികളില്‍ പാലിക്കേണ്ട ആരോഗ്യപരമായ നിയന്ത്രണങ്ങളെപ്പറ്റിയും കുട്ടികളെ പറഞ്ഞു മനസിലാക്കുക, ഗെയിമുകള്‍ കളിക്കുമ്പോള്‍ അവരോടൊപ്പം സമയം ചെലവഴിക്കുക, അഡിക്ഷന് കൂടുതല്‍ സാധ്യതയുള്ള ഗെയിമുകളാണ് കുട്ടികള്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍ അവയുടെ ഭവിഷ്യത്തുകളെപ്പറ്റി സ്‌നേഹപൂര്‍വം അവരെ പറഞ്ഞു മനസിലാക്കുക, ഇത്തരം കളികളില്‍ നിര്‍ബന്ധമായും പാലിക്കേണ്ട മിതത്വത്തിന്റെ ആവശ്യകതയെപ്പറ്റി അവരെ ബോധ്യപ്പെടുത്തുക, ഗെയിമുകള്‍ക്കു പുറമെ ഇന്റര്‍നെറ്റിലുള്ള വിജ്ഞാനപ്രദമായ അറിവിന്റെ അനന്തമായ മറ്റു മേഖലകളെ അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് മുന്‍കൈ എടുക്കേണ്ടത് മാതാപിതാക്കളാണ്. കുട്ടികളുടെ കിടപ്പുമുറിയില്‍ നിന്നു കംപ്യൂട്ടര്‍ ഒഴിവാക്കുക, രാത്രിയില്‍ നിശ്ചിത സമയം കഴിഞ്ഞാല്‍ സ്മാര്‍ട് ഫോണ്‍ സൂക്ഷിക്കാന്‍ വീട്ടിലെ ഒരു പൊതുസ്ഥലം നിര്‍ദ്ദേശിക്കുക തുടങ്ങിയവയും പ്രായോഗിക മാര്‍ഗങ്ങളാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x