ഓണം: ആര്‍മാദവും അതിവാദവും
കോവിഡ് ഇടവേളക്കു ശേഷം വിപുലമായ പരിപാടികളോടെയാണ് സര്‍ക്കാര്‍തലത്തിലും അല്ലാതെയും ഈ വര്‍ഷത്തെ ഓണാഘോഷം നടന്നത്. 1961 ലാണ് ഓണം കേരളത്തിന്റെ ദേശീയ ഉത്സവമായി ആചരിക്കാന്‍ തുടങ്ങിയത്. ഓണവുമായി ബന്ധപ്പെട്ട ഹൈന്ദവ ആചാരങ്ങളും വിശ്വാസങ്ങളും മിത്തുകളും ഒരു ഭാഗത്തുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. അതേസമയം എല്ലാ ജനങ്ങള്‍ക്കും ആഘോഷിക്കാവുന്ന ഒരു സാംസ്‌കാരിക ഉത്സവമായി ഔദ്യോഗിക തലത്തില്‍ അതിനെ അവതരിപ്പിക്കാനും സാധിച്ചിട്ടുണ്ട്. അതു സംബന്ധിയായ രാഷ്ട്രീയ വിശകലനങ്ങളും സാമൂഹി ക ശാസ്ത്ര പഠനങ്ങളും ഒട്ടേറെ നടന്നിട്ടുണ്ട്. പ്രസ്തുത സംവാദം തുടരുകയും ചെയ്യുന്നു.
എന്നാല്‍ ഈ വര്‍ഷത്തെ ഓണവുമായി ബന്ധപ്പെട്ട സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചയില്‍ രണ്ട് ധ്രുവങ്ങളിലുള്ള വാദങ്ങളാണ് പ്രധാനമായും കാണുന്നത്. അത് പുതിയ വാദങ്ങളോ ആശയങ്ങളോ അല്ല. വര്‍ഷങ്ങളായി ഇത്തരം ആഘോഷ സമയങ്ങളില്‍ ചര്‍ച്ചകളിലേക്ക് കടന്നുവരുന്ന വിവിധ ആശയധാരകളും ചിന്താസരണികളുമുണ്ട്. ഒരര്‍ഥത്തില്‍, ഇന്ന് നാം കാണുന്ന ചര്‍ച്ചകള്‍ ആവര്‍ത്തനങ്ങളാണ്. ഒന്ന്, ആഘോഷം എന്ന നിലയില്‍ എല്ലാ അതിരടയാളങ്ങളും ഭേദിച്ചു കൊണ്ടുള്ള ആര്‍മാദത്തിന്റെ ഉന്മാദം. രണ്ട്, ഓണാഘോഷവുമായി ബന്ധപ്പെട്ട ഒന്നിനും സഹകരിക്കരുത് എന്ന നിഷിദ്ധ പ്രസ്താവങ്ങള്‍.
ഇതില്‍ ആദ്യത്തേത് അഥവാ ആര്‍മാദത്തിന്റെ ഉന്മാദം ഏതെങ്കിലും ഒരു ആഘോഷത്തിന്റെ മാത്രം പ്രതിഫലനമല്ല. ജീവിതത്തില്‍ ആഘോഷിക്കാന്‍ കിട്ടുന്ന ഏതൊരു സന്ദര്‍ഭവും അതിരുകളും അര്‍ഥവും ഇല്ലാതെ ആസ്വദിക്കുക എന്നത് ഈ കാലത്തിന്റെ പ്രത്യേകതയായി മാറിയിട്ടുണ്ട്. ജോലിസ്ഥലത്തെ കൂടിച്ചേരലുകള്‍, കുടുംബ പരിപാടികള്‍, കൂട്ടായ്മകളുടെ ചെറുതും വലുതുമായ ആഘോഷങ്ങള്‍, സൗഹൃദ സംഗമങ്ങള്‍, വിവിധ മത-സാംസ്‌കാരിക ഉത്സവങ്ങള്‍ തുടങ്ങിയവയെല്ലാം ആഘോഷത്തിന്റെ കുപ്പി പൊട്ടിക്കാനുള്ള സന്ദര്‍ഭമായി മാറിയിട്ടുണ്ട്.
മദ്യ ഉപഭോഗത്തില്‍ റെക്കോഡ് തിരുത്തുക എന്നത് ഓണാഘോഷത്തിന്റെ പിറ്റേന്നുള്ള സ്വാഭാവിക വാര്‍ത്തയായി മാറിയിരിക്കുന്നു. കാതടപ്പിക്കുന്ന സംഗീതത്തിന്റെ അകമ്പടിയോടെ നടക്കുന്ന തുള്ളലുകളും കോലം കെട്ടലുകളും അഴിഞ്ഞാട്ടവും പരിസരബോധമില്ലാത്ത അഭ്യാസപ്രകടനങ്ങളും ആണ്‍പെണ്‍ കൂടിച്ചേരലുകളും ഇന്ന് പതിവായി മാറിയിട്ടുണ്ട്. ഏതൊരു പരിപാടിയും അവസാനിപ്പിക്കുന്നത് സിനിമാറ്റിക് ഡാന്‍സോടു കൂടിയായിരിക്കണം എന്ന നിര്‍ബന്ധബുദ്ധി വ്യാപകമായിരിക്കുന്നു. ഓണാഘോഷത്തിന്റെ ഏത് പാരമ്പര്യമെടുത്ത് പരിശോധിച്ചാലും സിനിമാറ്റിക് ഡാന്‍സുകള്‍ കണ്ടെത്താനാവില്ലെന്നു വരാം.
എന്നാല്‍ ഒരു സാംസ്‌കാരിക ഉത്സവം എന്ന നിലയിലേക്ക് മാറുമ്പോള്‍ മതാചാരമോ പാരമ്പര്യമോ അതിന് ബാധകമല്ല. അതിനാല്‍ തന്നെ അപ്പപ്പോള്‍ തോന്നുന്ന കലാപരിപാടികള്‍ ഓണാഘോഷമായി മാറുന്നതാണ് നാമിന്ന് കാണുന്നത്. ഇങ്ങനെയുള്ള പല തോന്നലുകളും ഇന്നെത്തി നില്‍ക്കുന്നത് ഇതര പരിപാടികളിലെ സ്ഥിരം ചേരുവകളിലാണ്. ഇങ്ങനെ ഓരോ വര്‍ഷവും പുതിയ ആചാരങ്ങളും രീതികളും കടന്നുവരുമ്പോള്‍ ഒരു വിശ്വാസി എന്ന നിലയില്‍ നാം എന്ത് സമീപനം സ്വീകരിക്കണം? സാംസ്‌കാരിക ആഘോഷമല്ലേ എന്ന നിലയില്‍ വരുന്ന മാറ്റങ്ങളെയെല്ലാം പുല്‍കുന്നവരായി നമ്മള്‍ മാറണോ?
ഏത് ആഘോഷമായാലും കൂടിച്ചേരലുകളായാലും ഇസ്‌ലാമിക നിയമങ്ങള്‍ അനുസരിച്ച് ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ആ സന്ദര്‍ഭങ്ങളിലെല്ലാം പാലിക്കേണ്ട മര്യാദകളും മാര്‍ഗനിര്‍ദേശങ്ങളുമുണ്ട്. അത് പ്രയോഗവത്കരിക്കാ ന്‍ വിശ്വാസികള്‍ തയ്യാറാവണം. ഹയാഅ് അഥവാ ലജ്ജ വിശ്വാസത്തിന്റെ ഭാഗമാണ് എന്ന ഹദീസ് ഇവിടെ പ്രസ്താവ്യമാണ്.
രണ്ടാമതായി സൂചിപ്പിച്ച അതിവാദങ്ങള്‍ ഓണാഘോഷ സമയത്താണ് ഏറ്റവും കൂടുതല്‍ പ്രചാരം നേടാറുള്ളത്. ഇസ്‌ലാം മതവിശ്വാസികള്‍ക്ക് മതേതരത്വം തെളിയിക്കാനുള്ള ഒരു അപ്രഖ്യാപിത വെല്ലുവിളിയായി ഓണാഘോഷം മാറുന്ന സാഹചര്യം ഇന്നുണ്ട്. അതിനോട് സഹകരിക്കുന്നവരെല്ലാം മതവിശ്വാസത്തില്‍ നിന്ന് പുറത്തുപോവുന്നവരായി ഒരു കൂട്ടരും, ആഘോഷത്തിന്റെ ഭാഗമായ മതാചാരങ്ങളില്‍ നിന്നും ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത ആര്‍മാദത്തില്‍ നിന്നും മാറിനില്‍ക്കുന്നവര്‍ മതേതരത്വത്തില്‍ നിന്ന് പുറത്തുപോവുന്നവരായി മറ്റൊരു കൂട്ടരും വ്യാഖ്യാനിക്കുന്നു. തങ്ങള്‍ കല്‍പ്പിക്കുന്നത് മാത്രമാണ് മതവും മതേതരത്വവും എന്ന കാര്യത്തില്‍ രണ്ടുകൂട്ടരും യോജിക്കുന്നു എന്നതാണ് വിരോധാഭാസം.
ആഘോഷത്തിന്റെ സാംസ്‌കാരിക വശങ്ങളോടും സൗഹാര്‍ദ മൂല്യങ്ങളോടും ഇടപഴകല്‍ അവസരങ്ങളോടും ക്രിയാത്മകമായ സമീപനമാണ് വിശ്വാസികള്‍ സ്വീകരിക്കേണ്ടത്. ഇതര വിശ്വാസികളോടും അല്ലാത്തവരോടുമുള്ള സാംസ്‌കാരിക വിനിമയത്തിന്റെ വാതിലുകള്‍ കൊട്ടിയടക്കാന്‍ പാടില്ല. ഓരോരുത്തരുടെയും വിശ്വാസ സംസ്‌കാര മര്യാദകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഓണാഘോഷം പോലുള്ളവയുടെ ഭാഗഭാക്കാവാനും സഹകരിക്കാനും സാധിക്കും. ആ മാര്‍ഗം ഉപയോഗപ്പെടുത്തണം. എന്നാല്‍, ഏതാനും തട്ടം ധരിച്ച പെണ്‍കുട്ടികളോ മറ്റ് ചെറുപ്പക്കാരോ ഇത്തരം ആഘോഷങ്ങളെ ആര്‍മാദത്തിലേക്ക് വഴിനടത്തുമ്പോള്‍ അതിലാണ് സമുദായത്തിന്റെ ഭാവി എന്ന് കരുതുന്ന ഭാവനാശൂന്യരായി നാം മാറാനും പാടില്ല.