25 Monday
March 2024
2024 March 25
1445 Ramadân 15

ഓഫ്‌ലൈന്‍ ക്ലാസ്‌റൂമുകളുടെ പ്രസക്തി വര്‍ധിക്കുന്നു

റസാഖ് മലോറം


മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കുകയും യന്ത്രങ്ങള്‍ ഉപയോഗിക്കുകയും ചെയ്തിരുന്ന പഴയ കാലത്തില്‍ നിന്നു മാറി, മനുഷ്യന്‍ യന്ത്രങ്ങളെ സ്‌നേഹിക്കുകയും മനുഷ്യനെ ഉപയോഗിക്കുകയും ചെയ്യുന്ന പുതിയ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. എല്ലാം വെറും യാന്ത്രികമായിപ്പോകുന്നു എന്ന ആശങ്കപ്പെടലില്‍ സ്‌നേഹത്തളിര്‍പ്പ് കാണാന്‍ കഴിയാത്ത ഒരു നഷ്ടബോധം വരണ്ടുകിടപ്പുണ്ട്. നിര്‍മിതബുദ്ധിയുടെ യും (Artifici al Intelligence) അതിലധിഷ്ഠിതമായ ചാറ്റ് ജി പിടിയുടെയും ഗൂഗിള്‍ ബാര്‍ഡിന്റെയും സാങ്കേതികത പകര്‍ന്നുതരുന്നതും മറ്റൊന്നല്ല.
മക്കളെ മാനവിക ബോധമുള്ള മനുഷ്യരാക്കി മാറ്റുന്നതിനു പകരം ധനാഗമന മാര്‍ഗത്തിനുള്ള ഉപകരണങ്ങളാക്കി മാറ്റാനാണ് രക്ഷിതാക്കള്‍ മത്സരിക്കുന്നത്. മറ്റൊരര്‍ഥത്തില്‍, ലോകത്തെ നിയന്ത്രിക്കുന്നത് സമ്പത്താണ് എന്ന ധാരണയില്‍ ആ ഏകമാത്ര ലക്ഷ്യത്തിലേക്ക് വിദ്യാഭ്യാസം വഴിമാറുന്നു എന്നും പറയാം. പാരമ്പര്യ ജ്ഞാനാര്‍ജന മാര്‍ഗങ്ങളില്‍ നിന്നു വ്യത്യസ്തമായി ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ പണം വിളയിച്ചെടുക്കുന്ന രീതി പരീക്ഷിക്കപ്പെടുന്നു. കഴിവും അഭിരുചിയും താല്‍പര്യവുമനുസരിച്ച് കുട്ടികള്‍ പഠിക്കുകയും അറിവിന്റെ ഉന്നതമേഖലകളില്‍ എത്തിപ്പെടുകയും ചെയ്യുന്നുണ്ട്. പക്ഷേ, ലോക മൂലധനശക്തികള്‍ക്ക് ആവശ്യമായ തരം വിദ്യാഭ്യാസത്തിന് മാത്രം പ്രചാരം സിദ്ധിക്കുമ്പോള്‍ മനുഷ്യനും അവന്റെ സ്വാഭാവിക പ്രകൃതിയും ലോകത്തിന്റെ സ്‌നേഹപൂര്‍ണമായ നിലനില്‍പും വിസ്മരിക്കപ്പെടുന്നില്ലേ എന്ന ആശങ്ക ഉയരുന്നുണ്ട്.
മനുഷ്യബുദ്ധിയുടെ സാധ്യതകളെ അനുകരിക്കുന്ന നിര്‍മിതബുദ്ധിയും സങ്കീര്‍ണമായ ഗണിത സമവാക്യങ്ങളിലൂടെ ശേഖരിച്ചുവെച്ചതില്‍ നിന്ന് ഉണ്ടാക്കിയെടുക്കുന്ന ചാറ്റ് ജിപിടിയുമാണ് ഇനി ലോകം കീഴടക്കാന്‍ പോകുന്നതെന്ന് പറയുമ്പോള്‍ ഇതിലേക്കെത്തിയ പഠന-ഗവേഷണ-ചിന്താപ്രക്രിയയിലെ മനുഷ്യബുദ്ധിയുടെ അനന്തസാധ്യതകള്‍ സൗകര്യപൂര്‍വം മറക്കുന്നു. അവിടെ ശ്വസിക്കുന്ന റോബോട്ടുകളായി സ്വയം മാറാന്‍ മനുഷ്യന്‍ വിധിക്കപ്പെടുന്നു.
യന്ത്രങ്ങള്‍ക്കും സാങ്കേതികതകള്‍ക്കും അതിന്റേതായ നേട്ടങ്ങളുണ്ട്. അതു മാത്രമാണ് ശരി എന്നു പറയുന്നിടത്ത് അപകടവുമുണ്ട്. ഉപകാരപ്രദമായ അറിവാണ് വിവേകത്തിന്റെ താല്‍പര്യം. തന്റെയും ലോകത്തിന്റെയും നാശത്തിനു കാരണമാകുന്ന ഒരു കണ്ടുപിടിത്തം ജ്ഞാനമാണോ എന്ന് ആലോചിക്കേണ്ടതുണ്ട്. ഈയൊരു തലത്തില്‍ നിന്നുകൊണ്ടാണ് ഓണ്‍റൂമുകളുടെ വിദ്യാഭ്യാസത്തിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തേണ്ടത്.
കോവിഡ് പശ്ചാത്തലത്തിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കമാവുന്നത്. (ഉയര്‍ന്ന തലങ്ങളിലും സവിശേഷ പഠനമേഖലകളിലും മുമ്പു തന്നെ ഈ രീതി പരീക്ഷിക്കപ്പെട്ടുവരുന്നുണ്ട്). പ്രാഥമിക തലം മുതല്‍ ബിരുദതലം വരെ ഈ രണ്ടു രീതികളുടെ സാധ്യത പരിശോധിക്കുക മാത്രമാണ് ഈ ലേഖനത്തിലൂടെ ചെയ്യുന്നത്.
അക്കാലത്ത് വലിയ പരിക്കു പറ്റിയ വിദ്യാഭ്യാസ മേഖലയ്ക്ക് ഒരു ബദല്‍ സംവിധാനമായാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ രൂപമെടുത്തത്. ഈ രീതിയാണിതിന് ലോക ബദല്‍ എന്ന് നിര്‍ദേശിക്കപ്പെടുമ്പോള്‍ അത് ഉയര്‍ത്തിയ പ്രത്യാഘാതങ്ങള്‍ പരിശോധിക്കപ്പെടണം. കമ്പ്യൂട്ടറിന്റെയോ മൊബൈലിന്റെയോ ടിവിയുടെയോ നെറ്റ്‌വര്‍ക്കിന്റെയോ അഭാവത്തില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ശരിയാംവണ്ണം പഠനം നിര്‍വഹിക്കാന്‍ സാധിച്ചിട്ടില്ല എന്നത് ഏറ്റവും അടിസ്ഥാനമായ ന്യൂനതയായി ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇതിലേറെയും, സാമ്പത്തികമായോ സാമൂഹികമായോ പിന്നാക്കം നില്‍ക്കുന്നവരാണ് എന്നത് മേല്‍പ്പറഞ്ഞ ചില ഗൂഢലക്ഷ്യങ്ങളെ ബലപ്പെടുത്തുന്നുണ്ട്.
ഓണ്‍ലൈന്‍ വിദ്യാഭ്യാസം കേവലമായ അറിവിന്റെ ഒരു വലിയ ലോകം തുറന്നിടുന്നുണ്ട്. മികച്ച ക്ലാസുകളും അതിന്റെ തുടര്‍ച്ചയും വിലയിരുത്തലുകളും നടക്കുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാന്‍ പാകത്തിലുള്ള ശേഖരിച്ചുവയ്ക്കലും അതിന്റെ സാധ്യതകളിലൊന്നാണ്. ഇത് ഒരു വലിയ ബിസിനസായി രൂപാന്തരപ്പെടുന്ന കാഴ്ചയും നമ്മളിന്ന് കണ്ടുകൊണ്ടിരിക്കുന്നു. വിദ്യാര്‍ഥിപക്ഷത്തുനിന്ന് ആലോചിക്കുമ്പോള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഇപ്പറഞ്ഞ സൗകര്യങ്ങള്‍ക്കപ്പുറം ഒരു ജഡത്വമോ നിര്‍വികാരതയോ ആയിത്തീരുന്നുണ്ട്. യഥാര്‍ഥ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നുണ്ടോ എന്നത് ഗൗരവമായ ചര്‍ച്ചയ്ക്ക് വിധേയമാകണം.
പഠന മനഃശാസ്ത്രം, അടിസ്ഥാന തത്വങ്ങള്‍, രീതികള്‍, വിദ്യാര്‍ഥിയും വിദ്യാലയവും, വളര്‍ച്ചാഘട്ടങ്ങള്‍, രക്ഷിതാക്കള്‍, വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തുടങ്ങിയ വിവിധ മേഖലകളെ ഓണ്‍ലൈന്‍ ക്ലാസ്‌റൂമുകള്‍ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്നും ഓഫ്‌ലൈന്‍ ക്ലാസ്‌റൂമുകള്‍ എന്താണ് പകര്‍ന്നുതരുന്നതെന്നും നാം ആലോചിക്കണം. സാമൂഹിക ചലനവും സ്‌കൂള്‍ അന്തരീക്ഷവും വിദ്യാര്‍ഥികളില്‍ രൂപപ്പെട്ട സ്വഭാവ വ്യതിയാനങ്ങളും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിസ്സഹായാവസ്ഥയും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ടത് എന്തെന്ന് എളുപ്പം മനസ്സിലാക്കാം.

പഠന മനഃശാസ്ത്രം:
അടിസ്ഥാന
തത്വങ്ങള്‍, രീതികള്‍

കാലഗതിക്കനുസരിച്ച് പാരമ്പര്യ രീതിയില്‍ നിന്നു മാറി കുട്ടികളുടെ ശാരീരിക-മാനസിക-വൈകാരിക-ബുദ്ധിതലങ്ങള്‍ക്ക് അനുസൃതമായ പഠനസിദ്ധാന്തങ്ങള്‍ രൂപീകരിക്കുന്നതില്‍ പഠന മനഃശാസ്ത്രശാഖ വലിയ സംഭാവന നല്‍കിയിട്ടുണ്ട്. ജീവിതത്തിന് ആവശ്യമായ അറിവും നൈപുണികളും അനുഭവ പാഠങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ട് അതിലൂടെ വ്യവഹാരത്തിലുണ്ടാകുന്ന(behaviour) മനോഭാവ മാറ്റമാണ് പഠനം. സവിശേഷമായ ഒട്ടേറെ പ്രക്രിയയിലൂടെയാണ് ഒരു കുട്ടിയില്‍ പഠനം സാധ്യമാകുന്നതെന്ന് തെളിവുകളുടെ പിന്‍ബലത്തില്‍ മനഃശാസ്ത്രം വിശദമാക്കുന്നു. ലോകരാജ്യങ്ങളുടെ വിദ്യാഭ്യാസ നയങ്ങള്‍ രൂപപ്പെടുത്തുന്നത് ഈ മനഃശാസ്ത്ര തത്വങ്ങള്‍ക്ക് അനുസൃതമായാണ്.
ഇരുപതാം നൂറ്റാണ്ടോടു കൂടിയാണ് വിപ്ലവകരമായ മാറ്റം ഈ രംഗത്തുണ്ടാകുന്നത്. ഹെര്‍ബാര്‍ട്ടിലെന്‍ രീതിയില്‍ തുടങ്ങി ഡാള്‍ട്ടന്‍ പദ്ധതി, പ്രശ്‌നരീതി, പ്രയോജനരീതി, സഹകൃത കഥനം, പര്യവേക്ഷിത പഠനം, ഏകകരീതി, ക്രിയാപ്രധാനരീതി, സാമൂഹികജ്ഞാന നിര്‍മിതി, വിമര്‍ശനാത്മക ബോധനശാസ്ത്രം തുടങ്ങി ഒട്ടേറെ തത്വങ്ങളും സിദ്ധാന്തങ്ങളും ആവിഷ്‌കരിക്കപ്പെട്ടു. ഭാഷാവികാസത്തില്‍ നോം ചോംസ്‌കി, വൈഗോഡ്‌സ്‌കി, ബ്രൂണര്‍ എന്നിവരും നൈതിക വികാസത്തില്‍ കോള്‍ബര്‍ഗും തുടങ്ങി സ്‌കിന്നറും പാവ്‌ലോവും മാസ്‌ലോവും ആല്‍ബര്‍ട്ട് ബന്‍ഡൂരയും വര്‍ത്തീമവും കോഹ്‌ളറും കാള്‍റോജറും പഠനസിദ്ധാന്തങ്ങള്‍ രൂപീകരിച്ചവരില്‍ പ്രമുഖരാണ്. നവീകരണങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും പലതും വിധേയമാക്കപ്പെട്ടിട്ടുണ്ടെങ്കിലും വിദ്യാര്‍ഥിയുടെ മനോ-ശാരീരിക നിലകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാകയാല്‍ ഇന്നും ഇതെല്ലാം വിദ്യാഭ്യാസമേഖലയില്‍ സജീവമായി പരിഗണിച്ചുവരുന്നു.
ഈ തത്വങ്ങളുമായി ബന്ധപ്പെടുത്തി പുതിയ ഓണ്‍ലൈന്‍ പഠനം വിലയിരുത്തപ്പെട്ടിട്ടുണ്ടോ എന്നത് സംശയമാണ്. കേവലം ചില ഡിവൈസുകളിലൂടെ അറിവുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതിനപ്പുറം കുട്ടിയുടേതായ എന്ത് സ്വയം വളര്‍ച്ചയാണ് ഓണ്‍ലൈനില്‍ സാധ്യമാകുന്നത്? പ്രായത്തിനും മനോനിലയ്ക്കുമനുസരിച്ചുള്ള ഒരു തിരഞ്ഞെടുപ്പ് സാധ്യമാകുന്നില്ല എന്നു മാത്രമല്ല, ആവശ്യമില്ലാത്തതോ ഉപദ്രവകരങ്ങളോ ബുദ്ധിയെയും ചിന്തയെയും നശിപ്പിക്കുന്നതോ ആയ പലതിനെയും പുണരാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. ഓഫ്‌ലൈന്‍ ക്ലാസ്‌റൂമുകളില്‍ അടിസ്ഥാന തത്വങ്ങളില്‍ പരിശീലനം കിട്ടിയ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ജീവസ്സുറ്റ പഠനം പരിമിതികളുണ്ടെങ്കിലും സാധ്യമാകുന്നുണ്ട് എന്നാണ് മനസ്സിലാകുന്നത്.

വിദ്യാര്‍ഥിയും
വിദ്യാലയവും

ലെവ് വൈഗോഡ്‌സ്‌കിയുടെ സാമൂഹികജ്ഞാന നിര്‍മിതിവാദം (Social constructivism) അനുസരിച്ച് എല്ലാ വൈജ്ഞാനിക ധര്‍മങ്ങളും സാമൂഹിക ഇടപെടലുകളില്‍ നിന്നാണ് ഉരുത്തിരിയുന്നത് എന്നു കാണാം. പഠനമെന്നത് കേവലം പുതിയ അറിവുകളുടെ സ്വാംശീകരണവും അധിനിവേശവും (Assimilation and accommodation) മാത്രമല്ല, അത് പഠിതാക്കളെ ഒരു വിജ്ഞാന സമൂഹവുമായി ഇണക്കിച്ചേര്‍ക്കല്‍ കൂടിയാണെന്ന് അദ്ദേഹം സിദ്ധാന്തിച്ചു.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെത്തുന്ന വിദ്യാര്‍ഥി സാമൂഹികമായ ഇടപെടലുകളില്‍ നിന്നാണ് പലതും പഠിക്കുന്നത്. മാനവികത, മനുഷ്യത്വം, ജനാധിപത്യം, സഹവര്‍ത്തിത്തം, നീതി, സത്യസന്ധത തുടങ്ങി ലോകനില്‍പിന് ആധാരമായ മൂല്യങ്ങള്‍ ക്ലാസ്‌റൂമുകളില്‍ നിന്നാണ് കുട്ടി സ്വായത്തമാക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനത്തില്‍ കുട്ടിക്ക് നഷ്ടമാകുന്നത് ഈ സാമൂഹികാവബോധവും തിരിച്ചറിവുമാണ്. വ്യക്ത്യാന്തര ബന്ധങ്ങള്‍ നഷ്ടമാകുന്നതിലൂടെ അവനവനിലേക്ക് ചുരുക്കപ്പെടുന്ന അത്യന്തം ഗുരുതരമായ സാഹചര്യം ഇവിടെ സംജാതമാകുന്നു.
ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസത്തിന് നമ്മളിന്ന് ഏറെ പ്രാധാന്യം നല്‍കുന്നു. സമൂഹത്തിന്റെ സവിശേഷ ശ്രദ്ധ പതിയേണ്ട 21 വിഭാഗം കുട്ടികള്‍ ഇന്ന് ക്ലാസ്‌റൂമുകളിലെത്തുന്നുണ്ട് എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇത്തരം വിദ്യാര്‍ഥികളെ ഏങ്ങനെ പരിഗണിക്കണം എന്നതിന് കൃത്യമായ പരിശീലനങ്ങള്‍ അധ്യാപകര്‍ക്ക് നല്‍കിവരുന്നു. വീടിനപ്പുറം വിദ്യാലയവും കൂട്ടുകാരും അധ്യാപകരും വലിയ ആശ്വാസമായിത്തീരുന്ന ഈ വിഭാഗം കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പുറന്തള്ളപ്പെടുന്നു എന്നു കാണാം. ചില സവിശേഷ പഠനങ്ങള്‍ ഒറ്റപ്പെട്ട തരത്തില്‍ നടക്കുന്നുണ്ട് എന്നത് വിസ്മരിക്കുന്നില്ല.
പഠനം എന്നത് വൈകാരികാംശം കൂടി ഉള്‍ച്ചേര്‍ന്നുള്ള പ്രക്രിയയാണ്. ഒരു ക്ലാസ്‌റൂമി ലെത്തുന്ന, വ്യത്യസ്ത തലത്തിലും തരത്തിലും മനഃപ്രയാസമനുഭവിക്കുന്ന കുട്ടികള്‍ക്ക് സഹപാഠിയുടെ ഒരു കൂട്ടും അധ്യാപകരുടെ കരുതലും എത്രമാത്രം ആശ്വാസം പകരും എന്ന് വിശദീകരിക്കേണ്ടതില്ല. ബാല്യ-കൗമാരകാലത്തിലെ പല സവിശേഷതകളെയും മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്നത് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. മയക്കുമരുന്നുകളുടെ വ്യാപനം പോലും തിരിച്ചറിവുകള്‍ ഉറയ്ക്കാത്ത ഈ പ്രായത്തില്‍ സാങ്കേതികതകളുടെ ഉപയോഗത്തിലൂടെയാണ് സംഭവിക്കുന്നത്. വിവേകം പ്രയോഗിക്കാത്ത മൊബൈല്‍ ഫോണ്‍ ഉപയോഗം പല തരത്തിലുള്ള ദോഷങ്ങളുമുണ്ടാക്കും.
വിദ്യാഭ്യാസ പ്രക്രിയയില്‍ അധ്യാപകര്‍ മെന്ററാകണമെന്നാണ് പുതിയ കാഴ്ചപ്പാട്. കുട്ടികള്‍ അനുഭവിക്കുന്ന വ്യത്യസ്തമായ മനഃസംഘര്‍ഷങ്ങള്‍ക്ക് അയവു വരുത്താനും അവരില്‍ അന്തര്‍ലീനമായിരിക്കുന്ന അഭിരുചികളെ കണ്ടെത്തി വളര്‍ത്താനും കൂടെ നിന്ന് സഹായിക്കുന്ന ഒരാളായി അധ്യാപകന്‍ മാറേണ്ടതുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ മെന്ററിങ് ക്രിയാത്മക രീതിയില്‍ അസാധ്യമാകുന്നു.
നിസ്സഹായരാകുന്ന
രക്ഷിതാക്കള്‍

തലമുറ വ്യത്യാസത്തില്‍ പണ്ടുകാലം മുതല്‍ മാതാപിതാക്കളും മക്കളും തമ്മിലുള്ള സംഘര്‍ഷം കാണാം. എന്നാല്‍ വേഗതയുടെ ഇക്കാലത്ത് ഈ സംഘര്‍ഷത്തിന്റെ തീവ്രത വര്‍ധിക്കുന്നു. ടെക്‌നോളജി കൈകാര്യം ചെയ്യുന്നതിലെ സവിശേഷ നൈപുണി കരസ്ഥമാക്കിയ പുതിയ തലമുറയ്ക്കു മുമ്പില്‍ രക്ഷിതാക്കള്‍ പകച്ചുനില്‍ക്കുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കിയ മൊബൈല്‍ അഡിക്ഷന്‍ പല വീട്ടിലെയും സമാധാനാന്തരീക്ഷം തകര്‍ത്തിട്ടുണ്ട്. ഇന്റര്‍നെറ്റിന്റെ അമിത ഉപയോഗവും അനാരോഗ്യകരമായ ഗെയിമുകളും കുടുംബത്തിന്റെ സ്വസ്ഥത നശിപ്പിച്ചിട്ടുണ്ട്.
പല കുട്ടികളുടെയും രണ്ടാം വീടാണ് വിദ്യാലയം. അവിടെ ക്ലാസ്‌റൂമുകളിലെ പങ്കുവെക്കലില്‍ കൈമാറ്റം ചെയ്യപ്പെടുന്ന ബന്ധങ്ങളുടെ ഊഷ്മളത കുടുംബാന്തരീക്ഷത്തിലും തെളിച്ചമുണ്ടാക്കും. ഒരു മുറിയില്‍ അടച്ചിരുന്ന് ഓണ്‍ലൈന്‍ ക്ലാസിലേക്ക് ഒറ്റപ്പെടുന്ന കൗമാരവും ബാല്യങ്ങളും ഭാവിയിലെന്തായിത്തീരും എന്ന ആശങ്ക രക്ഷിതാക്കള്‍ക്കുണ്ട്.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം
സംസ്‌കാര സമ്പൂര്‍ണനായി ഒരു വ്യക്തിയെ രൂപപ്പെടുത്തലാണ് വിദ്യാഭ്യാസം. വ്യക്തിതലം തൊട്ട് വിശ്വമാനവിക സങ്കല്‍പം വരെ നീണ്ടുകിടക്കുന്ന വിശാല മാനമുണ്ടതിന്. ആത്മസംസ്‌കരണത്തിന്റെ അടിത്തറയില്‍ തുടങ്ങി സാമൂഹികമായ കൊടുക്കല്‍-വാങ്ങലിലൂടെ ആരോഗ്യകരമായ ഒരു സമൂഹം അതുണ്ടാക്കുന്നു. രാഷ്ട്രപുനര്‍നിര്‍മാണ പ്രക്രിയയില്‍ അത് അതുല്യ സംഭാവനകള്‍ നല്‍കുന്നു. ഏറ്റവും നല്ല മാര്‍ഗമുപയോഗിച്ച് ഏറ്റവും നല്ല ലക്ഷ്യത്തില്‍ എത്തിച്ചേരുന്നതിനാണ് ബുദ്ധി എന്ന് പറയുന്നത്. ബൗദ്ധികമായ ചിന്തയിലും ഉറ്റാലോചനയിലും തന്റെയും അപരന്റെയും ലോകത്തിന്റെയും സുഗമമായ വളര്‍ച്ചയ്ക്ക് വിദ്യാഭ്യാസം ഉപയോഗപ്പെടണം. ഈ ഒരു കാഴ്ചപ്പാടിന്റെ പരിച്ഛേദമാണ് ക്ലാസ്‌റൂമുകള്‍. ഓണ്‍ലൈന്‍ ക്ലാസ്‌റൂമുകള്‍ പരിമിതപ്പെട്ടുപോകുന്നത് ഇവിടെയാണ്. സര്‍വതോന്മുഖമായ വികാസം സാധ്യമാകുന്ന ജീവനുള്ള ക്ലാസ്‌റൂ മുകള്‍ ഇനിയും നിലനില്‍ക്കട്ടെ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x