14 Monday
April 2025
2025 April 14
1446 Chawwâl 15

നൂഹ് നബി പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടത് മുഹമ്മദ് നബി കാരണമോ?

അബ്ദുല്‍കലാം ഒറ്റത്താണി


ഇസ്ലാം ഒരു സാര്‍വദേശീയ മതമാണ്. അത് ഏതെങ്കിലും ഒരു ആചാര്യനോ മഹര്‍ഷിയോ പ്രവാചകനോ ഉണ്ടാക്കിയതല്ല. മനുഷ്യ സമൂഹത്തിന്റെ ആത്മശാന്തിക്കും ജീവിത സമാധാനത്തിനും വേണ്ടി സ്രഷ്ടാവ് തന്നെ അവതരിപ്പിച്ച ഒരു തത്വസംഹിതയാണത്. എന്നാല്‍, മുസ്‌ലിംകള്‍ക്കിടയില്‍ ആദര്‍ശപരമായ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഈ വ്യത്യാസങ്ങള്‍ മനുഷ്യര്‍ തന്നെ ഉണ്ടാക്കിയതാണ്. യഥാര്‍ഥ വിശ്വാസവും ആദര്‍ശവും നിലനിര്‍ത്തി പോരുന്നവരാണ് അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്ത്. പ്രമാണങ്ങളില്‍ പറയുന്നത് മാത്രമേ ഇസ്ലാമിലെ വിശ്വാസങ്ങളും അനുഷ്ഠാന കര്‍മ്മങ്ങളുമായി പരിഗണിക്കപ്പെടുകയുള്ളൂ. പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ മതകാര്യങ്ങള്‍ സംസാരിക്കാന്‍ പണ്ഡിതന്മാര്‍ക്കും അവകാശമുള്ളൂ. സ്വതാല്പര്യത്തിനും മറ്റുള്ളവരില്‍ സ്വാധീനം ചെലുത്താനും വേണ്ടി മത കാര്യങ്ങളെ വളച്ചൊടിക്കാന്‍ പാടില്ല. അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആദര്‍ശമായ വിശുദ്ധ ഖുര്‍ആനിനും തിരുസുന്നത്തിനും വിരുദ്ധമായ ആശയങ്ങളും ആദര്‍ശങ്ങളും ഇന്ന് സമൂഹത്തില്‍ അലയടിച്ചുകൊണ്ടിരിക്കുന്നുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ ജനങ്ങള്‍ക്ക് മുന്നില്‍ ശരിയായ രീതിയില്‍ പഠിപ്പിക്കേണ്ടവര്‍ തന്നെ ഖുര്‍ആനിനെ വളച്ചൊടിക്കുകയും ആയത്തുകള്‍ക്ക് അല്ലാഹുവും റസൂലും പഠിപ്പിക്കാത്ത മാനങ്ങള്‍ നല്‍കുകയും ചെയ്തുവരുന്നു. ചരിത്രങ്ങള്‍ പോലും വളച്ചൊടിച്ച് ജനങ്ങള്‍ക്കു മുമ്പില്‍ പുതിയ ആദര്‍ശങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാക്കിയിരിക്കുന്നു. അടുത്തിടെയായി റഹ്മത്തുല്ല ഖാസിമി മൂത്തേടം പ്രസംഗത്തിലുടനീളം പുതിയ ചില വാദങ്ങളുമായി രംഗത്തുവരുന്നതായി കാണുന്നുണ്ട്.
മുഹമ്മദ് നബി(സ) ഉണ്ടായതുകൊണ്ടാണ് ഇബ്‌റാഹീം നബി ഉണ്ടായത്, മുഹമ്മദ് നബി(സ) കാരണമാണ് ഇബ്‌റാഹീം തീകുണ്ഡാരത്തില്‍ നിന്ന് രക്ഷപ്പെട്ടത്. നൂഹ് നബി ഉണ്ടായത് മുഹമ്മദ് നബി കാരണമാണ്, നൂഹ് നബി കപ്പല്‍ ഉണ്ടാക്കിയത് മുഹമ്മദ് നബി കാരണമാണ്, നൂഹ് നബി രക്ഷപ്പെട്ടത് മുഹമ്മദ് നബി കാരണമാണ്… ഇതുപോലെ നീണ്ടുപോകുന്നു അദ്ദേഹത്തിന്റെ വാദഗതികള്‍. ഇത്തരത്തില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കെട്ടി ചമയ്ക്കാന്‍ വിശുദ്ധ ഖുര്‍ആനിലെ വചനങ്ങളെ ഇക്കൂട്ടര്‍ വളച്ചൊടിക്കുന്നു.
പ്രയാസങ്ങളും പ്രതിസന്ധികളും നേരിടേണ്ടിവന്ന ഓരോ ഘട്ടത്തിലും എല്ലാ പ്രവാചകന്മാരും വിളിച്ചു പ്രാര്‍ഥിച്ചത് ലോകരക്ഷിതാവായ അല്ലാഹുവിനെയാണ്. അവസാനത്തെ പ്രവാചകന്‍ മുഹമ്മദ് നബി(സ)യും പ്രാര്‍ഥിച്ചത് അല്ലാഹുവിനോടു തന്നെ. അവരെല്ലാം സഹായം തേടിയതും അല്ലാഹുവിനോടു തന്നെ. അവര്‍ക്കുള്ള പരിഹാരങ്ങളും പ്രതിവിധികളും നല്‍കിയത് അല്ലാഹുവാണ്. അല്ലാതെ മുഹമ്മദ് നബി ആയിരുന്നില്ല.
950 വര്‍ഷം പ്രബോധനം നടത്തിയ നൂഹ് നബി(അ)യെ തന്റെ ജനം ഭ്രാന്തനെന്ന് മുദ്രകുത്തി. ഒരുപാട് സഹനങ്ങള്‍ക്ക് ശേഷം, അദ്ദേഹം അവരില്‍ നിന്ന് യാതൊരു നന്മയും പ്രതീക്ഷിക്കാനില്ലെന്ന് മനസ്സിലാക്കി. അദ്ദേഹം അല്ലാഹുവിന്റെ രക്ഷക്കുവേണ്ടി പ്രാര്‍ഥിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: എന്റെ റബ്ബേ! ഇവര്‍ എന്നെ വ്യാജമാക്കിയിരിക്കുന്നത് കൊണ്ട് നീ എന്നെ സഹായിക്കേണമേ! (23:26). നൂഹ് നബിയുടെ പ്രശ്‌നത്തിന് പരിഹാരം കല്‍പിച്ച ശേഷം അല്ലാഹു അതിനു തുടര്‍ച്ചയെന്നോണം അതേ അധ്യായത്തില്‍ പറയുന്നു: നീയും നിന്റെ കൂടെയുള്ളവരും കപ്പലില്‍ കയറി ശരിപ്പെട്ടാല്‍, നീ പറയുക: അക്രമകാരികളായ ജനങ്ങളില്‍നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തിയ അല്ലാഹുവിന്ന് സര്‍വ സ്തുതിയും. (23:28)
ഈ രണ്ട് ആയത്തുകളില്‍ നിന്ന് നൂഹ് നബി പ്രാര്‍ഥിച്ചത് അല്ലാഹുവിനോടാണെന്ന് വ്യക്തമായി മനസ്സിലാക്കാം. തുടര്‍ന്ന് അല്ലാഹു പറയുന്നത് തന്നെ രക്ഷിച്ച അല്ലാഹുവിനോട് സ്തുതി പറയാനാണ്. ഇവിടെ മുഹമ്മദ് നബി (സ) കാരണമാണ് നൂഹ്‌നബി(അ) രക്ഷപ്പെട്ടിരുന്നത് എങ്കില്‍ മുഹമ്മദ് നബിക്ക് സ്തുതി പറയാന്‍ അല്ലാഹു കല്‍പ്പിക്കുമായിരുന്നു.
ഇബ്‌റാഹീമിന്റെ(അ) ചരിത്രം പരിശോധിച്ചാല്‍ അദ്ദേഹത്തെ തീയില്‍ എറിയപ്പെട്ട അവസരത്തില്‍ ‘എനിക്കല്ലാഹു മതി; ഭരമേല്‍പിക്കപ്പെടാന്‍ അവന്‍ എത്ര വിശിഷ്ഠന്‍!’ എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നതെന്നു കാണാം. ജിബ്രീല്‍(അ) വന്ന് ‘വല്ല ആവശ്യവും പറയാനുണ്ടോ’ എന്നന്വേഷിച്ചു. ‘താങ്കളോടൊന്നും പറയുവാനില്ല’ എന്നായിരുന്നു ഇബ്‌റാഹീം നബിയുടെ ഉത്തരം. മലക്ക് വീണ്ടും ഉണര്‍ത്തി: ‘എന്നാല്‍ താങ്കളുടെ റബ്ബിനോടു ചോദിക്കുക!’ അവിടുന്നു പ്രതിവചിച്ചു: ‘എന്റെ അവസ്ഥയെക്കുറിച്ച് അവന്‍ അറിയുന്നതുകൊണ്ട് ഞാന്‍ ചോദിക്കേണ്ട ആവശ്യമില്ല’. ആളിക്കത്തി കൊണ്ടിരിക്കുന്ന ആ തീകുണ്ഡാരത്തില്‍ അദ്ദേഹം വെന്തു കരിഞ്ഞില്ല! മരണപ്പെട്ടു പോയതുമില്ല! തീയിനു ചൂടു നിശ്ചയിച്ച അതേ സ്രഷ്ടാവ് തീയിനോടു തണുത്തുകൊള്ളാന്‍ ഉത്തരവിട്ടു!
ഖുര്‍ആന്‍ പറയുന്നു: ”നാം (അല്ലാഹു) പറഞ്ഞു: തീയേ! നീ ശീതളവും ഇബ്‌റാഹീമിനു രക്ഷയും ആയിത്തീരുക എന്ന്.” (21:69)
ഇവിടെ ഇബ്‌റാഹീം നബി പ്രാര്‍ഥിച്ചത് അല്ലാഹുവോടാണ്. ആ തീകുണ്ഡം അദ്ദേഹത്തിന് ഉല്ലാസഭവനമായി മാറ്റിക്കൊടുത്തത് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവായ അല്ലാഹുവാണ്. മുഹമ്മദ് നബി തന്റെ മുമ്പിലുള്ള സ്വഹാബിമാര്‍ക്ക് അല്ലാഹുവിന്റെ വചനങ്ങള്‍ പഠിപ്പിച്ചു കൊടുക്കുമ്പോഴും അവരത് പഠിക്കുമ്പോഴും ഞാനാണ് ഇബ്‌റാഹീം നബി ഉണ്ടാവാന്‍ കാരണം എന്നോ, തീകുണ്ഠത്തില്‍ നിന്ന് ഇബ്‌റാഹീമിനെ രക്ഷപ്പെടുത്തിയതിന് കാരണം ഞാന്‍ ആണെന്നോ മൂസാ(അ) രക്ഷപ്പെട്ടത് ഞാന്‍ കാരണമാണെന്നോ അവകാശപ്പെട്ടിട്ടില്ല. അതിനെല്ലാം കാരണം, നൂഹിനെയും മൂസായെയും ഇബ്‌റാഹീമിനെയും മുഹമ്മദിനെയും സര്‍വ മനുഷ്യരേയും സൃഷ്ടിച്ച അല്ലാഹുവാണ്.
നബി(സ)യുടെ പേരില്‍ ഇല്ലാത്ത കാര്യം കെട്ടിച്ചമച്ച് പറയുന്നവനെ നബി ശക്തമായി താക്കീത് ചെയ്തിട്ടുണ്ട്. നബി(സ) പറയുന്നു: ”ആരെങ്കിലും എന്നെക്കുറിച്ച് ബോധപൂര്‍വം കള്ളം പറഞ്ഞാല്‍, അവന്‍ അവന്റെ ഇരിപ്പിടം നരകത്തില്‍ ഉറപ്പിച്ചു കൊള്ളട്ടെ.” അല്ലാഹുവും അവന്റെ റസൂലും(സ) കാണിച്ചു തരാത്ത വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും മതത്തിന്റെ പേരില്‍ പ്രചരിപ്പിക്കുന്നത് ദുഷിച്ച കാര്യം തന്നെയാണ്. അല്ലാഹുവിന്റെ പേരില്‍ എന്തെങ്കിലും കള്ളം മുഹമ്മദ് നബി(സ) കെട്ടിയുണ്ടാക്കിയിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവനാഡി നാം മുറിച്ചു കളയുമായിരുന്നു എന്ന് ഖുര്‍ആന്‍ സൂറത്തുല്‍ ഹാകയില്‍ പറയുന്നുണ്ട്.
ഈ പ്രപഞ്ചം അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്. അവന്റെ കല്പനയനുസരിച്ചാണ് മനുഷ്യന്‍ ജനിക്കുന്നതും മരിക്കുന്നതും. അവന്റെ വിധികള്‍ക്കനുസരിച്ചാണ് ഒരുവന്‍ രക്ഷപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും. അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണ്. അവനു മാത്രമേ അദൃശ്യ കാര്യങ്ങള്‍ അറിയുകയുള്ളൂ എന്നത് നമ്മുടെ ഓര്‍മയില്‍ എപ്പോഴും ഉണ്ടാകേണ്ട ഒന്നാണ്. ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്ന് നെല്ലും പതിരും തിരിച്ചറിഞ്ഞ് ജീവിക്കാനുള്ള ശ്രമം നമ്മില്‍ നിന്നുണ്ടാവേണ്ടതുണ്ട്.
ലേഖനാവിഷ്‌കാരം:
സാജിദ് റഹ്മാന്‍

Back to Top