16 Tuesday
April 2024
2024 April 16
1445 Chawwâl 7

നിങ്ങള്‍ ഏത് ഹിന്ദുവാണ്?

സുഫ്‌യാന്‍


ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണ് എന്ന വാദം ആര്‍ എസ് എസ് നേതാക്കള്‍ പല സന്ദര്‍ഭങ്ങളിലും പറയാറുണ്ട്. ഇപ്പോള്‍, ഒരു പടി കൂടി കടന്ന് ഇന്ത്യയിലെ അഹിന്ദുക്കളായ മുസ്‌ലിം, ക്രിസ്ത്യന്‍ പോലെയുള്ള വിഭാഗങ്ങളെ ഇനി മുതല്‍ ആ പേരില്‍ അഭിസംബോധന ചെയ്യില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത്. മറിച്ച്, ഹിന്ദുക്കളെ നാല് വിഭാഗമായി തിരിച്ചിട്ടുണ്ട്. അഭിമാനിയായ ഹിന്ദു, സന്ദേഹിയായ ഹിന്ദു, സൗഹൃദമില്ലാത്ത ഹിന്ദു, അജ്ഞനായ ഹിന്ദു എന്നിങ്ങനെയാണത്. ഹിന്ദുമതവും ഹിന്ദുത്വവും രണ്ടാണ്. ഈ വിഭജന യുക്തി ഹിന്ദുത്വയുടേതാണ്. അത് മുന്നോട്ട് വെക്കുന്ന സാംസ്‌കാരിക ദേശീയത അഥവാ കള്‍ച്ചറല്‍ നാഷണലിസം എന്ന ആശയത്തിന്റെ പ്രതിഫലനമാണിത്.
കള്‍ച്ചറല്‍ നാഷണലിസം
ഭൂരിപക്ഷ സംസ്‌കാരത്തെ ദേശീയതയായി കാണുന്ന യൂറോ മാതൃകയാണ് കള്‍ച്ചറല്‍ നാഷണലിസം. ഒരു രാജ്യത്ത് വിവിധ മതങ്ങളുണ്ടാകാം, എന്നാല്‍ ഒരു രാജ്യത്തിന് ഒരു സംസ്‌കാരം മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്നാണ് ഹിന്ദുത്വ രാഷ്ട്രീയം പറയുന്നത്. യൂറോ മാതൃകയിലുള്ള ഏകശിലാ സംസ്‌കാരത്തില്‍ അധിഷ്ഠിതമായ ദേശീയതയാണ് രണ്ടാം ലോക യുദ്ധത്തിന് വഴിതെളിയിച്ച നാസിസത്തിന്റെ ഉത്ഭവത്തിന് കാരണം. ഒരേ സാംസ്‌കാരിക ബോധം പുലര്‍ത്തുന്നവര്‍ തമ്മില്‍ സംഘബോധം ഉണ്ടാവുകയും മറ്റുള്ളവരെ അപരരായി കാണുകയും ചെയ്യുന്നു എന്നതാണ് ഇത്തരം ദേശീയതകളുടെ പരാജയം.
സംസ്‌കാരം എന്നത് നിരവധി സാമൂഹികവശങ്ങള്‍ ഉള്‍പ്പെടുന്നതാണ്. മതം, ആചാരങ്ങള്‍, വിശ്വാസങ്ങള്‍, മൂല്യങ്ങള്‍, തൊഴില്‍, സാങ്കേതികവിദ്യ, ഉത്പാദന രീതികള്‍, ഭക്ഷണ രീതികള്‍, സാമൂഹിക സ്ഥാപനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് സംസ്‌കാരം. ഒരു സംസ്‌കാരത്തെ രൂപപ്പെടുത്തുന്നതില്‍ അതത് മനുഷ്യരുടെ വിശ്വാസങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. അതായത് ഒരു സംസ്‌കാരവും നിരപേക്ഷമായോ സ്വതന്ത്രമായോ ഉണ്ടാകുന്നതല്ല.
പൊളിറ്റിക്കല്‍ നാഷണലിസം വഴി ഒരു രാജ്യത്ത് അധികാരം സ്ഥാപിക്കുന്നതിനാണ് ശ്രമിക്കുന്നതെങ്കില്‍, സാംസ്‌കാരിക ദേശീയത ആ രാജ്യത്തിന്റെ സംസ്‌കാരത്തില്‍ ഊന്നിയാണ് മുന്നോട്ട് പോവുന്നത്. ആധുനികതയുമായി ഏറ്റുമുട്ടുന്ന സന്ദര്‍ഭത്തിലും ഒരു ദേശീയ പ്രസ്ഥാനത്തിന്റെ പ്രാരംഭ ഘട്ടത്തിലുമാണ് സാംസ്‌കാരിക ദേശീയതാവാദങ്ങള്‍ ഉണ്ടാവുക എന്ന് എറിക് ടെയ്‌ലര്‍ നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സാംസ്‌കാരിക ദേശീയത എന്ന വാദം സ്വതന്ത്രഇന്ത്യ എന്ന ആശയത്തിന്റെ അടിസ്ഥാനപരമായ സിദ്ധാന്തങ്ങളെ നിരാകരിക്കുന്നതാണ്. ഇന്ത്യയുടെ ദേശീയത എന്നത് സിവിക് നാഷണലിസം ആണ്. അത് ബഹുസ്വരവും ഭരണഘടനാധിഷ്ഠിതവുമാണ്. മതവിരുദ്ധമാണ് എന്നതുകൊണ്ട്, യൂറോ മാതൃകയിലുള്ള സെക്യുലറിസത്തെ സംഘപരിവാര ശക്തികളും നിരാകരിക്കുന്നുണ്ട്. എന്നാല്‍ അതേസമയം, അവരുടെ സാംസ്‌കാരിക ദേശീയതാ ബോധം ഏറ്റെടുക്കുന്നു എന്നത് വിരോധാഭാസമാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x