3 Sunday
December 2023
2023 December 3
1445 Joumada I 20

നന്മയുടെ പ്രചാരകരാവുക

സി എ സഈദ് ഫാറൂഖി


മുജാഹിദ് സംസ്ഥാന സമ്മേളനം ആഗതമാവുകയാണല്ലോ. നാം കൂടുതല്‍ ജാഗ്രതയോടെ മുന്നേറേണ്ട സമയമാണിത്. പ്രോഗ്രസീവായി ചിന്തിക്കുകയും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെ പറ്റി പ്രതീക്ഷയോടെ സംസാരിക്കുകയും പ്രാവര്‍ത്തികമാക്കുകയും വേണം. അസ്വാലത്തും ഹദാസത്തും കൂട്ടിച്ചേര്‍ത്ത് കര്‍മപദ്ധതികള്‍ ക്രമീകരിക്കണം. അസ്വാലത്ത് എന്നാല്‍ പഴമയാണ്. അതാണ് നമ്മുടെ അടിസ്ഥാനം അഥവാ അസ്വ്‌ല്. അത് ഒരിക്കലും കൈവിടരുത്. ഹദാസത്ത് എന്നാല്‍ പുതുമയാണ്. ഇത് ഉപയോഗപ്പെടുത്തുകയും വേണം. ഏറ്റവും പുതിയ ടെക്‌നോളജിയെ പറ്റി വരെ നമുക്ക് ധാരണയുണ്ടാകണം. അനുനിമിഷം അപ്‌ഡേറ്റായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നാമുള്ളത്. അങ്ങനെ പഴമയുടെ അടിസ്ഥാനതത്വങ്ങളും പുതുമയുടെ നല്ല പ്രവണതകളെയും നാം സ്വാംശീകരിക്കണം.
നമ്മുടെ സംഘടനക്ക് അഞ്ചു വിഭാഗങ്ങളുണ്ട്. ഒന്ന്: ഓരോ പ്രദേശത്തെയും സാധാരണ പ്രവര്‍ത്തകര്‍. രണ്ട്: പൊതു ഇടങ്ങളിലെ സാധാരണ പ്രബോധകര്‍ അഥവാ പ്രസംഗര്‍. മൂന്ന്: നല്ല പാണ്ഡിത്യമുള്ള ബിരുദധാരികളായ കാഴ്ചപ്പാടുള്ള പണ്ഡിതന്മാര്‍, അധ്യാപകന്മാര്‍, ചിന്തകന്മാര്‍, ഗവേഷകര്‍, പരിഷ്‌കര്‍ത്താക്കള്‍, എഴുത്തുകാര്‍, നിരൂപകര്‍. നാല്: സമൂഹത്തിലെ സമ്പന്നരും രാഷ്ട്രീയ സാമുദായിക, മേഖലയിലെ നേതാക്കന്മാരും, കല്‍പനാധികാരമുള്ള ആദരണീയരായ വൃക്തികളും. അഞ്ച്: സ്ത്രീകളും കുട്ടികളും യുവതികളും യുവാക്കളും വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും.
ഈ അഞ്ചു ഘടകങ്ങളും പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കണം. നല്ല ഫലമുണ്ടാകും. ഇവരെല്ലാവരും ഉള്‍പ്പെട്ടതാണ് പൊതുസമൂഹം. വേദിയിലും സഭയിലും ഒരേ വിഭാഗം മാത്രമാകുന്നത് തീരെ അഭികാമ്യമല്ല. എല്ലാവരെയും ചേര്‍ത്തുപിടിക്കണം. നാം ഒരു പൊതു പ്രബോധക സംഘമാണ്, സമൂഹമാണ്.
ഗുണകരമായ മാനസികമാറ്റത്തിനു നാം സ്വയം തയ്യാറെടുക്കുക, ഉന്നതമായ ആത്മീയബോധം നേടുക, അറിവും ആശയങ്ങളും കൊണ്ട് മനസ്സിനെ വികസിപ്പിക്കുക, വിശ്വാസത്തിലൂന്നി നിന്ന് വിശുദ്ധി, ഹൃദയ സുരക്ഷിതത്വം, ആദര്‍ശ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യം എന്നിവ പ്രകടിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. വ്യത്യസ്ത രംഗങ്ങളിലെ പരിഷ്‌കരണത്തിനും നവോത്ഥാനത്തിനും സാമൂഹിക മാറ്റത്തിനുമായി കൂടുതല്‍ ഉചിതവും മികച്ചതുമായ കാര്യങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുക. പരോപകാരം, ആത്മാര്‍ത്ഥത, മനോവിചാരം, ഉദ്ദേശ്യശുദ്ധി, സര്‍ഗാത്മകത, ആത്മനവീകരണം, അനുഭവങ്ങളില്‍ നിന്നുള്ള പാഠമുള്‍ക്കൊള്ളലും അതിന്റെ കൈമാറ്റവും, അല്ലാഹു ഇഷ്ടപ്പെടുന്നതും പ്രവാചകന്‍ കാണിച്ചുതന്നതും സച്ചരിതര്‍ പിന്തുടര്‍ന്നതുമായ പാത പിന്തുടരല്‍, പ്രയത്‌നം, രഹസ്യമായും പരസ്യമായുമുള്ള ദൈവഭയം, ഭക്തിയിലും നീതിയിലുമുള്ള സഹകരണം, പാപത്തിലും അക്രമത്തിലുമുള്ള നിസ്സഹകരണം, ആത്മാര്‍ത്ഥമായ പശ്ചാത്താപബോധം, പാപമോചന ചിന്ത എന്നിവയുടെ തുടര്‍ച്ച ഉറപ്പാക്കുക.
സമൂഹത്തിലെ എല്ലാ ആളുകളെയും കുറിച്ച് നല്ലതു ചിന്തിക്കുക, എല്ലാവരോടും സഹാനുഭൂതിയോടെ വര്‍ത്തിക്കുക. മുസ്‌ലിംകളോടുള്ള സാഹോദര്യവും കാരുണ്യവും വാത്സല്യവും പ്രകടമാക്കുക. അഹങ്കാരം, ധിക്കാരം, കാപട്യം, അസഹിഷ്ണുത, അനീതി, തെറ്റുകള്‍, കുറ്റങ്ങള്‍, നുണകള്‍, വെറുക്കപ്പെട്ട കാരൃങ്ങള്‍, പരദൂഷണം, ഗോസിപ്പ്, രാജ്യദ്രോഹം, അസത്യം, അപവാദം, വിദ്വേഷം, കാപട്യം, വിഭജനം, എന്നിവയില്‍ നിന്നു അകലം പാലിക്കുക. അനാഥര്‍, വിധവകള്‍, ദരിദ്രര്‍, രോഗികള്‍, പ്രായം ചെന്നവര്‍, അശരണര്‍, മറ്റു പലവിധ ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ എന്നിവരോടുള്ള അനുകമ്പയും കരുണയും കാത്തുസൂക്ഷിക്കുക.
ഖുര്‍ആനിലും നബിചര്യയിലും നല്ല അവബോധം നേടുക. എല്ലാവരുടേയും മനസ്സില്‍ സന്തോഷവും സമാധാനവും ജനിപ്പിക്കുക, ലോകത്തിന് വെളിച്ചവും മാര്‍ഗദര്‍ശനവും കാരുണ്യവും പകരുക. ആത്മാവിന്റെ ദോഷങ്ങളും രോഗങ്ങളും അറിഞ്ഞ് അവയെ ശുദ്ധീകരിക്കുക. ഇതിനായി ഉപവാസം, സ്മരണ, പ്രാര്‍ത്ഥന, ഉപദേശം ശ്രവിക്കല്‍, നല്ല ആളുകളുമായുള്ള സഹവര്‍ത്തിത്വം, പാപവും തിന്മയും സ്ഥിതിചെയ്യുന്ന സ്ഥാനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വേര്‍പിരിയുക. നല്ലതിനായി നല്ല രീതിയില്‍ വാദിക്കുക, സത്യത്തോട് കൂടി പ്രവര്‍ത്തിക്കുക, പരസ്പരം ക്ഷമ കാണിക്കുക, ഉപദേശം ചെവിക്കൊള്ളുക, നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക, മനോഹരമായി ക്ഷമിക്കുക.
രാഷ്ട്രത്തെ കെട്ടിപ്പടുക്കുന്നതിനും ഒന്നിപ്പിക്കുന്നതിനും സേവിക്കുന്നതിനും രാജ്യത്തുള്ള സര്‍വരോടും ഗുണകാംക്ഷയും കരുണയും സഹാനുഭൂതിയും പ്രകടിപ്പിക്കുക. ദൈവപ്രീതിക്കായി ഭക്ഷണം കൊടുക്കല്‍, മറ്റുള്ളവരെ ആദരിക്കല്‍, ദാനധര്‍മം, ജീവകാരുണൃം എന്നിവ നിര്‍വഹിക്കുക. മരണം വരെ നീതിയും നേരുമുള്ള കര്‍മങ്ങളില്‍ തുടരുക. ക്ഷമയോടും സഹകരണത്തോടും കൂടി സത്യസന്ധമായ ആദര്‍ശ പ്രചാരണത്തിന് വേണ്ടി പരസ്പരം ഒന്നിച്ചും ഇഷ്ടപ്പെട്ടും പ്രവര്‍ത്തിക്കുക.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x