നമ്മുടെ ഉയര്‍ച്ചയ്ക്ക് തടസ്സമെന്ത്?
അബ്ദുല്‍ജബ്ബാര്‍ ഒളവണ്ണ
യൂസുഫ് നബി(അ)യുടെ കഥ ഖുര്‍ആന്‍ സവിസ്തരം പറഞ്ഞിട്ടുണ്ട്. ബാപ്പയുടെ സ്‌നേഹം യൂസുഫിനോട് മാത്രമാണെന്ന് ധരിച്ച സഹോദരന്മാര്‍ അദ്ദേഹത്തെ അകറ്റാന്‍ ശ്രമിക്കുന്നു. കൊല്ലണമെന്ന് ചിലര്‍, വേണ്ട കിണറിലിട്ടാല്‍ ഏതെങ്കിലും യാത്രക്കാര്‍ അവനെ എടുത്തു കൊണ്ടുപോയി വളര്‍ത്തിക്കൊള്ളുമെന്നും അങ്ങനെ അവന്റെ ശല്യം ഒഴിവാക്കാമെന്നും മറ്റൊരുത്തന്‍. ഈ കഥയെന്തിനാണ് ഖുര്‍ആന്‍ നമ്മോട് പറഞ്ഞത്?
ഖുര്‍ആനില്‍ ഇത് കൂടാതെ വേറെയും കഥകളുണ്ട്. മറ്റു സാഹിത്യ രൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായി കഥ ഒരാളുടെ മനസ്സില്‍ നിന്ന് നേരെ മറ്റൊരാളുടെ മനസ്സിലേക്ക് കടക്കുന്നു. പഞ്ചതന്ത്രം കഥയെഴുതിയ വിഷ്ണു ശര്‍മന്‍ ആ കഥയെഴുതാനുണ്ടായ സാഹചര്യം നോക്കുക. അമരശക്തി രാജാവിന്റെ രണ്ട് മക്കളെ വിദ്യാസമ്പന്നനാക്കാന്‍ രാജാവ് വിഷ്ണു ശര്‍മനെ വിളിച്ചു വരുത്തുകയായിരുന്നു. മക്കളെ പഠിപ്പിച്ചാല്‍ വേണ്ടത്ര സ്വത്തും ഭൂമിയും നല്‍കാമെന്നു പറഞ്ഞ രാജാവിനോട് വിഷ്ണു ശര്‍മന്‍ പറഞ്ഞതിങ്ങനെ: ‘ഭൂമിക്കും സ്വത്തിനും വേണ്ടി അറിവ് വിറ്റു നടക്കുന്ന ഒരു വഴിവാണിഭക്കാരനല്ല ഞാന്‍’. വിഷ്ണു ശര്‍മന്‍ കഥയിലൂടെ അറിവിന്നപ്പുറം രാജകുമാരന്മാര്‍ക്ക് തിരിച്ചറിവുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് പഞ്ചതന്ത്രം വായിക്കുന്നവര്‍ക്ക് മനസ്സിലാകും. ഖുര്‍ആനിലെ കഥകളും നമുക്ക് തിരിച്ചറിവ് നല്‍കുന്നതിന് ഉതകേണ്ടതുണ്ട്.
യൂസുഫ് നബി(അ)യുടെ സഹോദരന്മാര്‍ക്ക് ബാപ്പയുടെ സ്‌നേഹം കൂടുതല്‍ കിട്ടാന്‍ യൂസുഫിനെ നശിപ്പിക്കണമെന്നാണ് അവര്‍ വിചാരിച്ചത്. വെട്ടിക്കൊന്നോ കിണറിലിട്ടോ, അപവാദങ്ങള്‍ പ്രചരിപ്പിച്ചോ ഒരാളെ തരംതാഴ്ത്താന്‍ കഴിയില്ലെന്നു മാത്രമല്ല, അയാളെപ്പറ്റി താല്ക്കാലിക തെറ്റിദ്ധാരണയുണ്ടാക്കാനേ കഴിയൂ. യൂസുഫി(അ)നെക്കുറിച്ച് അപവാദം പഞ്ഞ സുലൈഖക്ക് പറഞ്ഞത് തെറ്റെന്ന് സമ്മതിക്കേണ്ടി വരുന്നു. യൂസുഫ് നബി(അ)യെ കിണറിലെറിഞ്ഞ സഹോദരന്മാരാകട്ടെ, അദ്ദേഹത്തിന്റെ ഔദാര്യത്തില്‍ മാത്രമേ പട്ടിണി മാറ്റാന്‍ കഴിയൂ എന്ന അവസ്ഥയിലും എത്തുന്നു.
ആധുനിക സമൂഹത്തിലും പലരും കരുതുന്നത് മറ്റുള്ളവരാണ് തന്റെ ഉയര്‍ച്ചയ്ക്ക് തടസ്സമെന്നാണ്. മറ്റുള്ളവര്‍ കരുത്തന്മാരായാല്‍ താന്‍ തളര്‍ന്നു പോകുമെന്നും അതുകൊണ്ട് അവരെ നശിപ്പിക്കണമെന്നുമുള്ള തത്വശാസ്ത്രമല്ലേ കേരളത്തിലെ പല രാഷ്ട്രീയ കൊലപാതകങ്ങളുടെയും പിന്നിലുള്ളത്. തന്നെ മറ്റുള്ളവര്‍ വെറുക്കുന്നുവെങ്കില്‍ അതിന് കാരണം താന്‍ തന്നെയാണോ എന്ന പരിശോധനയ്ക്ക് തയ്യാറാകുന്നില്ല എന്ന് മാത്രമല്ല, മറ്റുള്ളവരെ അപേക്ഷിച്ച് താന്‍ കൂടുതല്‍ ശുദ്ധനാണെന്ന തത്വശാസ്ത്രവും ഇവര്‍ എഴുന്നള്ളിക്കുന്നു. ഒരു സ്ഥാപന മേധാവി ഈ വിശ്വാസമുള്ള തന്റെ ജോലിക്കാരെ കാര്യം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതെങ്ങനെയെന്ന് നോക്കാം.
സ്ഥാപനത്തിന്റെ ബോര്‍ഡില്‍ രാവിലെ ഒരു നോട്ടീസ് പ്രത്യക്ഷപ്പെടുന്നു. ഈ സ്ഥാപനത്തിലെ നിങ്ങളുടെ ശത്രു മരണപ്പെട്ടിരിക്കുന്നു. കൃത്യം പതിനൊന്നു മണിക്ക് ഓഫീസിനടുത്തുള്ള മുറിയില്‍ മൃതശരീരം ദര്‍ശിക്കാവുന്നതാണ്. നോട്ടീസ് വായിച്ചവര്‍ക്ക് ഒരേസമയം സന്തോഷവും ആകാംക്ഷയുമുണ്ടായി. ശത്രു മരിച്ചതിലായിരുന്നു സന്തോഷം. ആകാംക്ഷയാകട്ടെ, ആരാണ് ഈ ശത്രു എന്ന് തിരിച്ചറിയാനായിരുന്നു. പതിനൊന്ന് മണിക്ക് മൃതശരീരം പുതപ്പിച്ചു വെള്ളത്തുണി നീക്കിയവര്‍ അത്ഭുതപ്പെട്ടു. സ്വന്തം മുഖമാണ് അവര്‍ക്കവിടെ കാണാന്‍ കഴിഞ്ഞത്. ഓരോരുത്തരും തന്റെ കഴിവുകള്‍ യഥാസമയം പൂര്‍ണമായും ഉപയോഗിക്കാതിരിക്കുന്നതാണ് അയാളുടെ ഉയര്‍ച്ചയുടെ തടസ്സമെന്ന് നാം മനസ്സിലാക്കുന്നില്ല. തന്റെ കഴിവിന്റെ പത്ത് ശതമാനം മാത്രമേ മഹാഭൂരിപക്ഷവും ഉപയോഗിക്കുന്നുള്ളൂ എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
കഴിവിന്റെ പകുതിയെങ്കിലും ഉപയോഗിക്കുന്നവര്‍ പ്രാദേശികമായി അറിയപ്പെടുന്നവരും ആദരിക്കപ്പെടുന്നവരുമായി മാറുന്നു. തൊണ്ണൂറു ശതമാനം കഴിവുപയോഗിക്കുന്നവരാകട്ടെ, രാജ്യത്തോ ചിലപ്പോള്‍ ലോകത്തു തന്നെയോ അറിയപ്പെടുന്നവരായി മാറുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. തന്റെ പുരോഗതിക്ക് തന്റെ കഴിവുകള്‍ എത്രമാത്രം ഉപയോഗപ്പെടുത്തി എന്ന് സ്വയം പരിശോധിക്കുമ്പോള്‍ മാത്രമാണ് തന്റെ തളര്‍ച്ചയ്ക്കും താഴ്ചയ്ക്കും കാരണം തന്റെ കഴിവുകള്‍ വേണ്ടപോലെ ഉപയോഗിക്കാത്തതാണ് എന്ന് മനസ്സിലാവുക. കായിക ബലം, അറിവ്, സംസാരിക്കാനുള്ള കഴിവ്, സമ്പത്ത്, ആജ്ഞാശക്തി തുടങ്ങി ഓരോ വ്യക്തിക്കും ചില കഴിവുകള്‍ മറ്റുള്ളവരേക്കാള്‍ കൂടുതലാണെന്ന് കണ്ടെത്താന്‍ കഴിയും. അല്ലാഹു കനിഞ്ഞു നല്‍കിയ ഈ കഴിവുകള്‍ സ്വയം തിരിച്ചറിയുകയും പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ ശ്രദ്ധയൂന്നുകയും ചെയ്യുക. നബി(സ) തിരുമേനിയുടെ സഖാക്കള്‍ ചെയ്തത് അതായിരുന്നു.
ഭരണ നിപുണതയുള്ള ഖലീഫമാര്‍ അബൂബക്കര്‍(റ), ഉമര്‍(റ) അടക്കം പ്രവാചകന്റെ ഉപദേശവും ഖുര്‍ആനിന്റെ കല്പനയും പിന്‍പറ്റിയവര്‍ ലോക പ്രശസ്തരായി. കറുത്ത മേനിയുള്ള അടിമയായിരുന്ന ബിലാല്‍(റ) ഇന്ന് ലോകത്ത് മുഴുവന്‍ അറിയപ്പെടുന്നു. നബിയുടെ ബാങ്കുവിളിക്കാരന്‍ ഓരോ പള്ളിയിലേയും ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ നമ്മുടെ ഹൃദയത്തിലേക്കോടിയെത്തുന്നു. അന്ധനായ ഉമ്മു മക്തൂം, വൈദ്യശാസ്ത്രം എന്നെന്നും ഏറെ ബഹുമാനിക്കുന്ന ഇബ്‌നുസീന(അവിസെന്ന), പ്രകാശത്തെക്കുറിച്ച് ഗഹനമായ പുസ്തകങ്ങള്‍ എഴുതിയ അല്‍ഹൈത്തം.
അല്‍ഹൈത്തമിന്റെ പുസ്തകത്തിന്റെ ആയിരാമാണ്ട് ഐക്യരാഷ്ട്ര സഭ ആഘോഷിച്ചപ്പോള്‍ ലോകത്തിലെ ശാസ്ത്ര കുതുകികള്‍ ഏറെ സന്തോഷത്തോടെ, മതവും ജാതിയും ദേശവും മറന്ന് അതില്‍ പങ്കുചേര്‍ന്നു.
പ്രതാപം അല്ലാഹുവിനും തിരുദൂതനും വിശ്വാസികള്‍ക്കുമാണ് എന്ന പ്രഖ്യാപനം അക്ഷരാര്‍ഥത്തില്‍ പുലരുകയായിരുന്നു. ഖുര്‍ആനിനെ ജീവിത ചര്യയാക്കി സമൂഹവും, വ്യക്തികളും മുന്നോട്ട് കുതിച്ചപ്പോള്‍ അതിനെ അവഗണിക്കുകയും പരിഗണിക്കാതിരിക്കുകയും ചെയ്തവര്‍ പിന്തള്ളപ്പെട്ടു എന്നതാണ് വസ്തുത. ഖുര്‍ആനിന്റെ അനുയായികളെന്ന് അറിയപ്പെടുന്നവരുടെ വിശ്വാസവും കര്‍മവും തമ്മിലുള്ള ബന്ധം അഥവാ വൈരുധ്യത്തിന് യാസീന്‍ എന്ന അധ്യായം തന്നെ തെളിവ്.
നിങ്ങളോട് യാതൊരു പ്രതിഫലവും ആവശ്യപ്പെടാത്തവരെ പിന്‍പറ്റുവീന്‍ എന്ന സൂക്തമടക്കം ഓതുകയും അതിന് പ്രതിഫലം ചോദിക്കുകയോ കാംക്ഷിക്കുകയോ ചെയ്യുമ്പോള്‍ ആശയവും ആദര്‍ശവും ആമാശയത്തിന്റെ ഇച്ഛയ്ക്ക് വഴിമാറുകയല്ലേ. അകക്കാമ്പില്ലാത്ത പതിരുകള്‍ ചെറിയ ഒരു കാറ്റില്‍ തന്നെ പറന്നു പോകും. എന്നാല്‍ വിശ്വാസത്തിന്റെ കരുത്തുള്ളവര്‍ക്ക് പ്രതിസന്ധിയും പ്രയാസങ്ങളും തരണം ചെയ്യാനും വിജയത്തിലേക്ക് കുതിക്കാനും കഴിയും.
നമ്മുടെ കര്‍മരംഗത്തെ വിയര്‍പ്പുതുള്ളികള്‍ മനുഷ്യനെ ഇഹത്തിലും പരത്തിലും ഉന്നതിയിലെത്തിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. ഫിര്‍ഔനും ഹിറ്റ്‌ലറും ഇനി ആ പാത പിന്‍പറ്റുന്ന പുതു തലമുറയും ഖുര്‍ആനിന്റെ അനുയായികളുടെ മായവും വിഷവും ചേരാത്ത വിശ്വാസത്തില്‍ തകര്‍ന്നു തരിപ്പണമായതും, ആകുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു.
ഖുര്‍ആനും നബിചര്യയും ഉയരത്തിലേക്ക് കുതിക്കുന്നതിനുള്ള ഊര്‍ജവും ഇന്ധനവുമായി മാറുമ്പോഴാണ് ഈ അത്ഭുതം സംഭവിക്കുന്നത്. വിയര്‍പ്പുതുള്ളികളോരോന്നും വിജയത്തിന്റെ പൊന്‍മുത്തുകളാണ്. വിശ്രമമല്ല അധ്വാനവും പരിശ്രമവുമാണ് ജീവിത വിജയത്തിന്റെ മന്ത്രങ്ങള്‍.