3 Friday
February 2023
2023 February 3
1444 Rajab 12

മൈത്രി സംഗമത്തിന്റെ സന്ദേശം


കാത്തുവെക്കാം സൗഹൃദ കേരളം എന്ന പ്രമേയത്തില്‍ നടന്ന കേരള മൈത്രി സമ്മേളനം ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ സാമൂഹികാന്തരീക്ഷം നിരന്തരമായ ആരോപണ പ്രത്യാരോപണങ്ങളുടേതാണ്. മുസ്ലിം ന്യൂനപക്ഷത്തെ നിഗൂഢവത്കരിക്കുകയും അവര്‍ക്കെതിരെ അര്‍ധസത്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം വ്യാപകമായിട്ടുണ്ട്.
ഒരു ഭാഗത്ത്, അവരുടെ വിശ്വാസപരമായ സാങ്കേതിക ശബ്ദങ്ങളെയും വാക്കുകളെയും തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. ജിഹാദ്, ഹലാല്‍, വഖഫ്, ഹറാം, കാഫിര്‍ തുടങ്ങിയ പദങ്ങള്‍ ഇന്ന് കൈരളിക്ക് സുപരിചിതമായത് മുസ്ലിം സംഘടനകളുടെ ഉദ്ദേശ്യപൂര്‍വ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഫലമല്ല, മറിച്ച് ഇത്തരം ശബ്ദങ്ങള്‍ വിവാദ വിഷയങ്ങളായി അവതരിപ്പിക്കുമ്പോഴുണ്ടാകുന്ന സ്വഭാവിക ചര്‍ച്ചകളും പ്രഭാഷണങ്ങളുമാണ് അതിനെ പരിചിത ശബ്ദമാക്കി മാറ്റിയത്.
എന്തുകൊണ്ടാണ് ഈ വാക്കുകള്‍ വിവാദപരമാക്കിയത് എന്ന് ചിന്തിച്ചിട്ടുണ്ടോ? പെട്ടെന്ന് അര്‍ഥം അറിയാത്ത അറബി വാക്കുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പുറത്തുവിടുന്ന മിക്ക വാര്‍ത്തകളും വ്യാജമായിരിക്കും. പിന്നീട് അതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും ആരോപണങ്ങളും രംഗം കീഴടക്കും. അതുവഴി ഒരു സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താമെന്നതും നിഗൂഢവത്കരിക്കാമെന്നതുമാണ് ഉദ്ദേശ്യം. ഇങ്ങനെ മുസ്ലിം സമുദായത്തിന്റെ ജൈവികമായ മുന്നേറ്റത്തെ തടയാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ അപരവത്കരണം.
മറുഭാഗത്ത്, ഈ പദങ്ങളെ പ്രാമാണികമായി വിശദീകരിക്കേണ്ടതിനു പകരം യാതൊരു അവലംബമോ തത്ത്വദീക്ഷയോ ഇല്ലാതെ വ്യാഖ്യാനിക്കുന്ന പ്രവണതയുമുണ്ട്. അല്ലാഹുവും പ്രവാചകനും ഈ സാങ്കേതിക പദംകൊണ്ട് എന്താണോ അര്‍ഥമാക്കിയത് അത് വിശദീകരിക്കാതെ സാഹചര്യത്തിനനുസരിച്ച് പ്രമാണവിരുദ്ധമായ വിവക്ഷ നല്‍കുന്ന പ്രവണതയാണിത്. ബോധപൂര്‍വമായ തെറ്റിദ്ധരിപ്പിക്കലിനും ദുര്‍വ്യാഖ്യാനത്തിനും ഇടയിലൂടെയാണ് കേരള മുസ്ലിംകള്‍ കടന്നുപോകുന്നത്. ഈ സ്ഥിതിവിശേഷം കേരളത്തിന്റെ സാമൂഹികാരോഗ്യത്തിനും സാമുദായിക കൂട്ടായ്മക്കും പരിക്കേല്‍പ്പിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഇത് കൂടുതല്‍ വഷളാവാന്‍ ഇടം നല്‍കാതെ സൗഹൃദത്തിന്റെ പൈതൃകം തിരിച്ചുപിടിക്കുക എന്നതാണ് ഏവരും നിര്‍വഹിക്കേണ്ട ദൗത്യം.
സൗഹൃദം എന്നത് പൊതുവെ കാല്‍പനികവത്കരിച്ചാണ് അവതരിപ്പിക്കാറുള്ളത്. മനുഷ്യബന്ധങ്ങളില്‍ അത് സ്വാഭാവികവുമാണ്. എന്നാല്‍ സൗഹൃദം ഒരു രാഷ്ട്രീയ മുദ്രാവാക്യമായി മാറേണ്ടുന്ന ഒരു സാഹചര്യത്തെ ഓര്‍മിപ്പിക്കുകയാണ് കേരള മൈത്രി സംഗമം ചെയ്തത്. കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്‌കാരിക വെല്ലുവിളികള്‍ക്ക് സൗഹൃദം എന്ന രാഷ്ട്രീയ മുദ്രാവാക്യം കൊണ്ട് പൂര്‍ണമായി പരിഹാരം കാണാന്‍ സാധിക്കില്ലെങ്കിലും ഒരു പരിധി വരെ ധ്രുവീകരണ അജണ്ടകളെ തുരത്തിയോടിക്കാന്‍ സൗഹൃദ അന്തരീക്ഷത്തിന് സാധിക്കും.
ഫാസിസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് ബഹുസ്വരമായ ഒരു സാമൂഹികവ്യവസ്ഥിതിയുടെ ആരോഗ്യകരമായ മുന്നോട്ടു പോക്കിനെയാണ്. അതിനാല്‍ ബഹുസ്വരതയുടെ ഇഴയടുപ്പത്തെ ഇല്ലാതാക്കുക എന്നതാണ് അവര്‍ പ്രയോഗിക്കുന്ന തന്ത്രം. സ്വാഭാവികമായും ഫാസിസ്റ്റ് വിരുദ്ധര്‍ ചെയ്യേണ്ടത് സൗഹൃദത്തെയും ജൈവികമായ മനുഷ്യബന്ധങ്ങളെയും കൂടുതല്‍ ഉച്ചത്തില്‍ പ്രഖ്യാപിക്കുക എന്നതാണ്. അതൊരു രാഷ്ട്രീയ മുദ്രാവാക്യമായി മാറുമ്പോള്‍ ഒരേ സമയം ഫാസിസ്റ്റ് വിരുദ്ധവും ബഹുസ്വരതയുടെ പ്രഖ്യാപനവുമായി സൗഹൃദം എന്ന വാക്കിനെ മനസ്സിലാക്കാനാവും.
കേരള മൈത്രി സംഗമം കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക ഭൂപടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഇവന്റായി മാറുന്നത് അതുകൊണ്ടാണ്. വരും കാലത്തിന്റെ രാഷ്ട്രീയമാണ് മൈത്രി സംഗമം ചര്‍ച്ചക്കെടുത്തത്. പിന്നാക്ക പീഡിത ജനതകളുടെയും മാറ്റിനിര്‍ത്തപ്പെട്ടവരുടെയും ജനാധിപത്യബോധമുള്ള മുഴുവന്‍ മനുഷ്യരുടെയും സൗഹാര്‍ദപൂര്‍ണമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ വഴിയാണ് ധ്രുവീകരണ ശ്രമങ്ങളെയും ഫാസിസ്റ്റ് അജണ്ടകളെയും ചെറുത്തുതോ ല്‍പിക്കാനാവുക എന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള നിലപാട് പ്രഖ്യാപനമായി കേരള മൈത്രി സംഗമത്തിന് മാറാന്‍ സാധിച്ചിട്ടുണ്ട്.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x