23 Thursday
September 2021
2021 September 23
1443 Safar 15

മൈസൂര്‍ ഭരണവും മലബാറിന്റെ ഭൂരാഷ്ട്രീയവും

ഗഫൂര്‍ കൊടിഞ്ഞി


അറക്കല്‍ രാജവംശത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ഹൈദരും ടിപ്പുവും മലബാറിലേക്ക് കടന്നു വരുന്നത്. ഹൈദരിന് മലബാറിനോട് മുന്‍പൊരു കടത്തിന്റെ കണക്ക് തീര്‍ക്കാനുള്ളത് ഈ വരവിന് ന്യായീകരണവുമായി. ഹൈദര്‍ മൈസൂര്‍ രാജവംശത്തിന്റെ ഡിണ്ടിക്കല്‍ ഗവര്‍ണറായിരിക്കെയാണ് സാമൂതിരി പാലക്കാടിനെ ആക്രമിച്ച് അവരുടെ കീഴിലുള്ള നടുവട്ടം പ്രദേശം സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ത്തത്. ഇതിനെതിരെ ചെറുത്ത് നില്‍ക്കാനുള്ള കെല്‍പ്പില്ലാത്ത പാലക്കാട്ട് രാജാവ് കോമി അച്ഛന്‍ നേരെ കൊച്ചി രാജാവിനോട് വിവരം അറിയിച്ചു. കൊച്ചിക്ക് പക്ഷെ സാമൂതിരിയെ ഭയമായിരുന്നു. ഈയൊരവസ്ഥയില്‍ പാലക്കാട് രാജാവ് നേരെ ഹൈദരിനോട് സഹായം അഭ്യര്‍ഥിച്ചു. ഹൈദര്‍ കോയമ്പത്തൂരിലുള്ള തന്റെ അളിയന്‍ മഖ്ദൂം അലിയോട് പാലക്കാട്ടേക്ക് പട നയിക്കാന്‍ ആവശ്യപ്പെട്ടു. രണ്ടു ദിവസം കൊണ്ട് സാമൂതിരി ആക്രമിച്ച നടുവട്ടം പ്രദേശം രണ്ടായിരം കുതിരപ്പടയും നാലായിരം കാലാള്‍പടയും ഉള്‍പ്പെട്ട മഖ്ദൂമും സൈന്യങ്ങളും തിരിച്ചുപിടിച്ചു. ഹൈദര്‍ സാമൂതിരിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു; പതിനൊന്ന് ലക്ഷം ഉറുപ്പിക. സാമൂതിരി ഒരു ലക്ഷം ഉറുപ്പിക രൊക്കം കൊടുത്ത് ബാക്കി സംഖ്യക്ക് അവധി പറഞ്ഞു. ഈ പണം തിരിച്ചു വാങ്ങുക എന്നതായിരുന്നു ഹൈദര്‍ തന്റെ മലബാര്‍ ആക്രമണത്തിന് ന്യായീകരണം പറഞ്ഞത്.
ഏതായാലും മൈസൂരിന്റെ ഈ ആക്രമണം ജന്മിത്വത്തിനേറ്റ വലിയൊരു അടിയായിരുന്നു. കീഴാളരെ കാല്‍ക്കീഴില്‍ വെച്ച് ചതച്ചരച്ച് അവരുടെ ചോരയും വിയര്‍പ്പും ഊറ്റിക്കുടിച്ചിരുന്ന ജന്മിത്വത്തിന്റെ ഏറ്റവും വലിയ പേടിസ്വപ്‌നമായി മൈസൂര്‍ മാറി. തങ്ങളുടെ സുഖഭോഗ ജീവിതത്തിന് ഭംഗം നേരിട്ടപ്പോള്‍ ജന്മികള്‍ പലരും തിരുവിതാംകൂറിലേക്ക് ഓടിപ്പോയി. അക്കാലത്ത് ഭൂമിയുടെ അവകാശികള്‍ ജന്മികളായിരുന്നു എന്നത് ഒരു വസ്തുതയാണെങ്കിലും ഭൂമി എങ്ങനെയാണ് ഈ സവര്‍ണ ജന്മിമാരുടെ കൈപിടിയില്‍ വന്നുചേര്‍ന്നത് എന്നതിനെക്കുറിച്ചും അല്‍പ്പം മനസിലാക്കുന്നത് നന്നാകും.
എട്ടാം നൂറ്റാണ്ട് വരെ ഇവിടെ നിലനിന്ന ബൗദ്ധ ജൈന വിഭാഗങ്ങളാണ് കാട് വെട്ടിത്തെളിച്ച് ഈ മണ്ണ് കൃഷിക്ക് അനുയോജ്യമാക്കിയത്. ബി സി മൂന്നാം നൂറ്റാണ്ടില്‍ തന്നെ ബൗദ്ധരും ജൈനരും ഇവിടെ വാസമുറപ്പിച്ചിരുന്നു എന്നതിന് അനേകം തെളിവുകളുണ്ട്. ഇവരാണ് കരി, നുകം പോലുള്ള കാര്‍ഷിക ഉപകരണങ്ങള്‍ ആദ്യമായി ഇവിടെ ഉപയോഗിച്ചത് തുടങ്ങിയത് എന്നും പറയപ്പെടുന്നു. അന്ന് ഇവിടെ നിലനിന്നിരുന്ന ശൈവ ദ്രാവിഡ വിഭാഗങ്ങളില്‍ പലരും അഹിംസക്ക് പ്രാമുഖ്യമുണ്ടായിരുന്ന ഈ ബൗദ്ധ ജൈന വിഭാഗങ്ങളില്‍ ലയിച്ചു ചേര്‍ന്നു. അവരുടെ ആത്മീയ പൂരണങ്ങള്‍ക്കായി അവര്‍ കാടുകളിലും കാവുകളിലും പ്രതിഷ്ഠ നടത്തി. കാലക്രമേണ അവ ആരാധനാലയങ്ങളായി വളര്‍ന്നു. ബൗദ്ധ സൂക്തങ്ങളിലെ ഏറ്റവും പ്രാമാണികമെന്ന് അക്കാലത്ത് കരുതിയിരുന്ന ‘മഞ്ചു ശ്രീമൂലകല്‍പ്പ’ത്തിന്റെ ഏക പകര്‍പ്പ് കണ്ടെത്തിയത് കേരളത്തില്‍ നിന്നായിരുന്നു. അങ്ങനെ അധ്വാനിച്ചും ആഹ്ലാദിച്ചും ആത്മീയമായും ഭൗതികമായും നേട്ടങ്ങള്‍ കൈവരിച്ചും ഇവര്‍ സ്വസ്ഥമായ ജീവിതമാണ് ഇവിടെ നയിച്ചിരുന്നത്.
ഇവര്‍ക്കിടയിലേക്കാണ് എട്ടാം നൂറ്റാണ്ടോടടുത്ത് വടക്ക് നിന്ന് വൈദിക ബ്രാഹ്മണര്‍ കടന്നുവരുന്നത്. ഈ കുടിയേറ്റത്തിലൂടെയാണ് സവര്‍ണവര്‍ഗങ്ങള്‍ ഇവിടെ ആധിപത്യം സ്ഥാപിച്ചത്. അവര്‍ ജൈനരും ബൗദ്ധരുമടങ്ങുന്നവര്‍ ജീവിച്ചിരുന്ന ഇടങ്ങള്‍ കയ്യേറി അവരെ കീഴൊതുക്കി. ഭൂമിയുടെ അവകാശം തങ്ങള്‍ക്കാണെന്ന് പറഞ്ഞ് അവര്‍ വൈദിക ബ്രാഹ്മണ്യത്തിന്റെ മനുസ്മൃതി നിയമങ്ങള്‍ ഇവിടെ നടപ്പാക്കാന്‍ തുടങ്ങി. അതിനെ സാധൂകരിക്കാന്‍ അവര്‍ക്ക് പ്രാമുഖ്യമുള്ള മട്ടില്‍ ചരിത്രം ചമച്ച് അത് അടിസ്ഥാന വര്‍ഗങ്ങള്‍ക്ക് മേല്‍ അവര്‍ അടിച്ചേല്‍പ്പിച്ചു. എന്തിന്, അത്തരം കീഴാള വിഭാഗങ്ങളെ അടിമകളാക്കി ജോലി ചെയ്യിപ്പിക്കുന്ന പ്രവണതക്കും അന്ന് കേരളത്തില്‍ തുടക്കം കുറിച്ചു. ഇതിന്റെയൊക്കെ തെളിവായി കരുതാവുന്ന പറയിപെറ്റ പന്തിരുകുലം പോലുള്ള മിത്തുകള്‍ കൂട്ടിക്കുഴച്ചെടുത്ത് അതിന്റെ മേല്‍ത്തട്ടില്‍ ബ്രാഹ്മണ മേധാവിത്വത്തെ പ്രതിഷ്ഠിച്ച് കീഴാള സവര്‍ണ ബിംബങ്ങള്‍ ചേര്‍ത്ത് കലര്‍പ്പുകള്‍ സൃഷ്ടിച്ചെടുത്തു.
നാറാണത്ത് ഭ്രാന്തനും ഉപ്പുകൊറ്റനും പാണനും പാക്കനാരും ചാത്തനും പോലുള്ള കീഴാള മിത്തുകളെ സവര്‍ണതയുമായി ബന്ധിപ്പിക്കുന്ന മട്ടിലാണല്ലോ ആ കഥ വികസിക്കുന്നത്. അതുവഴി തങ്ങള്‍ ഈ അധസ്ഥിത വിഭാഗത്തിന്റെ പിന്നാലെയാണെന്ന് ബ്രാഹ്മണിസം വരുത്തിത്തീര്‍ത്തു എന്ന് വേണം കരുതാന്‍. അതേ സമയം തന്നെ കീഴാളരെ ക്രൂരമായി പീഡിപ്പിച്ചും അവരുടെ മുതുകില്‍ ജാത്യാചാരങ്ങളുടെ വിഴുപ്പു കൂടി ഇവര്‍ കെട്ടിയേല്‍പ്പിച്ചും ഒരേ സമയം രക്ഷകന്റേയും ശിക്ഷകന്റെയും വേഷം കെട്ടി.
വിക്രമാദിത്യ സദസ്സിലെ കൊട്ടാരം പണ്ഡിതനായിരുന്ന വരരുചിക്ക് പന്തിരുകുലത്തിന്റെ തറവാട്ട് കാരണ പദവി കല്‍പ്പിച്ചു നല്‍കി. മൂത്ത പുത്രനായ അഗ്‌നിഹോത്രിയെന്ന കഥാപത്രത്തെ ബ്രാഹ്മണ ഇല്ലത്തിന്റെ പശ്ചാത്തലത്തില്‍ കീഴാളവിഭാഗ പ്രതിനിധാനങ്ങള്‍ക്കിടക്ക് രക്ഷകനായി പടച്ചുവിട്ടതും കീഴാളരെ വരുതിയില്‍നിര്‍ത്താനുള്ള ഉപായമായിരുന്നു. ഇങ്ങനെ ചരിത്രത്തെ പലവിധ തിരുത്തിയെഴുത്തുകളിലൂടെ വൈദിക ബ്രാഹ്മണ്യത്തിന്റെ ചാതുര്‍വര്‍ണ്യ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള ഭൂമികയാക്കി അവര്‍ ബോധപൂര്‍വ്വം മാറ്റിയെടുത്തു.
എന്നും തനിക്കാക്കി വെടക്കാക്കുകയും വെടക്കാക്കി തനിക്കാക്കുകയും ചെയ്യുന്ന പ്രവണതയുടെ പ്രയോക്താക്കളായിരുന്നു ഈ ബ്രാഹ്മണര്‍. ഉത്തരേന്ത്യയില്‍ ശൈവ വിഭാഗത്തെയും ബൗദ്ധ ജൈന വിഭാഗങ്ങളെയും കൊന്നും കൊലവിളിച്ചും നിഷ്ടൂര മര്‍ദ്ദനങ്ങള്‍ക്കിരയാക്കിക്കൊണ്ടും, അവരുടെ നളന്ത പോലുള്ള കലാശാലകളെ തച്ചുതകര്‍ത്തും ദക്ഷിണേന്ത്യയിലേക്കും മറ്റും ആട്ടിപ്പായിച്ച് കുരുതിക്കളങ്ങള്‍ സൃഷ്ടിച്ച അതേ ആര്യന്‍ ആക്രമണത്തിന്റെ പിന്തുടര്‍ച്ചയാണ് ഇവിടേയും വൈദിക ബ്രാഹ്മണ്യം നടപ്പിലാക്കിയത്. ഇവിടെ അവര്‍ ബൗദ്ധ ജൈനരുടെ ആവാസ കേന്ദ്രങ്ങള്‍ മാത്രമല്ല പിടിച്ചെടുത്തത്. അവരുടെ കാവുകളും ആരാധനാ കേന്ദ്രങ്ങളും കയ്യേറി. മനുസ്മൃതിയുടെ ഉച്ഛനീചത്വ കാഴ്ചപ്പാടുകളും മൃഗീയമായ ശിക്ഷാ മുറകളുമുപയോഗിച്ച് ജനങ്ങളെ ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്തി. തങ്ങള്‍ക്ക് വഴങ്ങാത്തവരെ നിഷ്ഠൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയരാക്കി. മനുസ്മൃതിയുടെ ശിക്ഷാരീതികളുടെ മറ്റൊരു പ്രയോഗ തലമായി ഇവിടം മാറി. ബ്രാഹ്മണിസത്തിന് റാന്‍ മൂളുന്നവരെ കൂടെ നിര്‍ത്തി അവരിലേക്ക് മാര്‍ഗംകൂട്ടി കൂടെ ചേര്‍ത്തു. അങ്ങനെ കൂട്ടിച്ചേര്‍ത്തവരാണ് ഇന്ന് ജാതിയില്‍ ഞങ്ങള്‍ മേലേയാണെന്ന് മേനി നടിച്ച്, തങ്ങള്‍ ക്ഷത്രിയ വിഭാഗമെന്ന് വീമ്പടിക്കുന്ന നായര്‍ സമുദായങ്ങള്‍ പോലും. നായര്‍ സ്ത്രീകളെ സ്വന്തം കാമപൂര്‍ത്തിക്കുപയോഗിച്ച് ക്രമേണ ‘സംബന്ധ’മെന്ന അശ്ലീല പദപ്രയോഗത്തിലൂടെ അതിന് സാധൂകരണം കണ്ടെത്തി. അങ്ങനെ കുറേയൊക്കെ വശീകരണ തന്ത്രം വശമാക്കിയ ഈ സ്ത്രീകള്‍ നമ്പൂതിരിമാരുടെ കിടപ്പറകളില്‍ നിന്ന് പഠിച്ചെടുത്ത പുതിയ പാഠങ്ങളാവണം പിന്നീട് മരുമക്കത്തായമായി വളരുന്നത്.
ഇതുപോലുള്ള സദാചാര വിരുദ്ധതക്ക് വഴങ്ങാത്തവരേയും അതിനെ ചോദ്യം ചെയ്തവരേയുമാണ് ചണ്ടാലരെന്നും പറയരെന്നും പുലയരെന്നും തരംതാഴ്ത്തി അഞ്ചാം കളത്തിലൊതുക്കിയത്. മാത്രമല്ല ഈ സവര്‍ണ മാടമ്പിമാര്‍ ബൗദ്ധ ജൈനരുടെ ആരാധനാലയങ്ങള്‍ കയ്യേറിയതിന്റെ നൂറു നൂറു കഥകള്‍ പ്രാചീന കേരളത്തിന് പറയാനുണ്ട്. കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം, തൃശൂര്‍ വടക്കുനാഥ ക്ഷേത്രം, ചേര്‍ത്തല ഭഗവതി ക്ഷേത്രം ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, തുടങ്ങിയവ ഇവയില്‍ ചിലത് മാത്രം. ഇമ്മട്ടില്‍ ജൈനരുടേയും അനവധി ആരാധനാലങ്ങള്‍ ഇവര്‍ പിടിച്ചെടുത്തിട്ടുണ്ട്. അവയിലൊന്നാണ് പ്രശസ്തമായ ഇരിഞ്ഞാലക്കുട കൂടല്‍ മാണിക്യ ക്ഷേത്രം.
യൂറോപ്യരുടെ ആഗമനത്തോടെ ഈ നിഷ്ഠൂരതക്ക് അവരുടെ തണലും വൈദിക ബ്രാഹ്മണ്യത്തിന് ലഭിച്ചു. ഈ വൈദിക ബ്രാഹ്മണ്യം അവരുമായി കൈകോര്‍ത്തു. ഇമ്മട്ടില്‍ കീഴാളരെ കാല്‍ക്കീഴിലമര്‍ത്തി അവരെ കൊണ്ട് എല്ല് മുറിയെ പണിയെടുപ്പിച്ച് കലവറകള്‍ നിറച്ച് എതിരഭിപ്രായമില്ലാതെ നാടുവാഴുന്ന സാഹചര്യത്തിലാണ് തീരദേശങ്ങളില്‍ നിന്ന് മാപ്പിള കുടിയേറ്റവും തുടര്‍ന്ന് മൈസൂരിന്റെ പടയോട്ടവുമുണ്ടായത്.
മൈസൂരിന്റെ പടയോട്ടത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ആ ഭരണാധികാരികള്‍ ഹൃസ്വമായ രണ്ടര പതിറ്റാണ്ടു കൊണ്ട് ഇവിടെ സാധിച്ച മാറ്റവും പരാമര്‍ശിക്കേണ്ടതുണ്ട്. അവരുടെ ആഗമനം സ്വാഭാവികമായും ജന്മിത്വത്തിന്റെ നുകക്കീഴിലമര്‍ന്ന് ശ്വാസം വിടാന്‍ ആയാസപ്പെടുന്ന കീഴാള മാപ്പിള സമൂഹങ്ങള്‍ക്ക് ഒരു സാന്ത്വനമായെങ്കില്‍ അതിലെന്ത് അല്‍ഭുതം. അവര്‍ സവര്‍ണ ജന്മിത്വത്തിന് മുന്നില്‍ ശരിക്ക് ശ്വാസം വിടാന്‍ പോലുമാവാത്ത അവസ്ഥയിലായിരുന്നുവല്ലോ. ഈ കിരാത ചെയ്തികള്‍ ശ്രദ്ധയില്‍ വന്ന മൈസൂര്‍ സുല്‍ത്താന്‍മാര്‍ ആദ്യം കൈ വെച്ചത് കുത്തഴിഞ്ഞു കിടന്ന അന്നത്തെ സാമ്പത്തിക മേഖലയിലാണ്. കാരണം സമ്പത്തിന്റെയും ഭൂമിയുടെ ആധിപത്യത്തിന്റെയും ബലത്തിലാണ് ഇവര്‍ കീഴാളരെ പീഡിപ്പിച്ചിരുന്നത്. അതു കൊണ്ടു തന്നെ മൈസൂര്‍ സുല്‍ത്താന്‍മാര്‍ നികുതി സമ്പ്രദായം സമഗ്രമായി അഴിച്ചുപണിതു. അവ കൃഷിക്കാരന് കൂടി അനുകൂലമാകുന്ന മട്ടില്‍ പരിഷ്‌കരിച്ചു. പുതിയ പുതിയ റോഡുകളും പാലങ്ങളും നിര്‍മ്മിച്ചു. ഇന്നും മലബാറില്‍ കാണുന്ന കൊച്ചു കൊച്ചു റോഡുകള്‍ക്ക് പോലും ടിപ്പു സുല്‍ത്താന്‍ റോഡ് എന്ന് പേരുള്ളത് ഓര്‍ക്കുമല്ലോ. ബാംഗലൂരുവിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന രാജപാതക്ക് പോലും തുടക്കമിട്ടത് മൈസൂര്‍ സുല്‍ത്താന്‍മാരായിരുന്നു. പടയോട്ടത്തിനിടക്ക് അവര്‍ തമ്പടിച്ച സ്ഥലമെന്ന നിലക്കാണ് സുല്‍ത്താന്‍ ബാറ്ററി എന്ന സുല്‍ത്താന്‍ ബത്തേരിയും ലക്കിടിയുമൊക്കെ നാട്ടു നാമങ്ങളായി ഇന്നും നിലനില്‍ക്കുന്നത്.

അതെന്തായാലും കാര്‍ഷികോല്‍പ്പന്നങ്ങള്‍ കണക്ക് കൂട്ടി അതിന് നികുതി നിശ്ചയിക്കുന്ന സമ്പ്രദായം നിലവില്‍ വരികയും കയറ്റുമതി പ്രോത്സാഹിപ്പിക്കുക കൂടി ചെയ്തതോടെ പഴയ സാഹചര്യങ്ങള്‍ മാറി. സ്വയം തൊഴില്‍ പരിപോഷിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ക്കും നല്ല പിന്തുണ അവര്‍ നല്‍കി. അതൊക്കെ കര്‍ഷകന് അവന്റെ അധ്വാനത്തിന്റെ പങ്ക് കിട്ടുന്ന ഒരവസ്ഥ സംജാതമാക്കി. ഇങ്ങനെയായപ്പോള്‍ അവന്‍ പട്ടിണിയില്‍ നിന്ന് ക്രമേണ കരകയറി. ചുരുക്കത്തില്‍ ഇത് മുസ്ലിംകള്‍ക്കും കീഴാള ജനവിഭാഗങ്ങള്‍ക്കും ഒരു പിടിവള്ളിയായി.
ഇതിന് പുറമെ കൃഷി കേന്ദ്രീകരിച്ച് വേറെയും പല പദ്ധതികളും സുല്‍ത്താന്മാര്‍ വളര്‍ത്തിയെടുത്തിരുന്നു. പുതിയ പാലങ്ങള്‍ നിര്‍മിച്ച് ഗതാഗത സൗകര്യങ്ങള്‍ വിപുലീകരിച്ചു. തടയണകളും തോടുകളും നിര്‍മിച്ചു കൃഷിയെ ത്വരിതഗതിയിലാക്കി. പട്ടിണിയിലും പ്രാരാബ്ധത്തിലും ഉഴറി നടന്ന ഒരു ജനത നടുനിവര്‍ത്തുന്നത് കണ്ട് പക്ഷെ സവ ര്‍ണ മേലാളന്മാര്‍ക്ക് ഇരിക്കപ്പൊറുതിയറ്റു. ഇതിന്റെ പരിണിതിയില്‍ ജന്മിമാരുടെ ആധിപത്യത്തിനും സുഭിക്ഷ ജീവിതത്തിനും ഭംഗം വന്നപ്പോഴാണ് പലര്‍ക്കും തെക്ക് തിരുവിതാംകൂറിനെ ആശ്രയിച്ച് അങ്ങോട്ട് ഓടിപ്പോകേണ്ടി വന്നത്. ഈ കലിയാണ് ടിപ്പുവില്‍ അക്രമിയെന്ന മുദ്ര ചാര്‍ത്താന്‍ അവര്‍ക്ക് പ്രേരകമായത്. ഹൈദരും ടിപ്പുവും അമ്പലവും ക്രിസ്ത്യന്‍ പള്ളികളും ആക്രമിച്ച് തകര്‍ത്ത ചരിത്രം അങ്ങനെയാണ് ഇവര്‍ രൂപപ്പെടുത്തുന്നത്.
സവര്‍ണ ജന്മികള്‍ പില്‍ക്കാലത്ത് മൈസൂരിന്റെ പടയോട്ടമാണ് മാപ്പിളമാര്‍ക്ക് ‘ഹാലിളകാന്‍’ പ്രചോദനമായത് എന്ന് ചരിത്രം ചമച്ചതിന്റെ പശ്ചാത്തലം ഇതായിരുന്നു. ഇതില്‍ ചില യാഥാര്‍ഥ്യമുണ്ട്. ടിപ്പുവിന്റെ മലബാര്‍ പ്രവേശം നിസ്വരായി ജീവിതത്തോട് മല്ലിടുന്ന മാപ്പിളമാര്‍ക്കും മറ്റ് കീഴാള ജനവിഭാഗങ്ങള്‍ക്കും ഒരു പ്രതീക്ഷയും പ്രത്യാശയുമായിരുന്നപ്പോള്‍ തന്നെ ജന്മി വര്‍ഗ്ഗത്തിനേറ്റ ഇരുട്ടടിയായിരുന്നു എന്നതില്‍ സംശയമില്ലല്ലോ.
കുത്തഴിഞ്ഞു കിടന്ന അന്നത്തെ സാംസ്‌കാരിക അപചയങ്ങള്‍ക്കെതിരേയുള്ള ടിപ്പുവിന്റെ നിലപാടും പരാമര്‍ശമര്‍ഹിക്കുന്നു. സവര്‍ണരില്‍ നിന്ന് തീണ്ടാപ്പാടകലം സൂക്ഷിക്കണമെന്ന സവര്‍ണ നിയമങ്ങളെ മൈസൂര്‍ രാജാക്കന്മാര്‍ വെല്ലുവിളിച്ചു. അന്‍പത്താറടിയും മുപ്പത്താറടിയും സവര്‍ണരില്‍ നിന്ന് അകലം സൂക്ഷിക്കണമെന്ന കാടന്‍ നിയമമായിരുന്നു നിലനിന്നിരുന്നത്. ഇത് കാരണം കീഴ്ജാതിക്കാരുടെ വഴി നടത്തം പോലും നിഷേധിക്കപ്പെട്ടിരുന്നു. ടിപ്പു അതെല്ലാം നിര്‍ത്തലാക്കി എന്ന് മാത്രമല്ല മാറ് മറക്കാന്‍ പോലും അവകാശമില്ലാത്ത കീഴാള സ്ത്രീ ജനങ്ങളെ മാന്യമായി വസ്ത്രം ധരിക്കാന്‍ പ്രേരിപ്പിച്ചു. ചുരുക്കത്തില്‍ ജന്മി വര്‍ഗത്തിന്റെ സകല സുഖ ഭോഗ ജീവതത്തിന്റേയും അന്തകരായി മൈസൂര്‍ സുല്‍ത്താന്‍മാര്‍ മാറി.
മലബാറില്‍ നികുതി സമ്പ്രദായത്തെ ആ ദ്യമായി പരിഷ്‌കരിച്ചു കൊണ്ടും കര്‍ഷകരെ കൂടി പരിഗണിച്ചു കൊണ്ടും ഒരു ഭൂനിയമം മലബാറില്‍ ആദ്യമായി തുടങ്ങി വെച്ചത് മൈസൂരിന്റെ കാലത്താണ് എന്നത് ബ്രിട്ടീഷുകാര്‍ പോലും സമ്മതിക്കുന്ന വസ്തുതയാണ്. മൈസൂരിന്റെ ആധിപത്യം വരെ ജന്മിഭോഗമൊക്കെ അവര്‍ക്ക് തോന്നിയ മട്ടിലായിരുന്നു. അതിനൊരു വ്യവസ്ഥയും ചിട്ടയുമൊക്കെ നല്‍കിയത് ടിപ്പുവാണ് എന്ന് പറഞ്ഞുവല്ലോ. എങ്കിലും മാപ്പിളകീഴാളരെ സമ്പന്ധിച്ചിടത്തോളം ഈ പ്രതീക്ഷ ഏറെനാള്‍ നിലനിന്നില്ല. ആ നൂറ്റാണ്ട് അവസാനത്തോടെ ബ്രിട്ടീഷുകാര്‍ പൂര്‍വാധികം ശക്തി പ്രാപിച്ചു തിരിച്ചു വന്നു. ആയിരത്തി എഴുനൂറ്റി തൊണ്ണൂറ്റി രണ്ടിലെ ശ്രീരംഗ പട്ടണം സന്ധിയിലൂടെ മലബാര്‍ ബ്രിട്ടീഷുകാര്‍ക്ക് കൈ മാറാന്‍ ടിപ്പു നിര്‍ബന്ധിതനായി. ഈ കൈമാറ്റത്തെ തുടര്‍ന്ന് ടിപ്പുവിന്റെ മലബാറില്‍ നിന്നുള്ള പിന്മാറ്റം ഇന്നാട്ടിലെ പീഡിത വര്‍ഗത്തിന്റെ നെറുകയിലേറ്റ കനത്ത പ്രഹരമായിരുന്നു. അവരുടെ പ്രത്യാശകളെല്ലാം മലവെള്ളം പോലെ കുത്തിയൊലിച്ചു പോകുന്ന ഒരവസ്ഥയായിരുന്നു അത്. മലബാര്‍ അധീനത്തിലായതോടെ ബ്രിട്ടീഷുകാര്‍ ആദ്യം ചെയ്തത് ബ്രാഹ്മണ ജന്മിമാരെ തിരിച്ചു വിളിക്കുകയായിരുന്നു. ജന്മിമാരും ബ്രിട്ടീഷുകാരും ചേര്‍ന്ന് നട്ടാല്‍ മുളക്കാത്ത നുണകള്‍ ചേര്‍ത്ത് പുതിയ ചരിത്രം ചമക്കാന്‍ കാരണം ടിപ്പുവിന്റെയത്ര ബ്രിട്ടനെ വെല്ലുവിളിച്ച മറ്റൊരു രാജാവ് അന്നില്ലായിരുന്നു എന്നതിനാലാണ്. അത് കൊണ്ടാണ് അടര്‍ക്കളത്തില്‍ പൊരുതി ടിപ്പു രക്തസാക്ഷിയായപ്പോള്‍ ഇന്ന് ഇന്ത്യ നമ്മുടേതായി എന്ന് അവര്‍ ആര്‍ത്തട്ടഹസിച്ചത്. അതു കൊണ്ട് തന്നേയാണ് സ്വയം ചരിത്രം ചമച്ചും കേട്ടറിവുകള്‍ക്ക് യാഥാര്‍ഥ്യത്തിന്റെ നിറം പിടിപ്പിച്ചും ടിപ്പുവിന്റെ പുതിയ കൊലകളുടെ കഥകള്‍ അടിച്ചേല്‍പ്പിച്ചത്.
ചുരുക്കത്തില്‍ മാപ്പിളക്കും കീഴാളനും പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകേണ്ടി വന്നു എന്നതായിരുന്നു ഇതിന്റെയൊക്കെ ആത്യന്തിക ഫലം. ഗത്യന്തരമില്ലാതെ അവര്‍ വീണ്ടും തെരുവിലിറങ്ങി. കൃഷി ചെയ്യാന്‍ ഭൂമിക്ക് വേണ്ടി അവന്‍ ജന്മിയുടെ കാല്‍ക്കല്‍ വീണ്ടും അഭയം തേടേണ്ട ഗതികേടിലെത്തി. അതിന്റെ പരിണിതിയില്‍ പലയിടത്തും പൊട്ടലും ചീറ്റലും തുടങ്ങി. ജന്മിമാരുടെ മൂടുതാങ്ങികളല്ലാത്തവര്‍ക്ക് കൃഷി ഭൂമി തന്നെ നിഷേധിക്കപ്പെട്ടു. അവരുടെ കൈകാല്‍ പിടിച്ച് പത്തും ഇരുപതും സെ ന്റ് ഒപ്പിച്ചെടുത്തവരെയാകട്ടെ മേല്‍ ചാര്‍ത്തും കുടിയിറക്കലും നടത്തി പെരുവഴിയില്‍ തള്ളി. ഇമ്മട്ടില്‍ ജീവിതം തന്നെ വെറുത്തവന് വേറെന്ത് ഗതി?
അങ്ങനെ ഒന്നുകില്‍ ജീവിതം അല്ലെങ്കില്‍ മരണം എന്ന അവസ്ഥ മലബാര്‍ മാപ്പിളക്ക് മുന്നില്‍ ചോദ്യമായി ഉയര്‍ന്നു. ജീവിക്കുകയാണെങ്കില്‍ ജന്മികളുടെയും ഭരണകൂടത്തിന്റേയും ആട്ടും തുപ്പും സഹിച്ച് അവര്‍ക്ക് കീഴൊതുങ്ങണം. ഈ ഒരവസ്ഥയില്‍ അതിനേക്കാള്‍ അവന്‍ തിരഞ്ഞെടുത്തത് പരലോകത്ത് തന്നെ കാത്തിരിപ്പുള്ള സുരലോക സ്വര്‍ഗത്തിന്റെ പ്രലോഭനങ്ങളായിരുന്നു. അവന്‍ കിട്ടിയ ആയുധങ്ങളുമായി വല്ലഭന് പുല്ലും ആയുധം എന്ന മട്ടില്‍ പൊരുതി വീണു.
ഇവ്വിധം എടുത്തു ചാട്ടങ്ങളായിരുന്നു പിന്നീട് നാട്ടിനെ കലുഷമാക്കിയത്. സാമൂതിരിയുടെ നികുതി പിരിവുകാരനായിരുന്ന കപ്രാട്ട് കൃഷ്ണനധികാരി തന്റെ കീഴില്‍ ജോലി ചെയ്യുന്ന കീഴാള യുവതി ഇസ്ലാം സ്വീകരിച്ച് മാറ് മറച്ച് ആത്മാഭിമാനത്തോടെ മുന്നില്‍ വന്ന് നിന്നപ്പോള്‍ അയാള്‍ക്കത് സഹിച്ചില്ല. ആ സ്ത്രീയുടെ മുലക്കച്ച കീറി ഭേദ്യം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് കൃഷ്ണപ്പണിക്കരെ മാപ്പിളമാര്‍ വെട്ടിക്കൊന്നത്. അവരെ ബ്രിട്ടീഷ് പട്ടാളം ചേറൂരില്‍ വെച്ച് വെടി വെച്ചു കൊന്നു. അവരാണ് ചേറൂര്‍ ശുഹദാക്കള്‍ എന്നറിയപ്പെടുന്നത്.
ഇസ്ലാമില്‍ അസ്പൃഷ്യതക്ക് സ്ഥാനമില്ല. വിശ്വാസം അവരുടെ ജീവശ്വാസമാണ്. അതു കൊണ്ടു തന്നെ ദൈവ ഭവനങ്ങള്‍ക്ക് അവര്‍ സ്വന്തം ഭവനങ്ങളേക്കാള്‍ പവിത്രത കല്‍പ്പിച്ചു. ഇമ്മട്ടില്‍ വിശ്വാസിക ളായ മാപ്പിളമാരുടെ ദൈവിക ഗേഹങ്ങളില്‍ ജന്മിമാരും ഭരണകൂടവും കൈവെക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ പ്രതികരിച്ചു. അതിന്റെ നിദര്‍ശനങ്ങളായിരുന്നു എണ്ണൂറുകളിലൊക്കെ സംഭവിച്ച മുട്ടിച്ചിറ പള്ളി കയ്യേറ്റവും മലപ്പുറം പോരാട്ടവും മറ്റും.
സാമൂതിരിയുടെ മറ്റൊരു പ്രതിനിധിയായ പാറനമ്പിയുടെ പടയുമായുള്ള ഏറ്റുമുട്ടലിന്റെ കഥയാണ് മലപ്പുറം ചരിത്രത്തിന് പിന്നിലുള്ളത്. നമ്പിയുടെ കീഴില്‍ നികുതി പിരിവുകാരനായ അലി മരക്കാര്‍ ഒരു ജന്മിയോട് ഇടഞ്ഞതാണ് സംഭവം. നികുതി നല്‍കാന്‍ മടിച്ച ഈ ധനാഢ്യനോട് നിയമം എല്ലാവര്‍ക്കും ബാധകമാണ് എന്ന് പറഞ്ഞ് മരക്കാര്‍ കയര്‍ത്തു. യഥാര്‍ഥത്തില്‍ ഈ ജന്മി പറനമ്പിയുടെ ചാര്‍ച്ചക്കാരനായിരുന്നു. അതുകൊണ്ടു തന്നെ ജന്മിയെ ശിക്ഷിക്കുന്നതിന് പകരം നമ്പി, മരക്കാറെ വിളിച്ചു വരുത്തി വകവരുത്താനാണ് മുതിര്‍ന്നത്. ഈ സംഭവം പുകഞ്ഞാണ് മലപ്പുറം പള്ളി പൊളിക്കലില്‍ എത്തിയത്. അതിനെ തുടര്‍ന്നാണ് അന്‍പതോളം പേര്‍ രക്തസാക്ഷികളായത്.
ഭരണകൂടത്തിന്റെ തണലില്‍ ജന്മിമാര്‍ ഇമ്മട്ടില്‍ ആരാധനാലയങ്ങള്‍ കയ്യേറുക പതിവായപ്പോള്‍ അക്കാലത്തെ മുസ്ലിം ആത്മീയ നേതൃത്വമായിരുന്ന മമ്പുറം തങ്ങന്മാര്‍ രംഗത്തിറങ്ങി. മമ്പുറം തങ്ങളുടെ മകന്‍ സൈഫുല്‍ ബത്താര്‍ എന്ന പോരാട്ട കൃതിയെഴുതി ബ്രിട്ടീഷുകാര്‍ക്ക് തലവേദനയായി. ജന്മിത്വത്തിന്റെ മുഷ്‌കിനെതിരെ പ്രതികരിച്ച കാരണത്താല്‍ ഈ കൃതി ബ്രിട്ടീഷ് ഭരണകൂടം കണ്ടു കെട്ടി. അക്കാലത്ത് മമ്പുറം മുസ്ലിം സമുദായത്തിന്റെ മാത്രമല്ല മറ്റ് കീഴാളരുടേയും അഭയ കേന്ദ്രമായിരുന്നു. തങ്ങന്‍മാര്‍ ആത്മീയമായും ഭൗതികമായും ജനങ്ങളെ ഉണര്‍ത്താന്‍ തുടങ്ങിയ കാലമായിരുന്നു അത്. സയ്യിദ് അലവി തങ്ങള്‍ സര്‍വ മത വിഭാഗങ്ങളാലും ആദരിക്കപ്പെട്ടിരുന്നു. തങ്ങള്‍ ജന്മികളുമായും ഭരണകൂടവുമായും നല്ല സൗഹൃദം സൂക്ഷിക്കുമ്പോഴും കീഴാളരോടും മുസ്ലിംകളോടും ചേര്‍ന്ന് നിന്ന് അവര്‍ക്ക് തണലായി മാറുകയും ചെയ്തു. ഇദ്ദേഹത്തിന്റെ മകനായിരുന്നു സൈഫുല്‍ബത്താര്‍ എഴുതിയ മമ്പുറം ഫസല്‍ പൂക്കോയത്തങ്ങള്‍.
സൈഫുല്‍ ബത്താറിലെ ആശയങ്ങള്‍ ജന്മിത്വത്തെ വിറളി പിടിപ്പിച്ചു. നീ എന്ന് ഇങ്ങോട്ട് വിളിക്കുന്നവനെ അങ്ങോട്ടും നീ എന്ന് സംബോധന ചെയ്യണമെന്നും നമ്പൂതിരിമാരുടെ ഉച്ഛിഷ്ടം ഭുജിക്കരുത് എന്നും മാറ് മറക്കാതെ സ്ത്രീ ജനങ്ങള്‍ പുറത്തിറങ്ങരുത് എന്നും മറ്റുമുള്ള അതിലെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട സാധാരണ ജനങ്ങള്‍ക്കത് പോരാട്ടത്തിനുള്ള ഊര്‍ജ്ജമായി മാറി. സൈഫുല്‍ ബത്താര്‍ ബ്രിട്ടീഷ് ഭരണകൂടം കണ്ടു കെട്ടുക മാത്രമല്ല അത് എഴുതിയ ഫസല്‍ പൂക്കോയ തങ്ങളെ മക്കയിലേക്ക് നാട് കടത്തുക കൂടി ചെയ്തു. ഇതിന് നേതൃത്വം നല്‍കിയ അന്നത്തെ കലക്ടര്‍ കനോലി സായ്‌വിനെ ഒരു സംഘം മാപ്പിളമാര്‍ കോഴിക്കോട് വെസ്റ്റ്ഹില്ലിലുള്ള അദ്ദേഹത്തിന്റെ ബംഗ്ലാവില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കനോലിയുടെ കൊലയില്‍ പങ്കുവഹിച്ച അഞ്ചു മാപ്പിളമാരെ പിന്നീട് കൊണ്ടോട്ടിക്കടുത്തുള്ള എടവണ്ണപ്പാറയില്‍ വെച്ച് പീരങ്കിയുപയോഗിച്ച് അവര്‍ താമസിച്ച വീട് തകര്‍ത്താണ് ബ്രിട്ടീഷ് പട്ടാളം വകവരുത്തിയത്.
ഇവ്വിധം പ്രക്ഷുബ്ധമായി മലബാര്‍ മുന്നോട്ട് നീങ്ങി. പൂര്‍വ്വാധികം ശക്തിയോടെ ജന്മിത്വത്തിനും ഭരണകൂടത്തിനുമെതിരിലുള്ള പോരാട്ടങ്ങളാല്‍ ഇവിടം മുഖരിതമായി മുന്നോട്ട് നീങ്ങി. ഒറ്റപ്പെട്ട പൊട്ടിത്തെറികള്‍ പലയിടത്തും തുടര്‍ന്നു കൊണ്ടേയിരുന്നു. സ്വാതന്ത്ര്യ സമര രംഗത്തേക്കുള്ള ഗാന്ധിജിയുടെ രംഗപ്രവേശം ബ്രിട്ടീഷുകാര്‍ക്കും ജന്മികള്‍ക്കും വീണ്ടും തലവേദനയായി. അതിനിടക്ക് ഒന്നാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടന്റെ ചതി മുതലെടുത്ത് ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ മാപ്പിളമാരെ വീണ്ടും ഗാന്ധിജി ഉണര്‍ത്തിവിട്ടു. 1920 ലെ മഞ്ചേരി കോണ്‍ഗ്രസ് സമ്മേളനത്തിലൂടെ മൊണ്ടേഷു – ചെംസ്‌ഫോര്‍ഡ ഭരണപരിഷ്‌കാരത്തിന്റെ പേരില്‍ സംഘടനയില്‍ തീവ്രവാദ നിലപാടുകാര്‍ക്ക് മേല്‍ക്കൈ വന്നു. മാപ്പിളമാരും കീഴാളരും നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി തീവ്രവാദ ഗ്രൂപ്പിന് പിറകെ നിന്ന് സമരത്തിന്റെ ഭാഗമായി മാറി. ഒടുവില്‍ കലാപം വഴിമാറിയപ്പോള്‍ കോണ്‍ഗ്രസും അവരെ കയ്യൊഴിഞ്ഞു.
മലബാര്‍ സമരങ്ങള്‍ ഇരുപത്തിയൊന്നില്‍ ഒതുക്കി നിര്‍ത്താവുന്ന കേവലം ഒരു മതഭ്രാന്തില്‍ നിന്ന് ഉയര്‍ന്നതല്ല എന്ന് പറയുന്നത് ഈ അര്‍ഥത്തിലാണ്. നൂറ്റാണ്ടുകളിലൂടെ കീഴാളരും മാപ്പിളമാരും സഹിച്ച ത്യാഗത്തിന് അവര്‍ നല്‍കിയ വിലയാണത്. അത് ഒരു ജനതയുടെ അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു. അതുകൊണ്ടു തന്നെ കൊളോണിയലിസത്തിനെതിരേയും ജന്മിത്വത്തിനെതിരെയും ജീവന്‍ തൃണവല്‍ക്കരിച്ചു നടത്തിയ ഈ മുന്നേറ്റത്തെ കേവലം തിരൂരങ്ങാടി സംഭവത്തില്‍ ഒതുക്കി നിര്‍ത്താവുന്നതുമല്ല.

റഫറന്‍സ്
1) കേരള ചരിത്ര പഠനങ്ങള്‍, വേലായുധന്‍ പണിക്കശേരി
2) ടിപ്പു സുല്‍ത്താന്‍: പി കെ ബാലകൃഷ്ണന്‍
3) വാസ്‌കോഡഗാമയും ചരിത്രത്തിന്റെ കാണാപ്പുറങ്ങളും: സത്യന്‍ എടക്കാട്.
4) മലബാര്‍ കലാപം കഥയും പൊരുളും, എഡി. ബേബി തോമസ്
5) തുഹ്ഫത്തുല്‍ മുജാഹിദീന്‍ മലയാള പരിഭാഷ, സി ഹംസ
6) പ്രാചീന കേരളം സഞ്ചാരികളുടെ ദൃഷ്ടിയില്‍, വേലായുധന്‍ പണിക്കശേരി
7) എം പി നാരായണ മേനോനും സഹപ്രവര്‍ത്തകരും
8) മലബാര്‍ മാന്വല്‍, വില്യം ലോഗന്‍
9) ടിപ്പു സല്‍ത്താന്‍, ഇല്യാസ് നദ്‌വി
10) വാസ്‌കോഡഗാമയുടെ യാത്ര, ഇജി റവന്‍സ്റ്റീന്‍, പരിഭാഷ പ്രഭ ചാറ്റര്‍ജി

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x