21 Wednesday
April 2021
2021 April 21
1442 Ramadân 8

മ്യാന്മറിലെ അട്ടിമറികളും റോഹിങ്ക്യകളുടെ ഭാവിയും

ഹിശാമുല്‍ വഹാബ്‌


നമ്മുടെ അയല്‍രാജ്യമായ മ്യാന്‍മര്‍ ഒരു സൈനിക അട്ടിമറി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ഫെബ്രുവരി ഒന്നിന് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിക്ക് അനുകൂലമായതോടെയാണ് സൈന്യം അധികാരം പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവെച്ച സൈന്യം, ഒരു പതിറ്റാണ്ടായി നിലനിന്നിരുന്ന ജനാധിപത്യ വ്യവസ്ഥയ്ക്ക് അന്ത്യം കുറിച്ചു. കഴിഞ്ഞ ഭരണകൂടത്തിന്റെ നേതൃത്വം വഹിച്ചിരുന്ന ആംഗ് സാന്‍ സൂകി ഇപ്പോള്‍ തടങ്കലിലാണ്. സൈനിക അട്ടിമറിക്കെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങളെ സായുധമായി അടിച്ചമര്‍ത്തുകയാണ് സൈന്യം ചെയ്യുന്നത്.
തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ രാജ്യമായ മ്യാന്‍മര്‍ അഞ്ച് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്; ചൈന, ലാവോസ്, തായ്‌ലന്‍ഡ്, ഇന്ത്യ, ബംഗ്ലാദേശ്. 1948 ജനുവരി 4 നാണ് ബ്രിട്ടീഷ് കോളനി ഭരണത്തില്‍ നിന്ന് ബര്‍മ എന്നറിയപ്പെട്ടിരുന്ന മ്യാന്‍മര്‍ സ്വാതന്ത്ര്യം നേടുന്നത്. രാഷ്ട്രപിതാവായി അംഗീകരിക്കപ്പെട്ട ആംഗ്‌സാന്‍ എന്ന സൈനിക ജനറലിന്റെ പരിശ്രമത്താലായിരുന്നു സ്വാതന്ത്ര്യസമരങ്ങള്‍ നടന്നത്. പക്ഷെ സ്വാതന്ത്ര്യം നേടുന്നതിനു ആറു മാസങ്ങള്‍ക്കു മുമ്പ് ഒരു വധശ്രമത്തില്‍ അദ്ദേഹം കൊല്ലപ്പെടുകയാണുണ്ടായത്. പിന്നീട് അധികാരത്തില്‍ വന്ന യുനു എന്ന രാഷ്ട്രീയനേതാവിന്റെ നേതൃത്വത്തിലാണ് സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നത്. കാലങ്ങളായി മ്യാന്‍മറിന്റെ രക്ഷാധികാരി എന്ന തലത്തില്‍ നിന്നാണ് ‘തഡ്മാഡൗ’ എന്നറിയപ്പെടുന്ന ദേശീയ സൈന്യം രാജ്യത്തു തങ്ങളുടെ അധികാരവും അപ്രമാദിത്വവും നടത്തികൊണ്ടിരിക്കുന്നത്.
മ്യാന്‍മറിന്റെ ആദ്യ പ്രധാനമന്ത്രിയായ യുനു, 1958-ല്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് ഒരു താല്‍ക്കാലിക ഭരണകൂടത്തിനു രൂപം നല്‍കി. മ്യാന്‍മറിനെ ഒരു വ്യവസ്ഥാപിത രാഷ്ട്രമാക്കാനുള്ള പദ്ധതിയായിരുന്നു ഇത്. 1960, ഈ സൈനിക ഭരണകൂടം ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും, നിലവില്‍ വന്ന ദേശീയ സര്‍ക്കാറിന്റെ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടി 1962-ല്‍ സൈന്യം അട്ടിമറി നടത്തി ഭരണം പിടിച്ചെടുത്തു. 1974 വരെ സൈന്യത്തിന്റെ നേരിട്ടുള്ള ഭരണം ആയിരുന്നെങ്കില്‍ പിന്നീട് 1974 മുതല്‍ 1988 സൈന്യത്തിന്റെ കീഴിലുള്ള ബര്‍മ സോഷ്യലിസ്റ്റ് പ്രോഗ്രാം പാര്‍ട്ടിയുടെ ഭരണഘടനാടിസ്ഥാനത്തിലുള്ള ഏകാധിപത്യമായിരുന്നു. വര്‍ധിച്ചു വന്ന ക്ഷാമവും സാമ്പത്തിക അസ്ഥിരതയും കാരണം പ്രക്ഷോഭത്തിനിറങ്ങിയ മൂവായിരത്തോളം സമരക്കാരെ കൊന്നൊടുക്കിയ സൈനിക ഭരണകൂടം 1988-ല്‍ രാജിവെച്ചൊഴിഞ്ഞു. പക്ഷെ 1989 മറ്റൊരു സൈനിക സംഘം അധികാരമേറ്റതോടെ, വീണ്ടും തല്‍സ്ഥിതി തുടര്‍ന്നു.
1988-ലെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആംഗ്‌സാന്‍ സൂകി നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി എന്ന രാഷ്ട്രീയ കക്ഷിക്ക് രൂപം നല്‍കി. പക്ഷെ 1989 ലെ സൈനിക അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് പതിനഞ്ച് വര്‍ഷത്തോളം സൂകിയെ വീട്ടു തടങ്കലിലാക്കിയ സൈന്യം 2010-ലാണ് മോചിപ്പിച്ചത്. ജനാധിപത്യ പ്രക്ഷോഭങ്ങളുടെ പ്രതീകമായി മാറിയ സൂകിക്ക് 1991-ലെ സമാധാനത്തിനുളള നോബല്‍ പ്രൈസ് നല്‍കി. 2015-ല്‍ നടന്ന സുതാര്യവും കൂടുതല്‍ സത്യസന്ധവുമായ തെരഞ്ഞെടുപ്പില്‍ സൂകിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് രണ്ടു സഭകളിലും ഭൂരിപക്ഷം നേടിക്കൊണ്ട് അധികാരം ഏറ്റെടുത്തു. പക്ഷെ, 2008-ലെ ഭരണഘടനാ ഭേദഗതി പ്രകാരം പാര്‍ലമെന്റിലെ 25 ശതമാനം സീറ്റുകള്‍ കൈവശപ്പെടുത്തിയ സൈന്യം, പുതിയ നിയമങ്ങള്‍ക്കുള്ള അനുമതിയുടെ മേല്‍ പവറും നേടിയെടുത്തു. അതോടൊപ്പം സൈന്യത്തിന്റെ രാഷ്ട്രീയ കക്ഷിയായ യൂനിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡവലപ്മെന്റ് പാര്‍ട്ടി ഭരണതലങ്ങളില്‍ സ്വാധീനം ചെലുത്തുകയും ചെയ്തു. പക്ഷെ 2020 അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ ഈ സൈനിക പാര്‍ട്ടിക്ക് 476 സീറ്റുകളില്‍ കേവലം 33 എണ്ണത്തില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. 396 സീറ്റുകള്‍ നേടിയ നാഷണല്‍ ലീഗിനെതിരെ ക്രമക്കേട് ആരോപിച്ച സൈന്യത്തിന്റെ നടപടിയെ തിരഞ്ഞെടുപ്പ് കമ്മീഷനും തള്ളിക്കളഞ്ഞതോടെയാണ്. സൈനിക അട്ടിമറി നടത്തപ്പെട്ടത്.

മ്യാന്‍മറിന്റെ സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം തുടര്‍ന്നുകൊണ്ടേയിരിക്കുന്ന രാഷ്ട്രീയ പരിവര്‍ത്തനങ്ങളുടെ കൂടെ മാറ്റമില്ലാതെ അവശേഷിക്കുന്നത് റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് നിവസിക്കുന്ന റോഹിങ്ക്യന്‍ വംശം 2017-ന് മുമ്പ് പതിനാല് ലക്ഷം അംഗസംഖ്യയുള്ള പ്രധാന ന്യൂനപക്ഷങ്ങളിലൊന്നായിരുന്നു. പടിഞ്ഞാറന്‍ മ്യാന്‍മറിലെ തദ്ദേശീയ ജനവിഭാഗമാണെന്ന് പ്രഖ്യാപിക്കുന്ന റോഹിങ്ക്യകള്‍ നൂറ്റാണ്ടുകളുടെ ചരിത്രം കൈവശമുള്ളവരാണ്. പക്ഷെ, മ്യാന്‍മറിലെ മാറിവന്ന സര്‍ക്കാറുകളെല്ലാം തന്നെ ആരോപിക്കുന്നത്, റോഹിങ്ക്യകള്‍ ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തും അതിനുശേഷവും കുടിയേറിയ ബംഗ്ലാദേശി വംശക്കാരാണ് എന്നാണ്. ഇത്തരം വംശീയ വിവേചനം നിയമപരമായി നടപ്പിലാക്കപ്പെടുന്നത് 1978 ലെ സൈനിക ഭരണകൂടത്തിന്റെ നയമായ പൗരന്മാരല്ലാത്തവരില്‍ നിന്ന് വേര്‍തിരിക്കലിലൂടെയാണ്. റോഹിങ്ക്യകളുടെ ദേശീയ രജിസ്ട്രേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത സൈന്യം പിന്നീടവ അവര്‍ക്ക് നിഷേധിച്ചു. അതിനുശേഷം അരങ്ങേറിയ വംശീയ അക്രമത്തെ തുടര്‍ന്ന് രണ്ടുലക്ഷം റോഹിങ്ക്യകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു.
1982-ല്‍ സൈനിക ഭരണകൂടം നടപ്പിലാക്കിയ പൗരത്വനിയമം റോഹിങ്ക്യകളെ അംഗീകരിക്കപ്പെട്ട 135 ദേശീയ വംശങ്ങളില്‍ നിന്നും പുറന്തള്ളുകയും അവരെ രാഷ്ട്ര രഹിതരാക്കുകയും ചെയ്തു. ഈ നിയമത്തിനു ആധാരമായി കണക്കാക്കുന്നത് 1824-ല്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം നടത്തിയ സര്‍വേയില്‍ ഉള്‍പ്പെട്ട സമുദായങ്ങളുടെ ലിസ്റ്റാണ്. ഇത്തരമൊരു മാനദണ്ഡം വെച്ചുകൊണ്ടാണ് അറാകാന്‍ സംസ്ഥാനത്ത് ചരിത്രത്തിലുടനീളം വസിച്ചുവരുന്ന ഒരു സമുദായത്തെ പൗരത്വ നിഷേധത്തിലേക്ക് തള്ളിവിട്ടത്. 1982-ലെ പൗരത്വനിയമം പിന്നീട് നടന്ന എല്ലാ തരത്തിലുമുള്ള അക്രമം, ശിക്ഷ, നിയന്ത്രണങ്ങള്‍, മനുഷ്യത്വ രഹിത കുറ്റകൃത്യങ്ങള്‍ എന്നിവക്കെല്ലാം ന്യായീകരണമായി മാറി എന്നാണ് റോഹിങ്ക്യന്‍ സാമൂഹിക പ്രവര്‍ത്തകനായ മാവുംഗ് സര്‍നി പറയുന്നത്. അദ്ദേഹം അഭിപ്രായപ്പെടുന്നത്, ‘ഇന്ത്യന്‍വിരുദ്ധ, മുസ്ലിംവിരുദ്ധ വംശീയത മ്യാന്‍മര്‍ സൈന്യത്തിന്റെ നിയമങ്ങളില്‍ പ്രകടമാണ്’ എന്നാണ്. ഈ പൗരത്വ നിയമത്തോടുകൂടി റോഹിങ്ക്യകളുടെ രാഷ്ട്രീയ ഇടപെടലുകള്‍ നിലയ്ക്കുകയും പാര്‍ലിമെന്ററി പ്രാതിനിധ്യം അവസാനിക്കുകയും ചെയ്തു.
1988-ലെ ജനാധിപത്യത്തിനു വേണ്ടിയുള്ള 8888 പ്രക്ഷോഭത്തില്‍ റോഹിങ്ക്യന്‍ നേതാക്കള്‍ പങ്കെടുക്കുകയും തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത നാഷണല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന രാഷ്ട്രീയ കക്ഷി നിരോധിക്കപ്പെടുകയും ചെയ്തു. അതിന്റെ ഭാഗമായി ധാരാളം നേതാക്കളെ ജയിലിലടക്കുകയും പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് 1982-ല്‍ പൗരത്വ നിയമത്തിന്റെ മറപിടിച്ച് റോഹിങ്ക്യന്‍ രാഷ്ട്രീയ നേതാക്കളെ ദീര്‍ഘ കാലത്തേക്ക് ശിക്ഷിക്കുകയും ബര്‍മീസ് വംശജരല്ലാത്തവരുടെ എല്ലാം പൗരത്വം എടുത്തുകളയുകയുമാണ് സൈന്യം നടത്തികൊണ്ടിരിക്കുന്നത്, നിലവില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് മ്യാന്‍മറില്‍ വോട്ട് ചെയ്യാനുള്ള അവകാശമോ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള അനുമതിയോ ഇല്ല.
റോഹിങ്ക്യന്‍ മുസ്‌ലിംകളെ ആഗോള മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് ‘ലോകത്തെ ഏറ്റവും തിരസ്‌കരിക്കപ്പെട്ട ന്യൂനപക്ഷങ്ങളില്‍ ഒന്ന്’ എന്നും ഏറ്റവും പീഡിപ്പിക്കപ്പെട്ട ജനത എന്നുമാണ്. 1991-ലെ സൈനിക അട്ടിമറിക്ക് ശേഷം സൈന്യം അഴിച്ചുവിട്ട അക്രമങ്ങള്‍ വീണ്ടുമൊരു കൂട്ടപലായനത്തിന് കളമൊരുക്കി. സൈന്യം ഏര്‍പ്പെടുത്തിയ പീഡനമുറകളായ നിര്‍ബന്ധിത തൊഴിലെടുപ്പ്, ലൈംഗികപീഡനം, വീടുകള്‍ പിടിച്ചെടുക്കല്‍, അധിനിവേശം, പള്ളികള്‍ തകര്‍ക്കല്‍, മതപരമായ ആരാധനകള്‍ക്കുള്ള വിലക്ക് തുടങ്ങിയവ റോഹിങ്ക്യന്‍ സ്വത്വബോധത്തെ തകര്‍ക്കാനുള്ള ആസൂത്രിത പദ്ധതികളായിരുന്നു. രണ്ടരലക്ഷം റോഹിങ്ക്യന്‍ അഭയാര്‍ഥികളാല്‍ വീര്‍പ്പുമുട്ടിയ ബംഗ്ലാദേശ് പിന്നീട് മ്യാന്‍മറുമായി ഉണ്ടാക്കിയ കരാര്‍പ്രകാരം അഭയാര്‍ഥികള്‍ക്ക് തിരിച്ചുപോകാനുള്ള അനുമതി നേടിയെടുക്കുകയാണ് ഉണ്ടായത്.
മ്യാന്‍മര്‍ സൈന്യം നിലനില്‍ക്കുന്നത് രണ്ടു വ്യത്യസ്ത ആശയാടിത്തറകളിലാണ്. ഒന്ന് ബര്‍മീസ് ദേശീയതയും മറ്റൊന്ന് തേര്‍വാദ ബുദ്ധിസവും. 2011 വരെ നീണ്ടുനിന്ന സൈനിക ഏകാധിപത്യത്തിനു കീഴില്‍ വംശപരമായ ന്യൂനപക്ഷങ്ങളെ ബുദ്ധിസത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുവാന്‍ ശ്രമിച്ചിട്ടുണ്ട്. ഏകതാനമായ ഒരു സംസ്‌കാരം രൂപീകരിച്ച് മ്യാന്‍മറിനെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന സൈന്യത്തിന് പലപ്പോഴും പിന്തുണയര്‍പ്പിച്ച് റോഹിങ്ക്യന്‍ വിരുദ്ധ വംശഹത്യക്ക് കളമൊരുക്കിയത് തീവ്ര ബുദ്ധിസ്റ്റ് സംഘങ്ങളാണ്. 2012 ജൂണിലെ വംശീയ അക്രമണത്തിന് നേതൃത്വം നല്‍കിയ 1969 പ്രസ്ഥാനത്തിന്റെ മുന്‍നിരയിലുണ്ടായ വിരാതു എന്ന സന്യാസിയെ ടൈം മാഗസിന്‍ വിശേഷിപ്പിച്ചത് ‘ബുദ്ധിസ്റ്റ് ഭീകരതയുടെ മുഖം’ എന്നാണ്. മുസ്‌ലിംകളുടെ വ്യാപാര- സേവന സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത ഈ പ്രസ്ഥാനത്തിന്റെ കുപ്രചരണങ്ങള്‍ ഒന്നേകാല്‍ ലക്ഷം റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ ആഭ്യന്തര സ്ഥാനചലനത്തിന് കാരണമായി. ദലൈലാമ പോലുള്ള ആഗോള ബുദ്ധനേതാക്കള്‍ അക്രമങ്ങളെ അപലപിച്ചെങ്കിലും റോഹിങ്ക്യന്‍ വിരുദ്ധവികാരം മ്യാന്‍മറില്‍ ശക്തമാണ് എന്നതാണ് യാഥാര്‍ഥ്യം.
റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ ഇതുവരെ നടന്നതില്‍ ഗൗരവമേറിയ വംശഹത്യയാണ് 2017-ല്‍ സൈന്യവും തീവ്ര ബുദ്ധ സംഘങ്ങളും അഴിച്ചുവിട്ടത്. റോഹിങ്ക്യന്‍ പ്രതിരോധ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താന്‍ സൈന്യം നടത്തിയ നരനായാട്ടും അക്രമങ്ങളും ഏഴുലക്ഷത്തോളം റോഹിങ്ക്യകളെ ബംഗ്ലാദേശില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരാക്കി. ഇക്കാലയളവില്‍ ഭരണം കൈകാര്യം ചെയ്തിരുന്ന ആംഗ് സാന്‍ സൂകിയുടെ നിശബ്ദതയും നിസംഗതയും വളരെയേറെ ചോദ്യം ചെയ്യപ്പെടുകയുണ്ടായി. ആഗോള നീതിന്യായ കോടതിയില്‍ വിചാരണ നടത്തപ്പെട്ട ഈ വംശഹത്യയെ ന്യായീകരിച്ച് സൂകി പറഞ്ഞത് മ്യാന്‍മറിന്റെ മുഖം മാധ്യമങ്ങള്‍ വികൃതമായി അവതരിപ്പിക്കുന്നു എന്നാണ്. അതിനാല്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ട, പൗരാവകാശ സംരക്ഷണം മുഖമുദ്രയാക്കിയ ഭരണകൂടങ്ങളുടെ പൗരത്വ നിഷേധം അടിച്ചേല്‍പ്പിക്കപ്പെട്ട റോഹിങ്ക്യന്‍ മുസ്്‌ലിംകളോടുള്ള പെരുമാറ്റവും സൈന്യത്തില്‍ നിന്ന് വ്യത്യസ്തമല്ല എന്നതാണ് അനുഭവ യാഥാര്‍ഥ്യം.
നിരന്തരം വംശഹത്യയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന, ജനിച്ച നാട്ടില്‍ പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട, ഭൂരിപക്ഷ ദേശീയതയുടെ ഹിംസാത്മക ഭാവത്തെ നേരിടുന്ന റോഹിങ്ക്യകള്‍ ഇന്ത്യന്‍ മുസ്്‌ലിംകളുടെ ഇരുണ്ട ഭാവിയെക്കൂടിയാണ് വരച്ചുകാണിക്കുന്നത്. പൗരത്വനിയമവും, ദേശീയ പൗരത്വ പട്ടികയും നടപ്പിലാക്കാന്‍ തുനിഞ്ഞിറങ്ങിയ സംഘ്പരിവാര്‍ സ്വപ്നം കാണുന്നതും ഹിന്ദുരാഷ്ട്രത്തിന്റെ വംശീയവും ദേശീയവുമായ അപ്രമാദിത്വമാണ്. സൈനിക അട്ടിമറി എന്ന ചീത്തപേര് വിളിച്ചു വരുത്താതെ തന്നെ ജനാധിപത്യത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി തന്നെ ഫാസിസത്തിലേക്കുള്ള ചവിട്ടുപടികള്‍ പണിയുന്ന തീവ്ര ഹൈന്ദവത സ്വപ്‌നം കാണുന്നത് ഒരു മുസ്്‌ലിംമുക്ത ഇന്ത്യയാണ്.
റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ തിങ്ങിപാര്‍ക്കുന്ന ഡല്‍ഹിയിലെ കാളിന്ദികുഞ്ചും ഹരിയാനയിലെ മേവാത്തും ഹൈദരാബാദും ജമ്മുവും പൗരത്വ നിഷേധത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ അടിവരയിടുമ്പോള്‍, ഇന്ത്യന്‍ ഭരണകൂടം തിരക്കു കൂട്ടുന്നത് സൈനിക ഭരണമുള്ള മ്യാന്‍മറിലേക്ക് അവരെ തിരിച്ചയക്കാനാണ്. 18000 ത്തോളം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ അഭയം തേടിയ ഇന്ത്യ, അപകടാവസ്ഥയിലേക്കാണ് അവരെ തള്ളിവിടുന്നത്. അന്താരാഷ്ട്ര വേദികളും രാജ്യങ്ങളും നയതന്ത്രതലത്തിലുള്ള ബഹിഷ്‌കരണങ്ങളും നിയന്ത്രണങ്ങളും മ്യാന്‍മറിനു മേല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വംശീയ- ഉന്മൂലനം ലക്ഷ്യമാക്കി സൈന്യം മ്യാന്‍മര്‍ ഭരിക്കുമ്പോള്‍ രോഹിങ്ക്യന്‍ മനുഷ്യാവകാശങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും വേണ്ടിയുള്ള നിലപാടുകളും പ്രതികരണങ്ങളും ആഗോള തലത്തില്‍ ഉയരേണ്ടതുണ്ട്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x