3 Saturday
December 2022
2022 December 3
1444 Joumada I 9

‘മൈ ബോഡി, മൈ ചോയ്‌സ്’

സുഫ്‌യാന്‍

അമേരിക്കയിലെ ഫെഡറല്‍ കോര്‍ട്ട് കഴിഞ്ഞ ആഴ്ച സുപ്രധാനമായ ഒരു വിധി പുറപ്പെടുവിക്കുകയുണ്ടായി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി അമേരിക്കയില്‍ നിലനില്‍ക്കുന്ന ഗര്‍ഭച്ഛിദ്രം നടത്താനുള്ള അവകാശം എടുത്തുകളയുകയും 15 ആഴ്ചകള്‍ക്കുശേഷമുള്ള ഗര്‍ഭച്ഛിദ്രം സംബന്ധിച്ച് നിയമം നിര്‍മിക്കാനുള്ള അധികാരം അതത് സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. ഇതുസംബന്ധിച്ച ചര്‍ച്ചകളില്‍ അമേരിക്കയില്‍ ഉയര്‍ന്നുവന്നിട്ടുള്ള പ്രധാനപ്പെട്ട മുദ്രാവാക്യങ്ങളിലൊന്ന് ‘മൈ ബോഡി, മൈ ചോയ്‌സ്’ എന്നതാണ്. ഉടലിന്റെ രാഷ്ട്രീയമാണ് ഇവിടെ ചര്‍ച്ചയാകുന്നത്. ഫെഡറല്‍ കോര്‍ട്ടിന്റെ ഈ വിധി, ക്രിസ്ത്യന്‍ യാഥാസ്ഥിതികത്വവും അതിന്റെ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതാണ് എന്ന യാഥാര്‍ഥ്യം ഒരു വശത്തുണ്ട്. അതേസമയം ലിബറലിസവുമായി ബന്ധപ്പെട്ട ചര്‍ച്ചയും ഈ വിധി ഉയര്‍ത്തുന്നുണ്ട്.

ഉടല്‍
ബോഡി പൊളിറ്റിക്‌സ് അഥവാ ഉടലിന്റെ രാഷ്ട്രീയം ഒട്ടേറെ വിവാദങ്ങള്‍ക്ക് ഇടയാക്കുന്ന വിഷയം കൂടിയാണ്. ലിബറലുകള്‍ മുന്നോട്ടുവെക്കുന്ന ശരീരത്തിന്റെ പൂര്‍ണസ്വാതന്ത്ര്യം അതത് വ്യക്തികള്‍ക്ക് മാത്രമാണെന്ന സമ്പൂര്‍ണ വ്യക്തിവാദം, ഭരണകൂടങ്ങള്‍ പിന്തുണക്കാറില്ല. അതുകൊണ്ടാണ് ആത്മഹത്യ പല രാജ്യങ്ങളിലും കുറ്റകൃത്യമായി തുടരുന്നത്. തന്റെ ശരീരത്തിന്റെ സമ്പൂര്‍ണ അവകാശം ആ വ്യക്തിക്ക് മാത്രമായിരുന്നെങ്കില്‍ സ്വയം ജീവന്‍ എടുക്കുന്നത് കുറ്റകൃത്യമായി കണക്കാക്കേണ്ടതില്ലല്ലോ.
നമ്മുടെ രാജ്യത്ത് ആത്മഹത്യ കുറ്റകരമാണ് എന്നതു പോലെ തന്നെ നഗ്‌നതാ പ്രദര്‍ശനവും നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുന്നതുമൊക്കെ കുറ്റകൃത്യമായി പരിഗണിക്കാറുണ്ട്. യഥാര്‍ഥത്തില്‍, നമ്മുടെ ഉടലിന്റെ സമ്പൂര്‍ണ അവകാശം നമുക്കുണ്ടോ? വിവിധ മതങ്ങളുടെയും ഇസ്ലാമിന്റെ തന്നെയും വീക്ഷണം, ഉടല്‍ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന വാദങ്ങളെ നിരാകരിക്കുന്നു.
ശരീരം എങ്ങനെ വസ്ത്രം കൊണ്ട് മറയ്ക്കണം എന്ന ധാര്‍മിക ബോധനങ്ങള്‍ ഉടല്‍ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്നുണ്ട്. ഉടലിന്റെ സമ്പൂര്‍ണ അധികാരം അതത് വ്യക്തികള്‍ക്കല്ല എന്നാണ് മതങ്ങള്‍ പഠിപ്പിക്കുന്നത്. സ്വന്തം ശരീരത്തിന് ഹാനികരമാകുന്ന വിധത്തില്‍ പ്രവര്‍ത്തിക്കരുതെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. എന്നാല്‍ ഗര്‍ഭച്ഛിദ്രത്തിന്റെ കാര്യമെടുത്താല്‍, മാതാവിന്റെയോ കുഞ്ഞിന്റെയോ ആരോഗ്യത്തെ ബാധിക്കുന്ന സന്ദര്‍ഭത്തിലാണ് ഇസ്‌ലാം ഗര്‍ഭച്ഛിദ്രം അനുവദിച്ചിട്ടുള്ളത്. അനിവാര്യമായ സന്ദര്‍ഭത്തില്‍, ഗര്‍ഭകാലത്തെ നിശ്ചിത സമയം കഴിയുന്നതിനുമുമ്പായി അത് ചെയ്യാമെന്നാണ് ആധുനിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. ”ദാരിദ്ര്യത്തെ ഭയന്നുകൊണ്ട് നിങ്ങള്‍ സന്താനങ്ങളെ കൊല്ലരുത്” എന്ന ഖുര്‍ആന്‍ വാക്യം (17:31) അനുസരിച്ച്, മൈ ചോയ്‌സിന്റെ ഭാഗമായുള്ള ഗര്‍ഭച്ഛിദ്രം ഇസ്ലാം അനുവദിക്കുന്നില്ല എന്നത് വ്യക്തമാണ്. മൈ ബോഡി, മൈ ചോയ്‌സ് വാദക്കാര്‍ സ്വന്തം ഇഷ്ടവും ആഹ്ലാദവും മാത്രമാണ് ജീവിതത്തിലെ മുന്നോട്ടുള്ള വഴി എന്ന് ചിന്തിക്കുന്നവരാണ്. യഥാര്‍ഥത്തില്‍, ശരീരം പൂര്‍ണമായും നമ്മുടെ നിയന്ത്രണത്തിലോ ഇച്ഛയിലോ അല്ല മുന്നോട്ടു പോകുന്നത്. അതിന്റെ ജൈവിക പ്രക്രിയകളില്‍ പോലും നമുക്ക് ഇടപെടാന്‍ സാധ്യമല്ല. അതിനാല്‍ തന്നെ ഉടല്‍ സംബന്ധിച്ച മതാധ്യാപനങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. മനുഷ്യനെയും സര്‍വ ചരാചരങ്ങളെയും സൃഷ്ടിച്ച ഒരു നാഥനുണ്ട് എന്ന് വിശ്വസിക്കുന്നവര്‍, ഉടലിന്റെ യഥാര്‍ഥ ഉടമസ്ഥാവകാശം ദൈവത്തിനാണ് എന്ന സമീപനം സ്വീകരിക്കുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x