25 Monday
March 2024
2024 March 25
1445 Ramadân 15

മുത്താറിക്ക് വില്‍ക്കുന്ന സമുദായ വോട്ടുകള്‍

അഹ്‌റാസ് റാസി ഇ


കേരള മുസ്ലിംകളിലെ പ്രബല വിഭാഗമായ സമസ്തയിലെ അവഗണിക്കാനാവാത്ത ഗ്രൂപ്പാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ നയിക്കുന്ന സുന്നി വിഭാഗമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ എവിടെയൊക്കെ മുസ്‌ലിം ജീവിതമുണ്ടോ അവിടങ്ങളിലെല്ലാം ഏറ്റക്കുറച്ചിലുകളോടെ എ പി സുന്നികളെ കാണാം. എ പി ക്കാര്‍ക്കിടയില്‍ മുസ്‌ലിംലീഗുകാര്‍ ഇല്ലെന്ന് തന്നെ പറയാം. എന്നാല്‍ കോണ്‍ഗ്രസുകാര്‍ ധാരാളമുണ്ട്. എന്നാല്‍ ഈ കോണ്‍ഗ്രസ് സാന്നിധ്യം ഇടതുപക്ഷ ജനാധിപത്യ മുന്നണിയോട് പരോക്ഷമായ അനുകൂല നിലപാട് സ്വീകരിക്കുന്നതില്‍ നിന്ന് സംഘടനയെ ഒരു കാലത്തും തടഞ്ഞിട്ടില്ല. രൂപീകരണ കാലം മുതല്‍ ഇങ്ങനെയൊരു നിലപാടെടുക്കാന്‍ അവരെ പ്രേരിപ്പിച്ചത് രാഷ്ട്രീയ സാമൂഹ്യാവസ്ഥകളെ തലനാരിഴ കീറി പരിശോധിച്ചതു കൊണ്ടൊന്നുമല്ല. മറിച്ച് ഇ കെ വിഭാഗം സമസ്തയുടെ ഭൂരിഭാഗം അണികളും മുസ്‌ലിംലീഗുകാരും നേതാക്കള്‍ ലീഗ് നേതൃത്വത്തിന്റെ ലാളന ഏറ്റുവാങ്ങുന്നവരുമാണ് എന്നത് കൊണ്ടായിരുന്നു അത്. ഇത്തവണത്തെ നിയമസഭാ ഇലക്ഷനില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരുടെ മകനും പിന്‍ഗാമിയുമായ എ പി അബ്ദുല്‍ഹക്കീം അസ്ഹരി പരസ്യമായിത്തന്നെ തങ്ങള്‍ ഇടതുപക്ഷത്തോടൊപ്പമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.
ഇരു വിഭാഗം സമസ്തകളാവട്ടെ, മുജാഹിദ് വിഭാഗങ്ങളാവട്ടെ, ജമാഅത്തെ ഇസ്ലാമിയോ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയോ, പോപ്പുലര്‍ ഫ്രണ്ടോ ആരുമാകട്ടെ. അവര്‍ക്ക് എല്‍ ഡി എഫിനേയോ യു ഡി എഫിനേയോ പിന്തുണക്കാനോ സമദൂര നിലപാട് സ്വീകരിക്കാനോ മനസ്സാക്ഷി വോട്ട് നല്‍കാനോ സ്വാതന്ത്ര്യമുണ്ട്. എന്തുകൊണ്ടെന്നാല്‍ ഇരുമുന്നണികളും മതനിരപേക്ഷതയും ജനാധിപത്യവും മതസ്വാതന്ത്ര്യവും ഉറപ്പു നല്‍കുന്ന ഇന്ത്യന്‍ ഭരണഘനയോടുള്ള പ്രതിബദ്ധത ഊന്നിപ്പറഞ്ഞവരാണ്.
എന്നാല്‍ ഇങ്ങനെ ഒരു മുസ്ലിം സംഘടന ഒരു മുന്നണിക്ക് ലക്ഷക്കണക്കിന് വോട്ടുകള്‍ വാരിക്കോരി നല്‍കുമ്പോള്‍ പകരമായി എന്ത് ലഭിക്കുന്നുവെന്നത് സംഘര്‍ഷ നിര്‍ഭരമായ ഇന്ത്യന്‍ മുസ്‌ലിം സാമൂഹ്യ സാഹചര്യത്തില്‍ ഉറക്കെ ചോദിക്കേണ്ട ചോദ്യമാണ്. കാന്തപുരം സുന്നികള്‍ മുമ്പ് ‘സഹായിച്ചവരെ സഹായിക്കുന്നതിന്റെ’ പേരില്‍ എടുത്തതും ഇപ്പോഴും തുടരുന്നതുമായ ഇടതുപക്ഷാനുകൂല നിലപാട് തന്നെ പരിശോധിക്കാം.
2011 സെന്‍സസ് പ്രകാരം കേരള ജനസംഖ്യയില്‍ 54.73% ഹിന്ദുക്കളും 26.56% മുസ്‌ലിംകളും 18.38% ക്രിസ്ത്യാനികളും 0.33% മറ്റുള്ളവരുമാണുള്ളത്. ജനസംഖ്യാ വളര്‍ച്ചയില്‍ ഇതര സമുദായങ്ങളെ അപേക്ഷിച്ച് ഇത്തിരി മുമ്പിലുള്ള മുസ്‌ലിംകള്‍ കഴിഞ്ഞ 10 വര്‍ഷത്തിനകം 27% ത്തില്‍ എത്തിയിട്ടുണ്ടെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
സാമൂഹ്യ നീതിയാവശ്യത്തിന്റെ ചില അടിസ്ഥാന ശിലകള്‍ ഇത്തരുണത്തില്‍ സൂചിപ്പിക്കുന്നത് പ്രസക്തമാവും. ജി എസ് ടി, കെട്ടിട നികുതി, വാഹന നികുതി, ആദായ നികുതി തുടങ്ങി എല്ലാ ജനവിഭാഗങ്ങളും നല്‍കുന്ന പലതരം നികുതികളിലൂടെയാണ് കേന്ദ്ര ഖജനാവും കേരള ഖജനാവും നിറയുന്നത്. ആ നികുതികള്‍ ശമ്പളമായും പെന്‍ഷനായും അലവന്‍സായും വികസന ഫണ്ടുകളായും തിരിച്ചു നല്‍കിയാണ് ഈ രാജ്യം മുന്നോട്ട് പോകുന്നത്. അഥവാ സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവര്‍ക്കിടയിലും നീതിയുക്തമായി ഗ്രാമപഞ്ചായത്ത് പ്രാതിനിധ്യം മുതല്‍ നിയമസഭാ- ലോക്‌സഭാ പ്രാതിനിധ്യം വരെ വിതരണം ചെയ്യപ്പെടണമെന്നാണ് ഇത് കാണിക്കുന്നത്.
ലക്ഷക്കണക്കിന് വോട്ടുകള്‍ക്ക് പകരമായി കാന്തപുരം സുന്നി വിഭാഗത്തിന് ഇടതു പക്ഷത്ത് നിന്ന് ന്യായമായത് ലഭിക്കുന്നുണ്ടോ? കാന്തപുരം സുന്നി വോട്ടുകളേക്കാള്‍ എത്രയോ താഴെയാണ് കേരളത്തില്‍ സി പി ഐക്കാരുടെ വോട്ട്. കൊല്ലത്തും തൃശൂരുമാണ് ആ പാര്‍ട്ടിക്ക് കുറച്ചെങ്കിലും വേരുകളുള്ളത്. എന്നിട്ടും 25 നിയമസഭാ സീറ്റുകളാണ് എല്‍ ഡി എഫ് സിപിഐക്ക് നല്‍കിയിരിക്കുന്നത്.

വോട്ടിന് പകരമായി സീറ്റ് ചോദിക്കാന്‍ കാന്തപുരം വിഭാഗം സമസ്ത രാഷ്ട്രീയപ്പാര്‍ട്ടിയല്ലല്ലോ എന്നത് ശരിയായ മറുചോദ്യമാണ്. എന്നാല്‍ 140 അംഗ കേരള നിയമസഭയില്‍ മുസ്ലിംകള്‍ക്ക് ജനസംഖ്യാനുപാതികമായി 38 സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെടാന്‍ അവരുടെ കൈവശമുള്ള ലക്ഷക്കണക്കിന് വോട്ടുകള്‍ ധാരാളം മതിയാകും. ഈ 38 പേരില്‍ മുജാഹിദുകളോ മറ്റ് ‘പുത്തന്‍ ആശയക്കാരോ’ അല്ലാത്തവരും സമസ്ത ആശയക്കാരുമായ കുറച്ചു പേരെയെങ്കിലും സ്ഥാനാര്‍ഥികളാക്കാന്‍ സമ്മര്‍ദ്ദ ശക്തിയായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തത് എന്ത് കൊണ്ട്?. കെ ടി ജലീലും പി ടി എ റഹീമും കാരാട്ട് റസാഖുമൊക്കെ തീര്‍ച്ചയായും കാന്തപുരം സഹയാത്രികര്‍ തന്നെ. ഇവര്‍ പക്ഷേ വിവിധങ്ങളായ കാരണങ്ങളാല്‍ എല്‍ ഡി എഫില്‍ എത്തിപ്പെട്ടവരും സംഗതിവശാല്‍ കാന്തപുരം സുന്നികളായി മാര്‍ഗം കൂടിയവരുമാണ്. എ സി മൊയ്തീന്‍, എ എന്‍ ശംസീര്‍, കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, പി എ മുഹമ്മദ് റിയാസ്, കാനത്തില്‍ ജമീല, എം നൗഷാദ് തുടങ്ങിയവരെയൊക്കെ കാന്തപുരം വിഭാഗമാക്കി മാറ്റിയാല്‍ പോലും 28 മുസ്ലിംകളെ മാത്രമാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥികളാക്കിയിട്ടുള്ളത്.
കൗതുകകരമായ കാര്യം സംസ്ഥാന ജനസംഖ്യയില്‍ 18.38% മുള്ള ക്രിസ്ത്യാനികള്‍ക്ക് എല്‍ ഡി എഫ് 29 സീറ്റുകള്‍ നല്‍കിയെന്നതാണ്. ജനസംഖ്യാനുപാതികമായി അവര്‍ക്ക് ലഭിക്കേണ്ട 26 സീറ്റുകളേക്കാള്‍ മൂന്നെണ്ണം അധികമാണിത്. യു ഡി എഫ് ആകട്ടെ 35 ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളേയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് 22, കേരള കോണ്‍ഗ്രസ് 10, ആര്‍ എസ് പി 2, കേരള കോണ്‍ഗ്രസ് 1 എന്നിങ്ങനെ. കത്തോലിക്കര്‍ മുതല്‍ പെന്തക്കോസ്തുകാര്‍ വരേയുള്ള എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും ഇരുമുന്നണികളുടേയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സമ്മര്‍ദ്ദ ശക്തികളായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണിത്.
കാന്തപുരം വിഭാഗത്തിന് പക്ഷേ ഹജ്, വഖഫ് ബോര്‍ഡ്, മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് തുടങ്ങിയ ഛോട്ടാ ഛോട്ടാ അജണ്ടകള്‍ മാത്രമാണുള്ളത്. മുസ്‌ലിം ലീഗ് വനിതയെ നിര്‍ത്തുമ്പോള്‍ ഫത്‌വയുമായി വരുന്ന അവര്‍ സി പി എമ്മിന്റെ വനിതാ മുസ്ലിം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ അഹോരാത്രം രംഗത്തിറങ്ങുകയും ചെയ്യുന്നു. നേരത്തെ പറഞ്ഞ സി പി എം മുസ്‌ലിം സ്ഥാനാര്‍ഥികളുടെ കാന്തപുരൈസേഷന്‍ ഒരു തരത്തില്‍ ഇങ്ങനെയാണ് നടക്കുന്നത്.

തങ്ങളുടെ കൈവശമുള്ള ലക്ഷക്കണക്കിന് വോട്ടുകള്‍ കാണിച്ച് കാന്തപുരം ഉസ്താദ് ഭയപ്പെടുത്തിയിരുന്നെങ്കില്‍ 10% സാമ്പത്തിക സംവരണം കേരളത്തില്‍ സൂപ്പര്‍ സോണിക് വേഗത്തില്‍ നടപ്പിലാക്കില്ലായിരുന്നു, അഞ്ച് വര്‍ഷം മുമ്പ് കേരളത്തിലുണ്ടായിരുന്ന 30 ബാറുകള്‍ 624 ആയി വര്‍ധിക്കില്ലായിരുന്നു. റിയാസ് മൗലവി വധവും പാലത്തായിയുമുള്‍പ്പെടെ പൊലീസിലെ സംഘിവല്‍ക്കരണം ഇത്രയധികം നിയന്ത്രണം വിടില്ലായിരുന്നു.
കേരള മുസ്ലിംകള്‍ വോട്ടു കാട്ടി പേടിപ്പിക്കില്ലെന്ന ഉറച്ച ബോധ്യം എല്‍ ഡി എഫിനും യു ഡി എഫിനും ഒരുപോലെയുണ്ട്. 1987-ലെ എല്‍ ഡി എഫ് മന്ത്രിസഭയില്‍ ഒരേയൊരു മുസ്ലിമിനായിരുന്നു പ്രാതിനിധ്യം. പിണറായി മന്ത്രിസഭയില്‍ രണ്ട് പേരും. എന്നിട്ടം ഒരു പ്രതിഷേധ പ്രമേയം പോലും പാസാക്കാനാവാത്ത വിധം മുസ്ലിം സംഘടനകള്‍ ഷണ്ഠീകരിക്കപ്പട്ടിരിക്കുന്നുവെന്ന് മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
എം പി- എം എല്‍ എ പ്രാതിനിധ്യം പോലെ അവഗണിക്കപ്പെടുന്ന മറ്റൊരു മേഖലയുണ്ട്. ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിക്കപ്പെടുന്ന ബോര്‍ഡുകള്‍, കമ്മീഷനുകള്‍, അക്കാദമികള്‍, കോര്‍പറേഷനുകള്‍ തുടങ്ങിയവയാണിത്. മേല്‍പ്പറഞ്ഞ വഖഫ്- ഹജ്ജ് കമ്മിറ്റികളിലല്ലാതെ ഇത്തരം സ്ഥലങ്ങളിലെ രാഷ്ട്രീയ നിയമനങ്ങളില്‍ നിന്ന് മുസ്ലിംകള്‍ ഏറെക്കുറെ അകറ്റി നിര്‍ത്തപ്പെട്ടിരിക്കുന്നു. മുസ്‌ലിംലീഗിന് ഭരണ പങ്കാളിത്തമുള്ളപ്പോള്‍ പോലും സ്ഥിതിഗതികള്‍ മെച്ചമായിരുന്നില്ലെന്നാണ് കാണിക്കുന്നത്.
ശബരിമല വിഷയത്തില്‍ എന്‍ എസ് എസ് സര്‍ക്കാറിനെ ആട്ടിയിട്ടും പാര്‍ട്ടിയും സര്‍ക്കാരും അടുത്തുകൂടുന്നത് എന്‍ എസ് എസ്സിന്റെ വോട്ട് ബാങ്ക് പേടിച്ചിട്ട് തന്നെയാണ്. ആഴക്കടല്‍ കരാര്‍ വിഷയത്തില്‍ കെ സി ബി സിയും ലത്തീന്‍ കത്തോലിക മേധാവികളും എന്ത് പറയുന്നുവെന്ന് സര്‍ക്കാര്‍ സാകൂതം ശ്രദ്ധിക്കുന്നുണ്ട്. എയ്ഡഡ് സ്‌കൂളുകളധികവും മുസ്ലിം മനേജ്‌മെന്റിന് കീഴിലായിരുന്നെങ്കില്‍ നിയമനം എന്നേ പി എസ് സിക്ക് വിടുമായിരുന്നു. ക്രിസ്ത്യന്‍- നായര്‍ മാനേജ്‌മെന്റിനേയും എന്‍ എസ് എസ് സഭാ അച്ചുതണ്ടിനേയും ഭയന്നാണ് നിയമനക്കൊള്ള ഇപ്പോഴും നിര്‍ബാധം തുടരുന്നത്. വോട്ടുകള്‍ മുത്തിന് വില്‍ക്കാതെ മുത്താറിക്ക് വില്‍ക്കാന്‍ ആളുകളുള്ളപ്പോള്‍ പുറംതള്ളപ്പെട്ട സമുദായമായി തുടരുകയേയുള്ളൂ. ഇന്ന് മാത്രമല്ല, എന്നും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x