13 Thursday
January 2022
2022 January 13
1443 Joumada II 9

മുസ്‌ലിം സ്ത്രീകളുടെ ബോധ്യത്തിലാണ് സമുദായത്തിന്റെ ഭാവി

എ ജമീല ടീച്ചര്‍


ഇന്ന് കേരളത്തിലെ മുസ്‌ലിം നവോത്ഥാന സംഘടനകള്‍ക്കെല്ലാം കീഴ്ഘടകങ്ങളായി വനിതാ സംഘടനകളുണ്ട്. സമൂഹത്തിന്റെ നേര്‍പാതിയായ വനിതകളെ ഉത്ബുദ്ധരാക്കുക, ഇസ്‌ലാമിക ചുറ്റുപാടില്‍ അവരെ വളര്‍ത്തിക്കൊണ്ടു വരിക, കുടുംബത്തിലും സമൂഹത്തിലും അവര്‍ക്കുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവത്കരിക്കുക, സാമൂഹിക നേതൃത്വത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുക, മതപരവും ഭൗതികവുമായ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക, ഉന്നത വിദ്യാഭ്യാസത്തിന് പ്രചോദനം നല്‍കുക തുടങ്ങി ഒത്തിരി ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ഈ വനിതാ സംഘടനകള്‍ക്കുണ്ട്. രാഷ്ട്രീയരംഗത്തും ഇന്ന് വനിതാ സംഘടനകള്‍ക്ക് ഒട്ടും കുറവില്ല.
പക്ഷേ ഇതൊന്നും ഇല്ലാതിരുന്ന ഒരു ഇരുണ്ട കാലഘട്ടം കേരളത്തില്‍ കഴിഞ്ഞുപോയിരുന്നു. അന്ന് മുസ്‌ലിം വനിതകള്‍ സംഘടിക്കുന്നതു പോയിട്ട്, അടുക്കളയുടെ നാല് ചുമരുകള്‍ വിട്ട് വീടിന്റെ ഉമ്മറം കാണാന്‍ പോലും അവര്‍ക്ക് പാടില്ലായിരുന്നു. ഏകദേശം അരനൂറ്റാണ്ട് മുമ്പുവരെ കേരളത്തിലും ഇതു തന്നെയായിരുന്നു പെണ്ണിന്റെ ദുരവസ്ഥ. അത്തരം ഒരു കാലഘട്ടത്തിലായിരുന്നു 1976-ല്‍ എടവണ്ണയില്‍ ഞങ്ങള്‍ കുറച്ച് സ്ത്രീകള്‍ ഒത്തുചേര്‍ന്ന് ഐ എസ് എം വനിതാവിംഗ് എന്ന പേരില്‍ ഒരു ഇസ്‌ലാഹീ വനിതാ സംഘടനയ്ക്ക് രൂപം നല്‍കിയത്. ചെട്ടിയും തട്ടാനും പാണനും പറയനുമൊക്കെ ഔലിയാക്കളായി ചമഞ്ഞിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. ഇരകളില്‍ ബഹുഭൂരിഭാഗവും മുസ്‌ലിം സ്ത്രീകളും. ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായിരുന്നു അന്ന് എടവണ്ണ. എന്നിട്ടും എടവണ്ണക്കാരായ പെണ്‍കൂട്ടവും അത്തരം ഇരകളുടെ കൂട്ടത്തില്‍ പെട്ടു. ഈ ദയനീയാവസ്ഥയ്ക്ക് പരിഹാരം കാണുക എന്നതായിരുന്നു ഞങ്ങളുടെ മുഖ്യ അജണ്ട. പുരുഷന്മാര്‍ക്കിടയില്‍ തന്നെ കൃത്യമായ ഒരു സംഘടനാ ചാനലോ പ്രബോധനങ്ങളോ ഒന്നും അന്നുണ്ടായിരുന്നില്ല താനും.

സംഘടനാനുഭവങ്ങളിലൂടെ
കുടുംബ സദസ്സുകള്‍ വിളിച്ചുചേര്‍ക്കുക, ഗൃഹസന്ദര്‍ശനം നടത്തുക, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുക, ലഘുലേഖകള്‍ എഴുതിയുണ്ടാക്കി വിതരണം ചെയ്യുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക, സ്ത്രീകള്‍ക്ക് നമസ്‌കാരക്കുപ്പായം, കുട്ടികള്‍ക്ക് സ്‌കൂ ള്‍ യൂനിഫോമുകള്‍ പോലുള്ളവ വിതരണം ചെയ്യുക… ഇതൊക്കെയായിരുന്നു ഞങ്ങളുടെ മുഖ്യസംഘടനാ പ്രവര്‍ത്തനങ്ങള്‍. ജനങ്ങളില്‍ നിന്ന് പണം പിരിക്കലും സംഘാടകരും പ്രസംഗകരുമെല്ലാം അന്ന് ഞങ്ങള്‍ തന്നെയായിരുന്നു. എടവണ്ണ ആയിശ ടീച്ചര്‍, ആസ്യ മുണ്ടേങ്ങര എന്നിവരും എടവണ്ണ ഇസ്‌ലാഹീ മദ്‌റസയിലുണ്ടായിരുന്ന വനിതാ അധ്യാപികമാരും എല്ലാം കൂടിച്ചേര്‍ന്ന് ഒരു പത്തംഗ സമിതിയായിരുന്നു ഞങ്ങളുടെ സംഘടന. മറ്റ് വനിതകളെപ്പോലെ തന്നെ കുടുംബ പ്രാരാബ്ധവും ഔദ്യോഗിക ജോലിയും മക്കളുമെല്ലാം ഞങ്ങള്‍ക്കുമുണ്ടായിരുന്നു. എന്നിട്ടും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സംഘടനാ ചാനലില്‍ പ്രവര്‍ത്തിക്കുവാനും ഞങ്ങള്‍ക്ക് സമയം കിട്ടി.

അന്യനാടുകളില്‍
ക്രമേണ ഞങ്ങളുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ കേട്ടറിഞ്ഞ അന്യനാടുകളില്‍ നിന്നുള്ള പലരും ഞങ്ങളെ പ്രബോധനത്തിനായി ക്ഷണിച്ചുകൊണ്ടിരുന്നു. മുസ്‌ലിംകളിലെ അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, മുത്തലാഖ് ചടങ്ങ് മുതലായ വൈവാഹിക രംഗത്തെ അപചയങ്ങള്‍ തുടങ്ങിയവ പ്രമേയമാക്കി ഞങ്ങള്‍ കഥാപ്രസംഗങ്ങള്‍ എഴുതിയുണ്ടാക്കി. ചെറിയ പെണ്‍കുട്ടികളെക്കൊണ്ട് അവ അവതരിപ്പിച്ചു. അതോടെ ഞങ്ങളുടെ പ്രബോധന പ്രവര്‍ത്തനങ്ങളും ഒരു ട്രൂപ്പായി മാറി. പലരും അതിനെയെല്ലാം സഹൃദയം സ്വീകരിച്ചു. കല്ലേറും കൂക്കുവിളിയും കൊണ്ട് നേരിട്ടവരും ഒട്ടും കുറവായിരുന്നില്ല. ഇങ്ങനെ നീണ്ടുപോയി ഞങ്ങളുടെ ഐ എസ് എം വനിതാവിംഗിന്റെ പ്രവര്‍ത്തനങ്ങള്‍.
ഐ എസ് എം വനിതാവിംഗിന്റെ
രൂപീകരണം

അതിനിടക്കാണ് രണ്ടാം മുജാഹിദ് സമ്മേളനം ഫറോക്കില്‍ വെച്ച് നടന്നത്. അതോടനുബന്ധിച്ച് ഐ എസ് എമ്മിന്റെ കീഴില്‍ കേരളാടിസ്ഥാനത്തില്‍ ഒരു വനിതാ സംഘടന രൂപീകൃതമായി. ഐ എസ് എം വനിതാവിംഗ് എന്നായിരുന്നു അതിന് പേര് കൊടുത്തിരുന്നത്. ബഹുമാന്യര്‍ സി ഹബീബ ടീച്ചര്‍ പ്രസിഡന്റും എന്‍ വി സുആദ ടീച്ചര്‍ സെക്രട്ടറിയുമായിട്ടായിരുന്നു സംഘടനയുടെ തുടക്കം. 1987ല്‍ എം ജി എം പിറക്കുന്നതു വരെ ഈ സംഘടന ചുരുങ്ങിയ പ്രവര്‍ത്തനങ്ങളുമായി കേരളത്തില്‍ നിലനിന്നിരുന്നു.

എം ജി എമ്മിന്റെ പിറവി
1987-ലാണ് കുറ്റിപ്പുറത്തു വെച്ച് മൂന്നാം മുജാഹിദ് സമ്മേളനം നടന്നത്. എണ്ണമറ്റ മുസ്‌ലിം സ്ത്രീകള്‍ അന്ന് ആ സമ്മേളനത്തില്‍ പങ്കെടുത്തു. അവരുടെ ആധിക്യം കണ്ട് കെ എന്‍ എം നേതാക്കള്‍ക്കുണ്ടായ ഒരു തിരിച്ചറിവാണ് സ്ത്രീകള്‍ക്ക് സ്വന്തമായി ഒരു സംഘടന ഉണ്ടായേ പറ്റൂ എന്നത്. അതോടനുബന്ധിച്ച് സ്ത്രീകളെയും വിളിച്ചുകൂട്ടി അരീക്കോട് സുല്ലമുസ്സലാം അറബിക് കോളെജില്‍ ചേര്‍ന്ന ഒരു യോഗത്തില്‍ വെച്ചാണ് എം ജി എം അഥവാ മുസ്‌ലിം ഗേള്‍സ് ആന്റ് വുമണ്‍സ് മുവ്‌മെന്റ് എന്ന സംഘടന പിറക്കുന്നത്. ഖദീജ നര്‍ഗീസ് ടീച്ചര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പ്രഫ. സി ഹബീബ പ്രസിഡന്റുമായിക്കൊണ്ടാണ് ഒന്നാമത്തെ എം ജി എമ്മിന് തുടക്കം കുറിച്ചത്. അരീക്കോട് കെ ആമിന ടീച്ചര്‍, കെ ഫാത്തിമ ടീച്ചര്‍ എന്നിവരെല്ലാം സംഘടനയുടെ ഉന്നത സ്ഥാനത്തുണ്ടായിരുന്നു. പിന്നീട് 5 വര്‍ഷം കൂടുമ്പോള്‍ കൃത്യമായി തെരഞ്ഞെടുപ്പ് നടക്കുകയും സംഘടനാ സാരഥികള്‍ മാറിമാറി വരികയും ചെയ്തു.
ഇപ്പോള്‍ എം ജി എമ്മിന് 35 വയസ്സ് പ്രായം കഴിഞ്ഞിരിക്കുകയാണ്. ഇതിലിടക്ക് പ്രാദേശികമായ യൂനിറ്റ് അടിസ്ഥാനത്തില്‍ ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടക്കുകയുണ്ടായി. എടവണ്ണയില്‍ വാദിറഹ്മ, വാദി നിഅ്മ എന്ന പേരില്‍ രണ്ട് ഹൗസിംഗ് കോളനികള്‍ സ്ഥാപിക്കപ്പെട്ടു. മൊത്തം 22 നിര്‍ധന കുടുംബങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ അത്താണിയുണ്ടാക്കാന്‍ എം ജി എമ്മിന് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സാധിച്ചു. തയ്യല്‍, ധാന്യപ്പൊടി വിതരണം മുതലായ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് തൊഴിലവസരങ്ങളുണ്ടാക്കിക്കൊടുത്തതും എം ജി എമ്മിന്റെ നേട്ടം തന്നെയായിരുന്നു.

വനിതാ സംഘടനയുടെ
ആവശ്യം പുതുയുഗത്തില്‍

സ്ത്രീയെ സംബന്ധിച്ച് പുതിയ കാലം അത്ര അനുകൂലമല്ല. കഴിഞ്ഞ നൂറ്റാണ്ടില്‍ 3 വ്യക്തികള്‍ ഉയര്‍ത്തിവിട്ട ചിന്താധാരകള്‍ സാമൂഹിക സാമ്പത്തിക സദാചാര മേഖലകളില്‍ ഫെമിനിസം എന്ന പേരില്‍ പല മാറ്റങ്ങളും വരുത്തിക്കൊണ്ടിരിക്കുകയാണ്. പാരമ്പര്യവും മതപരവുമായ പല വിശ്വാസങ്ങളും സംസ്‌കാരങ്ങളും ഈ പുതിയ കാഴ്ചപ്പാടുകള്‍ക്ക് മുമ്പില്‍ പകച്ചു നില്‍ക്കുന്നു. പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി അവ പുനസംവദിക്കേണ്ടി വരുന്നു. ഡാര്‍വിന്റെ പരിണാമ വാദം, മാര്‍ക്‌സിന്റെ സാമ്പത്തിക കാഴ്ചപ്പാടുകള്‍, ഫ്രോയിഡ് എന്ന മനശാസ്ത്രജ്ഞന്റെ ലൈംഗിക വീക്ഷണങ്ങള്‍ എന്നിവയാണവ. ഇവര്‍ക്ക് ശേഷമുള്ള സമൂഹങ്ങളുടെ ചിന്താരീതികളെയും സാമൂഹിക കാഴ്ചപ്പാടുകളെയും ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കാന്‍ ഈ മൂന്നുപേരുടെ ചിന്തകള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് സത്യമാണ്. സ്ത്രീ സ്വത്വത്തെയും അവളുടെ വസ്ത്രധാരണ രീതികളെയുമാണ് അവ കൂടുതല്‍ കടന്നുപിടിച്ചിരിക്കുന്നത്. ബാലുശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഈയിടെ കൊണ്ടുവന്ന ജന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിനെ ഇതുമായി ബന്ധപ്പെടുത്തി വേണം കാണാന്‍. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിവാദങ്ങളും ഇപ്പോഴും തുടരുന്നുണ്ട്. പരിഷ്‌കരണവുമായി അധികൃതര്‍ മുന്നോട്ടുപോകും എന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്.
ജെന്‍ഡറുമായി ബന്ധപ്പെട്ട കളങ്കിത ബോധങ്ങളില്‍ നിന്ന് അഥവാ ഞാനും അവനും വ്യത്യസ്തരാണെന്ന ധാരണയില്‍ നിന്നു രക്ഷപ്പെടാന്‍ പെണ്‍കുട്ടികളെ സഹായിക്കുന്ന തരത്തിലുള്ള ഒരു അന്തരീക്ഷം സ്‌കൂളുകളില്‍ സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും വേണം പോലും. ചില്ലറ പരിഷ്‌കരണമല്ല, സമൂലമായ സാമൂഹിക വിപ്ലവം തന്നെയാണ് ഇതുമൂലം അധികൃതര്‍ ലക്ഷ്യം വെക്കുന്നത്.
മുസ്‌ലിം പെണ്‍കുട്ടികളെയും അവരുടെ സ്വത്വത്തെയും വസ്ത്ര ധാരണ രീതിയെയും തന്നെയാണ് സര്‍ക്കാറിന്റെ ഈ തലതിരിഞ്ഞ പരിഷ്‌കരണം ബാധിക്കുക. ഇതിനെതിരെ ഇസ്‌ലാമിക മൂല്യങ്ങളിലൂന്നി നിന്നുകൊണ്ട് ന്യായവും മാന്യവുമായ വിധത്തില്‍ പ്രതികരിക്കല്‍ മുസ്‌ലിം സഘടനകളുടെ ബാധ്യതയാണ്. മുസ്‌ലിം വനിതാ സംഘടനകളാണ് അതിന് കൂടുതല്‍ കടപ്പെട്ടിരിക്കുന്നത്.
ആണ്‍, പെണ്‍ എന്ന ലിംഗഭേദത്തോട് കൂടെയാണ് ഭൂമിയിലെ സകല സൃഷ്ടിജാലങ്ങളും നിലനില്ക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ നാലാം അധ്യായത്തിലെ ഒന്നാമത്തെ വചനത്തില്‍ പറയുന്നത് കാണുക: ”മനുഷ്യരേ, നിങ്ങളെ നാം ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നു തന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുക. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ പരസ്പരം ചോദിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങളുടെ കുടുംബ ബന്ധങ്ങളെയും നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു.”
സ്ത്രീ സ്ത്രീയായും പുരുഷന്‍ പുരുഷനായും തന്നെയാണ് ജീവിക്കേണ്ടത്. സ്വന്തം അസ്തിത്വത്തെയാണ് അവര്‍ നിലനിര്‍ത്തേണ്ടതും അതിലാണ് സംതൃപ്തിയടയേണ്ടതും. പുരുഷവേഷം ധരിച്ച് ഞാന്‍ പുരുഷനാണെന്ന് നടിച്ചതുകൊണ്ട് മാത്രം അവള്‍ക്ക് പ്രത്യേകിച്ച് നേട്ടമൊന്നുമില്ല. മാത്രമല്ല, ക്രമേണ നിര്‍വികാരമായ കോലത്തിലേക്ക് അത് എത്തിച്ചെന്നും വരാം. മാരകമായ ഈ ഭവിഷ്യത്തിനെ ചെറുത്തുതോല്പിക്കേണ്ട കടമ കൂടുതലുള്ളത് മുസ്‌ലിം വനിതാ സംഘടനകള്‍ക്ക് തന്നെയാണ്.

എന്തുകൊണ്ട് ഐ ജി എം
മനുഷ്യന്റെ ബുദ്ധിപരവും കര്‍മപരവുമായ ശേഷിയെ നിലനിര്‍ത്തുന്നതില്‍ പ്രായത്തിന് വലിയൊരളവ് പങ്കുണ്ടല്ലോ. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അതിന് ഏറ്റവും അനുയോജ്യമായ കാലഘട്ടം 30 വയസ്സിന് താഴെയുള്ള പ്രായം തന്നെയാണ്. പുതുതായി രൂപം കൊണ്ട ഇന്റഗ്രേറ്റഡ് ഗേള്‍സ് മുവ്‌മെന്റ് (ഐ ജി എം) എന്ന വനിതാ സംഘടനയ്ക്ക് രൂപം നല്‍കിയത് ഇവയെല്ലാം ഉദ്ദേശിച്ചായിരിക്കുമെന്ന് വിശ്വസിക്കുന്നു. ആത്മവിശ്വാസത്തോടെ പുതിയ കാല പ്രതിസന്ധികളായ വിവാഹപ്രായം വര്‍ധിപ്പിക്കല്‍, ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്നിവക്കെതിരെയെല്ലാം ഇസ്‌ലാമിക മാനദണ്ഡങ്ങളിലൂന്നി നിന്നുകൊണ്ടും ഖുര്‍ആനും സുന്നത്തും തെളിവുകളായുദ്ധരിച്ചു കൊണ്ടും പ്രതിരോധിക്കാന്‍ പുതിയ സംഘടനക്ക് കഴിവും കരുത്തുമുണ്ടാകണം.

വിവാഹപ്രായം വര്‍ധിപ്പിക്കല്‍
മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വിവാഹത്തിന് അല്ലാഹു പ്രായം നിശ്ചയിച്ചിട്ടില്ല. സ്വത്ത് കയ്യില്‍ കിട്ടിയാല്‍ അത് പക്വതയോടെ കൈകാര്യം ചെയ്യുക, ധൂര്‍ത്തടിക്കാതിരിക്കുക, ന്യായമായ വിധത്തില്‍ അതിനെ വര്‍ധിപ്പിക്കുക ഇതിനെല്ലാമുള്ള പാകതയും പക്വതയുമെത്തുന്ന പ്രായം എന്നേ വിവാഹപ്രായത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ സംസാരിക്കുന്നുള്ളൂ. ‘അല്ലാഹു നിങ്ങളുടെ നിലനില്പിന്റെ ഭാഗമായി നിശ്ചയിച്ചു തന്നിട്ടുള്ള നിങ്ങളുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിവേകമില്ലാത്തവര്‍ക്ക് കൈവിട്ടു കൊടുക്കരുത്’ (വി.ഖു 4:5)
ഈ വിവേകം ചിലരില്‍ നേരത്തെ ഉണ്ടായി എന്നു വരും. ചിലര്‍ക്കതിന് പ്രായക്കൂടുതലുമെടുക്കും. പെണ്‍കുട്ടികളില്‍ പ്രത്യേകിച്ചും. ഭര്‍ത്താവിന്റെ സ്വത്തു കൈകാര്യം ചെയ്യല്‍, ഗര്‍ഭധാരണം, പ്രസവം, സന്താനങ്ങളെ സംസ്‌കാര സമ്പന്നരായി വളര്‍ത്തിയെടുക്കല്‍ ഇവയെല്ലാം വിവാഹാനന്തരം പെണ്ണിന്റെ ബാധ്യതയാണ്. ഈ ബാധ്യതകളൊക്കെ നിറവേറ്റാനുള്ള പാകതയും പക്വതയും പെണ്‍കുട്ടിക്കുണ്ടാവുകയും രക്ഷിതാക്കള്‍ക്ക് അത് ബോധ്യം വരികയും ചെയ്താല്‍ അതുതന്നെയാണ് ഖുര്‍ആനിന്റെ കാഴ്ചപ്പാടില്‍ പെണ്‍കുട്ടിയുടെ വിവാഹപ്രായം. ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ധാരാളമായി വായിക്കുക. അതാണ് വനിതാ സംഘടനകള്‍ക്കുണ്ടാകേണ്ട സവിശേഷ ഗുണം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x