28 Thursday
March 2024
2024 March 28
1445 Ramadân 18

രാഷ്ട്രീയ അസ്തിത്വം മുസ്‌ലിംകള്‍ നേരിടുന്ന വെല്ലുവിളികള്‍

എ പി അന്‍ഷിദ്‌

സ്വാതന്ത്ര്യാനന്തരം ഏഴര പതിറ്റാണ്ട് പിന്നിടുന്ന ഇന്ത്യന്‍ ജനാധിപത്യം ഇപ്പോഴും സമ്പൂര്‍ണമായ ജനപ്രാതിനിധ്യ സ്വഭാവം കൈവരിച്ചിട്ടുണ്ടോ? എളുപ്പത്തില്‍ തന്നെ ഇല്ല എന്ന് ഉത്തരം ലഭിക്കുന്ന ചോദ്യമാണിത്. കാരണം ജനപ്രാതിനിധ്യം പൂര്‍ണമാവണമെങ്കില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം. ജനസംഖ്യാനുപാതികമായ സമവാക്യം രൂപപ്പെടുത്തി എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കുക എന്നത് അപ്രായോഗികമാണെന്നറിയാം. അങ്ങനെയൊരു ആവശ്യം ഉന്നയിക്കപ്പെടുന്നുമില്ല. എന്നാല്‍ പ്രാതിനിധ്യം പോയിട്ട് പരിഗണന പോലും ലഭിക്കാത്ത വിഭാഗങ്ങള്‍ എമ്പാടുമുണ്ട് എന്നതാണ് ഇത്തരമൊരു വിഷയം ചര്‍ച്ചക്കെടുക്കാന്‍ കാരണം. രാജ്യത്ത് ഇന്ന് കാണുന്ന ജനപ്രാതിനിധ്യ ഭരണ വ്യവസ്ഥ അനുഭവിക്കുന്ന പരിമിതികളുടേയും പോരായ്മകളുടേയും ആഴവും വ്യാപ്തിയും കൂടിയാണ് ഇത് കാണിക്കുന്നത്.
സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പുറംതള്ളപ്പെട്ടുപോയ വലിയ ജനവിഭാഗങ്ങള്‍ ഇന്ത്യയിലുണ്ട്. ചരിത്രപരമായ കാരണങ്ങളാലോ കാലാകാലങ്ങളില്‍ മാറിമാറി വന്ന ഭരണകൂടങ്ങള്‍ സ്വീകരിച്ചുപോന്ന അവഗണനാ നയങ്ങളാലോ സംഭവിച്ചതാണ് ഈ പാര്‍ശ്വവല്‍ക്കരണം. അതിനെ തിരുത്തേണ്ട ഭരണകൂടങ്ങള്‍ പക്ഷേ, ഇപ്പോഴും അഗാധമായ മൗനത്തിലാണ്.
പിന്നാക്കാവസ്ഥക്കൊപ്പം അപരവല്‍ക്കരണം കൂടി നേരിടേണ്ടി വരുന്ന ഒരു ജനതയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. യഥാര്‍ഥത്തില്‍ ഇന്ത്യന്‍ മുസ്‌ലിം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത് ഇതാണ്. സ്വന്തം രാജ്യത്ത് അപരവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും താന്‍ ഈ രാജ്യത്തെ പൗരനാണെന്ന് ബോധ്യപ്പെടുത്തേണ്ടി വരുന്ന, അല്ലെങ്കില്‍ സ്വന്തം മനസ്സാക്ഷിയോടു തന്നെ ഇത്തരമൊരു ചോദ്യം ചോദിക്കേണ്ടി വരുന്ന അവസ്ഥ. ഇഷ്ടമുള്ള ഭക്ഷണം കഴിച്ചതിന്റെ പേരില്‍, വസ്ത്രം ധരിച്ചതിന്റെ പേരില്‍, മതത്തില്‍ വിശ്വസിച്ചതിന്റെ പേരില്‍, ജീവിത പങ്കാളിയെ നിശ്ചയിച്ചതിന്റെ പേരില്‍…, അങ്ങനെ തൊട്ടതിനെല്ലാം ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ടവര്‍ മാത്രം വേട്ടയാടപ്പെടുന്ന അവസ്ഥ. നിങ്ങള്‍ ഈ സമൂഹത്തിന്റെ, രാജ്യത്തിന്റെ പൗരബോധത്തിന്റെ ഭാഗമല്ലെന്ന് അവരുടെ മനസ്സില്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ് ഇതിലൂടെ.
ദളിത് പിന്നാക്കാവസ്ഥ മറികടക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനും രാജ്യം നിയമ നിര്‍മ്മാണങ്ങള്‍ക്ക് തുനിഞ്ഞു. ഉദ്യോഗ, വിദ്യാഭ്യാസ മേഖലകളില്‍ മാത്രമല്ല, അധികാരത്തിന്റെ താഴെ തട്ടിലാണെങ്കിലും ഭരണ സംവിധാനങ്ങളില്‍ വരെ അവര്‍ക്ക് പ്രാതിനിധ്യം ലഭിച്ചു. എന്നാല്‍ സച്ചാര്‍ കമ്മിറ്റി 2006-ല്‍ അന്നത്തെ കേന്ദ്ര സര്‍ക്കാറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതു പ്രകാരം രാജ്യത്തെ നല്ലൊരു വിഭാഗം വരുന്ന മുസ്്‌ലിം ന്യൂനപക്ഷങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ അവസ്ഥ ദളിതരേക്കാള്‍ താഴെയാണെന്നാണ്. മുസ്്‌ലിം സാമൂഹ്യാവസ്ഥയെക്കുറിച്ച് മാത്രമായി പ്രത്യേകം പഠിക്കാന്‍ നിയോഗിക്കപ്പെട്ട ആദ്യ സമിതിയായിരുന്നു ഡോ. രജീന്ദര്‍ സച്ചാറിന്റേത്. അതുകൊണ്ടുതന്നെ കുറച്ചുകൂടെ വ്യക്തതയുള്ളതായിരുന്നു ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സച്ചാര്‍ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ പുതുമയുള്ളതായിരുന്നില്ല. രാജ്യത്തെ ന്യൂനപക്ഷങ്ങളെക്കുറിച്ച് മൊത്തത്തിലുള്ള സ്ഥിതിവിവര വിശകലനത്തിന് ഇതിനു മുമ്പേ നിയോഗിക്കപ്പെട്ട സമിതികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
1983-ല്‍ നിയോഗിക്കപ്പെട്ട ഏഴംഗ സമിതിയില്‍ അംഗമായിരുന്ന ഏക മുസ്‌ലിം പ്രതിനിധി ഡോ. റഫീഖ് സക്കരിയ എഴുതിയത്, ഉദ്യോഗ, വിദ്യാഭ്യാസ രംഗങ്ങളിലോ സര്‍ക്കാര്‍ സാമ്പത്തിക പദ്ധതികളുടെ ഗുണഫലം പറ്റുന്നവരിലോ ഉള്ള മുസ്‌ലിം പ്രാതിനിധ്യത്തിന്റെ കണക്കുകള്‍ പോലും ലഭ്യമല്ലെന്നാണ്. മിശ്ര കമ്മിറ്റി റിപ്പോര്‍ട്ടിലും ഈ പിന്നാക്കാവസ്ഥ വരച്ചു കാണിക്കുന്നുണ്ട്.
ഒരു സമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനുള്ള അടിസ്ഥാനപരമായ ഘടകങ്ങളാണ് വിദ്യാഭ്യാസം, ഉദ്യോഗം, സാമ്പത്തികം, അധികാരം എന്നിവയിലെ പങ്കാളിത്തം. മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ വിദ്യാഭ്യാസ, ഉദ്യോഗ രംഗങ്ങളില്‍ പരിമിതമായ നിലയിലാണെങ്കിലും സംവരണത്തിലൂടെ വഴി തുറക്കുമ്പോള്‍ അധികാര പങ്കാളിത്തത്തിലേക്കുള്ള വഴികള്‍ കൂടുതല്‍ കൂടുതല്‍ കൊട്ടിയടക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാര്‍ഥ്യം.
അധികാര മോഹം എന്നതിനെ പലപ്പോഴും നെഗറ്റീവ് സെന്‍സില്‍ മാത്രമാണ് രാഷ്ട്രീയ രംഗത്ത് ചര്‍ച്ച ചെയ്യപ്പെടാറ്. എന്നാല്‍ അധികാരമോഹം എന്നത് ഒരിക്കലും തെറ്റായ പ്രവണതയല്ല. പക്ഷേ അധികാരമോഹം വ്യക്തിനിഷ്ടമാവുമ്പോഴാണ് അത് ചീത്തയാകുന്നത്. മറിച്ച് ഒരു സമൂഹത്തിന്റെ, സമുദായത്തിന്റെ, പ്രദേശത്തിന്റെ, ഒരു വിഭാഗത്തിന്റെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ പുരോഗതി ഉന്നംവെച്ചുകൊണ്ടുള്ളതാണെങ്കില്‍ ആ അധികാരമോഹം പുരോഗമന ചിന്തയുടെ സൃഷ്ടിയാണ്. അധികാര പങ്കാളിത്തമുണ്ടെങ്കില്‍ മാത്രമേ ഒരു പുരോഗതി കൈവരിക്കാന്‍ കഴിയൂ എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളില്‍ ഒന്നാണ് കേരളം. അതിന്റെ നേര്‍വിപരീതമാണ് യു പിയും ബിഹാറും പോലുള്ള സംസ്ഥാനങ്ങള്‍. അവിടെയും മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്നവരെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. ആണ്ടറുതിയിലൊരിക്കല്‍ തലയില്‍ തൊപ്പി വച്ച് ഇഫ്താര്‍ വിരുന്ന് നടത്തിയാല്‍ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്നത്ര പിന്നാക്കമാണ് അവിടുത്തെ മുസ്്‌ലിം ജനവിഭാഗങ്ങളെന്ന് തിരിച്ചറിഞ്ഞതില്‍ നിന്നുള്ള ചൂഷണം മാത്രമാണ് യഥാര്‍ഥത്തില്‍ അവിടങ്ങളില്‍ അരങ്ങേറുന്നത്. അതുകൊണ്ടുതന്നെയാണ് അവിടങ്ങളില്‍ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ പിന്നാക്ക സമൂഹങ്ങള്‍ അധികാരത്തിന്റെ പുറംകാഴ്ചകളിലേക്ക് വലിച്ചെറിയപ്പെടുന്നതും.
ഇത്തരം പ്രവണതകളെ, കാഴ്ചപ്പാടുകളെ മറികടക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നത് ആഴത്തില്‍ പരിശോധിക്കപ്പെടേണ്ട വിഷയമാണ്. കേരളം അടക്കം അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു വിശകലനത്തിന് പ്രസക്തി ഏറെയാണ്. താരതമ്യേന മുസ്‌ലിം പ്രാതിനിധിധ്യവും മുസ്‌ലിം അധികാര പങ്കാളിത്തവുമുള്ള സംസ്ഥാനമാണ് കേരളം. അര്‍ഹമായ പ്രാതിനിധ്യം എന്നത് അപ്പോഴും അകലെയാണെന്ന വസ്തുത വിസ്മരിക്കുന്നില്ല. എങ്കിലും തല്‍ക്കാലം കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളുടെ സ്ഥതി കൂടുതല്‍ വിശദമായി പരിശോധിക്കാം.

പശ്ചിമബംഗാള്‍

നിലവില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൡ ഭൂവിസ്തൃതിയിലും ജനസംഖ്യയിലും ഏറ്റവും മുന്നിലുള്ള സംസ്ഥാനമാണ് പശ്ചിമബംഗാള്‍. മൂന്നര പതിറ്റാണ്ടു കാലത്തെ ഇടതു ഭരണത്തിനു ശേഷം ദിശമാറിയൊഴികിയ വംഗരാഷ്ട്രീയം ഇന്ന് ശക്തമായ ത്രികോണ മത്സരത്തിന്റെ വേദിയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചെങ്കൊടിക്ക് ഏറ്റവും കൂടുതല്‍ ആള്‍ബലം നല്‍കിയ മണ്ണില്‍, ഒരു കണക്കിന് പറഞ്ഞാല്‍ ഇന്ന് ചുവപ്പുരാശി മാഞ്ഞുതുടങ്ങിയിരിക്കുന്നു. ബിഹാറും ഒഡീഷയും ജാര്‍ഖണ്ഡും നേപ്പാളും ബൂട്ടാനും വടക്കു പടിഞ്ഞാറ് ബംഗ്ലാദേശും അതിരിടുന്ന സംസ്ഥാനത്തെ ആകെ ജനസംഖ്യ 10 കോടിയോളമാണ്. 88,752 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതി. കിലോമീറ്ററിന് 1100 എന്ന തോതില്‍ ജനസാന്ദ്രത. പഴയ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമാണ് പശ്ചിമബംഗാളിന്റെ ഇന്നത്തെ തലസ്ഥാനമായ കൊല്‍ക്കത്ത നഗരം.
ഇവിടെയുള്ള ആകെ ജനസംഖ്യയില്‍ ഹിന്ദുക്കള്‍ 70.54 ശതമാനമാണ്. 27.01 ശതമാനം വരുന്ന മുസ്‌ലിംകളാണ് രണ്ടാമത്തെ വലിയ മതവിഭാഗം. ക്രിസ്ത്യന്‍ 0.72 ശതമാനവും. സ്വാതന്ത്ര്യാനന്തരമുള്ള പശ്ചിമബംഗാള്‍ 1947 മുതല്‍ 1977 വരേയും (1967-69 യുണൈറ്റഡ് ഫ്രണ്ട്) ഒഴിച്ചു നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് ആധിപത്യത്തിനു കീഴിലായിരുന്നു. 1977-ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷം 2011 വരേയും 34 വര്‍ഷം തുടര്‍ച്ചയായി അധികാരത്തില്‍ വന്നു. 2011 മുതല്‍ ഇതുവരേയും തൃണമൂലിന്റെ ഊഴമാണ്. ഇത്തവണ ഇടതുപക്ഷത്തേക്കാള്‍ ഉപരി ബി ജെ പിയാണ് തൃണമൂലിന്റെ മുഖ്യ എതിരാളി. ജനപ്രതിനിധികളെ വിലക്കു വാങ്ങുന്ന രാഷ്ട്രീയം അമിത് ഷായും സംഘവും വംഗനാട്ടില്‍ സമര്‍ഥമായി നടപ്പാക്കിയതിനാല്‍ തെരഞ്ഞെടുപ്പാനന്തര ചിത്രം പ്രവചനാതീതമാണ്. ഇത് രാഷ്ട്രീയ ചിത്രം.

പശ്ചിമബംഗാള്‍ രാഷ്ട്രീയത്തിലെ മുസ്‌ലിം പ്രാതിനിധ്യം പരിശോധിക്കാം. ഇടതുപക്ഷത്തും കോണ്‍ഗ്രസിലും ഉള്‍പ്പെടെ മികവുറ്റ നേതാക്കള്‍ മുസ്‌ലിംകളില്‍ നിന്ന് ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ മുസ്‌ലിം പ്രാതിനിധ്യം എന്ന നിലയിലേക്ക് അവര്‍ക്ക് മാറാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നത് ശ്രദ്ധേയമാണ്. പശ്ചിമബംഗാള്‍ പ്രതിപക്ഷ നേതാവായ അബ്ദുല്‍ മന്നാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് എഴുതിയ കത്ത് ഇതിന്റെ നേര്‍ സാക്ഷ്യമാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ പുതു പരീക്ഷണത്തിന് ഒരുങ്ങുന്ന ഇന്ത്യന്‍ സെക്യുലാര്‍ ഫ്രണ്ടുമായി (ഐ എസ് എഫ്) രാഷ്ട്രീയ സഖ്യം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു കത്ത്.

അബ്ബാസ് സിദ്ദീഖി

എന്നാല്‍ മന്നാന്‍ നടത്തുന്ന ചില ശ്രദ്ധേയ നിരീക്ഷണങ്ങളുണ്ട്. ഒരു കാലത്ത് പശ്ചിമബംഗാളിലെ കോണ്‍ഗ്രസിന്റെ വലിയ വോട്ടുബാങ്കായിരുന്നു ജനസംഖ്യയുടെ 27 ശതമാനവും ആകെ വോട്ടര്‍മാരുടെ 30 ശതമാനവും വരുന്ന മുസ്‌ലിംകള്‍. എന്നാല്‍ എന്തുകൊണ്ടോ അവരുടെ പിന്തുണ ഇന്ന് പാര്‍ട്ടിക്ക് ലഭിക്കുന്നില്ല. പശ്ചിമബംഗാളിലെ പാര്‍ട്ടിയുടെ വീഴ്ചക്ക് ഇത് വലിയ കാരണമാണ്. ഐ എസ് എഫിന്റെ തലപ്പത്ത് ഹിന്ദുവാണെങ്കിലും അതിനു പിന്നിലെ ശക്തി പിര്‍സാദ അബ്ബാസ് സിദ്ദീഖി എന്ന മുസ്‌ലിമിന്റേതാണ്. ബംഗാള്‍ മുസ്‌ലിംകള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള നേതാവും പുരോഹിതനുമാണ് അദ്ദേഹം. ഹൂഗ്ലിയിലെ പ്രസിദ്ധമായ ഫുര്‍ഫുറ ശരീഫ് കുടുംബത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം നിര്‍ണായകമാണ്. 30 ശതമാനം വരുന്ന മുസ്‌ലിം വോട്ടര്‍മാരില്‍ 90 ശതമാനവും ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളാണ്. അവരുടെ വോട്ട് ഇത്തവണ നിര്‍ണായകമാണ്.
എന്തുകൊണ്ട് മുസ്‌ലിംകള്‍ രാഷ്ട്രീയമായി തഴയപ്പെട്ടു പോകുന്നു എന്നതിനെക്കുറിച്ചുള്ള ചില പാഠങ്ങള്‍ കൂടി ഇത്തവണത്തെ ബംഗാള്‍ രാഷ്ട്രീയം മുന്നോട്ടു വെക്കുന്നുണ്ട്. അത് ശുഭ സൂചകവുമാണ്. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപപ്പെടുത്താനോ മുന്നോട്ടു കൊണ്ടുപോകാനോ ശേഷിയും പ്രാപ്തിയുമുള്ള നേതാക്കളുടെ അഭാവമാണ് ഇതില്‍ ഒന്ന്. അഥവാ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ തന്നെ മുഖ്യധാരാ കക്ഷികള്‍ക്കൊപ്പം ചുവടുറപ്പിച്ചു നില്‍ക്കുന്നതില്‍ എന്തുകൊണ്ടൊക്കെയോ പരാജയപ്പെട്ടു പോകുന്നു എന്നതാണ് മറ്റൊന്ന്. യു പിയും രാജസ്ഥാനും ബിഹാറും അടക്കമുള്ള, താരതമ്യേന നല്ല നിലയില്‍ മുസ്‌ലിം ജനസംഖ്യയുള്ള സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ചിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
കോണ്‍ഗ്രസ് അടക്കമുള്ള മതേതര ചേരിക്കൊപ്പം നിലയുറപ്പിച്ചു നില്‍ക്കാന്‍ കഴിയുന്ന തരത്തിലുള്ള, മുസ്‌ലിം ജനസാമാന്യത്തിന്റെ അംഗീകാരവും പിന്തുണയും നേടിയെടുക്കാന്‍ കഴിയുന്ന, ന്യൂനപക്ഷ രാഷ്ട്രീയ സംഘശക്തികള്‍ പിറവിയെടുക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ അറബിപ്പൊന്നിന്റെ നാട്ടിലേക്ക് കടല്‍ കടന്നുപോയവര്‍ നല്‍കിയ സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കാനാവാത്തതാണ്. എന്നാല്‍ സാമൂഹികവും വിദ്യാഭ്യാസപരവും തൊഴില്‍പരവുമായി കേരളീയ മുസ്‌ലിം സമൂഹം നേടിയ പുരോഗതിയുടെ ഘടകം ഈ സാമ്പത്തിക പുരോഗതി ആയിരുന്നില്ല. മറിച്ച് സുശക്തമായ രാഷ്ട്രീയ, അധികാര പങ്കാളിത്തമായിരുന്നു. ഇക്കാര്യത്തില്‍ മുസ്‌ലിംലീഗ് വഹിച്ച പങ്ക് നിസ്തുലവുമാണ്. ആ മാതൃകയാണ് രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങള്‍ക്ക് കരണീയം.

അസദുദ്ദീന്‍ ഉവൈസി

അസദുദ്ദീന്‍ ഉവൈസിയുടെ എ ഐ എം ഐ എം പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളും നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ തങ്ങള്‍ക്ക് വേരു പിടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അവ ഗുണത്തേക്കാള്‍ ഉപരി ദോഷമാണ് ചെയ്യുക. ന്യൂനപക്ഷത്തെ പ്രതിനീധീകരിക്കുന്നവരെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ, മതേതര ചേരിക്കൊപ്പം ചേരാതെ തനിച്ചു നില്‍ക്കുക വഴി ന്യൂനപക്ഷ വോട്ടുബാങ്കുകളില്‍ ഭിന്നിപ്പിക്കുണ്ടാക്കുകയും രാഷ്ട്രീയ നിലപാടുകളിലെ തീവ്രതയിലൂടെ ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയും അതുവഴി ബി ജെ പിക്കും സംഘ് പരിവാര്‍ സംഘടനകള്‍ക്കും അനൂകൂലമായ ഭൂരിപക്ഷ വോട്ടു ബാങ്കിന്റെ ഏകീകരണം സാധ്യമാക്കുകയുമാണ് ഉവൈസിയെപ്പോലുള്ളവര്‍ ചെയ്യുന്നത്. രാജസ്ഥാനു പിന്നാലെ ബംഗാളിലും ഒരു കൈ നോക്കാന്‍ ഉവൈസി എത്തുന്നുണ്ട് എന്നതുകൊണ്ടു തന്നെ ആ രാഷ്ട്രീയത്തിലെ അപകടം തിരിച്ചറിയപ്പെടേണ്ടതുണ്ട്.
അബ്ബാസ് സിദ്ദീഖിയുടെ രാഷ്ട്രീയ പ്രവേശത്തില്‍ നിന്ന് രണ്ട് കാര്യങ്ങള്‍ വായിച്ചെടുക്കാനുണ്ട്. ഒന്ന് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ തങ്ങളെ പൂര്‍ണമായും കൈയൊഴിയുന്നു എന്ന കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുടെ തിരിച്ചറിവാണ.് മറ്റൊന്ന് സ്വന്തമായ രാഷ്ട്രീയ അസ്തിത്വമില്ലാതെ നിലനില്‍പ്പില്ല എന്ന അബ്ബാസ് സിദ്ദീഖിയെപ്പോലുള്ളവരുടെ തിരിച്ചറിവും.
2011-ലും 2016-ലും സിദ്ദീഖി പിന്തുണച്ചത് തൃണമൂല്‍ കോണ്‍ഗ്രസിനേയും മമതാ ബാനര്‍ജിയേയുമായിരുന്നു. ബംഗാള്‍ രാഷ്ട്രീയത്തിലെ മമതയുടെ ഉദയത്തില്‍ ഇത് നിര്‍ണായകമായിരുന്നു. മൂന്നരപ്പതിറ്റാണ്ട് കാലം തുടര്‍ച്ചയായി ഇടതുപക്ഷം ഭരിച്ച പശ്ചിമബംഗാളിലെ, രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ മുസ്‌ലിം പിന്നാക്കാവസ്ഥ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിട്ട മമതയുടെ രാഷ്ട്രീയത്തില്‍ സിദ്ദീഖി അടക്കമുള്ളവര്‍ വീഴുകയായിരുന്നു. എന്നാല്‍ അധികാരത്തിലിരുന്ന പത്തുവര്‍ഷവും മമത മുസ്‌ലിം പുരോഗതിക്കു വേണ്ടി ഒന്നും ചെയ്തില്ലെന്ന തിരിച്ചറിവാണ് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി എന്ന ആശയത്തിലേക്ക് സിദ്ദീഖിയെ എത്തിച്ചത്. വോട്ടുബാങ്കു രാഷ്ട്രീയമായി മാത്രമാണ് മുസ്‌ലിംകളെ ഇടതുപക്ഷത്തെപ്പോലെ തന്നെ മമതയും കണ്ടതെന്നാണ് താഴെ തട്ടിലെ ആക്ഷേപം. നിലവില്‍ ഐ എസ് എഫും ഇടതുപക്ഷവും കോണ്‍ഗ്രസും ഉള്‍കൊള്ളുന്ന സഖ്യമാണ് പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബംഗാള്‍ നിയമ നിര്‍മ്മാണ സഭയിലെ മുസ്്‌ലിം പ്രാതിനിധ്യത്തിന്റെ തോത് വര്‍ധിപ്പിക്കാനെങ്കിലും ഈ നീക്കം ഉപകരിക്കുമെന്ന് പ്രതീക്ഷിക്കാം. അതിനപ്പുറത്ത് ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും ഇത് നിര്‍ണായകമാണ്. തങ്ങള്‍ മുസ്്‌ലിം ന്യൂനപക്ഷത്തിനൊപ്പമുണ്ടെന്ന് ബോധ്യപ്പെടുത്താനും അവശേഷിക്കുന്ന മുസ്‌ലിം വോട്ടുകളെങ്കിലും സ്വന്തം പോക്കറ്റില്‍ നിന്ന് ചോരാതെ സൂക്ഷിക്കാനുമാണ് അവര്‍ സിദ്ദീഖിയുമായുള്ള രാഷ്ട്രീയ ചങ്ങാത്തതെ കാണുന്നത്.

അസം

പൗരത്വ നിയമ ഭേദഗതിയെ (സി എ എ) അനുകൂലിച്ചും എതിര്‍ത്തുമുള്ള രാഷ്ട്രീയമാണ് ഇത്തവണ അസം നിയമസഭാ തെരഞ്ഞെടുപ്പ് വിധിയില്‍ നിര്‍ണായകമായ ഘടകമാവുക. വികസനം അടക്കമുള്ള വിഷയങ്ങളാണ് ചര്‍ച്ചയാക്കുകയെന്ന അവകാശ വാദവുമായി ബി ജെ പി രംഗത്തുണ്ടെങ്കിലും അടിസ്ഥാനപരമായി തന്നെ പൗരത്വ ഭേദഗതി നിയമം ചര്‍ച്ചയില്‍ ഉയര്‍ന്നുവരും. കാരണം നിലവിലെ സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാഹചര്യം അതാണ്. ത്രികോണ മത്സരമാണ് ഇത്തവണ അസമിലും അരങ്ങേറുന്നത്. എന്നാല്‍ നേര്‍ക്കുനേര്‍ വരുന്നത് ഭരണ കക്ഷിയായ ബി ജെ പിയും മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസുമാണ്. ബദറുദ്ദീന്‍ അജ്മലിന്റെ എ ഐ യു ഡി എഫുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പുതിയ സഖ്യ സാധ്യത പരീക്ഷിക്കുന്ന തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ എങ്ങനെ വരും എന്നത് കാത്തിരുന്നു കാണണം.

മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ ആറ് തിയതികളില്‍ മൂന്നു ഘട്ടമായാണ് അസമില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 126 അംഗ സഭയില്‍ 64 ആണ് കേവല ഭൂരിപക്ഷത്തിനുള്ള മാന്ത്രിക സംഖ്യ. പശ്ചിമബംഗാള്‍ അടക്കമുള്ള മറ്റു സംസ്ഥാനങ്ങള്‍ക്ക് സമാനമായിരുന്നു അടുത്ത കാലം വരേയും അസമിലേയും മുസ്‌ലിം രാഷ്ട്രീയത്തിന്റെ സ്ഥിതി. കൃത്യമായി പറഞ്ഞാല്‍ ബദറുദ്ദീന്‍ അജ്മലിന്റെ നേതൃത്വത്തിലുള്ള എ ഐ യു ഡി എഫ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്ന 2005 വരേയും. സ്വന്തമായ രാഷ്ട്രീയ അസ്തിത്വം എന്ന നിലയിലേക്ക് അസമിലെ ന്യൂനപക്ഷങ്ങള്‍ വരുന്നത് എ ഐ യു ഡി എഫിന്റെ രാഷ്ട്രീയ പ്രവേശത്തോടെയാണ്. അതുവരേയും കോണ്‍ഗ്രസിന്റെ വോട്ടുബാങ്കായിരുന്നു അസമിലെ മുസ്‌ലിംകള്‍. മാറി മാറി വന്ന സര്‍ക്കാറുകള്‍ തങ്ങളുടെ നിലനില്‍പ്പിനു വേണ്ടി ആ രാഷ്ട്രീയം ഉപയോഗിച്ചു എന്നതൊഴിച്ചാല്‍, അസം മുസ്‌ലിംകളില്‍ നിന്ന് നല്ലൊരു നേതാവിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കൂടി ഇക്കൂട്ടര്‍ തയ്യാറായിരുന്നില്ല എന്നതാണ് വാസ്തവം.
കിഴക്കന്‍ ഹിമാലയ താഴ്‌വരയില്‍ വരുന്ന താരതമ്യേന ചെറിയ സംസ്ഥാനമാണ് അസം. അരുണാചല്‍പ്രദേശ്, ബൂട്ടാന്‍, മണിപ്പൂര്‍, ത്രിപുര, പശ്ചിമബംഗാള്‍ എന്നിവയും വടക്ക് ബംഗ്ലാദേശും അതിര്‍ത്തി പങ്കിടുന്ന വടക്കു കിഴക്കന്‍ സംസ്ഥാനമായ അസമിലെ ആകെ ജനസംഖ്യ 3.6 കോടിയാണ്. ഭൂവിസ്തൃതി 78,498 ചതുരശ്ര കിലോമീറ്റര്‍, ജനസാന്ദ്രത കിലോമീറ്ററില്‍ 397 പേര്‍. ആകെ ജനസംഖ്യയുടെ 61.47 ശതമാനമാണ് ഹിന്ദുക്കള്‍. മുസ്‌ലിംകള്‍ 34.22 ശതമാനവും ക്രിസ്ത്യന്‍ 3.74 ശതമാനവും. ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഒന്ന് കൂടിയാണ് അസം. ആകെ ജനസംഖ്യയുടെ മൂന്നില്‍ ഒന്ന് മുസ്‌ലിംകള്‍. എന്നാല്‍ സ്വാതന്ത്ര്യാനന്തരം ഇന്നോളം മുഖ്യാധാരാ രാഷ്ട്രീയത്തിന് പുറത്തായിരുന്നു അസമിലെ മുസ്‌ലിംകള്‍. അതിനൊപ്പം ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞുകയറിയവരെന്ന ഒറ്റപ്പെടുത്തലും.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മുസ്‌ലിം പിന്നാക്ക ജനവിഭാഗങ്ങള്‍ നേരിടുന്ന വേട്ടയാടപ്പെടലുകള്‍ ചില്ലറയല്ല. അസമിലെ 34 ശതമാനം മുസ്്‌ലിംകളില്‍ നാലു ശതമാനമാണ് തദ്ദേശ ഭാഷകള്‍ സംസാരിക്കുന്നവര്‍. ബാക്കി വരുന്ന 30 ശതമാനവും (ആകെ മുസ്‌ലിം ജനസംഖ്യയുടെ 90 ശതമാനവും) ബംഗാളി സംസാരിക്കുന്നവരാണ്. സ്വാതന്ത്ര്യ പൂര്‍വ്വ കാലത്തു തന്നെ ഇന്ത്യയില്‍ തങ്ങിയിരുന്നവരാണ് ഇവരില്‍ നല്ലൊരു പങ്ക്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ എന്ന നിലയിലും സ്വാതന്ത്ര്യ പൂര്‍വ്വകാലത്ത് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ഭൂപ്രദേശങ്ങള്‍ എന്ന നിലയിലും സ്വാഭാവികമായിതന്നെ ബംഗാളി ഭാഷ ഇവര്‍ക്കിടയിലെ മുഖ്യ ആശയവിനിമയോപാധിയായി മാറിയതാണ്. ബംഗ്ലാദേശ് ആഭ്യന്തര യുദ്ധ കാലത്ത് ഇന്ത്യയില്‍ അഭയം തേടിയെത്തിവരും ഇക്കൂട്ടത്തിലുണ്ട്. അന്നത്തെ ഇന്ത്യന്‍ ഭരണകൂടം രണ്ടു കൈയും നീട്ടി സ്വീകരിച്ചവരാണ് ഈ അഭയാര്‍ഥികള്‍ എന്നുകൂടി ഓര്‍ക്കണം.
അതിനു ശേഷം ഉപജീവനം തേടി ഇന്ത്യയിലേക്ക് കൂടിയേറിയ ചുരുക്കം ചിലരുമുണ്ട്. എന്നാല്‍ പേരിനു മാത്രമുള്ള ഈ കുടിയേറ്റക്കാരെ മൂന്നില്‍ നിര്‍ത്തി ബംഗാളി ഭാഷ സംസാരിക്കുന്ന മുഴുവന്‍ മുസ്‌ലിംകളേയും അപരവത്കരിച്ച് ഒറ്റപ്പെടുത്തുന്നതാണ് അസമിന്റെ ഇന്നത്തെ രാഷ്ട്രീയം. ഗോത്രവര്‍ഗങ്ങളെ ഇളക്കിവിട്ട് അസമിന്റെ തനതു പാരമ്പര്യം അധിനിവേശ ബംഗാളി മുസ്‌ലിംകള്‍ കവര്‍ന്നെടുക്കുന്നുവെന്ന അസത്യപ്രചാരണത്തിലൂടെ പതിറ്റാണ്ടുകള്‍ കൊണ്ടാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ടത്. അതിനു പരിഹാരം എന്ന നിലയിലാണ് അസം അക്കോര്‍ഡ് രൂപപ്പെടുത്തിയതും അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഇതില്‍ ഒപ്പുവെച്ചതും.
തനതു ഗോത്രവര്‍ഗങ്ങള്‍ക്ക് ആധിപത്യമുള്ള മേഖലകള്‍ സ്വയംഭരണ പദവിയുള്ള കൗണ്‍സിലുകളുടെ കീഴിലാക്കുന്നത് ഉള്‍പ്പെടെ അസമിന്റെ തനത് അസ്തിത്വം പൂര്‍ണമായും സംരക്ഷിപ്പെടുന്ന തരത്തിലാണ് ഈ കരാറുണ്ടാക്കിയിട്ടുള്ളത്. എന്നിട്ടും ഈ വിഷയം കുത്തിപ്പൊക്കി കൊണ്ടുവരുന്നതില്‍ അസമിലെ മുസ്്‌ലിം ന്യൂനപക്ഷത്തെ വേട്ടയാടുക എന്ന ഒറ്റ ലക്ഷ്യമാണുള്ളത്. അസമിലെ അതിര്‍ത്തി ജില്ലകളായ ചിരാങിലും കൊക്രജറിലും 2012-ലുണ്ടായ വര്‍ഗീയ കലാപം ഇതിനു തെളിവായിരുന്നു. ബോഡോ തീവ്രവാദികള്‍ അഴിച്ചുവിട്ട അക്രമങ്ങളിലും കൊള്ളിവെപ്പിലും 77 ന്യൂനപക്ഷ വിഭാഗക്കാരാണ് കൊല്ലപ്പെട്ടത്. നാലു ലക്ഷത്തോളം കുടുംബങ്ങള്‍ ഭവനരഹിതരാക്കപ്പെടുകയോ സ്വന്തം നാടുകളില്‍ നിന്ന് ആട്ടിയോടിക്കപ്പെടുകയോ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

ബദ്‌റുദ്ദീന്‍ അജ്മല്‍

സെന്‍ട്രല്‍ അസമിലെ ഹൊജായി സ്വദേശിയായ ഹാജി അജ്മല്‍ അലിയുടെ മകന്‍ അങ്ങനെ അസമിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം പകരുകയായിരുന്നു. 1950-കളില്‍ പിതാവിനൊപ്പം മുംബൈയിലെത്തിയ അജ്മല്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ അറിയപ്പെടുന്ന പെര്‍ഫ്യൂം വ്യാപാരിയായി മാറിയിരുന്നു. അജ്മല്‍ പെര്‍ഫ്യൂംസിന് മുംബൈയില്‍ നിരവധി ശാഖകള്‍ ഉയര്‍ന്നുവന്നു. സുഗന്ധലേപനങ്ങളുടെ മൊത്തവ്യാപാരത്തിലേക്കും കടന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും തന്റെ ബിസിനസ് സാമ്രാജ്യം വളര്‍ത്തി. അസമില്‍ തിരിച്ചെത്തി മത, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ തന്റേതായ ഇടപെടല്‍ നടത്തുകയും ഹാജി അബ്ദുല്‍മജീദ് മെമ്മോറിയല്‍ ട്രസ്റ്റ് അടക്കമുള്ള സ്ഥാപനങ്ങളിലൂടെ പുതിയ കര്‍മ്മമണ്ഡലം തുറക്കുകയും ചെയ്ത ബദറുദ്ദീന്‍ അജ്മല്‍ അപ്രതീക്ഷിതമായാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നത്.
അനധികൃത കുടിയേറ്റ (ട്രിബ്യൂണല്‍) നിയമം റദ്ദുചെയ്തുകൊണ്ടുള്ള സുപ്രീംകോടതി വിധി സൃഷ്ടിച്ച അരക്ഷിത ബോധത്തില്‍ നിന്നാണ് 2005-ല്‍ ബദറുദ്ദീന്‍ അജ്മല്‍ അസം യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുന്നത്. ഇതാണ് പിന്നീട് 2013-ല്‍ ആള്‍ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് (എ ഐ യു ഡി എഫ്) ആയി മാറിയത്. രൂപീകരണത്തിനു പിന്നാലെ നടന്ന 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റം കൈവരിക്കാന്‍ അജ്മലിന്റെ പാര്‍ട്ടിക്കു കഴിഞ്ഞിരുന്നില്ല. ഇതിനിടെ 2009-ല്‍ അസമിലെ ദുബ്രി മണ്ഡലത്തില്‍ നിന്ന് ബദറുദ്ദീന്‍ അജ്മല്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ വന്ന 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റുമായി മുഖ്യ പ്രതിപക്ഷ കക്ഷിയായി എ ഐ യു ഡി എഫ് ഉയര്‍ന്നു വന്നു. തരുണ്‍ ഗൊഗോയി ഹാട്രിക് വിജയവുമായി തിളങ്ങിനില്‍ക്കുന്ന കാലം.
എന്നാല്‍ 2016-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയതയും വംശീയതയും ആളിക്കത്തിച്ച് ബി ജെ പി നടത്തിയ പ്രചാരണവും അസം കോണ്‍ഗ്രസില്‍ രൂപപ്പെട്ട അസ്വാരസ്യങ്ങളും ഗൊഗോയ് സര്‍ക്കാറിനെ വീഴ്ത്തി. കൂട്ടത്തില്‍ അഞ്ചു സീറ്റ് എ ഐ യു ഡി എഫിനും നഷ്ടമായി. അംഗബലം 18-ല്‍ നിന്ന് 13-ലേക്ക് ചുരുങ്ങി. 2011-ല്‍ 26 സീറ്റുണ്ടായിരുന്ന ബി ജെ പി, അസം ഗണ പരിഷത്ത് (എ ജിപി), ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് (ബി പി എഫ്) എന്നിവയെ കൂട്ടുപിടിച്ച് എന്‍ ഡി എ സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട് 80-ലധികം സീറ്റ് നേടി. എന്നാല്‍ എ ഐ യു ഡി എഫ് സഖ്യതാല്‍പര്യം അറിയിച്ചിട്ടും ചെവികൊടുക്കാതെ തനിച്ചു മത്സരിച്ച കോണ്‍ഗ്രസ് 2011- ല്‍ 78 സീറ്റുണ്ടായിരുന്നത് 2016-ല്‍ 26-ലേക്ക് ചുരുങ്ങി.
ബദറുദ്ദീന്‍ അജ്മല്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചതോടെ അദ്ദേഹത്തിനൊപ്പം നിന്ന ബംഗാളി സംസാരിക്കുന്ന മുസ്്‌ലിംകളില്‍ നല്ലൊരു വിഭാഗവും പരമ്പരാഗതമായി കോണ്‍ഗ്രസിന്റെ വോട്ടുബാങ്കായിരുന്നു. ഈ ചോര്‍ച്ചയാണ് യഥാര്‍ഥത്തില്‍ ഗൊഗോയിയെ വീഴ്ത്തിയത്. 2020-ല്‍ അദ്ദേഹം മരണത്തിനു കീഴടങ്ങുക കൂടി ചെയ്തതോടെ അസം രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് വല്ലാത്ത നേതൃശൂന്യത നേരിടേണ്ടി വന്നു. ഇപ്പോള്‍ ബദറുദ്ദീന്‍ അജ്മലുമായി രാഷ്ട്രീയ സഖ്യത്തിലേര്‍പ്പെടാനുള്ള കോണ്‍ഗ്രസ് തീരുമാനം വൈകി വന്ന വിവേകമാണ്. 2016-ല്‍ 80 സീറ്റ് നേടിയ എന്‍ ഡി എ സഖ്യത്തിന് ലഭിച്ച ആകെ വോട്ടു വിഹിതം 41.9 ശതമാനമാണ്. അതേസമയം കോണ്‍ഗ്രസിന് ലഭിച്ചത് 31 ശതമാനവും എ ഐ യു ഡി എഫിന് ലഭിച്ചത് 13 ശതമാനവും. രണ്ടു കക്ഷികളുടേതും ചേര്‍ത്തുവച്ചാല്‍ 44 ശതമാനം വോട്ടുവിഹിതമുണ്ട്. അതുകൊണ്ടുതന്നെ അസമില്‍ ഇത്തവണ ബി ജെ പിക്കു മുന്നില്‍ കാര്യങ്ങള്‍ എളുപ്പമല്ലെന്ന് ചുരുക്കം.
പൗരത്വ രജിസ്റ്ററിലൂടെ ബി ജെ പി കുടം തുറന്നുവിട്ട ഭൂതം ബൂമറാങ്ങാവുമെന്ന വിലയിരുത്തല്‍ ആ പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്. അതാണ് സി എ എക്കു പകരം വികസനം ചര്‍ച്ചയാക്കുമെന്ന മോദി – അമിത് ഷാ അച്ചുതണ്ടിന്റേയും മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാളിന്റെയും വാദത്തിനു പിന്നില്‍. എന്നാല്‍ പൗരത്വ വിഷയം ചര്‍ച്ചക്കെടുത്ത് രാഹുല്‍ ഗാന്ധി തുടക്കത്തില്‍ തന്നെ തെരഞ്ഞെടുപ്പ് അജണ്ട ഈ ദിശയിലേക്ക് തിരിച്ചുവിട്ടിരുന്നു. കണക്കുകൂട്ടലുകള്‍ ശരിയെങ്കില്‍ അസം രാഷ്ട്രീയത്തില്‍ പുതിയ സഖ്യ സര്‍ക്കാറിനുള്ള സാധ്യതകള്‍ തെളിഞ്ഞു വരുന്നുണ്ട്. എ ഐ യു ഡി എഫിലൂടെ മുസ്്‌ലിം അധികാര രാഷ്ട്രീയ പങ്കാളിത്തത്തിനും അത് വഴിതുറക്കും.
അസം ജാതീയ പരിഷത്തും (എ ജെ പി) രജോര്‍ ദളും (ആര്‍ ഡി) ഇത്തവണത്തെ അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതു പരീക്ഷണത്തിനിറങ്ങുന്നുണ്ട്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേങ്ങളുടെ സൃഷ്ടിയാണ് ഈ രണ്ട് പാര്‍ട്ടികളും. 2019 ഡിസംബറില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കു നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ സംഘടനകള്‍ ഉയര്‍ന്നു വന്നത്. സി എ എ വിരുദ്ധ പക്ഷത്തിന്റെ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കുമെന്നതില്‍ കവിഞ്ഞ് വലിയ പ്രതീക്ഷകള്‍ ഈ പാര്‍ട്ടികളുടെ കാര്യത്തില്‍ ആരും പുലര്‍ത്തുന്നില്ല. പ്രാദേശിക സംഘടനകളെ കൂട്ടുപിടിച്ച് ഒന്നോ രണ്ടോ സീറ്റ് നേടി വിലപേശല്‍ ശക്തിയാകാന്‍ കഴിയുമോ എന്ന നോട്ടത്തിലാണിവര്‍.

തമിഴ്‌നാടും പുതുച്ചേരിയും

എല്ലാറ്റിനും മീതെ വംശീയ രാഷ്ട്രീയം ഉയര്‍ന്നു നില്‍ക്കുന്നതാണ് തമിഴ്‌നാടിന്റെ രീതിശാസ്ത്രം. തമിഴ് വംശീയതയാണ് മുഖ്യം. മതവും ജാതിയും കൊടിയുടെ നിറവുമെല്ലാം അതിനു താഴെ മാത്രമേ വരൂ. ഡി എം കെ, അണ്ണാ ഡി എം കെ എന്നീ രണ്ട് പ്രബല ദ്രാവിഡ ശക്തികള്‍ക്ക് മാത്രം മേല്‍ക്കോയ്മയുള്ള സംസ്ഥാനം. കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ഡി എം കെ സഖ്യത്തിന്റെ ഭാഗം എന്ന നിലയിലാണ് തമിഴ് രാഷ്ട്രീയത്തില്‍ വിലാസം നേടുന്നത്. ബി ജെ പിയാവട്ടെ, തമിഴ് രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാന്‍ നടത്തിയ ശ്രമങ്ങളൊന്നും ഇതുവരെ ക്ലച്ചു പിടിച്ചിട്ടുമില്ല. രാജ്യത്തെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ സാമൂഹ്യ, സാമ്പത്തിക ജീവിത നിലവാരത്തില്‍ ഭേദപ്പെട്ട നിലയിലാണ് തമിഴ് മുസ്്‌ലിംകള്‍. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇതിന് ആനുപാതികമായ പ്രാതിനിധ്യം മുസ്്‌ലിം സമൂഹത്തിന് കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഡി എം കെ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന മുസ്്‌ലിംലീഗ് ആണ് പ്രബല മുസ്്‌ലിം രാഷ്ട്രീയ സംഘടന. ഡി എം കെയും കോണ്‍ഗ്രസും അടങ്ങുന്ന സഖ്യത്തിന്റെ ഭാഗമായി മൂന്ന് നിയമസഭാ മണ്ഡലങ്ങളിലാണ് മുസ്്‌ലിംലീഗ് മത്സരിക്കുന്നത്. തമിഴ് മുസ്്‌ലിം വോട്ടുബാങ്കിനെ കൂടെ നിര്‍ത്താനുള്ള ഉപാധി കൂടിയാണ് ഡി എം കെക്ക് ഈ ബന്ധം. എങ്കിലും കേവല രാഷ്ട്രീയ സഖ്യത്തിനപ്പുറത്തുള്ള സൗഹൃദമുണ്ട് തമിഴകത്ത് മുസ്്‌ലിംലീഗും ഡി എം കെയും തമ്മില്‍. ഡി എം കെ സ്ഥാപകന്‍ സി എന്‍ അണ്ണാ ദുരൈയും മുസ്്‌ലിംലീഗ് സ്ഥാപകന്‍ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്്മാഈല്‍ സാഹിബും തമ്മില്‍ തുടങ്ങിയതാണ് ആ സൗഹൃദം. കരുണാനിധിയിലൂടെ മകന്‍ സ്റ്റാലിനിലെത്തുമ്പോഴും ആ ബന്ധത്തിന് ഉലച്ചില്‍ തട്ടാതെ തുടരുന്നു.
അമിത സൗഹൃദം മുസ്്‌ലിംലീഗിന്റെ വിലപേശല്‍ ശക്തിയെ ദുര്‍ബലപ്പടുത്തുന്നുണ്ട് എന്നത് മറ്റൊരു വസ്തുത. നേരത്തെ നാല് നിയമസഭാ സീറ്റില്‍ മത്സരിച്ചിരുന്ന മുസ്്‌ലിംലീഗിന് 2011-ലെ കോണ്‍ഗ്രസ്- ഡി എം കെ തര്‍ക്കം തീര്‍ക്കാന്‍ വിട്ടുനല്‍കേണ്ടി വന്നതാണ് ഒരു സീറ്റ്. ഫലത്തില്‍ ഇതോടെ മുസ്്‌ലിംലീഗ് ക്വാട്ട മൂന്നായി ചുരുങ്ങി. കടയനല്ലൂരില്‍ സിറ്റിങ് എം എല്‍ എ കെ.എ.എം അബൂബക്കര്‍ തന്നെയാണ് ഇത്തവണയും ജനവിധി തേടുന്നത്. വാണിയമ്പാടിയില്‍ എന്‍ മുഹമ്മദ് നഈമും ചിദംബരത്ത് എ എസ് അബ്ദുറഹ്്മാന്‍ റബ്ബാനിയും മാറ്റുരയ്ക്കും. വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലും ഡി എം കെ സഖ്യത്തിന്റെ ഭാഗമായി മുസ്്‌ലിംലീഗിന്റെ പ്രതിനിധിയാണുള്ളത്. എന്നാല്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം തമിഴ് രാഷ്ട്രീയത്തിലും മുസ്്‌ലിംകള്‍ക്ക് ഇല്ലെന്നത് യാഥാര്‍ഥ്യമാണ്. തമിഴകത്തെ മുസ്്‌ലിം പ്രാതിനിധ്യം മുസ്്‌ലിംലീഗില്‍ മാത്രം ഒതുങ്ങുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഇതര കക്ഷികളില്‍ പേരിനു പോലും മുസ്്‌ലിം സ്ഥാനാര്‍ഥികളെ പരിഗണിക്കപ്പെടാറില്ല.
കേരളവും കര്‍ണാടകയും ആന്ധ്രയും പുതുച്ചേരിയും അറബിക്കടലും അതിരിടുന്ന തമിഴ്‌നാട്ടിലെ ആകെ ജനസഖ്യ എട്ടരക്കോടിയാണ്. ഇതില്‍ 5.86 ശതമാനമാണ് മുസ്്‌ലിംകള്‍. 87.58 ശതമാനവും ഹിന്ദുക്കളാണ്. ക്രിസ്ത്യാനികള്‍ 6.12 ശതമാനവും. ഹിന്ദുക്കള്‍ എന്ന് പറയുമ്പോഴും ഒരേ പട്ടികയില്‍ എത്രത്തോളും ചേര്‍ത്തുവെക്കാന്‍ കഴിയുന്ന വിഭാഗങ്ങളാണ് ഇതില്‍ ഉള്‍കൊള്ളുന്നതെന്ന് മറ്റൊരു വസ്തുതയാണ്. ജാതിമേല്‍ക്കോയ്മ ഇന്നും അത്രമേല്‍ ശക്തമായി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്. ബ്രാഹ്മണന്‍ കഴിച്ച എച്ചിലില്‍ കീഴാളന്‍ ഉരുളുന്നതുപോലുള്ള വിചിത്ര ആചാരങ്ങള്‍ നിലനില്‍ക്കുന്ന നാട്. ജാതി മാറി വിവാഹം ചെയ്തതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ദുരഭിമാനക്കാലകള്‍ അരങ്ങേറുന്ന സംസ്ഥാനം. കെല്‍വന്‍മണി കൂട്ടക്കൊല, മേലവലവ് കൂട്ടക്കൊല, ധര്‍മ്മപുരി, മരക്കാനം കൂട്ടക്കൊലകള്‍ എന്നിവയെല്ലാം ജാതിഭ്രാന്തിന്റെ പേരില്‍ ദളിതര്‍ക്കെതിരെ സവര്‍ണ സമുദായങ്ങള്‍ അഴിച്ചുവിട്ട സംഘടിത കലാപങ്ങളായിരുന്നു.
തമിഴ് വംശീയത, ജാതി എന്നിവയില്‍ വേരുറഞ്ഞുകിടക്കുന്നതാണ് തമിഴ്‌നാടിന്റെ സാമൂഹ്യ ജീവിത പരിസരം. അതുകൊണ്ടുതന്നെ മതങ്ങള്‍ക്കോ മതവിശ്വാസങ്ങള്‍ക്കോ വലിയ ചര്‍ച്ചകള്‍ക്ക് ഇടം ലഭിക്കാറില്ല. എന്നാല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉയര്‍ന്ന പ്രതിഷേധം ഇതിന് അപവാദമായിരുന്നു. ശാഹീന്‍ബാഗ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി രാജ്യമെമ്പാടും ഉയര്‍ന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായിരുന്നു തമിഴകത്തും കണ്ടത്. മറീനാ ബീച്ചിലെ ജെല്ലിക്കെട്ട് സമരത്തിനും മൂന്നു വര്‍ഷം മുമ്പ് ഹൈഡ്രോ കാര്‍ബണ്‍ പദ്ധതികള്‍ക്കെതിരെ നടന്ന ജനകീയ പ്രതിഷേധങ്ങള്‍ക്കും ശേഷം തമിഴകം കണ്ട ഏറ്റവും വലിയ സംഘശക്തി പ്രകടനമായിരുന്നു 2020 ജനുവരി ആദ്യം ചെന്നൈയില്‍ നടന്ന പ്രതിഷേധം. സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് പേരാണ് അന്ന് തെരുവിലിറങ്ങിയത്. ഡി എം കെ അടക്കമുള്ള കക്ഷികള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും നേതാക്കളെ അയക്കുകയും ചെയ്തിരുന്നു. മുസ്്‌ലിം സംഘശക്തി വിളിച്ചോതിയ ഈ പ്രകടനം, 2021-ലെ തെരഞ്ഞെടുപ്പില്‍ മുസ്്‌ലിം സ്ഥാനാര്‍ഥികളെ കൂടുതലായി രംഗത്തിറക്കാന്‍ രാഷ്ട്രീയ കക്ഷികളെ പ്രേരിപ്പിക്കുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ അതുണ്ടായിട്ടില്ലെന്നാണ് ഇതുവരെയുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങള്‍ സൂചിപ്പിക്കുന്നത്.
തമിഴ്‌നാട് രാഷ്ട്രീയത്തിന് സമാനമാണ് പുതുച്ചേരിയിലെ സ്ഥിതിയും. വംശീയ രാഷ്ട്രീയത്തിന് തമിഴകത്തെ അത്ര തന്നെ കെല്‍പ്പില്ലെന്ന് മാത്രം. കോണ്‍ഗ്രസ് ആണ് ഇവിടെ പ്രബല കക്ഷി. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പോരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, മുഖ്യമന്ത്രി വി നാരായണ സ്വാമിക്ക് രാജിവെക്കേണ്ടി വന്നിരുന്നു. പ്രതിപക്ഷമായ ബി ജെ പി കൊണ്ടുവന്ന അവിശ്വാസം പാസായതിനെ തുടര്‍ന്നായിരുന്നു രാജി. വരുന്ന തെരഞ്ഞെടുപ്പില്‍ ഇത് കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
രണ്ടര ലക്ഷം മാത്രം ജനസംഖ്യയുള്ള ചെറു കേന്ദ്ര ഭരണ പ്രദേശമാണ് പുതുച്ചേരി. ഇതില്‍ 87.30 ശതമാനവും ഹിന്ദുക്കളാണ്. മുസ്്‌ലിംകള്‍ 6.05 ശതമാനവും ക്രിസ്ത്യന്‍ 6.29 ശതമാനവും. സ്വന്തമായ രാഷ്ട്രീയ അസ്തിത്വമില്ല എന്നതു കൊണ്ടുതന്നെ പുതുച്ചേരി രാഷ്ട്രീയത്തിലെ മുസ്്‌ലിം പ്രാതിനിധ്യവും ദുര്‍ബലമാണ്. കേരളത്തിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാരുടെ നേര്‍ പകുതി മാത്രമാണ് പുതുച്ചേരിയിലെ ആകെ ജനസംഖ്യ. ദക്ഷിണേന്ത്യയില്‍ എവിടെയെങ്കിലും ഒരു പിടി ഉറപ്പാക്കുക എന്നതാണ് പുതുച്ചേരിയിലെ രാഷ്ട്രീയ കുതിരക്കച്ചവടം വഴി ബി ജെ പി ഉന്നമിടുന്നത്. ആ ലക്ഷ്യം ഫലവത്തായാല്‍ കൂടുതല്‍ അവഗണനയായിരിക്കും പുതുച്ചേരിയില്‍ മുസ്്‌ലിംകളെ കാത്തുനില്‍ക്കുന്നത്.
ചില പാഠങ്ങള്‍ ഈ അവലോകനങ്ങള്‍ നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്. അതില്‍ ഒന്നാമത്തേത് സ്വന്തമായ രാഷ്ട്രീയ സംഘാടനത്തിലൂടെ മാത്രമേ സ്വന്തമായ രാഷ്ട്രീയ അസ്തിത്വം രൂപപ്പെടുത്തിയെടുക്കാന്‍ മുസ്്‌ലിംകള്‍ക്ക് കഴിയൂ എന്നതാണ്. എന്നാല്‍ അത് ക്ഷിപ്രസാധ്യമായ വളര്‍ച്ച മുന്നില്‍ കണ്ടുള്ള വര്‍ഗീയ പോഷണത്തിലൂടെയാവരുത്. അത് ഗുണത്തേക്കാളുപരി ദോഷം ചെയ്യും. പകരം മതേതര, ജനാധിപത്യ കാഴ്ചപ്പാടില്‍ ഉറച്ചുനിന്നുകൊണ്ടുള്ള സംഘബോധം സൃഷ്ടിച്ചെടുക്കലാവണം ലക്ഷ്യമിടുന്നത്.
മറ്റൊന്ന് മതേതര ജനാധിപത്യ ചേരിക്കൊപ്പം സഖ്യസാധ്യതകള്‍ പ്രയോജനപ്പെടുത്തി ഉറച്ചു നിന്നുകൊണ്ടാവണം മുസ്്‌ലിം രാഷ്ട്രീയത്തെ വളര്‍ത്തിയെടുക്കേണ്ടത് എന്നാണ്. അതിനുള്ള സാധ്യതകളാണ് ആരായേണ്ടത്. എങ്കില്‍ മാത്രമേ ഇന്ത്യന്‍ മുസ്്‌ലിംകളുടെ രാഷ്ട്രീയ, അധികാര പങ്കാളിത്തം ഉറപ്പുവരുത്താനും അതുവഴി അവരെ സാമൂഹ്യ പുരോഗതിയിലേക്ക് നയിക്കാനും സാധ്യമാകൂ എന്നതാണ്.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x