16 Tuesday
April 2024
2024 April 16
1445 Chawwâl 7

മുസ്‌ലിം ജനസംഖ്യ, കുടുംബാസൂത്രണം വിവാദങ്ങളില്‍ കഴമ്പില്ല

എസ് വൈ ഖുറൈശി


മുന്‍ മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷന്‍ എസ് വൈ ഖുറൈശി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ The population myth, Islam, Family Planning and politics in India എന്ന കൃതിയില്‍ മുസ്‌ലിം ജനസംഖ്യ ഹിന്ദുമത വിശ്വാസികളെ മറികടക്കും എന്ന വ്യാജ ആരോപണങ്ങളെ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഖണ്ഡിക്കുന്നുണ്ട്. ഹിമാഷി ദവാനുമായി അദ്ദേഹം നടത്തിയ അഭിമുഖത്തില്‍ ജനസംഖ്യാശാസ്ത്രപരമായി ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല എന്ന് വ്യക്തമാക്കുന്നു:

? ജനസംഖ്യാശാസ്ത്രപരമായ ഈ വിഷയത്തെക്കുറിച്ച് എഴുതണം എന്ന് താങ്കള്‍ക്ക് തോന്നാന്‍ കാരണമെന്താണ്?
യാദൃച്ഛികമായാണ് ഈ പുസ്തക രചനയ്ക്ക് തുടക്കം കുറിക്കുന്നത്. ജനസംഖ്യ കണക്കാക്കാനുള്ള പഠനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയുടെ നമ്മുടെ രാജ്യത്തെ പ്രതിനിധി 1995-ല്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട് ഒരു പഠനം നടത്താന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. ഇസ്‌ലാം കുടുംബാസൂത്രണത്തിന് എതിരാണെന്നും മുസ്‌ലിംകള്‍ അവരുടെ വിശ്വാസം അനുസരിച്ച് കുടുംബാസൂത്രണത്തെ എതിര്‍ക്കുമെന്നുമായിരുന്നു അക്കാലത്ത് എന്റെ വിശ്വാസം. മുസ്‌ലിംകള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നവരാണ് എന്ന ഒരു തെറ്റിദ്ധാരണയും അന്നെനിക്ക് ഉണ്ടായിരുന്നു. പക്ഷേ, ഈ വിഷയ സംബന്ധിയായ പഠനം എന്റെ കണ്ണു തുറപ്പിക്കുന്നതായിരുന്നു. 25-ഓളം വര്‍ഷമെടുത്താണ് ഞാന്‍ എന്റെ പുസ്തകരചന പൂര്‍ത്തീകരിച്ചത്.

? തകര്‍ക്കപ്പെടേണ്ടതായ മൂന്ന് മിഥ്യാ ധാരണകള്‍ ഇതുമായി ബന്ധപ്പെട്ട് താങ്കള്‍ കണ്ടെത്തിയിട്ടുണ്ടല്ലോ.
ഈ വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് അടിസ്ഥാനപരമായ മിഥ്യാധാരണകളാണ് നിലനില്‍ക്കുന്നത്. മുസ്‌ലിംകളിലെ ജനന നിരക്ക് കൂടുതലാണ് എന്ന് പറഞ്ഞു കൊണ്ടാണ് എന്റെ പുസ്തകം ആരംഭിക്കുന്നത്. മുസ്‌ലിംകള്‍ക്കിടയിലെ കുടുംബാസൂത്രണ നിരക്ക് 45.3 ശതമാനം മാത്രമാണ്. എന്നാല്‍ ഹിന്ദുക്കള്‍ക്കിടയിലെ കുടുംബാംസൂത്രണ നിരക്ക് 54.4 ശതമാനമാണ്. ഇത് പ്രകാരം കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് രാജ്യവിരുദ്ധമാണ് എങ്കി ല്‍, ഹിന്ദുക്കളും മുസ്‌ലിംകളും ചെയ്തുകൊണ്ടിരിക്കുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്.
നമുക്കിടയില്‍ പ്രധാനമായി നിലനില്‍ക്കുന്ന ഒന്നാമത്തെ മിഥ്യാധാരണ ഇസ്‌ലാം കുടുംബാസൂത്രണത്തിന് എതിരാണ് എന്നതാണ്. എന്നാല്‍ കുടുംബാസൂത്രണം എന്ന ആശയം അവതരിപ്പിക്കുന്നതില്‍ പോലും ഇസ്‌ലാമിന് കൃത്യമായ പങ്കുണ്ട്. രണ്ടാമത്തെ മിഥ്യാധാരണ ബഹുഭാര്യാത്വ സമ്പ്രദായം ഇന്ത്യയില്‍ വ്യാപകമാണ് എന്നതാണ്. രാജ്യത്ത് നിലനില്‍ക്കുന്ന ബഹുഭാര്യാത്വ സമ്പ്രദായത്തെക്കുറിച്ച് 1995-ല്‍ നടന്ന പഠനം കാണിക്കുന്നത് ഇന്ത്യയിലെ എല്ലാ സമുദായങ്ങള്‍ക്കിടയിലും ബഹുഭാര്യാത്വ സമ്പ്രദായം നിലനില്‍ക്കുന്നുണ്ട് എന്നാണ്. എന്നാല്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഇത് താരതമ്യേന കുറവാണ്. തന്റെ ആദ്യഭാര്യക്കും രണ്ടാമത്തെ ഭാര്യക്കും ഇടയില്‍ തുല്യമായ നീതി ഉറപ്പുവരുത്താന്‍ കഴിയുമെങ്കില്‍ മാത്രമേ ഇസ്‌ലാം രണ്ടാം വിവാഹത്തിന് അനുമതി നല്കുന്നുള്ളൂ. യഥാര്‍ഥത്തില്‍ ഇത് രണ്ടാം വിവാഹത്തിനുള്ള യഥ്ഷ്ട അനുമതിയായി ചില ആളുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ്. ഒരു ജനസംഖ്യാ വിദഗ്ധന്‍ എന്ന നിലയില്‍ ഇന്ത്യയില്‍ സ്ത്രീപുരുഷ അനുപാതം അനുസരിച്ച് ബഹുഭാര്യാത്വം അസാധ്യമാണ് എന്നാണ് എന്റെ കണ്ടെത്തല്‍. അങ്ങനെ വന്നാല്‍ പല ആളുകളും അവിവാഹിതരായി തുടരേണ്ടി വരും.
ഹിന്ദു ജനസംഖ്യയെ മറികടക്കാന്‍ വേണ്ടി കൂടുതല്‍ കുട്ടികളെ ഉത്പാദിപ്പിക്കുക എന്ന സംഘടിതമായ നീക്കം മുസ്‌ലിംകള്‍ക്കിടയില്‍ നിന്ന് നടക്കുന്നുണ്ട് എന്നതാണ് മൂന്നാമത്തെ മിഥ്യാ ധാരണ. പല രാഷ്ട്രീയ നേതാക്കളും പ്രഭാഷണങ്ങളില്‍ പറയും പ്രകാരം ഹിന്ദു ജനസംഖ്യയെ മറികടക്കാന്‍ മുസ്‌ലിംകള്‍ക്കിടയില്‍ സംഘടിതമായി യാതൊരു ശ്രമവും നടക്കുന്നതായി എനിക്ക് അറിയാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല, ഞാന്‍ നേരത്തെ പ്രസ്താവിച്ചതു പോലെ സ്ഥിതിവിവര ശാസ്ത്ര പ്രകാരം ഇത് അസാധ്യവുമാണ്.
1951-ലെ ജനസംഖ്യാ കണക്ക് പ്രകാരം 84 ശതമാനമുണ്ടായിരുന്ന ഹിന്ദു ജനസംഖ്യ ഇന്ന് 79.8 ശതമാനം ആയിട്ടുണ്ട്. മുസ്‌ലിം ജനസംഖ്യ 9.8 ശതമാനത്തില്‍ നിന്ന് 14.2 ശതമാനവും ആയിട്ടുണ്ട്. എന്നാല്‍ മുസ്‌ലിംകള്‍ക്കിടയില്‍ കുടുംബാസൂത്രണം ഏറെ മികച്ച രീതിയിലാണ്. 1951-ലെ കണക്കു പ്രകാരം ഹിന്ദു ജനസംഖ്യ മുസ്‌ലിംകളുടേതിനേക്കാള്‍ 30 കോടി അധികമാണ്. ഏറ്റവും പുതിയ കണ്ടെത്തല്‍ പ്രകാരം ഹിന്ദു ജനസംഖ്യ മുസ്‌ലിംകളുടേതിനേക്കാള്‍ 80 കോടി അധികമാണ്. വൈകാതെ അത് 100 കോടി കവിയും. അങ്ങനെ വരുമ്പോള്‍ എങ്ങനെയാണ് മുസ്‌ലിംകള്‍ ഈ രാജ്യം കൈവശപ്പെടുത്താന്‍ പോകുന്നത് എന്ന് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന ആളുകള്‍ വിശദീകരിക്കേണ്ടതുണ്ട്.
? ജനസംഖ്യാ വര്‍ധനവില്‍ മതം ഒരു ഘടകമല്ല എന്നു പറയുകയുണ്ടായി. പിന്നെ എന്താണ് ജനസംഖ്യാ വര്‍ധനവിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
സാക്ഷരത. പ്രത്യേകിച്ച് സ്ത്രീകളുടെ സാക്ഷരത. വരുമാനങ്ങളും അവശ്യ സേവനങ്ങളുടെ ലഭ്യതയും പ്രധാന ഘടകങ്ങളാണ്. നേരെ മറിച്ച് മതമല്ല. സാക്ഷരതയില്‍ മുസ്‌ലിംകള്‍ എവിടെയാണ് നില്‍ക്കുന്നത്? ഏറ്റവും നിരക്ഷരരായ മതവിഭാഗമാണ് മുസ്‌ലിംകള്‍. സാമ്പത്തികമായും മുസ്‌ലിംകള്‍ അങ്ങേ അറ്റം പിന്നാക്കമാണ്. ഈ സാഹചര്യത്തില്‍ തന്നെയാണ് മുസ്‌ലിംകളുടെ വ്യാപാര സ്ഥാപനങ്ങളും സേവനങ്ങളും ബഹിഷ്‌കരിക്കണം എന്ന ചില തീവ്രനിലപാടുകള്‍ പ്രചാരണം നടത്തുന്നത്. മുസ്‌ലിംകള്‍ക്കിടയില്‍ ആരോഗ്യ സേവന രംഗത്തുള്ള നമ്മുടെ പ്രവര്‍ത്തനവും നടക്കുന്നില്ല. കാരണം അവര്‍ അധികവും ജീവിക്കുന്നത് ഗല്ലികളിലാണ്. ഗല്ലികളില്‍ പ്രവര്‍ത്തിക്കാന്‍ ഡോക്ടര്‍മാര്‍ക്കോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കോ താല്പര്യമില്ല എന്നതാണ് സത്യം. അധികാരികള്‍ പറയുന്നത് മുസ്‌ലിംകള്‍ക്കിടയില്‍ കുടുംബാസൂത്രണം നടപ്പില്‍ വരുത്തണം എന്നാണ്. എന്നാല്‍ അതിനുള്ള സാഹചര്യം ഒരുക്കാന്‍ ഇവര്‍ സന്നദ്ധരല്ല. ഇത് കാപട്യമാണ്.

? അടിയന്തിരാവസ്ഥക്കു ശേഷമുള്ള സ്വാധീന ശക്തി തന്നെയാണോ നമ്മെ ഇപ്പോഴും നയിക്കുന്നത്.
അടിയന്തിരാവസ്ഥയുടെ സ്വാധീനത്തില്‍ നിന്ന് ഇന്നും നാം പൂര്‍ണമായി മുക്തമായിട്ടില്ല. കുടുംബാസൂത്രണം എന്നത് അത്ര നല്ല കാര്യമായല്ല കരുതപ്പെടുന്നത്. എന്നെ അധ്യക്ഷനാക്കി ആരോഗ്യവകുപ്പ് ഒരു കമ്മറ്റിയെ നിയമിക്കുകയുണ്ടായി. കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാരുടെ മനോഭാവം എന്താണ് എന്ന് അറിയുകയായിരുന്നു ഈ കമ്മിറ്റിയുടെ ലക്ഷ്യം. മാത്രമല്ല, ജനസംഖ്യ സംബന്ധിയായും കുടുംബാസൂത്രണവുമായി ബന്ധപ്പെട്ടും പാര്‍ലമെന്റില്‍ എത്ര ചോദ്യങ്ങള്‍ ചോദിക്കപ്പെട്ടു എന്ന് പരിശോധിക്കുകയും ചെയ്യുക, പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങളില്‍ 0.18 ശതമാനം ചോദ്യങ്ങള്‍ മാത്രമാണ് കുടുംബാസൂത്രണവും ജനസംഖ്യയുമായി ബന്ധപ്പെട്ട് ചോദിക്കപ്പെട്ടത് എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്.

? ഏത് ഇസ്‌ലാമിക രാജ്യമാണ് താങ്കളുടെ അഭിപ്രായത്തില്‍ നമുക്ക് പിന്‍തുടരാന്‍ മാതൃകയായി മുമ്പിലുള്ളത്.
നമ്മുടെ രാജ്യത്തേക്കാള്‍ കൂടുതല്‍ യാഥാസ്ഥിതികരായ മുസ്‌ലിംകള്‍ ഉള്ള രാജ്യമാണ് ബംഗ്ലാദേശ്. എങ്കില്‍ കുടുംബാസൂത്രണത്തില്‍ അവര്‍ നമ്മെ പിറകിലാക്കിയിട്ടുണ്ട്. ഇന്തോനേഷ്യയുടെ കാര്യം ശ്രദ്ധേയമാണ്. അവിടെ മസ്ജിദുകളിലെ ഇമാമുമാര്‍ പോലും കുടുംബാസൂത്രണത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. മറ്റൊരു യാഥാസ്ഥിതിക ഇസ്‌ലാമിക രാജ്യമായ ഇറാനില്‍ കുടുബാസൂത്രണ പരിപാടികള്‍ക്ക് 74% അംഗീകാരമുണ്ട്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x