1 Sunday
October 2023
2023 October 1
1445 Rabie Al-Awwal 16

മുസ്ലിം രാഷ്ട്രീയം സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും

ഷെരീഫ് സാഗര്‍


മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന അനുഭവമാണ് ഇസ്‌ലാം. ജീവിതവ്യവഹാരവുമായി ബന്ധപ്പെട്ട സകല കാര്യങ്ങളുമായും മുസ്‌ലിംകള്‍ നിരന്തരം ബന്ധപ്പെടുന്നു. മനുഷ്യനെ ബാധിക്കുന്ന വൈയക്തികവും സാമൂഹികവുമായ എല്ലാ രീതിശാസ്ത്രങ്ങളും മതത്തിന്റെ പരിഗണനയുടെ പരിധിയില്‍ വരുന്ന വിഷയങ്ങളാണ്. രാഷ്ട്രീയം അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. രാഷ്ട്രീയമില്ലാതെ ഒരു ജനതയും അതിജീവിക്കുന്നില്ല. മദീനയുടെ അതിരുകള്‍ ഭേദിച്ച് ഇസ്‌ലാം ലോകമൊട്ടാകെ വ്യാപിച്ചത് രാഷ്ട്രീയ സ്വപ്‌നങ്ങളുടെ കൂടി ഫലമായിട്ടായിരുന്നു.
ഉത്തരേന്ത്യയില്‍ എത്തിയ മുസ്‌ലിംകള്‍ ഭരണാധികാരികളായി മാറുകയാണ് ചെയ്തതെങ്കില്‍, പായക്കപ്പലേറി കേരള തീരത്തണഞ്ഞ ഇസ്‌ലാമിന്റെ അനുയായികള്‍ തദ്ദേശീയ ഭരണാധികാരികളുടെ വിശ്വസ്തരായ പ്രജകളായി മാറുകയാണുണ്ടായത്. നാട്ടുരാജ്യങ്ങളിലെ അധികാര വ്യവസ്ഥയില്‍ മുസ്‌ലിംകള്‍ നിര്‍ണായകമായ സ്വാധീനശക്തിയായിരുന്നു. കോഴിക്കോട് സാമൂതിരിമാരും പെരുമ്പടപ്പ് സ്വരൂപത്തിലെ നാട്ടുരാജാക്കന്മാരും കോലത്തിരി രാജാക്കന്മാരുമെല്ലാം അറബികളുമായും മുസ്‌ലിം കച്ചവടക്കാരുമായും അടുത്ത ബന്ധം പുലര്‍ത്തി. രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാകുന്നതിന് മുസ്‌ലിംകളെ ഈ ബന്ധം സഹായിച്ചു.
പോര്‍ച്ചുഗീസുകാരുടെ വരവോടെയാണ് ഇന്ത്യയില്‍ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കുരിശുയുദ്ധാനന്തര ലോകക്രമത്തിന്റെ പകയുമായാണ് പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയിലെത്തിയത്. മൂറുകള്‍ (മുസ്‌ലിംകള്‍) അവര്‍ക്ക് ആജന്മശത്രുക്കളായിരുന്നു. ഇന്ത്യയില്‍ മുസ്‌ലിം രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കുള്ള ഒന്നാമത്തെ കാരണമായി പോര്‍ച്ചുഗീസ് അധിനിവേശം മാറി. കരയിലും കടലിലും അരങ്ങേറിയ പോര്‍ച്ചുഗീസ് ക്രൂരതകള്‍ക്കെതിരെ ഉലമാക്കളുടെ സമരാഹ്വാനങ്ങള്‍ മുഴങ്ങി. സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനെ പോലുള്ളവര്‍ ആ രാഷ്ട്രീയ മുന്നേറ്റത്തിന് അടിത്തറയിട്ടു. മമ്പുറം തങ്ങന്മാര്‍ കുറേക്കൂടി ശക്തമായി സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി.
കുഞ്ഞാലി മരക്കാന്‍മാരുടെ പോര്‍ച്ചുഗീസ് വിരുദ്ധ മുന്നേറ്റങ്ങളും സമരപോരാട്ടങ്ങളുടെ ഭാഗമായി ശഹീദാകുന്നവരുടെ ഓര്‍മകളും കേരളീയ മുസ്‌ലിംകളെ സമരസജ്ജരാക്കി. ബ്രിട്ടീഷുകാരുടെ വരവോടെ ഈ സമരങ്ങള്‍ക്ക് സംഘടിത രൂപം കൈവന്നു. മാപ്പിളമാര്‍ പ്രത്യക്ഷ സമരമുറകള്‍ കൈക്കൊണ്ടതിന്റെ ഫലമായി അത്യാഹിതങ്ങള്‍ സംഭവിച്ചു. 1921 വരെ നീണ്ടുനിന്ന മലബാര്‍ സമരത്തിന്റെ ചരിത്രം സ്വാതന്ത്ര്യപൂര്‍വ മുസ്‌ലിം രാഷ്ട്രീയത്തിലെ നിര്‍ണായക സംഭവമായിരുന്നു.
ഇതേ ഘട്ടത്തില്‍ ഉത്തരേന്ത്യയിലും സമരപോരാട്ടങ്ങള്‍ ശക്തിയാര്‍ജിച്ചു. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ പ്രധാനമായും മുസ്‌ലിംകളാണ് പങ്കാളിത്തം വഹിച്ചത്. സംഘടിതവും ശക്തവുമായ രാഷ്ട്രീയ മുന്നേറ്റമായിരുന്നു അത്. ഉത്തരേന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ഏറെ നാശനഷ്ടങ്ങള്‍ സംഭവിക്കാന്‍ ഈ സമരം കാരണമായി. പിന്നീട് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ധാരാളം മുസ്‌ലിംകള്‍ ദേശീയ സമരത്തിന്റെ ഭാഗമായി. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഖിലാഫത്ത്-നിസ്സഹകരണ പ്രക്ഷോഭത്തില്‍ മുസ്‌ലിംകള്‍ നിര്‍ണായക പങ്ക് വഹിച്ചു.
സര്‍ സയ്യിദ് അഹ്മദ് ഖാന്‍
മുസ്‌ലിംകള്‍ വേറിട്ട് സംഘടിച്ച് ശക്തരാകണമെന്ന അഭിപ്രായമാണ് സ്വാതന്ത്ര്യപൂര്‍വ കാലത്ത് മുസ്‌ലിം രാഷ്ട്രീയം ഇന്ത്യയില്‍ ശക്തിപ്പെടാനുള്ള കാരണം. ആരുടെയെങ്കിലും ഔദാര്യത്തിന്റെ ഭാഗമായല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടതെന്നും, മറിച്ച് സ്വയം ശാക്തീകരണത്തിലൂടെ മറ്റുള്ളവരുടെ അംഗീകാരം നേടുകയാണ് വേണ്ടതെന്നുമുള്ള കാഴ്ചപ്പാടാണ് മുസ്‌ലിം രാഷ്ട്രീയ സംഘാടനത്തിന്റെ പ്രധാന താല്‍പര്യം. 1857ലെ പരാജയപ്പെട്ട വിപ്ലവമാണ് ഇങ്ങനെയൊരു ആശയത്തിന് ശക്തി കൂട്ടിയത്. അലിഗഡ് പ്രസ്ഥാനത്തിന്റെ നായകന്‍ സര്‍ സയ്യിദ് അഹ്മദ് ഖാനാണ് ഈ ആശയത്തിന് ഊടും പാവും പകര്‍ന്നത്. ഇന്ത്യയില്‍ മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങളുടെ പ്രധാന കാരണം അവര്‍ക്ക് രാഷ്ട്രീയാധികാരം നഷ്ടപ്പെട്ടതാണെന്ന നിരീക്ഷണം രാഷ്ട്രീയ സംഘാടനത്തിനു ബലം നല്‍കി. വിദ്യാഭ്യാസം നേടി മുസ്‌ലിംകള്‍ രാഷ്ട്രീയ ശക്തിയായി മാറണമെന്ന് സര്‍ സയ്യിദ് ആഗ്രഹിച്ചു.

1876ലാണ് സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പാര്‍ട്ടിയുടെ ആലോചന നടക്കുന്നത്. ബംഗാളില്‍ സയ്യിദ് അമീറലിയാണ് ഈ ലക്ഷ്യവുമായി യോഗം വിളിച്ചുചേര്‍ത്തത്. സര്‍ സയ്യിദ് ഈ യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നെങ്കിലും, ഇപ്പോള്‍ അതിനുള്ള സമയം ആയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സയ്യിദ് അമീറലി ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം രാഷ്ട്രീയ സംഘടന സ്ഥാപിക്കുക തന്നെ ചെയ്തു. സെന്‍ട്രല്‍ നാഷനല്‍ മുഹമ്മദന്‍ അസോസിയേഷന്‍ എന്നായിരുന്നു സംഘടനയുടെ പേര്. അമീര്‍ അലി കല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായ ശേഷം സംഘടനയുടെ പ്രവര്‍ത്തനം ഏറെക്കുറെ മരവിക്കുകയാണ് ചെയ്തത്.
1901ല്‍ ലഖ്‌നോയില്‍ മുസ്‌ലിം രാഷ്ട്രീയ സംഘാടനത്തിനുള്ള ശ്രമം നടന്നു. നവാബ് വഖാറുല്‍ മുല്‍കാണ് ഇതിനുള്ള ശ്രമങ്ങള്‍ നടത്തിയത്. പക്ഷേ, പല സംസ്ഥാനങ്ങളുടെയും നിസ്സഹകരണം കൊണ്ട് ഈ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. മുഹമ്മദന്‍ പൊളിറ്റിക്കല്‍ അസോസിയേഷന്‍ എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാനുള്ള ചിലരുടെ ശ്രമവും ഫലിക്കാതെപോയി.
1906 ഒക്ടോബറില്‍ ഇന്ത്യയിലെ മുസ്‌ലിം നേതാക്കള്‍ വൈസ്രോയി മിന്റോ പ്രഭുവിനെ കണ്ട് നല്‍കിയ സിംല നിവേദനമാണ് ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്ന്. ആഗാ ഖാന്റെ നേതൃത്വത്തിലാണ് ഈ നിവേദകസംഘം വൈസ്രോയിയെ കണ്ടത്. ഇന്ത്യയിലെ ഏറക്കുറേ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉള്‍ക്കൊള്ളുന്നതായിരുന്നു ഈ സംഘം. 62 മില്യണ്‍ മുസ്‌ലിംകളുടെ സ്ഥിതിവിവര കണക്കുകള്‍ നിരത്തിയ നിവേദനം സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും ജുഡീഷ്യല്‍ സര്‍വീസിലും നിയമസഭകളിലുമുള്ള പ്രാതിനിധ്യക്കുറവാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്. മുസ്‌ലിംകള്‍ക്ക് ഒരു സര്‍വകലാശാല അനുവദിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ആയുധമെടുത്തുള്ള പോരാട്ടം അവസാനിപ്പിച്ച് ഇന്ത്യന്‍ മുസ്‌ലിംകള്‍ അനുരഞ്ജനത്തിന്റെയും നിവേദനത്തിന്റെയും പാത സ്വീകരിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു ബ്രിട്ടീഷ് ഗവണ്‍മെന്റ്. പില്‍ക്കാലത്ത് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങളില്‍ മുസ്‌ലിംകള്‍ കൂടി ഉള്‍പ്പെട്ടതിന്റെ കാരണം ഈ രാഷ്ട്രീയനീക്കമായിരുന്നു.
1905ലെ ബംഗാള്‍ വിഭജനം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കി. വൈസ്രോയി കഴ്‌സണ്‍ പ്രഭുവാണ് ബംഗാള്‍ വിഭജിച്ചത്. ഭരിക്കാനുള്ള സൗകര്യം കണക്കിലെടുത്തായിരുന്നു വിഭജനം. എന്നാല്‍ ദേശീയ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമായിട്ടാണ് കോണ്‍ഗ്രസ് ബംഗാള്‍ വിഭജനത്തെ കണ്ടത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കിഴക്കന്‍ ബംഗാളിന്റെയും അസമിന്റെയും വികസനത്തിനു വിഭജനം അനിവാര്യമായിരുന്നു. എന്നാല്‍ വിഭജനം വലിയ സാമുദായിക സ്പര്‍ധയ്ക്ക് കാരണമായി. വിഭജനത്തിനെതിരെ വന്‍ പ്രക്ഷോഭം അരങ്ങേറി. ഒടുവില്‍ 1911ല്‍ സര്‍ക്കാര്‍ വിഭജനം റദ്ദാക്കി.
സര്‍വേന്ത്യാ മുസ്‌ലിംലീഗ്
1906ലാണ് മുസ്‌ലിം രാഷ്ട്രീയത്തില്‍ മാറ്റങ്ങളുടെ കാറ്റു വീശിയത്. സര്‍വേന്ത്യാ മുസ്‌ലിംലീഗിന്റെ പിറവിയായിരുന്നു അത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കുള്ള തുടക്കമായിരുന്നു അത്. 1885ല്‍ രൂപീകരിച്ച ഓള്‍ ഇന്ത്യാ മുഹമ്മദന്‍ എജ്യൂക്കേഷനല്‍ കോണ്‍ഫറന്‍സിന്റെ 20ാം വാര്‍ഷിക മഹോത്സവത്തിലാണ് ഈ സംഭവമുണ്ടായത്. ഡിസംബര്‍ 27, 28, 29 തിയ്യതികളിലായിരുന്നു സമ്മേളനം. സമ്മേളനത്തിന്റെ അവസാന ദിവസം രാഷ്ട്രീയ സമ്മേളനം നടത്താനുള്ള തീരുമാനമാണ് സര്‍വേന്ത്യാ മുസ്‌ലിംലീഗിന്റെ രൂപീകരണത്തിന് പ്രധാന കാരണമായത്. ധാക്ക നവാബിന്റെ അധീനതയിലുള്ള ഷാബാഗ് ഉദ്യാനത്തിലായിരുന്നു സമ്മേളനം. ആഗാ ഖാന്‍ പ്രസിഡന്റായാണ് മുസ്‌ലിംലീഗ് പ്രവര്‍ത്തനം ആരംഭിച്ചത്.
ബ്രിട്ടീഷുകാരും മുസ്‌ലിംകളും തമ്മില്‍ ബന്ധം ശക്തിപ്പെടുത്തുക, ഈ ബന്ധം വിദ്യാഭ്യാസ പുരോഗതിക്ക് ഉപയോഗപ്പെടുത്തുക, ഇന്ത്യന്‍ മുസ്ലിംകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, മതസാഹോദര്യവും മൈത്രിയും ഉറപ്പാക്കുക എന്നിവയെല്ലാം മുസ്‌ലിംലീഗിന്റെ സംഘാടന താല്‍പര്യങ്ങളായിരുന്നു. മൗലാനാ മുഹമ്മദലി ജൗഹര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മുസ്‌ലിംലീഗിന്റെ പ്രഥമ പ്രവര്‍ത്തക സമിതി അംഗങ്ങളായി.

1907ല്‍ കറാച്ചിയിലാണ് മുസ്‌ലിംലീഗിന്റെ പ്രഥമ സമ്മേളനം ചേര്‍ന്നത്. പാര്‍ട്ടിക്ക് സ്വന്തമായി ഭരണഘടന ഉണ്ടാക്കാനുള്ള ശ്രമം ഈ സമ്മേളനത്തില്‍ നടന്നു. മൗലാനാ മുഹമ്മദലിയാണ് ഭരണഘടന തയ്യാറാക്കിയത്. 1908ല്‍ തന്നെ സര്‍വേന്ത്യാ മുസ്‌ലിംലീഗിന് ലണ്ടനില്‍ ശാഖ രൂപീകരിച്ചു.
സയ്യിദ് അമീര്‍ അലിയായിരുന്നു പ്രസിഡന്റ്. 1910 വരെ അലിഗഡ് ആയിരുന്നു മുസ്‌ലിംലീഗിന്റെ ആസ്ഥാനം. ഒരു വിദ്യാഭ്യാസ സ്ഥാപനം പാര്‍ട്ടി ആസ്ഥാനമായി തെരഞ്ഞെടുത്തതിലൂടെ തന്നെ മുസ്‌ലിംലീഗിന്റെ രൂപീകരണദൗത്യം തിരിച്ചറിയാനാകും.
1912ലെ കല്‍ക്കത്ത സമ്മേളനത്തിലാണ് മുഹമ്മദലി ജിന്ന മുസ്‌ലിംലീഗ് വേദിയില്‍ അതിഥിയായി പങ്കെടുത്തത്. അന്ന് അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശക്തനായ നേതാവായിരുന്നു. ഹിന്ദു-മുസ്‌ലിം ഐക്യത്തിനു വേണ്ടിയുള്ള ജിന്നയുടെ ശ്രമങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1913ല്‍ ലഖ്‌നോയില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് സമ്മേളനം സ്വയംഭരണം വേണമെന്ന ആവശ്യമുയര്‍ത്തി. 1915ല്‍ ജിന്നയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്-ലീഗ് സ്‌കീം സംഭവിക്കുകയും ഇരു പാര്‍ട്ടികളും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 1916ലെ ലഖ്‌നോ സന്ധി ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒന്നായിരുന്നു. ഒരേ പന്തലില്‍ കോണ്‍ഗ്രസുകാരും ലീഗുകാരും സമ്മേളിച്ചു. ഹിന്ദു-മുസ്‌ലിം ഐക്യം പ്രധാന അജണ്ടയായി നിശ്ചയിക്കപ്പെട്ടു.
മോത്തിലാല്‍ നെഹ്‌റു അധ്യക്ഷനായ നെഹ്‌റു റിപ്പോര്‍ട്ട് വന്നതോടെയാണ് ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയം പുതിയ വഴിത്തിരിവിലെത്തിയത്. സ്വയംഭരണത്തിനുള്ള ഒരു നിവേദനമായിരുന്നു നെഹ്‌റു റിപ്പോര്‍ട്ട്. മുസ്‌ലിം പ്രാതിനിധ്യം സംബന്ധിച്ച പ്രശ്‌നങ്ങള്‍ നെഹ്‌റു റിപ്പോര്‍ട്ടിനെ അപ്രസക്തമാക്കി. മുസ്‌ലിംലീഗ് നെഹ്‌റു റിപ്പോര്‍ട്ടിനെ പൂര്‍ണമായും തള്ളിക്കളഞ്ഞു. കോണ്‍ഗ്രസിലെ മുസ്‌ലിം നേതാക്കള്‍ കൂട്ടത്തോടെ മുസ്‌ലിംലീഗില്‍ ചേരുന്നതിന് നെഹ്‌റു റിപ്പോര്‍ട്ട് കാരണമായി. നെഹ്‌റു റിപ്പോര്‍ട്ടിന് ബദലായി മുഹമ്മദലി ജിന്ന അവതരിപ്പിച്ച പതിനാലിന പോയിന്റുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രാഷ്ട്രീയനീക്കമായിരുന്നു.

രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെയും സേവനരംഗത്തെ അനുപാതത്തിന്റെയും പേരിലാണ് മുസ്‌ലിംലീഗും കോണ്‍ഗ്രസും നിരന്തരം കലഹത്തില്‍ ഏര്‍പ്പെട്ടത്. ഹിന്ദു-മുസ്‌ലിം തെറ്റിദ്ധാരണകള്‍ വര്‍ഗീയവത്കരണത്തിലേക്കാണ് രാജ്യത്തെ നയിച്ചത്. ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ടത് ഇന്ത്യയുടെ സമ്പൂര്‍ണ സ്വാതന്ത്ര്യമായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യത്തിനു ശേഷമുള്ള അധികാര പങ്കാളിത്തത്തിന്റെയും പ്രാതിനിധ്യത്തിന്റെയും ഭയം ന്യൂനപക്ഷ വിഭാഗങ്ങളെ സ്വാഭാവികമായും വേട്ടയാടി. പ്രവിശ്യാ അസംബ്ലികളിലേക്കുള്ള തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസില്‍ നിന്ന് നേരിട്ട തിക്താനുഭവങ്ങള്‍ ലീഗിനെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. സ്വാതന്ത്ര്യം ലഭിച്ചാല്‍ ഭൂരിപക്ഷത്തിന്റെ ഭീകരവാഴ്ചയായിരിക്കും അടിച്ചേല്‍പിക്കപ്പെടുക എന്ന് സ്വാഭാവികമായും മുസ്‌ലിം സമൂഹം ഭയപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ എല്ലാവരും യോജിച്ചെങ്കിലും സ്വാതന്ത്ര്യത്തിനു ശേഷം എന്തെന്ന കാര്യത്തില്‍ കാര്യമായ വിയോജിപ്പ് പ്രകടമായി.
1923ല്‍ സര്‍ ഫസ്‌ലി ഹുസൈന്‍ രൂപീകരിച്ച യൂനിയനിസ്റ്റ് പാര്‍ട്ടി, 1919 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് (ജെ യു എച്ച്), മൗലാനാ അബുല്‍ കലാം ആസാദിന്റെ കാര്‍മികത്വമുണ്ടായിരുന്ന മജ്‌ലിസെ അഹ്‌റാറെ ഇസ്‌ലാം, ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍ 1921ല്‍ ആരംഭിച്ച ഖുദാഇ ഖിദ്മത്ഗര്‍, ഖക്‌സര്‍ പ്രസ്ഥാനം എന്നീ രാഷ്ട്രീയ മുന്നേറ്റങ്ങളും സ്വാതന്ത്ര്യത്തിനു മുമ്പുള്ള പ്രധാന സംഭവങ്ങളാണ്.
വിഭജനത്തിന്റെ മുറിവുകള്‍
1940ല്‍ മുസ്‌ലിംലീഗ് ലാഹോറില്‍ സമ്മേളിച്ച് വിഭജന പ്രമേയം പാസാക്കുന്നതിലേക്ക് കാര്യങ്ങളെത്തി. ആവശ്യങ്ങള്‍ അംഗീകരിക്കാനുള്ള തുറുപ്പുചീട്ട് എന്ന നിലയ്ക്കാണ് മുസ്‌ലിംലീഗ് ഈ ആവശ്യം ആദ്യഘട്ടത്തില്‍ ഉന്നയിച്ചതെങ്കിലും, കോണ്‍ഗ്രസിലെ ഒരു വിഭാഗം മുസ്‌ലിംലീഗെന്ന ശല്യത്തെ രാജ്യത്തുനിന്ന് പുറന്തള്ളാനുള്ള അവസരമായി വിഭജന ആവശ്യത്തെ നോക്കിക്കണ്ടു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ ഇന്ത്യയെ വിഭജനത്തിലേക്ക് നയിച്ചു.
വിഭജനപൂര്‍വ ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയം മുസ്‌ലിംലീഗിന്റെ കീഴില്‍ അതിശക്തമായിരുന്നു. അവിഭക്ത ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ രാഷ്ട്രീയകക്ഷിയായിരുന്നു മുസ്‌ലിംലീഗ്. എന്നാല്‍ വിഭജനം എല്ലാം കീഴ്‌മേല്‍ മറിച്ചു. വിഭജനത്തിന്റെ മുറിവുകള്‍ ഏറെയും ബാധിച്ചത് മുസ്ലിം സമൂഹത്തെയാണ്. നാടും വീടും ഉപേക്ഷിച്ച് ലക്ഷങ്ങള്‍ പാകിസ്താനിലേക്ക് പലായനം ചെയ്തു. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നാണ് കൂടുതലും പലായനം സംഭവിച്ചത്. എന്നാല്‍ വലിയൊരു വിഭാഗം മുസ്‌ലിംകള്‍ ഇന്ത്യയെ മാതൃരാജ്യമായി തെരഞ്ഞെടുത്തു.
രാഷ്ട്രവിഭജനം മഹാ ദുരിതത്തിലേക്കാണ് മുസ്‌ലിം സമുദായത്തെ എത്തിച്ചത്. അവരുടെ രാഷ്ട്രീയ നേതൃത്വം ഒന്നടങ്കം വാഗ്ദത്തഭൂമിയുടെ സ്വപ്‌നങ്ങളിലേക്ക് ചേക്കേറി. രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍, വിദ്യാസമ്പന്നര്‍, കലാകാരന്മാര്‍ തുടങ്ങി ഒരു ജനതയുടെ നട്ടെല്ലാവേണ്ട വിഭാഗങ്ങളെല്ലാം അവസരങ്ങള്‍ തേടി രാജ്യം വിട്ടു. ഇന്ത്യയിലെ മുസ്‌ലിം ജനത അക്ഷരാര്‍ഥത്തില്‍ അനാഥമായി. അവര്‍ക്ക് ആത്മധൈര്യം നല്‍കാനോ രാഷ്ട്രീയമായി സംഘടിപ്പിക്കാനോ ആരുമില്ലാത്ത അവസ്ഥ വന്നു. 1947 ജൂണ്‍ മാസത്തോടെ സര്‍വേന്ത്യാ മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനം മരവിച്ചിരുന്നു. തെരുവുകളില്‍ കബന്ധങ്ങള്‍ പെരുകിക്കൊണ്ടിരുന്ന സ്വാതന്ത്ര്യാനന്തര കലാപങ്ങളുടെ കാലം ഇന്ത്യയിലെ മുസ്‌ലിം ജനതയ്ക്ക് ഭീകരമായ ഓര്‍മയാണ്.
സ്വാതന്ത്ര്യത്തിനു ശേഷം
1948 മാര്‍ച്ച് 10നാണ് മുസ്‌ലിംലീഗിന്റെ പുനഃസംഘാടനം നടന്നത്. അശാന്തമായ രാഷ്ട്രീയ പരിസരത്ത് പുതിയ പ്രതീക്ഷകളുമായി ആരംഭിച്ച മുസ്ലിംലീഗിന് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബാണ് നേതൃത്വം നല്‍കിയത്. കെ എം സീതി സാഹിബ്, സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ തുടങ്ങിയ നേതാക്കള്‍ മുസ്‌ലിംലീഗിന് ഊര്‍ജം പകര്‍ന്നു. നേതാക്കളെല്ലാം ഒന്നുകില്‍ പാകിസ്താനിലേക്ക് പോവുകയോ അല്ലെങ്കില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിലേക്ക് പാര്‍ട്ടി മാറുകയോ ചെയ്തതോടെ ഉത്തരേന്ത്യയില്‍ മുസ്‌ലിംലീഗിന്റെ സംഘാടനം ദുഷ്‌കരമായി.
സ്വാതന്ത്ര്യത്തിനു ശേഷം ഉത്തരേന്ത്യയിലെ മുസ്‌ലിംലീഗ് ഘടകങ്ങളില്‍ പലതും പിരിച്ചുവിട്ടു. ബോംബെയില്‍ മുസ്‌ലിംലീഗ് പിരിച്ചുവിട്ട് ഫോര്‍ത്ത് പാര്‍ട്ടിയായി മാറി. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ ദശകങ്ങളില്‍ ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയം ബാലാരിഷ്ടതകളെ അതിജീവിക്കാന്‍ ഏറെ പാടുപെട്ടു. അവിഭക്ത ഇന്ത്യയിലെ രണ്ടാമത്തെ ശക്തിയായിരുന്ന മുസ്‌ലിംലീഗിന് സ്വതന്ത്ര ഇന്ത്യയില്‍ ഒരു അധികാര പദവി ലഭിക്കുന്നത് 1960ല്‍ സീതി സാഹിബ് സ്പീക്കറായപ്പോള്‍ മാത്രമാണ്. മന്ത്രിസ്ഥാനം ലഭിക്കാന്‍ മുസ്‌ലിംലീഗിന് പിന്നെയും 1967 വരെ കാത്തിരിക്കേണ്ടിവന്നു.
1975ല്‍ മുസ്‌ലിംലീഗ് പിളരുകയും എം കെ ഹാജി പ്രസിഡന്റായി അഖിലേന്ത്യാ മുസ്‌ലിംലീഗ് എന്ന പേരില്‍ ഒരു പാര്‍ട്ടി രൂപീകരിക്കപ്പെടുകയും ചെയ്തു. ഒരു പതിറ്റാണ്ട് കാലം കേരള രാഷ്ട്രീയത്തില്‍ ഈ പാര്‍ട്ടി സജീവമായി ഇടപെട്ടു. 1994ല്‍ മുസ്‌ലിംലീഗില്‍ നിന്ന് ഒരു വിഭാഗം മാറിനില്‍ക്കുകയും സുലൈമാന്‍ സേട്ട് സാഹിബിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷനല്‍ ലീഗ് (ഐ എന്‍ എല്‍) രൂപീകരിക്കുകയും ചെയ്തു. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ ഐ എം ഐ എം) ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്ന സംഘടനയാണ്. ഉത്തര്‍പ്രദേശില്‍ പീസ് പാര്‍ട്ടി ഓഫ് ഇന്ത്യ, അസമില്‍ ഓള്‍ ഇന്ത്യാ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ യു ഡി എഫ്) തുടങ്ങിയ പാര്‍ട്ടികളും തമിഴ്‌നാട്ടില്‍ തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകം, മന്നിതൈ മക്കള്‍ കക്ഷി എന്നിവയും മുസ്‌ലിം സമുദായത്തില്‍ നിന്ന് ഉയര്‍ന്നുവന്ന രാഷ്ട്രീയ ശ്രമങ്ങളാണ്. അസമില്‍ ഓള്‍ ഇന്ത്യാ മൈനോറിറ്റി ഫ്രണ്ടും പ്രവര്‍ത്തിച്ചുവരുന്നു. അവാമി വികാസ് പാര്‍ട്ടിയുടെ രൂപീകരണ ശ്രമത്തിന് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചു.
ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, പോപുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ് ഡി പി ഐ) എന്നിവയും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയ ശ്രമങ്ങളാണ്. പ്രാദേശികമായി യുപിയില്‍ ആരംഭിച്ച പീസ് പാര്‍ട്ടി (പി പി), ഖൗമി ഏകതാ ദള്‍, രാഷ്ട്രീയ ഉലമാ കൗണ്‍സില്‍ തുടങ്ങിയ രാഷ്ട്രീയ ശ്രമങ്ങളും പ്രസ്താവ്യമാണ്.

ഓള്‍ ഇന്ത്യാ മൈനോറിറ്റി ഫ്രണ്ട്, ഓള്‍ ഇന്ത്യാ മുസ്‌ലിം ഫോറം, ഡോ. ഫരീദിയുടെ ഓള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസ് എന്നിവയും ബംഗാള്‍ പ്രൊവിന്‍ഷ്യല്‍ മുസ്‌ലിം ലീഗ്, ഭാരതീയ അവാമി പാര്‍ട്ടി, ഡെമോക്രാറ്റിക് സെക്കുലര്‍ പാര്‍ട്ടി എന്നിവയും സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും സാന്നിധ്യമറിയിച്ച മുസ്‌ലിം പാര്‍ട്ടികളാണ്. കേരളത്തില്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ പി ഡി പി രൂപീകരിക്കപ്പെട്ടു. 2008ലാണ് രാഷ്ട്രീയ ഉലമാ കൗണ്‍സിലിന്റെ രൂപീകരണം. സ്വാതന്ത്ര്യത്തിനു മുമ്പ് കോണ്‍ഗ്രസ് പിന്തുണയോടെ പ്രവര്‍ത്തിച്ച മുസ്‌ലിം മജ്‌ലിസ് ശ്രദ്ധേയ സാന്നിധ്യമായിരുന്നു. കേരളത്തില്‍ 1948ല്‍ രൂപീകരിച്ച സമസ്ത കേരള മുസ്‌ലിംലീഗ്, 1957ല്‍ രൂപീകരിച്ച പ്രോഗ്രസീവ് മുസ്‌ലിംലീഗ്, മുസ്‌ലിം ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എം ഡി പി) എന്നിവ കാലയവനിക പൂകിയ രാഷ്ട്രീയ ശ്രമങ്ങളാണ്.
സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും എെന്തന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പ് മുസ്‌ലിംകള്‍ക്ക് മത്സരിക്കാന്‍ പ്രത്യേക നിയോജകമണ്ഡലങ്ങള്‍ അനുവദിച്ചിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഇത് ഇല്ലാതായി. പ്രത്യേക നിയോജകമണ്ഡല വ്യവസ്ഥയ്ക്കു വേണ്ടി ഭരണഘടനാ അസംബ്ലിയില്‍ മുസ്‌ലിംലീഗ് നേതാവ് ബി പോക്കര്‍ സാഹിബ് ശക്തമായി വാദിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം അവഗണിക്കപ്പെട്ടു. പാര്‍ലമെന്റില്‍ മുസ്‌ലിം പ്രാതിനിധ്യം കുറയാനുള്ള പ്രധാന കാരണം ഈ ആവശ്യം നിരാകരിക്കപ്പെട്ടതാണ്. ഭൂരിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന ന്യൂനപക്ഷ ശ്രമങ്ങളാണ് നിലവിലെ മുസ്‌ലിം രാഷ്ട്രീയം. മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമായി കേരളത്തില്‍ മാത്രമാണ് ചെറുതായെങ്കിലും ന്യൂനപക്ഷ രാഷ്ട്രീയത്തിന് വിജയിക്കാനായത്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ രാജ്യത്ത് സ്വത്വരാഷ്ട്രീയത്തെ പ്രതിനിധീകരിച്ച് നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കപ്പെട്ടു. ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ പ്രതിരോധം എന്ന നിലയിലും സ്വയം ശാക്തീകരണം ലക്ഷ്യമിട്ടുമാണ് ഇന്ത്യയിലെ മുസ്‌ലിം പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും ബി ജെ പിയെ ജയിപ്പിക്കുന്ന ടൂളായി ചിലയിടത്തെങ്കിലും ഇത്തരം പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബി ജെ പിക്കെതിരെ പൊരുതുന്ന കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികള്‍ക്ക് ഇത്തരം ചെറു പാര്‍ട്ടികള്‍ ഉണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. എന്നാല്‍, മതേതരപട്ടം പോകുമെന്ന ഭയം കൊണ്ട് ഇത്തരം കക്ഷികളുമായി നീക്കുപോക്കുണ്ടാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയാതെയും വരുന്നു. ബി ജെ പി ജയിക്കുന്നു എന്നതാണ് അതിന്റെ ഫലം. മതേതരത്വം തകര്‍ക്കുന്നത് മുസ്ലിം പാര്‍ട്ടികളാണെന്ന അബദ്ധധാരണയില്‍ നിന്നാണ് ഇത്തരം വീഴ്ചകള്‍ സംഭവിക്കുന്നത്. ഭൂരിപക്ഷ ആധിപത്യത്തെ ചെറുക്കാനും സ്വന്തം ശബ്ദമുയര്‍ത്താനുമുള്ള ചെറിയ ശ്രമം മാത്രമാണ് ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയം. രാജ്യത്ത് സാമുദായികാടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെട്ട ഏറ്റവും ശക്തമായ പാര്‍ട്ടികളിലൊന്ന് സിഖുകാരുടെ അകാലിദളാണ്. എന്നാല്‍ അത്തരം പാര്‍ട്ടികളോടുള്ള ഒരു സമീപനമല്ല മുസ്‌ലിം പാര്‍ട്ടികളോട് പൊതുവേ സ്വീകരിക്കപ്പെടുന്നത്. ദലിത്-മുസ്‌ലിം മുന്നേറ്റമെന്ന ആശയത്തിന് കൂടുതല്‍ പ്രസക്തി കൈവന്ന സമയമാണിത്. ആ നിലയ്ക്കുള്ള ശ്രമങ്ങള്‍ ശക്തമായാല്‍ മാത്രമേ രാജ്യത്ത് മുസ്‌ലിം താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന ഒരു രാഷ്ട്രീയ മുന്നേറ്റം സാധ്യമാവുകയുള്ളൂ.

2 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x