25 Thursday
April 2024
2024 April 25
1445 Chawwâl 16

യേശുവിന്റെ അമ്മയെ ഇസ്‌ലാം ആദരിക്കുന്നു

ഫാ. പോള്‍ തേലക്കാട്ട് / ബാസില്‍ അമാന്‍


അപകടകരമായ സാംസ്‌കാരിക പ്രതിസന്ധിയിലൂടെയാണ് കേരളം ഇന്നു യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. സമൂഹത്തിനു കൃത്യമായ ദിശാബോധം നല്‍കേണ്ട സാംസ്‌കാരിക നായകരുടെ അഭാവം കാര്യങ്ങളെ കൂടുതല്‍ വഷളാക്കുന്നു. താല്‍പര്യങ്ങളും സ്വജനപക്ഷപാതിത്വവും ബാധിച്ച ഫെയിമുകള്‍ക്ക് പ്രചാരം ലഭിക്കുന്നു. ഓരോ സാമൂഹികപ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന നേരത്ത് ഇവരുടെ പ്രതികരണങ്ങള്‍ സമൂഹബന്ധങ്ങളില്‍ വലിയ മുറിവുകളുണ്ടാക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി കേരളം വിവാദങ്ങളുടെ വിളനിലമാണ്. ചേരിതിരിഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ആരോഗ്യകരമല്ലാത്ത, മുമ്പെങ്ങും പരിചയമില്ലാത്ത വിഷലിപ്തമായ പ്രവണതകള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. മതനിരപേക്ഷമായ പൊതുജനമനസ്സ് വലിയ രീതിയില്‍ അസ്വസ്ഥമാണ്.
നിഷ്പക്ഷത എന്നത് വംശനാശം വന്ന വാക്കും നിലപാടുമായി മാറിയിട്ടുണ്ട്. അനീതിയും അപരവത്കരണവും സാമൂഹികബോധത്തിന്റെ മനോഭാവമായി പരിണമിച്ചുകൊണ്ടിരിക്കുന്നു. ഈ ജീര്‍ണമായ സന്ദര്‍ഭങ്ങളിലും പ്രതീക്ഷയേകുന്ന ചില ഒറ്റത്തുരുത്തുകള്‍ നിലനില്‍ക്കുന്നു എന്നത് ആശ്വാസകരമായ കാര്യമാണ്. ആസൂത്രിതമായ വര്‍ഗീയ പ്രചാരണങ്ങളിലും അനാരോഗ്യകരമായ സാമൂഹിക ചര്‍ച്ചകളിലും നേരിന്റെ ഭാഗത്ത് നിലകൊള്ളുന്ന വ്യക്തികള്‍ പുരോഗമനസമൂഹത്തെ സംബന്ധിച്ചിടത്തോളം അനുപേക്ഷണീയമാണ്. അങ്ങനെ കേരളത്തില്‍ ഇന്നു ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ക്രൈസ്തവ പുരോഹിതനാണ് ഫാ. പോള്‍ തേലക്കാട്ട്. സമകാലിക സാഹചര്യത്തെ അവലോകനം ചെയ്ത് ശബാബിനോട് അദ്ദേഹം സംസാരിക്കുന്നു:
വ്യക്തിപരമായി സംസാരിച്ചുകൊണ്ട് തുടങ്ങാം. താങ്കളുടെ പഠനത്തെക്കുറിച്ചും ഇപ്പോഴത്തെ പദവിയെക്കുറിച്ചും പറയാമോ?
ബെല്‍ജിയത്തിലെ ലുവയിന്‍ സര്‍വകലാശാലയിലാണ് ദൈവശാസ്ത്രവും തത്വചിന്തയും ഞാന്‍ പഠിച്ചത്. 15 കൊല്ലം സിറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താവായിരുന്നു. 18 കൊല്ലം മലയാളം സത്യദീപം വാരികയുടെ എഡിറ്ററായിരുന്നു. ഇപ്പോള്‍ Light of Truth ദ്വൈവാരികയുടെ എഡിറ്ററാണ്.

ബലിപെരുന്നാള്‍ ഇബ്‌റാഹീം നബി, ഇസ്മാഈല്‍ നബി, ഹാജര്‍ എന്നിവരുടെ ചരിത്രവുമായി ബന്ധപ്പെട്ടതാണ്. ക്രിസ്തുമതത്തിലും ഇവരെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ടല്ലോ. ഇവയ്ക്കിടയിലുള്ള പാരസ്പര്യത്തെ എങ്ങനെയാണ് കാണുന്നത്?
ക്രൈസ്തവരുടെ ബൈബിളിന്റെ ആദ്യഭാഗം യഹൂദരുടെ വേദഗ്രന്ഥമാണ്. ഇസ്‌ലാം പഴയ നിയമവും പുതിയ നിയമവും ആദരിക്കുന്നവരാണ്. യേശുക്രിസ്തുവിനെ ദൈവത്തിന്റെ പ്രവാചകനായി ഇസ്‌ലാം അംഗീകരിക്കുന്നു. പഴയ നിയമ ബൈബിളിലെ വളരെ ഗൗരവമായ ദൈവശാസ്ത്ര സമസ്യയാണ് അബ്രഹാമിന്റെ ബലി. ക്രൈസ്തവര്‍ക്കും മുസ്‌ലിംകള്‍ക്കും ഒന്നിച്ചാഘോഷിക്കാവുന്നതാണ് ബലി തിരുനാള്‍. യേശുവിന്റെ അമ്മയെ ഇസ്‌ലാം ആദരിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങളില്‍ മറിയത്തിന്റെ ചിത്രങ്ങളും രൂപങ്ങളുമുണ്ട്. ഒരിടത്തും തട്ടമില്ലാത്ത മേരിയെ കണ്ടിട്ടില്ല. പരസ്പരം മനസ്സിലാക്കുമ്പോള്‍ ഇങ്ങനെ ധാരാളം സാധര്‍മ്യങ്ങള്‍ കാണാനാകും. ഇത് ഹിന്ദുമതത്തിലും കാണാവുന്നതാണ്. ബൃഹദാരണ്യക ഉപനിഷത്തിലാണ് ഇടിവെട്ടിന്റെ വെളിപാടായി ‘ദത്ത, ദയത്വം, ദുമ്യത’ എന്നതു പറഞ്ഞിരിക്കുന്നത്. ബൈബിളില്‍ മോസസിനോട് ദൈവം ‘ഇടിമുഴക്കത്തില്‍ ഉത്തരം പറഞ്ഞു’ എന്നാണ് പറയുന്നത് (പുറപ്പാട് 19:19). ആ വെളിപാടായിരുന്നു പത്തു കല്‍പനകള്‍.
കാലുഷ്യത്തിന്റെ കാലമാണല്ലോ. മതവിഭാഗങ്ങള്‍ തമ്മില്‍ പരസ്പര വൈരത്തോടെ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നു. ഒരുമയോടെ കഴിയേണ്ട ഈ കാലത്ത് മതാന്തര സൗഹൃദങ്ങള്‍ക്ക് പരിഗണന നല്‍കേണ്ടതല്ലേ?
കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല. സൗഹൃദപൂര്‍ണമായ സംസ്‌കാരത്തില്‍ നാം ജീവിക്കുന്നു. അതില്‍ വൈരവും വിദ്വേഷവും കലരുന്നു. സമുദായ ലഹളകള്‍ക്കും അക്രമങ്ങള്‍ക്കും നാം കാത്തിരിക്കണോ?

കേരളത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഒരു അകല്‍ച്ച രൂപപ്പെട്ടുവരുന്നതായി നിരീക്ഷിക്കപ്പെടുന്നു. യഥാര്‍ഥത്തില്‍ അത്തരമൊരു അകല്‍ച്ച ക്രിസ്ത്യന്‍-മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയിലുണ്ടോ? എന്തായിരിക്കും കാരണങ്ങള്‍?
മുസ്‌ലിം-ക്രൈസ്തവ അകല്‍ച്ചയുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്നു തോന്നുന്നു. അതില്‍ വീഴുന്ന നേതാക്കളും അധികാരികളുമുണ്ട്. സാമുദായിക സ്പര്‍ധയുണ്ടാക്കുക സ്വാഭാവികമാണ്. പലപ്പോഴും പറയുന്നതായിരിക്കില്ല പ്രധാന കാരണം. ഒരിക്കലും അതു പറയില്ല. പലപ്പോഴും അതു സാമ്പത്തികമായിരിക്കും. ഒരു കൂട്ടര്‍ പുരോഗമിക്കുന്നത് സ്പര്‍ധയുണ്ടാക്കാം. പക്ഷേ, എല്ലാവരും പുരോഗമിക്കുന്നത് ആഭ്യന്തരവും ബാഹ്യവുമായ സഹായത്താലാണ്. ഇതു മനസ്സിലാക്കാനും സാധാരണക്കാരോട് അതു പറയാനും നേതാക്കള്‍ക്ക് കഴിയുന്നില്ല.

‘നാര്‍കോട്ടിക് ജിഹാദ്’ പോലെയുള്ള പ്രയോഗങ്ങളെ താങ്കള്‍ വിമര്‍ശിച്ചിരുന്നു. അത്തരം പ്രചാരണങ്ങള്‍ ഉണ്ടാവുന്ന സാഹചര്യം?
ഒരു മനുഷ്യന്‍ സമൂഹത്തില്‍ വെളിവാകുന്നത് ഭാഷയിലൂടെയും കര്‍മങ്ങളിലൂടെയുമാണ്. സഭാധ്യക്ഷന്മാരും വൈദികരും ഇങ്ങനെ വെളിവാകുമ്പോള്‍ ഇടുങ്ങിയ മാനസികാവസ്ഥയും അകല്‍ച്ചയുണ്ടാക്കുന്ന നിലപാടുകളും സ്വീകരിക്കുന്നത് സ്വന്തം മതവിശ്വാസത്തിന്റെ മൗലികത അറിയാത്തതുകൊണ്ടും അതു നിഷേധിക്കുന്നതുകൊണ്ടുമാണ്. എത്ര വലിയ അഭിപ്രായ വ്യത്യാസവും മാന്യമായും സൗഹൃദപരമായുമുള്ള സംഭാഷണ അന്തരീക്ഷത്തില്‍ പറയാന്‍ പഠിക്കേണ്ടതാണ്.

കേരളത്തിനു പുറത്ത് മുസ്‌ലിം പള്ളികള്‍ ആക്രമിക്കപ്പെടുന്നപോലെ ക്രിസ്ത്യന്‍ പള്ളികളും ആക്രമിക്കപ്പെടുന്നുണ്ട്. മത-വര്‍ഗീയ ശക്തികളെ എങ്ങനെയാണ് പ്രതിരോധിക്കേണ്ടത്?
ദേവാലയങ്ങള്‍ ഏതു മതത്തിന്റേതായാലും ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. വിവിധ മതങ്ങളെ സ്വാഗതംചെയ്ത ഒരു സംസ്‌കാരം ഇവിടെ ഉണ്ടായിരുന്നു. ആ സംസ്‌കാരത്തില്‍ നിന്നുള്ള ഒരു രാഷ്ട്രീയമല്ല ഇപ്പോള്‍ കാണുന്നത്. അത് അപകടകരമായ വൈദേശീയ ഫാസിസത്തിന്റെ പ്രേതാവേശമാണ്. അതു തിരിച്ചറിയാനുള്ള വിവേകവും നന്മയും ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഉണ്ടാകുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ജനാധിപത്യം ആള്‍ക്കൂട്ട ആധിപത്യമാകുന്നതാണ് അപകടം.
കേരളത്തില്‍ രാഷ്ട്രീയരംഗത്ത് മതസംഘടനകള്‍ ഇടപെടുന്ന സാഹചര്യമുണ്ടോ? ഇത് ദോഷം ചെയ്യില്ലേ? സമീപകാലത്ത് തൃക്കാക്കര തെരഞ്ഞെടുപ്പില്‍ താങ്കള്‍ പ്രതികരിച്ചിരുന്നു.
മതത്തിന്റെ പേരില്‍ വോട്ടു പിടിക്കുന്ന ഒരു മതമൗലികവാദ സമീപനം ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്ന ആരോപണമുണ്ട്. മതപരമായ വിഭജനമുണ്ടാക്കി അധികാരം പിടിക്കുന്ന എളുപ്പമാര്‍ഗം നാം കാണുന്നു. സെക്കുലര്‍ പാര്‍ട്ടി എന്ന് ഉദ്‌ഘോഷിക്കുന്നവര്‍ പോലും ഈ പ്രലോഭനത്തില്‍ വീഴുന്നു. പല മതങ്ങളുള്ള ഈ നാട്ടില്‍ വോട്ട് ചെയ്യേണ്ടത് മതം നോക്കിയല്ല. സമൂഹത്തിന്റെ പൊതുനന്മയാണ് ഗൗരവമായി എടുക്കേണ്ടത്. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ മതത്തിന്റെ പേരില്‍ ഒന്നിലധികം പാര്‍ട്ടികള്‍ വോട്ട് പിടിക്കാന്‍ ശ്രമിച്ചു. അത് ജനങ്ങള്‍ തള്ളി. ജനാധിപത്യത്തില്‍ ജനങ്ങളുടെ മാനവികതയുടെ നിലവാരമാണ് പ്രധാനം.

എല്ലാ മതവിശ്വാസത്തെയും പൊതുവില്‍ എതിര്‍ക്കുന്ന നിരീശ്വരവാദ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ സജീവമാകുന്നുണ്ടോ?
ദൈവം എന്നതുകൊണ്ട് എന്ത് അര്‍ഥമാക്കുന്നു എന്നത് എന്നും വിവാദപരമാണ്. എല്ലാ വിശ്വാസങ്ങളിലും കള്ളദൈവങ്ങളെ ഉപേക്ഷിക്കലും ദൈവവിമര്‍ശനങ്ങളും മതത്തിന്റെ തന്നെ മൗലികപ്രശ്‌നമാണ്. ഏതു മതത്തിലും ആത്മവിമര്‍ശനം ആരോഗ്യകരമായി പരിരക്ഷിക്കപ്പെടണം. ദൈവനിഷേധം ദൈവം പോലും ശിക്ഷിക്കുന്നില്ല. ദൈവനിഷേധകരും ജീവിക്കട്ടെ. ചിലപ്പോള്‍ ദൈവത്തെ അധരങ്ങള്‍ കൊണ്ട് ഏറ്റുപറയുന്നവരേക്കാള്‍ നല്ലവര്‍ അവരാകാം.

പുതിയ കാലത്ത് മതവിശ്വാസങ്ങളും ആചാരങ്ങളും പരിഹസിക്കപ്പെടുന്നുണ്ടോ? എന്താണ് പരിഹാരം?
നമ്മുടെ സമൂഹത്തില്‍ ധാരാളം വെറുപ്പും വിരോധവും നിന്ദയും നിറഞ്ഞുനില്‍ക്കുന്നു. ഭാഷയുടെ കടുത്ത മലിനീകരണം. വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ നിന്ദയും അവഹേളനവും പാടില്ല. വിമര്‍ശനങ്ങളെ ആരോഗ്യകരമായി വിലയിരുത്തി സ്വീകരിക്കുന്ന ഒരു മനോഭാവം മതങ്ങള്‍ക്ക് ഉണ്ടാകണം. അനുഷ്ഠാനങ്ങളും ആചാരങ്ങളും പരിഷ്‌കരിക്കപ്പെടണം. കാലഹരണപ്പെട്ട മാമൂലുകള്‍ ഉപേക്ഷിക്കാനും തയ്യാറാകണം.

ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം 8000ലധികം അതിസമ്പന്നരാണ് തങ്ങളുടെ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തത്. യുവാക്കള്‍ക്കിടയിലും മൈഗ്രേഷന്‍ കൂടുതലാണ്. ക്രിസ്ത്യന്‍ സമൂഹത്തില്‍ എന്താണ് സ്ഥിതി? കാരണങ്ങള്‍? പരിഹാരം?
ഇന്ത്യ ആഗോള കമ്പോള വ്യവസ്ഥിതിക്കു വാതില്‍ തുറന്നു. പക്ഷേ അതു കോര്‍പറേറ്റുകളുടെ വികസനവഴിയായി മാറരുത്. ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് എഴുതിയതുപോലെ വികസനം ജനങ്ങള്‍ക്ക് വസന്തമായി മാറാം. സമ്പത്തുണ്ടാക്കാന്‍ മാത്രമല്ല, സമ്പത്ത് പങ്കുവയ്ക്കന്നതിലും സര്‍ക്കാര്‍ ജനകീയ നിബന്ധനകള്‍ ഉണ്ടാക്കണം. ചെറുപ്പക്കാര്‍ മെച്ചപ്പെട്ട ലോകം നോക്കി പുറത്തേക്കു പോകുന്നു. സ്വന്തം നാട് ഭാവി തരുന്നില്ല എന്നു വരുമ്പോള്‍ ഇതു സ്വാഭാവികമാണ്. ഇന്ന് സമ്പത്ത് മണ്ണോ കെട്ടിടങ്ങളോ അല്ല, ഓരോരുത്തരും ആര്‍ജിച്ചെടുക്കുന്ന വൈദഗ്ധ്യമാണ്. ഈ വൈദഗ്ധ്യത്തെ ആദരിക്കുന്ന വ്യവസ്ഥയും പറ്റിയ സാമൂഹിക-സാംസ്‌കാരിക സുസ്ഥിതിയുമുള്ള നാടുകളിലേക്കു ചെറുപ്പക്കാര്‍ പോകും. രാജ്യത്തിന്റെ ഭാവിയെന്നത് രാജ്യത്തെ ജനങ്ങളുടെ ഭാവിയാണെന്നതു മറക്കരുത്. ഈ ചെറുപ്പക്കാര്‍ ലോക പൗരന്മാരായി ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു. എല്ലാ ജാതി-മതങ്ങള്‍ക്കും ഇവിടെ സുരക്ഷിതത്വമുണ്ട് എന്ന അവസ്ഥ ഉണ്ടാക്കേണ്ടത് രാജ്യത്തിന്റെ ഭാവിക്ക് ആവശ്യമാണ്.
കേരളത്തില്‍ സാമുദായിക സൗഹാര്‍ദം വളര്‍ത്തുന്നതിന് താങ്കള്‍ കാണുന്ന മാര്‍ഗങ്ങള്‍? അകല്‍ച്ച കുറയ്ക്കാനുള്ള വഴികള്‍?
സമുദായങ്ങള്‍ തമ്മിലുള്ള അകല്‍ച്ച കുറയ്ക്കാന്‍ എല്ലാ മതങ്ങളും ബോധപൂര്‍വകമായ നടപടികള്‍ ഉണ്ടാക്കണം. അയല്‍ക്കാരനെ അറിയുന്നതിന്റെ ഭാഗമാണ് അയല്‍ക്കാരന്റെ മതം അറിയുന്നത്. മതിലുകള്‍ പണിയുന്നവര്‍ സമൂഹത്തില്‍ വര്‍ധിക്കുമ്പോള്‍ പാലങ്ങള്‍ പണിയുന്നവരും വര്‍ധിക്കണം. ഏറ്റവും നല്ലതും അതിലളിതവുമായ പാലം ഭാഷയാണ്- നല്ല വാക്ക്.
ഇല്ലെന്നു പറഞ്ഞിട്ടും നിരന്തരം ആരോപിക്കുന്ന ഒരു പദമാണ് ലൗജിഹാദ്. ലൗജിഹാദിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?
ലൗജിഹാദ് എന്നത് ഒരു സംഘടിത പരിപാടിയായി ഉണ്ടോ എന്നതാണ് മൗലിക പ്രശ്‌നം. അതു പറയേണ്ടത് വ്യക്തികളോ മതാധികാരികളോ അല്ല. പോലീസും അന്വേഷണ ഏജന്‍സികളും ഇല്ലെന്നു പറഞ്ഞിട്ടുള്ളത് ആവര്‍ത്തിക്കുന്നത് പരസ്പര ആദരവിന്റെ അഭാവം മൂലമാണ്. തെളിവുകള്‍ ഉള്ളവര്‍ അതു സര്‍ക്കാരിനു കൈമാറാനും തയ്യാറാകണം. ഇതു പിന്നെയും പറയുന്നവര്‍ ലൗജിഹാദിനു മറ്റെന്തോ അര്‍ഥം കല്‍പിക്കുകയാണെന്നു സംശയിച്ചുപോകുന്നു.

2 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x