29 Friday
March 2024
2024 March 29
1445 Ramadân 19

ഭൂരിപക്ഷ ഏകീകരണവും പുറംതള്ളല്‍ ദേശീയതയും

ഇര്‍ഫാന്‍ അഹ്മദ്, പീറ്റര്‍ വാന്‍ ഡേവീര്‍


ഈ വിഷയത്തിന്റെ തുടക്കത്തില്‍ പരാമര്‍ശിച്ച ജുനൈദിന്റെ ആള്‍ക്കൂട്ട കൊലപാതകത്തിലേക്ക് തിരിച്ചുവരാം. 2018 മാര്‍ച്ചില്‍ ജുനൈദിനെ ആക്രമിച്ച കേസില്‍ പ്രതികളില്‍ ഒരുവനും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായ രമേശ്വര്‍ ദാസിനു ഹരിയാന-പഞ്ചാബ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതിയും ജുനൈദും സഹോദരന്മാരുമായുള്ള തര്‍ക്കം സീറ്റ് പങ്കിടുന്നതുമായും ജാതി പറഞ്ഞു പരിഹസിക്കുന്നതുമായും ബന്ധപ്പെട്ടായിരുന്നു എന്നായിരുന്നു കോടതിയുടെ വ്യാഖ്യാനം. സംഘര്‍ഷം സൃഷ്ടിക്കാന്‍ മനഃപൂര്‍വം ഉദ്ദേശിച്ചുകൊണ്ടുള്ളതോ ആസൂത്രണം ചെയ്തതോ ആയ സംഭവമാണെന്നു തെളിയിക്കുന്ന ഒന്നുമില്ലെന്നു കോടതി തുടര്‍ന്നു നിരീക്ഷിച്ചു.
ഹൈക്കോടതിയുടെ വിധി വിചാരണക്കോടതിയുടേതിനു കടകവിരുദ്ധമായിരുന്നു. കുറ്റം ചുമത്തിക്കൊണ്ട് വിചാരണക്കോടതി നടത്തിയ നിരീക്ഷണം ഇങ്ങനെയായിരുന്നു: ”രമേശ്വര്‍ ആദ്യം മുതലേ മുഖ്യപ്രതിയായ നരേഷിനൊപ്പമുണ്ടായിരുന്നു. ഇരകളെ അയാള്‍ മതത്തിന്റെ പേരില്‍ അപഹസിച്ചിരുന്നു. മാത്രമല്ല, അവര്‍വഴക്ക് തുടങ്ങിയപ്പോള്‍ ഇരകളെ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ അനുവദിക്കാതെ നരേഷിനൊപ്പം അവരെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് പരിക്കേല്‍പിച്ചു (Ahsan, 2018). നിയമം ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ക്കു വഴിവെക്കുന്നുവെന്ന് ഉറപ്പിച്ചു പറയാനായി നിയമം-അക്രമം എന്ന ദ്വന്ദ്വത്തിന്റെ (Singh, 2007: 16-17), വൈരുധ്യം കാണിക്കുന്ന നീതിന്യായവ്യവസ്ഥയുടെ അക്രമം എന്ന പാഡി ഹില്യര്‍ഡ്‌സിന്റെ പ്രയോഗം ജുനൈദിന്റെ ആള്‍ക്കൂട്ട കൊലപാതകത്തിന്റെ കേസില്‍ തികച്ചും അനുയോജ്യമാണ്.നീതിന്യായ വ്യവസ്ഥയുടെ അക്രമം ജുനൈദ് ഉള്‍പ്പെടുന്ന ന്യൂനപക്ഷ സംസ്‌കാരത്തിനെതിരായി ഭൂരിപക്ഷ സംസ്‌കാരം നടത്തുന്ന അക്രമത്തോട് ഒത്തുപോവുകയും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന സാംസ്‌കാരികമായ അതിക്രമങ്ങള്‍ അനുവദിച്ചുകൊടുക്കുകയും ചെയ്യുന്നു.
ജുനൈദ് കൊല്ലപ്പെട്ട ശേഷം ജുനൈദിന്റെ ഗ്രാമക്കാര്‍ തങ്ങളുടെ മുസ്ലിം തനിമ വെളിപ്പെടുത്തുന്ന കുര്‍ത്ത-പൈജാമധരിക്കുക, താടി വളര്‍ത്തുക എന്നിങ്ങനെ ഒന്നുംതന്നെ ചെയ്യാതെ ‘സാധാരണ ഇന്ത്യക്കാരാ’യി കാണപ്പെടാനായി സാധാരണമായ വസ്ത്രം മാത്രം, ഷര്‍ട്ടും പാന്റ്‌സും ധരിച്ചുതുടങ്ങി (Apoorvanand, 2018). മുസ്‌ലിം ശരീരങ്ങളും ഭക്ഷണവുമെല്ലാം നിയന്ത്രിക്കാനുള്ള ഭരണകൂടത്തിന്റെ ആശീര്‍വാദത്തോടെയുള്ള പരിപാടി ഒരിക്കല്‍ മറച്ചുവെച്ചുകൊണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അതു വെളിച്ചത്തില്‍ തന്നെയാണ്. ആളുകള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ഇന്ത്യയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും അവസാനിക്കുമെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘ്നേതാവ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞിട്ടുണ്ട് (The Quint, 2018). മറയില്ലാതെ ഇത്തരം ഭീഷണികള്‍ ഉയര്‍ത്തുന്നത് ഹിന്ദുവത്കരണത്തിലൂടെ ഇന്ത്യനാക്കുക എന്ന (അതോ തിരിച്ചോ) കൂടുതല്‍ വിശാലമായ പരിപാടിയുടെ ഭാഗമാണെന്നു എടുത്തുപറയേണ്ടതില്ല (Ahmad, 2013).
ജീവന്‍ രക്ഷപ്പെടുത്താനായി ജുനൈദിന്റെ ഗ്രാമത്തിലുള്ളവരെപ്പോലെ മറ്റു മുസ്‌ലിംകളും തങ്ങളുടെ തനതായ ജീവിതരീതി പേടിച്ച് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നത് എങ്ങനെയെന്നു വ്യക്തമാണ്. മോദി പ്രധാനമന്ത്രിയായതിന്റെ പിറ്റേന്നുതന്നെ പൂനെയില്‍ ഹിന്ദുരാഷ്ട്ര സേനാ പ്രവര്‍ത്തകര്‍ മുഹ്‌സിന്‍ ശൈഖിനെ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാക്കിയതു മുതല്‍ തുടങ്ങുന്നുണ്ട് മുസ്‌ലിം ശരീരങ്ങളെയും സംസ്‌കാരത്തെയും നിയന്ത്രിക്കാനും ഹിന്ദുവത്കരിക്കാനുമുള്ള പദ്ധതി. ജനങ്ങളെ അക്രമം വഴി വംശീയമായ ദേശീയ സംസ്‌കാരത്തിനു കീഴ്‌വഴങ്ങാന്‍ നിര്‍ബന്ധിതരാക്കുന്ന ഭീകരതയെ വിശദീകരിക്കാത്ത ഏതു തരം ജനാധിപത്യ വിശകലനവും തൃപ്തികരമാവില്ല.
ജ്ഞാനേന്ദ്ര പാണ്ഡേ (1999: 609) ദേശീയമായ ഉള്‍ക്കാമ്പ് എന്നതിന്റെ അന്തസ്സത്ത വിശകലനം ചെയ്യുകയും ദേശീയ മുസ്‌ലിംകള്‍ എന്നിങ്ങനെയുള്ള പദങ്ങളുടെ ആവര്‍ത്തന വിരസതയും അവയ്ക്ക് സമാനമായ ദേശീയ ഹിന്ദുക്കള്‍ എന്ന പദത്തിന്റെ അഭാവവും പരിശോധിക്കുന്നുണ്ട്. മതേതരം, ഉള്‍ക്കൊള്ളുന്ന ദേശീയത എന്നിവയും കേവല ഹിന്ദു ദേശീയതയും ചര്‍ച്ച ചെയ്യുന്നു. നെഹ്‌റുവും കൂട്ടരും പറയുന്ന എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്ന ദേശീയത- അത് ഹിന്ദു ദേശീയതയില്‍ നിന്നു വ്യത്യസ്തമാണെന്നാണ് വെപ്പ്- വാസ്തവത്തില്‍ ഹിന്ദുവിനെയും ഹിന്ദുമതത്തെയും കേന്ദ്രീകരിച്ചുകൊണ്ടുള്ള ഭൂരിപക്ഷത്തിന്റെ ആശയത്തിലെ ദേശത്തില്‍ നിന്ന് ഏറെയൊന്നും വ്യത്യസ്തമല്ലെന്ന് അദ്ദേഹം ശരിയായിത്തന്നെ ചൂണ്ടിക്കാട്ടുന്നു. ആദ്യത്തേതും അതേ ആശയലോകത്തു തന്നെയാണെങ്കിലും ഇന്ത്യന്‍ ചരിത്രത്തിലെയും ബോധത്തിലെയും ഹിന്ദു ഘടകത്തിന് അത്ര പ്രാധാന്യം നല്‍കുന്നില്ലെന്നു പാണ്ഡേ ചൂണ്ടിക്കാട്ടുന്നു.
യുദ്ധകാലം മുതല്‍ 1990കള്‍ വരെയുള്ള ജനാധിപത്യത്തെക്കുറിച്ചുള്ള ഹിന്ദു രാഷ്ട്രീയ ചിന്തയുടെ വളര്‍ച്ചയും പരിണാമവും പരിശോധിക്കുന്നുണ്ട്ക്രിസ്റ്റോഫ് ജഫ്‌റിലോട്. അരബിന്ദോയെപ്പോലുള്ള ഹിന്ദു ദേശീയവാദികളുടെ അഭിപ്രായത്തില്‍ ജനാധിപത്യം ജനിച്ചത് ഇന്ത്യയിലായിരുന്നു, ബ്രിട്ടീഷുകാരിലൂടെ തിരിച്ചുവരവ് നടത്തുക മാത്രമായിരുന്നു. ജനാധിപത്യത്തിന്റെ ഉറവിടം പ്രാചീന ഭാരതമായിരുന്നു. മധ്യകാല ഇന്ത്യയെക്കുറിച്ചും മുസ്‌ലിം പാരമ്പര്യത്തെക്കുറിച്ചുമുള്ള പരാമര്‍ശങ്ങളൊന്നുമില്ല എന്നത് വേറിട്ടു കാണാം. ഹിന്ദു മഹാസഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചരിത്രപ്രഫസറായ രാധാകുമുദ് മുഖര്‍ജി പാലി കൃതികളില്‍ ജനാധിപത്യത്തിനെക്കുറിച്ചുള്ള സൂചനകള്‍ കണ്ടെത്തി.
പുരുഷോത്തം ദാസ് ടണ്ടനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നിയമസഭാ ചര്‍ച്ചകളില്‍ അത്തരം കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. ആര്‍ എസ് എസ് നേതാക്കളായ എം എസ് ഗോള്‍വള്‍കര്‍, തേന്‍ഗഡി (ഭാരതീയ മസ്ദൂര്‍ സംഘ് 1955ല്‍ സ്ഥാപിച്ചത് ഇദ്ദേഹമാണ്), കെ എന്‍ ഗോവിന്ദാചാര്യഎന്നിവര്‍ ജനാധിപത്യത്തെക്കുറിച്ച്, പ്രത്യേകിച്ചും ബ്രിട്ടീഷ് പാര്‍ലമെന്ററി ജനാധിപത്യത്തെക്കുറിച്ച് സംശയാലുക്കളായിരുന്നു എങ്കിലും ഹിന്ദുക്കള്‍ ഭൂരിപക്ഷമായതിനാല്‍ അവര്‍ അതിനെ പിന്തുണച്ചു. ഇക്കാര്യത്തില്‍ ഗാന്ധിയും ഹിന്ദു ദേശീയവാദികളും തമ്മില്‍ വ്യത്യാസങ്ങളെക്കാളേറെ സമാനതകളായിരുന്നു ഉണ്ടായിരുന്നത്. ഭൂരിപക്ഷ സമുദായത്തിന്റെ മേല്‍ക്കോയ്മ ഉറപ്പുവരുത്താനുള്ള എളുപ്പമാ ര്‍ഗമായിരുന്നു അത് എന്നതുകൊണ്ട് ഹിന്ദുക്കള്‍ ജനാധിപത്യത്തെ ആവേശത്തോടെ സ്വീകരിച്ചുവെന്നുപറഞ്ഞു ജഫ്‌റിലോട് ഉപസംഹരിക്കുന്നു (Jaffrelot, 2000: 354, 358, 362-63).
നരവംശ ശാസ്ത്രജ്ഞനും ഗാന്ധിയുടെ ബംഗാളി വിവര്‍ത്തകനും സെക്രട്ടറിയുമായ നിര്‍മല്‍ കുമാര്‍ ബോസ്(1961 [1929]: 82), പറഞ്ഞത് പ്രസ്താവ്യമാണ്: ”ഈ സംഘടിത പ്രവര്‍ത്തനത്തിന്റെ നവീന രൂപത്തില്‍ ഹിന്ദു മേല്‍ക്കോയ്മയില്‍ വിശ്വസിച്ചിരുന്നവരുമായി ഗാന്ധി തന്ത്രപൂര്‍വം സഖ്യമുണ്ടാക്കി.” ഈ മേല്‍ക്കോയ്മയുടെ അടിസ്ഥാനം രാഷ്ട്രവും ജനാധിപത്യവും തമ്മിലുള്ള ബന്ധത്തിലായിരുന്നു. അതുവഴി രൂപംകൊള്ളുന്ന ദേശീയ ജനാധിപത്യത്തില്‍ ദേശീയത ഒരു രാഷ്ട്രീയ പദ്ധതി മാത്രമല്ല, അരബിന്ദോ വാദിച്ചതുപോലെ ‘ദൈവദത്തമായ മതമാണ്. നിങ്ങള്‍ ജീവിക്കേണ്ടുന്ന ഒരു മതമായിരിക്കും ദേശീയത’ (cited in Heehs, 2008: 146).
അരബിന്ദോക്ക് ശേഷം ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ യോഗഗുരുവും ബി ജെ പിയുടെ കൂട്ടാളിയുമായ ബാബാ രാംദേവ് അത് ആവര്‍ത്തിക്കുന്നു: ”ദേശത്തേക്കാള്‍ വലിയ ദേവനില്ല. ഏറ്റവും മഹത്തായ ദൈവം രാഷ്ട്രം തന്നെയാണ്. ഈ രാജ്യത്തെ ജനങ്ങളെയും സംസ്‌കൃതിയെയും മണ്ണിനെയും സ്‌നേഹിക്കാത്തവര്‍ക്ക് ഇവിടെ ജീവിക്കാന്‍ അധികാരമില്ല” (in Kanungo, 2019: 126).ഈ രാഷ്ട്രം ഒരു പ്രക്രിയയില്‍ ഉള്ളതു മാത്രമല്ല, മതപരവും സാമുദായികവുമായിട്ടുമുള്ള ഭൂരിപക്ഷത്തെ അടിസ്ഥാനമാക്കിയാണെന്ന ആശയം ഹിന്ദു ദേശീയവാദികള്‍ക്കോ വല്ലഭ്ഭായി പട്ടേലിനോ മാത്രമല്ല നെഹ്‌റുവിനും കൂടി ഉണ്ടായിരുന്നു. ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം എടുത്തുകളയുന്നതിനായി പട്ടേല്‍ കൊണ്ടുവന്ന പ്രമേയം കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി പാസാക്കിയതിനു ശേഷം സന്തുഷ്ടനായ നെഹ്‌റു സാമുദായിക രാഷ്ട്രീയ പ്രാതിനിധ്യം അവസാനിപ്പിക്കുന്നതിനുള്ള ഈ പ്രമേയം കൊണ്ടുവന്നതിനു പട്ടേലിനെ അഭിനന്ദിച്ചു.
ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ താല്‍പര്യം വിജയിക്കുമെന്ന് ഒരേ നിമിഷത്തില്‍ രണ്ടു തവണ തന്റെ ഭൂരിപക്ഷവാദം വെളിവാക്കിക്കൊണ്ട്, ജനാധിപത്യം എന്നാല്‍ ഓരോ പൗരനും തുല്യമായ ശബ്ദം(പ്രാധാന്യം) നല്‍കുന്നതാണെന്ന് അഭിപ്രായമുള്ള ചില അംഗങ്ങളെ എതിര്‍ത്തുകൊണ്ട്നെഹ്‌റു പറഞ്ഞിരുന്നു. നെ ഹ്‌റുവിന്റെ പ്രയോഗത്തിലെ ന്യൂനപക്ഷവും ഭൂരിപക്ഷവുമൊന്നും പ്രശ്‌നാധിഷ്ഠിതമോ പ്രക്രിയാധിഷ്ഠിതമോ അല്ല, മറിച്ച് സാമുദായികമാണ്. മതന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനുള്ള വകുപ്പുകള്‍ എടുത്തുകളയുന്ന പ്രമേയം പാസാക്കിയതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹം തന്റെ ദീര്‍ഘമായ പ്രസംഗം നടത്തിയത് (അവാമറ, 2019: 1718).
മതസ്പര്‍ധയിലൂടെ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഭൂരിപക്ഷ ഏകീകൃത മുന്നേറ്റം രൂപംകൊള്ളാനിടയുണ്ട്. ജനാധിപത്യം ഇല്ലാത്ത ചൈനയെപ്പോലുള്ള കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും ഭൂരിപക്ഷ ഏകീകൃത മുന്നേറ്റം കാണാവുന്നതാണ്.ഈ രണ്ടു സാഹചര്യത്തിലും സമൂഹത്തിലെ ചില സമുദായങ്ങളെ ഇഷ്ടാനുസരണം ഉള്‍ക്കൊള്ളുകയോ ഒഴിവാക്കുകയോ ചെയ്യുന്ന നാഗരിക ദേശീയത, മതസ്വാതന്ത്ര്യത്തിന് എതിരാണ്. അതുകൊണ്ടുതന്നെ പ്രശ്‌നം ദേശീയതയാണ്, ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകളല്ല.
സെയ്‌ല ബെന്‍ ഹബീബി(2004)നെ പോലെയുള്ള ചിന്തകരുടെ അഭിപ്രായത്തില്‍ അന്യന്‍ എന്ന പ്രശ്‌നം പൗരത്വത്തിനുള്ള അവകാശം കൂടുതല്‍ ഉള്‍ക്കൊള്ളുന്ന വിധത്തിലാക്കിയാല്‍ നിയമപരമായി പരിഹരിക്കാം എന്നാണ്. പക്ഷേ ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇപ്പോള്‍ തന്നെ ഇന്ത്യയിലെ പൗരന്മാരാണ്. രാഷ്ട്രത്തിന്റെ അടിസ്ഥാനമായി സംസ്‌കാരം എന്ന ആശയം പ്രാവര്‍ത്തികമാക്കുമ്പോഴാണ് ചില വിഭാഗങ്ങള്‍ അന്യവത്കരിക്കപ്പെടുന്നതും രാഷ്ട്രത്തിന്റെ കരുണയില്‍ ജീവിക്കേണ്ടി വരുന്നതും. സാംസ്‌കാരികത എന്നതിന് അക്കാദമിക വ്യവഹാരങ്ങളിലേതുപോലെയല്ല, മതപരവും ഏകശിലാത്മകവുമായി രാഷ്ട്രത്തിന്റെ ഭൂവിസ്തൃതിയുമായി ബന്ധപ്പെട്ട് നിര്‍വചിക്കപ്പെട്ടിട്ടുണ്ട് ഇവിടെ.
വിവ: ഡോ. സൗമ്യ പി എന്‍

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x