കളിക്കളത്തിലെ താരങ്ങള്‍ ദൈവ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു?
മുര്‍ശിദ് പാലത്ത്
കളിതമാശകളുടെ ഈ പുതു കാലത്ത് മഹത്വവും ആദരവും അര്‍ഹിക്കുന്ന വ്യക്തികളും വസ്തുതകളും തലതിരിഞ്ഞിരിക്കുന്നു. താന്‍ മതമാക്കിയ ഏതെങ്കിലുമൊരു കലയില്‍, വിനോദത്തില്‍ സാമര്‍ഥ്യം തെളിയിച്ച വ്യക്തിയെ തന്റെ ദൈവമാക്കുന്നു. അയാളെ തന്റെ ശരീരത്തിലും വസ്ത്രത്തിലും വാഹനത്തിലും ഉറക്കറയിലുമെല്ലാം പ്രദര്‍ശിപ്പിക്കുകയും മാതൃകയാക്കുകയും സ്വന്തത്തെക്കാള്‍ സ്‌നേഹിച്ച് അയാള്‍ക്കു ചുറ്റും കറങ്ങുന്ന ഫാനാകുകയും ചെയ്യുന്നു. സ്വന്തം പിതാമഹനെ അറിയാത്ത കൗമാരത്തിന് ഈ നക്ഷത്രത്തിന്റെ പത്തുതലമുറ പിന്നോട്ടും അവിഹിത ബന്ധത്തിലെ സന്തതിയുടെ ജാതകവും വരെ മനപ്പാഠമാണ്.
ഏതെല്ലാമോ രാജ്യക്കാരായ സോഷ്യല്‍ മീഡിയ ഫാന്‍ ഗ്രൂപ്പില്‍ സമയബോധമില്ലാതെ ചാറ്റിക്കൊണ്ടേ ഇരിക്കുന്ന ഇയാള്‍ക്ക് തന്റെ ധനവും മാനവുമെല്ലാം ചീറ്റ് ചെയ്യപ്പെടുകയാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. സ്‌മൈലികളും ഇമോജികളുമായി വൈകാരികതയുടെ കൊടുമുടിയില്‍ വസിക്കുന്ന ഈ ഷണ്ഠീകരിക്കപ്പെട്ട യുവത്വത്തിന് രക്ത ബന്ധുവിനെ നോക്കി ഒന്നു പുഞ്ചിരിക്കാന്‍ നേരമില്ല. പക്ഷേ ഇതിലൊന്നും യാതൊരു അസാംഗത്യവും അവന് തോന്നുന്നില്ല. എന്നുമാത്രമല്ല, തന്റെ കണ്‍കണ്ട ദൈവമായി അവരോധിച്ച ആ വ്യക്തിയില്‍ പ്രത്യക്ഷമായി കാണുന്ന, ലോകം മുഴുവന്‍ വെറുക്കുന്ന അധര്‍മങ്ങളെപ്പോലും വെള്ളപൂശാനുള്ള ശ്രമമാണ് അയാള്‍ നടത്തുന്നത്. അത്ര കടുത്ത അടിമത്തത്തിലാണ് അവന്‍ അകപ്പെട്ടത്.
ഈയിടെ അന്തരിച്ച ഫുട്ബാള്‍ മാന്ത്രികനെന്നറിയപ്പെട്ട വ്യക്തി, അദ്ദേഹത്തെ ഔന്നത്യത്തിന്റെ കൊടുമുടി ഏറ്റിയ കലയെപ്പോലും വഞ്ചിച്ചവനാണെന്നിരിക്കെ, നമ്മുടെ നാട്ടില്‍ വരെ ആഘോഷിക്കപ്പെട്ട രീതി നാം കണ്ടു. (മാധ്യമങ്ങളുടെ മസാല എന്നതില്‍ കവിഞ്ഞ് ഉത്തരവാദപ്പെട്ടവര്‍ പോലും തലതിരിഞ്ഞ കുരങ്ങുകളിക്ക് ഏണിവെക്കുന്ന ദുഃഖാചരണത്തിലെത്തുന്നു. തെരഞ്ഞെടുപ്പു കാലത്ത് ജനാധിപത്യത്തില്‍ ദൈവം വോട്ടായാണല്ലോ അവതരിക്കേണ്ടത്!)
‘ദൈവത്തിന്റെ കൈ’ കളിയിലെ കളങ്കമാണെന്ന് ഇന്നും ഒരു വലിയ ലോകം വിശ്വസിക്കുന്നു. എന്നാല്‍ ഈ ചതിയെ കുറ്റം റഫറിയിലിട്ട് ഫാന്‍ ന്യായീകരിക്കുന്നു. എന്നാല്‍ താന്‍ ചെയ്ത വഞ്ചന മരണം വരെ മറച്ചു വെച്ച താരത്തിന്റെ അധാര്‍മികതയെ ന്യായീകരിക്കാന്‍ ഇത് പര്യാപ്തമാകുമോ. ഇദ്ദേഹം ലഹരിക്ക് അടിമയായിരുന്നു എന്നതും കായികക്ഷമതയുമായി ബന്ധപ്പെട്ട ഉത്തേജക മരുന്നു പരിശോധനയില്‍ പലപ്പോഴും പരാജയപ്പെട്ടിരുന്നു എന്നതുമൊന്നും ഈ ആഘോഷത്തിമിര്‍പ്പില്‍ മങ്ങിപ്പോകുന്നു.
ഇതൊരു ഉദാഹരണം മാത്രമാണ്. കലയുടെയും സാഹിത്യത്തിന്റെയുമെല്ലാം ലോകത്ത് എല്ലാ കാലത്തും ഇതെല്ലാം ഹലാലായിരുന്നു. സുഖവും ഹരവും ജീവിതലക്ഷ്യമാക്കുന്ന സമൂഹത്തിനും ഇത് പഥ്യമാകാം. ലോകം ആദരിച്ചാരാധിക്കുന്ന പലരും ഇങ്ങനെ തന്നെയാണല്ലോ. പക്ഷേ, ജീവിതലക്ഷ്യം ഭൗതിക രസമല്ലെന്നും പരലോക മോക്ഷമാണ് യഥാര്‍ഥ വിജയമെന്നും വിശ്വസിക്കുന്നവര്‍ക്കെങ്ങനെയാണ് ‘മറ്റെല്ലാം മറന്നേക്കൂ, പ്രതിഭ നോക്കിയാല്‍ പോരേ’ എന്ന ക്ലീഷേയില്‍ സമാധാനിക്കാന്‍ കഴിയുക. അതല്ലെങ്കില്‍ ഇത്തരക്കാര്‍ ചെയ്യുന്ന ഏതോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ, ചില നിലപാടുകളിലെ നന്മയെ മാത്രം നോക്കി അവരെ മനുഷ്യ മാതൃകകളാക്കിയും ബഹുമാനിക്കപ്പെടേണ്ട വ്യക്തികളാക്കിയും കൊണ്ടാടാന്‍ കഴിയുക.
ഇവരിലെ ചില നന്മകളെ പൊക്കിപ്പിടിച്ച്, ‘കുറവുകളില്ലാത്ത മനുഷ്യരുണ്ടോ, ഇങ്ങനെ നോക്കിയാല്‍ എല്ലാ മനുഷ്യരിലും നന്മ തിന്മകളില്ലേ. ആ നന്മകള്‍ നാം പ്രോത്സാഹിപ്പിക്കേണ്ടതില്ലേ’ തുടങ്ങിയ ന്യായങ്ങളില്‍ വെളുപ്പിക്കാവുന്നതല്ല ഈ അതിരുവിട്ട പ്രതിഭാരാധന. (മറഡോണയെ ആരാധകര്‍ വിളിച്ചിരുന്നത് പോലും സാക്ഷാല്‍ ദൈവം എന്ന് അര്‍ഥമുള്ള ദിയോസ് എന്ന സ്പാനിഷ് പദമുപയോഗിച്ചായിരുന്നു.)
നന്മയും പ്രതിഭയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെങ്കില്‍ ഇതിലേറെ നന്മകളും മാനവിക മേഖലകളിലെ പ്രതിഭാവിലാസവും കൈമുതലാക്കിയ വിശ്വ പ്രശസ്തരായ പണ്ഡിതരും ശാസ്ത്രജ്ഞരും ഗവേഷകരും സാമൂഹിക സേവകരുമൊന്നും എന്തുകൊണ്ട് ലോകത്ത് ഇങ്ങനെ ആഘോഷിക്കപ്പെടുന്നില്ല. ഇവരെന്തേ നമ്മുടെ ശരീരത്തില്‍ ടാറ്റൂകളായും വസ്ത്രത്തില്‍ പ്രിന്റുകളായും സ്വീകരണ മുറികളിലെയും ഷോകെയ്‌സുകളിലെയും അഹങ്കാര തിരുശേഷിപ്പുകളായും കിടപ്പുമുറികളില അലങ്കാരമായും ആദരിക്കപ്പെടുന്നില്ല.
ഇത് ഇസ്ലാം വെറുക്കുന്ന, തമാശകളെ മതവത്കരിക്കലും മതാദര്‍ശങ്ങളെ കളിയാക്കലുമാണ്. കലയും വിനോദവും മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യമല്ല. മറിച്ച് അവന്റെ ജീവിതലക്ഷ്യ പൂര്‍ത്തീകരണത്തിനുള്ള യാത്രയിലെ വിശ്രമവേളകള്‍ മാത്രമാണവ. മുന്നോട്ടുള്ള യാത്രാ ക്ഷീണം മാറ്റാനും മടുപ്പകറ്റാനുമുള്ള മാനസികവും ശാരീരികവുമായ ഊര്‍ജ സംരക്ഷണത്തിനുള്ള മാധ്യമമായിട്ടാണ് ഇവയെ പരിഗണിക്കേണ്ടത്. വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം പല സന്ദര്‍ഭങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.
”നിങ്ങള്‍ അറിയുക: ഇഹലോക ജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ് – ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത് (ദുര്‍വൃത്തര്‍ക്ക്) കഠിനമായ ശിക്ഷയും (സദ്വൃത്തര്‍ക്ക്്) അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല.”(57:20)
‘ഐഹികജീവിതമെന്നത് കളിയും വിനോദവുമല്ലാതെ മറ്റൊന്നുമല്ല. പാരത്രിക ലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഉത്തമമായിട്ടുള്ളത് . നിങ്ങളെന്താണ് ചിന്തിക്കാത്തത്?”(6:32)
പരലോക മോക്ഷമല്ലെങ്കിലും ഇഹലോക ജീവിതത്തിന്റെ ക്രിയാത്മക യാത്രയില്‍ രചനാത്മക പ്രചോദനങ്ങളുണ്ടാക്കുകയായിരുന്നു കലാ-കായിക-സാഹിത്യ സൃഷ്ടികളുടെ ഭൗതിക ലക്ഷ്യവും. എന്നാല്‍ കാലം തലതിരിഞ്ഞപ്പോള്‍ ഇവയും ജീവിതം തുലയ്ക്കാനായി മാറുകയായിരുന്നു. സമൂഹം ഇത്തരം വിനോദങ്ങളില്‍ ജീവിതലക്ഷ്യം കണ്ടെത്തിയപ്പോള്‍ അവരുടെ കരുത്തും കഴിവും അവിടങ്ങളില്‍ പൊലിഞ്ഞു. അസമയങ്ങളിലും അമിതമായും ഉറക്കമിളച്ചും നടന്ന കളികളും കാഴ്ചകളും മൂലം ശരീരം ക്ഷയിച്ചു. ജോലിക്ക് വയ്യാതാവുകയോ മടുപ്പ് അനുഭവപ്പെടുകയോ ചെയ്തു. അവര്‍ ജോലി ഉപേക്ഷിക്കുകയോ അവധിയെടുക്കുകയോ ചെയ്തു. ഇങ്ങനെ സമൂഹത്തിന്റെ വിഭവശേഷി നശിക്കുകയോ ഉപയോഗശൂന്യമാവുകയോ ചെയ്തു. തനിക്കും കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനുമെല്ലാം ഉപയുക്തമാകേണ്ട ആരോഗ്യവും സമയവും സമ്പത്തുമെല്ലാം ഇങ്ങനെ കളിയിലും കലയിലും നഷ്ടമായി.
ഈ ലോകജീവിതത്തെ മാത്രം ആസ്പദിച്ച് ജയപരാജയങ്ങള്‍ തീരുമാനിക്കുന്നവര്‍ ജീവിതം പരമാവധി ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യമേ കാണൂ. അതില്‍ സാമൂഹ്യ പ്രതിബദ്ധതയോ മാനവിക മൂല്യങ്ങളോ എന്തിനേറെ തന്റെ ജീവിതത്തിലെ ദീര്‍ഘകാല സുഖമോ പോലും അവര്‍ക്ക് പ്രശ്‌നമല്ല. അതിനാല്‍ ഇന്നു നടക്കുന്ന ഗവേഷണങ്ങളും പഠനങ്ങളുമെല്ലാം ഈ ക്ഷിപ്രസുഖ ലക്ഷ്യസാക്ഷാത്കാരത്തിനുള്ളതാണ്. കളിയിലും വിനോദത്തിലും പുത്തന്‍ പരീക്ഷണങ്ങള്‍ വ്യാപകമായി നടക്കുന്നു. ലോക ഉത്പാദനത്തിന്റെയും വിപണനത്തിന്റെയുമെല്ലാം പ്രധാനഭാഗം കൈകാര്യം ചെയ്യുന്നത് ഈ മേഖലകളാണ്. മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, മരുന്ന് തുടങ്ങിയ മേഖലകളില്‍ പണം മുടക്കുന്നതിനെക്കാള്‍ ലാഭകരവും പണിയെടുക്കുന്നതിനെക്കാള്‍ എളുപ്പവുമാണ് കലാ-കായിക-വിനോദ മേഖലകളിലെ മുതല്‍മുടക്കും അധ്വാനവും.
എന്നും പുതുതായിക്കൊണ്ടിരിക്കുന്ന കലാ-കായിക-സാഹിത്യ വിനോദ ലോകത്ത് മുസ്ലിമെന്ന നിലക്ക് ഏറെ കരുതല്‍ ആവശ്യമാണ്. അവിടെ നൂലിഴ വ്യത്യാസത്തില്‍ ഹലാല്‍ ഹറാമുകള്‍ മാറി മറിഞ്ഞുകൊണ്ടേ ഇരിക്കും. ഒരുപാട് തിന്മകളുടെ ചക്രവ്യൂഹത്തിലാണ് ഈ ഹലാലുകള്‍ ഇന്ന് ചെന്നുപെട്ടത്. സമയം പാഴാക്കല്‍, മനസ്സിനും ശരീരത്തിനും അപകടം, സമൂഹദ്രോഹം, കളവ്-ചതി- പരിഹാസം- പരദൂഷണം തുടങ്ങിയ ദുസ്വഭാവങ്ങള്‍, ചൂത്- പന്തയം- നികുതിവെട്ടിപ്പ്-ധൂര്‍ത്ത്- ദുര്‍വ്യയം തുടങ്ങിയ സാമ്പത്തിക അഴിമതികള്‍, മത-ദൈവ-ധര്‍മ പരിഹാസം, അക്രമം- അശ്ലീലം എന്നിവയുടെ പ്രമോഷന്‍ എന്നിവയെല്ലാം നിറഞ്ഞാടുന്ന ഈ ലോകം മനുഷ്യ കുലത്തിന് നന്മയിലേറെ തിന്മകളാണ് സമ്മാനിക്കുന്നതെന്ന യാഥാര്‍ഥ്യം തിരിച്ചറിയേണ്ടതുണ്ട്.
ആസ്വാദന ലോകത്തിന്റെ കണ്ണഞ്ചിക്കുന്ന മൂലധന സാധ്യതയില്‍ മയങ്ങുന്ന അന്താരാഷ്ട്ര ലോബികളാണ് ഈ ചൂഷണം പ്രചരിപ്പിക്കുന്നത്. ലഹരിയും ലൈംഗിക അരാജകത്വവും മറ്റു അസാന്മാര്‍ഗികതകളും മൊത്തവിപണനം നടത്തുന്ന വിദൂര രാജ്യങ്ങളുടെ മുടിയും കൊടിയും നമ്മുടെ ന്യൂജന്‍ സംസ്‌കാരത്തില്‍ അധിനിവേശം നടത്തുന്നതിനും അതിന്റെ ആശാന്മാര്‍ കലാ-കായിക ദൈവങ്ങളായി ആരാധിക്കപ്പെടുന്നതിനും പിന്നില്‍ ആയുധ-ലഹരി-ലൈംഗിക-കള്ളക്കടത്ത് അച്ചുതണ്ടാണെന്ന് തെളിയാത്തത് ആ ലോബി നമ്മുടെ അധികാരികളെ വരെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ ശക്തിയുള്ളവരായതിനാലാണ്. എല്ലാ വിധ തമസ്‌കരണങ്ങള്‍ക്കിടയിലും സ്വദേശത്തും വിദേശത്തുമുള്ള ഇത്തരം ആരാധ്യന്‍മാരില്‍ ചിലരുടെ അവിഹിതങ്ങള്‍ രാജ്യത്ത് അങ്ങിങ്ങായി വെളിവാക്കപ്പെടുന്ന വാര്‍ത്തകള്‍ നല്കുന്ന അപായ സൂചനകള്‍ വലുതാണ്. ലൈംഗിക-ലഹരി-കള്ളക്കടത്ത് റാക്കറ്റില്‍ പെട്ട് വിചാരണ നേരിടുന്ന സിനിമാ-സ്‌പോര്‍ട്‌സ് നക്ഷത്രങ്ങള്‍ ഈ രംഗത്തെ അന്തര്‍ദേശീയ അവിഹിത അച്ചുതണ്ടിന്റെ വാലടയാളങ്ങളാണ്.
അസാന്മാര്‍ഗികതയുടെ ലോകത്ത് വിശ്വാസിയെ വിശുദ്ധ ഖുര്‍ആന്‍ കൃത്യമായി വഴികാട്ടുന്നുണ്ട്. ”തങ്ങളുടെ മതത്തെ കളിയും വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ട് വഞ്ചിതരാകുകയും ചെയ്തിട്ടുള്ളവരെ വിട്ടേക്കുക. ഏതൊരു ആത്മാവും സ്വയം ചെയ്തു വെച്ചതിന്റെ ഫലമായി നാശത്തിലേക്ക് തള്ളപ്പെടുമെന്നതിനാല്‍ ഇത് (ഖുര്‍ആന്‍) മുഖേന നീ ഉല്‌ബോധനം നടത്തുക. അല്ലാഹുവിന് പുറമെ ആ ആത്മാവിന് യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും ഉണ്ടായിരിക്കുന്നതല്ല. എല്ലാവിധ പ്രായശ്ചിത്തവും നല്കിയാലും ആ ആത്മാവില്‍ നിന്നത് സ്വീകരിക്കപ്പെടുകയില്ല. സ്വയം ചെയ്ത് വെച്ചതിന്റെ ഫലമായി നാശത്തിലേക്ക് തള്ളപ്പെട്ടവരത്രെ അവര്‍. അവര്‍ നിഷേധിച്ചിരുന്നതിന്റെ ഫലമായി ചുട്ടുപൊള്ളുന്ന കുടിനീരും വേദനാജനകമായ ശിക്ഷയുമാണ് അവര്‍ക്കുണ്ടായിരിക്കുക.” (6:70)