29 Friday
March 2024
2024 March 29
1445 Ramadân 19

മുറിവ് മാന്തി വ്രണമാക്കരുത്‌


സ്വാതന്ത്ര്യദിന തലേന്ന് വിഭജന ഭീകരതയുടെ ഓര്‍മദിനമായി ആചരിക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാറിന്റെ തീരുമാനം അപക്വമായ രാഷ്ട്രീയ നിലപാട് മാത്രമായേ കാണാനാകൂ. ദൂരവ്യാപകമായി നഷ്ടങ്ങളും കഷ്ടങ്ങളും മാത്രം സമ്മാനിക്കുന്നതാണ് ഇത്തരം തീരുമാനങ്ങള്‍. വിഭജനത്തിന്റെ മുറിവുകള്‍ ഒരിക്കലും മനസ്സില്‍ നിന്ന് മായാത്തതാണെന്നാണ് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ഇത് യാഥാര്‍ഥ്യം തന്നെയാണ്. എന്നാല്‍ എല്ലാ യാഥാര്‍ഥ്യങ്ങളും എല്ലാ കാലത്തും ഓര്‍ത്തുകൊണ്ടിരിക്കാനാവില്ല. മറക്കേണ്ടത് മറക്കണം. വിഭജനത്തിന്റെ മുറിവുകളും വേദനകളും ഒരിക്കലും ഓര്‍ത്തുകൊണ്ടേയിരിക്കേണ്ടതല്ല. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മുറിവില്‍ ഉപ്പു തേക്കലാണ്. മുറിവുകള്‍ ഒരിക്കലും ഉണങ്ങരുതെന്ന ദുശ്ശാഠ്യമാണത്. സ്വാതന്ത്ര്യദിനം ആഘോഷത്തിന്റേത് മാത്രമല്ല. രാഷ്ട്രസ്വാതന്ത്ര്യത്തിനായി ജീവാര്‍പ്പണം നടത്തിയ അനേകം പേരുടെ ഓര്‍മകളുടെ മിന്നലാട്ടം കൂടിയാണ്. ഒരുമിച്ച് ഒരേ ദിശയില്‍ സഞ്ചരിച്ചവര്‍, ഒരേ ലക്ഷ്യത്തിനു വേണ്ടി പോരാടിയവര്‍, ഒരൊറ്റ മനസ്സും മെയ്യുമായി നിന്നവര്‍, സ്വതന്ത്ര്യത്തിന്റെ പടിവാതില്‍ക്കല്‍ വച്ച് രണ്ട് ദിശയിലേക്ക് വഴിമാറിപ്പോകേണ്ടി വന്നത് ഒരിക്കലും സന്തോഷകരമായ ദിനങ്ങളോ തീരുമാനങ്ങളോ ആയിരുന്നില്ല. വേദനിപ്പിക്കുന്നവ തന്നെയായിരുന്നു. ഒഴിച്ചുകൂടാനാവാത്ത ആ യാഥാര്‍ഥ്യത്തിനു മുന്നില്‍ പകച്ചു നിന്നവര്‍ അനവധിയുണ്ട്. വിഭജനാനന്തര ജീവിതത്തില്‍ അതിര്‍ത്തിക്ക് അപ്പുറത്തും ഇപ്പുറത്തുമായി മുറിച്ചുമാറ്റപ്പെട്ടവര്‍ അനവധിയുണ്ട്. ഈ വേദനയില്‍ പിടഞ്ഞു വീണവരുമുണ്ട്. ഇന്നും തലമുറകളിലൂടെ വിഭജനത്തിന്റെ മുറിവുകള്‍ പേറി രണ്ട് രാജ്യങ്ങളിലായി കഴിയാന്‍ വിധിക്കപ്പെട്ട അനവധി പേരുണ്ട്. ആ മുറിവുകളെക്കൂടിയാണ് പ്രധാനമന്ത്രി തികട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്. എന്തു നേട്ടമാണ് അതിലൂടെ രാജ്യത്തിന് ലഭിക്കാന്‍ പോകുന്നത്. വിഭജന സ്മരണയിലൂടെ വിഭാഗീയ രാഷ്ട്രീയത്തെ ഒളിച്ചു കടത്തുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. ഹിന്ദു – മുസ്്‌ലിം, ഇന്ത്യാ – പാകിസ്താന്‍.., ഈ വിഭജനത്തെ രാഷ്ട്രീയ മുതലെടുപ്പിന് നിരന്തരം ആയുധമാക്കുന്നവര്‍ ഇപ്പോഴത്തെ നീക്കത്തിനു പിന്നിലും രാഷ്ട്രീയ മുതലെടുപ്പ് തന്നെയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ അത് വരുത്തിവെക്കാനിരിക്കുന്ന വിനകളെക്കുറിച്ച് ഓര്‍ക്കുന്നില്ല.
സ്വാതന്ത്ര്യത്തിന്റെ ഏഴരപ്പതിറ്റാണ്ട് ചെറിയൊരു കാലയളവല്ല. പ്രത്യേകിച്ച് ഇന്ത്യയെ സംബന്ധിച്ചിടത്തോളം. മുപ്പത്തി മുക്കോടി ദൈവങ്ങളും അത്രതന്നെ വിശ്വാസങ്ങളും അലിഞ്ഞുചേര്‍ന്ന ജാതികളും ഉപജാതികളുമായി കെട്ടുപിണഞ്ഞ് കിടക്കുന്ന, ഭാഷ, ദേശ, ഭൂഷാധികളുടെ പേരില്‍ വേറിട്ടു കിടക്കുന്ന ഒരു ജനസഞ്ചയം ശക്തമായ ജനാധിപത്യത്തിന്റെ കുടക്കീഴില്‍ ഒരുമിച്ചണിനിരന്നതിനെയാണ് യഥാര്‍ഥത്തില്‍ നാം എല്ലാ ദിവസവും ഓര്‍ത്തുകൊണ്ടിരിക്കേണ്ടത്. എല്ലാ ദിവസവും ആഘോഷമാക്കി മാറ്റേ
ണ്ടതും.
പ്രത്യേകിച്ച് നമ്മോടൊപ്പം സ്വതന്ത്രമായ നമ്മുടെ അയല്‍ രാജ്യത്തിന്റെ കാര്യം പരിശോധിച്ചാല്‍. നിരന്തരമായ പട്ടാള അട്ടിമറികള്‍ അസ്ഥിരമാക്കിയ ഒരു രാജ്യം. നമുക്ക് ശേഷം സ്വാതന്ത്ര്യം പ്രാപിച്ച ബംഗ്ലാദേശിന്റെ സ്ഥിതിയും മറിച്ചല്ല. രാജ്യാന്തര വിഷയങ്ങളില്‍ ഏറ്റവും പക്വമായ നിലപാട് സ്വീകരിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. സ്ഥിരതയാര്‍ന്നതായിരുന്നു ആ നിലപാടുകള്‍. ശാക്തിക ചേരികള്‍ രണ്ടു ഭാഗങ്ങളിലായി അണി നിരന്ന ലോകയുദ്ധാനന്തര കാലത്തുപോലും ചേരിചേരാ നയം പോലെ, ഏറ്റവും പക്വമായ നിലപാടായിരുന്നു നമ്മുടെ രാഷ്ട്ര നേതൃത്വം സ്വീകരിച്ചത്. ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതായിരുന്നു ഇത്.
അനുഭവജ്ഞാനം കൊണ്ട് ദീര്‍ഘദൃഷ്ടിയുള്ള നേതാക്കള്‍ നെയ്‌തെടുത്ത ഊടും പാവും നിറഞ്ഞ വിദേശയനത്തിന്റെ മനോഹരമായ പട്ടുതുണിയെയാണ് നാമിപ്പോള്‍ കുത്തിക്കീറി വികൃതമാക്കിക്കൊണ്ടിരിക്കുന്നത്. ഏഴരപ്പതിറ്റാണ്ടു കൊണ്ട് നേടിയെടുത്ത അഭിമാന സ്തംഭങ്ങളെ തച്ചുടച്ച് ഇല്ലാതാക്കുന്നതിന് തുല്യമാണിത്. മോദി സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ വന്നശേഷം വിദേശ നയങ്ങളിലുണ്ടായ പാളിച്ചകള്‍ അനവധിയാണ്. നവാസ് ശരീഫുമായി അത്താഴ വിരുന്ന് നടത്തിയതിന്റെ മധുവിധു തീരും മുമ്പ് ഭീകരാക്രമണത്തിന്റെ മുറിവുകള്‍ ഏറ്റുവാങ്ങേണ്ടിവന്നത് ഈ സര്‍ക്കാറിനു കീഴിലായിരുന്നു. വിഭജന ഭീകരതയുടെ ഓര്‍മദിനമായി ഇന്ത്യ ആചരിക്കാന്‍ ആഹ്വാനം ചെയ്ത ഓഗസ്റ്റ് 14 പാകിസ്താന്റെ സ്വാതന്ത്ര്യ ദിനമാണെന്ന് ഓര്‍ക്കണം. ഓഗസ്റ്റ് പതിനഞ്ച് വിഭജന ഭീകരതാ ദിനമായി പാകിസ്താന്‍ അനുസ്മരിക്കാന്‍ തുടങ്ങിയാല്‍ എന്തായിരിക്കും ഫലം. ഇനി ബംഗ്ലാദേശിന്റെ സ്വാതന്ത്യദിനം പാകിസ്താന്‍ വിഭജന ഭീകരതാദിനമായി ആചരിക്കാന്‍ തുടങ്ങിയാലോ. സുഹൃത്തുക്കളെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് മാറ്റിക്കൊണ്ടിരിക്കാം. എന്നാല്‍അയല്‍ക്കാരെ അങ്ങനെയല്ല. പാകിസ്താന്റെ നിലപാടുകളോടും നയങ്ങളോടും നമുക്ക് രാജിയാകാന്‍ കഴിയാത്ത വിയോജിപ്പുകളുണ്ടായിരിക്കാം. അത് അതേ രീതിയില്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അയല്‍ രാഷ്ട്രമെന്ന യാഥാര്‍ഥ്യത്തെ അംഗീകരിച്ചു മുന്നോട്ടു പോകേണ്ടിവരുന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ.് അവിടെയാണ് ഇത്തരം നിലപാടുകളുടെ പാളിച്ചകള്‍ നമ്മെ തിരിഞ്ഞുകൊത്തുക. പക്വതയാര്‍ന്ന നിലപാടാണ് ഇത്തരം വിഷയങ്ങളില്‍ ഏതൊരു രാജ്യത്തിനും അഭികാമ്യം.

3 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x