28 Thursday
March 2024
2024 March 28
1445 Ramadân 18

മുന്നാക്ക സംവരണം: സംഘ്പരിവാര്‍ അജണ്ടയും സര്‍വകക്ഷി ഐക്യമുന്നണിയും

എ മുഹമ്മദ് ഹനീഫ


”നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തിനൊടുവില്‍, പരിവര്‍ത്തനാത്മക ഭരണഘടനാവാദത്തിലേക്കുള്ള ഒരു ചുവടുവെപ്പെന്ന നിലയില്‍, സമൂഹത്തിന്റെ പൊതുതാല്‍പര്യത്തിനു വേണ്ടി സംവരണ സമ്പ്രദായം പുനഃപരിശോധിക്കേണ്ടതുണ്ട്” -രാജ്യത്തെ മുന്നാക്ക ജാതിവിഭാഗങ്ങള്‍ക്ക് പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതി ശരിവെച്ചുകൊണ്ട് ഭൂരിപക്ഷ വിധി പ്രഖ്യാപിച്ച സുപ്രീം കോടതി ന്യായാധിപരില്‍ ഒരാളായ ജസ്റ്റിസ് ബേല എം ത്രിവേദിയുടെ വാക്കുകളാണ് മുകളില്‍ വായിച്ചത്.
സാമുദായിക സംവരണ തത്വത്തെ ദുര്‍ബലമാക്കുന്ന പരാമര്‍ശങ്ങള്‍ അതേ കോടതിമുറിയില്‍ നിന്നുതന്നെ വേറെയും ഉയര്‍ന്നിട്ടുണ്ട്. ‘പിന്നാക്കക്കാരെ നിശ്ചയിക്കാനുള്ള മാര്‍ഗങ്ങള്‍ പുനഃപരിശോധിക്കണം’ എന്നാണ് ജസ്റ്റിസ് ജെ ബി പര്‍ദിവാല നിര്‍ദേശിക്കുന്നത്. ‘സംവരണം അനിശ്ചിതമായി തുടരുന്നത് നിക്ഷിപ്ത താല്‍പര്യമാവും’ എന്ന് അദ്ദേഹം നിരീക്ഷിക്കുകയും ചെയ്യുന്നു.
ജസ്റ്റിസ് ബേലയുടെ പരാമര്‍ശങ്ങള്‍ വ്യക്തിപരമായിരിക്കുമ്പോള്‍ തന്നെ, അത് സംവരണവിരുദ്ധര്‍ കാലാകാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന പ്രതിലോമ വ്യവഹാരങ്ങളുടെ പ്രതിധ്വനികള്‍ കൂടിയാണ്. അതില്‍ സംവരണ തത്വത്തിന്റെ ഭാവിയെ അപകടപ്പെടുത്തുന്ന രണ്ടു സൂചനകളുണ്ട്. ഒന്ന്: സമൂഹത്തിന്റെ പൊതുതാല്‍പര്യം (Larger interests of the society). രണ്ട്: ‘പരിവര്‍ത്തനാത്മക ഭരണഘടനാവാദം’ (Transformative constitutionalism). സംഘ്പരിവാറിന്റെ ഹിന്ദുത്വരാഷ്ട്ര സങ്കല്‍പത്തിലേക്കുള്ള അപകടകരമായ സൂചനകളാണത്. സംവരണ തത്വത്തിനെതിരെ ചരിത്രത്തിലിന്നോളം മുഴങ്ങിക്കേട്ട പ്രതിലോമകരമായ ശബ്ദങ്ങള്‍ ഇപ്പോള്‍ കോടതിമുറികളില്‍ പ്രതിധ്വനിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നുകൂടിയാണ് അതിനര്‍ഥം.
ഒന്നാമത്തെ കാര്യം പൊതുതാല്‍പര്യമാണ്. രാജ്യത്തെ 80 ശതമാനത്തോളം വരുന്ന വിവിധ ജാതി-സമുദായങ്ങളില്‍ പെട്ട മനുഷ്യരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും മൗലിക താല്‍പര്യങ്ങള്‍ക്കും വിരുദ്ധമായാണ് ഭരണഘടനാ ഭേദഗതിയിലൂടെ മുന്നാക്ക സംവരണം നടപ്പാക്കപ്പെട്ടത്. രാജ്യത്തെ ഒരു ചെറു ന്യൂനപക്ഷത്തിന് അനര്‍ഹമായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന നിയമഭേദഗതിയെ സമൂഹത്തിന്റെ വിശാല താല്‍പര്യമായി മനസ്സിലാക്കുന്നതില്‍ ഭരണഘടനാ ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കല്‍പത്തിന് വിരുദ്ധമായ പിഴവുണ്ട്. ന്യായാധിപന്മാരുടെ വിധിന്യായങ്ങളിലോ വ്യക്തിപരമായ പരാമര്‍ശങ്ങളിലോ യാതൊരു കാരണവശാലും കടന്നുവരാന്‍ പാടില്ലാത്തതാണ് ആ പിഴവ്. കാരണം, അത് നീതിന്യായ വ്യവഹാരങ്ങളില്‍ തെറ്റായ സന്ദേശം നല്‍കും. അനാവശ്യ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കും. മേല്‍ജാതി വിഭാഗങ്ങളുടെ നിക്ഷിപ്ത താല്‍പര്യത്തെ സമൂഹത്തിന്റെ പൊതുവായ താല്‍പര്യമായി പരിഗണിക്കപ്പെടുന്ന കീഴ്‌വഴക്കം സംഘ്പരിവാര്‍ ഭരണകൂടത്തിന് അതിന്റെ വംശീയ പദ്ധതികള്‍ നടപ്പാക്കാനുള്ള എളുപ്പവഴിയും സമ്മതിയുമായി മാറും. ഭരണകൂടത്തിന്റെ ജനാധിപത്യ വ്യതിയാനങ്ങള്‍ക്ക് ന്യായീകരണമായും മാറും.
ഭരണഘടനാ ഭേദഗതി നടപ്പില്‍ വരുത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ചെലവഴിച്ച സമയം കേവലം ആറു ദിവസങ്ങള്‍ മാത്രമാണ്. 103-ാം ഭരണഘടനാ ഭേദഗതി ബില്ലിന് 2019 ജനുവരി 7ന് കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കി. ജനുവരി 8ന് ലോക്‌സഭയിലും 9ന് രാജ്യസഭയിലും അവതരിപ്പിച്ച് മഹാഭൂരിപക്ഷത്തോടെ പാസാക്കി. ജനുവരി 12ന് രാഷ്ട്രപതി ഒപ്പുവെച്ചതോടെ അത് നിയമമായി. അത് ഇന്ത്യന്‍ നിയമനിര്‍മാണ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ നിയമമായി പിറന്നു.
സാമൂഹികമായി മുന്നാക്കം നില്‍ക്കുന്നവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താന്‍ ശാസ്ത്രീയമായ യാതൊരു പഠനങ്ങളും രാജ്യത്ത് ഇന്നേവരെ നടന്നിട്ടില്ല. കമ്മീഷനുകള്‍ നിയമിക്കപ്പെടുകയോ പാര്‍ലമെന്ററി സമിതികള്‍ രൂപവത്കരിക്കുകയോ ചെയ്തിട്ടില്ല. സ്ഥിതിവിവര കണക്കുകളോ പഠന റിപ്പോര്‍ട്ടുകളോ തയ്യാറാക്കപ്പെട്ടിട്ടില്ല. സവര്‍ണ വിഭാഗങ്ങളുടെ ജാതീയ ഇച്ഛ മാത്രമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരിഗണിച്ച ഏക ഘടകം.
സാമ്പത്തിക സംവരണം അശാസ്ത്രീയമാണെന്ന് തെളിയിക്കുന്ന ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. 2019 ജൂണ്‍ 8ന് ഇകണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്‌ലി അത്തരമൊരു പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എ ഭീമേശ്വര്‍ റെഡ്ഡി, സണ്ണി ജോസ്, പിണ്ടിഗ അംബേദ്കര്‍, വിക്രാന്ത് സാഗര്‍ റെഡ്ഡി, വി എസ് നിഷികാന്ത് എന്നീ ഗവേഷകര്‍ രാജ്യത്തെ 445 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയതാണ് ആ പഠനം. വിദ്യാഭ്യാസ മേഖലയില്‍ മുന്നാക്കവിഭാഗങ്ങള്‍ക്ക് നിലവില്‍ അഞ്ചിരട്ടിയിലേറെ അധിക പ്രാതിനിധ്യമുണ്ടെന്ന് ആ പഠനം വസ്തുനിഷ്ഠമായി തെളിയിക്കുന്നുണ്ട്.
ധൃതിപിടിച്ച അസ്വാഭാവിക നടപടിക്രമങ്ങള്‍ പരമോന്നത നീതിപീഠം ശരിവെച്ചു. ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് വേണ്ടിയാകുമ്പോള്‍ നിയമനിര്‍മാണത്തിന് അമ്പരപ്പിക്കുന്ന വേഗവും ഉല്‍സാഹവും കാണാം. അവയ്ക്കു പിന്നിലെ പ്രേരകശക്തി എന്ന നിലയിലാണ് രാജ്യത്ത് ‘പൊതുതാല്‍പര്യം’ പ്രവര്‍ത്തിക്കുന്നത്. ജാതിയധിഷ്ഠിത അധികാരശ്രേണി നിലനില്‍ക്കുന്ന ഒരു സാമൂഹിക വ്യവസ്ഥയില്‍ ‘പൊതുതാല്‍പര്യം’ എന്നാല്‍ എപ്പോഴും മേല്‍ത്തട്ടിലെ അധികാര ശക്തികളുടെ നിക്ഷിപ്ത താല്‍പര്യമായിരിക്കും.
രണ്ടാമത്തെ സൂചന, പരിവര്‍ത്തനാത്മക ഭരണഘടനാവാദമാണ് (Transformative constitutionalism). ഭരണഘടനയുടെ സാമൂഹിക ലക്ഷ്യം അട്ടിമറിക്കുന്ന നിയമ ഭേദഗതിയെ ശരിവെച്ചുകൊണ്ട് വിധി പ്രസ്താവിച്ച അതേ കോടതിയില്‍ നിന്ന് ‘പരിവര്‍ത്തനാത്മക ഭരണഘടനാവാദം’ എന്ന് എത്രമേല്‍ വ്യക്തതയോടെ മുഴങ്ങിക്കേട്ടാലും, സംവരണീയ ജനസമൂഹവും ജനാധിപത്യവാദികളും അതിനെ ‘ഭരണഘടനയിലെ പരിവര്‍ത്തനം’ (Transformation of the constitution) എന്നേ കേള്‍ക്കുകയുള്ളൂ. അതാകട്ടെ, ഭരണഘടനയുടെ ഹിന്ദുത്വവാദ പരിഷ്‌കരണ ശ്രമങ്ങളെയാണ് ഓര്‍മപ്പെടുത്തുക.
ഭരണഘടനാ നിര്‍മാണ സമിതി, ഇന്ത്യന്‍ ഭരണഘടനയുടെ കരടുരൂപം തയ്യാറാക്കുന്ന ഘട്ടത്തില്‍ തന്നെ ഹിന്ദുത്വവാദികള്‍ അതിനോടുള്ള ശത്രുത പ്രഖ്യാപിച്ചിട്ടുണ്ട്. ചാതുര്‍വര്‍ണ്യത്തിന്റ വിശുദ്ധ ഗ്രന്ഥമായ ‘മനുസ്മൃതി’ ഭരണഘടനക്ക് പകരമായി അംഗീകരിക്കണമെന്ന സംഘ്പരിവാറിന്റെ ആവശ്യം ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. 1949 നവംബര്‍ 30ന് ആര്‍ എസ് എസിന്റെ മുഖപത്രമായ ഓര്‍ഗനൈസര്‍ ഈ ആവശ്യം ഉന്നയിച്ച് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1950ല്‍ അത് പുനഃപ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ചാതുര്‍വര്‍ണ്യ വ്യവസ്ഥ അനുശാസിക്കുന്ന ജാതിവിവേചനത്തിന്റെ നേര്‍വിപരീതമാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യമായ തുല്യത. അതുതന്നെയാണ് ഭരണഘടനയ്‌ക്കെതിരെ നിരന്തര യുദ്ധം പ്രഖ്യാപിക്കാന്‍ ഹിന്ദുത്വവാദ ശക്തികളെ പ്രേരിപ്പിക്കുന്നത്.
മുന്നാക്ക സംവരണനിയമത്തിന്റെ പിറവിയില്‍ കണ്ട ഗതിവേഗത്തിന്റെ നേര്‍വിപരീതമാണ് പിന്നാക്ക സമുദായ സംവരണത്തിനുണ്ടായത്. മുന്നാക്ക സംവരണ നിയമത്തിന് റോക്കറ്റിന്റെ വേഗമായിരുന്നുവെങ്കില്‍ പിന്നാക്ക സംവരണത്തിനുള്ള നടപടിക്രമങ്ങള്‍ക്ക് ഒച്ചിനോടൊപ്പം ഇഴഞ്ഞെത്താനുള്ള വേഗം പോലുമുണ്ടായില്ല.
വിവിധ
കണ്ടെത്തലുകള്‍

ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 340ന്റെ അടിസ്ഥാനത്തില്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ കണ്ടെത്താനും പരിഹാര നടപടികള്‍ നിര്‍ദേശിക്കാനുമായി കാകാ കലേക്കര്‍ കമ്മീഷന്‍ നിയമിക്കപ്പെടുന്നത് 1953 ജനുവരി 29നാണ്. റിപബ്ലിക്കിന്റെ മൂന്നാം വാര്‍ഷികാഘോഷം കഴിഞ്ഞാണ് രാജ്യത്തെ 60 ശതമാനത്തോളം വരുന്ന ജനങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ സ്ഥിതി പഠിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത് എന്നര്‍ഥം.
സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന 2399 ജാതി-സമുദായ വിഭാഗങ്ങളെ കാകാ കലേക്കര്‍ കമ്മീഷന്‍ കണ്ടെത്തി. അതില്‍ 837 ജാതിവിഭാഗങ്ങള്‍ അതീവ പിന്നാക്കമാണെന്നും കണ്ടെത്തി. നാലു മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. 12 വസ്തുതകള്‍ വിശകലനം ചെയ്തു. ഏഴ് നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചു. ആറ് ശുപാര്‍ശകള്‍ സമര്‍പ്പിച്ചു. രണ്ടു വര്‍ഷത്തിലേറെ നീണ്ടുനിന്ന അതീവ ശ്രമകരമായ പഠനഗവേഷണങ്ങള്‍ക്കു ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി. ചരിത്രത്തിലെ ആദ്യത്തെ പിന്നാക്ക കമ്മീഷന്‍ 1955 മാര്‍ച്ച് 31ന് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
നിര്‍ഭാഗ്യവശാല്‍, മഹാനായ രാഷ്ട്രശില്‍പി പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് രാഷ്ട്രനിര്‍മാണ പദ്ധതിയില്‍ കാകാ കലേക്കറുടെ കണ്ടെത്തലുകളും നിര്‍ദേശങ്ങളും സ്ഥിതിവിവര കണക്കുകളും ആവശ്യമുണ്ടായിരുന്നില്ല. നെഹ്‌റു സര്‍ക്കാര്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക സമുദായങ്ങളുടെ അതിജീവന പദ്ധതിയുടെ രൂപരേഖ സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടിന്റെ പൊടിപിടിച്ച് പാഴായിപ്പോയി.
കാകാ കലേക്കര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഏകദേശം കാല്‍ നൂറ്റാണ്ടിനു ശേഷം 1979 ജനുവരി ഒന്നിന് അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി, സാമൂഹിക-വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കാന്‍ ബിന്ദേശ്വരി പ്രസാദ് മണ്ഡലിന്റെ നേതൃത്വത്തില്‍ ആറംഗ കമ്മീഷനെ നിയമിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം 1980 ഡിസംബര്‍ 31ന് ബി പി മണ്ഡല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ദൗര്‍ഭാഗ്യവശാല്‍ അപ്പോഴേക്കും മൊറാര്‍ജി ദേശായി അധികാരത്തില്‍ നിന്ന് പുറത്തുപോയിരുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷം വീണ്ടും അധികാരത്തിലേറിയ ഇന്ദിരാഗാന്ധി ആയിരുന്നു പ്രധാനമന്ത്രി. പ്രിവി പഴ്‌സ് നിര്‍ത്തലാക്കല്‍, ബാങ്ക് ദേശസാത്കരണം പോലുള്ള വിപ്ലവ നടപടികളിലൂടെ പുരോഗമന പ്രതിച്ഛായ കൈവരിച്ച ഇന്ദിരാഗാന്ധിക്ക്, പക്ഷേ, പിന്നാക്ക സമുദായങ്ങളുടെ സാമൂഹിക ജീവിതത്തില്‍ വിപ്ലവാത്മകമായ മാറ്റം വരുത്താനിടയുള്ള പുരോഗമന പദ്ധതിയില്‍ യാതൊരു താല്‍പര്യവും തോന്നിയില്ല. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കപ്പെട്ടില്ല.
രാജ്യത്തെ ആദ്യത്തെ കോണ്‍ഗ്രസിതര സര്‍ക്കാരിനെ നയിച്ച സോഷ്യലിസ്റ്റ് നേതാവ് മൊറാര്‍ജി ദേശായി നിയോഗിച്ച മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, മൊറാര്‍ജിക്കു ശേഷം അധികാരത്തില്‍ വന്ന പ്രധാനമന്ത്രിമാരുടെ മേശപ്പുറത്ത് നീണ്ട പത്തു വര്‍ഷക്കാലം വെറുതെ കിടന്നു. ഒടുവില്‍ 1990 ആഗസ്റ്റ് 7ന് അന്നത്തെ പ്രധാനമന്ത്രി വി പി സിങ് തീര്‍ത്തും അപ്രതീക്ഷിതമായ ഒരു രാഷ്ട്രീയനീക്കമായി മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു.
വി പി സിങിന്റെ തീരുമാനത്തിനു പിന്നില്‍ പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്. ഒന്ന്: ജനതാ പാര്‍ട്ടി നേതാവായിരുന്ന മൊറാര്‍ജി ദേശായിക്കു ശേഷം ജനതാ പരിവാറില്‍ നിന്ന് പ്രധാനമന്ത്രിപദത്തിലെത്തുന്ന നേതാവാണ് വി പി സിങ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിന്ന് ചേക്കേറിയ ‘അതിഥി സോഷ്യലിസ്റ്റ്’ ആണെങ്കിലും വി പി സിങിന് മൊറാര്‍ജി ദേശായിയുടെ സോഷ്യലിസ്റ്റ് പദ്ധതിയുടെ തുടര്‍ച്ച നിര്‍വഹിക്കാനുള്ള ധാര്‍മികവും രാഷ്ട്രീയവുമായ ബാധ്യത ഉണ്ടായിരുന്നു. രണ്ട്: ദേശീയ മുന്നണി സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന സഖ്യകക്ഷി ആയിരിക്കുമ്പോള്‍ തന്നെ പരോക്ഷ പ്രതിപക്ഷമായും പ്രവര്‍ത്തിക്കുന്ന ബി ജെ പിയെ തളച്ചിടാന്‍ പറ്റിയ ഒരു രാഷ്ട്രീയ ആയുധം ആവശ്യമുണ്ടായിരുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അത്തരമൊരു സാധ്യത വി പി സിങ് തിരിച്ചറിഞ്ഞു.
രാഷ്ട്രീയ വെല്ലുവിളി
മണ്ഡല്‍ റിപ്പോര്‍ട്ട് പ്രാബല്യത്തില്‍ വരുത്താന്‍ വി പി സിങിന് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മൂന്നു വ്യത്യസ്ത പ്രത്യയശാസ്ത്രധാരകളായ ബിജെപി, സിപിഐഎം, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ഏകീകൃതമായ എതിര്‍പ്പുകളെ മറികടക്കേണ്ടതുണ്ടായിരുന്നു. അതില്‍ ബിജെപിയും സിപിഐഎമ്മും പ്രത്യയശാസ്ത്രപരമായ തലത്തില്‍ തന്നെ സാമുദായിക സംവരണ നയത്തെ എതിര്‍ക്കുകയും സാമ്പത്തിക സംവരണത്തിനു വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന പാര്‍ട്ടികളാണ്. അവരാണ് ഇടത്തും വലത്തും നിന്ന് ദേശീയ മുന്നണി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന പ്രധാന കക്ഷികള്‍. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസാകട്ടെ സാമുദായിക സംവരണത്തെ എതിര്‍ക്കാതെത്തന്നെ സാമ്പത്തിക സംവരണത്തിനു വേണ്ടി നിലകൊള്ളുന്നവരാണ്. രാജീവ് ഗാന്ധിയോട് കലഹിച്ച് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയി, അതേ രാജീവിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ വി പി സിങിനെതിരെ വീണുകിട്ടിയ ഒരായുധമായിരുന്നു കോണ്‍ഗ്രസിന് മണ്ഡല്‍ പ്രഖ്യാപനം. അതോടൊപ്പം, സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും അടങ്ങിയ നിരവധി ദേശീയ-പ്രാദേശിക കക്ഷികള്‍ കൂടി ചേര്‍ന്നതാണ് ദേശീയ മുന്നണി.
ദേശീയ മുന്നണി സര്‍ക്കാരിനെ നിലനിര്‍ത്തുന്ന പ്രധാന ശക്തിയായി നിലകൊള്ളുമ്പോള്‍ തന്നെ, ബാബരി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം പണിയുക, ഏക സിവില്‍കോഡ് നടപ്പാക്കുക, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുക തുടങ്ങിയ അത്യന്തം വിദ്വേഷകരമായ വര്‍ഗീയ അജണ്ടകളുമായി മുന്നോട്ടുപോകുന്ന ബിജെപിയുടെ വിലപേശല്‍ ശക്തിയെ ദുര്‍ബലമാക്കുന്ന തരത്തില്‍ അതിന്റെ സാമൂഹിക അടിത്തറയില്‍ മുന്നാക്ക-പിന്നാക്ക താല്‍പര്യങ്ങളുടെ വൈരുദ്ധ്യം രൂപപ്പെടുത്തുന്ന രാഷ്ട്രീയ നീക്കമായി മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ വി പി സിങ് മനസ്സിലാക്കി. സിങിന് മണ്ഡല്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ഉപദേശം നല്‍കിയത് താനാണെന്ന് ലാലുപ്രസാദ് യാദവ് പില്‍ക്കാലത്ത് ‘ഗോപാല്‍ഗഞ്ച് റ്റു റെയ്‌സിനാ റോഡ്’ എന്ന തന്റെ ആത്മകഥയില്‍ അവകാശപ്പെട്ടിട്ടുണ്ട്.
ബിജെപിക്കു പുറമെ, സാമ്പത്തിക സംവരണത്തിനും ഏക സിവില്‍കോഡിനും വേണ്ടി ബിജെപിയേക്കാള്‍ ആവേശത്തോടെ നിലകൊള്ളുന്ന സിപിഎമ്മിനും സമ്മര്‍ദതന്ത്രങ്ങളുമായി സര്‍ക്കാരിനെ തുടര്‍ച്ചയായി മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രാദേശിക കക്ഷികള്‍ക്കും നടുവിലെ ഞാണിന്മേല്‍ കളിയാണ് അധികാരത്തില്‍ തുടരാന്‍ വി പി സിങിന് പയറ്റേണ്ടിവന്നത്. സങ്കീര്‍ണമായ രാഷ്ട്രീയ കലക്കങ്ങള്‍ക്കൊടുവില്‍ ഞാണിന്മേല്‍ കളി അവസാനിക്കുകയും വി പി സിങ് അധികാരത്തില്‍ നിന്ന് പുറത്താവുകയും ചെയ്തു. പക്ഷേ, മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനത്തിന് ഭരണപരമായ അംഗീകാരം നേടിയെടുക്കാന്‍ അപ്പോഴേക്കും അദ്ദേഹത്തിന് സാധിച്ചിരുന്നു.
റിപ്പോര്‍ട്ട് നടപ്പാക്കുന്നത് തടയാന്‍ അക്രമാസക്തമായ രണ്ട് കലാപങ്ങളാണ് സംഘ്പരിവാര്‍ അഴിച്ചുവിട്ടത്. ഒന്ന്: എല്‍ കെ അഡ്വാനിയുടെ നേതൃത്വത്തില്‍ അയോധ്യയിലേക്കുള്ള രഥയാത്ര. രണ്ട്: യൂത്ത് ഫോര്‍ ഇൗക്വാലിറ്റി എന്ന സംഘടനയുടെ നേതൃത്വത്തില്‍ സവര്‍ണ വിദ്യാര്‍ഥികളും യുവാക്കളും തെരുവിലിറങ്ങിയ മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭം. കടന്നുപോയ വഴികളിലെല്ലാം രഥയാത്ര മുസ്ലിം വിരുദ്ധ വിദ്വേഷത്തിന്റെ വിത്തുകള്‍ വിതറി. ബാബരി മസ്ജിദ് തകര്‍ത്തുകളയാന്‍ ആയുധങ്ങളുമായി സ്വയം ഇറങ്ങിപ്പുറപ്പെട്ട അക്രമാസക്തമായ ഒരാള്‍ക്കൂട്ടത്തെ സജ്ജമാക്കിയത് അഡ്വാനിയുടെ രഥയാത്രയാണ്.
ഒരു വിഭാഗം ജനങ്ങള്‍ക്ക് ലഭ്യമായ അവകാശങ്ങള്‍ക്കെതിരെ മറ്റൊരു വിഭാഗം സമരം ചെയ്യുന്ന വിചിത്രമായ കാഴ്ചക്കാണ് ‘യൂത്ത് ഫോര്‍ ഇൗക്വാലിറ്റി’ യുടെ പേരില്‍ നടന്ന കലാപങ്ങളില്‍ രാജ്യം സാക്ഷിയായത്. സമ്പൂര്‍ണ സവര്‍ണ കോളനികളായിരുന്ന കേന്ദ്ര സര്‍വകലാശാലകള്‍ അക്രമാസക്ത സമരങ്ങളുടെ സിരാകേന്ദ്രങ്ങളായി. രാജീവ് ഗോസ്വാമി എന്ന ബ്രാഹ്മണ യുവാവ് ആത്മഹത്യ ചെയ്തു. ഇരുനൂറിലധികം സവര്‍ണ യുവാക്കളും വിദ്യാര്‍ഥികളും സ്വയം തീകൊളുത്തി. പലര്‍ക്കും ഗുരുതരമായ പൊള്ളലേറ്റു. മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭം പിന്നാക്കക്കാര്‍ക്കെതിരായ യുദ്ധപ്രഖ്യാപനമായി മാറി.
പിന്നാക്ക സമൂഹങ്ങള്‍ക്കെതിരെ വെറുപ്പ് ഉല്‍പാദിപ്പിക്കുന്ന തരത്തില്‍ രാജ്യമാകെ കുപ്രചാരണങ്ങള്‍ നടന്നു. തീര്‍ത്തും ജാതീയമായ വിദ്വേഷത്തിന്റെ പേരില്‍ തെരുവിലിറങ്ങിയ കലാപകാരികളെ ‘യുവാക്കള്‍’, ‘വിദ്യാര്‍ഥികള്‍’ എന്നിങ്ങനെ പൊതുസംജ്ഞകള്‍ നല്‍കിയാണ് മുഖ്യധാരാ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. അവരുടെ സവര്‍ണ സ്വത്വം ബോധപൂര്‍വം മറച്ചുവെച്ചു. അവസര സമത്വത്തിനും തുല്യതക്കും സാമൂഹിക നീതിക്കും വേണ്ടി പതിറ്റാണ്ടുകള്‍ നീണ്ട പരിശ്രമങ്ങളിലൂടെ ഒരു ജനത നേടിയെടുത്ത അവകാശങ്ങളെ നിഷേധിക്കാന്‍ അക്രമപരമ്പരയ്ക്ക് നേതൃത്വം നല്‍കിയ സംഘടനയുടെ പേര് ‘യൂത്ത് ഫോര്‍ ഇൗക്വാലിറ്റി’ എന്നായത് ഇന്ത്യന്‍ സമര ചരിത്രത്തിലെ വിരോധാഭാസമാണ്.
നിയമപോരാട്ടം
അക്രമാസക്തമായ തെരുവുസമരങ്ങള്‍ക്കു ശേഷം നിയമപരമായ കരുനീക്കങ്ങളുടെ ഊഴമായിരുന്നു. റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. അതാണ് ഇന്ദിരാ സാഹ്നി കേസ്. കേസിന് ആസ്പദമായ വാദഗതികള്‍ കോടതി തള്ളിക്കളഞ്ഞു. ഒടുവില്‍ മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ പിന്നാക്ക സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 23 ശതമാനം സംവരണം അനുവദിക്കുന്ന നിയമം 2006ല്‍ സുപ്രീം കോടതി ശരിവെച്ചു.
ഇന്ദിരാ സാഹ്നിയുടെ വാദഗതികള്‍ തള്ളിക്കളഞ്ഞെങ്കിലും പിന്നാക്ക സമുദായങ്ങളില്‍ ‘സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവര്‍’ എന്ന ഒരു പുതിയ വിഭാഗത്തെ കോടതി കണ്ടെത്തി. അതാണ് ‘ക്രീമിലെയര്‍.’ അതോടെ എട്ടു ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള പിന്നാക്കക്കാര്‍ സംവരണപരിധിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു. സംവരണത്തില്‍ സാമ്പത്തിക മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്ന ക്രീമിലെയര്‍ വ്യവസ്ഥ ഫലത്തില്‍ സാമ്പത്തിക സംവരണ വ്യവസ്ഥ തന്നെയാണ്. അതോടൊപ്പം, സംവരണം വ്യക്തികള്‍ക്കല്ല, ജാതികള്‍ക്കാണെന്ന അടിസ്ഥാനതത്വം അവഗണിക്കുകയും ചെയ്യുന്നു.
ഓരോ സംവരണീയ സമുദായത്തിനകത്തും അടിത്തട്ട്, മേല്‍ത്തട്ട് എന്നിങ്ങനെ രണ്ട് വിഭാഗങ്ങള്‍ സൃഷ്ടിക്കപ്പെടുകയും അവര്‍ക്കിടയില്‍ വിരുദ്ധ താല്‍പര്യങ്ങളുടെ സംഘര്‍ഷം രൂപപ്പെടാനിടയാക്കുകയും ചെയ്യും. മേല്‍ത്തട്ടുകാര്‍ സ്വാഭാവികമായും സംവരണ തത്വത്തിന് എതിരാവുകയും സംവരണവിരുദ്ധരുടെ പ്രചാരണങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യും. ഫലത്തില്‍, പിന്നാക്കക്കാരില്‍ നിന്നുതന്നെ സംവരണ തത്വങ്ങളെ ചോദ്യം ചെയ്യുന്ന വിഭാഗങ്ങളെ സൃഷ്ടിച്ചെടുക്കുകയും സംവരണം സംരക്ഷിക്കാനുള്ള ബാധ്യത അടിത്തട്ടുകാര്‍ക്ക് മാത്രമായി ചുരുക്കുകയുമാണ് ക്രീമിലെയര്‍ വ്യവസ്ഥ.
സംവരണീയരില്‍ നിന്ന് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ എത്തിപ്പെടാന്‍ താരതമ്യേന സാധ്യത കൂടിയവര്‍ അതിലെ മേല്‍ത്തട്ട് വിഭാഗമാണ്. ക്രീമിലെയര്‍ വ്യവസ്ഥയിലൂടെ അവര്‍ മാറ്റിനിര്‍ത്തപ്പെടുന്നു. സംവരണത്തിന് അര്‍ഹതയുള്ള അടിത്തട്ടിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഭാരിച്ച സാമ്പത്തിക ചെലവുകള്‍ തടസ്സമാവുകയും ചെയ്യുന്നു. ഫലത്തില്‍ പിന്നാക്ക വിദ്യാര്‍ഥികളുടെ വഴി തടയുന്ന സൂത്രവിദ്യയാണ് ക്രീമിലെയര്‍ വ്യവസ്ഥ.
ഭരണകൂടത്തിന്റെ നിരന്തര അവഗണനയും രാഷ്ട്രീയ-സാമൂഹിക സംഘര്‍ഷങ്ങളും സങ്കീര്‍ണമായ നിയമ വ്യവഹാരങ്ങളും മറികടന്ന് പിന്നാക്ക സംവരണം പ്രാബല്യത്തില്‍ വരുത്താന്‍ നീണ്ട 53 വര്‍ഷങ്ങള്‍ വേണ്ടിവന്നു. അതേസമയം, മുന്നാക്ക സംവരണത്തിന്റെ നിയമനിര്‍മാണ പ്രക്രിയ പൂര്‍ത്തിയാക്കിയത് കേവലം ആറു ദിവസം കൊണ്ടും! കോടതി വ്യവഹാരങ്ങളിലേക്ക് കടക്കും മുമ്പുതന്നെ രാജ്യത്ത് അത് നടപ്പാക്കിത്തുടങ്ങുകയും ചെയ്തു.
നിയമഭേദഗതിയില്‍ രാഷ്ട്രപതി ഒപ്പുവെച്ചതിന്റെ രണ്ടാം നാള്‍, 2019 ജനുവരി 14ന് ഗുജറാത്തില്‍ രാജ്യത്ത് ആദ്യമായി നിയമം പ്രാബല്യത്തില്‍ വന്നു. സുപ്രീം കോടതി അന്തിമവിധി പ്രഖ്യാപിക്കുന്നതിനു രണ്ടു വര്‍ഷം മുമ്പ്, 2020 ഒക്ടോബര്‍ 20ന് കേരളത്തില്‍ സിപിഐഎം സര്‍ക്കാരും നിയമം നടപ്പാക്കി. അരനൂറ്റാണ്ടിലേറെ നീണ്ട ക്ഷമാപൂര്‍വവും ശ്രമകരവുമായ പ്രയത്‌നങ്ങളിലൂടെ യാഥാര്‍ഥ്യമായ സാമുദായിക സംവരണം ഔദ്യോഗികമായി അട്ടിമറിക്കപ്പെട്ടു. ഹിന്ദുത്വവാദ അജണ്ടകള്‍ നടപ്പാക്കാന്‍ സംഘ്പരിവാറിന് ആവശ്യമായ പരമാവധി സമയം കേവലം ആറു ദിവസം മാത്രമാണെന്ന് മുന്നാക്ക സംവരണം രാജ്യത്തെ ബോധ്യപ്പെടുത്തുകയായിരുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x