1 Friday
December 2023
2023 December 1
1445 Joumada I 18

മുന്‍വേദങ്ങളും പ്രവാചക സന്ദേശവും

യൂസുഫ് കൊടിഞ്ഞി


അറിവ് മനുഷ്യനെ സംബന്ധിച്ച് അതിപ്രധാനമാണ്. ഒരിക്കല്‍ ഒരുകൂട്ടം ആളുകള്‍ക്ക് പേന നല്‍കി. കൈയില്‍ നല്‍കിയ കടലാസില്‍ ഒരു വര വരയ്ക്കാന്‍ ആവശ്യപ്പെട്ടു. എവിടെ, എങ്ങനെ, ഏതു വലുപ്പത്തില്‍ തുടങ്ങിയ അനേകം ജിജ്ഞാസകള്‍ ചോദ്യങ്ങളായി വന്നു. വ്യക്തതയുണ്ടാക്കാനായി മനുഷ്യരില്‍ സ്വാഭാവികമായി രൂപപ്പെടുന്ന ചോദ്യങ്ങളാണ് അവ. ഒരു ചെറിയ കടലാസില്‍ ഒരു വരയിടാന്‍ പോലും രണ്ടു വട്ടം ആലോചിക്കുന്ന മനുഷ്യന് ജനിച്ചതു മുതല്‍ മരണം വരെ എങ്ങനെ ജീവിക്കണമെന്നതിന് എത്ര ചോദ്യങ്ങള്‍ സ്വയം ചോദിക്കാനുണ്ടാകും? ജീവിതലക്ഷ്യത്തെ കുറിച്ചുള്ള മനുഷ്യന്റെ സ്വഭാവിക ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ദൈവിക വചനങ്ങളിലുള്ളത്. അത് ഓരോ കാലങ്ങളിലും മനുഷ്യ സമൂഹത്തിന്റെ ജൈവികവും സാമൂഹികവുമായ പുരോഗതിക്ക് അനുസൃതമായി, അവനെ സൃഷ്ടിച്ചവനില്‍ നിന്നുതന്നെ വേണം ലഭ്യമാകാന്‍. സൃഷ്ടികര്‍ത്താവിനെ പോലെ മനുഷ്യനെ അറിയാന്‍ ആര്‍ക്കാണ് സാധിക്കുക?
”തന്റെ ദാസന്റെ മേല്‍ സത്യാസത്യ വിവേചനത്തിനുള്ള പ്രമാണം (ഖുര്‍ആന്‍) അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണനാകുന്നു. അദ്ദേഹം (റസൂല്‍) ലോകര്‍ക്ക് ഒരു താക്കീതുകാരന്‍ ആയിരിക്കുന്നതിനു വേണ്ടിയത്രേ അത്” (വി.ഖുര്‍ആന്‍ 21:1). മനുഷ്യന്റെ തുടക്കം മുതല്‍ ഓരോ സമൂഹത്തിലേക്കും ഉദ്‌ബോധകരായി പ്രവാചകന്മാര്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യന്റെ സാമൂഹിക വളര്‍ച്ചയുടെ ഭൗതികവും ബൗദ്ധികവുമായ അവസ്ഥയ്ക്കനുസരിച്ച് ദൈവിക വചനങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
കാലാന്തരത്തില്‍ മനുഷ്യരുടെ ഇടപെടലുകളില്‍ വൈകല്യം സംഭവിച്ചതിനാലും മനുഷ്യന്റെ അനിവാര്യമായ വികാസപരിണാമങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതിനാലും ഓരോ കാലത്തും പ്രവാചകന്മാരിലൂടെ ദൈവിക വചനങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു. ആധുനിക മനുഷ്യന്റെ മാര്‍ഗദര്‍ശിയാണ് ആധുനിക വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍. മുന്‍ വേദഗ്രന്ഥങ്ങളിലെ അടിസ്ഥാന ആശയങ്ങളുടെ തുടര്‍ച്ചയാണത്. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ മുന്‍കാല വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്നു. അത് നിബന്ധനയായി പ്രഖ്യാപിക്കുകയും ചെയ്യുന്നു.
അന്ത്യപ്രവാചകനായ മുഹമ്മദ് നബിയിലൂടെ മാനവസമൂഹത്തിന്റെ മാര്‍ഗദര്‍ശിയായി അവതരിച്ചതും അവസാനത്തേതും ലോകാവസാനം വരെ തെറ്റു കൂടാതെ നിലനില്‍ക്കുന്നതുമായ ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞ മുന്‍ വേദഗ്രന്ഥങ്ങള്‍ മൂസാ നബിയിലൂടെ അവതരിച്ച തൗറാത്ത് (തോറ), ദാവൂദ് നബിയിലൂടെ അവതരിച്ച സബൂര്‍, ഈസാ നബിയിലൂടെ അവതരിച്ച ഇന്‍ജീല്‍ എന്നിവയാണ്.
ഇവ കൂടാതെ പല നബിമാര്‍ക്കും പല തരത്തിലുള്ള നിയമസംഹിതകള്‍ പല രൂപത്തിലായി നല്‍കപ്പെട്ടിട്ടുണ്ട്. ”തന്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്‌കരിക്കുകയും (ചെയ്തവന്‍) പക്ഷേ, നിങ്ങള്‍ ഐഹിക ജീവിതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും. തീര്‍ച്ചയായും ഇത് ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്. അതായത് ഇബ്രാഹീമിന്റെയും മൂസായുടെയും ഏടുകളില്‍” (ഖുര്‍ആന്‍ 87:14-19). ആ ഏടുകളൊന്നും നിലനില്‍ക്കുന്നില്ലെങ്കിലും അത് നഷ്ടപ്പെട്ട വേദഗ്രന്ഥത്തെക്കുറിച്ചുള്ള പരാമര്‍ശമാണെന്നിരുന്നാലും ഏടുകളിലെ സന്ദേശത്തെക്കുറിച്ച് ഖുര്‍ആന്‍ വ്യക്തമായി പ്രതിപാദിക്കുന്നു. ഖുര്‍ആന്‍ 53: 36-55 വരെയുള്ള വചനങ്ങള്‍ നോക്കുക. ശേഷം ചേര്‍ത്തു പറയുന്നു: ‘ഇദ്ദേഹം (മുഹമ്മദ് നബി) പൂര്‍വികരായ താക്കീതുകാരുടെ കൂട്ടത്തില്‍പെട്ട ഒരു താക്കീതുകാരനാകുന്നു.’ വേദങ്ങളുടെ തുടര്‍ച്ച എന്നതുപോലെ തന്നെ മുന്‍ പ്രവാചകന്മാരുടെ തുടര്‍ച്ചയായിട്ടാണ് മുഹമ്മദ് നബിയെ പരാമര്‍ശിക്കുന്നത്.
മൂസാ നബിക്ക് അവതീര്‍ണമായ തൗറാത്ത് (തോറ) യഹൂദര്‍ക്ക് അഞ്ച് ഗ്രന്ഥങ്ങളിലാണ്. ഉല്‍പത്തി, പുറപ്പാട്, നിയമം, സംഖ്യകള്‍, ആവര്‍ത്തനം എന്നിവ. അവ ഓരോ വിഷയവുമായി ബന്ധപ്പെട്ടവയാണ്. ഈജിപ്തില്‍ നിന്നുള്ളവയാണ് ‘പുറപ്പാട്’, ജൂതഗോത്രങ്ങളുടെ കണക്കെടുക്കാന്‍ മൂസാ നബി ഉത്തരവിട്ടതാണ് ‘സംഖ്യകള്‍’, പഴയ തത്വങ്ങള്‍ ആവര്‍ത്തിച്ചതാണ് ‘ആവര്‍ത്തനം.’ മൂസാ നബിക്കു ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ഒരു ഗുഹയില്‍ നിന്നു കണ്ടെത്തുകയായിരുന്നു തോറ. തോറയില്‍ മൂസാ നബിക്കു ശേഷമുള്ള പ്രവാചകന്മാര്‍ വന്നതും ഉള്‍പെട്ടതിനാല്‍ ആ പ്രവാചകന്മാരുടെ സന്ദേശങ്ങളും അവയുടെ ഭാഗമായി ചേര്‍ത്തിരിക്കാം.
ബിസി 597ല്‍ ബാബിലോണിയന്‍ ജനറല്‍ നെബുസരദാന്‍ ജറുസലേം കീഴടക്കുകയും നഗരവും സോളമന്റെ ആലയവും കൊള്ളയടിക്കുകയും ആസൂത്രിതമായ തീപ്പിടിത്തത്തിലൂടെ നഗരം നശിപ്പിക്കുകയും ചെയ്തു, കൂടെ തോറയുടെ എല്ലാ പ്രതികളും. പിന്നീട് എസ്‌റ (ഉസൈര്‍) പ്രവാചകന്‍ വഴിയാണ് തോറാ നിയമങ്ങള്‍ ലഭിക്കുന്നത്. എന്നാല്‍ റോമന്‍ ടിറ്റസിന്റെ ആക്രമണത്തില്‍ ജറുസലേം വീണ്ടും തകര്‍ന്നടിഞ്ഞപ്പോഴും തോറ നശിപ്പിക്കപ്പെട്ടു. ശേഷം ലഭ്യമാകുന്നത് മൂലകൃതി പല തവണകളായി നശിപ്പിക്കപ്പെട്ടതിനാല്‍ ആരൊക്കെയോ രൂപപ്പെടുത്തിയവയാണ്. അതുകൊണ്ടുതന്നെ അവയില്‍ മനുഷ്യരുടെ ഇടപെടല്‍ സംഭവിച്ചു.
ദാവൂദ് നബിക്ക് നല്‍കപ്പെട്ട പ്രത്യേക ഏടാണ് ‘സബൂര്‍.’ ‘ദാവീദിന്റെ സങ്കീര്‍ത്തനങ്ങള്‍.’ പഴയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ‘ദാവീദിന്റെ സങ്കീര്‍ത്തനങ്ങളില്‍’ ദൈവത്തെ സ്തുതിക്കുന്ന പദ്യങ്ങള്‍ മാത്രമേയുള്ളൂ. എന്തെങ്കിലും നിയമങ്ങള്‍ അത് ഉള്‍ക്കൊള്ളുന്നില്ല. ആശയപരമായി ചേര്‍ത്തുവെക്കാവുന്നതുമല്ല. എല്ലാ പ്രവാചകന്മാരും പ്രബോധന ദൗത്യവുമായാണ് വന്നിട്ടുള്ളത്. നിലവിലുള്ള ‘സങ്കീര്‍ത്തനങ്ങളി’ല്‍ അതിനെ സാധൂകരിക്കുന്നവയില്ല. ഏതായാലും പഴയ വേദങ്ങളെ ഇസ്‌ലാം സത്യപ്പെടുത്തുന്നുണ്ടെങ്കിലും മനുഷ്യന്റെ സാങ്കേതിക പരിമിതികളാല്‍ അവയൊന്നും കേടുകൂടാതെ സംരക്ഷിക്കപ്പെട്ടിട്ടില്ല. അവയൊക്കെ ഒരു കാലത്തെയോ ദേശത്തെയോ മാത്രം ഉള്‍ക്കൊള്ളുന്നവയായിരുന്നു. അതുകൊണ്ടുതന്നെ അവയുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം അതത് സമൂഹത്തെ ഏല്‍പിക്കുകയാണ് അവരുടെ പ്രവാചകന്‍മാര്‍ ചെയ്തത്. എന്നാല്‍ ഉത്തരവാദിത്ത നിര്‍വഹണത്തില്‍ അവര്‍ പരാജയപ്പെട്ടു. വേദഗ്രന്ഥങ്ങളില്‍ കൈകടത്തലുകള്‍ നടന്നു. ഖുര്‍ആന്‍ അത് വ്യക്തമാക്കുന്നു: ”വേദഗ്രന്ഥത്തിലെ വാചകശൈലികള്‍ വളച്ചൊടിക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്. അത് വേദഗ്രന്ഥത്തില്‍ പെട്ടതാണെന്ന് നിങ്ങള്‍ ധരിക്കാന്‍ വേണ്ടിയാണത്. അത് വേദഗ്രന്ഥത്തിലുള്ളതല്ല. അവര്‍ പറയും, അത് അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ളതാണെന്ന്. എന്നാല്‍ അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട് അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയാണ്” (3:78).
അത്തരം വൈകല്യങ്ങള്‍ യഥാര്‍ഥ ദൈവിക സങ്കല്‍പങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമായവയിലേക്ക് മുന്‍ വേദക്കാരെ എത്തിച്ചത് തിരുത്തുകയാണ് ഖുര്‍ആന്‍: ”പറയുക: പ്രവാചകരേ, അവന്‍ ഒരുവനാണ്, അവന്‍ ജനിച്ചിട്ടില്ല, ആരും അവനെ ജനിപ്പിച്ചിട്ടുമില്ല, ആരുടെയും സന്താനവുമല്ല, അവനു തുല്യമായി ആരുമില്ല” (സൂറ ഇഖ്‌ലാസ്).
സെമിറ്റിക് മതങ്ങളില്‍ മുന്‍ വേദക്കാരുടെ മതപരമായ കര്‍മങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ ഇസ്‌ലാം മതത്തോട് ഏറെ അടുത്തു നില്‍ക്കുന്നത് ക്രൈസ്തവതയേക്കാള്‍ യഹൂദമതമാണ്. ത്രിത്വത്തെ എതിര്‍ക്കുന്നു. ഏകദൈവത്തിലും നീതി നടപ്പാക്കുന്ന അന്ത്യനാളിലും വിശ്വസിക്കുന്നു. യഹൂദര്‍ക്ക് മൂന്നു നേരമാണ് നമസ്‌കാരമുള്ളത്. ഇബ്രാഹീം നബി വഴി പ്രഭാത നമസ്‌കാരവും മൂസാ നബി വഴി മധ്യാഹ്ന നമസ്‌കാരവും യഅ്ഖൂബ് നബി വഴി രാത്രി നമസ്‌കാരവും ലഭിച്ചെന്നാണ് പറയപ്പെടുന്നത്. അവരുടെ നമസ്‌കാരത്തിനുള്ള വിളി (ബരേഖു) മുസ്‌ലിംകളുടെ ബാങ്കിന് സമാനമായ രീതിയാണ്. ‘ദൈവത്തെ സ്തുതിക്കുക’ എന്ന അര്‍ഥത്തില്‍ രാവിലെയും വൈകീട്ടുമാണ് അത് നിര്‍വഹിക്കുന്നത്. ദൈവമാണ് എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമെന്നും ദൈവിക കല്‍പനകള്‍ അനുഷ്ഠിച്ചുകൊണ്ട് ദൈവഹിതം നിറവേറ്റാനുള്ള ആരാധകന്റെ സമര്‍പ്പണത്തിന്റെ ഉറപ്പാണെന്നും ബരേഖു തിരിച്ചറിയുന്നു. പ്രാര്‍ഥനാ രീതിയിലും ചില സാമ്യതകള്‍ കാണാം. അതേപോലെ ചേലാകര്‍മം, ലൂണാര്‍ കലണ്ടര്‍, അഭിവാദനം, ഹലാല്‍ ഭക്ഷണം (യഹൂദരുടെ കോഷര്‍) എന്നിവയിലും ചേര്‍ന്നുനില്‍ക്കുന്നു.
ഇബ്‌റാഹീം നബിയുടെ ഒരു പുത്രനില്‍ നിന്നാണ് മുഹമ്മദ് നബി എങ്കില്‍ മറ്റൊരു പുത്രനായ ഇസ്ഹാഖില്‍ നിന്നാണ് യഹൂദര്‍. എന്നാല്‍ യഹൂദരുടെ ഇടയിലേക്ക് ഇസ്‌ലാഹ് നടത്താന്‍ വന്ന ഈസാ നബിയുടെ അനുയായികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവരില്‍ വലിയ മാറ്റങ്ങളുണ്ട്. ആശയത്തിലും കര്‍മത്തിലും പഴയ നിയമത്തില്‍ നിന്നും പുതിയ നിയമം എത്രമാത്രം വ്യത്യസ്തമാണ് എന്നുകൂടി ഇതില്‍ നിന്നു മനസ്സിലാക്കാം.
ആദിമ ക്രിസ്ത്യാനികള്‍ ഇന്ന് നാം കൂടുതലായി കാണുന്ന ത്രിത്വവാദികള്‍ ആയിരുന്നില്ല. ഈസാ നബിക്കു ശേഷമുള്ള ആദ്യത്തെ രണ്ടു നൂറ്റാണ്ടുകളില്‍ യോജിപ്പില്ലാത്ത അനേകം ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നു. പ്രധാനമായും മൂന്നു ഗ്രൂപ്പുകള്‍: ഒന്ന്: ഈസാ നബിയെ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലെങ്കിലും ഈസാ നബിയുടെ കാലശേഷം ഒരു ദര്‍ശനത്തില്‍ ഈസാ നബിയെ കണ്ടതായി അവകാശപ്പെട്ട പൗലോസിനെ പിന്തുടര്‍ന്നവര്‍. രണ്ട്: ഈസാ നബി പഠിപ്പിച്ചവയില്‍ ആഴത്തിലുള്ള പ്രതീകാത്മക അറിവ് തേടാന്‍ ശ്രമിച്ചവര്‍. മൂന്ന്: യഹൂദ പ്രവാചകന്മാരുടെ പരമ്പരയിലെ മറ്റൊരു പ്രവാചകനായി ഈസാ നബിയില്‍ വിശ്വസിച്ചിരുന്ന അക്കാലത്തെ യഹൂദന്മാരായിരുന്നു. ഇതില്‍ ഏറ്റവും ശക്തി പ്രാപിച്ചത് പൗലോസിനെ പിന്തുടര്‍ന്നവരാണ്.
ഈസാ നബിക്കു ശേഷം രണ്ടു നൂറ്റാണ്ട് കഴിഞ്ഞാണ് ക്രൈസ്തവ മതം രൂപപ്പെടുന്നത്. യഹൂദരിലെ ഒരു വിഭാഗമായി അറിയപ്പെട്ടിരുന്നവര്‍ വിജാതീയരെ ഉള്‍ക്കൊണ്ടതിനാലാണ് യഹൂദരില്‍ നിന്നു വേറിട്ടത്. മാത്രമല്ല, ഈസാ നബിയെ കണ്ടിട്ടില്ലാത്ത പൗലോസിന്റെ ഇടപെടല്‍ ഈസാ നബി കൊണ്ടുവന്ന ആദര്‍ശ നിലപാടുകളെ മൊത്തത്തില്‍ അട്ടിമറിക്കുകയും ചെയ്തു.
റോമന്‍ പൗരനായ പൗലോസ് ജൂത റബ്ബിയായിരുന്നു. തന്റെ പിതാമഹാന്മാരുടെ മാര്‍ഗത്തെ തിരുത്താന്‍ വന്ന ഈസാ നബിയുടെ അനുയായികളെ ഉപദ്രവിച്ചിരുന്നു. ഈസാ നബിയുടെ കാലശേഷം ഈസാ നബിയുടെ അനുയായികളെ കീഴ്‌പ്പെടുത്തിക്കൊണ്ട് വധശിക്ഷക്കായി തടവുകാരായി സിറിയയില്‍ നിന്നു ഫലസ്തീനിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികള്‍ക്കിടയിലാണ് പൗലോസ് ഈസാ നബിയെ ദര്‍ശിച്ചെന്നു പറയുന്നതും ഈസാ നബിയെ ഒരിക്കല്‍ പോലും കാണാത്ത പൗലോസ് പുതിയ അപോസ്തലനായി സ്വയം പ്രഖ്യാപിക്കുന്നതും. അദ്ദേഹത്തില്‍ നിന്നാണ് ബൈബിളില്‍ ഏറ്റവുമധികം വായിക്കപ്പെട്ട പുസ്തകങ്ങളില്‍ ഒന്നായ റോമന്‍സ് തയ്യാറാക്കിയത്. അദ്ദേഹം റോമക്കാര്‍ക്ക് എഴുതിയ എഴുത്തുകളില്‍ ക്രിസ്ത്യന്‍ സിദ്ധാന്തത്തിന്റെ ഏറ്റവും സംക്ഷിപ്തവും വ്യക്തവും വ്യവസ്ഥാപിതവുമായ അവതരണമാണ് ഉണ്ടായിരുന്നത്. ഇക്കാരണത്താല്‍ ആദ്യത്തെ പുസ്തകങ്ങളില്‍ ഒന്നായാണ് ക്രൈസ്തവര്‍ റോമന്‍സിനെ വായിക്കുന്നത്. അതിലെ ആദ്യ അധ്യായത്തിലെ ആദ്യ വചനം തുടങ്ങുന്നത് തന്നെ സ്വയം അപോസ്തലനായി പ്രഖ്യാപിക്കുന്നതാണ്: ”പോള്‍, ക്രിസ്തുവിന്റെ ദാസന്‍, ഒരു അപോസ്തലനാകാന്‍ വിളിക്കപ്പെടുകയും ദൈവത്തിന്റെ സുവിശേഷത്തിനായി വേര്‍പിരിഞ്ഞു…” (റോമന്‍സ് 1:1).
ഇന്‍ജീല്‍ ഈസാ നബിക്ക് അവതരിച്ച വേദമാണ്. ക്രൈസ്തവ സ്രോതസ്സുകളിലൂടെ ലഭ്യമായത് ആ സുവിശേഷമല്ല. മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ തുടങ്ങിയവര്‍ എഴുതിക്കൂട്ടിയതാണ്, എഴുപതിലധികം സുവിശേഷങ്ങളില്‍ ക്രൈസ്തവര്‍ക്ക് ഇവയാണ് വിശ്വാസയോഗ്യമായത്. ഈ സുവിശേഷങ്ങളെല്ലാം ചേര്‍ത്താല്‍ ഇന്‍ജീല്‍ പൂര്‍ണമാവുകയുമില്ല. കാരണം ഈസാ നബിയുടെ ജീവചരിത്രമല്ല സുവിശേഷങ്ങള്‍, അവ ദിവ്യവെളിപാടുകളാണ്.
ഈസാ നബിക്കു ശേഷം ലോകാവസാനം വരെയുള്ള മാലോകര്‍ക്കായി അവതരിച്ച അവസാനത്തേതും എന്നെന്നും നിലനില്‍ക്കുന്നതുമായ വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ”(നബിയേ,) താങ്കള്‍ക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നു. അതിനു മുമ്പുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രേ അത്. അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ചു തന്നതനുസരിച്ച് വിധി കല്‍പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപ്പോകരുത്. നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മമാര്‍ഗവും നാം നിശ്ചയിച്ചുതന്നിരിക്കുന്നു. ”അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷേ, നിങ്ങള്‍ക്ക് അവന്‍ നല്‍കിയിട്ടുള്ളതില്‍ നിങ്ങളെ പരീക്ഷിക്കുവാന്‍ (അവന്‍ ഉദ്ദേശിക്കുന്നു). അതിനാല്‍ നല്ല കാര്യങ്ങളിലേക്ക് നിങ്ങള്‍ മത്സരിച്ച് മുന്നേറുക. അല്ലാഹുവിങ്കലേക്കത്രേ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ഭിന്നിച്ചിരുന്ന വിഷയങ്ങളെപ്പറ്റി അപ്പോള്‍ അവന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരുന്നതാണ്” (ഖുര്‍ആന്‍ 5:48).
മുമ്പുള്ള വേദഗ്രന്ഥങ്ങളെ സംരക്ഷിക്കുവാന്‍ പടച്ചവന് കഴിയുമായിരുന്നില്ലേ എന്ന ചോദ്യത്തിന് ഉത്തരം ‘തീര്‍ച്ചയായും കഴിയുമായിരുന്നു.’ എന്നാല്‍ പരിമിതമായ ദേശത്തിന്റെയും കാലത്തിന്റെയുമൊക്കെ ദൗത്യം മാത്രമേ അവയ്ക്കുണ്ടായിരുന്നുള്ളൂ. എന്നാല്‍ അന്ത്യപ്രവാചകന്‍ വഴി ഖുര്‍ആന്‍ അയച്ചിട്ടുള്ളത് അവസാന നാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യരെയും നന്മയിലേക്ക് നയിക്കുന്നതിനാണ്. അതുകൊണ്ടുതന്നെ അവസാന നാള്‍ വരെ അത് സംരക്ഷിക്കപ്പെടുമെന്ന് അല്ലാഹു പറയുന്നു:
”തീര്‍ച്ചയായും നാമാണ് ആ ഉദ്‌ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്” (ഖുര്‍ആന്‍ 15:9). ”നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കാനും താക്കീതു നല്‍കാനും ആയിക്കൊണ്ടുതന്നെയാണ് അയച്ചിട്ടുള്ളത്” (ഖുര്‍ആന്‍ 34:28). അദ്ദേഹത്തിലൂടെ അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ മുഴുവന്‍ ലോകര്‍ക്കുമുള്ളതാണ്. ”ഇത് ലോകര്‍ക്കുള്ള ഒരു ഉദ്‌ബോധനം മാത്രമാകുന്നു” (ഖുര്‍ആന്‍ 38:87).

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x