19 Friday
April 2024
2024 April 19
1445 Chawwâl 10

ദമ്പതികള്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ വീണ്ടും നികാഹ് ആവശ്യമുണ്ടോ?

മുഫീദ്‌

വിവാഹിതരായ അമുസ്‌ലിം ദമ്പതികള്‍ ഇസ്‌ലാം മതം സ്വീകരിച്ചാല്‍ ഇസ്‌ലാമിക നിയമം അനുസരിച്ച് വീണ്ടും നികാഹ് ആവശ്യമില്ല എന്ന വാദം ശരിയാണോ?
അബ്ദുല്ല മലപ്പുറം
ദമ്പതികള്‍ ഒരുമിച്ച് ഇസ്‌ലാം സ്വീകരിച്ചാല്‍ അവരുടെ നേരത്തെയുള്ള വിവാഹബന്ധം തന്നെ തുടരാവുന്നതാണ്. ഇസ്‌ലാമികമായ നികാഹ് അവര്‍ക്ക് വേണ്ടതില്ല. ഇസ്‌ലാമിക പൂര്‍വ ജീവിതത്തിലെ ന്യൂനതകളും ആചാര വൈകല്യങ്ങളും മുസ്‌ലിമാകുന്നതോടെ പൊറുക്കപ്പെടുന്നു. നബിയുടെ കാലത്ത് ദമ്പതിമാര്‍ ഒരുമിച്ച് ഇസ്ലാം സ്വീകരിച്ചിരുന്നു. അവരുടെ പഴയ വിവാഹബന്ധം ഇസ്‌ലാമികമായി പുതുക്കാന്‍ നബി (സ) കല്‍പിച്ചിരുന്നില്ല. കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്. എന്നാല്‍ ഇസ്‌ലാമികമായി വിവാഹബന്ധം വിലക്കിയ സ്ത്രീയാണ് നേരത്തെയുള്ള ഭാര്യയെങ്കില്‍ ആ ബന്ധം മുസ്‌ലിമായതിനു ശേഷം തുടരാവതല്ല. 14 വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകളുമായി വിവാഹം പാടില്ല എന്ന് ഖുര്‍ആന്‍ (4:23) വ്യക്തമാക്കുന്നുണ്ട്.

ബാങ്കില്‍ നിന്ന് വിദ്യാഭ്യാസലോണ്‍ എടുക്കാമോ?
ബാങ്കില്‍ നിന്നു വിദ്യാഭ്യാസ ലോണ്‍ എടുക്കുന്നത് ഇസ്‌ലാമികമായി വിരോധിച്ചിട്ടുണ്ടോ?
അനീസുര്‍റഹ്മാന്‍
പലിശയില്‍ അധിഷ്ഠിതമായ എല്ലാ ഇടപാടുകളും നിഷിദ്ധമാണ്. ആവശ്യം എന്താണെങ്കിലും ബാങ്കില്‍ നിന്നെടുക്കുന്ന വായ്പയും ഈ ഗണത്തില്‍പ്പെടുന്നു. വിദ്യാഭ്യാസം ഉള്‍പ്പെടെ ഒരാവശ്യത്തിനും ബാങ്കില്‍ നിന്ന് വായ്പ എടുക്കാതിരിക്കലാണ് മുസ്‌ലിമിന്റെ ദീനിനും ദുന്‍യാവിനും നല്ലത്. ഓരോ നാട്ടിലും പരശ്ശതം പേര്‍ ബാങ്ക് വായ്പ കാരണം കണ്ണീര്‍ വാര്‍ക്കുന്നു. ജീവിതം തന്നെ അവസാനിപ്പിച്ചവരും കുറവല്ല. പലിശയിതര സഹായകേന്ദ്രങ്ങളെ ആശ്രയിക്കലാണ് ഇതിനു പരിഹാരം. എന്നാല്‍ വിലക്കപ്പെട്ടവ അനുവദനീയമാകുന്ന അനിവാര്യ ഘട്ടങ്ങള്‍ ഉണ്ടാകാം. പണം ലഭിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും അടയുമ്പോള്‍ ബാങ്കിനെ ആശ്രയിക്കേണ്ടി വരുന്നത് ഈ ഗണത്തില്‍ പെടുന്നു. ഖുര്‍ആന്‍ (2:173) പറയുന്നതുപോലെ ‘പരിധി വിടാതെയും അമിതമാവാതെയും’ ആയിരിക്കണം ഇത്തരം അനിവാര്യതകളെ സമീപിക്കേണ്ടത്.

ഇതര മതസ്ഥരെ
ആത്മമിത്രമാക്കാമോ?
ജൂതന്‍മാരെയും ക്രിസ്ത്യാനികളെയും ആത്മമിത്രങ്ങളാക്കരുത് എന്ന ഖുര്‍ആനിന്റെ കല്‍പന ആധുനിക കാലത്ത് തള്ളപ്പെടേണ്ടതല്ലേ?
ഷബീര്‍ അലി തിരൂര്‍
ഖുര്‍ആന്‍ 5:51-ന്റെ അര്‍ഥം ഇങ്ങനെ വായിക്കാം: ”വിശ്വാസികളേ, ജൂതരെയും ക്രൈസ്തവരെയും നിങ്ങള്‍ ആത്മമിത്രങ്ങളായി സ്വീകരിക്കരുത്. അവര്‍ പരസ്പരം ആത്മമിത്രങ്ങളാണ്. ആരെങ്കിലും അവരെ ആത്മമിത്രങ്ങളാക്കുന്നുവെങ്കില്‍ അവനും അവരില്‍പ്പെട്ടവന്‍ തന്നെ.”
ബഹുമത സമൂഹത്തില്‍ മറ്റുള്ളവരോട് എങ്ങനെ വര്‍ത്തിക്കണമെന്നത് ഖുര്‍ആനും സുന്നത്തും വ്യക്തമാക്കിയിട്ടുണ്ട്. ജാതി-മത-വര്‍ണ-വര്‍ഗ ചിന്തകള്‍ക്ക് അതീതമായി മാനുഷിക മൂല്യങ്ങള്‍ കൊണ്ടും കൊടുത്തുമുള്ള വ്യക്തി-സാമൂഹിക ബന്ധങ്ങളാണ് മതം നിര്‍ദേശിക്കുന്നത്. ഈ സമൂഹങ്ങളുമായി നല്ല ബന്ധത്തിലായിരുന്നു നബിയും അനുചരന്‍മാരും കഴിഞ്ഞത്. മുസ്‌ലിംകളോട് കൂടുതല്‍ മനസ്സടുപ്പമുള്ളവര്‍ ക്രൈസ്തവരാണെന്ന് ഖുര്‍ആന്‍ പറയുന്നു. ഭക്തരും ആരാധനാനിരതരുമായി ജീവിക്കുന്നവരും ജൂത-ക്രൈസ്തവരിലുണ്ട് (3:114). ആ നിലയ്ക്ക് അവരോട് അയിത്തം കല്‍പിക്കാന്‍ പാടില്ല. അവരുമായുള്ള മാനുഷിക സൗഹൃദബന്ധങ്ങള്‍ക്കും മതം വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. മേല്‍ വചനം വിലക്കുന്നത് ഇത്തരം സൗഹൃദങ്ങളെയല്ല. മുസ്‌ലിം എന്ന നിലക്ക് ഒരാള്‍ക്ക് ഉണ്ടാവേണ്ട ആദര്‍ശ വ്യതിരിക്തതയും മതാധിഷ്ഠിത ജീവിതവും പ്രധാനമാണ്. അതിനു ഭംഗം വരുന്ന രൂപത്തിലുള്ള സൗഹൃദം ആരുമായും പാടില്ല എന്നാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായി ജൂത-ക്രൈസ്തവരെയും പരാമര്‍ശിച്ചുവെന്നേയുള്ളൂ. സത്യനിഷേധികളുമായും ഇത്തരം സൗഹൃദം പാടില്ല എന്ന് (4:144) ഖുര്‍ആന്‍ പറയുന്നുണ്ട്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x