16 Tuesday
April 2024
2024 April 16
1445 Chawwâl 7

മുഹിബ്ബുദ്ദീന്‍ അല്‍കാത്തിബും സലഫിയ്യ ഗ്രന്ഥശാലയും

ഡോ. ഹെന്റി ലോസിയര്‍/ വിവ. ഡോ. നൗഫല്‍ പി ടി


1909ല്‍ കയ്‌റോയില്‍ സ്ഥാപിതമായ സലഫിയ്യ ഗ്രന്ഥശാല സലഫി എന്ന വിശേഷണത്തിന്റെ സ്വീകാര്യതയുടെ പ്രതീകമായിരുന്നു. ഇതിനു പിന്നിലെ ചാലകശക്തി എന്നു പറയാവുന്നത് ദമസ്‌കസുകാരനായ മുഹിബ്ബുദ്ദീന്‍ അല്‍കാത്തിബ് തന്നെയാണ്. 1886-ല്‍ ജനിച്ച കാത്തിബ് അറബ് കുലീനതയുടെ എല്ലാ പ്രൗഢിയും പേറിയിരുന്ന വ്യക്തിത്വമായിരുന്നു. സലഫി മനോഭാവത്തിന്റെയും ഇസ്‌ലാമിക ആധുനികതയുടെയും അതിവ്യാപനത്തിന്റെ ഘട്ടത്തെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്. ദമസ്‌കസിലെ പണ്ഡിതനായിരുന്ന തന്റെ പിതാവിനു കീഴില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയതിനു ശേഷം മക്തബ് അന്‍ബറില്‍ നിന്ന് ഫ്രഞ്ച് ഉള്‍പ്പെടെ വിവിധ ഭാഷകളിലും ശാസ്ത്രത്തിലും വിദ്യാഭ്യാസം നേടുകയും, ബയ്‌റൂത്തിലേക്കും തുടര്‍ന്ന് ഇസ്താംബൂളിലേക്കും ഉപരിപഠനത്തിനു പോവുകയും ചെയ്തു.
1905-നും 1907-നും ഇടയ്ക്ക് യമനിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റില്‍ വിവര്‍ത്തകനായി ജോലി ചെയ്യുകയും അവസാനം ഈജിപ്തില്‍ സ്ഥിരതാമസമാവുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ അദ്ദേഹം അറബ് സംസ്‌കാരത്തിന്റെ നവോത്ഥാനത്തിനായി (നഹ്ദ്) അഹോരാത്രം പ്രയത്‌നിക്കുകയും, വികേന്ദ്രീകൃത ഉസ്മാനിയാ വ്യവസ്ഥയ്ക്കു കീഴില്‍ അറബ് രാഷ്ട്രീയ ശാക്തീകരണത്തിന് ശ്രമിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സേവനങ്ങള്‍, ഒരു എഴുത്തുകാരന്‍ എന്ന നിലയ്ക്കും പില്‍ക്കാലത്ത് ഒരു പ്രസാധകന്‍ എന്ന നിലയ്ക്കും ഈ ആവേശത്തെ തന്നെയാണ് പ്രകാശിപ്പിച്ചത്.
രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പക്ഷേ, ഒരിക്കലും ഇസ്‌ലാമിനോടുള്ള ബന്ധത്തിന്റെ നിറം മങ്ങുന്നതിനോ വ്യതിചലിക്കുന്നതിനോ കാരണമായില്ല എന്നതുപോലെത്തന്നെ സലഫി-ആധുനിക ‘ഉലമാക്കളുടെ’ പാത പിന്തുടരുന്നതില്‍ അദ്ദേഹത്തിന് ഇതൊന്നും ഒരു തടസ്സവുമായിരുന്നില്ല. ത്വാഹിര്‍ അല്‍ജസാഇരിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അല്‍കാത്തിബ്, അദ്ദേഹത്തെ തന്റെ ആത്മീയ ഗുരുവായി സ്വീകരിക്കുകയായിരുന്നു.(46) ജസാഇരി തന്റെ ശിഷ്യനോട് ആധുനിക മതേതര വിദ്യാഭ്യാസം നേടാനും അതേസമയം ഇസ്‌ലാമികമായ അറിവ് അന്വേഷിച്ചുകൊണ്ടേയിരിക്കാനും ദമസ്‌കസില്‍ വെച്ച് ഉപദേശിക്കാറുണ്ടായിരുന്നു. അതുകൊണ്ട് അല്‍കാത്തിബ് ജമാലുദ്ദീന്‍ അല്‍ഖാസിമിയുടെയും മറ്റു സലഫി പണ്ഡിതന്മാരുടെയും കീഴില്‍ വിദ്യ അഭ്യസിച്ചു.(47)
ജസാഇരി, താന്‍ തന്നെ സ്ഥാപിച്ച ‘സാഹിരിയ്യ ഗ്രന്ഥശാല’യുടെ ജ്ഞാനസമ്പന്നതയിലേക്ക് അല്‍കാത്തിബിനെ ആനയിച്ചു. തന്റെ ശിഷ്യരെ ഇബ്‌നു തൈമിയ്യയുടേതടക്കം പല പൗരാണിക ലിഖിതങ്ങളും പകര്‍ത്തിയെഴുതുന്നതിന് ജസാഇരി ഏല്‍പിക്കാറുണ്ടായിരുന്നു.(48) അപ്രകാരമാണ് അല്‍കാത്തിബ് ഇസ്‌ലാമിക പരിഷ്‌കരണ പൈതൃകത്തെ അടുത്തറിയുകയും നവോത്ഥാന-നവീകരണ-ജ്ഞാനമണ്ഡലത്തില്‍ സജീവമായി ഇടപെടുകയും ചെയ്തത്. രിദയെയും മറ്റ് ആധുനികതാവാദികളെയും പോലെ അദ്ദേഹവും ‘അല്‍ഹിലാല്‍’, ‘അല്‍മുക്തതഫ്’ പോലുള്ള ഇസ്‌ലാമികേതരവും അതേസമയം പുരോഗമന മുസ്‌ലിം ചിന്തകരായ ഹുസയ്ന്‍ അല്‍ ജിസ്ര്‍, ശകീബ് അര്‍സലാന്‍, മുഹമ്മദ് കുര്‍ദ് അലി എന്നിവരെ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്ന മാസികകളുടെ സ്ഥിരം വായനക്കാരനുമായിരുന്നു.(49) അതേസമയം, അല്‍ കവാക്കിബിയുടെ ‘ഉമ്മുല്‍ ഖുറാ’യും മുഹമ്മദ് അബ്ദു ഇസ്‌ലാമിനെയും ക്രിസ്തുമതത്തെയും വെച്ച് നടത്തിയ നിരീക്ഷണങ്ങളെയും ഗബ്രിയേല്‍ ഹനടോക്‌സ് (ഏമയൃശലഹ ഒമിീമtuഃ) നടത്തിയ ഇസ്ലാം വിമര്‍ശനത്തിന് അബ്ദു നല്‍കിയ പ്രതികരണത്തെയുമെല്ലാം അന്വേഷിക്കുന്നതില്‍ അല്‍കാത്തിബ് ഒട്ടും അമാന്തിച്ചിരുന്നില്ല.(50)
അല്‍കാത്തിബിന്റെ താല്‍പര്യങ്ങളും അദ്ദേഹം വളര്‍ന്നു വന്ന പശ്ചാത്തലവും ഇസ്‌ലാമിന്റെ വിവിധ പരിഷ്‌കരണ-നവീകരണ ത്വരകളെ പരസ്പരം സമന്വയിപ്പിക്കുന്നതായിരുന്നു. ഈ സമന്വിത ആശയങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളിലേക്കും ആവേശിക്കുകയും, ‘സലഫിയ്യ ഗ്രന്ഥശാല’ ആരംഭിക്കുന്നത് അദ്ദേഹത്തിന് ഈ ആശയങ്ങളെ സലഫിയ്യയുടെ കീഴില്‍ പ്രചരിപ്പിക്കുന്നതിന് വേദിയൊരുക്കുകയും ചെയ്തു. ഇതില്‍ അദ്ദേഹത്തിന്റെ പങ്കാളിയായിരുന്ന അബ്ദുല്‍ ഫത്താഹ് കാത്തലാന്‍, മുസ്തഫ അല്‍ ഖബ്ബാനി (മ. 1918) എന്ന ഒരു ദമസ്‌കസുകാരനായ പണ്ഡിതന്റെ ബന്ധുവായിരുന്നു. 1907ല്‍ യമനിലേക്കുള്ള വഴിമധ്യേ കൈറോയിലെ ഒരു ഇടവേളയിലാണ് അല്‍കാത്തിബ് കാത്തലാനെ പരിചയപ്പെടുന്നത്. കാത്തലാന്‍, തന്റെ അമ്മാവനും അല്‍ജസാഇരിക്കും ഒപ്പം ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് ഇവര്‍ രണ്ടുപേരും കണ്ടുമുട്ടുന്നത്.(51)

രണ്ടു വര്‍ഷത്തിനു ശേഷം അല്‍കാത്തിബ് യമനില്‍ നിന്നു തിരിച്ചെത്തിയതിനു ശേഷമാണ് ‘സലഫിയ്യ ഗ്രന്ഥശാല’ സ്ഥാപിക്കുന്നത്. തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒരു വീട് വിറ്റിട്ടാണ് അദ്ദേഹം ഇതിനുള്ള പണം കണ്ടെത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ അദ്ദേഹം അലി യൂസുഫിന്റെ ‘അല്‍മുഅയ്യദ്’ എന്ന പ്രസിദ്ധമായ പത്രത്തിന്റെ പത്രാധിപരായി ജോലി ചെയ്യുകയും, ഉച്ചയ്ക്കു ശേഷം ഗ്രന്ഥശാലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കാത്തലാനുമൊരുമിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തു.(52) ഈ ഗ്രന്ഥശാലയില്‍ നിന്ന് എന്തെങ്കിലും ലാഭമുണ്ടാക്കാന്‍ എത്ര കാലമെടുത്തു എന്ന് കൃത്യതയില്ലെങ്കിലും, മാന്യമായ വരുമാനവും നല്ല സ്വീകാര്യതയും പ്രസിദ്ധീകരണ മേഖലയിലേക്ക് ഉതകുന്ന നല്ല ബന്ധങ്ങള്‍ നല്‍കുന്നതുമായ മറ്റൊരു ജോലി കൂടി നോക്കുന്നതില്‍ അല്‍കാത്തിബ് മടി കാണിച്ചില്ല എന്നതാണ് വസ്തുത.
ആദ്യത്തില്‍ അവര്‍ തങ്ങളുടെ തന്നെ പുസ്തകങ്ങളായിരുന്നില്ല അച്ചടിച്ചിരുന്നത്, ‘മത്ബഅതുല്‍ നഹ്ദ’, ‘മത്ബഅതുല്‍ മുഅയ്യദ്’ തുടങ്ങിയ പ്രാദേശിക പ്രസിദ്ധീകരണാലയങ്ങളുടെ സഹായത്തോടെയായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. സലഫിയ്യ ഗ്രന്ഥശാല ഈ പ്രസിദ്ധീകരണങ്ങളുടെ ചെലവ് വഹിക്കുകയോ അല്ലെങ്കില്‍ ആളുകളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുകയോ ചെയ്യുകയാണ് ചെയ്തത്. പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ അവ ഗ്രന്ഥശാലയില്‍ വെച്ച് വില്‍ക്കുകയോ, ഒരു തുക ഈടാക്കി ഉപഭോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കുകയോ ആണ് ചെയ്തിരുന്നത്.(53) പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കു പുറമെ കൈയെഴുത്തു പ്രതികളും ഗ്രന്ഥശാലയില്‍ വിറ്റിരുന്നു.(54)
അല്‍കാത്തിബിന്റെയും കാത്തലാന്റെയും പ്രധാന ലക്ഷ്യം വിദ്യാസമ്പന്നരായ അറബികളായിരുന്നു. അവരില്‍ തന്നെ തങ്ങളുടെ മത-ചരിത്ര-സാംസ്‌കാരിക പൈതൃകത്തെ പുരോഗമനപരമായി നിരീക്ഷിക്കാന്‍ താല്‍പര്യം കാണിച്ചിരുന്ന വായനക്കാര്‍. ഇസ്‌ലാമിന്റെ പുരോഗമനാത്മകത അവരുടെ പ്രസാധനങ്ങളിലെ ഒരു സ്ഥിരം പ്രമേയമായിരുന്നെങ്കിലും മതവുമായി ഒരു വിധത്തിലും ബന്ധമില്ലാത്ത നിരവധി വിഷയങ്ങളെയും അവര്‍ പരിഗണിച്ചിരുന്നു. മതം, ശാസ്ത്രം, സാഹിത്യം, ചരിത്രം, സംസ്‌കാരം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ പുസ്തകങ്ങള്‍ ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ദൗത്യമെന്നാണ് അവരുടെ തന്നെ പരസ്യവാചകത്തില്‍ ഉണ്ടായിരുന്നത്.
അവരുടെ ഈ പേരു കാരണം ‘സലഫിയ്യ ഗ്രന്ഥശാല’ ആധുനിക ലോകത്തെ എല്ലാ മുസ്‌ലിം-അറബ് പുരോഗമനങ്ങളുമായും ‘സലഫി’ എന്ന വിശേഷണം ചേര്‍ത്തുകൊണ്ടിരുന്നു. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, അല്‍കാത്തിബും കാത്തലാനും ചേര്‍ന്ന് ഈ നാമവിശേഷണത്തിന്റെ അര്‍ഥസീമ അതിന്റെ തനതു മതപരിസരങ്ങളില്‍ നിന്ന് ഉയര്‍ത്തി, അതിനെ വിശാലവും ബഹുമുഖവുമായ ഒരു പരിഷ്‌കരണ മുന്നേറ്റത്തിന്റെ ഭാഗമാക്കി അവതരിപ്പിച്ചു. കാത്തിബിന്റെ വാക്കുകള്‍ വിശ്വസിക്കുകയാണെങ്കില്‍, ഈയൊരു മുന്നേറ്റം സലഫി നേതാക്കള്‍ക്ക് ഒട്ടുംതന്നെ അജ്ഞാതമായിരുന്നില്ല. ഉദാഹരണത്തിന്, ഇത്തരമൊരു നവോത്ഥാന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ഗ്രന്ഥശാലയുടെ ‘സലഫിയ്യ’ എന്ന പേരു തന്നെ അദ്ദേഹത്തിന്റെ ശക്തനായ സലഫി വക്താവായിരുന്ന ഗുരുവര്യന്‍ ത്വാഹിര്‍ അല്‍ജസാഇരിയുടെ നിര്‍ദേശപ്രകാരം ഇട്ടതാണ്.(55)
ഇത് ശരിയാണെങ്കിലും അല്ലെങ്കിലും ഒരു കാര്യം വ്യക്തമാണ്: ഇവര്‍ രണ്ടു പേരും ചേര്‍ന്ന് ഈ വിശേഷണപദത്തെ ദുര്‍വ്യാഖ്യാനം ചെയ്തു. ”തന്റെ സഹചാരികളായ പലര്‍ക്കും, മാധ്യമരംഗത്തുള്ളവര്‍ അടക്കം ‘സലഫ്’ എന്ന വാക്ക് മാത്രമല്ലാതെ അതിനെക്കുറിച്ച് മറ്റൊന്നും അറിയാത്തവരുണ്ട്. സലഫികളെയും സലഫികളല്ലാത്തവരെയും വേര്‍തിരിച്ചറിയാന്‍ പോലും അവര്‍ക്കാകുന്നില്ല” എന്ന് 1910-ല്‍ ജമാലുദ്ദീന്‍ അല്‍ ഖാസിമി സങ്കടപ്പെടുന്നുണ്ട്.(56)
വ്യാവസായിക അടിസ്ഥാനത്തില്‍ ‘സലഫിയ്യ’ എന്നത് ഒരു മന്ത്രവാക്യമായി ചരിത്രത്തില്‍ ആദ്യമായി ഉപയോഗിച്ചത് ഇവിടെയാണെന്നാണ് തോന്നുന്നത്. മതപരമായ കാര്‍ക്കശ്യം കാരണം അവഗണിക്കപ്പെട്ടിരുന്ന പുസ്തകങ്ങള്‍ വരെ ഈയൊരു പേരിനു കീഴില്‍ അല്‍കാത്തിബും കാത്തലാനും വ്യാപകമായി വിറ്റു. അല്‍സുയൂത്വി (മ. 1505), ഇബ്‌നു ഫാരിസ് അല്‍ ഖസ്‌വീനി (മ. ഏകദേശം 1005) എന്നിവരുടെ വ്യാകരണങ്ങള്‍ക്കു പുറമേ അറബി പഴമൊഴി സാഹിത്യങ്ങളും ത്വാഹിര്‍ അല്‍ജസാഇരിയുടെ ഹദീസ് ശാസ്ത്ര രചനകളുമെല്ലാം ഇവര്‍ പ്രസിദ്ധീകരിച്ചു. അല്‍ഫാറാബിയുടെ (മ. 950) പ്രബന്ധങ്ങളും സ്വരശാസ്ത്രത്തെയും തര്‍ക്കശാസ്ത്രത്തെയുമെല്ലാം സംബന്ധിച്ചുള്ള ഇബ്‌നു സീനയുടെ (മ. 1037) ചില എഴുത്തുകളുമടക്കം മധ്യകാല മുസ്‌ലിം തത്വജ്ഞാനികളുടെ ഗ്രന്ഥങ്ങള്‍ക്കും അവിടെ ഇടം ലഭിച്ചു.(57)
1910-ല്‍ അല്‍കാത്തിബും കാത്തലാനും ‘പൂര്‍വപിതാക്കളെ’ കുറിച്ച് സംസാരിക്കുമ്പോള്‍ അവര്‍ അതിന്റെ ചുരുങ്ങിയ മതപരമായ അര്‍ഥസീമയ്ക്കുള്ളില്‍ നിന്നുകൊണ്ടായിരുന്നില്ല സംസാരിച്ചിരുന്നത് എന്നത് വ്യക്തമാണ്. ഇബ്‌നു സീനയെപ്പോലെ മധ്യകാല സാഹിത്യകാരന്മാരെയും എഴുത്തുകാരെയും ‘സലഫി’കളാക്കി അവതരിപ്പിക്കുന്നതില്‍ കൃത്യമായ കച്ചവട താല്‍പര്യം ഉണ്ടായിരുന്നു എന്നത് വ്യക്തമാണ്.(58)
എന്തുകൊണ്ടാണ് അല്‍കാത്തിബും കാത്തലാനും പ്രസിദ്ധരായ തത്വജ്ഞാനികളുടെയും തര്‍ക്കശാസ്ത്രികളുടെയും കൃതികളെ പുനരവതരിപ്പിക്കാന്‍ ശ്രമിച്ചത് എന്നത് അസന്ദിഗ്ധമാണ്: മുസ്‌ലിംകളുടെ പൂര്‍വപ്രതാപത്തെയും പാശ്ചാത്യലോകത്ത് ആധുനികതയുടെ ആഗമനത്തിലേക്കു വഴിയൊരുക്കുന്നതിനു മുസ്‌ലിംകളുടെ സംഭാവനയെയും അടിവരയിടാന്‍ അവര്‍ ശ്രമിച്ചു എന്നതുതന്നെയാണ് ഇതിനു കാരണം.(59) മുസ്‌ലിം ലോകവും പാശ്ചാത്യ ലോകവും ഒരേ നിരപ്പിലാണെന്ന് വാദിച്ചുകൊണ്ട് അവര്‍ ഈ രണ്ടു സാംസ്‌കാരിക ലോകങ്ങള്‍ക്കുമിടയിലുള്ള വിടവ് നികത്താന്‍ ശ്രമിച്ചു.(60) മൊത്തത്തില്‍ ‘സലഫിയ്യ ഗ്രന്ഥശാല’യില്‍ നിന്ന് പുറത്തിറങ്ങിയ പുസ്തകങ്ങളുടെ വിഷയങ്ങളും പ്രമേയങ്ങളും ഇന്നത്തെ ആധുനിക സലഫിസത്തിന്റെ എല്ലാ ലക്ഷണങ്ങളും ചേരുന്നതുതന്നെയായിരുന്നു, അതിന്റെ പേരൊഴികെ. കാരണം ഗ്രന്ഥശാല ‘സലഫി മതാശയം’ പ്രചരിപ്പിച്ചിരുന്നില്ല. മറിച്ച്, അല്‍കാത്തിബും കാത്തലാനും ഇസ്‌ലാമിന്റെയും മുസ്‌ലിം ലോകത്തിന്റെയും ചലനാത്മകതയെയും യുക്തിമൂലകത്വത്തെയുമാണ് പ്രഘോഷിച്ചത്.
ഇസ്‌ലാമിക ആധുനികതയുടെ എല്ലാ ബഹുത്വവും ഉള്‍ക്കൊള്ളത്തക്കവിധം ‘സലഫിയ്യ’ എന്ന പദത്തെ പുനര്‍നിര്‍വചിക്കാന്‍ അവര്‍ ബോധപൂര്‍വമായ ശ്രമമൊന്നും നടത്തിയിരുന്നില്ല. എന്നിരിക്കിലും അവരുടെ കച്ചവടോദ്യമം ‘സലഫിയ്യ’ എന്ന തലവാചകം ഉപയോഗിച്ചിരുന്നു എന്ന കാരണം കൊണ്ട്, ആ വാക്യവും അവര്‍ നിലകൊണ്ടിരുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-ശാസ്ത്രീയ വീക്ഷണങ്ങളും തമ്മില്‍ അടിസ്ഥാനപരമായ ഒരു ബന്ധരേഖ വരയ്ക്കപ്പെട്ടു. അതിലുപരിയായി, അല്‍കാത്തിബിനും കാത്തലാനും ഉണ്ടായിരുന്ന ബന്ധങ്ങളുടെ ബാഹുല്യം കാരണം ‘സലഫിയ്യ’ എന്ന പേര് വ്യാപകമാവാന്‍ അധികം സമയമെടുത്തില്ല. സ്ഥാപിച്ച് ഒരു വര്‍ഷത്തിനകം തന്നെ ഈജിപ്തിലെ ‘അല്‍മനാര്‍’, ‘അല്‍ഹിലാല്‍’, ‘അല്‍മുഖ്തതഫ്’, സിറിയയിലെ ‘അല്‍മുഖ്തബസ്’ തുടങ്ങിയ മാസികകളില്‍ നിന്ന് അനുമോദനങ്ങളും അതോടൊപ്പം പ്രശസ്തിയും ‘സലഫിയ്യ ഗ്രന്ഥശാല’യെ തേടിയെത്തി.(61)

Notes
46. Muhibb al-Din al-Khatib, ‘Mudhakkirat Muhibb al-Din al-Khatib,’ in Min Siyar al-Khalidin bi- Aqlamihim: Ahmad Shawqi, Muhammad al-Bashir al-Ibrahimi, Muhibb al-Din al-Khatib, ed. Hasan al-Samahi Suwaydan (Damascus: Dar al-Qadiri, 1998), p. 91.
47. Ibid., pp. 97-98.
48. Ibid., pp. 91-92.
49. Ibid., p. 94; Filip di Tarazzi, Tarikh al-Sihafa al-Arabiyya (Beirut: al-Matba-a al-Adabiyya, 1913), 2:52-56.
50. Al-Khatib, ‘Mudhakkirat,’ pp. 96, 126.
51. Ibid., p. 119.
52. Ibid., pp. 141-42.
53. See the advertisement at the end of Ibn Sina, Mantiq al-Mashriqiyyin wa-l-Qasida al-Muzdawija fi al-Mantiq (Cairo: al-Maktaba al-Salafiyya, 1910), unpaginated.
54. Muhibb al-Din al-Khatib and Abd al-Fattah Qatlan, Taqwim al-Majalla al-Salafiyya li-Sanat 1336/1918 (Cairo: Matba-at al-Nahda, 1918), unpaginated.
55. Al-Zahra, 2 (1926): 87; Sayyid Muhammad Rizvi, ‘Muhibb al-Din al-Khatib: A Portrait of a Salafist-Arabist (1886-1969)’ (M.A. thesis, Simon Fraser University, 1991), p. 51.
56. Al-Ajmi, al-Rasa il al-Mutabadala, p. 190. The actual terms that al-Alusi uses are salafi and khalafi. He links the latter to the Jahmis and Mutazilis.
57. Abu Nasr al-Farabi, Mabadi al-Falsafa al-Qadima (Cairo: al-Maktaba al-Salafiyya, 1910); Ibn Sina, Asbab Huduth al-Huruf (Cairo: al-Maktaba al-Salafiyya, 1913); idem, Mantiq.
58. See the advertisement at the end of Ibn Sina, Mantiq, unpaginated.
59. Al-Farabi, Mabadi, vi.
60. See Richard Wood, al-Islam wal Islah (Cairo: al-Maktaba al-Salafiyya, 1912), pp. 6-11.
61. Al-Manar 13 (1910): pp. 470-72; al-Hilal 18 (1910): pp. 607. Reviews from al-Muqtataf and al-Muqtabas are quoted at the end of Ibn Sina, Mantiq, unpaginated.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x