29 Friday
March 2024
2024 March 29
1445 Ramadân 19

മുഹര്‍റം മാസത്തിന്റെ പവിത്രത

പി കെ മൊയ്തീന്‍ സുല്ലമി


അല്ലാഹു ചില മനുഷ്യര്‍ക്കും മാസങ്ങള്‍ക്കും രാവുകള്‍ക്കും പകലുകള്‍ക്കും സ്ഥലങ്ങള്‍ക്കും സ്ഥാനവും പവിത്രതയും നല്‍കിയിട്ടുണ്ട്. പ്രവാചകന്മാരും റമദാന്‍ മാസവും ലൈലത്തുല്‍ ഖദ്‌റും വെള്ളിയാഴ്ച പകലും അറഫയും ഇതില്‍ പെടുന്നു. മുഹര്‍റം മാസത്തിന്നും ചില പ്രത്യേകതകളുണ്ട്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതു പ്രകാരം അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം 12 ആകുന്നു. അവയില്‍ നാലെണ്ണം യുദ്ധം നിരോധിക്കപ്പെട്ട മാസങ്ങളാകുന്നു” (തൗബ 36). മുഹര്‍റം, ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, റജബ് എന്നിവയാണ് മേല്‍പറഞ്ഞ നാലു മാസങ്ങള്‍ എന്ന് ഹദീസുകളിലും തഫ്‌സീറുകളിലും വന്നിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആനിന്റെ കല്‍പനയനുസരിച്ച് മുസ്‌ലിംകള്‍ മുഹര്‍റം മാസത്തിന് സ്ഥാനവും പവിത്രതയും കല്‍പിക്കേണ്ടതാണ്. അല്ലാഹു ആദരിച്ചവയെ ആദരിക്കലാണ് സത്യവിശ്വാസികളുടെ ധര്‍മം. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, അല്ലാഹുവിന്റെ മതചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്. പവിത്രമായ മാസത്തെയും (നിങ്ങള്‍ അനാദരിക്കരുത്)” (മാഇദ 2).
ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഗണ്യമായ വിഭാഗം അല്ലാഹുവിന്റെ ഈ കല്‍പനയെ നിസ്സാരമാക്കി തള്ളുകയാണ്. അവര്‍ മുഹര്‍റം ഒന്ന് മുതല്‍ 10 വരെ ദുശ്ശകുന ദിവസങ്ങളായാണ് കാണുന്നത്. മുഹര്‍റം പത്തിനെ ദുശ്ശകുനമായി കണ്ടത് ശിയാക്കളാണ്. അതിന്റെ കാരണം അലി(റ)യുടെ പുത്രന്‍ ഹുസൈന്‍(റ) കര്‍ബലയില്‍ വെച്ചു കൊല്ലപ്പെട്ടത് മുഹര്‍റം പത്തിനായിരുന്നു എന്നതാണ്. കേരളത്തിലെ സമസ്ത വിശ്വാസാചാര കര്‍മങ്ങളില്‍ മുഴത്തിനു മുഴമായും ചാണിനു ചാണായും ശിയാക്കളെ പിന്തുടരുന്നവരാണ്. ശിയാക്കള്‍ മുഹര്‍റം പത്തിനെ ദുശ്ശകുനമായി കണ്ടപ്പോള്‍ സമസ്തക്കാര്‍ മുഹര്‍റം ഒന്നു മുതല്‍ 10 വരെ നഹ്‌സായി കണ്ടു എന്നതാണ് വസ്തുത. നഹ്‌സ് നോക്കല്‍ ശിര്‍ക്കന്‍ ആചാരവും കൂടിയാണ്.
പ്രവാചകന്മാരോട് വിവിധ കാലഘട്ടങ്ങളില്‍ മുശ്‌രിക്കുകള്‍ പറഞ്ഞത് നിങ്ങള്‍ ശകുനപ്പിഴയുള്ളവരാണ് എന്നാണ്. അന്താക്കിയ പട്ടണത്തില്‍ പ്രവാചകന്മാര്‍ പ്രബോധനം നടത്തിയപ്പോള്‍ അവിടത്തെ ജനങ്ങള്‍ അവരോട് പറഞ്ഞു: ”അവര്‍ (ജനങ്ങള്‍) പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ ഒരു ദുശ്ശകുനമായി കരുതുന്നു” (യാസീന്‍ 18). പ്രവാചകന്മാര്‍ അതിന് മറുപടി പറഞ്ഞത് ഇപ്രകാരമാണ്: ”അവര്‍ (പ്രവാചകന്മാര്‍) പറഞ്ഞു: നിങ്ങളുടെ ശകുനപ്പിഴ നിങ്ങളോടൊപ്പം തന്നെയാകുന്നു” (യാസീന്‍ 19).
മൂസാ നബി(അ)യോടും അവര്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ട്. ”ഇനി അവര്‍ക്ക് (ജനങ്ങള്‍ക്ക്) വല്ല തിന്മയും ബാധിച്ചുവെങ്കിലോ അത് മൂസായുടെയും അനുചരന്മാരുടെയും ശകുനപ്പിഴയാണ് എന്നാണ് അവര്‍ പറഞ്ഞിരുന്നത്” (അഅ്‌റാഫ് 131). ശകുനം നോക്കല്‍ ശിര്‍ക്കാണെന്ന് നബി(സ)യും പറഞ്ഞിട്ടുണ്ട്. നബി(സ) അരുളിയതായി ഇബ്‌നു മസ്ഊദ്(റ) പ്രസ്താവിച്ചു: ”ശകുനം നോക്കല്‍ ശിര്‍ക്കാണ്. നബി (സ) മൂന്നു തവണ ആവര്‍ത്തിച്ചു പറയുകയുണ്ടായി” (അബൂദാവൂദ്).
ശകുനം നോക്കല്‍ ശിര്‍ക്കാകാന്‍ കാരണം ഇബ്‌നു ഹജര്‍ വിശദീകരിക്കുന്നു: ”അത് ശിര്‍ക്കായിത്തീരാന്‍ കാരണം ശകുനം നോക്കുന്ന വസ്തുവില്‍ നിന്ന് ഒരു ഉപകാരവും ലഭിക്കുമെന്നോ അല്ലെങ്കില്‍ അത് ഒരു ദ്രോഹത്തെ തടുക്കുമെന്നോ വിശ്വസിക്കുന്നതുകൊണ്ടാണ്” (ഫത്ഹുല്‍ ബാരി 13:130). ശകുനം നോക്കുന്നതിനെ ന്യായീകരിക്കാന്‍ സമസ്തക്കാര്‍ വിശുദ്ധ ഖുര്‍ആന്‍ പോലും ദുര്‍വ്യാഖ്യാനിക്കാറുണ്ട്. ചില ദിവസങ്ങള്‍ക്ക് ശകുനപ്പിഴയുണ്ട് എന്നു വരുത്തിത്തീര്‍ക്കാന്‍ താഴെ വരുന്ന ഖുര്‍ആന്‍ വചനമാണ് അവര്‍ ദുര്‍വ്യാഖ്യാനിക്കാറുള്ളത്: ”അങ്ങനെ ദുരിതം പിടിച്ച ഏതാനും ദിവസങ്ങളില്‍ അവരുടെ നേര്‍ക്ക് ഉഗ്രമായ ഒരു ശീതക്കാറ്റിനെ നാം അയച്ചു” (ഫുസ്സ്വിലത് 16).
കാറ്റ് എന്നത് അല്ലാഹുവിന്റെ ശിക്ഷയാണ്. അത് അവര്‍ക്ക് ലഭിച്ചത് അവരുടെ ധിക്കാരത്തിന്റെ ഫലമായാണ്. ദിവസത്തിന്റെ ശകുനപ്പിഴ കൊണ്ടല്ല. ഉദാഹരണത്തിന് ഒരാള്‍ കള്ളു കുടിച്ച് വിവസ്ത്രനായി റോഡിലൂടെ നടക്കുന്നതിനാല്‍ ജനങ്ങള്‍ മര്‍ദിച്ചുവെങ്കില്‍ അത് ദിവസത്തിന്റെ കേടാണോ? അത് ദിവസത്തിന്റെ ദോഷമാണെങ്കില്‍ അവനു മാത്രം എന്തുകൊണ്ട് അപ്രകാരം സംഭവിച്ചു? മറ്റുള്ള ആര്‍ക്കും എന്തുകൊണ്ട് അപ്രകാരം സംഭവിച്ചില്ല? ശകുനപ്പിഴയുള്ള കാലം, മോശപ്പെട്ട കാലം എന്നൊക്കെ പറഞ്ഞ് കാലത്തെ ശപിക്കുന്നത് നബി(സ) നിരോധിച്ചു. അവിടന്ന് പറഞ്ഞു: ”നിങ്ങള്‍ കാലത്തെ ചീത്ത വിളിക്കരുത്. തീര്‍ച്ചയായും കാലം എന്നു പറയുന്നത് അല്ലാഹുവാണ്” (അഹ്മദ് 5:299). അഥവാ കാലത്തിന് മാറ്റം വരുത്തുന്നത് അല്ലാഹുവാണ് എന്നതാണ് മേല്‍പറഞ്ഞ ഹദീസിന്റെ താല്‍പര്യം.
ശകുനത്തെ സംബന്ധിച്ചും ശകുനപ്പിഴ ദര്‍ശിക്കുന്നതിനെ കുറിച്ചും നിരവധി ദുര്‍ബലവും നിര്‍മിതവുമായ റിപ്പോര്‍ട്ടുകള്‍ പ്രചാരത്തിലുണ്ട്. അത്തരം ഹദീസുകള്‍ വളരെയധികം വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുമുണ്ട്. അവയില്‍ ചിലത് താഴെ വിശദീകരിക്കാം. ഇമാം ഇബ്‌നു തൈമിയ ‘ബുഖാരി’യിലെ ചില ഹദീസുകളെ കുറിച്ച് ഈ അബദ്ധങ്ങള്‍ വിശദീകരിച്ചതിനു ശേഷം സ്വഹീഹ് മുസ്‌ലിമില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ചില ഹദീസുകളെ വിശദീകരിക്കുന്നു: ”അതുപോലെ തന്നെയാണ് ഇമാം മുസ്‌ലിം ഉദ്ധരിച്ച താഴെ വരുന്ന ഹദീസും: ‘തീര്‍ച്ചയായും അല്ലാഹു മണ്ണിനെ സൃഷ്ടിച്ചത് ശനിയാഴ്ചയാണ്. പര്‍വതങ്ങളെ സൃഷ്ടിച്ചത് ഞായറാഴ്ചയാണ്. മരത്തെ സൃഷ്ടിച്ചത് തിങ്കളാഴ്ചയാണ്. വെറുക്കപ്പെട്ട വസ്തുക്കളെ സൃഷ്ടിച്ചത് ചൊവ്വാഴ്ചയാണ്. പ്രകാശം സൃഷ്ടിച്ചത് ബുധനാഴ്ചയാണ്. അതില്‍ ജന്തുക്കളെ വ്യാപിപ്പിച്ചത് വെള്ളിയാഴ്ചയാണ്.’ ഇമാം ബുഖാരി, യഹ്‌യബ്നു മഈന്‍ പോലുള്ള ഇമാം മുസ്‌ലിമിനെക്കാള്‍ അറിവുള്ള പണ്ഡിതന്മാര്‍ ഈ ഹദീസിനെ വിമര്‍ശിച്ചിട്ടുണ്ട്” (മജ്മഉ ഫതാവാ ഇബ്‌നു തൈമിയ്യ 18:18). മേല്‍ വിശദീകരിച്ച ഹദീസ് ശകുനത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്ധരിക്കപ്പെട്ടതാണ്.
ഈ വിഷയത്തില്‍ ഒരുപാട് നിര്‍മിത ഹദീസുകളുണ്ട്. താഴെ വരുന്ന ഹദീസുകള്‍ ഇത്തരത്തിലുള്ളതാണ്: ”ചൊവ്വാഴ്ച ദിവസം രക്തദിനമാണ്. അതില്‍ രക്തം പുറപ്പെട്ടാല്‍ നിലയ്ക്കാത്ത ഒരു സമയമുണ്ട്” (അബൂദാവൂദ്). ഇബ്‌നുല്‍ ജൗസി ഇബ്‌നു അബ്ബാസി(റ)ല്‍ നിന്നു തന്റെ ‘മൗളൂആത്തി’ല്‍ (നിര്‍മിത ഹദീസുകള്‍ ഉദ്ധരിക്കുന്ന ഗ്രന്ഥം) രേഖപ്പെടുത്തി:
”അല്ലാഹു ദിവസങ്ങളെ സൃഷ്ടിച്ചപ്പോള്‍ ചില ദിവസങ്ങളെ സൗഭാഗ്യത്തിന്റെ ദിനങ്ങളായും മറ്റു ചില ദിനങ്ങളെ ശകുനപ്പിഴയുടെ ദിനങ്ങളായും സൃഷ്ടിക്കുകയാണുണ്ടായത്. സൃഷ്ടികള്‍ മുഴുവന്‍ അല്ലാഹുവിന്റെ അടിമകളാണ്. അവരില്‍ ചിലരെ സ്വര്‍ഗത്തിലേക്കും മറ്റു ചിലരെ നരകത്തിലേക്കും സൃഷ്ടിച്ചതുപോലെ. ഒരു മാസത്തില്‍ ഏഴു ദിവസം ശകുനപ്പിഴയില്ലാതെ ഒരു മാസവുമില്ല. അതില്‍ പെട്ട ഒരു ദിനമാണ് ചൊവ്വാഴ്ച. അന്നാണ് ആദമിന്റെ(അ) മക്കളായ ഖാബീല്‍ ഹാബീലിനെ കൊന്നത്. ആദം(അ) സ്വര്‍ഗത്തില്‍ നിന്നു പുറത്താക്കപ്പെട്ടത് വ്യാഴാഴ്ചയാണ്. അന്നുതന്നെയാണ് യൂസുഫ് നബി(അ) പൊട്ടക്കിണറ്റില്‍ എറിയപ്പെട്ടതും ഒരു മാസത്തിലെ 13-ാം ദിവസമാണ് അയ്യൂബ് നബി(സ)യുടെ മേല്‍ പരീക്ഷണം വന്നെത്തിയത്. ഒരു മാസത്തിലെ 16-ാം ദിവസമാണ് സുലൈമാന്‍ നബി(അ)യുടെ ആധിപത്യം നഷ്ടപ്പെട്ടത്. ലൂത്വ് നബി(അ)യുടെ സമൂഹം ഭൂമിയില്‍ ആഴ്ത്തപ്പെട്ടത് ഒരു മാസത്തിലെ 21-ാം ദിവസമാണ്. ഒരു മാസത്തിലെ 24-ാം ദിവസമാണ് ഫിര്‍ഔന്‍ ജനിച്ചതും മുങ്ങി മരിച്ചതും. ഇബ്‌റാഹീം(അ) തീക്കുണ്ഠത്തില്‍ എറിയപ്പെട്ടത് ഒരു മാസത്തിലെ 25-ാം ദിവസമാണ്. ഒരു മാസത്തിന്റെ അവസാന ദിവസം ബുധനാഴ്ചയാകുന്ന പക്ഷം അത് സ്ഥിരപ്പെട്ട ശകുനപ്പിഴയുള്ള ദിവസമാണ്. അതേ ദിവസമാണ് ആദ് സമുദായത്തില്‍ ശിക്ഷയും കൊണ്ട് അല്ലാഹു കാറ്റിനെ അയച്ചതും ഘോരശബ്ദം കൊണ്ട് സമൂദ് വര്‍ഗത്തെ നശിപ്പിച്ചതും” (തദ്കിറതുല്‍ മൗളൂആത്ത്).
നബി(സ)യില്‍ നിന്ന് അബൂസഈദുല്‍ ഖുദ്‌രി(റ) ഉദ്ധരിച്ചതാണെന്ന് അവകാശപ്പെട്ടുകൊണ്ട് താരീഖ് ദിമിശ്ഖില്‍ വന്ന ഒരു റിപോര്‍ട്ട് ഇപ്രകാരമാണ്: ”ശനിയാഴ്ച വെറുക്കപ്പെട്ട വഞ്ചനയുടെ ദിനമാണ്. ഞായറാഴ്ച കൃഷിയുടെയും നിര്‍മാണത്തിന്റെയും ദിനമാണ്. തിങ്കളാഴ്ച യാത്രയുടെയും അന്നം തേടുന്നതുമാണ്. ചൊവ്വാഴ്ച വിഷമത്തിന്റെയും എതിര്‍പ്പിന്റെയും ദിവസമാണ്. ബുധനാഴ്ച ഇടപാടുകളില്ലാത്ത ദിനമാണ്. വ്യാഴം ആവശ്യങ്ങള്‍ അന്വേഷിക്കുന്ന ദിവസമാണ്. വെള്ളി ഖുത്ബയുടെയും വിവാഹത്തിന്റെയും ദിനമാണ്” (താരീഖു ദിമിശ്ഖി).
ശകുനപ്പിഴയുടെ പ്രയോക്താക്കള്‍ മുശ്‌രിക്കുകളാണ്. അവരില്‍ നിന്ന് യഹൂദികളും യഹൂദികളില്‍ നിന്ന് ശിയാക്കളും ശിയാക്കളില്‍ നിന്ന് സമസ്തക്കാരും പ്രസ്തുത ശിര്‍ക്കന്‍ വിശ്വാസം അനന്തരമായി എടുക്കുകയാണുണ്ടായത്. പ്രസിദ്ധ പണ്ഡിതനായ ഹൈതമിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: ”ശകുനം നോക്കുകയെന്നത് യഹൂദികളുടെ ചര്യയാണ്. എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിച്ചു ജീവിക്കുന്ന മുസ്‌ലിംകളുടെ ചര്യയില്‍ പെട്ടതല്ല. പ്രസ്തുത വിഷയത്തില്‍ അലി(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന റിപ്പോര്‍ട്ട് അടിസ്ഥാനരഹിതവും നുണയുമാണ്” (ഫതാവല്‍ ഹദീസിയ്യ).
സത്യവിശ്വാസികള്‍ മുഹര്‍റം മാസത്തെ നോമ്പ് അനുഷ്ഠിച്ചുകൊണ്ട് ആദരിക്കുന്നവരാണ്. ”അബൂഖതാദ(റ) പ്രസ്താവിച്ചു: ”മുഹര്‍റം പത്ത് നോമ്പിനെക്കുറിച്ച് നബി(സ)യോട് ചോദിക്കപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു: കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്” (മുസ്‌ലിം). ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന മറ്റൊരു ഹദീസ് ഇപ്രകാരമാണ്: ”നബി(സ) പറഞ്ഞു: ഞാന്‍ അടുത്ത വര്‍ഷം ജീവിച്ചിരിക്കുന്ന പക്ഷം നിശ്ചയമായും മുഹര്‍റം ഒമ്പതാമത്തെ നോമ്പും അനുഷ്ഠിക്കുന്നതാണ്’ (മുസ്‌ലിം). പക്ഷേ നബി(സ) അടുത്ത മുഹര്‍റം വരുന്നതിനു മുമ്പ് മരണപ്പെടുകയാണുണ്ടായത്.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x