മൂന്നു സൂര്യന്മാര് നിഴലിടുന്ന ഗ്രഹം
ടി പി എം റാഫി
ജോര്‍ജ് ലൂക്കാസിന്റെ ‘നക്ഷത്രയുദ്ധങ്ങള്‍’ എന്ന കാല്പനിക ചലച്ചിത്രത്തില്‍, ലൂക്ക് സ്കൈവോക്കര്‍ എന്ന കഥാപാത്രത്തിന്റെ ‘മാതൃഗേഹ’മായ ‘ടാടൂയിന്‍’ (tatooine) എന്ന വിചിത്രഗ്രഹത്തെക്കുറിച്ചുള്ള സങ്കല്പം അവതരിപ്പിക്കുന്നുണ്ട്. മാനത്ത് രണ്ടു സൂര്യന്മാര് ഒന്നിച്ചുദിച്ചുയരുന്ന ദൃശ്യസൗകുമാര്യമുള്ള ഗ്രഹം. എന്നാല്‍ മൂന്നു സൂര്യന്മാര് ഉദിച്ചുയരുകയും അസ്തമിക്കുകയും ചെയ്യുന്ന ഗ്രഹത്തെ നമുക്ക് ഭാവനയില്‍ കാണാന്‍ പറ്റുമോ? ഫിക്ഷനെ വെല്ലുന്ന കണ്ടെത്തലുകളുമായാണ് ഗവേഷകര്‍ എത്തുന്നത്.
അരിസോണ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ‘ഡയറക്ട് ഇമേജിങ്’ സാങ്കേതിക വിദ്യയിലൂടെയാണ് HD131399Ab എന്ന വിസ്മയിപ്പിക്കുന്ന ഗ്രഹത്തെ കണ്ടെത്തിയത്. 2011ല്‍, ‘നാസ’ രണ്ടു നക്ഷത്രങ്ങളെ പ്രദക്ഷിണം വെക്കുന്ന ഗലുഹലൃ16യ എന്ന ഗ്രഹത്തെക്കുറിച്ച് മനസ്സിലാക്കിയിരുന്നു. എന്നാല്‍ രണ്ടില്‍ക്കൂടുതല്‍ സൂര്യന്മാരുടെ പശ്ചാത്തലത്തിലുള്ള ഗ്രഹത്തെക്കുറിച്ച് അന്നു പരിചിതമായിരുന്നില്ല. അതിലും കൗതുകകരമായ കാര്യം ഇതാണ്: ‘ഒട്ടേറെ ഉദയസ്ഥാനങ്ങളുടെയും അസ്തമന സ്ഥാനങ്ങളുടെയും നാഥനാണ് അല്ലാഹു’ എന്നു പലയിടത്തും പരിചയപ്പെടുത്തുന്ന ഖുര്‍ആന്‍, വസ്തുക്കള്‍ക്ക് ‘മൂന്നു ശാഖകളുള്ള നിഴല്‍’ സൃഷ്ടിക്കപ്പെടുന്ന പ്രാപഞ്ചിക പ്രതിഭാസത്തെയും ചിത്രീകരിക്കുന്നുണ്ട്. ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തലുകളുടെ പരിപ്രേക്ഷ്യത്തിലൂടെ നോക്കുമ്പോള്‍, ഇതിന്റെ പൊരുളെന്താണ്?
340 പ്രകാശവര്‍ഷം അകലെയുള്ള centaurus രാശിയിലെ ഗ്രഹമാണ് ഒഉ131399അയ. പതിനാറു മില്ല്യണ്‍ വര്‍ഷമെങ്കിലും ഇതിനു പ്രായമുണ്ടായിരിക്കുമെന്ന് അനുമാനിക്കുന്നു. ഇതുവരെ കണ്ടെത്തിയതില്‍ സൗരയൂഥത്തിനു പുറത്തുള്ള (Exoplanet) യുവഗ്രഹമാണത്രെ ഇത്. ശരാശരി 580 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവും വ്യാഴത്തിന്റെ നാലിരട്ടി പിണ്ഡവുമുണ്ട്. ഡയറക്ട് ഇമേജിങ് സംവിധാനത്തിലൂടെ കണ്ടെത്തിയ വിരലിലെണ്ണാവുന്ന സൗരയൂഥ ബാഹ്യ ഗ്രഹങ്ങളിലൊന്നുമാണിത്. ത്രൈനക്ഷത്രത്തെ (tripple stars) പ്രദക്ഷിണം വെക്കുന്ന ഗ്രഹത്തിന് അതിന്റെ പ്രദക്ഷിണ വൃത്തത്തിന്റെ പകുതി താണ്ടാന്‍ 550 ഭൗമവര്‍ഷമെടുക്കും. അത്രയും കാലം മൂന്നു സൂര്യന്മാര് ആകാശത്ത് കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരത്തി ദൃശ്യമാകും. ഗ്രഹത്തിലെ വസ്തുക്കള്‍ക്ക് അപ്പോള്‍ മൂന്നു ദിശയിലേക്കു നീളുന്ന നിഴലുകള്‍ രൂപപ്പെടുമെന്നും ഗവേഷകര്‍ വെളിപ്പെടുത്തുന്നു.
ഇതിലെ താരതമ്യേന പ്രകാശം മങ്ങിയ രണ്ടു സൂര്യന്മാര് തൊട്ടടുത്തായാണ് കാണപ്പെടുന്നത്. തിളക്കമുള്ള സൂര്യനില്‍ നിന്ന് അവ രണ്ടും വ്യത്യസ്ത അകലങ്ങളിലേക്ക് മാറിപ്പോകുന്നതും കാണാം. ഗ്രഹത്തെ കണ്ടെത്തിയ സംഘത്തിലെ കെവിന് വാഗ്നര്‍ പറയുന്നു: ‘ഗ്രഹത്തിന്റെ പ്രദക്ഷിണ കാലയളവില്‍ മിക്കപ്പോഴും മൂന്നു സൂര്യന്മാരും മാനത്ത് ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. അതുകൊണ്ടു തന്നെ ഓരോ ഗ്രഹദിനത്തിലും മൂന്നു സൂര്യന്മാരുടെ ഉദയവും അസ്തമയവും അവിടെ ദൃശ്യമാകും’.
ഗ്രഹം സഞ്ചരിക്കുന്നതിനിടയ്ക്ക് സൂര്യന്മാര് പതുക്കെ അകന്നുപോകുന്നതും കാണാം. അങ്ങനെ പ്രത്യേക സമയത്ത് എത്തുമ്പോള്‍, ഒരു സൂര്യന്റെ ഉദയസമയത്ത് മറ്റേ സൂര്യന്റെ അസ്തമയം ദൃശ്യമാകുന്ന അവസ്ഥാവിശേഷവും സംഭവിക്കാറുണ്ട്. അപ്പോള്‍തൊട്ട്, പ്രദക്ഷിണ വീഥിയുടെ കാല്‍ഭാഗം പിന്നിടുന്നതുവരെ, അതായത് 140 ഭൗമവര്ഷത്തോളം, ഗ്രഹത്തില്‍ പകലായിരിക്കും.
ഒഉ131399അയ എന്ന ഗ്രഹം പ്രദക്ഷിണം വെക്കുന്ന ഒരു സൂര്യന്റെ പിണ്ഡം നമ്മുടെ സൂര്യന്റെ പിണ്ഡത്തേക്കാള്‍ 80 ശതമാനം കൂടുതലാണ്. ഈ സൂര്യനെ (എ) പ്രദക്ഷിണം വെക്കുമ്പോള്‍ തന്നെ, ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരത്തിന്റെ മുന്നൂറ് ഇരട്ടി അകലെയുള്ള ‘ബി’, ‘സി’ എന്നീ മറ്റ് ചെറുസൂര്യന്മാരുടെ പിറകെയും ഈ ഗ്രഹം യാത്രയാകുന്നുണ്ട്. ‘ബി’, ‘സി’ സൂര്യന്മാരാകട്ടെ, വ്യാഴത്തില്‍ നിന്ന് സൂര്യനിലേക്കുള്ള അകലത്തില്‍ നിന്നുകൊണ്ട്, പരസ്പരം ചുറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. മൂന്നു സൂര്യന്മാരിലെ പ്രകാശമാനമായ ഒന്നിനെ ഗ്രഹം വലംവെക്കുമ്പോള്‍ മറ്റു രണ്ട് സൂര്യന്മാരുടെ ഗുരുത്വസ്വാധീനത്താല് പ്രദക്ഷിണവീഥിയില്‍ സ്ഥിരത കിട്ടാറില്ല. ദ്വന്ദ്വ നക്ഷത്ര പശ്ചാത്തലത്തിലെയും ത്രൈനക്ഷത്ര പശ്ചാത്തലത്തിലെയും ഗ്രഹങ്ങളുടെ അവസ്ഥ അങ്ങനെയായിരിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
2011ല്‍ ‘നാസ’ രണ്ടു നക്ഷത്രത്തെ പ്രദക്ഷിണം വെക്കുന്ന ഗലുഹലൃ16യ എന്ന ഗ്രഹത്തെ കണ്ടെത്തിയതോടെ കാല്പനിക ഗ്രഹമായ ‘ടാടൂയിന്‍’ ശാസ്ത്രലോകത്ത് യാഥാര്‍ഥ്യമായി. വളരെ വ്യത്യസ്ത പിണ്ഡങ്ങളുള്ള നക്ഷത്രങ്ങളെയാണ് ഇതു പ്രദക്ഷിണം വെക്കുന്നത്. വ്യത്യസ്ത പിണ്ഡമായതു കൊണ്ട് വ്യത്യസ്ത നിറമാണ് ഈ നക്ഷത്രങ്ങള്‍ക്ക്. 200 പ്രകാശ വര്‍ഷം അകലെയുള്ള ഈ ഗ്രഹത്തില്‍ നിന്നു നോക്കുമ്പോള്‍ രാവിലെ രണ്ടു സൂര്യന്മാര് ഉദിച്ചുയരുന്നതും സന്ധ്യയ്ക്ക് അസ്തമിക്കുന്നതും ദൃശ്യമാകും. സൂര്യന്മാരുടെ സ്വയംഭ്രമണവുമായി ഗ്രഹത്തിന്റെ ചലനം ബന്ധിതമല്ലാത്തതു കൊണ്ട് കുറേ ദിവസങ്ങള്‍ കഴിയുമ്പോള്‍ ഒരു സൂര്യന് ഉദിച്ചുയര്‍ന്ന ശേഷം മറ്റേ സൂര്യന് ഉദിച്ചു വരുന്ന പ്രതിഭാസവും അരങ്ങേറാറുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘(മൂന്നോ അതില്‍ കൂടുതലോ) ഉദയസ്ഥാനങ്ങളുടെയും അസ്തമനസ്ഥാനങ്ങളുടെയും രക്ഷിതാവിന്റെ പേരില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു: തീര്‍ച്ചയായും നാം കഴിവുള്ളവനാണെന്ന്’ (70:40)
മശാരിഖ്, മഗാരിബ് എന്നാണ് വചനത്തില്‍ പ്രയോഗിച്ചത്. അറബിഭാഷയില്‍, മറ്റു ഭാഷകളില്‍ നിന്നു വ്യത്യസ്തമായി, വാക്കുകള്‍ക്ക് ഏകവചനം, ദ്വിവചനം, ബഹുവചനം എന്നീ രൂപങ്ങളുണ്ട്. ‘മശാരിഖ് വല്‍ മഗാരിബ്’ കുറിക്കുന്നത്, ഏറ്റവും ചുരുങ്ങിയത് മൂന്നോ അതില്‍ കൂടുതലോ ഉദയാസ്തമനങ്ങള് എന്നാണ്. ‘രണ്ടു ഉദയസ്ഥാനങ്ങളുടെയും രണ്ട് അസ്തമനസ്ഥാനങ്ങളുടെയും നാഥന്’ (റബ്ബുല്‍ മശ്രികൈനി വ റബ്ബുല്‍ മഗ്രിബൈന്‍) എന്നും ഖുര്‍ആന്‍ വേറൊരിടത്ത് അല്ലാഹുവിനെ വിശേഷിപ്പിക്കുന്നുണ്ട്.
മുര്സലാത്ത് എന്ന അധ്യായത്തില്‍ ഖുര്‍ആന്‍ പറയുന്നു: ‘മൂന്നു ശാഖകളുള്ള ഒരുതരം നിഴലിലേക്ക് നിങ്ങള്‍ പൊയ്ക്കൊള്ളുക. അതു തണല്‍ നല്‍കുന്നതല്ല; തീജ്വാലയില്‍ നിന്ന് സംരക്ഷണം നല്കുന്നതുമല്ല’ (77:30-31)
നരകത്തെ വര്ണിക്കുന്നിടത്താണ് ഖുര്‍ആന്‍ വസ്തുക്കള്‍ക്ക് മൂന്നു നിഴലുണ്ടാകുന്ന വിചിത്ര പ്രതിഭാസത്തെ ചിത്രീകരിക്കുന്നത്.
നരകത്തിന്റെ തീക്ഷ്ണത വ്യക്തമാക്കിക്കൊണ്ട് തിര്‍മുദി ഉദ്ധരിക്കുന്ന ഒരു നബിവചനം ഇങ്ങനെയാണ്: ‘സഹസ്ര വര്‍ഷം അഗ്നി തപിപ്പിക്കപ്പെട്ടു; അങ്ങനെ അതു ചുവന്നു. വീണ്ടും സഹസ്ര വര്‍ഷം അഗ്നി തപിപ്പിക്കപ്പെട്ടു; അങ്ങനെ അതു വെളുത്തു. പിന്നെയും സഹസ്ര വര്‍ഷം അഗ്നി തപിപ്പിക്കപ്പെട്ടു; അങ്ങനെ അതു കറുത്തു. അപ്പോഴത് കറുത്തതും ഇരുണ്ടതുമായി മാറി’.
നരകാഗ്നിയെക്കുറിച്ചാണെന്നു സമ്മതിച്ചാലും, തപ്ത വസ്തുക്കളെക്കുറിച്ചു പഠിക്കുന്ന തെര്‍മോഡൈനാമിക്സിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ നക്ഷത്രങ്ങളുടെ വ്യത്യസ്തമായ ജീവിത ഘട്ടങ്ങളിലേക്ക് (Red Giant, White dwarf, Black hole) വ്യക്തമായ അറിവു പകരുന്ന നബിവചനം കൂടിയാണിതെന്നു സമ്മതിക്കേണ്ടി വരും. അതുപോലെ, അപൂര്‍വമെങ്കിലും, ചില ഗ്രഹത്തില്‍ വസ്തുക്കള്‍ക്ക് മൂന്നു നിഴല്‍ രൂപപ്പെടുന്ന അവസ്ഥാ വിശേഷം ഉണ്ടാകാറുണ്ടെന്നും, രണ്ട് സൂര്യന്മാരുടെയും മൂന്ന് സൂര്യന്മാരുടെയും ഉദയാസ്തമനങ്ങള് അക്ഷരാര്‍ഥത്തില്‍ യാഥാര്ഥ്യമാകാറുണ്ടെന്നും ഖുര്‍ആന്‍ വെളിപ്പെടുത്തുന്നതായിരിക്കുമോ?