18 Friday
October 2024
2024 October 18
1446 Rabie Al-Âkher 14

മെറ്റാഫിസിക്കല്‍ ചോദ്യങ്ങള്‍ ശാസ്ത്രത്തിന്റെ മേഖലയല്ല

ഹംസ സോര്‍സിസ് / വിവ. റാഫിദ് ചെറവന്നൂര്‍


ശാസ്ത്രത്തിന് ചില മെറ്റാഫിസിക്കല്‍ ചോദ്യങ്ങള്‍ പരിഹരിക്കാന്‍ കഴിയും. എന്നിരുന്നാലും, ഇതില്‍ തന്നെ എമ്പിരിക്കലായി നേരിടാവുന്ന ചോദ്യങ്ങളാണെങ്കില്‍ മാത്രമേ സയന്‍സിന് ഉത്തരം നല്‍കാനാവൂ. ഉദാഹരണത്തിന്, പ്രപഞ്ചത്തിന്റെ ആരംഭത്തെ പ്രപഞ്ചശാസ്ത്രം (കോസ്‌മോളജി) എന്ന മേഖലയിലൂടെ അഭിസംബോധന ചെയ്യാന്‍ ശാസ്ത്രത്തിനു കഴിഞ്ഞു. എന്നിരുന്നാലും, സാധുവായ ചില ചോദ്യങ്ങള്‍ക്ക് ശാസ്ത്രീയമായി ഉത്തരം നല്‍കാന്‍ കഴിയില്ല. ഉദാഹരണത്തിന്, മരണാനന്തര ജീവിതമുണ്ടോ, ആത്മാക്കള്‍ നിലവിലുണ്ടോ, ഒരു ജീവജാലത്തിന് സ്വന്തത്തെ കുറിച്ചുള്ള ബോധം രൂപപ്പെടുന്നത് എങ്ങനെയായിരിക്കും എന്നിങ്ങനെയുള്ള ചോദ്യങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിയാത്തതിന്റെ കാരണം അവ ഭൗതികവും നിരീക്ഷിക്കാവുന്നതുമായ ലോകത്തിന് അപ്പുറത്തുള്ള കാര്യങ്ങളെ കുറിച്ചാണ് എന്നതാണ്.
അടിസ്ഥാനപരമായ സത്യങ്ങള്‍
ഗണിതവും യുക്തിയും പോലുള്ള അടിസ്ഥാനപരമായ സത്യങ്ങള്‍ തെളിയിക്കാന്‍ ശാസ്ത്രത്തിനു കഴിയില്ല. സാധുവായ ഒരു കിഴിവുവാദത്തിന്റെ ഉപസംഹാരം അതിന്റെ പരിസരത്തു നിന്ന് അനിവാര്യമായും പിന്തുടരുന്നു. ഇനി പറയുന്ന വാദം പരിഗണിക്കുക:
ഹ പരിമിതമായ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള നിഗമനങ്ങള്‍ ആത്യന്തികമല്ല.
ഹ പരിമിതമായ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ശാസ്ത്രീയ നിഗമനങ്ങള്‍.
ഹ അതിനാല്‍ ശാസ്ത്രീയ നിഗമനങ്ങള്‍ ആത്യന്തികമല്ല.
ഈ വാദത്തില്‍ രണ്ടു പ്രിമൈസുകളും നിഗമനങ്ങളും തമ്മില്‍ യുക്തിസഹമായ ഒരു ബന്ധമുണ്ട്. ഈ ബന്ധം കേവലം യുക്തിപരം മാത്രമാണ്. ഇങ്ങനെ ലോജിക്കലായ വാദങ്ങളുടെ ശരിതെറ്റുകള്‍ തീരുമാനിക്കേണ്ടത് ലോജിക്കിനകത്തു നിന്ന് മാത്രമാണ്. ശാസ്ത്രത്തിന്റെ ഏതെങ്കിലും ടൂളുകള്‍ ഉപയോഗിച്ച് ലോജിക്കലായ വാദങ്ങളെ വിലയിരുത്താനാവില്ല. ഇത്തരമൊരു വാദത്തിന്റെ യുക്തിപരമായ ഒഴുക്കിനെ ന്യായീകരിക്കാനോ തെളിയിക്കാനോ ഒരുതരത്തിലുള്ള നിരീക്ഷണത്തിനും കഴിയില്ല.
3+3=6 പോലുള്ള ഗണിതശാസ്ത്ര സത്യങ്ങളും അടിസ്ഥാനപരമായ സത്യങ്ങളാണ്; അവ കേവലം അനുഭവത്തിലൂടെയോ പരീക്ഷണങ്ങളിലൂടെയോ തെളിയിക്കാനാവുന്നതല്ല. ഉദാഹരണത്തിന്, ഒരു ‘ഫുഫുല’യും ഒരു ‘ഫുഫുല’യും കൂട്ടിയാല്‍ എന്താണെന്നു ഞാന്‍ ചോദിച്ചാല്‍, ഉത്തരം വ്യക്തമായും ‘രണ്ട് ഫുഫുലകള്‍’ എന്നതായിരിക്കും. ഫുഫുല എന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ലെങ്കിലും, അനുഭവത്തിലൂടെയോ ശാസ്ത്ര പരീക്ഷണങ്ങളിലൂടെയോ തെളിയിക്കാന്‍ പറ്റിയില്ലെങ്കിലും ഉത്തരം രണ്ടു തന്നെയാണ്.
ശാസ്ത്രത്തിന് ഉത്തരം നല്‍കാനാവാത്ത
മേഖലകള്‍

എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ശാസ്ത്രത്തിനാവില്ല. ശാസ്ത്രത്തിന് ‘എന്ത്’, ‘എങ്ങനെ’ എന്നീ ചോദ്യങ്ങള്‍ മാത്രമേ പരിഗണിക്കാനാവൂ. പക്ഷേ, ‘എന്തുകൊണ്ട്’ എന്ന ചോദ്യത്തെ നേരിടുന്നതില്‍ പരാജയപ്പെടുന്നു. ഇവിടെ എന്തിന് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കാര്യങ്ങള്‍ക്ക് പിന്നില്‍ ഒരു ലക്ഷ്യമുണ്ട് എന്നതാണ്. ഭൂമിശാസ്ത്രപരമായ പ്രക്രിയകളിലൂടെയാണ് പര്‍വതങ്ങള്‍ രൂപപ്പെട്ടത് എന്ന വീക്ഷണകോണില്‍ നിന്ന് ശാസ്ത്രത്തിന് ഉത്തരം നല്‍കാന്‍ കഴിയും. എന്നാല്‍ പര്‍വതങ്ങളുടെ രൂപീകരണത്തിനു പിന്നിലെ ഉദ്ദേശ്യം നല്‍കാന്‍ അതിനു കഴിയില്ല.
വ്യക്തിപരമായ
അനുഭവങ്ങളും
ശാസ്ത്രവും

വ്യക്തിപരമായ അനുഭവങ്ങളെ ശാസ്ത്രത്തിന്റെ മാര്‍ഗങ്ങളിലൂടെ അളന്നു തിട്ടപ്പെടുത്താനാവില്ല. ഒരുദാഹരണം വികാരങ്ങളാണ്. ഒരാള്‍ക്ക് വിഷാദം തോന്നുന്നുണ്ടോ എന്ന് നമുക്ക് എങ്ങനെ അറിയാം? നമുക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഡിപ്രഷന്‍ ഡിറ്റക്ടര്‍ ഉണ്ടോ? ഫിസിയോളജിക്കല്‍ ഡാറ്റ ചില ഇന്‍പുട്ട് നല്‍കുന്നുണ്ടെങ്കിലും, സുപ്രധാന വിവരങ്ങള്‍ കിട്ടുന്നത് സൈക്യാട്രിസ്റ്റും രോഗിയും തമ്മിലുള്ള വ്യക്തിപരമായ ഇടപെടലിലാണ്. ഇതിനു സാധാരണയായി ചോദ്യങ്ങള്‍, ഉത്തരങ്ങള്‍, പൂര്‍ത്തിയാക്കിയ ചോദ്യാവലി എന്നിവയാണ് ഉപയോഗിക്കുന്നത്. രോഗിയുടെ ചില ഉത്തരങ്ങള്‍ സൈക്യാട്രിസ്റ്റ് ശരിയാണെന്നു വിശ്വസിക്കണം. തീര്‍ത്തും വ്യക്തിപരമായ രോഗിയുടെ അനുഭവങ്ങളെ അളന്നുനോക്കാനോ കണ്ടെത്താനോ ശാസ്ത്രത്തിനു സാധിക്കുന്നില്ല. ഇവിടെ ഡോക്ടര്‍ക്ക് പരീക്ഷണത്തെ മാത്രം ആശ്രയിക്കാതെ, വിശ്വാസത്തെ കൂടി ആശ്രയിക്കേണ്ടിവരുന്നു.
അറിവിന്റെ മറ്റ്
ഉറവിടങ്ങള്‍

‘സാക്ഷ്യം’ (ടെസ്റ്റിമോണിയല്‍ എവിഡന്‍സ്) പോലുള്ള അറിവിന്റെ മറ്റ് ഉറവിടങ്ങളെ ന്യായീകരിക്കാന്‍ ശാസ്ത്രത്തിനു കഴിയില്ല. എങ്കിലും ഇത് ജ്ഞാനശാസ്ത്രത്തിന്റെ ഒരു ശാഖയായി പരിഗണിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, ലോകം ഒരു ഗോളമാണെന്ന നമ്മില്‍ മിക്കവര്‍ക്കുമുള്ള വിശ്വാസം ഗണിതത്തെയോ ശാസ്ത്രത്തെയോ അടിസ്ഥാനമാക്കിയുള്ളതല്ല. അത് പൂര്‍ണമായും സാക്ഷ്യത്തെ കേന്ദ്രീകരിച്ചുള്ളതാണ്. നിങ്ങളുടെ പ്രതികരണങ്ങളില്‍ ഇനി പറയുന്ന പ്രസ്താവനകള്‍ ഉണ്ടാകാം:
‘ഞാന്‍ ചിത്രങ്ങള്‍ കണ്ടു’, ‘ഞാന്‍ അത് ശാസ്ത്ര പുസ്തകങ്ങളില്‍ വായിച്ചിട്ടുണ്ട്’, ‘എന്റെ എല്ലാ അധ്യാപകരും എന്നോട് പറഞ്ഞു’, ‘എനിക്ക് ഏറ്റവും ഉയര്‍ന്ന പര്‍വതശിഖരത്തില്‍ പോയി ഭൂമിയുടെ വക്രത നിരീക്ഷിക്കാന്‍ കഴിയും’ ഇത്യാദി.
എന്നിരുന്നാലും ബൗദ്ധികമായ സൂക്ഷ്മപരിശോധനയില്‍, നമ്മുടെ എല്ലാ ഉത്തരങ്ങളും സാക്ഷ്യപ്പെടുത്തുന്ന അറിവിനു കീഴിലാണ്. ചിത്രങ്ങള്‍ കണ്ട് ബോധ്യപ്പെടുന്നത് സാക്ഷ്യത്തിലൂടെയുള്ള ബോധ്യപ്പെടലിന്റെ മറ്റൊരു രൂപമാണ്; കാരണം ഇത് ലോകത്തിന്റെ ഒരു ചിത്രമാണെന്ന് പറഞ്ഞ അധികാരിയുടെയോ വ്യക്തിയുടെയോ വാക്കുകള്‍ നിങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്. സയന്‍സ് പാഠപുസ്തകങ്ങളില്‍ നിന്ന് ഈ വസ്തുത പഠിക്കുന്നതും സാക്ഷ്യം അംഗീകരിക്കല്‍ തന്നെയാണ്. കാരണം എഴുത്തുകാര്‍ പറയുന്നത് ശരിയാണെന്ന് നിങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്. നിങ്ങളുടെ അധ്യാപകരെ പരാമര്‍ശിക്കുമ്പോഴും ഇതു ബാധകമാണ്.
ചുരുക്കത്തില്‍, യാഥാര്‍ഥ്യത്തെക്കുറിച്ച് നിഗമനങ്ങളില്‍ എത്തിച്ചേരാനുള്ള ഏക മാര്‍ഗം ശാസ്ത്രീയ രീതിയാണെന്ന വീക്ഷണമായ ശാസ്ത്രവാദം തെറ്റാണ്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ കഴിയാത്ത പരിമിതമായ പഠനരീതിയാണ് ശാസ്ത്രം എന്ന് നമ്മള്‍ മനസ്സിലാക്കി.
‘ശാസ്ത്രം കാര്യക്ഷമമാണ്, അത് ശരിയുമാണ്’
നേരത്തേ പറഞ്ഞുവെച്ച പ്രധാന അനുമാനങ്ങളില്‍ രണ്ടാമത്തേത് ഇതാണ്. എന്നാല്‍ എന്തെങ്കിലും ഒന്ന് ശരിയായി പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍ അത് സത്യമാണെന്നു യുക്തിപരമായി സ്ഥാപിക്കാനാവില്ല. ഇതൊക്കെയാണെങ്കിലും ശാസ്ത്രത്തിന്റെ യുക്തിയെക്കുറിച്ചുള്ള ജനകീയമായ അജ്ഞത, റിച്ചാര്‍ഡ് ഡോക്കിന്‍സിനെപ്പോലുള്ള പോപ്പുലറൈസര്‍മാര്‍ക്ക് തങ്ങളുടെ വാദങ്ങള്‍ പ്രചരിപ്പിക്കാന്‍ സഹായകമാവുന്നു. എന്തെങ്കിലും പ്രവര്‍ത്തിക്കുന്നു എന്നതുകൊണ്ട് അത് സത്യത്തില്‍ സത്യമാണെന്ന് പിന്തുടരുന്നില്ല. ഫ്‌ളോജിസ്റ്റണ്‍ സിദ്ധാന്തം ഈ ആശയം തെളിയിക്കുന്നതിനുള്ള ഉചിതമായ ഉദാഹരണമാണ്.
എല്ലാ ജ്വലനവസ്തുക്കളിലും ഫ്‌ളോജിസ്റ്റണ്‍ എന്ന മൂലകം ഉണ്ടെന്ന് ആദ്യകാല രസതന്ത്രജ്ഞര്‍ ഒരു സിദ്ധാന്തം സ്ഥാപിച്ചു. ഈ സിദ്ധാന്തമനുസരിച്ച്, ഒരു ജ്വലനവസ്തു കത്തിക്കുമ്പോള്‍ അത് ഫ്‌ളോജിസ്റ്റണ്‍ പുറത്തുവിടും. ഒരു പദാര്‍ഥം കൂടുതല്‍ ജ്വലനമാണ്, അതില്‍ കൂടുതല്‍ ഫ്‌ളോജിസ്റ്റണ്‍ അടങ്ങിയിരിക്കുന്നു എന്ന സിദ്ധാന്തം ശാസ്ത്രസമൂഹം ഒരു വസ്തുതയായി അംഗീകരിച്ചു. ഈ സിദ്ധാന്തം വളരെ നന്നായി ശാസ്ത്രവിശകലനങ്ങളില്‍ ഉപയോഗപ്പെടുത്തി, 1772ല്‍ ഡാന്‍ റഥര്‍ ഫോര്‍ഡ് നൈട്രജന്‍ കണ്ടുപിടിക്കാന്‍ ഇത് ഉപയോഗിച്ചു. അതിനെ അദ്ദേഹം അക്കാലത്ത് ‘ഫ്‌ളോജിസ്റ്റിക് എയര്‍’ എന്നു വിളിച്ചു.
പക്ഷേ, ഫ്‌ളോജിസ്റ്റണ്‍ ഒരു തെറ്റായ സിദ്ധാന്തമാണെന്ന് പിന്നീട് കണ്ടെത്തി. ഒരു സിദ്ധാന്തത്തിന് പ്രവര്‍ത്തിക്കാനും പുതിയ ശാസ്ത്രീയ സത്യങ്ങള്‍ സൃഷ്ടിക്കാനും കഴിയുമെന്നും പിന്നീട് തെറ്റാണെന്ന് കണ്ടെത്താമെന്നും കാണിക്കുന്ന നിരവധി ഉദാഹരണങ്ങളില്‍ ഒന്നാണിത്. കാര്യം വ്യക്തമാണ്: എന്തെങ്കിലും പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍ അത് സത്യമാണെന്ന് അര്‍ഥമാക്കുന്നില്ല. അതുപോലെ സുസ്ഥിരമായ ഒരു സിദ്ധാന്തത്തിന്റെ ഉദാഹരണമായി ഡാര്‍വിനിയന്‍ പരിണാമത്തെ എടുക്കുക. മുഖ്യധാരാ മതേതര അക്കാദമിക് വിദഗ്ധരുടെ അഭിപ്രായത്തില്‍, ഇത് അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
അതിന്റെ അടിസ്ഥാന ആശയങ്ങളെക്കുറിച്ചു തന്നെ തര്‍ക്കങ്ങളുണ്ട്. താരതമ്യേന സമീപകാല ഉദാഹരണമാണ് യൂറോപ്പിലെ നിയാണ്ടര്‍താല്‍ തലയോട്ടികളെക്കുറിച്ചുള്ള പഠനം. ഡാര്‍വിനിയന്‍ ജീവശാസ്ത്രജ്ഞര്‍ വാദിച്ചത് നിയാണ്ടര്‍താലുകള്‍ നമ്മുടെ ജീവിവര്‍ഗത്തിന്റെ പൂര്‍വികര്‍ ആയിരുന്നിരിക്കണം എന്നാണ്. പാഠപുസ്തകങ്ങളിലും ഡോക്യുമെന്ററികളിലും മ്യൂസിയങ്ങളിലും ഈ ‘ശാസ്ത്രീയ വസ്തുത’ പഠിപ്പിച്ചു. എന്നാല്‍ 1997ല്‍ ജീവശാസ്ത്രജ്ഞര്‍ ആധുനിക ഡിഎന്‍എ പരിശോധനയുടെ അടിസ്ഥാനത്തില്‍ നിയാണ്ടര്‍താലിന് നമ്മുടെ മുന്‍ഗാമിയാകാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ചു.
ശാസ്ത്രത്തിന്റെ എല്ലാ വശങ്ങളും, എല്ലാ മേഖലകളിലെയും വലിയ സിദ്ധാന്തങ്ങള്‍ സൃഷ്ടിക്കുന്ന ഉപസിദ്ധാന്തങ്ങള്‍ പോലും ഒടുവില്‍ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായേക്കാം. ശാസ്ത്രത്തിന്റെ ചരിത്രം ഈ പ്രവണത നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. അതിനാല്‍ ‘ശാസ്ത്രീയ വസ്തുതകള്‍’ മാറ്റമില്ലാത്തതാണെന്നു പറയുന്നത് കൃത്യമല്ല. അത് അപ്രായോഗികവുമാണ്.
നന്നായി സ്ഥിരീകരിക്കപ്പെട്ട ശാസ്ത്ര സിദ്ധാന്തങ്ങള്‍ അന്തിമമാണെന്ന ആശയം തെറ്റിദ്ധരിപ്പിക്കുന്നതും പ്രായോഗികമല്ലാത്തതും ശാസ്ത്ര പുരോഗതിക്ക് അപകടകരവുമാണ്. ചരിത്രകാരന്മാരും ശാസ്ത്രത്തിലെ തത്വചിന്തകരും അത്തരം വീക്ഷണങ്ങളെ എതിര്‍ക്കുന്നുണ്ട്. ശാസ്ത്രത്തിലെ തത്വചിന്തകരായ ഗില്ലിയന്‍ ബാര്‍കറും ഫിലിപ് കിച്ചറും ഇക്കാര്യം ആണയിടുന്നു: ”ശാസ്ത്രം നിരന്തരം പുനര്‍നിര്‍മിക്കപ്പെടുന്നതാണ്. അതിനാല്‍ ശാസ്ത്രീയമായ സ്ഥിരമായ ‘തെളിവുകള്‍’ ഉണ്ടെന്ന് അവകാശപ്പെടുന്നത് അപകടകരമാണ്.”

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x