22 Sunday
December 2024
2024 December 22
1446 Joumada II 20

എം സി സി അബ്ദുറഹ്മാന്‍ മൗലവി: പാണ്ഡിത്യത്തിന്റെ മനക്കരുത്ത്‌

ഹാറൂന്‍ കക്കാട്‌


കേരള നവോത്ഥാന ചരിത്രത്തിലെ പ്രമുഖ പരിഷ്‌കര്‍ത്താവായിരുന്നു എം സി സി അബ്ദുറഹ്മാന്‍ മൗലവി. കേരളത്തിലെ മദ്‌റസാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും പരപ്പനങ്ങാടിയിലെ ഉമ്മു റാബിയയുടെയും മകനായി 1906ലാണ് മൗലവിയുടെ ജനനം. എം സി സി അഹ്മദ് മൗലവി, എം സി സി ഹസന്‍ മൗലവി എന്നിവര്‍ സഹോദരങ്ങളാണ്. വാഴക്കാട് ദാറുല്‍ ഉലൂം, പുളിക്കല്‍ മദ്‌റസത്തുല്‍ മുനവ്വറ, മണ്ണാര്‍ക്കാട് ദര്‍സ്, ചെമ്മങ്കടവ് ദര്‍സ്, വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത് എന്നിവിടങ്ങളിലായിരുന്നു മൗലവിയുടെ പഠനം. 1935ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അദ്ദേഹം അഫ്ദലുല്‍ ഉലമ ബിരുദവും നേടി.
പിതാവ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചടുലമായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട അബ്ദുറഹ്മാന്‍ മൗലവിയും ദൗത്യനിര്‍വഹണത്തില്‍ നിരതനായി. അധ്യാപന മേഖലയിലും അദ്ദേഹം ചുമതലകള്‍ നിര്‍വഹിച്ചു. കോഴിക്കോട് ജില്ലയിലെ വടകര മനാറുല്‍ ഉലൂം മിഡില്‍ സ്‌കൂളിലാണ് അദ്ദേഹം ആദ്യമായി അധ്യാപകനായി സേവനമനുഷ്ഠിച്ചത്. പിന്നീട് കോഴിക്കോട് മദ്‌റസത്തുല്‍ മുഹമ്മദിയ്യയില്‍ ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ വഹാബിയാണെന്നതിന്റെ പേരില്‍ മൗലവിയെയും സഹാധ്യാപകരായ പി കെ മൂസ മൗലവി, പി പി ഉബൈദുല്ല മൗലവി എന്നിവരെയും സ്‌കൂളില്‍ നിന്നു പിരിച്ചുവിട്ടു.
ഈ സമയം കോഴിക്കോട് കേന്ദ്രമായി മുസ്ലിം ലിറ്ററേച്ചര്‍ സൊസൈറ്റി രൂപീകൃതമായി. ഈ കൂട്ടായ്മക്കു കീഴില്‍ വിശുദ്ധ ഖുര്‍ആന്‍ പരിഭാഷപ്പെടുത്താനുള്ള യജ്ഞങ്ങള്‍ തുടങ്ങി. കെ എം മൗലവിയും പി കെ മൂസ മൗലവിയും എം സി സി അബ്ദുറഹ്മാന്‍ മൗലവിയുമായിരുന്നു പരിഭാഷകര്‍. വിശുദ്ധ ഖുര്‍ആനിന്റെ രണ്ടു ജുസ്ഉകളുടെ പരിഭാഷകള്‍ പുറത്തിറക്കി. സാമ്പത്തിക പ്രയാസങ്ങളെ തുടര്‍ന്ന് പിന്നീട് ഈ സംരംഭം നിലയ്ക്കുകയായിരുന്നു.
പിതാവിന്റെ പാരമ്പര്യമെന്നോണം വാഴക്കാട് ദാറുല്‍ ഉലൂമിനെ നയിക്കാന്‍ മൗലവിക്ക് സൗഭാഗ്യമുണ്ടായി. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ചരിത്രം, അറബി സാഹിത്യം തുടങ്ങിയ വിഷയങ്ങളില്‍ നിപുണതയും ഇംഗ്ലീഷ്, ഉര്‍ദു, മലയാളം ഭാഷകളില്‍ സാമാന്യശേഷിയും സിദ്ധിക്കുന്ന 11 വര്‍ഷക്കാലത്തെ ദാറുല്‍ ഉലൂം സിലബസിനു രൂപം നല്‍കിയത് മൗലവിയാണ്. അദ്ദേഹത്തിന്റെ ശ്രമഫലമായി ദാറുല്‍ ഉലൂമിനെ മദ്രാസ് യൂനിവേഴ്‌സിറ്റി അറബിക് കോളജായി അംഗീകരിച്ചത് വലിയ മുന്നേറ്റത്തിനു നിമിത്തമായി.
പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജിന്റെ തിളക്കമാര്‍ന്ന ചരിത്രം എം സി സി മൗലവിയുടേതു കൂടിയാണ്. കോളജിന്റെ പ്രഥമ പ്രിന്‍സിപ്പലായി നവോത്ഥാന ചരിത്രത്തില്‍ അദ്ദേഹം ഇടം നേടി. പുളിക്കല്‍ കവാകിബുന്നയ്യിറ സംഘത്തിന്റെ ഭാരവാഹികള്‍ മൗലവിയുടെ നേതൃത്വത്തിലാണ് ഈ കോളജ് സ്ഥാപിച്ചത്. കോളജിന് അംഗീകാരം ലഭ്യമാക്കുന്നതിലും മികച്ച സ്ഥാപനമായി വളര്‍ത്തുന്നതിലും അദ്ദേഹം എമ്പാടും ത്യാഗങ്ങള്‍ അനുഷ്ഠിച്ചിട്ടുണ്ട്. അറബിക് കോളജില്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം നല്‍കിയത് മൗലവിയുടെ ശ്രദ്ധേയമായ പരിഷ്‌കരണമായിരുന്നു. കോളജിനോട് അനുബന്ധിച്ച് അനാഥാലയവും ലൈബ്രറിയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചു.
മികച്ച എഴുത്തുകാരനായിരുന്നു മൗലവി. പത്രപ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുന്നതിനായി അദ്ദേഹം കോഴിക്കോട് ഇസ്‌ലാമിയാ കമ്പനി രൂപീകരിച്ചു. മാര്‍ഗദര്‍ശകന്‍ എന്ന പേരില്‍ അദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ ഒരു പ്രസിദ്ധീകരണം പുറത്തിറക്കി. കെ ജെ യു പ്രസിദ്ധീകരിച്ചിരുന്ന അല്‍മുര്‍ശിദ് അറബിമലയാള മാസികയുടെ പ്രചാരണത്തിലും അദ്ദേഹം മുന്‍നിരയില്‍ ഉണ്ടായിരുന്നു. ചന്ദ്രിക, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് പ്രസിദ്ധീകരിച്ചിരുന്ന അല്‍അമീന്‍, പൗരശക്തി തുടങ്ങിയവയിലും അദ്ദേഹം നിരവധി ലേഖനങ്ങളെഴുതി. കോഴിക്കോട് യുവലോകം പബ്ലിഷിങ് കമ്പനിയുടെ പാര്‍ട്ണറായും സേവനമനുഷ്ഠിച്ചു. അല്‍ഖുര്‍ആന്‍ വസ്സുന്നഃ, ചട്ടത്തിനൊരു ചൊട്ട് എന്നിവ മൗലവി എഴുതിയ ഗ്രന്ഥങ്ങളാണ്.
കേരള മുസ്‌ലിം ഐക്യസംഘം പ്രവര്‍ത്തകനായിരുന്നു മൗലവി. 1924ല്‍ അദ്ദേഹം വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ പഠിക്കുന്ന കാലത്താണ് ഐക്യസംഘത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനം ആലുവയില്‍ നടന്നത്. ഈ പരിപാടിയുടെ വിജയകരമായ നടത്തിപ്പില്‍ വലിയ പങ്കുവഹിക്കാന്‍ മൗലവിക്ക് കഴിഞ്ഞു. ഈ സമ്മേളനത്തില്‍ വെച്ചാണ് കേരളത്തിലെ പ്രഥമ പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകൃതമായത്. പില്‍ക്കാലത്ത് കെ ജെ യുവിന്റെ സെക്രട്ടറി സ്ഥാനവും മൗലവിയെ തേടിയെത്തി. സംഘടനയെ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു.
നാദാപുരം, പൂനൂര്‍, കടവത്തൂര്‍, കൊടിയത്തൂര്‍, നെടിയിരുപ്പ്, മുക്കം തുടങ്ങിയ പ്രദേശങ്ങളില്‍ നടന്ന സുന്നി-മുജാഹിദ് വാദപ്രതിവാദങ്ങളില്‍ മൗലവിയുടെ ഭാഗധേയം വലുതായിരുന്നു. 1921ലെ മലബാര്‍ സമരകാലത്ത് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ശക്തനായ പ്രചാരകനായി. കെ എം മൗലവിക്കെതിരെ ബ്രിട്ടീഷുകാര്‍ നടത്തിയ ഹീനമായ കരുനീക്കങ്ങളെ തന്ത്രപരമായി നേരിട്ടത് അബ്ദുറഹ്മാന്‍ മൗലവിയുടെ ഇടപെടലുകളായിരുന്നു.
‘കേരള അറബി പ്രചാരസഭ’ എന്ന പേരില്‍ മൗലവിയുടെ നേതൃത്വത്തില്‍ രൂപീകൃതമായ സംഘം കേരള ഭാഷാചരിത്രത്തില്‍ എന്നും ഓര്‍മിക്കുന്നതാണ്. ഈ ആവശ്യത്തിനായി ഒരു അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കുകയും കോഴിക്കോട് ടൗണ്‍ഹാളില്‍ യോഗം വിളിക്കുകയും ചെയ്തു. പിന്നീട് അറബി ഭാഷാപ്രചാരണത്തിനുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനും നിയമാവലികള്‍ രൂപീകരിക്കാനും വേണ്ടി കമ്മിറ്റിയുടെ ജനറല്‍ബോഡിയുടെ യോഗങ്ങള്‍ അരീക്കോടും പുളിക്കലും തിരൂരങ്ങാടിയിലും പ്രത്യേകമായി ചേര്‍ന്നു. എന്നാല്‍ മൗലവിയുടെ മരണത്തോടുകൂടി അറബി പ്രചാരസഭയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ നിര്‍ജീവമായി.
”ഇളകാത്ത മനക്കരുത്തിന്റെയും നിലയ്ക്കാത്ത കഠിനാധ്വാനത്തിന്റെയും പര്യായമായിരുന്നു എം സി സി അബ്ദുറഹ്മാന്‍ മൗലവി. ഏറ്റെടുക്കുന്ന ബാധ്യതകള്‍ നല്ല നിലയ്ക്ക് നിറവേറ്റാന്‍ അദ്ദേഹം സദാ ഉത്സുകനായിരുന്നു. പ്രശസ്തമായ നിലയില്‍ നടന്നുവരുന്ന മദീനത്തുല്‍ ഉലൂം അറബിക് കോളജിനെക്കുറിച്ചു ചിന്തിച്ചാല്‍ മതി പരേതന്റെ കഴിവുകള്‍ മനസ്സിലാക്കാന്‍. അതിന്റെ ഭരണം നിയന്ത്രിക്കാനും വീണുപോകാതെ നിലനിര്‍ത്താനും പരേതന്‍ ചെയ്ത ശ്രമങ്ങള്‍ വിവരണാതീതമാണ്. ആദര്‍ശസ്ഥിരതയും അഭിപ്രായദാര്‍ഢ്യവും സ്മര്യപുരുഷന്റെ പ്രത്യേകതയായിരുന്നു. എന്ത് ഭീഷണി ഉയര്‍ന്നാലും സാഹചര്യം എത്രതന്നെ പ്രതികൂലമായാലും അതിന് ഇളക്കമില്ല” എന്നാണ് അദ്ദേഹത്തെക്കുറിച്ച് കെ എം മൗലവി ‘എം സി സി സ്മരണിക’യില്‍ എഴുതിയത്.
മുഴുസമയവും മത-സാമൂഹിക-സാംസ്‌കാരികരംഗത്തെ നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച മൗലവിയുടെ ദുഃഖാര്‍ദ്രമായ വിടവാങ്ങല്‍ അദ്ദേഹം ജീവനു തുല്യം സ്‌നേഹിച്ച പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ വെച്ചായിരുന്നു. 1964 ജനുവരി മൂന്നിന് വെള്ളിയാഴ്ച കോളജിന്റെ ഓഫീസ് മുറിയില്‍ ശിഷ്യഗണങ്ങളുടെ മുമ്പില്‍ വെച്ച് മൗലവി നിര്യാതനായി. ഭൗതിക ശരീരം പുളിക്കല്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.

Back to Top