29 Friday
March 2024
2024 March 29
1445 Ramadân 19

‘മതത്തിന്റെ വേലിക്കെട്ടുകള്‍’

സുഫ്‌യാന്‍


ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ കോടഞ്ചേരിയിലെ ഒരു മിശ്രവിവാഹം മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. ഇത്തരം വിവാഹങ്ങള്‍ക്കു ശേഷം, മതത്തിന്റെ വേലിക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞവര്‍ക്ക് അഭിവാദ്യങ്ങള്‍ എന്ന തലക്കെട്ടോടു കൂടി സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പോസ്റ്ററുകള്‍ തലങ്ങും വിലങ്ങും പറക്കാറുണ്ട്. എന്നാല്‍ ഈ വിവാഹത്തില്‍ അതുണ്ടായില്ല. ഇടതുപക്ഷ യുവജന സംഘടനയുടെ മേഖലാ ഭാരവാഹിയായ വരന്‍ മുസ്‌ലിം കുടുംബത്തില്‍ നിന്നുള്ളതും വധു ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നുമാണ്. അതോടെ, ലൗജിഹാദ് സംബന്ധിച്ച പുതിയ ചര്‍ച്ചക്ക് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റിയംഗം ജോര്‍ജ് എം തോമസ് ഉദ്ഘാടനം കുറിച്ചു. ഈ വിവാഹം ലൗജിഹാദാണെന്ന് അഭിപ്രായമില്ലെങ്കിലും കേരളത്തില്‍ അതുണ്ട് എന്നാണ് ആദ്യദിനം പറഞ്ഞത്.
ജോര്‍ജ് എം തോമസിനെ പാര്‍ട്ടി തിരുത്തിയെങ്കിലും അദ്ദേഹം ഉദ്ധരിച്ച പാര്‍ട്ടി രേഖകള്‍ ഇപ്പോഴും അതുപോലെയുണ്ട്. വിദ്യാസമ്പന്നരായ യുവതികളെ മതംമാറ്റുന്നതിനായി ചില ശക്തികള്‍ ശ്രമിക്കുന്നുവെന്നാണ് പാര്‍ട്ടി രേഖ പറയുന്നത്. 2021 സപ്തംബറില്‍ തന്നെ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇക്കാര്യം വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ അന്ന് അതത്ര ചര്‍ച്ചയായില്ല. ലൗജിഹാദ് എന്ന പദം പാര്‍ട്ടി രേഖയില്‍ പറയുന്നില്ലെങ്കിലും സംഘപരിവാര്‍ വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായി ഉദ്ദേശിക്കുന്നതെന്താണോ അതേ കാര്യം ഇടതുപക്ഷത്തിന്റെ താത്വിക ഭാഷയില്‍ പാര്‍ട്ടി രേഖകള്‍ സംസാരിക്കുന്നുണ്ട്.
വംശീയവും ഒരു സമുദായത്തെ ഡീമോറലൈസ് ചെയ്യുന്നതും വംശഹത്യക്ക് മണ്ണൊരുക്കുന്നതുമായ വിദ്വേഷ പ്രചാരണമാണ് ലൗജിഹാദ് എന്ന കെട്ടുകഥ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി, അതിന് തെളിവായി റഫര്‍ ചെയ്യുന്നത് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ആണെന്നതുകൂടി ചേര്‍ത്തുവായിക്കുമ്പോള്‍, പാര്‍ട്ടിരേഖ ലക്ഷ്യം വെക്കുന്ന വര്‍ഗീയ ധ്രുവീകരണം നാക്കുപിഴ അല്ലെന്ന് ബോധ്യപ്പെടും.
ലെഫ്റ്റ് ലിബറല്‍ സ്‌പേസില്‍ നിന്ന് ഇതിനെതിരെ ഉയര്‍ന്ന പ്രധാന വാദം, ഇത് മിശ്രവിവാഹത്തോടുള്ള സമൂഹത്തിന്റെ എതിര്‍പ്പിന്റെ ഭാഗമാണ് എന്നാണ്. യഥാര്‍ഥത്തില്‍, ഇതിലെ പ്രശ്‌നം മിശ്രവിവാഹമാണോ? ഇവിടെ അടിസ്ഥാന പ്രശ്‌നം വംശീയതയും വിദ്വേഷ പ്രചാരണവുമാണ്. മുസ്‌ലിം പുരുഷനെ മുന്‍നിര്‍ത്തിയുള്ള ഇസ്‌ലാമോഫോബിക് ചിന്തയും ഇതിനു പിന്നിലുണ്ട്. ഇങ്ങനെ വിവാഹം കഴിക്കുന്ന മുസ്‌ലിം പുരുഷന്മാരെല്ലാം തീവ്രവാദ റിക്രൂട്ട്‌മെന്റ് നടത്തുകയാണ് എന്നാണ് പ്രചാരണം. ഈ യാഥാര്‍ഥ്യം കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് പല പ്രതികരണങ്ങളും ഉണ്ടാവുന്നത്. ലൗജിഹാദ് ആരോപണത്തിനും ഈ കല്യാണ വിവാദത്തിനും പിന്നിലുള്ള യഥാര്‍ഥ ചേതോവികാരം വംശീയതയാണ്. അതംഗീകരിക്കാനുള്ള മടിയാണ് മിശ്രവിവാഹം എന്ന ഒറ്റബുദ്ധിയില്‍ മാത്രം പ്രശ്‌നത്തെ സമീപിക്കുന്നത്.
മതസംഘടനകളെ സംബന്ധിച്ചേടത്തോളം, പ്രത്യേകിച്ച് മുസ്‌ലിം സംഘടനകള്‍ ഒന്നും തന്നെ നികാഹിന്റെ ശര്‍ത്വുകള്‍ പൂര്‍ത്തിയാകാത്ത വിവാഹങ്ങളെ അംഗീകരിക്കുന്നില്ല. മിശ്രവിവാഹത്തെ അവര്‍ പിന്തുണക്കാറില്ല. അതിനെ പിന്തുണക്കുന്നവര്‍, ഇപ്പോള്‍ മതത്തിന്റെ വേലിക്കെട്ടുകള്‍ എന്ന പ്രയോഗത്തിനുശേഷം, ‘നിബന്ധനകള്‍ക്ക് വിധേയം’ എന്നു കൂടി പരസ്യം ചെയ്യേണ്ട സ്ഥിതിയിലാണ്. വംശീയ മുന്‍വിധികള്‍ അത്ര കണ്ട് പ്രചാരണായുധമാക്കാന്‍ ഇടതുപക്ഷം കൂടി മത്സരിക്കുന്നു എന്നത് ബി ജെ പിക്ക് കനത്ത വെല്ലുവിളിയാണ്!!

5 2 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x