19 Friday
April 2024
2024 April 19
1445 Chawwâl 10

മാത്സര്യമുക്തമാകട്ടെ മതപ്രബോധനം

അബ്ദുല്‍അലി മദനി


ഏതെങ്കിലും ഒരു കാര്യത്തിലേക്ക് വിളിക്കുകയോ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുന്നതിനാണ് ദഅ്‌വത്ത് എന്ന് അറബി ഭാഷയില്‍ പറയുക. എന്നാല്‍, മതപരമായി അത് മനുഷ്യരെ നന്മയിലേക്കു വിളിക്കുന്നതിനും സന്മാര്‍ഗമേതെന്നത് അവരെ അറിയിക്കുന്നതിനും നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നതിനുമാണ് പ്രയോഗിക്കുന്നത്. അല്ലാഹുവിന്റെ ദൗത്യവാഹകരായ പ്രവാചകന്മാരുടെ ജോലിയാണ് അല്ലാഹുവിലേക്കുള്ള ക്ഷണം. മനുഷ്യരില്‍ ഏറ്റവും ശ്രേഷ്ഠരായവര്‍ പ്രവാചകന്മാരാണ്. അല്ലാഹുവിന്ന് ഏറ്റവും ഇഷ്ടപ്പെട്ടവരും അവര്‍ തന്നെ.
എങ്ങനെയാണ് മനുഷ്യര്‍ക്ക് അല്ലാഹുവിന്റെ സന്ദേശങ്ങള്‍ എത്തിക്കേണ്ടതെന്നതിന് നബി(സ)യുടെ ജീവിതചര്യയില്‍ ഒട്ടനവധി മാതൃകകളും പാഠങ്ങളും കാണാനാകും. പ്രവാചകനോടു(സ) കൂടിയാണ് രിസാലത്ത് അവസാനിപ്പിച്ചിട്ടുള്ളത്. ആയതിനാല്‍ പരിപൂര്‍ണ രിസാലത്തും ശരീഅത്തും ഏതാണോ അതിലേക്കാണ് നാം മനുഷ്യരെ വിളിക്കേണ്ടത്. പ്രവാചകന്മാരുടെ ദൗത്യം നിര്‍വഹിക്കാന്‍ അന്ത്യപ്രവാചകനു ശേഷം പണ്ഡിതന്മാരെയും ഇസ്‌ലാമിനെപ്പറ്റി നല്ലവണ്ണം പഠിച്ചവരെയുമാണ് ഉത്തരവാദപ്പെടുത്തിയത്. പ്രവാചകനില്‍ നിന്ന് അനന്തരമായി ലഭിച്ച കടമയെന്ന നിലക്ക് അവരത് നിര്‍വഹിക്കേണ്ടതുമുണ്ട്. ഈ ദൗത്യത്തില്‍ നിന്ന് പിന്മാറാന്‍ പാടില്ല.
മാനവ സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ വെച്ചു നോക്കുമ്പോള്‍ അവരെ തിന്മയില്‍ നിന്ന് കരകയറ്റാന്‍ പ്രാപ്തരായ പ്രബോധകരുടെ ആവശ്യകത ബോധ്യമാകും. മുസ്‌ലിംകളുടെ പരാജയങ്ങളുടെ കാരണം അവര്‍ പ്രമാണങ്ങളില്‍ നിന്ന് അകലുന്നുവെന്നതാണ്. സന്മാര്‍ഗത്തെ കയ്യൊഴിച്ച് വഴികേടിലേക്ക് നീങ്ങുമ്പോള്‍ പരാജയം സുനിശ്ചിതമാണല്ലോ. ആത്മീയമായ പുരോഗതയില്‍ നിന്ന് പുറകോട്ടടിക്കുമ്പോള്‍ നന്മകള്‍ അസ്തമിക്കുന്നു. ഭൗതിക ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളായ നാനാവിധ നേട്ടങ്ങളില്‍ ഭ്രമിച്ചുപോകുന്നു. ഒരു സമുദായമെന്ന നിലക്കു മുസ്‌ലിംകളെ നശിപ്പിക്കാന്‍ ശത്രുക്കള്‍ നോട്ടമിടാന്‍ കാരണവും അതു തന്നെയാണ്. സത്യത്തിന്റെ വഴിയിലേക്ക് മാനവതയെ വഴികാട്ടാന്‍ സത്യപ്രബോധകര്‍ രംഗത്തിറങ്ങിയേ മതിയാകൂ. അല്ലാത്ത പക്ഷം സമൂഹത്തിന്റെ ആത്മീയ സൗഭാഗ്യം നഷ്ടപ്പെടുകയും ആഗ്രഹാഭിലാഷങ്ങള്‍ സഫലീകരിക്കാനാവാതെ കൂമ്പടയുകയും ചെയ്യുമെന്നതില്‍ സംശയിക്കാനില്ല.
അല്ലാഹുവിലേക്ക് മനുഷ്യരെ ക്ഷണിക്കുകയെന്നത് രണ്ടു വിധമാണ്. ഒന്ന് ഓരോ വ്യക്തിയിലും നിര്‍ബന്ധമായത്. ഇത് സാങ്കേതികമായി ഫര്‍ദ്വ് ഐനിന്റെ ഗണത്തില്‍ പെടുന്നു. നന്മ കല്പിക്കുക, തിന്മ വിരോധിക്കുക എന്നത് ഈയിനത്തില്‍ ഉള്‍പ്പെടുന്നതാണ്. അത് ഓരോരുത്തരും നിര്‍വഹിക്കാതിരുന്നാല്‍ അവര്‍ കുറ്റക്കാരാകും. എന്നാല്‍ മതപ്രബോധനത്തിനാവശ്യമായ അറിവ് സമ്പാദിക്കലും ജനങ്ങള്‍ക്ക് ഹലാലും ഹറാമും വേര്‍തിരിച്ചു മനസ്സിലാക്കിക്കൊടുക്കാനാവാശ്യമായ നടപടികള്‍ സ്വീകരിക്കലും സമുദായത്തിന്റെ മേല്‍ മൊത്തം നിര്‍ബന്ധമായ കാര്യമാണ്. ഇതിന്ന് സാങ്കേതികമായി ഫര്‍ദ്വ് കിഫായ എന്നു പറയുന്നു. രണ്ടാമത്തെ ഇനമായ ഇത് ആരും തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ എല്ലാവരും കുറ്റക്കാരാകുമെന്നര്‍ഥം.
കാരണം എല്ലാ ഓരോരുത്തര്‍ക്കും അറിവ് സമ്പാദിക്കുന്നതില്‍ മുഴുകാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. പഠിച്ചവര്‍ നടത്തുന്ന ദൗത്യത്തിന് മറ്റുള്ളവര്‍ സഹായകമായി നിലകൊണ്ടാല്‍ മതിയാകും. അല്ലാഹു പറയുന്നു: ”എന്നാല്‍ അവരിലെ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം പുറപ്പെട്ടുപോയിക്കൂടേ? എങ്കില്‍, (ബാക്കിയുള്ളവര്‍ക്ക് നബിയോടൊപ്പം നിന്ന്) മതകാര്യങ്ങളില്‍ ജ്ഞാനംനേടാനും തങ്ങളുടെ ആളുകള്‍ (യുദ്ധരംഗത്തു നിന്ന്) അവരുടെയടുത്തേക്ക് തിരിച്ചു ചെന്നാല്‍ അവര്‍ക്കു താക്കീതു നല്കുവാനും കഴിയുമല്ലോ.” (വി.ഖു 9:122)
ലോകത്ത് പലരും പലതിലേക്കും പ്രമാണങ്ങളോ അടിസ്ഥാന രേഖകളോ ഇല്ലാതെ മനുഷ്യരെ ക്ഷണിച്ചുകൊണ്ടിരിക്കുന്നു. പ്രമാണങ്ങളുടെ വരികളില്‍ നിന്ന് തെറ്റായ രീതിയില്‍ പലതും മനസ്സിലാക്കി വഴികേടിലാക്കുന്നവരുമുണ്ട്. എന്നാല്‍ ഇസ്‌ലാമിക പ്രബോധനത്തിന് സ്വീകരിക്കേണ്ട പ്രമാണങ്ങള്‍ വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയുമാണ്. ഈ രണ്ട് ഉറവിടങ്ങളില്‍ നിന്ന് നിര്‍ഗളിക്കുന്ന ദാഹജലമാണ് മനുഷ്യര്‍ക്ക് പകര്‍ന്നുനല്‌കേണ്ടത്.
ഏറ്റവും ഉല്‍കൃഷ്ടമായതിലേക്കാണ് വിശുദ്ധ ഖുര്‍ആന്‍ മാര്‍ഗദര്‍ശനം നല്കുന്നത്: ”തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും സദ്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു” (വി.ഖു 17:9). അല്ലാഹുവിന്റെ വചനം; അവന്റെ ആശയം; അവനില്‍ നിന്ന് അവതീര്‍ണം; ക്രോഡീകരണവും അവന്റേതു തന്നെ. ഇതെല്ലാം അതിന് മാറ്റുകൂട്ടുന്ന സവിശേഷതകളാണ്. അല്ലാഹുവിങ്കലേക്കുള്ള ദഅ്‌വത്തിന് വിശുദ്ധ ഖുര്‍ആന്റെ പിന്‍ബലമില്ലാതിരുന്നാല്‍ അതൊരിക്കലും പ്രാമാണികമാവുന്നില്ല.
പ്രവാചകന്‍ തിരുമേനിയുടെ ചര്യയാണ് രണ്ടാമത്തെ പ്രമാണം. നബിതിരുമേനിയുടെ വാക്ക്, പ്രവൃത്തി, അംഗീകാരം, ആഗ്രഹം എന്നിവയില്‍ നിന്ന് വിശ്വസനീയമായി ഉദ്ധരിക്കപ്പെട്ട മാതൃകകള്‍ മാത്രമാണ് തെളിവിന്നായി സ്വീകരിക്കുക. പ്രവാചകത്വത്തിനു മുമ്പുള്ള കാലഘട്ടങ്ങളിലെ നബിതിരുമേനിയുടെ ചര്യകളും സ്വഭാവശീലങ്ങളും സുന്നത്താണോ, അല്ലേ എന്ന വിഷയത്തില്‍ തര്‍ക്കമുണ്ട്. പ്രവാചകത്വത്തിനു മുമ്പുള്ള മാതൃകകളും സാങ്കേതികമായി സുന്നത്തില്‍ പെടുമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ പൊതുവെ സുന്നത്ത് എന്ന് പറയപ്പെടുമ്പോള്‍ പ്രാവചകത്വത്തിനു ശേഷമുള്ള നബിചര്യ എന്നാണുദ്ദേശ്യം. നുബുവ്വത്തിനു മുമ്പും നബി (സ) കാത്തുസൂക്ഷിച്ചിരുന്നത് സദ്ഗുണഭാവങ്ങള്‍ തന്നയായിരുന്നു. അദ്ദേഹം അല്‍അമീന്‍ (വിശ്വസ്തന്‍) എന്നായിരുന്നുവല്ലോ അറിയപ്പെട്ടിരുന്നത്.
വിശുദ്ധ ഖുര്‍ആനിനെ ശരിയായ വിധം അനുധാവനം ചെയ്യുന്ന ഒരാള്‍ക്ക് ലക്ഷ്യം സാക്ഷാല്‍ക്കരിക്കണമെങ്കില്‍ നബിചര്യയും കൂടി നോക്കാതെ കഴിയില്ല. കാരണം, ഖുര്‍ആനിന്റെ അര്‍ഥവും ആശയവും സൂചനകളും ഇസ്‌ലാമിക ശരീഅത്തിന്റെ പൂര്‍ണമായ ഉദ്ദേശ്യവും പ്രവാചകനില്‍ നിന്നാണ് ലഭിക്കുന്നത്. അതിനാല്‍ സുന്നത്തിനെ രണ്ടാം പ്രമാണമെന്ന നിലയില്‍ നാം പിന്തുടരണം.
അല്ലാഹു നമ്മോട് അവന്റെ വഴിയിലേക്ക് ജനങ്ങളെ ക്ഷണിക്കാന്‍ കല്പിച്ചതനുസരിച്ച് അവന്റെ കാരുണ്യം സര്‍വ മനുഷ്യര്‍ക്കും വ്യാപകമായി ലഭിക്കാന്‍ വേണ്ടിയുമാണ് നാം പ്രബോധനം നടത്തുന്നത്. ഈ ബാധ്യത നാം എവിടെയായിരുന്നാലും നിര്‍വഹിച്ചേ മതിയാകൂ. എന്നാല്‍ ഇതൊരു മത്സരക്കളരിയാക്കാവതല്ല. വാശിയും വൈരാഗ്യവും തീര്‍ക്കാനും താന്‍പോരിമ ഉയര്‍ത്തിക്കാട്ടാനുമാകരുത് ദഅ്‌വത്ത്. ശരിയായ ദഅ്‌വത്ത് പൂര്‍ണ മുസ്‌ലിമായി ജീവിച്ചു കാണിക്കല്‍ തന്നെയാണ്.
നമ്മുടെ പ്രബോധനത്തിന്റെ മറ്റൊരു ലക്ഷ്യം മനുഷ്യബുദ്ധികളെ സ്വാധീനിച്ചുള്ള ഉപദ്രവകരങ്ങളായ ആശയങ്ങളെ തുടച്ചുനീക്കുകയും ബുദ്ധികളെ സര്‍വവിധ നാശത്തില്‍ നിന്നും മോചിപ്പിക്കുകയുമാണ്. തന്റേടത്തോടെയും പ്രതീക്ഷയോടെയും ഭൗതികമായ ദുര്‍മോഹങ്ങള്‍ ഒഴിവാക്കി മുസ്‌ലിംകള്‍ അതിന്നായി നിലകൊള്ളുന്നുവെങ്കില്‍ മാത്രമേ ഈ രംഗത്ത് വിജയം വരിക്കാനാവുകയുള്ളൂ. കമ്യൂണിസം, കാപിറ്റലിസം, സോഷ്യലിസം തുടങ്ങിയ ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാണിച്ച് ഇസ്‌ലാമിന്റെ മഹത്വം ബോധ്യപ്പെടുത്തേണ്ടതുണ്ട്.

ഇസ്‌ലാമിക ദഅ്‌വത്തിന്റെ
സവിശേഷത

(ഒന്ന്) ഇസ്‌ലാമിലേക്കുള്ള ക്ഷണം ദൈവീക നിയമങ്ങളിലേക്കുള്ളതാണ്. എക്കാലത്തേക്കും എല്ലായിടത്തും ചേര്‍ന്നത് ആ നിയമങ്ങള്‍ മാത്രമാണ്. അപച്യുതികളെ മുഴുവനും നേരെയാക്കാന്‍ അതുകൊണ്ട് മാത്രമേ സാധ്യമാവൂ.
(രണ്ട്) ഇസ്‌ലാമിക പ്രബോധനം പൗരോഹിത്യത്തിലേക്കോ അതിരുവിട്ട സന്യാസത്തിലേക്കോ മനുഷ്യര്‍ മെനഞ്ഞുണ്ടാക്കിയ ഏതെങ്കിലും സിദ്ധാന്തങ്ങളിലേക്കോ അല്ല. മറിച്ച്, മനുഷ്യപ്രകൃതിക്കനുയോജ്യമായ എല്ലാറ്റിനെയും അതുള്‍ക്കൊള്ളുന്നുണ്ട്. മാനുഷിക ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതുമാണത്. സാമ്പത്തിക ചൂഷണ മാര്‍ഗങ്ങളായ കൈക്കൂലി, പലിശ, പൂഴ്ത്തിവെപ്പ് എന്നിവയില്‍ നിന്നെല്ലാം അതു പരിശുദ്ധമാകുന്നു. രാഷ്ട്രീയ രംഗമാണെങ്കില്‍ കളവോ കാപട്യമോ അനീതിയോ ദ്രോഹമോ വഞ്ചനയോ അതിലില്ല.
(മൂന്ന്) മനുഷ്യര്‍ മുഴുവനും അതിന്റെ നിയമത്തിനു മുന്നില്‍ തുല്യരാകുന്നു. അടിമ/ഉടമയെന്നോ മുതലാളി/തൊഴിലാളി എന്നോ യാതൊരു വ്യത്യാസവും അതിലില്ല. എല്ലാ തട്ടിലുള്ളവര്‍ക്കും ഒന്നിച്ച് ദൈവഭക്തിയുടെ മൈതാനിയില്‍ കിടമത്സരം നടത്താവുന്നതുമാണ്.
ഇസ്‌ലാമിക പ്രബോധനമെന്നത് സത്യവിശ്വാസികളുടെ പക്കല്‍ ഒരമാനത്താണെന്നും പ്രസ്തുത അമാനത്ത് അവര്‍ വീട്ടേണ്ടതുണ്ടെന്നും ഓരോ മുസ്‌ലിമും അറിഞ്ഞിരിക്കണം. അതിന്നായി തെളിവുകള്‍ നിരത്തി ശക്തമായി നിലകൊള്ളാന്‍ എല്ലാവരും തയ്യാറാവണം. ജനങ്ങളില്‍ ആരും ഞങ്ങള്‍ക്ക് ഇസ്‌ലാമിനെക്കുറിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് പരാതി പറയാതിരിക്കാനാണത്.
ദഅ്‌വത്തിന്റെ ആത്മീയ വശം കണക്കിലെടുക്കുമ്പോള്‍ മൂന്ന് പ്രധാന ഘടകങ്ങള്‍ കാണാം. (ഒന്ന്) പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിലൂടെ മനുഷ്യബുദ്ധികളെ കൊണ്ടുപോയി സ്രഷ്ടാവിനെ പറ്റിയും അവന്റെ നിയമങ്ങളെപ്പറ്റിയും തെളിവുകള്‍ ബോധ്യപ്പെടുത്തി സംതൃപ്തരാക്കി അവരെ സന്മാര്‍ഗത്തിലേക്കു ക്ഷണിക്കുക. (രണ്ട്) ചരിത്ര സംഭവങ്ങള്‍ ഓര്‍മിച്ച് അതിലെ ഗുണപാഠങ്ങള്‍ ബോധ്യപ്പെടുത്തുക. ദൈവനിഷേധികള്‍ക്ക് വന്നുചേര്‍ന്ന നാശനഷ്ടങ്ങള്‍, ശിക്ഷകള്‍ എന്നിവ അതിനായി ചൂണ്ടിക്കാട്ടുക. (മൂന്ന്) ദൈവിക ശിക്ഷകളെക്കുറിച്ച് ഭയവും ദൈവാനുഗ്രഹങ്ങളെക്കുറിച്ച് ആഗ്രഹവും പ്രതീക്ഷയും വളര്‍ത്തുക. ഈ മൂന്ന് ആവശ്യങ്ങള്‍ക്കുമായി ഒട്ടേറെ വചനങ്ങള്‍ ഖുര്‍ആനില്‍ നിന്നു തന്നെ ഉദ്ധരിക്കാവുന്നതാണ്. അല്ലാഹുവും റസൂലും അറിയിച്ചിട്ടില്ലാത്ത എന്തെങ്കിലും മെനഞ്ഞുണ്ടാക്കി സ്വന്തം വകയായി പ്രചരിപ്പിക്കേണ്ടതില്ല.
പള്ളികള്‍, ഇസ്‌ലാമിക കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജയിലുകള്‍, സൈനിക കേന്ദ്രങ്ങള്‍, തൊഴില്‍ ശാലകള്‍ തുടങ്ങിയവ ദഅ്‌വത്ത് നടത്താനുള്ള ഇടമായി തെരഞ്ഞെടുക്കാവുന്നതാണ്. ഓരോ സ്ഥലത്തും വ്യത്യസ്ത ശൈലിയും സമീപനവും കൈക്കൊള്ളണമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. വിശന്നു വലഞ്ഞു വയറൊട്ടിയവനോട് തത്വസംഹിതകളുടെ ആഴങ്ങള്‍ ചിന്തിച്ചെടുക്കാന്‍ നിര്‍ബന്ധിക്കുന്നതിലും വലിയ അവിവേകം മറ്റെന്താണ്? മാനവചരിത്രത്തില്‍ മനുഷ്യധര്‍മമെന്തെന്നറിയാതെ മൃഗതുല്യരായി കഴിഞ്ഞുകൂടിയിരുന്ന നൂറ്റാണ്ടില്‍ അഥവാ ഇരുളടഞ്ഞ യുഗത്തില്‍ ദുഷിച്ചുനാറിയ സമൂഹത്തെ വെളിച്ചത്തിലേക്കും സത്യാസത്യ വിവേചനത്തിലേക്കും സന്മാര്‍ഗത്തിലേക്കും കൈപിടിച്ചുയര്‍ത്തി ലോക നേതാക്കളും ജേതാക്കളുമാക്കി മാറ്റിയ ഇസ്‌ലാമിക ശരീഅത്തിനെ കളിയാക്കുന്നവരും തിരുത്തില്‍ വാദികളും മാനവ നാഗരീകതകളില്‍ കഴിഞ്ഞുപോയ ചരിത്രങ്ങള്‍ വായിച്ചെടുത്തവരല്ല. ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ പഠിച്ചെടുക്കാതെയുള്ള ചെപ്പടി വിദ്യകള്‍ കൊണ്ടും വ്യക്തിമഹത്വങ്ങള്‍ പര്‍വതീകരിച്ചുകൊണ്ട് നടത്തുന്ന കോക്കസ് കളികള്‍ കൊണ്ടും വാരിവിതറുന്ന പണക്കൂമ്പാരങ്ങള്‍ കൊണ്ടും മഹത്തായ ദഅ്‌വത്ത് ലക്ഷ്യം കാണണമെന്നില്ല.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x