19 Friday
April 2024
2024 April 19
1445 Chawwâl 10

മതം വിട്ട പയ്യന്‍

സുഫ്‌യാന്‍


ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി എന്ന കലാലയത്തില്‍ 12 വര്‍ഷം പഠിച്ച ഒരു വിദ്യാര്‍ഥി ഇസ്‌ലാം മതം ഉപേക്ഷിച്ച് യുക്തിവാദി സംഘത്തില്‍ ചേര്‍ന്നതു സംബന്ധിച്ച് നിരവധി ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും എതിര്‍പ്പു മുതല്‍, ഇസ്‌ലാമോഫോബിക് സംഘയുക്തിയോടൊപ്പമാണ് ചേര്‍ന്നത് എന്നതുവരെയുള്ള നിരവധി തലങ്ങള്‍ ഈ വിഷയത്തിനുണ്ട്. മതം വിട്ട പയ്യന്‍ കാരണമായി പറഞ്ഞ മിക്ക കാര്യങ്ങളും കാലങ്ങളായി ഇസ്‌ലാമിക വിമര്‍ശകരുടെ ആവനാഴിയില്‍ ഉള്ളതാണ്. പുതുതായി ഒരസ്ത്രവും 12 വര്‍ഷം മതം പഠിച്ച ആളുടെ കൈയിലില്ല എന്നത് സ്വാഭാവികമാണ്. പുതിയതെന്നു തോന്നിപ്പിക്കുന്ന കാര്യങ്ങളാവട്ടെ തന്റെ സ്ഥാപനത്തെക്കുറിച്ചുള്ള വസ്തുതാവിരുദ്ധമായ ആരോപണങ്ങളാണ്. മുസ്‌ലിം ഭീതി പടര്‍ത്തുന്ന ഈ ആരോപണങ്ങളെ യുക്തിവാദി സംഘത്തിലുള്ളവര്‍ തന്നെ തള്ളിക്കളഞ്ഞുവെന്നാണ് അറിയുന്നത്. ഏതായിരുന്നാലും വര്‍ഷങ്ങളോളം ഒരു ഇസ്‌ലാമിക കലാലയത്തില്‍ പഠിച്ച ഒരാള്‍ മതം ഉപേക്ഷിക്കുന്നത് പുതിയ സംഭവമല്ലെങ്കിലും ഹിദായത്ത് അഥവാ സന്മാര്‍ഗം എന്ന കാരുണ്യത്തെക്കുറിച്ച് ഒന്നുകൂടി ചിന്തിക്കാന്‍ ഈ സംഭവം പ്രേരണ നല്‍കുന്നു.
ഹിദായത്ത്
നാം ഒട്ടേറെ തവണ കേട്ട പദമാണെങ്കിലും ഹിദായത്ത് എന്നതിനെ സംബന്ധിച്ച് കുറേക്കൂടി ആഴത്തില്‍ ചിന്തിക്കേണ്ട സന്ദര്‍ഭമാണിത്. ശരിയായ മാര്‍ഗം എന്നാണ് ഭാഷാര്‍ഥം. സന്മാര്‍ഗം ലഭിക്കുക എന്നതും മാര്‍ഗദര്‍ശനം ലഭിച്ചതിനു ശേഷം വഴിതെറ്റിപ്പോകാതിരിക്കുക എന്നതും അല്ലാഹുവിന്റെ കാരുണ്യത്തില്‍ പെട്ടതാണ്. മതവിദ്യാഭ്യാസം കൊണ്ട് മാത്രം ഒരാള്‍ക്ക് ഹിദായത്ത് ലഭിക്കില്ല എന്നതിന്റെ അനുഭവസാക്ഷ്യമാണ് ഈ സംഭവം. മതം ജീവിതത്തില്‍ പ്രകടമാവുന്നത് മതത്തെക്കുറിച്ച് രചിക്കപ്പെട്ട പുസ്തകങ്ങളുടെ വായനയിലൂടെയല്ല എന്നാണ് നാം മനസ്സിലാക്കേണ്ടത്. മതബോധവും മതവിദ്യാഭ്യാസവും രണ്ടാണ്. എഴുത്തും വായനയും അഭ്യസിച്ച ഏതൊരാള്‍ക്കും മതവിദ്യാഭ്യാസം നേടാന്‍ സാധിച്ചേക്കാം. ഇന്ന് ഒരു അധ്യാപകന്റെ പോലും ശിക്ഷണമില്ലാതെത്തന്നെ മത ക്ലാസിക്കുകള്‍ വായിക്കാന്‍ സാധിക്കും. അറബി ഭാഷയിലെ ഒട്ടുമിക്ക ഗ്രന്ഥങ്ങളും പണ്ഡിതന്മാരുടെ ക്ലാസുകളും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. വിവിധ സ്വതന്ത്ര സ്ഥാപനങ്ങള്‍ നടത്തുന്ന ഓണ്‍ലൈന്‍ കോഴ്‌സുകളും സ്റ്റഡി മെറ്റീരിയല്‍സും സൗജന്യമായിത്തന്നെ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. ഇനി, നിഷ്‌കര്‍ഷിക്കുന്ന യോഗ്യത ഉണ്ടെങ്കില്‍, വിവിധ സര്‍വകലാശാലകളിലും മറ്റും ഇസ്‌ലാമിക വൈജ്ഞാനിക ശാസ്ത്രങ്ങളില്‍ പഠനം നടത്താനും അവസരമുണ്ട്. അതുകൊണ്ടുതന്നെ മതം പഠിച്ച പയ്യന്‍ മതം വിട്ടു എന്നത് ഒരു ആശ്ചര്യവും സൃഷ്ടിക്കേണ്ട സംഭവമല്ല.
അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്കാണ് സന്മാര്‍ഗം നല്‍കുകയെന്ന് വ്യക്തമായിത്തന്നെ പറയുന്നുണ്ട് (ഖുര്‍ആന്‍ 16:93). അതിനാല്‍ തന്നെ എല്ലാ മനുഷ്യരോടും സന്മാര്‍ഗം കൈവരിക്കുന്നതിനായി പ്രാര്‍ഥിക്കണമെന്നും അങ്ങനെ തേടുന്നവര്‍ക്ക് അല്ലാഹു സന്മാര്‍ഗം കാണിക്കുമെന്നും ഒരു ഖുദ്‌സിയായ ഹദീസില്‍ പറയുന്നുണ്ട്. അതായത്, നിരന്തരം ചോദിക്കുകയും ഓര്‍മ പുതുക്കുകയും ചെയ്യേണ്ട ഒന്നാണ് ഹിദായത്ത്. മുസ്‌ലിംകളായ മാതാപിതാക്കള്‍ക്ക് ജനിച്ചു എന്നതുകൊണ്ട് മാത്രം ലഭ്യമാവുന്ന ഒന്നല്ല അത്. അവന്റെ കാരുണ്യത്തില്‍ വെച്ചേറ്റവും മൂല്യമേറിയത് ഹിദായത്തിനാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x