മതാചാരങ്ങളും പ്രാമാണികതയും
ഇസ്‌ലാമിലെ കര്‍മാനുഷ്ഠാനങ്ങള്‍ കേവലം ചടങ്ങുകളോ ആചാരങ്ങളോ അല്ല. ആരാധന എന്ന നിലയിലാണ് കര്‍മങ്ങളെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. എല്ലാ കര്‍മങ്ങളിലും പ്രാര്‍ഥന പ്രധാന ഘടകമായി ഉള്ളടങ്ങിയിട്ടുണ്ടാകും. അവ നിര്‍വഹിക്കുന്നതിന് കൃത്യമായ സമയം, രൂപം, പരിധി, ക്രമം തുടങ്ങിയവ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ ആരാധനയിലും ഉണ്ടായിരിക്കേണ്ട പ്രാര്‍ഥനകള്‍, അതിന്റെ വിവിധ രൂപത്തിലുള്ള വചനങ്ങള്‍, പ്രസ്തുത കര്‍മം നിര്‍വഹിക്കാനുള്ള മുന്നുപാധികള്‍, നിര്‍വഹിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍, കര്‍മത്തിന്റെ പൂര്‍ത്തീകരണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവ പ്രവാചകന്‍(സ) വഴി നമുക്ക് പഠിപ്പിച്ചുതന്നിട്ടുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്‍ബലമില്ലാത്ത ഏത് ആരാധനാ കര്‍മവും നൂതനാചാരമായാണ് പരിഗണിക്കപ്പെടുക. നൂതനാചാരങ്ങള്‍ പ്രവാചകചര്യക്ക് വിരുദ്ധമാണ്.
ജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങളില്‍ നാം പുലര്‍ത്തേണ്ട കര്‍മാനുഷ്ഠാനങ്ങളുണ്ട്. ഒരു വ്യക്തിയുടെ ജനനം, മരണം, വിവാഹം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ പ്രത്യേകമായി തന്നെ അനുഷ്ഠാന രീതികള്‍ മതം പഠിപ്പിക്കുന്നുണ്ട്. അതോടൊപ്പം, ഓരോരുത്തരും ദൈനംദിന ജീവിതത്തില്‍ പുലര്‍ത്തേണ്ട ഇസ്‌ലാമിക മര്യാദകളും പെരുമാറ്റ രീതികളുമുണ്ട്. ഇങ്ങനെ പരിശോധിച്ചാല്‍ ജീവിതത്തിന്റെ സൂക്ഷ്മതലത്തില്‍ വരെ ഇടപെടുന്ന ഒരു മതം എന്ന നിലയില്‍ ഇസ്‌ലാമിനെ കാണാനാവും. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ സൗന്ദര്യമാണിത്. ഇസ്‌ലാമിക സംസ്‌കാരം ലോകത്ത് പടര്‍ന്ന് പന്തലിക്കുകയും നൂറ്റാണ്ടുകളായി അത് തനിമയോടെ നിലനില്‍ക്കുന്നതും ചെയ്യുന്നത് ഈ സൂക്ഷ്മതല സ്വഭാവം മൂലമാണ്. മതത്തിലെ ആചാരങ്ങള്‍ ഓരോ കാലത്തും രൂപപ്പെട്ടതല്ല. ആചാരങ്ങളുടെ പദവിയും രൂപവും ക്രമവും നിശ്ചയിച്ചത് പ്രമാണങ്ങളാണ്.
അനുഷ്ഠാനങ്ങളുടെ പദവി നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റാനാവില്ല. സുന്നത്തായ ഒരു നമസ്‌കാരം എല്ലാവരും നിര്‍വഹിക്കുന്നു എന്ന് കരുതി അതിനെ നിര്‍ബന്ധ നമസ്‌കാരമാക്കാനാവില്ല. ഉദാഹരണത്തിന്, ഒരു നാട്ടിലെ പള്ളിയില്‍ എല്ലാവരും റമദാനില്‍ തഹജ്ജുദ് നിര്‍വഹിക്കുന്നവരാണ്. അതുകൊണ്ട് തഹജ്ജുദ് ഒരു നിര്‍ബന്ധ അനുഷ്ഠാനമായി മനസ്സിലാക്കാനോ കരുതാനോ പാടുള്ളതല്ല. കര്‍മങ്ങളുടെ പദവി എല്ലാ കാലത്തും ഒരേ പോലെയാണ്. പ്രത്യേകമായി പരാമര്‍ശിക്കപ്പെട്ട സന്ദര്‍ഭങ്ങളില്‍ മാത്രമേ പദവിയില്‍ മാറ്റം വരൂ. യാത്രക്കാരന് ജുമുഅ നമസ്‌കാരം നിര്‍ബന്ധമല്ലാത്തതുപോലെ. ഒരു കര്‍മത്തിന്റെ പദവിയും അതിന് മാറ്റം വരുന്ന സന്ദര്‍ഭവും പ്രമാണങ്ങളില്‍ പറഞ്ഞിട്ടുണ്ടാകും. നിര്‍വഹിക്കുന്നവരുടെ ഇഷ്ടവും സൗകര്യവും ഇവിടെ പരിഗണനാര്‍ഹമല്ല.
മതത്തിലെ കര്‍മാനുഷ്ഠാനങ്ങളൊന്നും തന്നെ വിശ്വാസികള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയാത്തതോ മനുഷ്യസാധ്യമല്ലാത്തതോ അല്ല. സ്രഷ്ടാവായ രക്ഷിതാവ് വളരെ സൂക്ഷ്മമായാണ് അതിനെ പ്രവാചകന്മാരിലൂടെ അവതരിപ്പിച്ചു തന്നിട്ടുള്ളത്. മനുഷ്യപ്രകൃതിക്ക് വിരുദ്ധമായ ഒരു ആചാരരീതി ഇസ്‌ലാമില്‍ കാണാനാവില്ല. ബ്രഹ്മചര്യവും സന്യാസവും ഇസ്‌ലാം അനുവദിക്കാത്തത് അതുകൊണ്ടാണ്. ഒരു കര്‍മം ഇസ്‌ലാമിക സംസ്‌കാരത്തില്‍ അനുധാവനം ചെയ്യേണ്ട കാര്യമാവുകയും അത് അനുഷ്ഠിക്കുമ്പോള്‍ മനുഷ്യരാശിക്ക് അപകടം ഉണ്ടാവുകയും ചെയ്യുന്ന സ്ഥിതി അചിന്തനീയമാണ്. ലോകാവസാനം വരെയുള്ള മനുഷ്യരാശിക്ക് യാതൊരു പോറലുമേല്‍ക്കാത്ത വിധത്തിലാണ് കര്‍മാനുഷ്ഠാനങ്ങള്‍ വിന്യസിച്ചിട്ടുള്ളത്.
ഈയൊരു സാംസ്‌കാരിക സൗന്ദര്യത്തിന്റെ പരിസരത്തു നിന്ന് മനുഷ്യജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങളിലെ ഇസ്‌ലാമിക ശാസനകളെ കാണുമ്പോള്‍ അതിന്റെ മഹത്വം നാം തിരിച്ചറിയുന്നു. ജനനം, മരണം, വിവാഹം എന്നിവയടക്കമുള്ള എല്ലാ ദൈനംദിന സാമൂഹിക-വൈയക്തിക കാര്യങ്ങളിലും വിശ്വാസി പുലര്‍ത്തേണ്ട ഇസ്‌ലാമിക സംസ്‌കൃതി പ്രമാണങ്ങള്‍ക്ക് അനുസരിച്ചാവണം. ഏത് കാര്യവും അടിസ്ഥാനപരമായി അനുവദനീയമാണ് എന്ന മതവിധി പുതിയ ആചാരങ്ങള്‍ക്കോ അനുഷ്ഠാന ക്രമീകരണങ്ങള്‍ക്കോ കൂട്ടിച്ചേര്‍ക്കലുകള്‍ക്കോ വെട്ടിമാറ്റലുകള്‍ക്കോ ഉള്ള അനുവാദമല്ല. മതാനുഷ്ഠാനങ്ങള്‍ എന്ന നിലയ്ക്കല്ലാത്ത ജീവിത വ്യവഹാരങ്ങളില്‍, പ്രാമാണിക ശാസനകള്‍ക്ക് വിരുദ്ധമല്ലാത്ത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താമെന്നാണ് അതിന്റെ വിവക്ഷ.
മതപ്രബോധനാര്‍ഥം ആധുനിക സംഘടനകള്‍ ഉണ്ടാക്കുന്നതും വിദ്യാഭ്യാസ പ്രക്രിയക്കു വേണ്ടി ആധുനിക ബോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും ഇതുകൊണ്ടാണ്. അതേസമയം, നമസ്‌കാരത്തിന്റെ രൂപത്തിലോ മറ്റോ പുതിയ കൂട്ടിച്ചേര്‍ക്കലുകളും വെട്ടിമാറ്റലുകളും സ്വീകരിക്കാന്‍ കഴിയില്ല. ആധുനിക സമൂഹത്തിന്റെ വളര്‍ച്ചയും പുതിയ ആശയങ്ങളുടെ കടന്നുകയറ്റവും കാരണത്താല്‍ നവീകരിക്കപ്പെടേണ്ട ഒന്നായി ഇസ്‌ലാം ആരാധനകളെയോ കര്‍മാനുഷ്ഠാനങ്ങളെയോ കാണുന്നില്ല. അതിനു പുറമെയുള്ള ജീവിത വ്യവഹാര മേഖലകളോട് ക്രിയാത്മകമായി സംവദിക്കാനും പ്രമാണങ്ങള്‍ക്ക് വിരുദ്ധമാകാത്ത വിധം അതിന് ഇടം നല്‍കാനും മതജീവിതം തടസ്സം നില്‍ക്കുന്നുമില്ല. പുതിയ ചിന്താപദ്ധതികളുടെ ആധിക്യമുണ്ടാകുന്ന ഈ കാലത്ത്, കര്‍മ-ആചാര-അനുഷ്ഠാനങ്ങള്‍ പ്രമാണബന്ധിതമാണോ എന്ന അന്വേഷണമാണ് പ്രാഥമികമായി ഉണ്ടാവേണ്ടത്.