മതനിഷേധമാകുന്ന മത സ്വാതന്ത്ര്യ നിയമങ്ങള്‍
ഡോ. പോളി മാത്യു മുരിക്കന്‍

നമ്മുടെ രാജ്യത്ത് പല സംസ്ഥാനങ്ങളും മതസ്വാതന്ത്ര്യത്തിനും മതപരിവര്‍ത്തനത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയമങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അവസാനമായി കര്‍ണാടകയും ഇത്തരമൊരു നീക്കവുമായി മുന്നോട്ടു പോകുന്നു.
ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെയും മിഷനറിമാരുടെയും കണക്കെടുപ്പിന് തയാറായിരിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതപരിവര്‍ത്തനം ആരോപിച്ച് മിഷണറിമാരെയും ക്രിസ്ത്യാനികളെയും ക്രൈസ്തവ സ്ഥാപനങ്ങളെയും വേട്ടയാടുന്ന പ്രതിഭാസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഒരു മതത്തെ മാത്രം ലക്ഷ്യംവെച്ചുകൊണ്ട് ഇത്തരം സമീപനം സ്വീകരിക്കുന്നത് നീതീകരിക്കാനാകുമോ എന്നതാണ് ഉയര്‍ന്നുവരുന്ന ചോദ്യം.
മതേതരത്വത്തിന്റെ
അന്തഃസത്ത
ഇന്ത്യന്‍ ഭരണഘടനയുടെ 25-ാം അനുച്ഛേദം ഓരോ വ്യക്തിക്കും ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തില്‍ പരമപ്രധാനമാണ് മതം തെരഞ്ഞെടുക്കുവാനുള്ള ഒരുവന്റെ അവകാശം. തെരഞ്ഞെടുത്ത മതത്തില്‍ വിശ്വസിക്കുന്നതിനും അതിലെ പ്രബോധനങ്ങള്‍ പ്രഘോഷിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും ഒരുവന് അവകാശമുണ്ട്.
മതം വിശ്വാസസംബന്ധമാണ്. അതില്‍ വ്യക്തികള്‍ക്കും സമുദായങ്ങള്‍ക്കും പ്രത്യേകം സ്ഥാനമുണ്ട്. ലക്ഷ്മീന്ദ്രതീര്‍ഥ സ്വാമിയാര്‍ കേസില്‍ സുപ്രീംകോടതി 1954-ല്‍ ഇപ്രകാരമാണ് അഭിപ്രായപ്പെട്ടത്. മതവുമായി നേരിട്ട് ബന്ധമുള്ള പ്രത്യക്ഷ കാര്യങ്ങളില്‍ രാഷ്ട്രത്തിന് ഇടപെടുവാനാവില്ല. എന്നാല്‍ അനുബന്ധ കാര്യങ്ങളില്‍ അനുവദനീയമായ രീതിയില്‍ ഇടപെടാം. ഇതാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിസ്ഥാന പ്രമാണം.
ചരിത്രം
ഒറീസാ സംസ്ഥാനമായിരുന്നു മതപരിവര്‍ത്തനം തടയുന്നതിനായി 1967-ല്‍ ആദ്യമായി മതസ്വാതന്ത്ര്യ നിയമം കൊണ്ടുവന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ നിയമം കുറ്റകരമാക്കി. പരപ്രേരണയാലോ തെറ്റായ മാര്‍ഗങ്ങളിലൂടെയോ നടത്തുന്ന മതപരിവര്‍ത്തനങ്ങളും വിലക്കപ്പെട്ടു. ഒരു വര്‍ഷം തടവും അയ്യായിരം രൂപ പിഴയും ശിക്ഷയായി പ്രതിപാദിക്കപ്പെട്ടു. തുടര്‍ന്ന് 1968-ല്‍ മധ്യപ്രദേശും സമാനരീതിയില്‍ നിയമനിര്‍മാണം നടത്തി.
ഒറീസ നിയമം യൂലിത ഹായ്‌ഡേ കേസില്‍ ചോദ്യം ചെയ്യപ്പെട്ടു. നിയമനിര്‍മാണ അധികാരപരിധിയുടെ ലംഘനവും ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന്റെ നിഷേധവുമാണ് നിയമം എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി അത് റദ്ദാക്കി. മതപ്രചരണവും മതപരിവര്‍ത്തനവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ഓര്‍മിപ്പിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാണിച്ചത് മതസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യഘടകമാണ് മതപരിവര്‍ത്തനത്തിനുള്ള അവകാശം എന്നതായിരുന്നു. ക്രിസ്തുമതത്തിന്റെ ഭാഗമാണ് മതപരിവര്‍ത്തനം എന്നുള്ളതും അംഗീകരിക്കപ്പെട്ടു. എന്നാല്‍ മധ്യപ്രദേശ് നിയമം റവ. സ്റ്റാനിസ്ലാവോസ് കേസില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ മധ്യപ്രദേശ് ഹൈക്കോടതി വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. പിന്നീട് സുപ്രീംകോടതി 1977-ല്‍ റവ. സ്റ്റാനിസ്ലാവോസ് കേസില്‍ മതസ്വാതന്ത്ര്യനിയമങ്ങള്‍ ശരിവയ്ക്കുകയാണുണ്ടായത്.
മതസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തില്‍ മതപരിവര്‍ത്തനം ഉള്‍പ്പെടുന്നില്ലെന്ന സുപ്രീംകോടതിയുടെ കണ്ടെത്തല്‍ വ്യത്യസ്ത കാരണങ്ങളാല്‍ പുനരവലോകനം ചെയ്യേണ്ടിയിരിക്കുന്നു.
സ്വതന്ത്രമായ മതപ്രചരണം
മതപരിവര്‍ത്തനങ്ങളെല്ലാം നിര്‍ബന്ധിതമാണ്, അതല്ലെങ്കില്‍ ബാഹ്യപ്രേരണമൂലമാണ് എന്നുള്ള തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തില്‍ രൂപംകൊണ്ടവയാണ് മതസ്വാതന്ത്ര്യ നിയമങ്ങള്‍.
ഏവര്‍ക്കുമുള്ള അവകാശം
മതപ്രചാരണാവകാശം ആരുടെയും അവകാശങ്ങള്‍ ഇല്ലാതാക്കുന്നില്ല, നിഷേധിക്കുന്നില്ല. എല്ലാവരിലും തുല്യമായി ഇത് നിക്ഷിപ്തമാക്കുകയാണ് ചെയ്യുന്നത്. വ്യക്തികള്‍ക്ക് സ്വന്തം ഇഷ്ടമനുസരിച്ച് മതം തെരഞ്ഞെടുക്കുവാനുള്ള അവകാശം സ്വകാര്യതയുടെ ഭാഗമാണ്. സ്വകാര്യതാവകാശം മൗലികാവകാശമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു പുട്ടസ്വാമി കേസിലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ 2017-ലെ ചരിത്രപരമായ വിധിയിലൂടെ. ഈ വിധിയുടെ അടിസ്ഥാനത്തിലാവണം മതസ്വാതന്ത്ര്യത്തിന്റെ വ്യാപ്തിയും മതസ്വാതന്ത്ര്യനിയമങ്ങളുടെ സാധുതയും വിലയിരുത്തുവാന്‍.
പുതിയ രൂപഭാവങ്ങള്‍
ഇന്ത്യയിലെ പത്തോളം സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനത്തെ നിര്‍ബന്ധിതമെന്ന മേല്‍വിലാസത്തില്‍ വിലക്കുന്ന മതസ്വാതന്ത്ര്യനിയമം നിലവിലുണ്ട്. ഒടുവിലായി ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് മാതൃകയില്‍ ഗുജറാത്ത് സംസ്ഥാനവും അതിന്റെ 2003-ലെ മതസ്വാതന്ത്ര്യനിയമം ഭേദഗതി ചെയ്ത് നിരോധിക്കുന്ന മതപരിവര്‍ത്തന കുറ്റകൃത്യങ്ങളുടെ വ്യാപ്തി വര്‍ധിപ്പിച്ചു.
മെച്ചപ്പെട്ട ജീവിതനിലവാരവും ആത്മീയ അനുഗ്രഹങ്ങളും ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തുന്ന മതപരിവര്‍ത്തനങ്ങളെ വിലക്കുന്നതോടൊപ്പം വിവാഹത്തിനായി സ്ത്രീകളെ നിര്‍ബന്ധിപ്പിച്ച് മതംമാറ്റം നടത്തുന്നതും നിയമവിരുദ്ധമാക്കി. അഞ്ചുവര്‍ഷം തടവും പിഴയും ശിക്ഷയായി പ്രതിപാദിച്ചിരിക്കുന്നു. മതപരിവര്‍ത്തനം നടത്തുന്ന സംഘടനകളെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതോടൊപ്പം നിര്‍ബന്ധിത മതപരിവര്‍ത്തനമല്ല എന്നു തെളിയിക്കേണ്ടതായ ബാധ്യതയും കുറ്റാരോപിതനില്‍ തന്നെ ചുമത്തപ്പെട്ടിരിക്കുന്നു.
കുറ്റാരോപിതന്‍ തന്നെ കുറ്റം ചെയ്തില്ലെന്നു തെളിയിക്കേണ്ടതായി വരുന്ന അവസ്ഥ വളരെ അസാധാരണവും സാമാന്യനീതി തത്വങ്ങളുടെ ലംഘനവുമാണ്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തെ മതംമാറ്റത്തിന് വിധേയമാക്കുന്നത് കൂടുതല്‍ ഗൗരവമേറിയ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു.
മനഃസാക്ഷിക്കനുസൃതം
വിശ്വാസത്തിലൂന്നിയ മനഃസാക്ഷിക്കനുസൃതമായ വ്യക്തിയുടെ സ്വതന്ത്ര തീരുമാനമാണ് മതം മാറ്റം. അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടിയുടെ 18-ാം അനുഛേദം വിശ്വാസ, മത സ്വാതന്ത്ര്യങ്ങളില്‍ മതം മാറുവാനുള്ള സ്വാതന്ത്ര്യവും വ്യക്തികള്‍ക്ക് ഉണ്ടെന്ന് വ്യക്തമാക്കുന്നു.
മതം മാറ്റം തെളിയിക്കപ്പെടേണ്ടതായ വസ്തുതയാണ്. ലോ കമ്മീഷന്‍ ഓഫ് ഇന്ത്യ 2010 ഡിസംബറില്‍ സമര്‍പ്പിച്ച 235-ാം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതുപോലെ രേഖകളില്‍ കൂടി മാത്രമല്ല അത് തെളിയിക്കുവാനാകുന്നത്. മതപരിവര്‍ത്തനത്തിന് വിധേയനായ വ്യക്തിയുടെ ഉദ്ദേശ്യവും തുടര്‍ന്നുള്ള പെരുമാറ്റസമീപനവും നിര്‍ണായകമാവുമെന്നാണ് പെരുമാള്‍ നാടാര്‍ കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയത്.
വിശ്വസ്തതയോടെയുള്ള
സമീപനം
വിശ്വാസകാര്യങ്ങള്‍ വിശ്വസ്തതയോടെ കാണുന്ന, നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്ന ഭരണകൂടമാണ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഉണ്ടാകേണ്ടത്. വിശ്വാസസ്വാതന്ത്ര്യത്തിന് അനഭിലഷണീയമായ വിലക്കുകളും മുന്നറിയിപ്പുകളും നല്‍കുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല. വ്യക്തികള്‍ സ്വതന്ത്രരാണ്.
അവരുടെ സ്വാതന്ത്ര്യം മാനിക്കണം. വ്യക്തിസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും അമൂല്യവും വിശ്വാസിയുടെ വ്യക്തിവികാസത്തിനും അന്തസാര്‍ന്ന ജീവിതത്തിനും അനിവാര്യവുമാണ്. അതിന് മൂക്കുകയറും കൂച്ചുവിലങ്ങും കൈയ്യാമവും അനുവദനീയമല്ല. അത് എല്ലായ്‌പ്പോഴും ആദരിക്കപ്പെടണം. .
