3 Tuesday
December 2024
2024 December 3
1446 Joumada II 1

മാസപ്പിറവി: റുഅ്‌യത്ത് നഗ്നനേത്രം കൊണ്ടുമാത്രമോ?

മന്‍സൂറലി ചെമ്മാട്‌


ഗവേഷണാത്മകമായ ഒരു നിലപാടില്‍ പരിഷ്‌കരണങ്ങള്‍ക്കും തിരുത്തലുകള്‍ക്കുമുള്ള സാധ്യത പാടേ നിഷേധിച്ചുകൊണ്ട് രംഗത്തുവന്നവരുടെ പ്രചോദനം കേവലം സംഘടനാ സങ്കുചിതത്വം മാത്രമാണ്. കൃത്യമായ കണക്കനുസരിച്ച് രൂപപ്പെടുത്തിയ കലണ്ടറുകളില്‍ നിന്ന് ലഭ്യമാവുന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ചക്രവാളത്തില്‍ ചന്ദ്രസാന്നിധ്യമുണ്ടെന്ന ഉറപ്പില്‍ മാസനിര്‍ണയമാവാം എന്ന നിലപാടിന് അവലംബിച്ച അതേ ഇജ്തിഹാദില്‍ തന്നെയാണ്, നാലര പതിറ്റാണ്ട് മുമ്പ് ബാലചന്ദ്രന്‍ ചക്രവാളത്തിലില്ലാത്ത ദിനങ്ങളില്‍ മുന്‍കൂട്ടി കലണ്ടര്‍ അനുസരിച്ച് മാസം പ്രഖ്യാപിക്കുന്നതിനും മൂന്നു മാസങ്ങളൊഴികെ മറ്റെല്ലാ മാസങ്ങളും കലണ്ടര്‍ അനുസരിച്ചാവാമെന്നതിനുമുള്ള തീരുമാനം ആര്‍ജവത്തോടെ മുജാഹിദുകള്‍ എടുത്തത്.
കണക്കിനെ പരിഗണിക്കാത്ത പുരോഹിതന്മാര്‍ വാഴുന്നിടത്ത് കണക്കിനെ ഉയര്‍ത്തിക്കാട്ടി സമൂഹത്തെ പ്രബുദ്ധരാക്കാന്‍ ഇറങ്ങിത്തിരിച്ച ഹിലാല്‍ കമ്മിറ്റി അന്ന് കാണിച്ച അതേ ചങ്കൂറ്റവും നട്ടെല്ലും സദുദ്ദേശ്യവും തന്നെയാണീ ചുവടുവെപ്പിന്റെ പ്രചോദനവും. അങ്ങനെയൊരു തീരുമാനമെടുക്കാനുള്ള പ്രബുദ്ധതയും കെട്ടുറപ്പും നെഞ്ചുറപ്പും തങ്ങളുടെ സംഘടനയ്ക്കില്ല എന്നതുകൊണ്ട് മാത്രം ഇതരരെ പരിഹസിക്കാതിരിക്കുന്നതാണ് പക്വത എന്നു വിമര്‍ശകര്‍ ഓര്‍ക്കുന്നത് നന്ന്. ഗവേഷണാത്മകമായ ഒരു നിലപാടില്‍ പരിഷ്‌കരണങ്ങള്‍ക്കും തിരുത്തലുകള്‍ക്കുമുള്ള സാധ്യത പാടെ നിഷേധിക്കുന്നത് വിനയായേക്കുമെന്ന് മനസ്സിലാക്കുക.
മാസാവസാനം 29-ന് നബി(സ)യും സ്വഹാബത്തും മാനത്ത് പരതിയത് പിറവി സംഭവിച്ചിട്ടുണ്ടോ എന്നറിയാനായിരുന്നു. മേഘം മൂടിയോ അല്ലാതെയോ ഹിലാല്‍ കാണാത്ത സാഹചര്യത്തില്‍ പിറവി സംഭവിച്ചിട്ടില്ല എന്ന നിഗമനത്തിലായിരുന്നു അവര്‍ 30 പൂര്‍ത്തിയാക്കിയിരുന്നത്. നമ്മളോ? 29-ന് അര മണിക്കൂറോളം ചക്രവാളത്തില്‍ ശവ്വാലിന്റെ കല ഉണ്ടെന്ന ഉറപ്പോടെ, അതൊന്ന് കണ്ണു കൊണ്ട് കാണുക എന്ന ചടങ്ങിനായി മാനത്ത് പരതുന്നു. കാണാതെ വന്നപ്പോള്‍ ശവ്വാല്‍ പിറന്നിട്ടുണ്ട്, പക്ഷേ അത്രയും നേരം ചക്രവാളത്തില്‍ ഉണ്ടായിരുന്നുവെന്ന് ഉറപ്പുള്ള ആ കല കണ്ടില്ല എന്ന കാരണം പറഞ്ഞ് ശവ്വാലിന്റെ ഒന്നാം ദിവസം നോമ്പെടുക്കുക എന്ന തെറ്റിന് ആളുകളെ പ്രേരിപ്പിക്കുന്നു. ഇത് രണ്ടും ഒന്നാവുമോ, എന്തിന്, നബി(സ)യുടെ കാലത്തുണ്ടായിരുന്ന ‘യൗമു ശക്ക്’ ഇന്ന് ഉണ്ടോയെന്ന് വിമര്‍ശകര്‍ ചിന്തിക്കുന്നത് നന്നാവും.
പുതിയ ചിന്തയോ?
ഹിലാല്‍ പിറവി സങ്കല്‍പത്തിന് സ്വീകരിക്കേണ്ട ഈ നിലപാട് പുതുതായുണ്ടായ ഒരു ചിന്തയല്ല. ഹിലാല്‍ കമ്മിറ്റിയുടെ രൂപീകരണ കാലം തൊട്ടേ ഈ ആശയവും പണ്ഡിതന്മാര്‍ക്കിടയില്‍ സജീവമായിരുന്നു. രണ്ടു വീക്ഷണങ്ങളില്‍ നിന്നും അക്കാലത്തെ സാമൂഹിക പശ്ചാത്തലത്തില്‍ താരതമ്യേന സുരക്ഷിതവും സുഗ്രാഹ്യമായതും എന്ന നിലയ്ക്കാണ് അതിലൊന്ന് സ്വീകരിച്ചത്. ഹിലാല്‍ കമ്മിറ്റിയുടെ ഭാരവാഹികളായ ചില പ്രമുഖര്‍ പോലും വ്യക്തിപരമായി ഈ ആശയത്തെ പിന്തുണക്കുന്നവരായിരുന്നു. 22 വര്‍ഷം മുമ്പ് ഈ കുറിപ്പുകാരന്‍ ശബാബില്‍ ഒരു ലേഖനമെഴുതിയിരുന്നു. അതില്‍ ഉന്നയിച്ച ചില കാര്യങ്ങള്‍ അനുബന്ധമായി ഇവിടെ ചേര്‍ക്കുന്നു.
”…നബി(സ)യുടെ ജനനത്തിനു മുമ്പ് സംഭവിച്ച ആനക്കലഹത്തെ കുറിച്ച് ഖുര്‍ആനില്‍ അല്ലാഹു നബിയോട് ചോദിക്കുന്നത് ‘നീ കണ്ടില്ലേ’ എന്നാണ്. നബി(സ) ആനക്കലഹം കണ്ണുകൊണ്ട് കണ്ടിരുന്നോ? ‘ഞാന്‍ എപ്രകാരം നമസ്‌കരിക്കുന്നതായി നിങ്ങള്‍ കണ്ടുവോ, അപ്രകാരം നിങ്ങള്‍ നമസ്‌കരിക്കുക’ എന്ന നബിവചനം നബി(സ)യുടെ നമസ്‌കാരം കണ്ണു കൊണ്ട് കണ്ടവര്‍ക്ക് മാത്രമാണോ ബാധകമാവുക? സൂറഃ യൂസുഫിലെ നാലാം വചനത്തിലെ ‘റഅയ്തു’ എന്ന പദത്തിന്റെ അര്‍ഥം കണ്ണുകൊണ്ടുള്ള കാഴ്ച തന്നെയാണോ? ‘നിങ്ങളിലാരെങ്കിലും ആ മാസത്തിന് സാക്ഷ്യം വഹിച്ചാല്‍ അവന്‍ നോമ്പനുഷ്ഠിക്കട്ടെ’ എന്ന് ഖുര്‍ആന്‍ പറയുന്നു. സാക്ഷ്യത്തിന്റെ മാനദണ്ഡം കണ്ണുകൊണ്ടുള്ള കാഴ്ച മാത്രമാണോ? അല്ലാഹുവിന്റെ ഉണ്മയെ കുറിച്ച് സാക്ഷ്യം വഹിക്കുന്ന നാം ഒരിക്കലും അങ്ങനെ വാദിക്കില്ലല്ലോ. മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ, അതായത് ആകാശഭൂമികളെ സൃഷ്ടിച്ചപ്പോള്‍ തന്നെ വേര്‍തിരിച്ച് നിശ്ചയിക്കപ്പെട്ടതെന്ന് ഖുര്‍ആന്‍(9:36) വിശേഷിപ്പിക്കുന്ന മാസങ്ങള്‍ മനുഷ്യന്റെ കാഴ്ചയെ അടിസ്ഥാനമാക്കിയാണ് മാറുന്നതെന്ന് എങ്ങനെ പറയും? സൂറഃ ഹജ്ജ് 27-ാം സൂക്തമനുസരിച്ച്, ഒട്ടകപ്പുറത്തും കാല്‍നടയായും മാത്രമേ ഹജ്ജിന് പോകാവൂ എന്ന് (നേരെ അര്‍ഥം നല്‍കി) വാദിക്കാമോ? ഒരു കെട്ടിടം പോലെയും ശരീരം പോലെയുമെന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട സമുദായത്തിലെ അംഗങ്ങളുടെ സാക്ഷ്യം മാസനിര്‍ണയ മാനദണ്ഡമായി പഠിപ്പിക്കപ്പെടുമ്പോള്‍, നാം മാസനിര്‍ണയത്തെ പ്രാദേശികമാക്കി സങ്കുചിതമാക്കുന്നത് എപ്രകാരം ന്യായീകരിക്കും? ഒരാളുടെ സാക്ഷ്യം ഉദയമേഖലയ്ക്കുമപ്പുറത്ത് പിറകെ വരുന്ന ഓരോ പ്രദേശങ്ങള്‍ക്കും ബാധകമാക്കാന്‍ എന്താണ് തടസ്സം…?”(ശബാബ് വാരിക, 2000 മാര്‍ച്ച് 17).
മുജാഹിദുകള്‍ക്കിടയില്‍ ആദ്യ പിളര്‍പ്പ് ഉണ്ടാവുന്നതിനും മുമ്പാണീ ലേഖനം പ്രസിദ്ധീകൃതമാവുന്നത്. അതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ നിരവധി ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വിഷയീഭവിച്ചിട്ടുള്ള നിലപാടാണ് പിറവി ബോധ്യമാവാന്‍ കണ്ണു കൊണ്ടുള്ള കാഴ്ചയ്ക്ക് പകരം കൃത്യമായ അറിവ് മതി എന്നത്. വിശുദ്ധ ഖുര്‍ആനില്‍ തന്നെ ‘റആ’ എന്ന പദം വിവിധ അര്‍ഥങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ടെന്നതും, കണ്ണു കൊണ്ട് കാണുക എന്ന മാര്‍ഗം പഠിപ്പിക്കുമ്പോള്‍ തന്നെ തങ്ങളുടെ നിരക്ഷരതയും കണക്കിലും എഴുത്തിലുമുള്ള അറിവില്ലായ്മയും ചേര്‍ത്തുപറയുന്നുവെന്നതും ഈ വീക്ഷണത്തിനു പിന്‍ബലമേകുന്നു.
ശവ്വാല്‍ ഒന്നിനല്ലേ പെരുന്നാള്‍
ആഘോഷിക്കേണ്ടത്?

ശവ്വാല്‍ പിറയുടെ പ്രഖ്യാപനത്തോടൊപ്പം, പെരുന്നാളിന്റെ സാമൂഹിക മാനം പരിഗണിച്ച് ജനങ്ങളോടൊപ്പം ആകാവുന്നതാണെന്ന നിര്‍ദേശം സാഹചര്യം പരിഗണിച്ചുള്ള നന്മയുള്ള തീരുമാനമാണ്. ആരൊക്കെ പരിഹസിച്ചാലും അതിന്റെ നന്മയും സാധുതയും ഇല്ലാതാവില്ല. ഗവേഷണാത്മകവും ആപേക്ഷികവും അനുവദനീയവുമായ ആ നിലപാടിനെ സദ്വിചാരം ഉള്‍ക്കൊണ്ട മനസ്സുകള്‍ അതിന്റേതായ അര്‍ഥത്തില്‍ ഏറ്റെടുത്തിട്ടുണ്ടെന്നത് കഴിഞ്ഞ ഈദ് ദിനങ്ങള്‍ തെളിയിച്ചതാണ്.
പിറവി കാണാത്തതിനാല്‍ റമദാന്‍ മുപ്പതിലേക്ക് പ്രവേശിക്കുകയും അതിനിടെ നേരത്തേ പിറവി ഉണ്ടായിരുന്നുവെന്ന് ബോധ്യമായപ്പോള്‍ നോമ്പ് മുറിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്ത പ്രവാചകന്‍ പിറ്റേ ദിവസമായിരുന്നല്ലോ ഈദാഘോഷിക്കാന്‍ തെരഞ്ഞെടുത്തത്. പ്രത്യേക ന്യായമുണ്ടെങ്കില്‍ അങ്ങനെയുമാവാം എന്നുകൂടി ഇതില്‍ നിന്ന് മനസ്സിലാക്കാം. ഈദ് ദിവസം നോമ്പനുഷ്ഠിക്കുന്നതിലും റമദാനില്‍ അകാരണമായി നോമ്പ് ഉപേക്ഷിക്കുന്നതിലുമുള്ള ഗൗരവം അവഗണിച്ച് ശവ്വാല്‍ 2-ന് ജനങ്ങള്‍ക്കൊപ്പം ഈദ് ആഘോഷിക്കാനുള്ള അനുമതിയെ മതപരമായി അസാധുവായി ചിത്രീകരിക്കാന്‍ ഗവേഷണം നടത്തുന്നത് ഏതായാലും സദുദ്ദേശ്യപരമല്ലല്ലോ.
പ്രസ്ഥാന ചരിത്രത്തില്‍ നിന്നൊരു സംഭവം. പതിറ്റാണ്ടുകള്‍ക്കു മുമ്പ്, ഇസ്വ്ലാഹി പ്രസ്ഥാനം ഇന്നത്തെ രീതിയില്‍ സംസ്ഥാനത്ത് പൊതുവില്‍ വളര്‍ച്ച നേടിയിട്ടില്ലാത്ത കാലത്ത്, താരതമ്യേന പ്രസ്ഥാനത്തിന് അല്‍പമൊക്കെ ശക്തിയുള്ള തിരൂരങ്ങാടിയില്‍ ഒരു സംഭവമുണ്ടായി. മാസം കണ്ടതായി പറഞ്ഞ് യാഥാസ്ഥിതികര്‍ ഈദുല്‍ ഫിത്വ്ര്‍ പ്രഖ്യാപിച്ചു. മുജാഹിദുകള്‍ക്കന്ന് റമദാന്‍ 30 ആണ്. അന്ന് നോമ്പ് ഉപേക്ഷിച്ച് സമൂഹത്തിനൊപ്പം ഈദ് ആഘോഷിക്കാനും അന്നത്തെ നോമ്പ് പിന്നീട് നോറ്റു വീട്ടാനും ഇസ്വ്ലാഹീ പണ്ഡിതനും നവോത്ഥാന നായകനുമായ സി എ മുഹമ്മദ് മൗലവി ആഹ്വാനം ചെയ്യുകയും തറമ്മല്‍ ജുമാമസ്ജിദില്‍ ഈദ് നമസ്‌കാരം സംഘടിപ്പിക്കുകയും ചെയ്തു. ഇതും പ്രസ്ഥാനത്തിന്റെ പാരമ്പര്യമാണ്. സംഘടന പില്‍ക്കാലത്ത് കൂടുതല്‍ പ്രബലമാവുകയും സ്വന്തമായ മഹല്ലുകളും സ്ഥാപനങ്ങളും ഓരോ പ്രദേശങ്ങളിലും യാഥാര്‍ഥ്യമാവുകയും ചെയ്തപ്പോള്‍ ഒറ്റയ്ക്ക് ആര്‍ജവത്തോടെ ശരിയായ ദിവസങ്ങളില്‍ നോമ്പും പെരുന്നാളും ആചരിക്കാന്‍ മുജാഹിദുകള്‍ക്ക് കഴിഞ്ഞു. ദൗര്‍ഭാഗ്യവശാല്‍ പില്‍ക്കാലത്ത് സംഘടനാ കെട്ടുറപ്പിന് പരിക്കേല്‍ക്കുകയും മുജാഹിദുകള്‍ വിവിധ വിഭാഗങ്ങളാവുകയും ചെയ്ത സാഹചര്യമുണ്ടായി. ഇത്തരം സന്ദര്‍ഭങ്ങളില്‍ വീണ്ടും പരിമിതികള്‍ അഭിമുഖീകരിക്കേണ്ടിവന്നു എന്നതൊരു സത്യമാണ്.

ഹിജ്‌റ കമ്മിറ്റിയുടെ
വാദങ്ങള്‍

വിവാഹാലോചനയ്ക്ക് എത്തിയ ബ്രോക്കര്‍ തന്റെ ശമ്പളമെത്രയാണെന്ന് ചോദിച്ചപ്പോള്‍, എനിക്കും സദറുസ്താദിനും കൂടി മൂവായിരം രൂപ എന്ന് പറഞ്ഞ ഒരു മുസ്‌ല്യാരെ കുറിച്ചൊരു കുട്ടിക്കഥയുണ്ടായിരുന്നു പണ്ട്. സത്യത്തില്‍ തന്റെ നിസ്സാരമായ ശമ്പളം പറഞ്ഞാല്‍ കല്യാണം മുടങ്ങുമെന്നു പേടിച്ച് സദറിന്റെ ശമ്പളമായ 2500 കൂടി ചേര്‍ത്തുപറഞ്ഞതായിരുന്നു മൂപ്പര്.
മാസപ്പിറവി വിഷയത്തില്‍ ഹിജ്‌റ കമ്മിറ്റിയുടെ വക്താക്കള്‍ എഴുതി വിടുന്ന ഓരോ കുറിപ്പിലും ഇതേ അപകര്‍ഷബോധവും മുഖം രക്ഷിക്കലുമൊക്കെ മുഴച്ചുനില്‍ക്കുന്നുണ്ട്. മര്‍കസുദ്ദഅ്‌വയെ തങ്ങളോട് ചേര്‍ത്തു പറഞ്ഞ് മൈലേജ് ഉണ്ടാക്കുകയാണ് പുതിയ രീതി. അല്ലാഹുവിന്റെ റസൂല്‍ പഠിപ്പിച്ച മാസമാറ്റ മാനദണ്ഡങ്ങള്‍ തലകീഴായി മറിച്ചും മുസ്‌ലിം സമൂഹത്തിനു മേല്‍ ജൂതായിസം ആരോപിച്ചും ഭിന്നിപ്പിന്റെ വിഷബാധകള്‍ കൊണ്ട് വിശേഷ ദിവസങ്ങളെ മലിനമാക്കാന്‍ ശ്രമിച്ചും മുസ്‌ലിം ലോകത്തിന് അപരിചിതമായ വാദങ്ങളും നെറികേടുകളുമായി രംഗത്തുവരുകയും അല്ലാഹുവിന്റെ നിയമമാണെന്നു പറഞ്ഞ് അടിക്കടി വാദങ്ങള്‍ മാറ്റിപ്പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ കൂട്ടര്‍ സ്വാഭാവികമായും ചെന്നിടത്തു നിന്നെല്ലാം നിരാകരിക്കപ്പെട്ടു. ബന്ധപ്പെടാവുന്ന മുസ്‌ലിം കേന്ദ്രങ്ങളിലെല്ലാം മുട്ടിവിളിച്ചിട്ടും ആരും തങ്ങളെ സ്വീകരിക്കാനോ അംഗീകരിക്കാനോ തയ്യാറാവാത്ത രണ്ടര പതിറ്റാണ്ടിന്റെ നിരാശയെ മറച്ചുപിടിക്കാനാണ് ഇപ്പോള്‍ മര്‍കസുദ്ദഅ്വയെ തങ്ങളോട് ചേര്‍ത്തൊട്ടിച്ചുള്ള ഈ പ്രചാരണം.
ഹിജ്‌റ കമ്മിറ്റിയുടെ നൂതന വാദത്തിന്റെ ഒരംശം പോലും ഏറ്റെടുത്തിട്ടില്ലെന്നും അവരുടെ വിതണ്ഡവാദങ്ങളെ പ്രമാണബദ്ധമായി പൊളിച്ചടുക്കാന്‍ സജ്ജരായി മര്‍കസുദ്ദഅ്‌വ ഇന്നും രംഗത്തുണ്ടെന്നും ആര്‍ക്കാണ് അറിയാത്തത്? ഇസ്‌ലാമിന്റെ മാനദണ്ഡപ്രകാരം സുഊദിയില്‍ പ്രഖ്യാപിക്കപ്പെടുന്ന നോമ്പും പെരുന്നാളും ഇതുപോലെത്തന്നെ എപ്പോഴെങ്കിലും മണിക്ഫാന്റെ മാനദണ്ഡപ്രകാരമുള്ള നോമ്പും പെരുന്നാളിനോട് യാദൃച്ഛികമായി ഒത്തുവന്നാല്‍, സൗദി ഇതാ ഞങ്ങളെ അംഗീകരിച്ചിരിക്കുന്നേ എന്ന ആര്‍പ്പുവിളികള്‍ മുമ്പ് പലപ്പോഴും കേട്ടിട്ടുള്ള മുജാഹിദുകള്‍ക്ക് ഈ ഊറ്റംപറച്ചിലും പടക്കം പൊട്ടിക്കലും ഹിജ്‌റക്കാരുടെ സ്വയം ആശ്വാസം കണ്ടെത്താനുള്ള സഹതാപാര്‍ഹമായ പ്രകടനങ്ങളായേ കാണാനാവൂ.
”നിങ്ങള്‍ അതിനെ കണ്ടാല്‍ നോമ്പ് നോല്‍ക്കുക, അതിനെ കണ്ടാല്‍ നോമ്പ് അവസാനിപ്പിക്കുക” എന്നും ”നിങ്ങള്‍ ഹിലാലിനെ കാണാതെ നോമ്പ് നോല്‍ക്കരുത്. അത് കാണാതെ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യരുത്” എന്നുമൊക്കെയുള്ള മാസനിര്‍ണയ മാനദണ്ഡത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഹദീസുകളില്‍ ‘അത്’ എന്ന് പ്രവാചകന്‍ വിശേഷിപ്പിച്ചത് ഹിലാലിനെയാണെന്നതില്‍ ഒരു തര്‍ക്കവും ലോക മുസ്‌ലിംകള്‍ക്കിടയിലില്ല. ഈ കുറിപ്പില്‍ പരാമര്‍ശിച്ച ഹിജ്‌രി അല്ലാത്ത മൂന്നു നിലപാടുകളും ഇതേ ഹിലാലിനെ മാനദണ്ഡമാക്കിക്കൊണ്ടുള്ളതാണ്. ആ ഹിലാലിന്റെ പിറവി ബോധ്യപ്പെടാന്‍ വ്യത്യസ്ത രീതികള്‍ അവലംബിക്കുന്നുവെന്നത് മാത്രമാണ് അതിലെ വിയോജിപ്പുകളുടെ അടിസ്ഥാനം. ഒരു കൂട്ടര്‍ കണക്കിനെ തീരെ പരിഗണിക്കാതെ എല്ലാ മാസവും കാണണമെന്ന വീക്ഷണവും, ഒമ്പത് മാസങ്ങള്‍ കണക്കനുസരിച്ചും മൂന്ന് മാസങ്ങള്‍ കാഴ്ചയനുസരിച്ചും ഉറപ്പിക്കാമെന്ന ഒരു വീക്ഷണവും, മുഴുവന്‍ മാസങ്ങളും ഉറപ്പിക്കാന്‍ കണക്ക് തന്നെ അവലംബിച്ചാല്‍ മതി എന്ന മറ്റൊരു വീക്ഷണവുമാണവ. സ്വാഭാവികമായും മതപരമായ ഗവേഷണാത്മക നിലപാട് എന്ന ആനുകൂല്യം ഈ മൂന്നു വീക്ഷണങ്ങള്‍ക്കുമുണ്ട്. ഓരോ വീക്ഷണക്കാരും അവരവരുടെ വീക്ഷണങ്ങളുടെ അന്യൂനതയും പ്രാമാണികതയും പ്രായോഗികതയും സമര്‍ഥിക്കാനും മറ്റുള്ളവയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടാനും ശ്രമിക്കുന്നതും സ്വാഭാവികം തന്നെ.
എന്നാല്‍ പ്രവാചകന്‍ പഠിപ്പിച്ച ഹിലാല്‍ എന്ന മാനദണ്ഡം അട്ടിമറിച്ച് പകരം മിഹാഖ് (ന്യൂമൂണ്‍) ആയി നിശ്ചയിക്കുകയും പ്രമാണങ്ങള്‍ ദുര്‍വ്യാഖ്യാനിക്കുകയും പരിശുദ്ധ ഹജ്ജ് കര്‍മത്തോടനുബന്ധിച്ച് സമാന്തര അറഫ സംഘടിപ്പിക്കുക പോലുള്ള ലോക മുസ്‌ലിംകള്‍ക്കിടയില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത നെറികേടുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ഹിജ്‌റ കമ്മിറ്റിയുടെ വാദങ്ങളും നിലപാടും ഒരിക്കലും ഇജ്തിഹാദിന്റെ പരിധിയില്‍ പോലും വരുന്നതല്ല.
പ്രവാചകന്റെ മാസനിര്‍ണയ മാനദണ്ഡവും ഹിജ്‌റക്കാരുടെ മാനദണ്ഡവും രണ്ടാണെന്നു മനസ്സിലാക്കാന്‍ ഒരു ഉദാഹരണം പറയാം: ഹിജ്റ 10-ാം വര്‍ഷം ദുല്‍ഹിജ്ജ 9 (ക്രി.ശേ. 632 മാര്‍ച്ച് 6) വെള്ളിയാഴ്ചയായിരുന്നു നബി(സ)യുടെ പ്രസിദ്ധമായ അറഫ എന്നു തെളിയിക്കുന്ന മൂന്നു ഹദീസുകള്‍ ഇമാം ബുഖാരി 45, 4604, 7268 നമ്പറുകളിലായി ഉദ്ധരിച്ചിട്ടുണ്ട്. മുസ്ലിം പണ്ഡിതന്‍മാര്‍ നിരാക്ഷേപമായി അംഗീകരിച്ച വിഷയമാണിത്. എന്നാല്‍ ഹിജ്‌റ കമ്മിറ്റി ഉയര്‍ത്തിക്കാണിക്കുന്ന കലണ്ടര്‍ അനുസരിച്ചാണെങ്കില്‍ ഏത് ദിവസമായിരിക്കും ആ വര്‍ഷത്തെ ദുല്‍ഹജ്ജ് 9 എന്ന് പരിശോധിക്കുക. ക്രി. 632 ഫെബ്രുവരി 25 ചൊവ്വാഴ്ച രാത്രിയാണ് ന്യൂമൂണ്‍ അഥവാ കറുത്ത വാവ്. ഹിജ്‌റ കമ്മിറ്റിയുടെ കലണ്ടര്‍ അനുസരിച്ച് ഫെബ്രുവരി 26 ബുധനാഴ്ച ദുല്‍ഹജ്ജ് ഒന്നാവണം. അപ്പോള്‍ ദുല്‍ഹജ്ജ് 9 വ്യാഴാഴ്ചയാവണം. പക്ഷേ നബി(സ) അറഫയില്‍ സമ്മേളിച്ചത് വെള്ളിയാഴ്ചയായിരുന്നല്ലോ. പ്രവാചകന്‍ ദുല്‍ഹജ്ജ് 9 ആയി പ്രഖ്യാപിച്ച ദിനമല്ല ഹിജ്‌റ കമ്മിറ്റി കണക്കാക്കുന്ന ദുല്‍ഹജ്ജ് 9 എന്നതുതന്നെ മതിയല്ലോ, പ്രവാചകന്‍ പഠിപ്പിച്ച പോലെ ഹിലാല്‍ മാനദണ്ഡമാക്കുന്ന മര്‍കസുദ്ദഅ്‌വയും മണിക്ഫാന്‍ പഠിപ്പിച്ചത് അനുസരിച്ച് മിഹാഖ് മാനദണ്ഡമാക്കുന്ന ഹിജ്‌റ കമ്മിറ്റിയും സഞ്ചരിക്കുന്നത് ഒരേ വഴിയിലല്ല എന്നു മനസ്സിലാക്കാന്‍.
ഹിജ്‌റ കമ്മിറ്റിയുടെ മാനദണ്ഡത്തിലെ വൈകല്യവും വൈരുധ്യവും ഇത്തവണത്തെ ഈദുല്‍ ഫിത്വ്‌റിന്റെ കാര്യമെടുത്താല്‍ തന്നെ ബോധ്യമാകും. സൂര്യാസ്തമയ സമയത്ത് ചക്രവാളത്തില്‍ ഹിലാലിന്റെ സാന്നിധ്യം നോക്കിയായിരുന്നു പ്രവാചകന്‍ മാസം നിര്‍ണയിച്ചിരുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 30-ന് മഗ്രിബിന് നമ്മുടെ ചക്രവാളത്തില്‍ ഹിലാലിന്റെ സാന്നിധ്യമില്ലെന്നു മാത്രമല്ല, ആ മഗ്രിബിനു മുമ്പോ എന്തിന്, നമ്മള്‍ മെയ് ഒന്നിലേക്ക് പ്രവേശിക്കുന്നതിനു മുമ്പോ ന്യൂമൂണ്‍ പോലും സംഭവിക്കുന്നില്ല. മെയ് ഒന്നിലേക്ക് പ്രവേശിക്കുമ്പോള്‍ പോലും സംഭവിക്കാത്ത ന്യൂമൂണിന്റെ പേരിലാണ് ഹിജ്‌റക്കാര്‍ മെയ് ഒന്നിന് ഈദ് ആഘോഷിച്ചത്. അതിലേക്കാണ് ഇപ്പോള്‍ ഇവര്‍ മര്‍കസുദ്ദഅ്‌വയെ ക്ഷണിക്കുന്നത്. എന്നിട്ട് റമദാനില്‍ അവര്‍ക്കൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ തയ്യാറാവാത്തതിനാണിപ്പോള്‍, നോമ്പ് ആരംഭത്തിന്റെ പേരില്‍ മര്‍കസുദ്ദഅ്‌വയെ ഉയര്‍ത്തിപ്പിടിച്ച് വാല്‍സല്യം പ്രകടിപ്പിച്ച ഹിജ്‌റക്കാര്‍ മര്‍കസുദ്ദഅ്‌വയെ ആക്രമിക്കുന്നത്. അതേസമയം തന്നെ മര്‍കസുദ്ദഅ്‌വയുടെ നിലപാടിനെ കൊച്ചാക്കാന്‍, അവര്‍ ഹിജ്‌റയുമായി ഒട്ടാന്‍ പോവുകയാണെന്ന് പാടിനടന്ന് രസിക്കുകയാണ് വേറെ ചിലര്‍. അവരും സംഘടനാപരമായ അസഹിഷ്ണുത വെടിഞ്ഞ് വിഷയത്തിന്റെ മര്‍മം പഠിക്കട്ടെ എന്നേ പറയാനുള്ളൂ.

Back to Top