മരം നടുന്നത് പുണ്യമാണ്
എം ടി അബ്ദുല്‍ഗഫൂര്‍
അനസുബ്‌നു മാലിക്(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു. ”ഒരു മുസ്‌ലിം ഒരു ചെടി നടുകയോ ഒരു കൃഷി ചെയ്യുകയോ ചെയ്ത് അതില്‍നിന്നും പക്ഷികളോ മനുഷ്യനോ മൃഗങ്ങളോ ഭക്ഷിക്കുന്നുവെങ്കില്‍ അത് അവന് ഒരു ദാനമാകാതിരിക്കില്ല” (ബുഖാരി)
ഇസ്‌ലാം പ്രകൃതി മതമാണ്. പ്രകൃതിയെ ചേര്‍ത്തുപിടിച്ചും പരിസ്ഥിതിയെ സംരക്ഷിച്ചുംകൊണ്ടുള്ള നിലപാടുകളാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. തരിശുനിലങ്ങളെ കൃഷിയോഗ്യമാക്കണമെന്നും ജീവന്റെ തുടിപ്പായ ജലം മലിനമാക്കരുതെന്നും യുദ്ധത്തില്‍പോലും വൃക്ഷങ്ങള്‍ നശിപ്പിക്കരുതെന്നുമുള്ള അനുശാസനങ്ങള്‍ ഇസ്‌ലാമിന്റെ പരിസ്ഥിതി സംരക്ഷണ നിലപാടുകളെ ശരിവെക്കുന്നതാണ്.
മരം നടുകയും വളര്‍ത്തുകയും ചെയ്യുന്നതിന്റെ പുണ്യം വിവരിക്കുകയാണ് ഈ തിരുവചനത്തില്‍. മരണശേഷവും ഒരാള്‍ക്ക് പ്രതിഫലം ലഭിക്കുന്ന ഒരു പുണ്യപ്രവൃത്തിയായി ഇതിനെ കണക്കാക്കാം. ഒരാള്‍ ഒരു മരം നടുകയോ കൃഷി ചെയ്യുകയോ ചെയ്താല്‍ യാത്രാക്ഷീണമുള്ള ഒരാള്‍ ആ മരത്തണലില്‍ വിശ്രമിക്കുന്നതും ആ മരത്തിലെയോ കൃഷിയിലെയോ വിഭവങ്ങള്‍ ഉപയോഗിക്കുന്നതും കൃഷി ചെയ്ത വ്യക്തിക്ക് പ്രതിഫലാര്‍ഹമായ പുണ്യപ്രവൃത്തിയായിത്തീരുന്നു. ഏതെങ്കിലും പക്ഷികളോ മൃഗങ്ങളോ അതിന്റെ കായ്കനികള്‍ ഭക്ഷിച്ചാല്‍പോലും കര്‍ഷകന്റെ കണക്കുപുസ്തകത്തില്‍ അത് ഒരു ദാനമായി രേഖപ്പെടുത്തുമെന്ന് ഈ തിരുവചനം നമുക്ക് സന്ദേശം നല്‍കുന്നു.
കൃഷി ചെയ്യുന്നതിന്റെയും മരം നടുന്നതിന്റെയും നന്മകള്‍ കര്‍ഷകനില്‍ മാത്രം ഒതുങ്ങുന്നതല്ല. നാടിനും നാട്ടുകാര്‍ക്കും അതിന്റെ പ്രയോജനം ലഭിക്കുന്നു. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വ്യാപാരവും ഭക്ഷ്യോല്‍പാദനവും സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ഉപകരിക്കുന്നു. ഏതൊരു സമൂഹത്തിന്റെയും അടിസ്ഥാന വികസനം കൃഷിയിലൂടെയാണല്ലോ. ഭക്ഷ്യവിഭവങ്ങളുടെ ഉല്‍പാദനവും വളര്‍ച്ചയും സമൂഹത്തിന്റെ നിലനില്‍പിന് അത്യന്താപേക്ഷിതമത്രെ. ഇസ്‌ലാം കൃഷിക്ക് നല്‍കുന്ന പ്രേരണയും പ്രോത്സാഹനവും മനുഷ്യ സമൂഹത്തിന്റെയും മറ്റ് ജന്തുജാലങ്ങളുടെയും സുഭിക്ഷിത ഉറപ്പുവരുത്തുന്നു.
ഭൂമിയിലെ ജീവന്റെ നിലനില്‍പിന് വളരെ പ്രധാനപ്പെട്ട പങ്കാണ് സസ്യങ്ങള്‍ നിര്‍വഹിക്കുന്നത്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ ആഗിരണം ചെയ്യുക പ്രാണവായുവായ ഓക്‌സിജനെ പുറത്തേക്ക് വിടുക. പരിസ്ഥിതി സന്തുലനം സാധ്യമാക്കുക ഭൂമിയിലെ പച്ചപ്പ് നിലനിര്‍ത്തി അതിനെ സൗന്ദര്യവല്‍ക്കരിക്കുക താപനിയന്ത്രണം തുടങ്ങി ധാരാളം ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്ന മരങ്ങളുടെയും മറ്റ് സസ്യലതാദികളുടെയും കൃഷിയും ഉല്‍പാദനവും ഈ പ്രപഞ്ചത്തിന്റെ സുരക്ഷിതത്വത്തിന് അനിവാര്യമാണ്. കാര്‍ഷിക വൃത്തിക്ക് ഇസ്‌ലാം പ്രാധാന്യം നല്‍കുന്നതിനുള്ള കാരണവും മറ്റൊന്നല്ല.