ഓണ്ലൈന്ക്ലാസും ഹോംവര്‍ക്കും ടെന്‍ഷനടിച്ച് രക്ഷിതാക്കളും കുട്ടികളും
മന്‍സൂര്‍ ഒതായി
കഴിഞ്ഞ മൂന്നുമാസമായി ഓഫ് ലൈന്‍ പഠന ബോധനരംഗത്തുനിന്ന് അകന്നു കഴിയുകയായിരുന്നു അധ്യാപകരും വിദ്യാര്‍ഥികളും. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രൈമറി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നടക്കാത്ത സാഹചര്യത്തില്‍ കുട്ടികളെല്ലാം പ്രമോഷനായി. സ്കൂള്‍ തുറക്കാതിരുന്നാല്‍ എന്തുചെയ്യുമെന്നാലോചിച്ച് അധ്യയനവര്‍ഷം ആരംഭിക്കും മുമ്പുതന്നെ രക്ഷിതാക്കള്‍ ടെന്‍ഷനടിച്ചു തുടങ്ങിയിട്ടുണ്ട്. നാട്ടിലെ സകലമാന പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കോച്ചിംഗ് സെന്ററുകളും വെക്കേഷന് സമയത്തുതന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ കൊണ്ട് മത്സരം തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊതുവിദ്യാലയത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ആശ്വാസമായി വിക്ടേഴ്സ് ചാനല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്.
അധ്യയന വര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് പഠനാന്തരീക്ഷം അനുഭവിക്കാനും പാഠപുസ്തകങ്ങള്‍ പരിചയപ്പെടാനും ഈ സംവിധാനം സഹായകമായിട്ടുണ്ട്. പഠനസമയം അലസമായും അശ്രദ്ധമായും നഷ്ടപ്പെടാതിരിക്കാനും കുട്ടികള്‍ക്ക് ഉത്തരവാദിത്വത്തോടെ മുന്നേറാനും ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രയോജനപ്പെടും. ഡിജിറ്റല്‍ സംവിധാനത്തിലൂടെ അവതരിപ്പിക്കപ്പെട്ട ക്ലാസുകള്‍ കുട്ടികള്‍ക്ക് ആകര്‍ഷകവും ആസ്വാദകരവുമാണ്. എന്നാല്‍ പാഠഭാഗങ്ങള്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോകളായി അവതരിപ്പിക്കപ്പെടുമ്പോള്‍ അതിന് ധാരാളം പരിമിതികളുണ്ട്. ക്ലാസ് റൂമിലെ പല നിലവാരത്തിലുള്ള പഠിതാവിനെയും തൃപ്തിപ്പെടുത്താന്‍ സാധ്യമല്ല എന്നതാണ് ഓണ്‍ലൈന്‍ പഠനരീതിയുടെ ഏറ്റവും വലിയ ന്യൂനത.
ഓണ്‍ലൈന്‍ ക്ലാസ് ഒരു ബദല്‍ സംവിധാനമോ സമാന്തരപഠനരീതിയോ അല്ലെന്ന് വിദ്യാഭ്യാസമന്ത്രി തന്നെ വ്യക്തമാക്കിയിട്ടും നമ്മുടെ രക്ഷിതാക്കള്‍ വലിയ വെപ്രാളത്തോടെയാണ് അതിനെ സമീപിച്ചത്. ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുന്നു എന്ന് കേട്ടപ്പോള്‍ തന്നെ കേരളത്തിലെ ഇലക്ട്രോണിക് കടകളില്‍ തിരക്ക് വര്‍ധിച്ചിരുന്നു. ടെലിവിഷന്‍ മുമ്പില്ലാത്തവിധം ഡിമാന്റ് വര്‍ധിച്ചു. കൈയില്‍ കാശില്ലാഞ്ഞിട്ടും മക്കളുടെ പഠനമല്ലേ എന്ന് വിചാരിച്ച് കടം വാങ്ങിയും പലരും പുതിയതും പഴയതുമായ സ്മാര്‍ട്ട് ഫോണുകള്‍ ഇതിനായി സംഘടിപ്പിച്ചു.
അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിവിധ വിഷയങ്ങളുടെ ക്ലാസുകള്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ രക്ഷിതാക്കള്‍ വീണ്ടും സംഘര്‍ഷത്തിലായി. പലര്‍ക്കും നെറ്റ് കിട്ടുന്നില്ല. ചിലര്‍ക്ക് സ്പീഡില്ല, മറ്റു ചിലര്‍ക്ക് ഡാറ്റ മതിയാകുന്നില്ല, വേറെ ചിലര്‍ക്ക് ആപ്പ് ശരിയാവുന്നില്ല. ഇങ്ങനെ പല തരത്തിലുള്ള സാങ്കേതിക തകരാറുകള്‍. രക്ഷിതാക്കള്‍ പരസ്പരം ഫോണ്‍ വിളിച്ചും അധ്യാപകരുമായി ബന്ധപ്പെട്ടും ആശങ്കകള്‍ പങ്കുവെച്ചു. ക്ലാസുകള്‍ പുനസംപ്രേക്ഷണം ചെയ്തപ്പോഴും യു ട്യൂബില്‍ ലഭ്യമായപ്പോഴുമാണ് പലര്‍ക്കും ശ്വാസം നേരെയായത്.
ക്ലാസുകള്‍ അധ്യാപകര്‍ ഏറ്റെടുത്തതോടെയാണ് അടുത്ത ടെന്‍ഷന്‍ തുടങ്ങുന്നത്. ഓരോ കുട്ടിയുടെയും പെര്‍ഫോമന്‍സും ഹോംവര്‍ക്കും വിലയിരുത്താന്‍ ക്ലാസടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും പ്രത്യേകം വാട്സാപ്പ് ഗ്രൂപ്പുകള്‍. ഇതിലേക്ക് കുട്ടികള്‍ അവരുടെ വര്‍ക്കുകള്‍ പോസ്റ്റ് ചെയ്യണം. അരമണിക്കൂര്‍ ക്ലാസിന് മണിക്കൂറുകളോളം നീളുന്ന ഹോംവര്‍ക്കുകള്‍.
വിവിധ ഈണങ്ങളില്‍ പാട്ടുപാടണം, വോയ്സ് റെക്കോര്‍ഡ് ചെയ്യണം, വിഷയവുമായി ബന്ധമില്ലെങ്കിലും വിവിധ പടങ്ങള്‍ വരയ്ക്കണം, കളര്‍ ചെയ്യണം, ഫോട്ടോ എടുക്കണം, ചര്‍ച്ചകള്‍ നടത്തണം, പാഠഭാഗവുമായി ബന്ധപ്പെട്ട വസ്തുക്കള്നിര്മിക്കണം. ഇതെല്ലാം അയച്ചുകൊടുക്കണം. ഓരോ അധ്യാപകനും പല തരത്തിലുള്ള ആശയങ്ങള്‍ അല്ല ചെയ്തു തുടങ്ങുന്നത്. പരിസ്ഥിതി ദിനം വന്നപ്പോള്‍ കുട്ടികള്‍ക്ക് വര്‍ക്കോടു വര്‍ക്ക്, പരിസ്ഥിതി സന്ദേശം, പോസ്റ്റര്‍ നിര്‍മാണം, പ്ലക്കാര്‍ഡ്, പ്രസംഗം, പരിസ്ഥിതി ഗീതം, മുദ്രാവാക്യങ്ങള്‍, പ്രതിജ്ഞ, എന്റെ മരം എന്നിങ്ങനെ നീളുന്നു വര്‍ക്കുകള്‍. ഇതിനൊക്കെ പുറമെ തൈ നടണം, (നട്ടില്ലെങ്കിലും നടുന്നതായി അഭിനയിച്ച് ഫോട്ടോ എടുത്ത് ഗ്രൂപ്പിലിടണം) കുട്ടി ഏതെല്ലാം ഭാഷ പഠിക്കുന്നുവോ ആ ഭാഷകളിലൊക്കെ സര്ഗസൃഷ്ടികള് പ്രത്യേകം വേണം.
ഗ്രൂപ്പിലിടുന്ന പോസ്റ്റുകള്‍ക്ക് അധ്യാപകരുടെ ലൈക്കും, കമന്റുകളും വന്നു തുടങ്ങിയപ്പോള്‍ രക്ഷിതാക്കള്‍ വര്‍ക്കുകളില്‍ സജീവമായി. തന്റെ കുട്ടിയും മോശമാവരുതല്ലോ. ടെക്നോളജിയും സോഷ്യല്‍ നെറ്റ്വര്‍ക്ക് ലോകവും പരിചയമില്ലാത്ത പാവം രക്ഷിതാക്കള്‍ കഷ്ടത്തിലായി. ഒരു വീട്ടില്‍ ഒന്നിലധികം കുട്ടികള്‍ പഠിക്കാനുണ്ടെങ്കില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ആശങ്കയായി. അത്യാവശ്യ കാര്യത്തിന് പോലും ‘മോനേ ആ ഫോണൊന്ന് തരുമോ’ എന്ന് ചോദിക്കേണ്ട അവസ്ഥ.
ഒരു പാഠഭാഗം അവതരിപ്പിക്കുമ്പോള്‍ ഏതാനും ലളിതമായ പഠനനേട്ടങ്ങള്‍ (learning outcome)മാത്രമാണ് അതിലൂടെ പാഠ്യപദ്ധതി ലക്ഷ്യമിടുന്നത്. ഇക്കാര്യം പാഠപുസ്തകത്തിലും ടീച്ചേഴ്സ് ടെക്സ്റ്റിലും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത പഠനം നേട്ടത്തിലേക്ക് കുട്ടിയെ എത്തിക്കുന്നതിനുള്ള ലളിതമായ കുട്ടിയുടെ നിലവാരത്തിലുള്ള പഠനപ്രവര്‍ത്തനങ്ങളാണ് ടെക്സ്റ്റിലുള്ളത്. ഇതൊന്നും മനസ്സിലാക്കാതെയാണ് പലപ്പോഴും അധ്യാപകര്‍ ഹോംവര്‍ക്കുകള്‍ നല്‍കുന്നത്. യഥാര്‍ഥത്തില്‍ കുട്ടി നേടിയ പഠന നേട്ടങ്ങളെ ഉറപ്പുവരുത്താനും അവന്റെ വിവിധ ശേഷികളെ വിലയിരുത്താനുമുള്ള സ്വാഭാവിക പ്രക്രിയ മാത്രമാണ് ഹോം അസൈന്മെന്റുകള്.
കുട്ടികള്‍ വീട്ടില്‍ വെറുതെ ഇരിക്കുന്നതിന് (കളിച്ചു സമയം കളയുന്നതിന്?!) ഉള്ള ഒരു ഏര്പ്പാടായിമാറരുത് ഹോം വര്‍ക്കുകള്‍. മേല്‍ സൂചിപ്പിച്ച രീതിയിലുള്ള സര്‍ഗാത്മക സൃഷ്ടികള്‍ ഉണ്ടാക്കണമെങ്കില്‍ വിദ്യാഭ്യാസം നേടിയ രക്ഷിതാക്കളുടെ പിന്തുണ അത്യാവശ്യമാണ്. അല്ലെങ്കില്‍ മറ്റ് മുതിര്‍ന്ന മക്കള്‍ വീട്ടിലുണ്ടാവണം. ഇത് എല്ലാ കുടുംബങ്ങളിലും ഉണ്ടാവണമെന്നില്ലല്ലോ. അതിനാല്‍ നമ്മുടെ അധ്യാപക സുഹൃത്തുക്കള്‍ പഠനനേട്ടങ്ങളെ ആസ്വാദ്യമാക്കിയുള്ള ലഘുവായ വര്‍ക്കുകള്‍ നല്കാന് ശ്രമിക്കണം. കുട്ടികളുടെ നിലവാരത്തിനും മാനസിക വളര്‍ച്ചയ്ക്കും അനുസരിച്ചുള്ള അറിവിന്റെ ടാസ്ക്കുകള് അഥവാ, ഓണ്‍ലൈനായി സബ്മിറ്റ് ചെയ്യാനാവാത്തവര്‍ക്ക് സങ്കടപ്പെടേണ്ടെന്നും അവര്‍ക്ക് പഠിക്കാനും മനസ്സിലാക്കാനും അവസരമുണ്ടെന്നും കുട്ടികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്താനാവണം.
ഏത് ചെറിയ കാര്യത്തെയും വലിയ ആശങ്കയോടെയും സമ്മര്‍ദത്തോടെയും കാണുന്നവരാണ് മലയാളികള്‍. എന്നാല്‍ ഉത്ക്കണ്ഠ വെടിഞ്ഞ് ശുഭാപ്തി വിശ്വാസത്തോടെ ലോകത്തെ നോക്കിക്കാണാനാണ് നാം പരിശീലിക്കേണ്ടത്. അതാണ് പുതിയ കാലം നമ്മോട് പറയുന്നത്. ”എന്നാല്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും (യഥാര്‍ഥത്തില്‍) നിങ്ങള്‍ക്ക് അത് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങള്‍ ഒരു കാര്യം ഇഷ്ടപ്പെടുകയും (യഥാര്‍ഥത്തില്‍) അത് നിങ്ങള്‍ക്ക് ദോഷകരമായിരിക്കുകയും ചെയ്തെന്നുവരാം. അല്ലാഹു അറിയുന്നു, നിങ്ങള്‍ അറിയുന്നില്ല.” (വി.ഖു 2:210)