മണിപ്പൂരില്‍ നിന്നുള്ള പാഠം
മണിപ്പൂരില്‍ സംഘര്‍ഷം കൊടുമ്പിരി കൊള്ളുകയാണ്. ആയിരക്കണക്കിന് ആളുകള്‍ അഭയാര്‍ഥികളായി പലായനം ചെയ്തുകഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം നിയന്ത്രിക്കാന്‍ ഗവര്‍ണര്‍ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് നല്‍കിയിട്ടുണ്ട്. നിരവധി വീടുകളും ക്രിസ്ത്യന്‍ പള്ളികളും അഗ്‌നിക്കിരയാക്കപ്പെട്ടു. സര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂളുകളിലും അഭയാര്‍ഥി ക്യാമ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിന് പുറത്തേക്ക് ജീവനും കൊണ്ട് രക്ഷപ്പെട്ടവരുമുണ്ട്. എന്താണ് മണിപ്പൂരില്‍ സംഭവിച്ചത് എന്ന് പരിശോധിക്കുന്നതിലൂടെ ചില സന്ദേശം നമുക്ക് ലഭിക്കും.
40 ശതമാനത്തിലധികം ഹിന്ദുക്കളും അത്ര തന്നെ ക്രിസ്ത്യാനികളും 9 ശതമാനം മുസ്ലിംകളും ബാക്കി മറ്റ് ജനവിഭാഗങ്ങളും എന്നതാണ് മണിപ്പൂരിന്റെ ഡെമോഗ്രഫി. ക്രിസ്ത്യന്‍ വിഭാഗം വിവിധ ഗോത്രവര്‍ഗങ്ങളായാണ് ജീവിക്കുന്നത്. സംസ്ഥാനത്തിന്റെ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ അവരാണ്. അതേ സമയം, മെയ്തി വിഭാഗം പൊതുവെ നഗരപ്രദേശങ്ങളിലാണ് കഴിയുന്നത്. ജീവിത നിലവാരത്തിലും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും മെച്ചപ്പെട്ട നിലയില്‍ കഴിയുന്നവരാണ് മെയ്തി വിഭാഗം. മെയ്തി വിഭാഗത്തിനെ എസ് ടി പട്ടികയില്‍ ഉള്‍പ്പെടുത്തി റിസേര്‍വേഷന്‍ വേണം എന്ന് പറഞ്ഞു ഒരു കേസ് ഫയല്‍ ചെയ്യുകയുണ്ടായി. അത് പരിശോധിക്കാന്‍ കോടതി നിര്‍ദേശം നല്‍കുന്നു. ഇപ്പോള്‍ തന്നെ അധഃസ്ഥിത വിഭാഗമായി കഴിയുന്ന പട്ടികവര്‍ഗക്കാര്‍ക്കിടയിലേക്ക്, സാമൂഹിക മൂലധനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മെയ്തി വിഭാഗം കൂടി വരുന്നതോടെ തങ്ങളുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്ന് ന്യായമായും അവര്‍ സംശയിച്ചു. ഈ കേസിനെതിരെ പട്ടികവര്‍ഗക്കാര്‍ തെരുവിലിറങ്ങുന്നു. അത് സംഘപരിവാര്‍ മുതലെടുക്കുകയും വര്‍ഗീയ ധ്രുവീകരണത്തിനുള്ള വഴിയാക്കി മാറ്റുകയും ചെയ്തു.
ഗോത്രവിഭാഗങ്ങളെ മ്യാന്മറിലെ ചാരന്മാരാണെന്നും കുടിയേറിയവരാണെന്നും ആരോപിച്ചുകൊണ്ട് ആക്രമിക്കാന്‍ തുടങ്ങി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മുസ്ലിംകള്‍ക്കെതിരെ ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ എന്ന് ആരോപിച്ച് ആക്രമണ പദ്ധതികള്‍ തയ്യാറാക്കുന്നതിന് സമാനമായാണ് ഇപ്പോള്‍ മണിപ്പൂരിലും നടന്നുകൊണ്ടിരിക്കുന്നത്. ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ തെരഞ്ഞുപിടിച്ച് അഗ്‌നിക്കിരയാക്കുകയാണ്. ഇതിനെതിരെ വിവിധ ക്രൈസ്തവ വിഭാഗങ്ങളും ബിഷപ്പുമാര്‍ തന്നെയും പ്രതികരിച്ചിട്ടുണ്ട്.
മണിപ്പൂര്‍ ഒരു സന്ദേശമാണ്. വര്‍ഗീയ ധ്രുവീകരണം സാധ്യമാക്കുന്നത് പല വഴികളിലൂടെയാണ്. മണിപ്പൂരില്‍ കാലങ്ങളായി ഗോത്രവിഭാഗങ്ങളും നഗര പ്രദേശങ്ങളില്‍ താമസിക്കുന്നവരും തമ്മില്‍ പിരിമുറുക്കം ഉണ്ട്. മെയ്തി വിഭാഗത്തിന് മണിപ്പൂരിന്റെ മലയോര പ്രദേശങ്ങളില്‍ താമസത്തിന് അനുവാദമില്ല. ഗോത്രവിഭാഗങ്ങള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. നഗര പ്രദേശങ്ങളില്‍ മെച്ചപ്പെട്ട ജീവിതം നയിക്കുന്ന മെയ്തികള്‍ക്ക് ഗോത്രവിഭാഗങ്ങളുടെ പദവി ആവശ്യമില്ല. പക്ഷെ, രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സംവരണത്തെ ഒരായുധമായി സ്വീകരിക്കുകയാണുണ്ടായത്.
മണിപ്പൂരിലെ ഡെമോഗ്രഫിയില്‍ ഹൈന്ദവ വിഭാഗങ്ങളെ ഏകീകരിച്ചാല്‍, എക്കാലത്തും അധികാരം സ്ഥാപിക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലാണ് സംവരണ രാഷ്ട്രീയത്തിന് പിന്നിലുളള താല്‍പ്പര്യം. കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം സംവരണം റദ്ദാക്കി കളഞ്ഞത് ഇതിന്റെ മറ്റൊരു പതിപ്പാണ്. ഒരു ജനവിഭാഗത്തെ അര്‍ഹതയില്ലാതെ തന്നെ സംവരണം നല്‍കി കൂടെ നിര്‍ത്തുക എന്ന തന്ത്രമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രയോഗിക്കുന്നത്. അതിനുവേണ്ടി മതത്തിന്റെയും ജാതിയുടെയും സാമൂഹിക പദവികള്‍ ദുരുപയോഗം ചെയ്തും വളച്ചൊടിച്ചും നിയമപ്രാബല്യമുണ്ടാക്കുന്നു.
നുണ പ്രചാരണങ്ങളിലൂടെയും വിദ്വേഷ പ്രസംഗങ്ങളിലൂടെയും കള്ളക്കഥകളിലൂടെയും കളമൊരുക്കുന്ന സംഘപരിവാര്‍ തന്ത്രങ്ങള്‍ കേരളം തിരിച്ചറിയണം. അതുവഴി വര്‍ഗീയ ധ്രുവീകരണവും ഏതെങ്കിലും ഒരു വിഭാഗത്തെ വോട്ട്ബാങ്കായി കൂടെ നിര്‍ത്താനുമാണ് ശ്രമിക്കുക. കേരള സ്റ്റോറി എന്ന പ്രൊപഗണ്ട സിനിമയിലൂടെ ഗീബല്‍സിനെ വെല്ലുന്ന നുണപ്രചാരണവുമായി ചിലര്‍ രംഗത്തുവരുമ്പോള്‍ മണിപ്പൂരിന്റെ പശ്ചാത്തലത്തില്‍ മതേതര കേരളം ജാഗ്രത പാലിക്കേണ്ടതുണ്ട്.