18 Thursday
April 2024
2024 April 18
1445 Chawwâl 9

മാനസികമായി അകന്നു കഴിഞ്ഞവരെ ദാമ്പത്യ ബന്ധത്തില്‍ തളച്ചിടേണ്ടതുണ്ടോ?

എ ജമീല ടീച്ചര്‍


ഹൃദ്യമായ ഒരു സംഗീതം കണക്കെ താളാത്മകമായി മുന്നോട്ട് നീങ്ങേണ്ട ഒന്നാണ് ഇസ്‌ലാമില്‍ ദാമ്പത്യജീവിതം. മനുഷ്യന്‍ ധരിക്കുന്ന ഉടുവസ്ത്രത്തിന് തുല്യമായിട്ടാണ് ഖുര്‍ആന്‍ വൈവാഹിക ജീവിതത്തെ ഉപമിച്ചത് (2:221). വസ്ത്രത്തിന്റെ പ്രധാനപ്പെട്ട ആവശ്യം അഭിമാന സംരക്ഷണവും അഴകും അലങ്കാരവുമാണല്ലോ. അതുപോലെ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ പരസ്പരം അഴകും അലങ്കാരവും അഭിമാന സംരക്ഷകരുമാണെന്നര്‍ഥം.
ഭര്‍ത്താവ് ഭാര്യക്ക് നല്‍കുന്ന ഏറ്റവും കെട്ടുറപ്പുള്ള ഒരു കരാറായി നികാഹിനെ ഖുര്‍ആന്‍ വീക്ഷിക്കുന്നുണ്ട്. ”അവര്‍ സ്ത്രീകള്‍ നിങ്ങളില്‍ നിന്ന് ശക്തിയായ ഒരു കരാര്‍ വാങ്ങുകയും ചെയ്തിരിക്കുന്നു.” (4:21). പ്രവാചകന്മാരില്‍ നിന്നും അല്ലാഹു വാങ്ങിയ കരാറിന് തുല്യമാണത്. വ്യക്തിയുമായി അവന്റെ പിതൃബന്ധവും സന്താനബന്ധവും എത്ത്രത്തോളം സുദൃഢമാണോ അതുപോലെ സുദൃഢമായിട്ടാണ് ഭാര്യാഭര്‍തൃബന്ധത്തെയും ദര്‍ശിക്കുന്നത്.
”അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുവീന്‍, രക്തബന്ധങ്ങളെയും സൂക്ഷിക്കുവിന്‍” (വി. ഖു 4:1). ഈ സൂക്തം ഉദ്ധരിച്ചുകൊണ്ട് വിവാഹ കരാറിനെ കാത്തുസൂക്ഷിക്കാന്‍ തിരുമേനി(സ) ദമ്പതിമാരെ ഉപദേശിക്കാറുണ്ടായിരുന്നു. ഇതില്‍ നിന്നും രക്തബന്ധത്തെപ്പോലെ പവിത്രം തന്നെയാണ് വിവാഹബന്ധവുമെന്നുള്ളത് ഗ്രഹിക്കാവുന്നതാണ്.
കരാറുകള്‍ ലംഘിക്കുന്നതിനെ വളരെ കര്‍ക്കശമായിട്ടാണ് ഖുര്‍ആന്‍ വിമര്‍ശിക്കുന്നത്. ”നിങ്ങള്‍ കരാര്‍ നിറവേറ്റുവിന്‍. തീര്‍ച്ചയായും കരാറിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതാണ്” (വി.ഖു 17:84). ഒരു സ്ത്രീയുടെ ലൈംഗിക അവയവം അനുവദിച്ച് കിട്ടേണ്ടതിനു വേണ്ടി അവളുടെ രക്ഷാധികാരിയുമായി അല്ലാഹുവിനെ സാക്ഷിയാക്കി നടത്തുന്ന കരാറാണ് കരാറുകളുടെ കൂട്ടത്തില്‍ ആദരിക്കുവാന്‍ ഏറ്റവും അര്‍ഹതപ്പെട്ടതെന്ന് നബി(സ) തന്റെ അനുചരന്മാരെ ഉണര്‍ത്താറുണ്ടായിരുന്നു. (ബുഖാരി)
ഇതില്‍ നിന്നെല്ലാം വിവാഹമോചനത്തെ എത്രത്തോളം ഗൗരവപൂര്‍വമായിട്ടാണ് ഇസ്‌ലാം കാണുന്നത് എന്ന് മനസ്സിലാക്കാം. സ്ത്രീ എന്ന ധനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചല്ലാതെ സ്ത്രീധനം എന്ന ധനാഗമന മാര്‍ഗത്തെക്കുറിച്ച് ഇസ്‌ലാം ഒരിടത്തും സംസാരിക്കുന്നില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ഇടക്കെങ്കിലും ദാമ്പത്യ ജീവിതത്തില്‍ താളപ്പൊരുത്തമില്ലായ്മ സ്വാഭാവികമായിരിക്കും. ഇത്തരം പൊരുത്തക്കേടുകള്‍ ക്രമാതീതമായി വര്‍ധിച്ച് ആത്മഹത്യകളിലേക്കും കൊലപാതകങ്ങളിലേക്കുമൊന്നുമെത്തിച്ചേരാതെ ഇരുവര്‍ക്കും രക്ഷപ്പെടാനുള്ള ഒരു പോംവഴിയാണ് വിവാഹമോചനം.
നിഷിദ്ധങ്ങളിലെ
അനുവദനീയം

ചില കാര്യങ്ങള്‍ മനുഷ്യ സമൂഹത്തോട് ഇസ്‌ലാം കഠിനമായി വിരോധിക്കുന്നുണ്ട്. അത്തരം നിഷിദ്ധങ്ങള്‍ തന്നെ ചില അനിവാര്യഘട്ടങ്ങളില്‍ അനുവദനീയവുമായിരിക്കും. ഇത് ഇസ്‌ലാമിന്റെ ഒരു അടിസ്ഥാന തത്വമാണ്. പരിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക. ”നിശ്ചയമായും അവന്‍ നിങ്ങളുടെ മേല്‍ ശവവും രക്തവും പന്നിമാംസവും അല്ലാഹുവിനല്ലാതെ പ്രഖ്യാപിച്ച് അറുക്കപ്പെട്ടതും ഭക്ഷിക്കല്‍ നിഷിദ്ധമാക്കിയിരിക്കുന്നു. എന്നാല്‍ നിയമലംഘനം ഉദ്ദേശിക്കുകയും മന:പൂര്‍വം ആഗ്രഹിക്കുകയും ചെയ്യാതെ ഒരാള്‍ ഇവ തിന്നാന്‍ നിര്‍ബന്ധിതരായാല്‍ അവന്റെ മേല്‍ കുറ്റമില്ല.” (2:173).
ഇതുപോലെ നിര്‍ബന്ധിതമായ ഒരവസ്ഥയില്‍ ഇസ്‌ലാം അനുവദനീയമാക്കിയ ഒന്നാണ് വിവാഹമോചനം. അബ്ദുല്ല(റ) നിവേദനം: ”തിരുമേനി(സ) പറയുന്നു: വിവാഹമോചനം പോലെ അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ള ഒരു സംഗതി അവന്‍ അനുവദിച്ചിട്ടില്ല” (ഹാകിം, അബൂദാവൂദ്). ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റ) പറയുന്നു: ”വിവാഹ മോചനം അടിസ്ഥാനപരമായി അല്ലാഹു വെറുക്കുന്ന സംഗതികളില്‍ പെട്ടതാണ്. അനുവദിക്കപ്പെട്ടതില്‍ അല്ലാഹുവിന് ഏറെ വെറുപ്പുള്ളതും അതു തന്നെയാണ്. അത്യാവശ്യമാകുമ്പോള്‍ മറ്റുള്ള നിഷിദ്ധ സംഗതികള്‍ അനുവദിക്കപ്പെട്ടത് പോലെ അനിവാര്യമായിത്തീരുമ്പോള്‍ മനുഷ്യര്‍ക്ക് അനുവദിക്കപ്പെട്ടതാണ് വിവാഹ മോചനവും. ഇതുകൊണ്ടാണ് മൂന്ന് ഘട്ടങ്ങളിലായി വിവോഹമോചനം ചെയ്താല്‍ മറ്റൊരു വ്യക്തിയെ അവള്‍ വിവാഹം ചെയ്യുന്നത് വരെ അയാള്‍ക്ക് അവള്‍ അനുവദനീയമല്ലെന്ന് അല്ലാഹു പ്രഖ്യാപിച്ചത്. ഇത് മനുഷ്യന്‍ വിവാഹമോചനം വര്‍ധിപ്പിക്കുന്നതില്‍ നിന്ന് വിരമിക്കുന്നതിനുവേണ്ടി അവന് ഒരു ശിക്ഷയായി നിശ്ചയിച്ചതാണ്.” (ഫതാവ 38:21).
വിവാഹമോചനവും
കാരണങ്ങളും

സ്ത്രീക്ക് സമ്പത്തും സൗന്ദര്യവും കുറഞ്ഞു എന്നുള്ളത് വിവാഹമോചനത്തിന്റെ കാരണങ്ങളില്‍ പെട്ടതല്ല. ഏതെങ്കിലും കാരണത്താല്‍ സ്ത്രീയോടുള്ള വെറുപ്പും മാനസികമായ അകല്‍ച്ചയും വിവാഹമോചനത്തില്‍ കലാശിക്കാന്‍ പാടില്ല. ഒരു സ്ത്രീയുടെ കൂടെ കുറേക്കാലം ജീവിക്കുമ്പോള്‍ മറ്റൊരു സ്ത്രീയെ ആഗ്രഹിക്കുക എന്നത് മനുഷ്യസഹജമായിരിക്കും. അക്കരെപ്പച്ച എന്നത് ഒരു പഴഞ്ചൊല്ലാണല്ലോ. ആഗ്രഹിച്ചതെല്ലാം കൂടി ഭാര്യയില്‍ ഒത്തുകൂടിക്കൊള്ളണമെന്നില്ല. ഭാവനാ ലോകത്ത് താന്‍ കണ്ട സ്ത്രീയായിരിക്കണമെന്നില്ല തന്റെ കൂടെയുള്ള ഭാര്യ. ഇതൊന്നും വിവാഹമോചനത്തിന്റെ കാരണങ്ങളായി ഇസ്‌ലാം കുറിച്ചിടുന്നില്ല. ഖുര്‍ആന്‍ പറയുന്നത് ശ്രദ്ധിക്കുക: ”നിങ്ങള്‍ ഭാര്യമാരോട് നല്ല നിലയില്‍ വര്‍ത്തിക്കണം. അഥവാ നിങ്ങളവരെ വെറുക്കുന്ന പക്ഷം(നിങ്ങള്‍ ക്ഷമിക്കുവിന്‍) നിങ്ങള്‍ വെറുക്കുന്നതിലായിരിക്കും അല്ലാഹു നിങ്ങള്‍ക്ക് ധാരാളം നന്മകള്‍ നിശ്ചയിക്കുന്നത്.” (അന്നിസാഅ് 19)
ഭാര്യക്ക് പ്രസവ ശേഷിയില്ല എന്നതും വിവാഹമോചനത്തിന്റെ കാരണങ്ങളില്‍ പെടുന്നില്ല. പ്രവാചകന്മാരായ സക്കകരിയ്യ(അ), ഇബ്‌റാഹീം(അ) മുതലായവരെല്ലാം വന്ധ്യകളായ ഭാര്യമാരോടൊപ്പമായിരുന്നു ജീവിച്ചിരുന്നത്. അക്കാരണത്താല്‍ അവരാരും ഭാര്യമാരെ ഉപേക്ഷിച്ചിട്ടില്ല. തന്റേതല്ലാത്ത കുറ്റത്തിന് ഒരാളും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്നതാണ് ഇസ്‌ലാമിന്റെ മൗലിക തത്വം. ഭാര്യക്ക് ആരോഗ്യം നഷ്ടപ്പെടുകയോ അവള്‍ പിറുപിറുക്കുകയോ ചെയ്താലും വിവാഹമോചനം സ്വീകരിക്കാതെ പൊരുത്തപ്പെട്ട് മുന്നോട്ട് പോകാനാണ് പരിശുദ്ധ ഖുര്‍ആനിന്റെ നിര്‍ദേശം.
”ഒരു സ്ത്രീ തന്റെ ഭര്‍ത്താവില്‍ നിന്ന് പിണക്കമോ അവഗണനയോ ഭയന്നാല്‍ അവര്‍ ഇരുവര്‍ക്കുമിടയില്‍ രണ്ടു പേരും ചേര്‍ന്ന് രഞ്ജിപ്പുണ്ടാക്കുന്നതില്‍ തെറ്റില്ല. നല്ലത് രഞ്ജിപ്പാണ്. ലുബ്ധത ഹൃദയങ്ങളില്‍ ഹാജരാക്കപ്പെട്ടിരുന്നു. (സ്ത്രീകളോടുള്ള പെരുമാറ്റം) നിങ്ങള്‍ നന്നാക്കുകയും (അവരെ ദ്രോഹിക്കുന്നത്) നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്ന പക്ഷം, നിശ്ചയം അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ സസൂക്ഷ്മം അറിയുന്നവനത്രെ.” (വി.ഖു 128)
ഇമാം റാസി(റ) ഈ ഖുര്‍ആന്‍ വചനത്തെ വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ്: ”അതായത് ഭാര്യയുമായി വേര്‍പിരിയുന്നതിനേക്കാള്‍ ഉത്തമം യോജിപ്പുണ്ടാക്കലാണ്. ഭാര്യ വിരൂപിയും കിഴവിയും സഹവാസം കൊണ്ട് ആനന്ദം ലഭിക്കാത്തവളുമായ സന്ദര്‍ഭത്തില്‍ അവളുടെ കൂടെ തന്റെ ആയുസ്സ് ചെലവഴിക്കുന്നതില്‍ ഭര്‍ത്താവ് പിശുക്ക് കാണിച്ചേക്കും. എന്നാല്‍ അവളെ നിങ്ങള്‍ വെറുക്കുന്ന പക്ഷവും അവളെ വിവാഹമോചനം ചെയ്യാതെ അവളുടെ കൂടെ ജീവിക്കുന്നതാണ് ഏറ്റവും നല്ലത്.” (റാസി 11-66).

വേണം, ന്യായമായ കാരണങ്ങള്‍
ഭാര്യയെ വിവാഹമോചനം ചെയ്യുവാന്‍ ന്യായമായ ചില കാരണങ്ങള്‍ ഇസ്‌ലാം നിശ്ചയിക്കുന്നുണ്ട്. അത് താഴെ പറയുന്നവയാണ്.
അനുസരണക്കേട്
ഈ സ്വഭാവ ദൂഷ്യം ഭാര്യയില്‍ പ്രകടമായി കണ്ടാല്‍ ഭര്‍ത്താവന് അവളെ വിവാഹമോചനം നടത്താവുന്നതാണ്. അതിനും കണിശമായ ചില ഉപാധികള്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നുണ്ട്: ഒറ്റയടിക്ക് പെട്ടെന്ന് വിവാഹമോചനം പാടില്ല. താഴെ വിവരിക്കുന്ന മാര്‍ഗങ്ങള്‍ ആദ്യം അവന്‍ സ്വീകരിക്കേണ്ടതുണ്ട്. ”അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന സ്ത്രീകള്‍. അവരെ നിങ്ങള്‍ ഉപദേശിക്കുക. ശയ്യകളില്‍ അവരെ വെടിയുകയും ചെയ്യുക. അവരെ നിങ്ങള്‍ അടിക്കുകയും ചെയ്യുക” (വി.ഖു 4:34).
സ്ത്രീകളെ അടിക്കലും ശത്രുതയില്‍ നിന്ന് മാറ്റിനിര്‍ത്തലുമെല്ലാം മോശമായ കാര്യങ്ങളാണ്. നീചമായ പ്രവര്‍ത്തികളാണ് ഇതെന്ന് നബി(സ) പ്രഖ്യാപിക്കുകയുണ്ടായി. പക്ഷേ, വിവാഹമോചനം ഇസ്‌ലാമില്‍ അതിനേക്കാള്‍ നീചമായ നടപടിയാണ്. പിശാചിന് ഏറെ തൃപ്തിപ്പെടുന്നതുമാണ്. ഈ മോശമായ പ്രവൃത്തികള്‍ കൂടെ നടത്തി പരാജയപ്പെടുന്നേടത്താണ് വിവാഹമോചനം ഖുര്‍ആന്‍ അനുവദനീയമാക്കുന്നത്. ഇവിടെയും പെട്ടെന്ന് ത്വലാഖ് ചൊല്ലാനല്ല കല്പിക്കുന്നത്. രണ്ടുപേരുടെയും കുടുംബത്തില്‍ നിന്നായി ഒരു കോടതി രംഗത്ത് വരണം. ഈ കോടതിക്കാണ് വിവാഹമോചനത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഇസ്‌ലാം പരിമാധികാരം നല്‍കുന്നത്. അല്ലാഹു പറയുന്നു:
”ഇനി അവര്‍ ഇരുവര്‍ക്കുമിടയില്‍ ഭിന്നിപ്പ് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്റെ ബന്ധുക്കളില്‍ പെട്ട വിധികര്‍ത്താവിനെയും അവളുടെ ബന്ധുക്കളില്‍ പെട്ട വിധികര്‍ത്താവിനെയും നിങ്ങള്‍ നിയോഗിക്കുക. അവര്‍ നന്നാക്കുവാനുദ്ദേശിക്കുന്നപക്ഷം അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പിക്കും. നിശ്ചയം അല്ലാഹു അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു.” (വി.ഖു 4:35)
യോജിപ്പിന് ഈ വിധി കര്‍ത്താക്കള്‍ക്ക് സാധിക്കാത്തപ്പോള്‍ മാത്രമാണ് വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുവാന്‍ അല്ലാഹു ഈ വിധികര്‍ത്താക്കള്‍ക്ക് അനുവാദം നല്‍കുന്നത്. ഇപ്പോള്‍ നിര്‍ബന്ധത്തിന്റെ സമയമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിഷിദ്ധം അനുവദനീയമാകുന്നു.

അധാര്‍മിക
പ്രവണത

ഭാര്യ ഒരു വേള വ്യഭിചരിച്ചാല്‍ ത്വലാഖ് മുറിയുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. തികച്ചും തെറ്റായ ഒരു ധാരണയാണിത്. അതേ സമയം ഭര്‍ത്താവ് വ്യഭിചരിച്ചാല്‍ ഇങ്ങനെയൊരു വിശ്വാസം ഇല്ല താനും. വ്യഭിചാരത്തിന്റെ ഗൗരവം പുരുഷനെ സംബന്ധിച്ചും സ്ത്രീയെ സംബന്ധിച്ചുമെല്ലാം ഒന്നു തന്നെയാണ്. വ്യഭിചാരം മൂലം ത്വലാഖ് പിരിയുകയില്ല. അതിന്റെ പേരില്‍ വിവാഹമോചനം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുമില്ല. അതിനുള്ള നിക്ഷാനടപടികള്‍ക്ക് മാത്രമാണ് ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നത്.
ശിക്ഷയുടെ ഭാഗമായി ശാപപ്രാര്‍ഥന നടത്തുമ്പോള്‍ മാത്രമാണ് ബന്ധം മുറിഞ്ഞുപോകുന്നത്. ശേഷം വിവാഹമോചനം നടത്തേണ്ട ആവശ്യവും വരുന്നില്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”തങ്ങളുടെ ഭാര്യമാരില്‍ വ്യഭിചാരക്കുറ്റമാരോപിക്കുന്നവര്‍ക്ക് അതിന് തങ്ങളല്ലാതെ സാക്ഷികളുണ്ടായിട്ടില്ലെങ്കില്‍ അവരില്‍ ഒരാള്‍ നിശ്ചയമായും താന്‍ സത്യം പറയുന്നവരുടെ കൂട്ടത്തില്‍ പെട്ടവനാണെന്ന് നാല് തവണ അല്ലാഹുവിനെ മുന്‍നിര്‍ത്തി സാക്ഷ്യം വഹിക്കേണ്ടതാണ്. താന്‍ വ്യാജം പറയുന്നവരില്‍ പെട്ടവരാണെങ്കില്‍ അല്ലാഹുവിന്റെ ശാപം തന്റെ മേലുണ്ടാകട്ടെ എന്നാണ് അഞ്ചാമതായി പറയേണ്ടത്. നിശ്ചയമായും അവന്‍ വ്യാജം പറയുന്നവനാണെന്ന് അല്ലാഹുവിനെ മുന്‍നിര്‍ത്തി നാല് തവണ സാക്ഷ്യം വഹിച്ചാല്‍ അവളില്‍ നിന്ന് ശിക്ഷ തടയുന്നതാണ്. അവന്‍ സത്യവാന്മാരില്‍ പെട്ടവനെങ്കില്‍ അല്ലാഹുവിന്റെ കോപം തന്റെ മേലുണ്ടാവട്ടെ എന്ന് അഞ്ചാമതായി അവള്‍ പറയേണ്ടതാണ്.” (വി.ഖു 24:6)
ശാപപ്രാര്‍ഥന നടത്തിക്കഴിഞ്ഞാല്‍ പിന്നെ അവര്‍ക്കിടയില്‍ നികാഹിന്റെ ബന്ധം നിലനില്‍ക്കുകയില്ല.
എന്തായാലും ഇസ്‌ലാമില്‍ അത്ര എളുപ്പമല്ല വിവാഹമോചനം. എങ്കിലും സ്ത്രീക്ക് ദാമ്പത്യ ജീവിതം ദുര്‍ഘടമായിത്തീരുമ്പോള്‍ മോചനത്തിനുള്ള വഴി ഇസ്‌ലാം കൊട്ടിയടയ്ക്കുന്നില്ല.
ഖുല്‍അ്
സ്ത്രീക്ക് വിവാഹമോചനം ആവശ്യമുണ്ട്. പുരുഷന് ആവശ്യവുമില്ല. അവന്‍ തന്റെ സഹധര്‍മിണിയെ ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ഇത്തരം ഘട്ടത്തില്‍ മഹ്‌റ് തിരിച്ച് കൊടുത്തു കൊണ്ട് ഭര്‍ത്താവില്‍ നിന്ന് സ്ത്രീക്ക് വിവാഹമോചനം തേടാവുന്നതാണ്. ഇതിനെ ഖുല്‍അ് എന്ന് പറയുന്നു. ഇവിടെ വിവാഹമോചനത്തിന്റെ പദം ഉച്ചരിക്കേണ്ടത് ഭര്‍ത്താവ് തന്നെയാണ്. വ്യക്തമായ കാരണങ്ങള്‍ ഉള്ളപ്പോള്‍ മാത്രമേ ഖുല്‍അ് ആവശ്യപ്പെടാവൂ. ഇതിനുവേണ്ടി സ്ത്രീയെ ബുദ്ധിമുട്ടിപ്പിക്കുവാന്‍ പാടില്ല. ഖുര്‍ആന്‍ പറയുന്നു: ”നിങ്ങള്‍ അവര്‍ക്ക് നല്‍കിയതില്‍ നിന്ന് ഒരു ഭാഗം നിങ്ങള്‍ എടുത്തു കൊണ്ടു പോകുന്നതിനു വേണ്ടി അവരെ നിങ്ങള്‍ പ്രയാസപ്പെടുത്തരുത്.” (വി.ഖു 4:19)
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”സാബിത്തുബ്‌നു ഖൈസിന്റെ(റ) ഭാര്യ നബി(സ)യുടെ അടുത്ത് വന്ന് പറഞ്ഞു: സാബിത്തിന്റെ സ്വഭാവത്തെക്കുറിച്ചും മതനിഷ്ഠയെക്കുറിച്ചും എനിക്കു പരാതിയില്ല. എന്നാല്‍ മതത്തില്‍ അവിശ്വാസം വന്നുപോകുന്നത് ഞാന്‍ ഭയപ്പെടുന്നു. നബി(സ) പറഞ്ഞു: അദ്ദേഹം നിനക്ക് തന്ന തോട്ടം തിരിച്ച് കൊടുക്കുമോ? അവര്‍ പറഞ്ഞു: അതെ, നബി(സ) സാബിത്തിനോട് പറഞ്ഞു: തോട്ടം തിരിച്ച് വാങ്ങിക്കൊണ്ട് അവളെ ത്വലാഖ് ചെല്ലുക.
ഈ തോട്ടം മഹ്‌റായി നല്‍കിയതായിരുന്നു എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. സ്ത്രീയില്‍ നിന്ന് കൂടുതലായി ഒന്നും ചോദിച്ച് വാങ്ങാന്‍ പുരുഷന് പാടില്ല താനും. സാബിത്തിന്റെ ഭാര്യ പറഞ്ഞു: അതെ അദ്ദേഹം തന്ന തോട്ടം തിരിച്ച് കൊടുക്കാം. അതില്‍ കൂടുതലും നല്‍കാം. അപ്പോള്‍ നബി(സ) പറഞ്ഞു: കുടുതലൊന്നും നല്‍കേണ്ടതില്ല. അദ്ദേഹത്തിന്റെ തോട്ടം നല്‍കുക.” (ദാറഖുത്‌നി, ബൈഹഖി)
ഫസ്ഖ്
ചിലപ്പോള്‍ സ്ത്രീക്ക് വിവാഹമോചനം ആവശ്യമായിരിക്കും. ഭര്‍ത്താവ് അത് ചെയ്യാന്‍ താല്‍പര്യമില്ലാതെ ശഠിച്ച് നില്‍ക്കുകയും ചെയ്യും. ഈ സന്ദര്‍ഭത്തില്‍ ഖാദിയുടെ (ന്യായാധിപന്റെ) അനുവാദത്തോടുകൂടി സ്ത്രീക്ക് വിവാഹമോചനം ചെയ്യാനുള്ള അവകാശം ഇസ്‌ലാം നല്‍കുന്നുണ്ട്. ത്വലാഖിനു വേണ്ടി പുരുഷന്റെ പിന്നാലെ യാചിച്ചു നടക്കേണ്ടതില്ല. മറ്റു ചിലപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ച് യാതൊരു വിവരവും ഉണ്ടാവില്ല. ഈ സന്ദര്‍ഭത്തിലും വിവാഹ ബന്ധം വേര്‍പെടുത്താന്‍ സ്ത്രീക്ക് അവസരമുണ്ടാകുന്നതാണ്. ഇതിനെയാണ് ഫസ്ഖ് എന്ന് പറയുന്നത്. ഈ പദം നബി(സ) പ്രയോഗിച്ചതല്ല. മുസ്‌ലിം കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ നല്‍കിയതാണ്. ഫസ്ഖിന്റെ അടിസ്ഥാനം താഴെ വിവരിക്കുന്ന നബിചര്യയാണ്.
”ഖന്‍സാഅ്(റ) എന്ന മഹതിയെ അവളുടെ പിതാവ് അവള്‍ വെറുക്കുന്ന ഒരുവന് വിവാഹം ചെയ്തുകൊടുത്തു. അപ്പോള്‍ നബി(സ) അവളുടെ വിവാഹ ബന്ധത്തെ ദുര്‍ബലപ്പെടുത്തി.” (ബുഖാരി)
ഫസ്ഖും ഇദ്ദയും
ഭര്‍ത്താവ് വളരെക്കാലം അകന്ന് നിന്നതിന് ശേഷമാണ് ഫസ്ഖ് ചൊല്ലുന്നതെങ്കിലും മൂന്ന് ആവര്‍ത്തവ ശുദ്ധിയുടെ കാലഘട്ടം സ്ത്രീ ഇദ്ദ ആചരിക്കേണ്ടതാണെന്ന് ഭൂരിഭാഗം മുസ്‌ലിം പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഇദ്ദ ആവശ്യമില്ലെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുമുണ്ട്.
ചുരുക്കത്തില്‍ ഒരു മുസ്‌ലിം സ്ത്രീയെ സംബന്ധിച്ചിടത്തോളം വിവാഹബന്ധം ഒരു ഊരാക്കുടുക്കല്ല. അതിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ട ആവശ്യമില്ല.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x