19 Friday
April 2024
2024 April 19
1445 Chawwâl 10

മലബാര്‍ പോരാട്ടങ്ങളുടെ നാരായ വേരുകള്‍

ഗഫൂര്‍ കൊടിഞ്ഞി


1921 – ലെ തിരൂരങ്ങാടി വെടിവെപ്പിന്റെ ഓര്‍മ്മകള്‍ ഒരു നൂറ്റാണ്ടറുതിയോടടുത്തു കൊണ്ടിരിക്കയാണ്. ഇത് സംബന്ധമായി എണ്ണമറ്റ പഠനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇത്തരം ഒാരോ പഠനങ്ങളിലും അവരവരുടെ കാഴ്ചപ്പാടുകള്‍ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നത് കാണാം. ഒരു കൂട്ടര്‍ക്കത് ജന്മിത്വത്തിനും ഭരണകൂടത്തിനുമെതിരിലുള്ള ജിഹാദായിരുന്നുവെങ്കില്‍ മറ്റൊരു കൂട്ടര്‍ക്ക് വര്‍ഗീയ മതഭ്രാന്തന്മാരുടെ കൊലവിളിയായിരുന്നു. ഇനിയും മറ്റൊരു കൂട്ടര്‍ക്ക് ഫ്യൂഡലിസത്തെ ചെറുത്തു നിന്ന കാര്‍ഷിക ലഹളയായിരുന്നുവെങ്കില്‍ വേറൊരു കൂട്ടര്‍ കീഴാളസ്വത്വബോധത്തിന്റെ പ്രകാശനമെന്ന നിലക്ക് നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു. ചരിത്രമെന്നത് ഓരോരുത്തര്‍ക്കും അവരവരുടെ താല്‍പര്യത്തിന്റെ കടവിലേക്ക് അടുപ്പിക്കാവുന്ന ഒരു കാലത്ത് ഇതില്‍ വലിയ അത്ഭുതമില്ല. എങ്കിലും മലബാര്‍ കലാപത്തോളം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ രക്തപങ്കിലമായ മറ്റൊരു അധ്യായമില്ല. അക്കാരണം കൊണ്ടു തന്നെ ഇത്ര മാത്രം തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു വിപ്ലവവുമില്ല.
നമ്മുടെ മുഖ്യധാരാ ചരിത്രകാരന്മാര്‍ പലര്‍ക്കും മലബാര്‍ സമരത്തിന്റെ നാട്ടക്കുറിയാണ് തിരൂരങ്ങാടി സംഭവം. അതൊരു തെറ്റല്ല. പക്ഷെ ഈ ഐതിഹാസിക ചരിത്രം കേവലം ഇരുപത്തിയൊന്നിലെ പള്ളിയാക്രമണത്തില്‍ വെറി പൂണ്ട കുറേ മാപ്പിള ‘മതഭ്രാന്തന്മാരുടെ’ ഒരു കിരാത ചെയ്തിയായി പലരും വ്യാഖ്യാനിക്കുന്നു എന്നത് ഖേദകരം തന്നെയാണ്. ഇത്തരം ചരിത്ര വ്യഭിചാരങ്ങള്‍ കൊളോണിയല്‍ കാലത്ത് ബ്രിട്ടീഷുകാരാണ് തുടങ്ങി വെച്ചത്. ഈ കാഴ്ചപ്പാട് തന്നെയാണ് മുഖ്യധാരാ ചരിത്രകാരന്മാര്‍ എന്ന് അവകാശപ്പെടുന്നവരിലധികവും പിന്തുടരുന്നത് എന്നതാണ് വേദനാജനകം. അതുകൊണ്ട് തന്നെ ഇതു സംബന്ധമായ പല വീക്ഷണങ്ങളും പുനര്‍ വായന ആവശ്യപ്പെടുന്നുണ്ട്.
സത്യത്തില്‍ ഇരുപത്തിയൊന്ന് സംഭവം, തിരൂരങ്ങാടി വെടിവെപ്പിലോ ആലി മുസ്‌ലിയാരുടെയും വാരിയന്‍കുന്നത്തിന്റെയും ‘മതഭ്രാന്തി’ലോ ഒതുക്കി രക്ഷപ്പെടുകയാണ് ചരിത്രകാരന്മാര്‍ പൊതുവെ ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണത്തിന്റെ അക്രമണോത്സുകതയോ ജന്മിമാരുടെ നിഷ്ഠൂരതയോ കോണ്‍ഗ്രസ് തന്നേയും ചെയ്ത പാലം വലിക്കലോ അധികപേരും ചര്‍ച്ചക്കെടുക്കുന്നില്ല. കോണ്‍ഗ്രസാണല്ലോ ഖിലാഫത്ത് പറഞ്ഞ് മാപ്പിളമാരെ മോഹിപ്പിച്ചത്. സന്നിഗ്ദ ഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം ഈ ഹതഭാഗ്യരെ കയ്യൊഴിയുകയാണ് ചെയ്തത്. അന്നു തന്നെ ഇതിന്റെ പരിണിതിയെക്കുറിച്ച് എം പി നാരായണ മേനോനെയും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെയും പോലെയുള്ള ദീര്‍ഘദൃഷ്ടിയുള്ള നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതെന്തായാലും തിരൂരങ്ങാടി സംഭവം മലബാര്‍ മാപ്പിള പോരാട്ടങ്ങളുടെ പരിസമാപ്തിയായിരുന്നു എന്നാണ് പൊതുവെ മനസിലാക്കിയിക്കുന്നത്. ആഗസ്റ്റ് ഇരുപത്തിയൊന്നിന് ഹുജൂര്‍ കച്ചേരിയില്‍ നടന്ന കൂട്ടക്കുരുതിയെ തുടര്‍ന്നു ഉമിത്തീ പോലെ തൊള്ളായിരത്തി ഇരുപത്തി രണ്ട് വരെ അത് നീറി പുകഞ്ഞു ക്രമേണ കെട്ടടങ്ങി എന്നതും സത്യമാണ്.
കളത്തില്‍ മുഹമ്മദിനെ അറസ്റ്റു ചെയ്യാന്‍ പോയതിനെ തുടര്‍ന്നുണ്ടായ പുക്കോട്ടൂര്‍ സംഭവവും വാരിയന്‍കുന്നന്റെ മലയാള നാട് പോരാട്ടങ്ങളും തിരൂരിലെ നിഷ്ഠൂരമായ വാഗണ്‍ ട്രാജഡിയും തുവ്വൂരിലെ കൂട്ടക്കുരുതിയുമൊക്കെയായി അവസാനത്തെ ആളിക്കത്തലിന് ശേഷം മലബാര്‍ സാവധാനം ശാന്തമായി. പതിനായിരക്കണക്കിന് പേര്‍ക്കാണ് ഈ ലഹളയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. കലാപത്തില്‍ മരിച്ച വിധവകളുടേയും കുട്ടികളുടേയും ആധിക്യം വലിയൊരു പ്രശ്നമായി മാറിയിരുന്നു. അവരെ പുനരധിവസിപ്പിക്കാനായി രൂപം കൊണ്ടതാണ് തിരൂരങ്ങാടിയിലെ പപ്പടത്തെരുവ് എന്ന അങ്ങാടി. അവിടെ പപ്പടം പരത്തി വിറ്റ് ഉപജീവനം തുടരുന്ന സ്ത്രീകള്‍ ഇന്നുമുണ്ടത്രെ. ഏതായാലും ലക്ഷക്കണക്കിനാളുകളാണ് ഈ ലഹളയെ തുടര്‍ന്ന് തെരുവിലേക്കെടുത്തെറിയപ്പെട്ടത്. അവരില്‍ പലരും ആശ്രയം നഷ്ടപ്പെട്ട മട്ടില്‍ നാടുനീളെ അലഞ്ഞു.
മദ്രാസിലെ മുസ്ലിം സ്വാതന്ത്ര്യ സമരനേതാവ് യാക്കൂബ് ഹസന്‍ കലാപബാധിതര്‍ക്ക് സഹായമര്‍ഥിച്ചു കൊണ്ട് ഗാന്ധിജിക്ക് ഒരു കത്തയച്ചിരുന്നു. ഗാന്ധിജി യംഗ് ഇന്ത്യയില്‍ അത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ അടിക്കുറിപ്പായി ഗാന്ധിജി ഇങ്ങനെ എഴുതി: ”മാപ്പിളമാരുടെ പൈശാചിക കൃത്യങ്ങളെ മുസല്‍മാന്റെ പൊതുസമൂഹം അവരാല്‍ കഴിയും വണ്ണം ശക്തമായി അപലപിച്ചിട്ടില്ലെന്ന് ആയിരക്കണക്കിന് ഹിന്ദുക്കള്‍ ചിന്തിക്കുന്നുണ്ടെന്നും അറിയാം…. ഇതേ ചുറ്റുപാടിലും ഇതേ അടിയന്തിരഘട്ടത്തിലും സ്വയരക്ഷക്കും സ്വനന്മക്കും വേണ്ടി എന്ത് ചെയ്യാമായിരുന്നുവോ അതാണ് അവര്‍ ചെയ്തത് എന്ന യാക്കൂബ് ഹസന്റെ ശക്തമായ വാദത്തെ പലരും (എന്നെ പോലെ) അവഗണിക്കും എന്നും അറിയാം.” (യംഗ് ഇന്ത്യ 1/5/1924)
ഖിലാഫത്തിന്റെ പ്രലോഭനത്തില്‍ മാപ്പിളമാരെ തെരുവിലിറക്കിയ ഗാന്ധിജിയുടെ പോലും കാഴ്ചപ്പാട് ഇതായിരുന്നുവെങ്കില്‍ ഹിന്ദുത്വയുടെ ഈ ആസുര കലത്ത് ചരിത്ര പണ്ഡിതന്മാര്‍ക്ക് മറിച്ചൊരു നിഗമനമുണ്ടാവുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നത് വൃഥാ വ്യായാമമാണ്. സത്യത്തില്‍ മലബാര്‍ കലാപത്തില്‍ സര്‍വം നഷ്ടപ്പെട്ട ഇരകള്‍ മദ്രാസിലെ തെരുവില്‍ അലയുന്നതിന്റെ വേദനയൂറുന്ന കാഴ്ച കണ്ടാണ് യാക്കൂബ് ഹസന്‍ പ്രസ്തുത എഴുത്ത് ഗാന്ധിജിയോട് പ്രസാധനം ചെയ്യാന്‍ അപേക്ഷിച്ചു കൊണ്ട് എഴുതുന്നത്. ആ കത്ത് പ്രസിദ്ധീകരണത്തിന് നല്‍കി കൊണ്ട് ഗാന്ധിജി അടിക്കുറിപ്പായി ഇത്തരം ഒരു വിവരണം കൊടുക്കുമ്പോള്‍ മാപ്പിള സമരങ്ങളെ എങ്ങനെയാണ് അദ്ദേഹം നോക്കിക്കണ്ടത് എന്ന് എളുപ്പം മനസിലാക്കാവുന്നതേയുള്ളു.
സത്യത്തില്‍ മലബാറിനെ കലുഷിതമാക്കിയ ഈ വിപ്ലവത്തിന്റെ യഥാര്‍ഥ വേരുകള്‍ കണ്ടെത്തുമ്പോഴേ കലാപങ്ങളുടെ കാര്യകാരണങ്ങള്‍ നമുക്ക് വിവേചിച്ചറിയാനാകൂ. അതാവട്ടെ ചിലര്‍ കരുതും പോലെ തിരൂരങ്ങാടിയുടെ കളത്തില്‍ ഒതുങ്ങി നില്‍ക്കുകയുമില്ല. അതിനെ കുറിച്ച് നിര്‍ണിതമായ ഒരഭിപ്രായം പറയണമെങ്കില്‍ നമ്മള്‍ നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് തിരിച്ചു നടക്കേണ്ടിയിരിക്കുന്നു. അഥവാ ഇവ്വിധം ജീവന്‍ പോലും തൃണവത്ഗണിച്ച് ഒരു ജനത ആക്രമണോല്‍സുകതയുടെ പാത തിരഞ്ഞെടുത്തുവെങ്കില്‍ അതിന് വ്യക്തമായ ഒരു കാരണവുമുണ്ടാകുമല്ലോ. ഈ വിഷയത്തിലുള്ള അന്വേഷണത്തിന് ഒരു നൂറ്റാണ്ടിന് ശേഷവും പ്രസക്തിയുണ്ട്.


ചേരമാന്‍ പെരുമാളിന്റെ മക്കത്ത് പോക്കിന് ശേഷം അഭിമാനപൂര്‍വം വളര്‍ന്നു വന്ന് ഈ നാട്ടിനോട് ഇഴുകിച്ചേര്‍ന്നവരായിരുന്നു മുസ്‌ലിംകള്‍. എന്നാല്‍ ഇസ്‌ലാമിന് മുമ്പും അറബികള്‍ ഇവിടെ കച്ചവടക്കാരായി ക്രയവിക്രയം ചെയ്തു വന്നു. അവര്‍ മലബാറില്‍ നിന്ന് സുഗന്ധദ്രവ്യങ്ങള്‍ ശേഖരിച്ച് യൂറോപ്യന്‍, ആഫ്രിക്കന്‍ വിപണികളില്‍ അവ കച്ചവടം ചെയ്ത് ഉപജീവനം നടത്തി. ഇത്തരം കച്ചവടത്തില്‍ അക്കാലത്ത് ഗ്രീസിനോടും റോമിനോടും അറബികള്‍ മത്സരിക്കുക പോലും ചെയ്തിരുന്നു. വെനീസിലേയും ഏദനിലേയും പില്‍ക്കാലത്ത് ഈജിപ്തിലേയും കച്ചവട കേന്ദ്രങ്ങളില്‍ അവരുടെ ആധിപത്യമുണ്ടായിരുന്നു. അറബികള്‍ പക്ഷെ, ചെന്നെത്തിയ പ്രദേശങ്ങള്‍ വെട്ടിപ്പിടിച്ച് വരുതിയിലാക്കാനോ അവിടങ്ങളിലെ നാട്ടുരാജാക്കന്മാരുടെ ഭരണകാര്യത്തിലിടപെടാനോ മുതിര്‍ന്നില്ല. അന്നം തരുന്ന നാടുകളോട് സമരസപ്പെട്ടും അവിടത്തെ ജനങ്ങളോട് സൗഹൃദത്തില്‍ വര്‍ത്തിച്ചുമാണവര്‍ മുന്നോട്ട് നീങ്ങിയത്.
മലബാറിനെ സംബന്ധിച്ചിടത്തോളം സാംസ്‌കാരികമായി ഇവിടത്തെ ജനങ്ങളില്‍ നിന്ന് ചിലതെല്ലാം സ്വീകരിച്ചും മറ്റു ചിലത് തിരിച്ചു കൊടുത്തും അവര്‍ ഈ നാട്ടിന്റെ ഭാഗമായി. അതിനിടക്കായിരുന്നു ഇസ്‌ലാമിന്റെ ആവിര്‍ഭാവം. സ്വാഭാവികമായും മാനവ ഐക്യത്തിലധിഷ്ഠിതമായ ആ ആദര്‍ശം അവരുടെ മനസ് കൂടുതല്‍ നിര്‍മലമാക്കി. കച്ചവടത്തിനിടക്ക് തന്നെ അവര്‍ പ്രബോധന ദൗത്യവും ഏറ്റെടുത്തു. ഈ സുകൃതികളുടെ സ്വഭാവ സവിശേഷതകളില്‍ ആകൃഷ്ടരായി തന്നെയാവണം ചേരമാന്‍ പെരുമാള്‍ പോലും ഇസ്‌ലാമിലേക്ക് ചേക്കേറിയത്.
ഉത്തരേന്ത്യയില്‍ അധികാരം വെട്ടിപ്പിടിക്കാനെത്തിയ ആക്രമണകാരികളായ മുസ്‌ലിം രാജാക്കന്മാരുടെ കഥയല്ല കേരളത്തിന് പറയാനുള്ളത് എന്നര്‍ഥം. അത്തരം രാജവംശങ്ങളുടെ ഭരണമേഖല പോലുമായിരുന്നില്ല മലബാറും തിരുവിതാംകൂറുമൊന്നും. അവയൊന്നും ഡക്കാണിനിപ്പുറം കടന്നിരുന്നില്ല. അതിലും പൗരാണികമായ അശോകന്റെ സാമ്രാജ്യം പോലും ദക്ഷിണ ദേശങ്ങളെ അന്യ നാടുകളായാണ് കണ്ടത്.
മറിച്ച് ഇവിടെ മാലിക് ഇബ്‌നു ദീനാറും ചേരമാന്‍ പെരുമാളും തമ്മിലുള്ള സൗഹൃദത്തിലൂടെയാണ് ഇസ്ലാം ചുവടുറപ്പിച്ചത്. ഈ സ്വഹാബിവര്യന്റെ പ്രബോധന ദൗത്യത്തിലൂടെയാണ് ഇസ്ലാമിന്റെ വെളിച്ചം ഇവിടെ പരന്നത്. അവര്‍ക്ക് സാമ്രാജ്യവും അധികാരവും വേണ്ടിയിരുന്നില്ല. എന്നാല്‍ അവര്‍ അഭിമാനികളും ആത്മബോധമുള്ളവരുമായിരുന്നു. അവര്‍ക്ക് ഇസ്ലാമിന്റെ സന്ദേശം ഭൂമിയില്‍ പ്രചരിപ്പിക്കുക, നിത്യവൃത്തി പുലരാന്‍ ഒരു മാര്‍ഗമുണ്ടാക്കുക എന്നതില്‍ കവിഞ്ഞൊരു താല്‍പര്യമില്ലായിരുന്നു. മാലിക്ക് ഇബ്‌നു ദീനാറിന്റെയും അനുചരന്‍മാരുടേയും വ്യക്തിത്വത്തില്‍ ആകൃഷ്ടരായി തന്നേയാണ് ചേരമാന്‍ പെരുമാള്‍ പോലും മക്കയിലേക്ക് പുറപ്പെട്ട് പോയത്. അദ്ദേഹത്തെ പിന്തുടര്‍ന്ന് ഇസ്ലാം പുല്‍കിയ മാപ്പിള സമൂഹം ഈ നാട്ടില്‍ വേറൊരു തുരുത്തായി നിലകൊണ്ടില്ല എന്നര്‍ഥം. അവരുടെ ഈ സത്യസന്ധതയും സുതാര്യതയും മറ്റു നാട്ടുരാജാക്കന്മാരേയും ആകര്‍ഷിച്ചു.
ചുരുക്കത്തില്‍ നാട്ടുരാജാക്കന്മാരുടെ തണലില്‍ അവരുടെ സാമ്പത്തിക ഭണ്ഡാരങ്ങളെ പുഷ്ടിപ്പെടുത്തിയും ചിലപ്പോള്‍ രാഷ്ട്രീയ ആഭ്യന്തരപരമായ കാര്യങ്ങളില്‍ ഭരണകൂടങ്ങള്‍ക്ക് ദിശാബോധം നല്‍കിയും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള വ്യാപാരപരമായ കൊള്ളക്കൊടുക്കകള്‍ നിയന്ത്രിച്ചും അന്നത്തെ അധികാരികള്‍ക്ക് ഒഴിച്ചു നിര്‍ത്താനാവാത്ത ഒരു വിഭാഗമായി ഇസ്ലാമിന്റെ പ്രാരംഭകാലത്തു തന്നെ മുസ്ലിംകള്‍ വളര്‍ന്നു. അവരോടുള്ള ബഹുമാന സൂചകമായിത്തന്നേയാവണം ആദ്യമായി മുസ്ലിംകള്‍ക്ക് മാപ്പിള എന്ന നാമം കൈവരുന്നത്. ഏതായിരുന്നാലും അക്കാലത്ത് അഭിമാനകരമായ ഒരു ജീവിതമാണ് മാപ്പിള മുസ്ലിം ജീവിച്ചത് എന്നതില്‍ തര്‍ക്കമില്ല.
എന്നാല്‍ ആയിരത്തി നാനൂറ്റി തൊണ്ണൂറ്റി എട്ടോടെ മാപ്പിളവര്‍ഗത്തിന്റെ ശനിദശ ആരംഭിച്ചു എന്ന് പറയാം. വാസ്‌കോഡി ഗാമയുടെ നേതൃത്വത്തില്‍ പോര്‍ച്ചുഗീസുകാര്‍ കാപ്പാട് കപ്പലിറങ്ങിയത് മാപ്പിളമാരുടെ ദുരിത പര്‍വ്വത്തിന്റെ നാന്ദിയായിരുന്നു. മാപ്പിളമാരുമായുള്ള കച്ചവടമായിരുന്നു സാമൂതിരിയുടെ സാമ്പത്തിക നിലനില്‍പ്പിന് നിദാനം. അവരെ ഉപജീവിച്ച് ഖജനാവ് നിറച്ചിരുന്ന സാമൂതിരി പറങ്കികളോട് അടുക്കാന്‍ മടിച്ചു. മൂറുകളെ (മാപ്പിളമാരെ) കച്ചവടത്തില്‍ നിന്ന് മാറ്റിനിര്‍ത്തി തങ്ങളെ ആ സ്ഥാനത്ത് കൊണ്ടു വരണമെന്ന അവരുടെ ആഗ്രഹം സാമൂതിരിയുടെ പ്രായോഗിക മനസ് അംഗീകരിച്ചില്ല. പ്രതികാര മനോഭാവത്തോടെ ഗാമ തന്റെ കപ്പല്‍ കടത്തനാട്ടേക്ക് ഗതി തിരിച്ചുവിട്ടു. പക്ഷെ സാമൂതിരിയെ അപേക്ഷിച്ച് കേവലം കൊച്ചു നാട്ടുരാജ്യമായിരുന്ന കോലത്തിരിയുടെ ശുഷ്‌കമായ രാജ്യത്തെ മാത്രം ആശ്രയിച്ചാല്‍ തങ്ങളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടില്ല എന്ന ബോധ്യത്തില്‍ കടത്തനാടിനെ പിണക്കാതെ തന്നെ പറങ്കികള്‍ കൊച്ചി രാജാവിനെയും സമീപിച്ചു. സാമൂതിരിയും തിരുവിതാംകൂറും ഒരേ പോലെ തലവേദനയായിരുന്ന കൊച്ചി എളുപ്പത്തില്‍ ഗാമയുടെ വലയില്‍ വീണു. ഗാമയെ പിന്തുടര്‍ന്ന് വന്ന അല്‍വാരീസ് കബ്രാളിന് ആദ്യമായി ഒരു യൂറോപ്യന്‍ കോട്ട കെട്ടാന്‍ കൊച്ചി അനുവാദം നല്‍കി. എന്നാല്‍ പോര്‍ച്ചുഗീസുകാര്‍ കേവലം കച്ചവടം കൊണ്ട് തൃപ്തിയടഞ്ഞില്ല.
കാരണം വാസ്‌കോഡഗാമയുടെ ആഗമനത്തിന്റെ പ്രഥമ ലക്ഷ്യം കേവലം കച്ചവടം മാത്രമായിരുന്നില്ല. ലോകം മുഴുവന്‍ ക്രൈസ്തവവല്‍ക്കരിക്കാനുള്ള നൂറ്റാണ്ടുകള്‍ നീണ്ട യൂറോപ്യന്‍ താല്‍പര്യങ്ങളുടെ ഭാഗമായിരുന്നു ഗാമയുടെ വരവ്. മറ്റൊരര്‍ഥത്തില്‍ അത് കുരിശുയുദ്ധങ്ങളുടെ പിന്തുടര്‍ച്ചയുമായിരുന്നു. ഈ ലക്ഷ്യത്തിനായി ഗാമയുടെ കൂടെ നൂറുകണക്കിന് മിഷണറിമാരേയും പോര്‍ച്ചുഗല്‍ രാജാവ് മാനുവല്‍ കപ്പലില്‍ അയച്ചിരുന്നു. കര്‍ദിനാളില്‍ നിന്നും മാര്‍പ്പാപ്പയില്‍ നിന്നും ഈ ഉദ്യമത്തിന് രാജാവ് അനുവാദം തേടി കത്തയച്ച ശേഷമാണ് ഈ മിഷണറികളെ കൂടെ കൂട്ടാന്‍ തീരുമാനിച്ചത്.
ഇവ്വിധം ലക്ഷ്യങ്ങളോട് കൂടി കാപ്പാട് കരക്കണക്കഞ്ഞ ഗാമക്ക് കോഴിക്കോട് രാജാവിന്റെ പ്രതികരണത്തില്‍ ഈര്‍ഷ്യ കയറിയതില്‍ അത്ഭുതമില്ല. തന്റെ പ്രതീക്ഷകള്‍ അസ്തമിക്കുന്നുവോ എന്ന ആധിയില്‍ കൂടിയാണ് ഗാമ കടത്തനാടിനേയും കൊച്ചിയേയും ആശ്രയിക്കുന്നത്.

അതേസമയം അത്യന്തം കലുഷമായ ഈ സമയത്ത് കൊച്ചി പ്രദേശത്ത് കടല്‍ വ്യാപാരങ്ങളുമായി ഉപജീവിച്ചിരുന്ന കുഞ്ഞാലി മരക്കാര്‍ കുടുബം പോര്‍ച്ചുഗീസ് ശല്യത്തില്‍ തങ്ങളുടെ താവളം കോഴിക്കോട്ടേക്ക് മാറ്റി. കുഞ്ഞാലിയുടെ കടല്‍ പ്രാവീണ്യം തിരിച്ചറിഞ്ഞ സാമൂതിരി കുഞ്ഞാലി ഒന്നാമനെ തന്റെ നാവിക തലവനായി നിയമിച്ചു. അങ്ങനെ പറങ്കികള്‍ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് കുഞ്ഞാലിയും കൂട്ടരും കോഴിക്കോടിന് സംരക്ഷണ വലയം തീര്‍ത്തു. പക്ഷെ പറങ്കികളുടെ ആധുനിക രീതിയിലുള്ള ആയുധങ്ങള്‍ക്ക് മുന്നില്‍ കുഞ്ഞാലി പക്ഷത്തിന് ആള്‍നാശം കൂടി കൂടി വന്നു. കുഞ്ഞാലിയുടെ പടക്കപ്പലുകള്‍ പലതും തകര്‍ത്തു. എങ്കിലും കൊച്ചു കൊച്ചു വള്ളങ്ങളിലൂടെ ഒളിപ്പോര്‍ മട്ടില്‍ പറങ്കികളെ ആക്രമിച്ച് നഷ്ടം വരുത്തി വെച്ച് മിന്നായം പോലെ മറയുന്ന മരക്കാര്‍ സൈന്യത്തെ ഇവര്‍ നല്ലവണ്ണം ഭയപ്പെട്ടിരുന്നു. ഇതിനിടക്ക് ഈ കടല്‍ പോരാളികള്‍ക്ക് പലപ്പോഴും ജീവന്‍ നഷ്ടപ്പെടുക പതിവായിരുന്നു. ഈ ഒരവസ്ഥയിലാവണം ഓരോ വീട്ടിലും ഓരോ മുസ്ലിമിനെ വളര്‍ത്തിയെടുക്കണം എന്ന തിട്ടൂരം സാമൂതിരി പുറപ്പെടുവിച്ചത് എന്നും കരുതാവുന്നതാണ്.
സാമൂതിരിയുടെ മുസ്ലിംകളോടുള്ള സൗഹൃദത്തിന്റെ നിദര്‍ശനങ്ങളാല്‍ സമ്പന്നമാണ് പതിനാറാം നൂറ്റാണ്ടിലെ മുസ്ലിം നേതാവായിരുന്ന സൈനുദ്ധീന്‍ മഖ്ദൂമിന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന പോരാട്ട ഗ്രന്ഥം. സാമൂതിരിയുടെ സാമ്പത്തികാടിത്തറ തന്നെ മുസ്ലിം കച്ചവടക്കാരായിരുന്നു എന്ന് പ്രസ്തുത ഗ്രന്ഥത്തില്‍ മഖ്ദൂം പരാമര്‍ശിക്കുന്നുണ്ട്. അവരുടെ ചുങ്കങ്ങളിലൂടെയാണ് സാമൂതിരിയുടെ ഖജനാവ് പുഷ്ടിപ്പെട്ടത് എന്നും അവര്‍ ഏകോദര സാഹോദര്യത്തിലാണ് ജീവിച്ചിരുന്നത് എന്നും തുഹ്ഫയില്‍ മഖ്ദൂം പറയുന്നുണ്ട്.
സൈനുദ്ധീന്‍ മഖ്ദൂമിന്റെ തുഹ്ഫ യൂറോപ്യന്‍ ആധിപത്യത്തിനെതിരെ പൊരുതാന്‍ ആഹ്വാനം ചെയ്യുന്ന ആദ്യ പോരാട്ട കൃതിയായാണ് എം ജി എസ് നാരായണനെ പോലുള്ള ചരിത്രകാരന്മാര്‍ വിലയിരുത്തുന്നത്. പ്രസ്തുത ഗ്രന്ഥത്തില്‍ പറങ്കികള്‍ എവ്വിധമാണ് അവരുടെ മനുഷ്യത്വരഹിതമായ പീഢനങ്ങള്‍ക്ക് മാപ്പിളമാരെ ഇരയാക്കിയത് എന്നും മഖ്ദൂം വിശദമായി തന്നെ പരാമര്‍ശിക്കുന്നുണ്ട്:
‘ഏതെല്ലാം തരത്തിലുള്ള ക്രൂരതകള്‍ക്കും അപമാനങ്ങള്‍ക്കുമാണ് പോര്‍ച്ചുഗീസുകാരുടെ കൈക്ക് മുസ്ലിംകള്‍ ഇരയായതെന്ന് എണ്ണി വിവരിക്കുക പ്രയാസമാണ്. അകാരണമായി ദണ്ഡിക്കുക, പരിഹസിക്കുക, അപമാനിക്കുക, ചെളിയും വെള്ളവുമുള്ള സ്ഥലങ്ങളിലൂടെ നടന്ന് പോകേണ്ടി വരുമ്പോള്‍ വാഹനമായിട്ടുപയോഗിക്കുക, മുഖത്തും ശരീരത്തിലും കാര്‍ക്കിച്ച് തുപ്പുക,. മുസ്ഹഫുകളും കിതാബുകളും കത്തിക്കുകയും ചവിട്ടിത്തേക്കുകയും ചെയ്യുക, പ്രവാചകനെ പരസ്യമായി അപമാനിക്കുക, ആരാധനാലയങ്ങള്‍ അശുദ്ധമാക്കുക, ഇസ്ലാം മതത്തിന് വിരുദ്ധമായ വാക്കുകള്‍ ഹിന്ദുക്കളെക്കൊണ്ടും മുസ്ലിംകളെ കൊണ്ടും പറയിപ്പിക്കുക, കുരിശിന് മുന്നില്‍ നിര്‍ബന്ധിപ്പിച്ച് കുമ്പിടുപ്പിക്കുക, അത് ചെയ്യുന്നവര്‍ക്ക് പണം കൊടുക്കുക, മുസ്ലിം സ്ത്രീകളെ അവമതിപ്പിക്കാനായി അവരുടെ മുന്നിലൂടെ സര്‍വാഭരണ വിഭൂഷിതകളാക്കി കൃസ്ത്യന്‍ സ്ത്രീകളെ നടത്തിക്കുക, ഹജ്ജ് തീര്‍ഥാടകരെ വധിക്കുകയും പലവിധേനയും പീഡിപ്പിക്കുകയും ചെയ്യുക, പിടിച്ച് ബന്ധിപ്പിച്ച് അടിമകളാക്കി കൈകാലുകളില്‍ ചങ്ങലയിടുക, പിടിച്ചു കൊണ്ടുപോയി അങ്ങാടിയില്‍ വില്‍ക്കുക, ഇങ്ങനെ വില്‍ക്കുന്നവരെ മോചിപ്പിക്കാന്‍ വരുന്നവരില്‍ നിന്ന് അധിക വില കിട്ടാന്‍ വേണ്ടി പീഡിപ്പിക്കുക, പിടിച്ചു കൊണ്ടുപോയി ദുര്‍ഗന്ധം വമിക്കുന്നതും അപകടം നിറഞ്ഞതുമായ ഇരുട്ടറയില്‍ തള്ളി പട്ടിണിക്കിടുക, മലമൂത്ര വിസര്‍ജനത്തിന് ശേഷം വെള്ളം കൊണ്ടു ശുചീകരിക്കുന്നവരെ ചെരിപ്പുകൊണ്ടും മറ്റും അടിക്കുക… അങ്ങനെ എന്തെല്ലാം കാടത്തങ്ങള്‍…’ (തുഹ്ഫത്തുല്‍ മുജാഹിദീന്‍ പരിഭാഷ, സി ഹംസ)
പറങ്കികളുടെ ഈ നിഷ്ഠൂരതയെ എതിര്‍ക്കാന്‍ ഉള്ളിലാഗ്രഹമുണ്ടായിരുന്നുവെങ്കിലും സാമൂതിരിയും നിസ്സഹായനായിരുന്നു. എങ്കിലും കാലം പറങ്കികളോട് സമരസപ്പെടുന്ന ഒരു നിലപാടിലേക്ക് സാമൂതിരിയെയും നയിച്ചു. പറങ്കികളെ പിണക്കിക്കൊണ്ട് തനിക്ക് പിടിച്ചു നില്‍ക്കാനാവില്ല എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. യൂറോപ്യന്‍ ആയുധങ്ങള്‍ക്ക് മുന്നില്‍ അടിയറവ് പറയേണ്ട ഒരവസ്ഥ കടല്‍ തീരത്തുള്ള നാട്ടുരാജാക്കന്മാര്‍ക്കെല്ലാം വന്നു ചേര്‍ന്നു. കടത്തനാടും കൊച്ചിയും ആദ്യമേ പറങ്കികളോട് ചേര്‍ന്ന് നിന്നു എന്ന് സൂചിപ്പിച്ചുവല്ലോ. തിരുവിതാം കൂറും അതേ നിലപാട് സ്വീകരിച്ചു. അതേ വഴിയിലേക്ക് ഗത്യന്തരമില്ലാതെ പില്‍ക്കാലത്ത് സാമൂതിരിക്കും വരേണ്ടി വന്നുവെന്ന് ചുരുക്കം. അങ്ങനെയാണ് ചാലിയത്ത് കോട്ടകെട്ടാനുള്ള അധികാരം അന്നത്തെ കോഴിക്കോട് രാജാവ് പറങ്കികള്‍ക്ക് നല്‍കിയത്. പില്‍ക്കാലത്ത് അത് പൊളിച്ചുമാറ്റിയെങ്കിലും സാമൂതിരിയുടെ ആ നിലപാട് അധികകാലം നീണ്ടുനിന്നില്ല. ഈ സംഭവത്തെ ആസ്പദമാക്കിയാണ് ഖാദി മുഹമ്മദ് എന്ന കവി ‘ഫത്തഹുല്‍ മുബീന്‍’ എന്ന കാവ്യം രചിച്ചത്. ഈ കൃതിയില്‍ അന്നത്തെ ഹിന്ദു മുസ്ലിം ഐക്യത്തെ ഹൃദ്യമായി ഖാദി മുഹമ്മദ് വരച്ചു വെക്കുന്നുണ്ട്. ഈ കവി തന്നെയാണ് പ്രശസ്തമായ മുഹ്‌യുദ്ധീന്‍ മാലയുടേയും രചയിതാവ്.
അതെന്തായാലും സാമൂതിരി അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തില്‍ പറങ്കികള്‍ പറയുന്നതെന്തും സ്വീകരിക്കാനുള്ള ഒരവസ്ഥയിലേക്ക് എത്തി എന്നതാണ് സത്യം. ഇതിന്റെ ഭവിഷ്യഫലമായിരുന്നു കുഞ്ഞാലി നാലാമനെ അനുനയത്തില്‍ വിളിച്ചു വരുത്തി സാമൂതിരി പോര്‍ച്ചുഗീസുകാര്‍ക്ക് വിട്ടു കൊടുത്തത്. കുഞ്ഞാലി നാലാമന്റെ കൊലയോടെ പറങ്കികള്‍ക്ക് കടലിലും എതിരാളികളില്ലാതെയായി. തീരദേശത്ത് പൂര്‍വാധികം ശക്തിയോടെ അവര്‍ അഴിഞ്ഞാടാന്‍ ഇത് അവസരമൊരുക്കി. സാമൂതിരിയെയെന്നല്ല സര്‍വ നാട്ടരചന്മാരേയും പേടിപ്പിച്ചും പ്രീണിപ്പിച്ചും പറങ്കികള്‍ വരുതിയില്‍ നിര്‍ത്തി. സാമൂതിരിയുടെ ഈ ചുവടുമാറ്റം ഏറ്റവും കൂടുതല്‍ പ്രശ്നവല്‍ക്കരിച്ചത് കടലിനെ ഉപജീവിച്ച് നാളുകള്‍ നീക്കിയിരുന്ന മാപ്പിള മുസ്ലിംകളെയായിരുന്നു. അവര്‍ക്ക് തീരദേശത്ത് നിന്ന് ഉള്‍നാടുകളിലേക്ക് ചേക്കേറുകയല്ലാതെ മറ്റൊരു നിവൃത്തിയും ഇല്ലാത്ത അവസ്ഥ വന്നു. കടലിനെയും കച്ചവടത്തേയും മാത്രം ആശ്രയിച്ച് ജീവിതം പരിചയിച്ച മാപ്പിളമാര്‍ക്ക് ഇതൊരു വലിയ പരീക്ഷണം തന്നെയായിരുന്നു. ഈ മട്ടില്‍ ഉള്‍ഭാഗത്തേക്ക് ചേക്കേറിയ മാപ്പിള മക്കള്‍ പട്ടിണിയുടേയും പ്രാരാബ്ധങ്ങളുടേയും പിടിയിലമര്‍ന്നു. അവര്‍ക്ക് ഉള്‍പ്രദേശത്ത് രാജാക്കന്മാരെ പോലെ വാണരുളിയിരുന്ന സവര്‍ണ ജന്മിമാരുടെ ദാക്ഷിണ്യത്തിന് മുന്നില്‍ ഓച്ചാനിച്ചു നില്‍ക്കേണ്ട ഗതികേടാണ് ഇത് കാരണം വന്നു ചേര്‍ന്നത്.
അതേ സമയം ജന്മികളുടെ മുഷ്‌കിന് മുന്നില്‍ നടുനിവര്‍ത്താനാവാതെ തീണ്ടാപ്പാടകലെ നിന്ന് ആട്ടും തുപ്പും സഹിച്ച് ദുരിതം പേറിയിരുന്ന കീഴാളവിഭാഗം എന്നും ഇവരുടെ പിഡനങ്ങളാല്‍ പൊറുതി മുട്ടിയിരുന്നതും മലബാറിന്റെ ഈ ഉള്‍മേഖലയിലെ പതിവ് കാഴ്ചയായിരുന്നു. ഈയൊരവസ്ഥയില്‍ ഈ കീഴാള വിഭാഗത്തിന് സ്വാഭാവികമായും മാപ്പിള സമൂഹം നല്ല കൂട്ടാളിയായി. അസ്പൃശ്യതയില്‍ എന്നും അകറ്റി നിര്‍ത്തപ്പെട്ട ഈ കീഴാള സമൂഹം കാലക്രമേണ മാപ്പിളമാരുടെ സാഹോദര്യ ജീവിതത്തില്‍ ആകൃഷ്ടരായി. ദീന്‍ സ്വീകരിക്കുന്നതോടെ അയിത്തത്തിന്റെ കുരുക്കുകള്‍ അഴിയുന്ന അത്ഭുതകരമായ കാഴ്ച കണ്ട് കീഴാള സമൂഹം കൂട്ടം കൂട്ടമായി ഇസ്ലാമില്‍ അഭയം തേടാന്‍ തുടങ്ങി. ദുരിതം സഹിക്കുന്ന സമാന മനസ്‌കരെന്ന നിലക്ക് സ്വാഭാവികമായും ഇവര്‍ കൈകോര്‍ത്തു പിടിച്ച് ജന്മിത്വത്തിന്റെ ധാര്‍ഷ്ഠ്യത്തിനെതിരെ അണിനിരന്നു. ജന്മികളാവട്ടെ നാട്ടരചന്മാരുടേയും യൂറോപ്യന്‍ ഭരണ വര്‍ഗത്തിന്റെയും തണലില്‍ കൊഴുത്തു വളര്‍ന്ന് അവരുടെ പീഡനങ്ങള്‍ തുടര്‍ന്നു. ജന്മിവര്‍ഗം മേല്‍ചാര്‍ത്തും കുടിയൊഴിപ്പിക്കലും പതിവാക്കി. വിളയുന്നതെല്ലാം തമ്പ്രാക്കന്മാരുടെ പത്തായം വിഴുങ്ങുന്ന ഒരവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്. ഈ പീഡനപര്‍വം താണ്ടാന്‍ അവന്‍ കയ്യില്‍ കിട്ടിയതുമായി ചെറുത്തു നിന്നു. ഈ പശ്ചാത്തലത്തിലാണ് മൈസൂരിന്റെ ആ ഗമനം.
(അവസാനിക്കുന്നില്ല)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x