29 Friday
March 2024
2024 March 29
1445 Ramadân 19

മദ്യനയം തിരുത്തണം


പുതിയ മദ്യനയത്തിന് കേരള സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്. മദ്യ ഉപഭോഗം കുറച്ച് മദ്യാസക്തി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് തെരഞ്ഞെടുപ്പുകാലത്ത് പ്രചാരണം നടത്തിയിരുന്ന ഇടതുപക്ഷമാണ് ഇപ്പോള്‍ അതിനു കടകവിരുദ്ധമായ മദ്യനയം സ്വീകരിച്ചിരിക്കുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ മദ്യനയവുമായി ബന്ധപ്പെട്ട് പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം കാറ്റില്‍ പറത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ബാര്‍ കോഴക്കേസ് കത്തിനിന്നിരുന്ന ആ കാലത്ത് മദ്യനയം സുതാര്യമാക്കുമെന്നും പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നും പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അധികാരത്തിലെത്തിയപ്പോള്‍ മദ്യ ഉപഭോഗം വര്‍ധിപ്പിക്കുന്ന തരത്തിലാണ് നയനിലപാടുകള്‍ സ്വീകരിച്ചത്.
മദ്യനിരോധനത്തിന്റെ ആദ്യഘട്ടം ബോധവത്കരണമാണ്. അതിന് മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരണം. മദ്യത്തിന്റെ ലഭ്യത ഘട്ടംഘട്ടമായി നിയന്ത്രിച്ചാല്‍ മാത്രമേ അത് ഫലപ്രദമാകൂ. പത്തു വര്‍ഷം കൊണ്ട് മദ്യനിരോധനം ലക്ഷ്യമാക്കി 2014ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരം ഓരോ വര്‍ഷവും പത്ത് ശതമാനം ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടേണ്ടതാണ്. എന്നാല്‍, ആ ഉത്തരവ് മരവിപ്പിക്കുകയും അടച്ചുപൂട്ടിയ ഔട്ട്ലെറ്റുകള്‍ തുറക്കുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍, ദേശീയപാതകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ദൂരപരിധി, പല സര്‍ക്കാര്‍ ഉത്തരവുകളിലൂടെയും കോടതി ഇടപെടലുകളിലൂടെയും ഘട്ടംഘട്ടമായി നിര്‍വീര്യമാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഘട്ടംഘട്ടമായി മദ്യനിരോധനം എന്നതിനു പകരം ഘട്ടംഘട്ടമായി മദ്യാസക്തിയുള്ള യുവതലമുറയെ സൃഷ്ടിച്ചെടുക്കുന്ന നയനിലപാടുകളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള മദ്യനയം പ്രകാരം നൂറിലധികം വിദേശമദ്യത്തിന്റെ ചില്ലറ വില്‍പനശാലകള്‍ ആരംഭിക്കും, ഐ ടി പാര്‍ക്കുകളില്‍ തൊഴിലാളികളെ ലക്ഷ്യമിട്ട് ബാറുകള്‍ തുറക്കും, വിനോദസഞ്ചാര മേഖലകളില്‍ മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കും എന്നിത്യാദി കാര്യങ്ങളാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെ വിവിധ മത-സാമൂഹിക സംഘടനകളും കേരളാ കോണ്‍ഗ്രസ് പോലെയുള്ള ഇടത് ഘടകകക്ഷികള്‍ തന്നെയും രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതുവരെയും സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
2019-20ലെ അഞ്ചാമത് നാഷനല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പ്രകാരം കേരളത്തിലെ 15 വയസ്സിനു മുകളിലുള്ള 19.9% പുരുഷന്മാരും 0.2% സ്ത്രീകളും മദ്യ ഉപയോക്താക്കളാണ്. മദ്യപിക്കുന്ന പുരുഷന്മാരുടെ ഈ കണക്ക് ദേശീയ ശരാശരിക്കു മുകളിലാണ്. സര്‍വേ പ്രകാരം ദേശീയതലത്തില്‍ 18.8% ശതമാനം പുരുഷന്മാരാണ് മദ്യത്തിന് അടിപ്പെട്ടിരിക്കുന്നത്. എന്നാല്‍ 2015-16ലെ നാലാമത് ഫാമിലി സര്‍വേ പ്രകാരം കേരളത്തിലെ മദ്യപിക്കുന്ന പുരുഷന്മാരുടെ എണ്ണം 37 ശതമാനമായിരുന്നു. നാലു വര്‍ഷം കൊണ്ട് 46 ശതമാനമാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ബിവറേജസ് കോര്‍പറേഷന്‍ മൊത്തവിതരണം ചെയ്ത മദ്യക്കുപ്പികളുടെ എണ്ണത്തിലും ഈ കുറവുണ്ട്. 2016ല്‍ 355 ലക്ഷം കുപ്പികളാണ് വിതരണം ചെയ്തതെങ്കില്‍ 2020ല്‍ 334 ലക്ഷം കുപ്പികളാണ് വില്‍പന നടത്തിയത്. വിതരണത്തില്‍ നേരിയ കുറവുണ്ടെങ്കിലും വിലയും നികുതിയും വര്‍ധിപ്പിച്ചതുമൂലം കോര്‍പറേഷന്റെ വരുമാനം കൂടുകയാണ് ചെയ്തത്. കേരള സര്‍ക്കാരിന്റെ തന്നെ വിമുക്തി പരിപാടികള്‍, കുടുംബശ്രീയുടെ ലഹരിവിരുദ്ധ കാമ്പയിനുകള്‍, മത-സാമൂഹിക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ മൂലമാണ് ഈ കുറവ് ഉണ്ടായതെന്ന് ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നുണ്ട്.
അതേസമയം, മുപ്പതു വയസ്സിനു താഴെയുള്ളവര്‍ വ്യാപകമായി കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നിലേക്ക് തിരിഞ്ഞതുകൊണ്ടാണ് മദ്യ ഉപഭോഗം കുറഞ്ഞതെന്നും നിരീക്ഷണമുണ്ട്. ഇന്ന് പുറത്തുവരുന്ന കഞ്ചാവുകേസുകളുടെ എണ്ണം പരിശോധിക്കുമ്പോള്‍ ഈ നിരീക്ഷണം സത്യമാകാനാണ് സാധ്യത. വിവിധ കാമ്പയിനുകളിലൂടെ ആയാലും അല്ലെങ്കിലും ഇപ്പോള്‍ കുറഞ്ഞുവന്നിരിക്കുന്ന മദ്യ ഉപഭോഗം വര്‍ധിപ്പിക്കാനും മദ്യാസക്തിയുള്ള തലമുറയാക്കി സമൂഹത്തെ മാറ്റാനുമാണ് ഇപ്പോഴത്തെ മദ്യനയം ഉപകരിക്കുക എന്ന കാര്യം തീര്‍ച്ചയാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x