19 Friday
April 2024
2024 April 19
1445 Chawwâl 10

മദ്‌റസാ പഠനവും ഓണ്‍ലൈന്‍ സാധ്യതകളും

അബ്ദുല്‍വഹാബ് നന്മണ്ട


കേരള മുസ്‌ലിംകളുടെ നവോത്ഥാനത്തിന്റെ അടിത്തറ മതവിദ്യാഭ്യാസത്തിനും ഭൗതികവിദ്യാഭ്യാസത്തിനും സമൂഹം നല്‍കിയ പ്രാധാന്യമായിരുന്നു. വിദ്യാഭ്യാസരംഗത്തും തൊഴില്‍രംഗത്തും ഉന്നത മേഖലകള്‍ കീഴടക്കുമ്പോഴും വിശ്വാസബോധവും അനുഷ്ഠാനപരതയും സമൂഹത്തില്‍ പ്രകടമായിരുന്നു. ഓത്തുപള്ളികളില്‍ നിന്നു തുടക്കം കുറിച്ച് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു നൂറ്റാണ്ടു മുമ്പ് തുടങ്ങിവെച്ച വ്യവസ്ഥാപിത ക്ലാസ്‌റൂം സംവിധാനത്തിലൂടെ ഈ പ്രക്രിയ സമൂഹത്തില്‍ സാകൂതം തുടരുകയാണ്.
പാരമ്പര്യമായ അധ്യാപനശൈലികള്‍ പിന്തുടരുന്നവരെ യും ആധുനിക വിദ്യാഭ്യാസ തത്വങ്ങള്‍ സ്വാംശീകരിച്ച് ശിശുസൗഹൃദമായ മതപഠനരീതികള്‍ക്ക് തുടക്കം കുറിച്ചവരെയും നമുക്കിവിടെ കാണാം. വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമായ ഡിജിറ്റല്‍ കാലഘട്ടത്തില്‍ മതവിദ്യാഭ്യാസത്തിന്റെ സാധ്യതകളെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും നമുക്ക് പരിശോധിക്കാം.
ഓണ്‍ലൈന്‍
മദ്‌റസകള്‍

21-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ലോകത്ത് ഉദയംകൊണ്ട വിദ്യാഭ്യാസ വിപ്ലവമായിരുന്നല്ലോ ഓണ്‍ലൈന്‍ പഠനം. വളരെ ചുരുങ്ങിയ ഇടങ്ങളില്‍ മാത്രം പ്രചാരം ലഭിച്ചിരുന്ന ഈ സംവിധാനത്തിന്റെ പ്രജനനകാലമായിരുന്നു കോവിഡ് കാലഘട്ടം. വീടുകളില്‍ അടച്ചിടപ്പെട്ട സമൂഹത്തിന് വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും വാതായനങ്ങള്‍ തുറന്നുനല്‍കിയത് ഓണ്‍ലൈന്‍ സംവിധാനമായിരുന്നു. ഇത് സമൂഹത്തെ ഒരു അതിവേഗ മാറ്റത്തിന് വിധേയമാക്കി. സാധ്യമാകുന്ന രംഗങ്ങളിലെല്ലാം ഓണ്‍ലൈന്‍ പ്രവര്‍ത്തനരീതി കടന്നുവന്നു.
മതവിദ്യാഭ്യാസരംഗത്ത് പാരമ്പര്യത്തിന്റെയും പഴമയുടെയും പ്രചാരകരായിരുന്ന ഒരു സമൂഹം പൊടുന്നനെ മാറ്റത്തിലേക്ക് വഴിനടത്തപ്പെട്ടു. പൊതുസമൂഹത്തില്‍ സ്വീകാര്യമായ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ മദ്‌റസാ പഠനത്തിലും ഉപയോഗപ്പെടുത്തുക എന്നതായിരുന്നു അത്. മദ്‌റസകളും പള്ളികളും അടച്ചുപൂട്ടപ്പെട്ട കാലത്ത് സമൂഹത്തിന്റെ ഉന്നതിക്കായി ആധുനിക സംവിധാനങ്ങളെ അതിവേഗം ഓരോ മദ്‌റസാ സമിതികളും സ്വീകരിച്ചു. സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്നതോടൊപ്പം തന്നെ മദ്‌റസകളും തുടങ്ങാന്‍ ഇതുമൂലം സാധ്യമായി. ലഭ്യമായിരുന്ന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുപരിധി വരെ സംഘടിപ്പിക്കാന്‍ കഴിഞ്ഞു. ഇന്ന് ഓരോ മദ്‌റസാ വിദ്യാഭ്യാസ സമിതികളും ഓണ്‍ലൈന്‍ മദ്‌റസകള്‍ നടത്തുന്നു. മൂന്ന് വര്‍ഷത്തിനകം വിദ്യാഭ്യാസ ബോര്‍ഡുകള്‍ നേതൃത്വം നല്‍കുന്നതും വിവിധ സംഘടനകള്‍ നേതൃത്വം നല്‍കുന്നതും വ്യക്തികള്‍ നേതൃത്വം നല്‍കുന്നതുമായി രണ്ട് ഡസനിലേറെ ഓണ്‍ലൈന്‍ മദ്‌റസകള്‍ മലയാളി പഠിതാക്കളെ മാത്രം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്നു.

സാധ്യതകള്‍
പഠിതാവിന്റെ ഇഷ്ടത്തിനും ലഭ്യമായ സമയത്തിനും അനുസരിച്ച് ക്ലാസുകള്‍ ക്രമീകരിക്കാം എന്നത് ഓണ്‍ലൈന്‍ മദ്‌റസകള്‍ ജനകീയമാക്കുന്നതിന് സഹായകമായി. ലോകത്തിന്റെ ഏതു പ്രദേശത്തു നിന്നും ഇതിനെ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നത് ജോലിയാവശ്യാര്‍ഥം വിവിധ നാടുകളില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ഈ സംവിധാനത്തെ ഇരുകയ്യോടെ സ്വീകരിക്കാന്‍ പ്രേരണ നല്‍കി. തന്റെ ആദര്‍ശത്തെ ഉള്‍ക്കൊള്ളുന്ന മദ്‌റസകള്‍ തിരഞ്ഞെടുക്കാനും മക്കളെ ആ പാതയില്‍ വളര്‍ത്താനും രക്ഷിതാക്കളെ ഇതു സഹായിച്ചു.
കേവലം ക്ലാസുകള്‍ക്കപ്പുറം വിദ്യാര്‍ഥികളുടെ പ്രായത്തിനും മാനസിക വളര്‍ച്ചയ്ക്കും ഉതകുന്ന ക്രിയാത്മകമായ പഠനപ്രവര്‍ത്തനങ്ങള്‍ വഴി ആശയരൂപീകരണം നടത്താന്‍ ഓണ്‍ലൈന്‍ മദ്‌റസകള്‍ സൗകര്യമൊരുക്കുന്നു. പ്രവര്‍ത്തനാധിഷ്ഠിത പഠനത്തിനും വിദ്യാര്‍ഥി പങ്കാളിത്തമുള്ള പഠനപ്രവര്‍ത്തനങ്ങളും ഇതിന്റെ പ്രത്യേകതയാണ്. സ്വയം അറിവ് അന്വേഷിക്കാനും ലഭ്യമാവുന്ന ആയിരക്കണക്കിന് ആശയങ്ങളില്‍ നിന്ന് കൃത്യമായി അതിനെ വേര്‍തിരിച്ചെടുക്കാനും അവനെ പ്രാപ്തനാക്കുന്നു.
ഓരോ സ്ഥാപനത്തിനും അവരുടെ രീതിക്കും ആലോചനകള്‍ക്കും യോജിച്ച രൂപത്തില്‍ ക്രമീകരിക്കാവുന്ന നിരവധി ലേണിംഗ് ആപ്പുകളും പ്രോഗ്രാമുകളും ഇന്ന് ലഭ്യമാണ്. Microsoft Teams, Teachmint, Google Class room, zoom തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രം. ചെറിയ ചെലവില്‍ ഗുണമേന്മയുള്ള പഠനസംവിധാനം ഒരുക്കാന്‍ ഇവ സഹായിക്കുന്നു.
ക്ലാസ്തല പ്രവര്‍ത്തനങ്ങളില്‍ എന്തെല്ലാമാണ് നടക്കുന്നതെന്നും അധ്യാപകന്റെ നിര്‍വഹണരീതി എന്താണെന്നും നേരിട്ട് നിരീക്ഷിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ രക്ഷിതാവിന് സൗകര്യം നല്‍കുന്നു. തന്റെ കുട്ടിയുടെ പഠനനിലവാരം മനസ്സിലാക്കാനും ആവശ്യാനുസരണം അവരെ സഹായിക്കാനും കഴിയും. മാ താവാണ് ആദ്യ അധ്യാപിക എന്ന അറബി പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കുംവിധം രക്ഷിതാവിനെ സഹാധ്യാപകന്‍ (CoMentor) എന്നാണ് ഇത്തരം സംവിധാനത്തില്‍ വിശേഷിപ്പിക്കുന്നത്.
കുട്ടി പഠനം നടത്തുന്നത് രക്ഷിതാവിന്റെയും സമൂഹത്തിന്റെയും നടുവിലാണ് എന്ന ബോധ്യം അധ്യാപകനെ പഠനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും ഗുണാത്മകത നിലനിര്‍ത്തുന്നതിനും പ്രേരിപ്പിക്കുന്നു. കൂടാതെ മദ്‌റസാ പഠനത്തില്‍ പരോക്ഷപങ്കാളിയാവാന്‍ സമൂഹത്തിന് അവസരം നല്‍കുന്നു. ക്ലാസ് സമയത്തിനു ശേഷവും പാഠഭാഗങ്ങള്‍ ആവര്‍ത്തിച്ച് കേള്‍ക്കാനും സംശയദൂരീകരണം നടത്താനും സാധ്യമാകുന്നത് ഓണ്‍ലൈന്‍ ക്ലാസുകളുടെ പ്രത്യേകതയാണ്. പല സാഹചര്യങ്ങള്‍ കൊണ്ടും തത്സമയ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് നഷ്ടപ്പെട്ട ക്ലാസുകള്‍ കാണാനും അധ്യാപകനുമായി ആശയവിനിമയം നടത്താനും കഴിയുന്നു.
അധ്യാപന നൈപുണികള്‍ നേടിയ മികച്ച അധ്യാപകരാണ് ഇത്തരം ക്ലാസുകള്‍ നയിക്കുന്നത് എന്നതിനാല്‍ പഠനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കാനും വിദ്യാര്‍ഥികള്‍ക്ക് ആശയരൂപീകരണം സാധ്യമാകുന്ന ബോധനതന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും ഇവിടെ സാധ്യമാകുന്നു. പഠനം ആകര്‍ഷകവും കുട്ടിയുടെ ചിന്താശേഷിയെ ഉണര്‍ത്തുന്നതുമാകുന്നു. വിദ്യാര്‍ഥികള്‍ക്ക് മികച്ച അധ്യാപകരെ ലഭ്യമാകുന്നു എന്നു മാത്രമല്ല, അവന് ഇഷ്ടപ്പെട്ട അധ്യാപകന്റെ ക്ലാസുകള്‍ തിരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുണ്ട്.
അധ്യാപനരംഗത്ത് പഠിതാവിന് ഇഷ്ടമായ ഗെയിമുകള്‍, വീഡിയോകള്‍, ചര്‍ച്ചകള്‍, ആനിമേഷനുകള്‍ തുടങ്ങി പ്രചോദിത പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തുകയും അതുവഴി സക്രിയമായ ക്ലാസുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഗള്‍ഫ് നാടുകളിലും മറ്റ് വിദേശ രാജ്യങ്ങളിലും താമസമാക്കിയ മലയാളി രക്ഷിതാക്കള്‍ക്ക് ആദര്‍ശാധിഷ്ഠിത മതപഠനം വീട്ടില്‍ ലഭ്യമാവുമ്പോള്‍ സമയവും പണവും ലാഭമായിത്തീരുന്നു. മദ്‌റസാ പഠനത്തിനായി അവധിദിനങ്ങളിലോ തൊഴില്‍ദിനങ്ങളിലോ വിദൂരസ്ഥലത്തേക്ക് കുട്ടിയുമായി യാത്ര ചെയ്യേണ്ട പ്രശ്‌നം പരിഹരിക്കപ്പെടുന്നു.
വെല്ലുവിളികള്‍
വളരെ ചുരുങ്ങിയ കാലം കൊണ്ട് സുപരിചിതമായി മാറിയ ഓണ്‍ലൈന്‍ മദ്‌റസാ പഠനത്തിന് ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും ചില ദോഷങ്ങള്‍ ഉണ്ടെന്നതും വിസ്മരിച്ചുകൂടാ. ക്ലാസ് റൂമുകളില്‍ ലഭ്യമായിരുന്ന സാമൂഹിക ചലനാത്മകത ഓണ്‍ലൈന്‍ ക്ലാസുകളില്‍ അന്യമാണ്. അധ്യാപകനും വിദ്യാര്‍ഥികളും തമ്മിലും വിദ്യാര്‍ഥികള്‍ തമ്മില്‍ത്തമ്മിലും നടക്കുന്ന പങ്കുവെക്കലുകളും ഇഴചേരലുകളും പരസ്പര സഹകരണത്തിന്റെ അവസരങ്ങളും നഷ്ടമാവുന്നു. വിവിധ പ്രദേശങ്ങളിലെ വീടകങ്ങളില്‍ നിന്ന് സ്‌ക്രീനില്‍ മാത്രം കാണുന്ന വിദ്യാര്‍ഥികള്‍ക്ക് പരസ്പരം ഇടകലരാനും ഉള്‍ച്ചേരാനുമുള്ള സാധ്യതകള്‍ വിരളമാണ്.
എന്നാല്‍ മദ്‌റസ നടത്തുന്ന നേതൃത്വം കൃത്യമായ ഇടപെടലുകള്‍ നടത്തുമ്പോള്‍ ഒരു പരിധി വരെ ഇത് പരിഹരിക്കാന്‍ സാധിക്കും. പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക, നേരിട്ടുള്ള ഒത്തുചേരലുകള്‍ക്ക് സാഹചര്യമൊരുക്കുക എന്നിവ ചില മാര്‍ഗങ്ങള്‍ മാത്രം.
ദിനംപ്രതി വളരുന്ന സാങ്കേതികവിദ്യകളെക്കുറിച്ച് അറിവും പരിചയവും ഇല്ലാത്ത അധ്യാപകരുടെ അഭാവമാണ് മറ്റൊന്ന്. തുടക്കത്തില്‍ സജീവരാകുന്ന അധ്യാപകര്‍ പിന്നീട് കുട്ടികള്‍ക്ക് ആകര്‍ഷണീയത സൃഷ്ടിക്കാനോ പുതുമ നല്‍കാനോ കഴിയാതെ വരുന്നു. ഇത് കുട്ടികളെ ഓണ്‍ലൈന്‍ പഠനത്തില്‍ നിന്ന് പിന്‍വലിക്കുന്നു. കൃത്യമായ സമയങ്ങളില്‍ പരിശീലനം നല്‍കുകയും ക്രിയാത്മക ശേഷി വര്‍ധിപ്പിക്കുകയും സാങ്കേതിക പരിശീലനം നല്‍കുകയും ചെയ്യുമ്പോള്‍ അവര്‍ ഇതിന്റെ പ്രചാരകരായി മാറും.
ഗാഡ്ജറ്റുകളുടെ അമിത ഉപയോഗം കുട്ടികളില്‍ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു എന്നതാണ് ഒരു വീക്ഷണം. മോശമായ സ്വഭാവത്തിന് ഉടമകളാവും എന്നും സൈബര്‍ കുറ്റകൃത്യങ്ങളിലേക്ക് വഴിനടക്കും എന്നും വാദിക്കുന്നു. എന്നാല്‍ ഡിജിറ്റല്‍ യുഗത്തില്‍ ജീവിക്കുന്ന പുതുതലമുറയ്ക്ക് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ അന്യമല്ലെന്ന് നാം തിരിച്ചറിയണം. കൃത്യമായ നിരീക്ഷണവും ആവശ്യാനുസരണമുള്ള നിര്‍ദേശങ്ങളും നല്‍കി രക്ഷിതാവിന്റെ പൂര്‍ണ പിന്തുണയോടെ ഈ പ്രതിസന്ധിയെ മറികടക്കാം. കുട്ടികളില്‍ പ്രചോദനത്തിന്റെയും വ്യക്തിഗത പിന്തുണയുടെയും അഭാവം സൃഷ്ടിക്കുന്നു എന്നു വാദിച്ചിരുന്നു. എന്നാല്‍ വെര്‍ച്വല്‍ ലോകത്തെ പുതിയ സംവിധാനങ്ങള്‍ ഇതിനെ മറികടക്കാന്‍ പര്യാപ്തമാണ്.
മിയോ ഗ്ലോബല്‍
വെര്‍ച്വല്‍ സംവിധാനത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തി മദ്‌റസാ പഠനരംഗത്ത് പുതിയ ഭാവം നല്‍കിയ സംവിധാനമാണ് മിയോ ഗ്ലോബല്‍ (MEO Global) ഓണ്‍ലൈന്‍ മദ്‌റസ. ലൈവ് ക്ലാസുകള്‍, വീഡിയോ ക്ലാസുകള്‍, റേഡിയോ ക്ലാസുകള്‍, പാഠാനുബന്ധ പ്രവര്‍ത്തനങ്ങള്‍, വ്യക്തിഗത പ്രവര്‍ത്തനങ്ങള്‍, പ്രായോഗിക പരിശീലനം തുടങ്ങി വിവിധ മേഖലകളിലൂന്നി ഫലപ്രദമായ പഠനപ്രവര്‍ത്തനം കാഴ്ചവെക്കാന്‍ മൂന്നു വര്‍ഷമായി മിയോക്ക് സാധ്യമാവുന്നുണ്ട്.
ശിശുസൗഹൃദവും പ്രവര്‍ത്തനാധിഷ്ഠിതവുമായ സി ഐ ഇ ആര്‍ സിലബസിന് വ്യക്തിഗത മെന്റര്‍മാരുടെയും പഠന പിന്തുണ സംവിധാനത്തിന്റെയും പിന്തുണയോടെ സമയബന്ധിതമായ മദ്‌റസാ പഠനം പൂര്‍ത്തിയാക്കാന്‍ ഇതിന് സാധിക്കുന്നു. അതുകൊണ്ടുതന്നെ കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഏറെ ഇഷ്ടപ്പെട്ട് ഇതിന്റെ ഭാഗമാവുന്നു. എഴുത്തുപരീക്ഷകള്‍ക്കു പുറമേ നിരന്തര മൂല്യനിര്‍ണയത്തിനും പ്രാധാന്യം നല്‍കുന്ന രീതിയാണ് ഇവിടെയുള്ളത്. മൈക്രോസോഫ്റ്റ് ടീംസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന മിയോ ഏത് സമയവും വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുമായി ബന്ധപ്പെടാന്‍ സൗകര്യമൊരുക്കുന്നു. ശിശുസൗഹൃദരായ മെന്റര്‍മാരും വ്യവസ്ഥാപിതമായ ഭരണസംവിധാനവും സജീവരായ വിദ്യാര്‍ഥികളും ശ്രദ്ധാലുക്കളായ രക്ഷിതാക്കളും ചേര്‍ന്ന് ഇതിനെ ഫലപ്രദമാക്കിത്തീര്‍ക്കുന്നു.

പുതിയ
പ്രതീക്ഷകള്‍

ഓണ്‍ലൈന്‍ ക്ലാസുകളുടെ തുടര്‍ച്ചയായി ലോകത്ത് Blended learning (ഉള്‍ക്കലര്‍ത്തിയുള്ള പഠനരീതി) പ്രചാരം നേടുകയാണ്. ഒരേ സമയം കുട്ടി ക്ലാസുകളില്‍ ഹാജരാവുകയും തുടര്‍പഠന പ്രവര്‍ത്തനങ്ങള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്ന സക്രിയമായ പഠനരീതിയാണിത്.
മദ്‌റസാ പഠനരംഗത്ത് ഈ പ്രവാഹത്തെ ഉള്‍ക്കൊള്ളാന്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ ശക്തമാവേണ്ടിയിരിക്കുന്നു. മതത്തിന്റെ അടിത്തറ ചോദ്യം ചെയ്യപ്പെടുന്ന സമകാലിക ലോകത്ത് വിശ്വാസപരവും അനുഷ്ഠാനപരവുമായ ചട്ടക്കൂട്ടില്‍ ഉറച്ചുനില്‍ക്കുന്ന ഒരു തലമുറ അനിവാര്യം തന്നെയാണ്. മതത്തിന്റെ പ്രാഥമിക ജ്ഞാനം ചെറുപ്രായത്തില്‍ അനുഭവത്തിലൂടെ പകരാന്‍ കഴിയുമ്പോള്‍ അലയടിച്ചു വരുന്ന വെറുപ്പിന്റെ തിരമാലകളെ തിരിച്ചറിയാനും വിവേകത്തോടെ മറികടക്കാനും സാധ്യമാവുക തന്നെ ചെയ്യും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x