20 Saturday
April 2024
2024 April 20
1445 Chawwâl 11

മദീനാ ചാര്‍ട്ടറും സംഘര്‍ഷ പരിഹാരത്തിനുള്ള ഇസ്‌ലാമിക മാതൃകയും

യെത്കിന്‍ എല്‍ദിരിം


ഇസ്‌ലാമിലെ മധ്യസ്ഥതയുടെയും സംഘര്‍ഷ പരിഹാര ആശയങ്ങളുടെയും ആദ്യകാല ഉദാഹരണമായി മദീന ചാര്‍ട്ടറിനെ വിശകലനം ചെയ്യാനാവും. പ്രവാചകന്‍ മുഹമ്മദ് നബി സ്ഥാപിച്ച മദീന നഗരത്തിന്റെ അടിസ്ഥാനമായി തയ്യാറാക്കപ്പെട്ട മദീന ചാര്‍ട്ടര്‍, ഇസ്‌ലാമിലെ ആദ്യത്തെ ലിഖിത ഭരണഘടനയായും പൊതുസമൂഹത്തിലെ എഴുതപ്പെട്ട ആദ്യ ഭരണഘടനാ നിയമമായും കണക്കാക്കപ്പെടുന്നു. അതുപോലെ, മദീന ചാര്‍ട്ടര്‍ ഇസ്‌ലാമിക സംഘര്‍ഷ പരിഹാര രീതികളുടെ പ്രയോഗത്തിന് ഒരു ആദ്യകാല മാതൃക നല്‍കുന്നു.
ചാര്‍ട്ടര്‍ പൗരന്മാരുടെ അവകാശങ്ങളും കടമകളും വിവരിച്ചു. മുസ്‌ലിംകളും അമുസ്‌ലിംകളും ഉള്‍പ്പെടെ മദീനയിലെ എല്ലാ പൗരന്മാര്‍ക്കും കൂട്ടായ സംരക്ഷണം നല്‍കി. ഗോത്ര സൈനിക നടപടികളില്‍ നിന്ന് വ്യത്യസ്തമായി നിയമത്തിലൂടെയും കമ്മ്യൂണിറ്റിയിലൂടെയും നീതി തേടുന്നതിനുള്ള ആദ്യ മാര്‍ഗം നടപ്പാക്കി. തലമുറകളായി ഈ മേഖലയെ അലട്ടിക്കൊണ്ടിരിക്കുന്ന ഗോത്രസംഘര്‍ഷങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സമൂഹത്തിന്റെ പ്രത്യേക സാമൂഹിക പ്രശ്‌നങ്ങളും ഇത് അഭിസംബോധന ചെയ്തു. മദീന ചാര്‍ട്ടര്‍ സംഘര്‍ഷ പരിഹാരത്തിനായുള്ള ഇസ്‌ലാമിക സമീപനത്തിന്റെ ഒരു ഉദാഹരണമായി കാണാം, ചാര്‍ട്ടര്‍ ഉപയോഗിക്കുന്ന പല മധ്യസ്ഥവിദ്യകളും ഇന്നും പ്രയോഗിക്കുന്നു. സംഘര്‍ഷ പരിഹാരത്തിനുള്ള സമകാലിക പാശ്ചാത്യ സമീപനങ്ങളുമായി മദീന ചാര്‍ട്ടറിന്റെ താരതമ്യത്തിലൂടെ, സംഘര്‍ഷ പരിഹാരത്തിന്റെ രീതിശാസ്ത്രം നിര്‍ണയിക്കുന്നതില്‍ സാംസ്‌കാരിക മൂല്യങ്ങളുടെ പങ്ക് കാണാനാകും. ഒപ്പം സമാധാനം പിന്തുടരാന്‍ പ്രേരിപ്പിക്കുന്ന സമാനമായ നിര്‍േദശങ്ങള്‍ കണ്ടെടുക്കാനുമാവും.
ചരിത്ര പശ്ചാത്തലം
ഇസ്‌ലാമിനു മുമ്പുള്ള കാലഘട്ടത്തില്‍ മദീന നഗരം യസ്‌രിബ് എന്നറിയപ്പെട്ടിരുന്നു. വിവിധ അറബ്-ജൂത ഗോത്രങ്ങളും ആദ്യകാല ക്രിസ്ത്യാനികളില്‍ ഒരു ചെറിയ ന്യൂനപക്ഷവും ഇവിടെ അധിവസിച്ചിരുന്നു. ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, യസ്‌രിബിലെ ജനസംഖ്യ 10,000 ആയിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു (ഹമീദുല്ല, 1994). മക്കയിലെ പ്രധാന ദേവതയായ മനാത്ത ദേവിയെ പിന്തുടരുന്ന ബഹുദൈവാരാധകരായിരുന്നു അറബ് നിവാസികള്‍. രണ്ടാം നൂറ്റാണ്ടില്‍ റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഹാഡ്രിയന്‍ യഹൂദയില്‍ നിന്ന് ഭൂരിഭാഗം യഹൂദന്മാരെയും പുറത്താക്കിയതിനെത്തുടര്‍ന്ന് ഫലസ്തീനില്‍ നിന്ന് പലായനം ചെയ്തവരാണ് യസ്‌രിബിലെ ജൂതന്മാര്‍. പരസ്പരം മത്സരിക്കുന്ന 10 ഗോത്രങ്ങളായി വിഭജിക്കപ്പെട്ടിട്ടുള്ളവരാണ് ജൂതന്മാര്‍. അവരില്‍ ഏറ്റവും പ്രബലരായത് ബനൂഖൈനുഖാഅ്, ബനൂനദീര്‍, ബനൂഖുറൈള എന്നിവരാണ്. അവര്‍ യസ്‌രിബിലെ നിവാസികളില്‍ പകുതിയോളം വരും. ‘ഔസ്, ഖസ്‌റജ് എന്നീ പ്രമുഖ ഗോത്രങ്ങള്‍ ഉള്‍പ്പെടുന്ന 12 ഗോത്രങ്ങളായാണ് അറബികള്‍ വിഭജിക്കപ്പെട്ടിട്ടുള്ളത്” (ഹമീദുല്ല, 1994).
ഈ ഗോത്രങ്ങള്‍ തമ്മിലുള്ള ശത്രുത തലമുറകളായി നിലനിന്നിരുന്നു. ചിലര്‍ മതവ്യത്യാസം പരിഗണിക്കാതെ തന്നെ മറ്റുള്ളവരുടെ മേല്‍ സൈനിക ആധിപത്യത്തിലൂടെ അധികാരം നേടി. ആക്രമണത്തിന്റെ ഈ നീണ്ട ചരിത്രം വിവാദപരമായ ദിയാധന അവകാശങ്ങള്‍ക്കു പുറമേ നിരവധി യുദ്ധത്തടവുകാരെയും സൃഷ്ടിച്ചു. ഇത് ശത്രുത വീണ്ടും വര്‍ധിക്കാന്‍ ഇടയാക്കി.
വര്‍ഷങ്ങളോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് യസ്‌രിബില്‍ മുഹമ്മദ് നബിയുടെ നേതൃസ്ഥാനം ഉണ്ടാവുന്നത്. മതപ്രക്ഷുബ്ധതയുടെ കാലത്ത് മക്കയിലെ ഒരു ചെറിയ വംശത്തിലെ ഒരു യുവ അംഗമായിട്ടായിരുന്നു അദ്ദേഹം തുടക്കം കുറിച്ചത്. പ്രവാചക വെളിപാടുകള്‍ക്കു ശേഷം അദ്ദേഹം നിരവധി അനുയായികളെ പരിവര്‍ത്തനം ചെയ്തു. മക്ക നഗരത്തിലെ മുസ്‌ലിംകളുടെ നിര പെരുകാന്‍ തുടങ്ങി. പ്രവാചകത്വത്തിന്റെ അഞ്ചാം വര്‍ഷമായപ്പോഴേക്കും ബഹുദൈവാരാധകര്‍ മക്കയില്‍ മുസ്ലിംകളെ പീഡിപ്പിക്കാന്‍ തുടങ്ങി (ഹമീദുല്ല, 1994). പ്രവാചകന്‍ മുഹമ്മദ് നഗരത്തിന്റെ നേതൃത്വത്തിനെതിരായി മുസ്‌ലിംകളെ കലാപത്തിന് സംഘടിപ്പിക്കുമെന്ന ഭയം കൊണ്ടായിരിക്കാം, ഒരു കലാപം ഉണ്ടാകുന്നതിനു മുമ്പ് പ്രവാചകനെ വധിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. ഈ ആപത്ത് പ്രവാചകന്‍ മുഹമ്മദ് നബിയെ മക്കയ്ക്കു പുറത്ത് അഭയം തേടാന്‍ പ്രേരിപ്പിച്ചു. സ്വയം രക്ഷിക്കാനായി അദ്ദേഹം യസ്‌രിബിലേക്ക് കുടിയേറി, മുസ്‌ലിംകള്‍ ഹിജ്‌റ എന്നു വിളിക്കുന്ന ഒരു യാത്ര. മക്കയിലെ അദ്ദേഹത്തിന്റെ ശത്രുക്കള്‍ പിന്നീട് യസ്‌രിബിന്റെ ഭരണത്തിനും തടസ്സം നില്‍ക്കുന്നതായി കാണാം.
തലമുറകളുടെ പോരാട്ടം സമാധാനപ്രിയരായ പല ഗോത്രവര്‍ഗക്കാരെയും ബാധിച്ചുകൊണ്ടിരുന്നു. ചിലര്‍ ബാഹ്യ സൈനിക സഹായം തേടിയത് സംഘര്‍ഷങ്ങള്‍ കൂടുതല്‍ വഷളാകാന്‍ ഇടയാക്കി. പലരും അബ്ദുല്ലാഹിബ്‌നു ഉബയ്യിബ്‌നു സലൂലിനെ സിംഹാസനസ്ഥനാക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. എന്നിരുന്നാലും, ഓരോ ഗോത്രത്തിന്റെയും സ്വതന്ത്ര ഭരണാധികാരികള്‍ ഒരു രാജാവിന്റെ നേതൃത്വത്തിനു കീഴില്‍ അണിനിരക്കാന്‍ വിസമ്മതിച്ചു. ഒരു രാജാവിന് ഒരു രാഷ്ട്രീയ സംഘടന സ്ഥാപിക്കാനും നഗരത്തില്‍ സൈനിക പ്രതിരോധം സൃഷ്ടിക്കാനും ഗോത്രവര്‍ഗ ശത്രുതകള്‍ അനുരഞ്ജിപ്പിക്കാനും പ്രാദേശിക അവകാശങ്ങളും കടമകളും നിര്‍വചിക്കാനും മക്കയില്‍ നിന്നുള്ള വര്‍ധിച്ചുവരുന്ന അഭയാര്‍ഥി ജനസംഖ്യയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കഴിയുമോ എന്നതും സംശയമാണ്. (ഹമീദുല്ല, 1994). മുഹമ്മദിന്റെ ആഗമന സമയത്ത് ഹിജ്‌റയുടെ ഒന്നാം വര്‍ഷം യസ്‌രിബ് അരാജകത്വത്തെ അഭിമുഖീകരിച്ചു. ഗോത്രവര്‍ഗവും ബലപ്രയോഗവുമാണ് നഗരം ഭരിച്ചിരുന്നത്. ഒടുവില്‍ ക്രി.വ. 622ല്‍ പ്രദേശത്തിന്റെ മധ്യസ്ഥനായി പ്രവര്‍ത്തിക്കാന്‍ മുഹമ്മദ് നബിയെ അനുവദിക്കാന്‍ ഗോത്രങ്ങള്‍ സമ്മതിച്ചു. മദീന ചാര്‍ട്ടര്‍ അദ്ദേഹത്തിന്റെ ഈ മേല്‍നോട്ടത്തിന്റെ ഫലമായിരുന്നു.
ചാര്‍ട്ടറിന്റെ അവലോകനം
ഇസ്‌ലാമിക പാരമ്പര്യമനുസരിച്ച്, മുഹമ്മദ് നബി തന്റെ അനുയായികളോടും അമുസ്‌ലിംകളോടും കൂടിയാലോചിച്ചു. അവരെല്ലാം അനസിന്റെ വീട്ടില്‍ ഒത്തുകൂടി, തങ്ങളുടെ സമൂഹത്തെ ഒരു നഗരസംസ്ഥാനമാക്കി മാറ്റാന്‍ തീരുമാനിച്ചു. മദീന ചാര്‍ട്ടര്‍ ഒരു ആക്രമണരഹിത ഉടമ്പടിയുടെ രൂപത്തിലാണ് തയ്യാറാക്കിയത്. അതിന്റെ ആദ്യ 23 ആര്‍ട്ടിക്കിളുകള്‍ മക്കയില്‍ നിന്നുള്ള മുസ്‌ലിം കുടിയേറ്റക്കാരെയും യസ്‌രിബിലെ ‘വിശ്വാസികളെ’യും അഭിസംബോധന ചെയ്യുന്നു. രേഖയുടെ രണ്ടാം പകുതി ജൂതസമൂഹത്തെ ഉദ്ദേശിച്ചുള്ളതാണ്. വ്യക്തമായും ദീര്‍ഘകാല സമാധാനം കൊണ്ടുവരുന്നതിനായി, അക്കാലത്ത് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്ന എല്ലാ ഗ്രൂപ്പുകളുടെയും അഭിപ്രായങ്ങളും ആശങ്കകളും ഉള്‍പ്പെടുത്തിയാണ് ചാര്‍ട്ടര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഈ രേഖ പ്രദേശത്തെ ഒരു നഗരസംസ്ഥാനമായി പ്രഖ്യാപിക്കുകയും അതിലെ പൗരന്മാരുടെ അവകാശങ്ങളും കടമകളും വിവരിക്കുകയും ചെയ്തു. ഗോത്രയുദ്ധത്തില്‍ നിന്ന് വ്യത്യസ്തമായി സമൂഹത്തിലൂടെയും നിയമശാസ്ത്രത്തിലൂടെയും നീതി തേടുന്നതിനുള്ള ആദ്യ മാര്‍ഗം യസ്‌രിബിന് അത് നല്‍കി (ഹമീദുല്ല, 1994). ഈ രീതിയില്‍ മദീന ചാര്‍ട്ടര്‍ സംഘര്‍ഷ പരിഹാരത്തിനുള്ള ഒരു ഉപകരണമായിരുന്നു. സംഘര്‍ഷത്തിലുള്ള ഗോത്രങ്ങളെ കൂട്ടിച്ചേര്‍ക്കാനും ഓരോരുത്തരുടെയും ആവശ്യങ്ങളും നിവേദനങ്ങളും ചര്‍ച്ച ചെയ്യാനും വേണ്ടി, എല്ലാ കക്ഷികളും അംഗീകരിക്കുന്ന ഒരു പദ്ധതി ആവിഷ്‌കരിക്കാനും അതുവഴി അവര്‍ക്കിടയില്‍ ദീര്‍ഘകാലം നിലനിന്നിരുന്ന കലഹം അവസാനിപ്പിക്കാനും മുഹമ്മദ് നബിക്ക് കഴിഞ്ഞു.
ഹമീദുല്ലയുടെ അഭിപ്രായത്തില്‍, ആദ്യകാല മുസ്‌ലിം ചരിത്രകാരന്മാരായ ഇബ്‌നു ഇസ്ഹാഖ്, അബൂഉബൈദ്, ഇബ്‌നു അബീഖൈതമ എന്നിവരുടെ ശ്രമങ്ങളോടെ പ്രവാചകന്‍ മുഹമ്മദ് നബിയുടെ മരണത്തിന് ഏകദേശം 100 വര്‍ഷങ്ങള്‍ക്കു ശേഷം മദീന ചാര്‍ട്ടറിനെ ഒരു ചരിത്രരേഖയായി പഠിക്കാന്‍ തുടങ്ങി. ഈ ചരിത്രകാരന്മാര്‍ മദീന ചാര്‍ട്ടര്‍ അക്ഷരംപ്രതി പകര്‍ത്തുകയും ആധുനിക പണ്ഡിതന്മാര്‍ക്ക് പരിശോധനയ്ക്കും വ്യാഖ്യാനത്തിനും കൃത്യമായ പുനര്‍നിര്‍മാണങ്ങള്‍ക്കുമായി സംഭാവന നല്‍കുകയും ചെയ്തു (ഹമീദുല്ല, 1994).
വ്യത്യസ്തമായ സാമൂഹിക-മതപര പശ്ചാത്തലങ്ങള്‍ക്കിടയിലും നഗരസംസ്ഥാനത്തെ പൗരന്മാര്‍ക്ക് തുല്യാവകാശങ്ങളും കടമകളും നല്‍കുന്ന ഒരു ‘ബഹുസ്വര സമൂഹം’ അത് സ്ഥാപിച്ചുവെന്ന് ഖാസിം അഹ്മദ് (2007) തന്റെ ‘മദീന ചാര്‍ട്ടറിനെക്കുറിച്ചുള്ള ഒരു ചെറിയ കുറിപ്പ്’ എന്ന ലേഖനത്തില്‍ വിശദീകരിക്കുന്നു. അഹ്മദ് പറയുന്നതനുസരിച്ച്, ചാര്‍ട്ടര്‍ ലോകെത്ത മറ്റ് ജനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു പരമാധികാര ജനതയായി ഒരു ‘ഏകീകൃത പൗരത്വം’ നിര്‍ദേശിച്ചു എന്ന അര്‍ഥത്തില്‍ ‘ലോകത്തെ ആദ്യത്തെ ആധുനിക രാഷ്ട്ര’ത്തിന്റെ സംസ്ഥാപനത്തെയും അടയാളപ്പെടുത്തുന്നു. ഇസ്‌ലാമിക ചരിത്രത്തിലുടനീളം ഉസ്മാനിയ പോലുള്ള പല സമൂഹങ്ങളും സംഘര്‍ഷ പരിഹാരത്തിന് ചാര്‍ട്ടര്‍ ഒരു മാതൃകയായി ഉപയോഗിച്ചു (സെന്റര്‍ക്ക്, 1992). അതിനാല്‍ നൂറ്റാണ്ടുകളായി ഇസ്‌ലാമില്‍ നിലനില്‍ക്കുന്ന മധ്യസ്ഥതയുടെയും സംഘര്‍ഷ പരിഹാര പാരമ്പര്യത്തിന്റെയും ഒരു തുടക്കമായി ഇതിനെ കാണാം.
ഈ വിപ്ലവകരമായ രേഖ മദീന എന്ന രാഷ്ട്രത്തെക്കുറിച്ചുള്ള ‘രാഷ്ട്രീയ’ ധാരണയ്ക്ക് അടിത്തറയിട്ടു. കൂടാതെ ‘ലോകത്തെ ആദ്യത്തെ ലിഖിത ഭരണഘടന’യെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു (ഹമീദുല്ല, 1994, പേജ് 9). ഒരു ബഹുസ്വര സമൂഹത്തിലെ സമത്വ പ്രശ്‌നത്തെ അത് അഭിസംബോധന ചെയ്യുന്നതിനാല്‍, ചാര്‍ട്ടറിനെ പില്‍ക്കാല ജനാധിപത്യ രാജ്യങ്ങളിലെ രാഷ്ട്രീയ ഗ്രന്ഥങ്ങളുമായി താരതമ്യപ്പെടുത്താറുണ്ട്. എങ്കിലും, മദീന ചാര്‍ട്ടര്‍ പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിക ഭരണഘടനാ പാരമ്പര്യം പാശ്ചാത്യ സാമൂഹിക ആദര്‍ശങ്ങളുടെ പുനരാവിഷ്‌കരണമായി മനസ്സിലാക്കാന്‍ കഴിയില്ല (അല്‍ഹിബ്‌രി, 1992). ചെറുഘടകങ്ങളായി വിഭജിക്കുക, താല്‍പര്യങ്ങളിലും ലക്ഷ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക, പങ്കാളികള്‍ക്കിടയില്‍ അധികാരത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റാന്‍ ശ്രമിക്കുക എന്നിവ ഉള്‍പ്പെടെയുള്ള ആധുനിക സംഘര്‍ഷ പരിഹാര സിദ്ധാന്തങ്ങള്‍ നിര്‍ദേശിക്കുന്ന രീതിയുമായി അതിന്റെ രീതിശാസ്ത്രം പല തരത്തില്‍ സമാനമായിരിക്കാം. എന്നാല്‍ ഒരു പ്രോട്ടോ-വെസ്റ്റേണ്‍ എന്നതിലുപരി, മദീന ചാര്‍ട്ടര്‍ വ്യക്തമായും ഇസ്‌ലാമിക പാരമ്പര്യത്തില്‍ നിന്ന് മനസ്സിലാക്കണം. മദീന ചാര്‍ട്ടറും സമകാലിക സംഘര്‍ഷ മധ്യസ്ഥരീതികളും തമ്മിലുള്ള സമാനതകള്‍, രണ്ട് പാരമ്പര്യങ്ങളുടെ സാംസ്‌കാരിക വ്യത്യാസങ്ങള്‍ കൂടി അംഗീകരിച്ചാല്‍ മാത്രമേ പൊതുവായ അനുമാനങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കൂ. (തുടരും)

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x