മധുലിക രാജ്പുതിന്റെയും ഇന്ത്യ
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉത്തരേന്ത്യയിലെ പതിനഞ്ചോളം നഗരങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരെ സംഘടിതവും ഏകപക്ഷീയവുമായ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രാമനവമി ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രയില്‍ നിന്നാണ് തുടക്കം. ഇതിനെ ഒരവസരമായി കണ്ടുകൊണ്ട് സംഘപരിവാര്‍ ശക്തികള്‍ മുസ്‌ലിം കേന്ദ്രങ്ങളില്‍ പ്രകോപനം സൃഷ്ടിക്കുകയും ആക്രമണം നടത്തുകയും ചെയ്യുന്നു. പലയിടങ്ങളിലും ഭരണകൂടത്തിന്റെ മൗനാനുവാദം കൂടി ഇതിനുണ്ട്.
രാജസ്ഥാനില്‍ ഒരു പള്ളിയുടെ മിനാരത്തില്‍ കാവിക്കൊടി ഉയര്‍ത്തിക്കൊണ്ടാണ് ആദ്യം പ്രകോപനം സൃഷ്ടിച്ചത്. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന കേന്ദ്രങ്ങളിലൂടെ ഘോഷയാത്ര പോകുമ്പോള്‍ വംശീയവും പ്രകോപനപരവുമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും മുസ്‌ലിംകളുടെ സ്ഥാപനങ്ങള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും ചെയ്തു. ജെ എന്‍ യുവില്‍ മാംസാഹാരം കഴിച്ചുവെന്നാരോപിച്ച് ഹോസ്റ്റലിലെ വിദ്യാര്‍ഥികളെ സംഘപരിവാര്‍ ശക്തികള്‍ മര്‍ദിക്കുകയുണ്ടായി. ഗുജറാത്തിലെ ഹിമ്മത് നഗറില്‍ സ്വാഭാവികമായി നടന്ന ഘോഷയാത്രക്ക് ശേഷം, ആക്രമണ ഉദ്ദേശ്യത്തോടെ വീണ്ടും ഘോഷയാത്ര നടത്തുകയാണ് ചെയ്തത്. മധ്യപ്രദേശിലെ ഖര്‍ഗോണ നഗരത്തില്‍ ലഹളയുണ്ടാക്കി എന്നാരോപിച്ച് 45-ഓളം മുസ്‌ലിം വീടുകളാണ് ജെ സി ബി ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. അനധികൃത നിര്‍മാണം പൊളിച്ചുനീക്കിയെന്നാണ് ഭരണകൂട ഭാഷ്യം. എന്നാല്‍ അതിന് നിയമപരമായ നടപടിക്രമങ്ങളും ചട്ടങ്ങളും ഇല്ലേ എന്നതാണ് മറുചോദ്യം. ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേക്ക് ശിക്ഷ നടപ്പില്‍ വരുത്താനാണെങ്കില്‍ കോടതിയും നിയമ വ്യവഹാരങ്ങളുമെല്ലാം പിന്നെയെന്തിനാണ്?
മുസ്‌ലിംകളെ അപരവത്കരിക്കുന്ന ഏകപക്ഷീയമായ ആക്രമണങ്ങള്‍ ഇപ്പോള്‍ രഹസ്യമല്ല. അത് നടപ്പാക്കുകയും സോഷ്യല്‍ മീഡിയയില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ബലാത്സംഗ ഭീഷണി മുതല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വരെ ഒരു തരം നിസ്സംഗതയോടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഘോഷയാത്രക്ക് ശേഷമുണ്ടായ ആക്രമണത്തിനു ശേഷം വ്യാപകമായി പ്രചരിച്ച ഒരു ചിത്രമുണ്ട്. രാജസ്ഥാനിലെ കരൗളിയില്‍ ഒരു ചുവര് കൊണ്ട് അതിര്‍ത്തി പങ്കിടുന്ന രവിയുടെയും ഉസ്മാന്റെയും കടകള്‍. ഉസ്മാന്റെ കട മാത്രം കത്തിച്ചാമ്പലാവുകയും രവിയുടെ കട കേടുപാടുകളില്ലാതെ നില്‍ക്കുകയും ചെയ്യുന്നു. ഇത് ഇന്നത്തെ രണ്ട് ഇന്ത്യ എന്ന ഗതികേടിന്റെ നേര്‍ചിത്രമാണ്. മുസ്‌ലിം വ്യാപാര സ്ഥാപനങ്ങളും ബിസിനസ് സംരംഭങ്ങളും തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന പ്രവണത വര്‍ധിക്കുന്നതില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഹലാല്‍ ബഹിഷ്‌കരണ വിവാദങ്ങളും ലക്ഷ്യമിടുന്നത് മുസ്‌ലിം വ്യാപാര സ്ഥാപനങ്ങളാണ്.
ഇതിനിടയില്‍ പ്രതീക്ഷകളുടെ തുരുത്ത് സമ്മാനിക്കുന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. രവിയുടെയും ഉസ്മാന്റെയും ഇന്ത്യ മാത്രമല്ല, മധുലിക രാജ്പുതിന്റെയും ഇന്ത്യയാണിത്. കരൗലിയില്‍ ഉസ്മാന്റെ കട മാത്രം തിരഞ്ഞുപിടിച്ച് കത്തിച്ചപ്പോള്‍ അതേ മാര്‍ക്കറ്റിലെ മറ്റൊരു ഷോപ്പിംഗ് കോംപ്ലക്‌സില്‍ മുസ്‌ലിംകളും വ്യാപാര സ്ഥാപനങ്ങളും സുരക്ഷിതരായിരുന്നു. മധുലിക രാജ്പുതിന്റെ ഉടമസ്ഥതയിലുള്ള ഈ ഷോപ്പിംഗ് കോംപ്ലക്‌സിലേക്കും ജയ്ശ്രീറാം വിളികളോടെ കാവിക്കൊടിയും ഉയര്‍ത്തി അക്രമികള്‍ എത്തി. എന്നാല്‍ അവര്‍ക്ക് മുന്നില്‍ ഗെയ്റ്റ് അടച്ച് ധീരതയോടെ മധുലിക നിന്നു. ഇവിടെ മറ്റു മതസ്ഥരുണ്ടോ എന്നു നോക്കണം എന്ന് പറഞ്ഞ് ഗെയ്റ്റ് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ മധുലിക ശക്തമായി പ്രതിരോധിച്ചു. കലാപകാരികള്‍ക്ക് മധുലികയുടെ പ്രതിരോധത്തിനുമുമ്പില്‍ തിരികെ പോകേണ്ടി വന്നു. ആ രാത്രിയിലാണ് രവിയുടെയും ഉസ്മാന്റെയും ഇന്ത്യ എന്ന ചിത്രം പിറവിയെടുക്കുന്നത്. ഇത് മധുലിക രാജ്പുതിന്റെയും ഇന്ത്യയാണ് എന്നത് മനുഷ്യസ്‌നേഹികള്‍ക്ക് പ്രതീക്ഷ പകരുന്ന വാര്‍ത്തയാണ്.