28 Thursday
March 2024
2024 March 28
1445 Ramadân 18

ലുലു മാളും സെന്തില്‍കുമാറും

സുഫ്‌യാന്‍


ലക്‌നൗവിലെ ലുലു മാള്‍ ഉദ്ഘാടനം കഴിഞ്ഞത് മുതല്‍ വിവാദങ്ങളാണ്. പല തരത്തിലുള്ള വ്യാജ പ്രചാരണങ്ങളാണ് മാളിനെതിരെ അഴിച്ചുവിടുന്നത്. ജീവനക്കാര്‍ ലൗജിഹാദിന്റെ ആള്‍ക്കാരാണ് എന്നതായിരുന്നു പ്രചാരണങ്ങളുടെ തുടക്കം. അധികം വൈകാതെ തന്നെ മാളിലെ നമസ്‌കാരം വരെ വിവാദമാകുന്ന സാഹചര്യമുണ്ടായി. സദുദ്ദേശത്തോടെയുള്ള നമസ്‌കാരം അവിടെ നടന്നിട്ടുണ്ടെങ്കില്‍ തന്നെ, വിശാലമായ ഹാളിലെ ഒരു മൂലയില്‍ ആറേഴ് പേര്‍ ആര്‍ക്കും ശല്യമാകാതെ നമസ്‌കരിച്ചത് വിവാദമാക്കേണ്ട യാതൊരു കാര്യവുമില്ല. ലുലുവില്‍ പ്രെയര്‍ ഹാളില്ലേ എന്ന ചോദ്യത്തിലൂടെ മാപ്പിരിക്കേണ്ട ഒരു സംഗതിയല്ല ഈ വിവാദത്തിന്റെ പശ്ചാത്തലം. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകാതെ പൊതു ഇടങ്ങളില്‍ മതചിഹ്നങ്ങള്‍ക്ക് ദൃശ്യത ലഭിക്കുക എന്നത് നമ്മെ അലോസരപ്പെടുത്തേണ്ടതില്ല. എന്നാല്‍ അത്തരം ദൃശ്യത ചില മതങ്ങള്‍ക്ക് മാത്രം ലഭിക്കുകയും മറ്റ് മതങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് വിമര്‍ശിക്കപ്പെടേണ്ടത്.
ട്രെയിനിലും മറ്റുമെല്ലാം ധാരാളം പേര്‍ നമസ്‌കരിക്കാറുണ്ട്. സ്വന്തം സീറ്റില്‍ ഇരുന്നാണ് പലരും അത് നിര്‍വഹിക്കാറുള്ളത്. വിനോദയാത്രാ വേളകളില്‍ പാര്‍ക്കുകളുടെ ഒഴിഞ്ഞ മൂലയിലും നമസ്‌കാരം നിര്‍വഹിക്കാറുണ്ട്. കേവലം നാലോ അഞ്ചോ മിനുറ്റ് മാത്രമുള്ള ഇത്തരം നമസ്‌കാരങ്ങളൊന്നും തന്നെ ആരെയും ബുദ്ധിമുട്ടിച്ച് കൊണ്ടാവില്ല നിര്‍വഹിക്കുക. യാത്രയിലാണെങ്കിലും ഇളവുകളോടെ നമസ്‌കരിക്കണം എന്ന മതബോധ്യമുള്ള ഒരാള്‍ക്ക് അപരനെ ബുദ്ധിമുട്ടിക്കരുത് എന്ന മതാധ്യാപനം അവഗണിക്കാന്‍ സാധിക്കില്ലല്ലോ. എന്നാല്‍ പൊതു ഇടങ്ങളില്‍ മതചിഹ്നങ്ങളോ ആചാരങ്ങളോ പാടില്ല എന്നു വാശി പിടിക്കുന്ന മതവിരുദ്ധ ലിബറലുകളും യുക്തിവാദികളുമാണ് മതചിഹ്നങ്ങളോടുള്ള യുദ്ധത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. സംഘപരിവാറിനെ സംബന്ധിച്ചേടത്തോളം അവരുടെ ടാര്‍ഗറ്റ് കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ഏത് കാര്യവും വെറുപ്പോടെ മാത്രമാണ് കാണുക. അതുകൊണ്ട് തന്നെ മാളിലെ നമസ്‌കാരം നിരോധിച്ചത് കൊണ്ട് മാത്രം സംഘപരിവാര്‍ തൃപ്തരാകണമെന്നില്ല. പക്ഷെ, മതചിഹ്നങ്ങളുടെ ദൃശ്യതയില്‍, പ്രത്യേകിച്ച് ഇസ്‌ലാമിക ചിഹ്നങ്ങളുടെ വിസിബിലിറ്റിയില്‍ സംഘപരിവാറിന്റെ ശൈലി ലിബറലുകളും പിന്തുടരുന്നത് എന്തിനാണ്?
പൊതു ഇടം ആരുടേത് എന്നതാണ് ഇവിടുത്തെ പ്രസക്തമായ ചോദ്യം. അത് എല്ലാവരുടേതുമാണ് എന്ന് ഉത്തരം നല്‍കാന്‍ സാധിക്കണം. സവര്‍ണരുടെ സ്വകാര്യ ആചാരങ്ങള്‍ പൊതുവായി അവതരിപ്പിച്ച്, അതാണ് പൊതു ഇടങ്ങളുടെ മുഖമുദ്ര എന്ന് പലവുരു ആവര്‍ത്തിച്ച് പഠിപ്പിക്കുന്ന ചരിത്രമാണ് നമുക്കുള്ളത്. എന്നാല്‍, വിദ്യാഭ്യാസം നേടിയ തലമുറ സുക്ഷ്മ രാഷ്ട്രീയ ബോധ്യത്തോടെ മറുചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അത്തരമൊരു മറുചോദ്യമാണ് തമിഴ്‌നാട്ടിലെ ഡി എം കെയുടെ എം പിയായ ഡോ. എസ് സെന്തില്‍കുമാര്‍ ചോദിക്കുന്നത്. റോഡ് ഉദ്ഘാടനത്തിന് വന്ന അദ്ദേഹം കാണുന്നത് ഹൈന്ദവ ആചാരപ്രകാരമുള്ള ഭൂമിപൂജ ചെയ്യാനെത്തിയ പൂജാരിയെയാണ്. എങ്കില്‍, മുസ്‌ലിം പള്ളിയിലെ ഇമാമും ക്രിസ്ത്യന്‍ ദേവാലയങ്ങളിലെ വൈദികനും മതമില്ലാത്തവരുടെ പ്രതിനിധിയും എവിടെ എന്ന സെന്തില്‍കുമാറിന്റെ ചോദ്യം കാലങ്ങളായി അനുവര്‍ത്തിച്ചുപോരുന്ന ഇവിടുത്തെ കപട മതേതര പ്രകടനങ്ങളോടുള്ള രൂക്ഷമായ പ്രതികരണമാണ്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അശോകസ്തംഭം സ്ഥാപിക്കുന്നതിന്റെ ഭാഗമായ പൂജയും മറ്റും നാം കണ്ടത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇവിടെ കേരളത്തില്‍ പോലും നിരവധി സര്‍ക്കാര്‍ പ്രൊജക്റ്റുകള്‍ തുടങ്ങുന്നത് ഹൈന്ദവ ആചാരങ്ങളിലൂടെയാണ്. പൊതു ഇടത്തില്‍ ആചാരങ്ങള്‍ വേണമെങ്കില്‍ അത് എല്ലാ മതനേതാക്കളുടെയും സാന്നിധ്യത്തിലായിരിക്കണം. മതചിഹ്നങ്ങളെയല്ല വിമര്‍ശിക്കേണ്ടത്, അതിന് ദൃശ്യത നല്‍കുന്നതില്‍ കാണിക്കുന്ന വിവേചനത്തെയാണ് എതിര്‍ക്കേണ്ടത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x