22 Sunday
December 2024
2024 December 22
1446 Joumada II 20

സ്‌നേഹനിധിയായ സഹോദരന്‍

സല്‍മ അന്‍വാരിയ്യ


ജൂണ്‍ 3 തിങ്കളാഴ്ച മൂന്നര മണിയായി കാണും. പെരിന്തല്‍മണ്ണയിലെ മൗലാന ഹോസ്പിറ്റലില്‍ നിന്ന് സഈദ് ഇക്കാടെ മൂത്തമകള്‍ ഹംന വിളിച്ചു: ‘അമ്മായി ഉപ്പാക്ക് അസുഖം കൂടുതലാണ്. വെന്റിലേറ്ററില്‍ ആക്കണം എന്നാണ് പറയുന്നത്. എല്ലാവരെയും അറിയിക്കണം’ – വിതുമ്പലോടെ അവള്‍ ഫോണ്‍ വെച്ചു.
പിന്നീട് എത്രയും പെട്ടെന്ന് ഇക്കാടെ അടുത്ത് എത്താനുള്ള ധൃതിയായിരുന്നു. മനസ്സില്‍ നിറയെ ആശങ്കയും വിഷമവും. ഞാനും ഭര്‍ത്താവും മരുമകനും നാലരയോടെ യാത്ര തിരിച്ചു. യാത്രയിലുടനീളം ആഗ്രഹിച്ചത്, എല്ലാ പ്രാവശ്യവും അല്ലാഹു അത്ഭുതകരമാംവണ്ണം തിരിച്ചുനല്‍കിയതു പോലെ ഇക്കയെ തിരിച്ചു നല്‍കണേ എന്നായിരുന്നു. ഇക്ക ഹാഫ് വെന്റിലേറ്ററില്‍ ആയിരുന്നു. അടുത്തു ചെന്ന് കാണാന്‍ അനുവാദം ലഭിച്ചു. ഓക്‌സിജന്‍ മാസ്‌കിന്റെ സഹായത്തോടെ ഏറെ പണിപ്പെട്ടു ശ്വസിക്കുന്നത് കണ്ടപ്പോള്‍ കരഞ്ഞുപോയി. അധികം വൈകാതെ തന്നെ ശാന്തമായ മരണത്തിലേക്കെത്തി. ആ മരണത്തിന്റെ ശാന്തത കണ്ടപ്പോള്‍ ‘വെണ്ണയില്‍ നിന്നു മുടി എടുക്കുന്ന പോലെ’ എന്ന റസൂലിന്റെ വചനമാണ് ഓര്‍മ വന്നത്.
ജീവിതത്തില്‍ താങ്ങും തണലുമായി, പ്രതീക്ഷയും ആശ്വാസവുമായി, പിതാവും ഗുരുവുമായി, കൈകാര്യകര്‍ത്താവും കാര്യദര്‍ശിയുമായി, സഹയാത്രികനും സഹോദരനുമായി കൂടെ നിന്ന ഒരാള്‍ ഇനിയില്ല എന്ന യാഥാര്‍ഥ്യം വേദനയോടെ ഉള്‍ക്കൊള്ളേണ്ടി വന്നു. വാക്കുകളിലും വരകളിലും പേജുകളിലും പുസ്തകത്തിലും ഒതുങ്ങുന്നതായിയിരുന്നില്ല അദ്ദേഹത്തിന്റെ ജീവിതം. ഇക്കാലത്തൊന്നും അങ്ങനെ പറ്റില്ല എന്ന് പറയുന്നവരുടെ മുമ്പില്‍ എക്കാലത്തും വിശുദ്ധ ഖുര്‍ആനും ഹദീസും അനുസരിച്ച് ജീവിക്കാന്‍ സാധിക്കും എന്ന് ജീവിതത്തിലൂടെ അദ്ദേഹം കാണിച്ചുതന്നു.
1959 സപ്തംബര്‍ ഒന്നിനാണ് ചെറു അറക്കല്‍ മുഹമ്മദ് മൗലവിയുടെയും കറുത്തേടത്ത് ബീഫാത്തിമയുടെയും മകനായി സഈദ് ജനിച്ചത്. കുട്ടിക്കാലത്തു തന്നെ സുന്ദരനും കുറുമ്പനുമായിരുന്നു. മദ്‌റസയില്‍ പഠിക്കുന്ന കാലത്ത് പള്ളിയിലെ മിമ്പറില്‍ കയറി നിന്ന് കൂട്ടുകാരന്റെ ഉപ്പയെ കുറിച്ച് പ്രസംഗിച്ചതും ആദ്യമായി ബാങ്ക് വിളിച്ചപ്പോള്‍ ‘അല്ലാഹു അക്ബര്‍’ എന്നത് നാല് പ്രാവശ്യം പറയുന്നതിന് പകരം എട്ട് പ്രാവശ്യം പറഞ്ഞതും കൗതുകത്തോടെ സഹോദരന്‍ ഫൈസല്‍ ഓര്‍മിക്കുകയുണ്ടായി. അക്കാലത്ത് വട്ടച്ചെലവിന് പണം കണ്ടെത്താന്‍ രണ്ടാളും കൂടെ തീപ്പെട്ടി കമ്പനിയിലും മറ്റും പണിയെടുത്തിട്ടുണ്ട്. കോയമ്പത്തൂരില്‍ ജ്യേഷ്ഠസഹോദരങ്ങളുടെ അടുക്കല്‍ പോകുമ്പോള്‍ പി വി ഹസ്സന്‍ ഹാജിയുടെ കോയാസില്‍ അപ്‌ഹോള്‍സ്റ്ററി ജോലിയിലേര്‍പ്പെടുമായിരുന്നു. വൃത്തിയിലും വേഗതയിലും തയ്ച്ച് അവിടെയുള്ളവരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സഭാകമ്പമുള്ള ആളായിരുന്നു. അതുകൊണ്ടുതന്നെ ആദ്യമായി ഖുത്ബ പറഞ്ഞു വീട്ടിലെത്തിയപ്പോള്‍ ഉപ്പ ചോദിച്ചിട്ടുണ്ട്: ‘നീ എങ്ങനെ പറഞ്ഞു, നിനക്ക് പറയാന്‍ അറിയാമോ?’ എന്ന്.

ഖുര്‍ആനിനും ഹദീസിനും അനുസരിച്ച് ആയിരുന്നു അദ്ദേഹം തന്റെ ജീവിതത്തെ കെട്ടിപ്പടുത്തത് എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. ആദ്യമേ ഞങ്ങളത് മനസ്സിലാക്കിയിട്ടുണ്ടെങ്കിലും അദ്ദേഹം എഴുതിവച്ച ഓരോ വാക്കുകളും വസിയ്യത്തുകളും ഞങ്ങളെ കൂടുതല്‍ കൂടുതല്‍ അത് ബോധ്യപ്പെടുത്തുന്നു. മൈലോ ഫൈബ്രോസിസ് എന്ന മാരകമായ രോഗം ബാധിച്ച് അവശതയനുഭവിക്കുമ്പോഴും ഒരിക്കല്‍ പോലും രോഗത്തെ കുറിച്ചാവലാതി പറയുകയോ, വിധിയെ പഴിക്കുകയോ ചെയ്തില്ല. അസഹ്യമായ വേദന അനുഭവിക്കുമ്പോഴും തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്നല്ലാതെ എനിക്ക് വേദനിക്കുന്നു എന്ന് പറഞ്ഞിരുന്നില്ല. പരാതി പറഞ്ഞത് മുഴുവന്‍ അല്ലാഹുവിനോട് മാത്രമായിരുന്നു. ഡയാലിസിസ് ചെയ്യുമ്പോള്‍ കണ്ണടച്ച് കിടക്കുന്നതെന്തിനാണെന്ന് ചോദിച്ചപ്പോള്‍ എല്ലാവര്‍ക്കും വേണ്ടി ദുആ ചെയ്യുന്നതിനാണ് എന്നായിരുന്നു മറുപടി. ഡ്രൈവ് ചെയ്യുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴും ഏത് സമയത്തും ദിക്‌റുകള്‍ ചൊല്ലുന്ന നാവായിരുന്നു. ഭാര്യയെയും മക്കളെയും എപ്പോഴും ഉയര്‍ത്തി പറയും. മാരകമായ രോഗത്തിന്റെ പ്രയാസങ്ങള്‍ക്കിടയിലും സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നതിന് ആരെയും ആശ്രയിച്ചില്ല. മരണത്തിന് മുമ്പ് തന്നെ കുളി, നഖം വെട്ടി വൃത്തിയാക്കല്‍, താടിയും മുടിയും വെട്ടിയൊതുക്കല്‍ എല്ലാം ചെയ്തു വെച്ചു.
ഒരു കാര്യത്തിലും അമിതമാവുകയോ പിശുക്ക് കാണിക്കുകയോ ചെയ്തില്ല. മിതത്വം ശീലിക്കണമെന്ന് ഉപദേശിക്കുക മാത്രമല്ല, ജീവിതത്തില്‍ അത് കാണിച്ചു തരികയും ചെയ്തു. ഒന്നര മാസം മുമ്പായിരുന്നു മൂത്ത സഹോദരിയുടെ പേരക്കുട്ടിയുടെ കല്യാണം. പന്തലില്‍ കോല്‍ക്കളി നടക്കുകയാണ്. ന്യൂജന്‍ കുട്ടികളായതുകൊണ്ട് പാന്റ്‌സും ഷര്‍ട്ടുമായിരുന്നു വേഷം. അപ്പോള്‍ ഞങ്ങളോട് ചോദിക്കുകയുണ്ടായി, ഇതെന്ത് കോല്‍ക്കളിയാണ്? കോല്‍ക്കളിക്ക് കള്ളിമുണ്ടും ബനിയനും തലയില്‍ കെട്ടുമല്ലേ വേണ്ടത് എന്ന്.

ആദ്യ ഭാര്യ മരണപ്പെട്ടപ്പോള്‍ അവരുടെ അമ്മാവന്റെ മകളെയാണ് രണ്ടാമത് കല്യാണം കഴിച്ചത്. രണ്ടു ഭാര്യമാരിലും ഉള്ള മക്കളോടും ഒരുപോലെ. രണ്ടാം ഭാര്യയുടെ മക്കള്‍ ചെറുതായിരുന്നിട്ടും മുതിര്‍ന്നവര്‍ക്ക് മനപ്രയാസം ഉണ്ടായെങ്കിലോ എന്ന ധാരണയില്‍ അവരെയും അമിതമായി ലാളിക്കുകയോ സ്‌നേഹിക്കുകയോ ചെയ്തില്ല. എല്ലാവരോടും ഒരുപോലെ. സ്ത്രീകള്‍ സ്വയം പര്യാപ്തരാകണമെന്നും തന്റെ ഇടത്തോട് ജീവിക്കണമെന്നും ഉപദേശിക്കുമ്പോള്‍ തന്നെ അവരോട് അല്ലാഹു ഏല്‍പ്പിച്ച ഉത്തരവാദിത്തം മറന്നുകൊണ്ട് ജീവിക്കരുത് എന്നും നിര്‍ദേശിക്കാറുണ്ട്.
സംഘടനാ ചരിത്രത്തിലെ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പ് ഉണ്ടായപ്പോഴും ആരെയും വ്യക്തിഹത്യ നടത്തുകയോ അനാവശ്യമായതൊന്നും പറയുകയോ ചെയ്തില്ല. താന്‍ മനസ്സിലാക്കിയ സത്യത്തോടൊപ്പം നിലകൊള്ളുകയാണ് ചെയ്തത്. ദൈനംദിന ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ഏറെ ശ്രദ്ധാലുവായിരുന്നു. ആരോടും കടം വാങ്ങിക്കാറില്ല. കടം കൊടുക്കുമ്പോള്‍ നിയമം അനുസരിച്ച് മാത്രം. തിരിച്ചുകിട്ടാന്‍ സാധ്യതയില്ലെന്ന് തോന്നിയാല്‍ അവര്‍ക്ക് ദാനം ചെയ്ത് വിടും എന്നതല്ലാതെ അലോസരത്തിനു നില്‍ക്കാറില്ല. വ്യക്തിപരമായ കാര്യങ്ങളിലും വീട്ടിലെ കാര്യങ്ങളിലും അടുക്കും ചിട്ടയും നിര്‍ബന്ധമായിരുന്നു.
ഭക്ഷണം കഴിക്കുമ്പോള്‍ എല്ലാവരും ഒരുമിച്ച് ഉണ്ടാകണമെന്ന് നിര്‍ബന്ധം. എന്നാല്‍ എല്ലാ ഭക്ഷണവും ഒരുമിച്ചു കുഴച്ച് മൃഗങ്ങള്‍ക്ക് നല്‍കുന്നത് പോലെ കഴിക്കരുതെന്നും ഒരോ ഭക്ഷണവും അതിന്റെ രുചിയറിഞ്ഞു കഴിക്കണമെന്നും വാരിവലിച്ചു ധൃതി പിടിച്ച് തിന്നരുതെന്നും ഭക്ഷണത്തിലേക്ക് ശ്രദ്ധിച്ചും അത് നല്‍കിയ പടച്ചവനെ സ്തുതിച്ചും കഴിക്കണമെന്നും നിര്‍ദ്ദേശിക്കും.
ഈ പ്രപഞ്ചത്തിലേക്ക് നോക്കിയാല്‍ അല്ലാഹുവിന്റെ ഭംഗി ദര്‍ശിക്കാനാകുമെന്നും ഭംഗിയുള്ള അല്ലാഹുവിനെ കാണാന്‍ കൊതിയുണ്ടെന്നും ഓരോ കാര്യത്തിലും ഉള്ള അവന്റെ കണക്കും അടുക്കും ചിട്ടയും കാണാനാകുമെന്നും നമ്മളും അതുപോലെ ആകണമെന്നും പറയാറുണ്ട്. അതുകൊണ്ടുതന്നെ എപ്പോഴും വൃത്തിയോടെ ജീവിച്ചു. ഒരിക്കല്‍ പോലും മുഷിഞ്ഞ രൂപത്തില്‍ ഇക്കയെ കണ്ടിട്ടില്ല. ആരു വന്നു വിളിച്ചാലും അവരുടെ മുന്‍പിലേക്ക് മുടി ചീകി താടിയൊതുക്കി ഏറ്റവും മാന്യമായ രീതിയിലും രൂപത്തിലുമാണ് പ്രത്യക്ഷപ്പെടാറുള്ളത്. ദാനധര്‍മങ്ങള്‍ ചെയ്യുമ്പോള്‍ പോലും രണ്ടു ഭാര്യമാര്‍ക്കും ഒരുപോലെ പ്രതിഫലം ലഭിക്കാന്‍ പ്രാര്‍ഥിക്കുമായിരുന്നു. ഉപ്പ, ഉമ്മ, മരണപ്പെട്ട ഇണ എന്നിവരുടെ കബറിടങ്ങള്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കും.
രാത്രി 9നും 9.30.നും ഇടയില്‍ ഉറങ്ങും. വെളുപ്പിന് മൂന്നിനും മൂന്നരക്കുമിടയില്‍ എഴുന്നേല്‍ക്കും. യോഗയുടെ എല്ലാ മുറകളും അറിയാമായിരുന്നു. അത് കൂട്ടുകാരെയും സംഘടനാ പ്രവര്‍ത്തകരെയും ഞങ്ങള്‍ സഹോദരങ്ങളെയും ചികിത്സിച്ച ഡോക്ടര്‍മാരെയും അത്ഭുതപ്പെടുത്തും വിധം കാണിക്കുകയും പഠിപ്പിച്ചു തരുകയും ചെയ്യുമായിരുന്നു.
പാട്ടും കവിതയും ഇഷ്ടമായിരുന്നു. ഭാര്യയെ കൊണ്ടും എന്നെക്കൊണ്ടും പാട്ട് പാടിപ്പിക്കും. ഒന്നും അമിതമായിരുന്നില്ല. മക്കളെയും ഭാര്യയെയും മറ്റുള്ളവരുടെ മുമ്പില്‍ മോശമായി പറയുകയോ ഇകഴ്ത്തി സംസാരിക്കുകയോ ചെയ്തില്ല. മക്കളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് പറയുമായിരുന്നു. എല്ലാ കാര്യവും കൂടി ആലോചിച്ച് ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. മിതവ്യയം, സമ്പാദ്യ ശീലം, ചെലവഴിക്കുമ്പോള്‍ കാണിക്കുന്ന ശ്രദ്ധ, കുറവ് വന്നാലും ഒരു പൈസ പോലും ബാധ്യതയാകരുത് എന്ന നിര്‍ബന്ധം ഇതൊക്കെ നമുക്ക് കാണാനാകും.
ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഗുരു നിത്യചൈതന്യ യതിയെ കാണാന്‍ വേണ്ടി ഊട്ടിയിലെ അദ്ദേഹത്തിന്റെ ആശ്രമത്തിലേക്ക് സൈക്കിളില്‍ പോയത്. പോകുമ്പോള്‍ വഴിയില്‍ വെച്ച് കഴിക്കാന്‍ കസൂറപ്പം എന്നെക്കൊണ്ട് ഉണ്ടാക്കിച്ചിരുന്നു. വരുമ്പോള്‍ ഒരു സഞ്ചി നിറയെ പേരക്കയും മറ്റൊരു സഞ്ചിയില്‍ ഭംഗിയുള്ള ഒരു പൂച്ചയെയും കൊണ്ടുവന്നു. ഇവിടെ കൊണ്ടുവന്ന് രണ്ടു ദിവസത്തിനകം പൂച്ചയെ കാണാതായി. ഊട്ടി മുതല്‍ ഇവിടം വരെ സൈക്കിളില്‍ കൊണ്ടുവന്ന ആ പൂച്ച നഷ്ടപ്പെട്ടതില്‍ ഏറെ സങ്കടം ആയിരുന്നു.

മൂന്നു വര്‍ഷത്തോളമായി ശബ്ദം ഇല്ലാതെയായിട്ട്. അതേക്കുറിച്ചു ഒരിക്കലും സങ്കടപ്പെട്ടില്ല. അല്ലാഹു നല്‍കിയ ശബ്ദം അവന്‍ തിരിച്ചെടുത്തു എന്നേ പറയൂ. ഞാന്‍ ചോദിച്ച എല്ലാ കാര്യവും അല്ലാഹു എനിക്ക് നല്‍കിയിട്ടുണ്ട്; നിങ്ങളും ഏതൊരു കാര്യവും അല്ലാഹുവിനോട് മാത്രമാണ് ചോദിക്കേണ്ടത് എന്ന് പറയാറുണ്ട്.
അല്‍ഫിത്‌റയെ ഒരിക്കലും പണം സമ്പാദിക്കാനുള്ള ഒരു ഉപാധിയാക്കിയില്ല. അല്‍ഫിത്‌റ സംവിധാനത്തെ കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്തവരോടൊന്നും മറുപടി പറയുകയോ പകരം ചോദിക്കുകയോ ചെയ്തില്ല. ഈജിപ്തിലെ ശൈഖുമാരോട് ഏറെ ഇഷ്ടവും താല്പര്യവും ആയിരുന്നു. വിശുദ്ധ ഖുര്‍ആന്റെ പഠനത്തിനും അതിന്റെ വ്യാപനത്തിനും വേണ്ടിയുള്ള അവരുടെ പരിശ്രമവും ത്യാഗവും കാണുമ്പോള്‍ അവരാണ് യഥാര്‍ഥ പണ്ഡിതന്മാര്‍ എന്ന് ഇടയ്ക്കിടെ പറയുമായിരുന്നു. അവരോടൊപ്പം സംസാരിച്ചിരിക്കുന്നത്, യാത്ര ചെയ്യുന്നത് ഏറെ ഇഷ്ടമായിരുന്നു. അവരുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കുറച്ചു മാസങ്ങള്‍ക്കപ്പുറം ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കെ തന്നെ ഇന്തോനേഷ്യയിലേക്ക് പുറപ്പെടുകയും അവരോടൊപ്പം ഒരാഴ്ചയോളം താമസിക്കുകയും ചെയ്തത്.
ജീവിതത്തില്‍ ഇത്രയേറെ ശ്രദ്ധിക്കാന്‍ ആകുമോ എന്ന് സംശയിക്കുന്നവര്‍ക്ക് ജീവിക്കുന്ന മാതൃകയായിരുന്നു അദ്ദേഹം. പറയുന്നത് പ്രവര്‍ത്തിക്കുകയും പ്രവര്‍ത്തിക്കുന്നത് മാത്രം പറയുകയും ചെയ്ത പ്രിയപ്പെട്ട സഹോദരന്‍ ഇനി ഇല്ല എന്നോര്‍ക്കുമ്പോള്‍ മനസ്സ് വല്ലാതെ വിങ്ങുന്നു.

Back to Top