പ്രാദേശിക നേതാവ് എന്ന സങ്കല്‍പം
ഡോ. എം എച്ച് ഇല്യാസ്
ജിന്ന മാതൃകയിലെ നേതാവിന് നേര്‍വിപരീതമായി പ്രാദേശിക നേതാവ് എന്ന ഗണത്തില്‍ പെടുത്താവുന്ന ഒരു വിഭാഗം നേതാക്കളും ഉണ്ടായിരുന്നു. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന നേതാക്കള്‍ ജാടയില്ലാത്ത, ‘നാടന്‍’ നേതാവ് എന്ന പ്രതിഛായയില്‍ ഉയര്‍ന്നു വന്നവരാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ജനമനസ്സുകളില്‍ നിലനിക്കുന്ന മതേതരമായൊരു പ്രതീകമാണ് ഈ ഗ്രാമീണ പ്രതിഛായയുള്ള നേതാവ്. അവരുടെ വിദ്യാഭ്യാസത്തിന്റെ കുറവും പാരമ്പര്യമില്ലായ്മയുമെല്ലാം പൊതുവ്യവഹാരങ്ങളില്‍ അവഗണിക്കപ്പെടുന്നു.
സരസമായ രാഷ്ട്രീയ പ്രസംഗങ്ങള്‍ക്ക് പേരുകേട്ട, 1979-കളിലും എണ്‍പതുകളിലും തെക്കന്‍ മലബാറില്‍ ഏറ്റവും ജനകീയനായ നേതാവായിരുന്ന സീതി ഹാജിയുടെ കാര്യത്തില്‍ ഇത് ഏറ്റവും പ്രകടമായിരുന്നു. നാടന്‍ വേഷവും തെക്കന്‍ മലബാര്‍ ഭാഷയും ഹാസ്യശൈലികളും ഔപചാരിക വിദ്യാഭ്യാസത്തിന്റെ അഭാവവും കൊണ്ടാണ് അദ്ദേഹം രാഷ്ട്രീയ, മാധ്യമവൃത്തങ്ങളില്‍ വ്യത്യസ്തനായത്. മലബാറിലെ അഭ്യസ്ത വിദ്യരല്ലാത്ത മുസ്ലിംകളുടെയും പൊതുജനത്തിന്റെയും ഭാഷാശൈലികള്‍ കൊണ്ട് സമൃദ്ധമായിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസംഗങ്ങള്‍ അതുകൊണ്ട് തന്നെ പരിഹാസത്തിനും വിധേയമായിരുന്നു.
എന്നാല്‍ പ്രാദേശിക നേതാവ് എന്ന ഗണത്തില്‍ പെട്ടിരുന്നവര്‍ തങ്ങളുടെ പരമ്പരാഗത പശ്ചാത്തലത്തില്‍ അഭിമാനം കൊണ്ടിരുന്നു. കാരണം അതവര്‍ക്ക് ഭൂരിപക്ഷം വരുന്ന സുന്നി മുസ്ലിംകള്‍ക്കിടയില്‍ ചില സവിശേഷ ആനുകൂല്യങ്ങളൊക്കെ നേടിക്കൊടുത്തു. ഔദ്യോഗിക വിദ്യാഭ്യാസത്തിന്റെ കുറവ് ഒളിച്ചുവെക്കേണ്ട ഒന്നായിരുന്നില്ല ഹാജിക്ക്. അവസരം കിട്ടുമ്പോഴെല്ലാം നാലാം തരത്തിനപ്പുറം താന്‍ പഠിച്ചിട്ടില്ലെന്ന് ഹാജി പറയുമായിരുന്നു. ഇത്തരത്തില്‍ നാലാം തരം എന്ന് ആവര്‍ത്തിച്ചു പറയുക വഴി വിദ്യാഭ്യാസം കുറഞ്ഞവരോ തീരെ ഇല്ലാത്തവരോ ആയ തന്റെ അനുയായികളെ പ്രചോദിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഹാജിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഇങ്ങനെ എഴുതുന്നു:
”അതിലിത്ര സങ്കടപ്പെടാനൊന്നുമില്ല, ഞാനും എല്‍ പി സ്‌കൂള്‍ കഴിയാത്ത ആളാണ് എന്ന് പറയുന്നതിലൂടെ ഹാജി തനിക്ക് ചുറ്റുമുള്ള സാധാരണക്കാരെ ആശ്വസിപ്പിക്കുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസമില്ലാതെ ഇരുട്ടില്‍ തപ്പരുതെന്ന് അദ്ദേഹം ചെറുപ്പക്കാരെ ഉപദേശിക്കുകയും ചെയ്തു. ജനത്തിന്റെ മനഃശാസ്ത്രം സര്‍വകലാശാലയില്‍ നിന്ന് പഠിച്ചതല്ല, തന്റെ കഴിഞ്ഞകാലത്തെ കയ്‌പ്പേറിയ അനുഭവങ്ങളില്‍ നിന്നും ദിനം പ്രതി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലൂടെ വശമാക്കിയതാണ്. അതായിരുന്നു അദ്ദേഹത്തിന്റെ സര്‍വകലാശാല.”(58)
അക്കാലത്തു ജനകീയമെന്ന് പേരുകേട്ട തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഹാജിക്ക് ലഭിച്ച സ്വീകാര്യതയാണ് തങ്ങള്‍ വിവരിക്കാന്‍ ആഗ്രഹിച്ചത്. തങ്ങളുടെ ഹാജിയെക്കുറിച്ചുള്ള പ്രശംസയിലേറെ ഹാജിയുടെ നേതൃത്വ ഗുണങ്ങള്‍ക്ക് തങ്ങള്‍ നല്‍കിയ ഊന്നലാണ് 1989-കളില്‍ മുസ്ലിംലീഗിന്റെ നേതൃഗുണങ്ങള്‍ എങ്ങനെ പുനര്‍വിഭാവനം ചെയ്യപ്പെട്ടു എന്ന് മനസ്സിലാക്കുന്നതില്‍ പ്രസക്തമായത്. ഈ കാലഘട്ടം ലീഗ് രാഷ്ട്രീയത്തില്‍ ജിന്ന മാതൃകയിലെ നേതൃത്വം കടുത്ത വിമര്‍ശനത്തിന് വിധേയമാവുകയും ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
ഇബ്‌റാഹീം സുലൈമാന്‍സേട്ട്, എ ബനാത്ത്‌വാല, ഇ അഹ്മദ് എന്നീ മുതിര്‍ന്ന നേതാക്കളും കേരളത്തില്‍ നിന്നുള്ള എം പിമാരും ഭൂരിഭാഗം സമയവും ഡല്‍ഹിയില്‍ ചെലവഴിച്ചിരുന്നു. അവരുടെ നാഗരിക ജീവിതശൈലിയും കേരളത്തില്‍ വലിയ ജനപിന്തുണയില്ലാത്തതും അനുയായികളുടെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. അങ്ങനെ നേതൃത്വത്തെ വിമര്‍ശിക്കുന്നതിനുള്ള ഒരു പുതിയ മാര്‍ഗമായി പ്രാദേശിക നേതാവ് എന്ന ആശയം മാറി.
എന്നാല്‍ സമുദായത്തിനകത്തും പുറത്തുമുള്ള വിമര്‍ശകരുടെ ദൃഷ്ടിയില്‍ പ്രാദേശിക നേതാവിനെപോലുള്ള നേതാക്കള്‍ ലീഗ് കഴിഞ്ഞ പതിറ്റാണ്ടുകളില്‍ വളര്‍ത്തിയെടുത്ത ആധുനിക വരേണ്യ നേതൃത്വ സങ്കല്പത്തില്‍ നിന്നുള്ള വ്യതിചലനമായിരുന്നു. പരമ്പരാഗത നേതൃത്വത്തില്‍ നിന്നു പൂര്‍ണമായി വിട്ടുമാറിയതെന്ന് ആരോപിച്ചു കൊണ്ട് വിമര്‍ശകര്‍ ഈ നേതാക്കളെ അവരുടെ താഴ്ന്ന വിദ്യാഭ്യാസ നിലവാരത്തിന്റെ പേരില്‍ അന്യവത്കരിക്കുക പോലുമുണ്ടായി. അവരെ ഏതെങ്കിലും ഭരണസ്ഥാനത്തേക്ക് പരിഗണിക്കുമ്പോഴൊക്കെ വിദ്യാഭ്യാസക്കുറവും പരുക്കന്‍ പെരുമാറ്റവും വിശദമാക്കുന്ന വിവരണങ്ങള്‍ പൊന്തിവന്നിരുന്നു. അത്തരം നേതാക്കളുടെ വ്യക്തിത്വവും അവര്‍ ഇടപെട്ടിരുന്ന പൊതുമണ്ഡലവും പ്രധാനമായും അത്തരം വാര്‍പ്പുമാതൃകകള്‍ നിറഞ്ഞതായിരുന്നു.
അക്ഷരാഭ്യാസമില്ലാത്ത അജ്ഞനായി ഹാജിയെ ചിത്രീകരിക്കുന്ന തമാശകള്‍ പൊതുഭാവനയില്‍ ഒരു പ്രാദേശിക നേതാവിന്റെ പ്രതിഛായ എങ്ങനെ രൂപപ്പെടുത്തുന്നു എന്ന് കാണാവുന്നതാണ്. വരേണ്യ നേതൃത്വത്തിനായുള്ള സമുദായത്തിന്റെ ആഗ്രഹത്തിന്റെ പ്രതിഫലനമാണ് ഈ ഇമേജ് രൂപീകരണം.
മലബാറില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂട്ടമായി ആളുകള്‍ കുടിയേറിയതു വഴി സമുദായത്തിലും ലീഗിലും 1980കളില്‍ വലിയൊരു സാമൂഹിക മാറ്റം ഉണ്ടായതും ശ്രദ്ധേയമാണ്. കുടിയേറ്റത്തിന് ശേഷം ദീര്‍ഘ ദര്‍ശികളായ നേതാക്കള്‍ക്ക് പകരം വര്‍ത്തമാന സന്ദര്‍ഭത്തിനനുസരിച്ചു നിലപാടെടുക്കാന്‍ കഴിയുന്ന നേതാക്കള്‍ക്ക് പ്രാധാന്യം കൈവന്നു. പാര്‍ട്ടിയിലെയോ കേരള രാഷ്ട്രീയത്തിലെയോ സന്നിഗ്ധ ഘട്ടങ്ങളില്‍ അവര്‍ കൂടുതല്‍ സജീവമായി രംഗത്തു വന്നു.
ഗള്‍ഫ് മലയാളി ബന്ധങ്ങളിലൂടെ കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ മതിപ്പു നേടാനാവുന്ന സ്ഥിതിയുണ്ടായി. ആഗോളവത്കരണത്തിന് ശേഷമുള്ള കാലത്തെ കേരള രാഷ്ട്രീയം പാര്‍ട്ടിക്കായി ഫണ്ട് സമാഹരിക്കുന്നതിനുള്ള കഴിവ് വഴിയോ അവര്‍ മുന്‍കൈ എടുത്തിട്ടുള്ള ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നത് വഴിയോ പാര്‍ട്ടികള്‍ക്കതീതമായി അത്തരം നേതാക്കള്‍ ജനപ്രിയത നേടുന്നതിന് സാക്ഷ്യം വഹിച്ചു.
ഈ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന നേതാവാണ് പ്രതിസന്ധികള്‍ നേരിടുന്നതിനുള്ള കഴിവ് മൂലം ചാണക്യനായി വിശേഷിപ്പിക്കപ്പെടുന്ന പി കെ കുഞ്ഞാലിക്കുട്ടി. പാര്‍ട്ടി ഏറെ ബുദ്ധിമുട്ടിയിരുന്ന സമയത്താണ് പി കെ കുഞ്ഞാലിക്കുട്ടി നേതൃത്വത്തിലേക്ക് ഉയര്‍ന്നുവരുന്നത്. ബാബറി മസ്ജിദിന് ശേഷമുള്ള രാഷ്ട്രീയത്തില്‍ സ്വത്വം, പൗരാവകാശങ്ങള്‍, സര്‍ക്കാര്‍ ജോലികളില്‍ സംവരണം, എന്നിങ്ങനെ ഉള്ള വിഷയങ്ങളില്‍ സമുദായത്തിനകത്തു ഗൗരവമായ ചര്‍ച്ചകള്‍ നടക്കുകയും നിലനില്പിനായി ചില പ്രവര്‍ത്തന പദ്ധതികള്‍ രൂപപ്പെടുത്താന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.
ലീഗിന് ആ രാഷ്ട്രീയ സാഹചര്യം പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയാതെ വരികയും തെരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടി നേരിടുകയും ചെയ്തു. പിന്നീട് ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാനും സമുദായത്തിനകത്തു തന്നെ ഉയര്‍ന്നുവന്ന റാഡിക്കല്‍ ഇസ്ലാമിക സ്വത്വത്തെ ആധാരമാക്കിയ തീവ്രവിഭാഗങ്ങളെയും എതിര്‍ക്കാന്‍ ലീഗിന്റെ മിതവാദി, മതേതര നിലപാടുകള്‍ സഹായകരമായി.(59)
ഉപസംഹാരം
മുന്‍പ് ചര്‍ച്ച ചെയ്തതുപോലെ കേരളത്തിലെ മുസ്ലിം സമുദായത്തിലെ നേതൃത്വ ഗുണങ്ങള്‍ വിഭിന്നരീതിയില്‍ വിശേഷിപ്പിച്ചു വരുന്നു, നേതൃത്വത്തെ സാധാരണഗതിയില്‍ വിലയിരുത്തുന്ന രീതിയായ ജനത്തെ നിയന്ത്രിക്കാനുള്ള കഴിവ് കൂടാതെ മറ്റു ഗുണങ്ങള്‍ കൂടി പരിഗണിക്കപ്പെടുന്നു.
ഉത്തമ നേതൃത്വത്തെ സംബന്ധിച്ച ഇസ്ലാമിക ആശയങ്ങളോ സാര്‍വ്വത്രികമായി അംഗീകരിക്കപ്പെടുന്ന മുസ്ലിം നേതൃത്വങ്ങളോ കേരളത്തിന്റെ സന്ദര്‍ഭത്തില്‍ കാര്യമായി പ്രസക്തമാകുന്നില്ല. പകരം ചില പ്രാദേശികമായ ആശയങ്ങളും സങ്കല്‍പ്പങ്ങളും ഉത്തമ മുസ്ലിം നേതൃത്വത്തോടൊപ്പം വികസിപ്പിച്ചെടുത്തു പിന്നീടത് മുസ്ലിം ലീഗിലേക്ക് സന്നിവേശിപ്പിച്ചതാണ് കേരള മുസ്ലിംകളുടെ ആദര്‍ശ നേതൃത്വത്തെ സംബന്ധിച്ച സങ്കല്‍പം.
വിദ്യാഭ്യാസം, വരേണ്യത, കുലീനത, പ്രത്യേക കുടുംബ പാരമ്പര്യം എന്നിവയെ അടിസ്ഥാനപ്പെടുത്തി നാലു തരം നേതൃത്വഗുണങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്തിട്ടുണ്ട് – ജിന്ന മാതൃക, ഉലമ, പ്രാദേശിക നേതൃത്വം, അവസരോചിതമായത് എന്നിങ്ങനെ. ആദ്യകാലത്തു ലീഗ് നേതൃത്വത്തില്‍ പരമ്പരാഗത ഭൂവുടമകളും സമ്പന്നരായ വ്യാപാരികളും സ്വാധീനമുള്ള ഉലമകളും ഏതാനും ഇടത്തട്ടുകാരായ ഉദ്യോഗസ്ഥരുമാണ് ഉണ്ടായിരുന്നത്.
ഉലമ നേതൃത്വം രാഷ്ട്രീയവും മതപരവുമായ അധികാരത്തിന്റെ പ്രതീകമായിരുന്നു. അവര്‍ പാര്‍ട്ടിയുടെയും നേതൃത്വത്തിന്റെയും മതപരമായ അടിത്തറ ഉറപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു. അതാത് കാലത്ത് സമുദായത്തില്‍ ഉയര്‍ന്നുവന്ന ധാര്‍മികവും മതപരവും രാഷ്ട്രീയവുമായ സാഹചര്യങ്ങള്‍ക്കും പരിഗണനകള്‍ക്കും അനുസൃതമായിരുന്നു ലീഗിലെ നേതൃത്വത്തെ സംബന്ധിച്ച വ്യത്യസ്തമായ ആശയങ്ങള്‍.
ലീഗിന്റെ ആദ്യ തലമുറ നേതാക്കള്‍ അനുയായികളോട് സമുദായത്തിന് ദൃശ്യത കൈവരിക്കാനും ലക്ഷ്യങ്ങളിലേക്ക് അടുക്കാനും ഉള്ള മാര്‍ഗമായി ആധുനിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ ഉപദേശിച്ചു. ആധുനിക വിദ്യാഭ്യാസവും ആഗോള വീക്ഷണവും ഗുണങ്ങളായുള്ള ഒരു മുസ്ലിം നേതൃത്വത്തെ അവര്‍ മുന്നോട്ടുവെച്ചു. അവരെ സംബന്ധിച്ച് വിദ്യാഭ്യാസവും നേതൃത്വവും ആവശ്യമായ സഖ്യമായിരുന്നു. അവര്‍ക്ക് പാര്‍ടിക്ക് അകത്തും പുറത്തും ഉന്നത പദവി നേടുന്നതില്‍ ഉയര്‍ന്ന വിദ്യാഭ്യാസവും ഭാഷപാടവവും വളരെ സഹായിച്ചു. ജിന്ന മാതൃകയിലുള്ള നേതാക്കളുടെ ജനപ്രിയത ജിന്നയുടെ രാഷ്ട്രീയ നിലപാടുകളോട് അകലം പാലിച്ചുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആധുനിക വ്യക്തിത്വവും ആഗോള വീക്ഷണവും ആകര്‍ഷകമായി തോന്നിയ ആദ്യകാല ലീഗ് നേതാക്കളിലൂടെ ലീഗ് രാഷ്ട്രീയത്തിലും എത്താന്‍ കാരണമായി. അതിസാധാരണമായ സാഹചര്യങ്ങളില്‍ പോലും അദ്ദേഹത്തെ ഉദ്ധരിച്ചു കാണുന്നത്ര വ്യാപകമാണ് ജിന്നയുടെമാതൃക.
വിവ. ഡോ. സൗമ്യ പി എന്‍
കുറിപ്പുകള്‍
58. Thangal SHS. Introduction. In: Alivu Peyyum Shouryam, Calicut. 2010;p. 3–4.
59. Santhosh R, Visakh M. Muslim League in Kerala Exploring the Question of ‘Being Secular. Economic and Political Weekly. 2020;4(7):50–57.