3 Sunday
December 2023
2023 December 3
1445 Joumada I 20

ലിംഗമാറ്റ ശസ്ത്രക്രിയ അനുവദനീയമോ?

മുഫീദ്‌


‘ x, y ക്രോമസോമുകാര്‍ ആണും xx ക്രോമസോമുകാര്‍ പെണ്ണും എന്നീ രണ്ട് വിഭാഗം മാത്രമേ മനുഷ്യരിലുള്ളൂവെന്നും, ശരീരശാസ്ത്രപരമായി ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഒരു കൂട്ടം മനുഷ്യരേ ഇല്ലെന്നുമാണ് മെഡിക്കല്‍ സയന്‍സ് പറയുന്നത്. ട്രാന്‍സ് ജെന്‍ഡര്‍ എന്നത് ഒരു മാനസികാവസ്ഥമൂലം മാത്രം ഉണ്ടാവുന്നവരാണ്. അതായത് x, yകാര്‍ ചിലരില്‍ സ്‌ത്രൈണ സ്വഭാവവും xx കാരില്‍ പുരുഷപ്രകൃതവും കാണുന്നുവെന്നല്ലാതെ, അതൊക്കെ ബാഹ്യമായ അവയവങ്ങളില്‍ മാത്രമേ പ്രകടമാവൂ എന്നര്‍ഥം. x, y കാരില്‍, സ്ത്രീകളുടെ മാറിടം, പുരുഷജനനേന്ദ്രിയം ഇല്ലാതിരിക്കലൊക്കെ കാണാം, പക്ഷെ ഃഃകാര്‍ക്ക് ഉള്ള അണ്ഡാശയം, ഗര്‍ഭപാത്രം പോലുള്ള ആന്തരികാവയവങ്ങളൊന്നും ഉണ്ടാവില്ല. സര്‍ജറിയിലൂടെ ആണിനെ ഗര്‍ഭം ധരിക്കാനാവാത്ത സ്ത്രീകളാക്കി മാറ്റാം. താരതമ്യേന കുടുതല്‍ പ്രയാസമുള്ള സര്‍ജറി വഴി ബാഹ്യത്തില്‍ പുരുഷ സ്വഭാവക്കാരായ xxകാരെ സന്താനോല്പദനത്തിന് പറ്റാത്ത പുരുഷന്മാരാക്കി മാറ്റാം. ഇത് രണ്ടും നാട്ടില്‍ നടക്കാറുമുണ്ട്.”
ഒരു പത്രത്തില്‍ വന്ന ലേഖനത്തിന്റെ പശ്ചാതലത്തിലാണ് മുകളിലെ കാര്യങ്ങള്‍ പറഞ്ഞത്. പ്രസ്തുത ലേഖന കര്‍ത്താവ് അനുഭവിച്ചതായി പറയുന്നതൊക്കെ പൊതുവില്‍ ഈ വിഭാഗക്കാര്‍ അനുഭവിക്കാനിടയുള്ള പ്രശ്‌നങ്ങള്‍ തന്നെയാണ്. അതിനാല്‍ തന്നെ സമൂഹം ഇനിയെങ്കിലും ചെവി കൊടുക്കേണ്ട ഗൗരവമുള്ള കാര്യങ്ങള്‍ തന്നെയാണവ. വേഷപ്രഛന്നരായി നടന്ന് ലൈംഗികതൊഴില്‍ ചെയ്യുന്നവരാണിവര്‍ എന്ന് ധരിക്കുന്നവരും സമൂഹത്തിലുണ്ട്. എന്തായാലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സും മറ്റുള്ളവെരെപോലെ എല്ലാ മാനുഷിക പരിഗണനയും അര്‍ഹിക്കുന്നവരാണ് എന്ന് സമൂഹം തിരിച്ചറിയേണ്ടിരിക്കുന്നു. എന്റെ സംശയമിതാണ്: ഏത് നിലക്കുള്ള ലിംഗമാറ്റ ശസ്ത്രക്രിയ ആണെങ്കിലും ഇസ്‌ലാംമതം അത് വിലയ്ക്കുന്നുണ്ടോ? ആവശ്യക്കാരത് ചെയ്താല്‍, അവര്‍ക്കിടയിലെ വിവാഹം, അനന്തരാവകാശം തുടങ്ങിയവയുടെ മതവിധി എന്താണ്?

എം ഖാലിദ് നിലമ്പൂര്‍

മനുഷ്യ ശരീരത്തില്‍ നടത്താറുള്ള ശസ്ത്രക്രിയ രണ്ട് രൂപത്തിലാണ്. ശരീരത്തിലെ ഏതെങ്കിലും ജൈവ പ്രവര്‍ത്തനങ്ങള്‍ക്ക് മുടക്കം സംഭവിക്കുകയോ ക്രമം തെറ്റുകയോ ചെയ്യുമ്പോള്‍ അതിന്റെ സ്വാഭാവികത വീണ്ടെടുക്കാന്‍ ശസ്ത്രക്രിയ ആവശ്യമായി വരും. അത് ചികിത്സയുടെ ഭാഗമാണ്. പുരുഷനിലും സ്ത്രീയിലും ജനിക്കുമ്പോള്‍ ഉള്ളതോ പിന്നീട് സംഭവിക്കുന്നതോ ആയ ലിംഗ വൈകല്യങ്ങള്‍ ശസ്ത്ര ക്രിയ നടത്തി സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കുന്നതും ഇതില്‍പ്പെടുന്നു. അതിന് മതം എതിരല്ല.
ശരീരാവയവങ്ങളുടെ പൂര്‍ണമായ രൂപമാറ്റം ലക്ഷ്യമിട്ടുളള ശസ്ത്രക്രിയയാണ് മറ്റൊന്ന്. ശബ്ദത്തിലോ നടത്തത്തിലോ മറ്റു ശാരീരിക പ്രവര്‍ത്തനങ്ങളിലോ പുരുഷന്‍ സ്ത്രീയെ പോലെയും തിരിച്ചും ഇടപഴകുന്ന സന്ദര്‍ഭങ്ങളില്‍ അവരെ എതിര്‍ ലിംഗത്തിലേക്ക് രൂപമാറ്റം വരുത്തുന്ന ശസ്ത്രക്രിയ ഇതില്‍പ്പെടുന്നു. ഇത് മതം അംഗീകരിക്കുന്നില്ല. ആണും പെണ്ണുമായി മനുഷ്യന്‍ ജനിക്കുന്നത് ദൈവിക വിധി നിശ്ചയങ്ങള്‍ക്ക് വിധേയമായിട്ടാണ്. ”താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു പെണ്‍മക്കളെ നല്‍കുന്നു, താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആണ്‍കുട്ടികളെയും നല്‍കുന്നു” (42:49). കുട്ടികള്‍ ആണോ പെണ്ണോ ആകുന്നതിന് പിന്നില്‍ ഃ്യ, ഃഃ ക്രോമസോമുകള്‍ എന്ന സങ്കല്‍പ്പം ദൈവിക നിശ്ചയങ്ങളുടെ ഒരു ഭാഗം മാത്രമാണ്. മനുഷ്യ സൃഷ്ടിപ്പിന്റെ സൂക്ഷ്മതലങ്ങളെ കുറിച്ചുള്ള ദൈവിക ജ്ഞാനവും വിധിനിശ്ചയങ്ങളും ഇനിയും കണ്ടെത്താനിരിക്കുന്നേയുള്ളൂ. ആ നിലക്ക് എതിര്‍ ലിംഗത്തോട് എന്തെങ്കിലും ബാഹ്യതല സാമ്യതയുണ്ട് എന്നത് കൊണ്ട് മാത്രം ലിംഗമാറ്റ ശസ്ത്രക്രിയക്ക് മതം ഇടം നല്‍കുന്നില്ല.
ആധുനിക മെഡിക്കല്‍ സയന്‍സ് യാതൊരുവിധ നൈതിക വിചാരങ്ങളുമില്ലാതെ നടത്തുന്ന വികൃതിയാണ് ഇത്തരം ശസ്ത്രക്രിയകള്‍. മനുഷ്യ ശരീരത്തിന്റെ അനാട്ടമിയില്‍ ദൈവിക ശാസ്ത്രം കൂടി പരിഗണിക്കണമെന്ന അവബോധം മെഡിക്കല്‍ എത്തിക്‌സിന്റെ ഭാഗമായെങ്കിലും സ്വീകരിക്കേണ്ടതുണ്ട്. പിശാചിന്റെ പ്രേരണക്ക് വഴങ്ങി സൃഷ്ടികളില്‍ രൂപമാറ്റം വരുത്തുന്ന പ്രവണതയായിട്ടാണ് ട്രാന്‍സ് ജെന്‍ഡര്‍ ശസ്ത്രക്രിയയെ കാണേണ്ടത്. ”ഞാന്‍ അവരോട് കല്‍പ്പിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്റെ സൃഷ്ടി പ്രകൃതത്തിന് മാറ്റം വരുത്തും” (4:119) എന്ന വചനം ഇക്കാര്യം വ്യക്തമാക്കുന്നു.
ഇപ്രകാരം എതിര്‍ ലിംഗത്തിലേക്ക് രൂപമാറ്റം നടത്തുന്ന വ്യക്തികള്‍ സങ്കീര്‍ണതകളിലും സംഘര്‍ഷത്തിലുമാണ് ഇന്ന് കഴിയുന്നത്. പുതിയ ലിംഗ സംവിധാനത്തോട് മാനസികമായും ജൈവപരമായും പൊരുത്തപ്പെടാന്‍ അവര്‍ക്ക് കഴിയുന്നില്ല. അല്ലാഹു നല്‍കിയ രൂപകല്‍പ്പന നിലനിര്‍ത്തുക എന്നതാണ് മനുഷ്യന് ചേര്‍ന്ന പ്രകൃതം. അതിനോട് പോരാട്ടം നടത്തി മുറിച്ചുമാറ്റിയും കുത്തിവെച്ചും തുന്നി ചേര്‍ത്തും രൂപപ്പെടുത്തുന്ന ശരീര പ്രകൃതം എന്നും വികൃതമായിരിക്കും. ഇതുമായി ബന്ധപ്പെട്ട വ്യക്തിഗത സാമൂഹിക പ്രശ്‌നങ്ങള്‍ അനന്ത സങ്കീര്‍ണവുമായിരിക്കും.
ആണാകാനാണിഷ്ടം എന്ന് സ്ത്രീയും പെണ്ണാകണം എന്ന് പുരുഷന്‍മാരും ആഗ്രഹിക്കാന്‍ പാടില്ല. പുരുഷന്മാരായിരുന്നെങ്കില്‍ ധര്‍മ സമരങ്ങളില്‍ പങ്കെടുത്തു കൂടുതല്‍ പുണ്യം നേടാമായിരുന്നു എന്ന് ചില സ്ത്രീകള്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അല്ലാഹു അവരെ തിരുത്തിയത് ഇപ്രകാരമായിരുന്നു: ”നിങ്ങളില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ കൂടുതലായി അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോട് നിങ്ങള്‍ക്ക് മോഹം തോന്നരുത്. പുരുഷന്‍ ചെയ്തതിന്റെ വിഹിതം അവര്‍ക്കുണ്ട്, സ്ത്രീകള്‍ ചെയ്യുന്നതിന്റെ വിഹിതം അവര്‍ക്കും ലഭിക്കും.” (4:32). എതിര്‍ലിംഗ സാമ്യതകളെ മനശ്ശാസ്ത്രപരമായ ഇടപെടലുകളിലൂടെ പരിഹരിച്ച് തല്‍സ്ഥിതി തുടരാനവശ്യമായ ചികില്‍സാ സംവിധാനങ്ങളാണ് വളര്‍ത്തിയെടുക്കേണ്ടത്.

റജബ് 27ന് സുന്നത്ത് നോമ്പോ?
റജബ് 27-ന് സുന്നത്ത് നോമ്പ് നോല്‍ക്കാനുള്ള കാരണങ്ങളായി ഒരു കുറിപ്പില്‍ കണ്ടത് താഴെ പറയുന്ന കാര്യങ്ങളാണ്: നോമ്പ് ഹറാമല്ലാത്ത ഏതു ദിവസവും നിരുപാധിക സുന്നത്ത് നോമ്പ് അനുഷ്ഠിക്കാം. റജബ് മാസത്തില്‍ നോമ്പിനു പ്രത്യേക സുന്നത്തുണ്ട്. മാത്രമല്ല, റജബ് 27-നു നോമ്പ് നോല്‍ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഹദീസ് പ്രസിദ്ധരായ പണ്ഡിതന്മാര്‍ റിപോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇതിന്റെ നിജസ്ഥിതി എന്താണ്?
ഇംതിയാസ് അഹ്മദ്

റജബ് മാസത്തിന് മാത്രമായി ഒരു പ്രത്യേകതയും ഇസ്‌ലാമില്‍ ഇല്ല. യുദ്ധം പാടില്ലാത്ത നാല് പവിത്ര മാസങ്ങളില്‍ ഒന്നാണ് റജബ്. അല്ലാഹു നിശ്ചയിച്ച കാലഗണനയില്‍ നേരത്തെയുള്ള സങ്കല്‍പ്പവും അത് തന്നെ. (വി.ഖു 9:36). എന്നാല്‍ ഈ പവിത്ര മാസങ്ങള്‍ക്ക് ആരാധനാപരമായ ഒന്നും അല്ലാഹുവും റസൂലും നിശ്ചയിച്ചിട്ടില്ല. അവരുടെ അനുവാദവും അംഗീകാരവും ഇല്ലാത്ത ഏത് കര്‍മവും തള്ളേണ്ടതാണ് എന്നതാണ് ശരിയായ മതസമീപനം. എല്ലാ മാസങ്ങളിലും തിങ്കള്‍, വ്യാഴം നോമ്പും പൗര്‍ണമി നാളുകളിലെ മൂന്നു നോമ്പുകളുമാണ് നബിയുടെ സുന്നത്തില്‍ ഉള്ളത്. അത് റജബിലും ആചരിക്കാമെന്നേയുള്ളൂ. ഈ വര്‍ഷം റജബ് 27 തിങ്കളാഴ്ചയാണ്. അന്ന് നോമ്പെടുക്കുന്നവരുടെ നിയ്യത്ത് തിങ്കള്‍ സുന്നത്ത് മാത്രമായിരിക്കണം. റജബിന്റെ പുണ്യം വിശദീകരിക്കുന്ന ഹദീസുകള്‍ സ്വീകാര്യയോഗ്യമല്ലാത്ത നിര്‍മിത ഹദീസുകളാണെന്ന് ഇബ്‌നുഹജര്‍ (റ) രേഖപ്പെടുത്തിയിട്ടുണ്ട്. ആധുനികരില്‍ പ്രശസ്തനായ ഇബ്‌നുബാസും(റ) ഇത് തന്നെയാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

സഹ്‌വിന്റെ സുജൂദില്‍
എന്താണ് ചൊല്ലേണ്ടത്?

നമസ്‌കാരത്തില്‍ മറവി സംഭവിച്ചാല്‍ ചെയ്യുന്ന സഹ്‌വിന്റെ സുജൂദില്‍ പ്രത്യേകമായി എന്തെങ്കിലും ചൊല്ലേണ്ടതുണ്ടോ? സാധാരണ സുജൂദില്‍ ചൊല്ലുന്ന പ്രാര്‍ഥന തന്നെയാണോ?
ഉമര്‍ അലി മലപ്പുറം

സഹ്‌വിന്റെ (മറവിയുടെ) സുജൂദില്‍ പ്രത്യേക പ്രാര്‍ഥനകള്‍ ഒന്നുമില്ല. സാധാരണ സുജൂദില്‍ നടത്തുന്ന പ്രാര്‍ഥനകളില്‍ ഏതുമാവാം ഈ സുജൂദില്‍. ഒരു വ്യക്തി അല്ലാഹുവിനോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്ന സന്ദര്‍ഭമാണ് സുജൂദുകളെല്ലാം. അതില്‍ ദുആ വര്‍ധിപ്പിക്കണം എന്ന് നബി(സ) പറയുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x